Saturday, March 23, 2013

ഈ മാന്ത്രിക കട്ടയെ വശത്താക്കാൻ




റുബിക്സ് ക്യൂബ്



കുറച്ചു നാൾ മുൻപ് H&C സ്റ്റോറിൽ പോയപ്പോൾ ഒരു റുബിക്സ് ക്യൂബ് കണ്ടു.
അതിന്റെ സാങ്കേതിക വശമോന്നും അറിയില്ലെങ്കിലും ചുമ്മാ ഒരു രസത്തിന്
ഒരെണ്ണം വാങ്ങിച്ചു. മൊത്തത്തിൽ shuffle ആയി അവിടെ യിരുന്നിരുന്ന ആ
ക്യൂബ് എങ്ങനെ solve ചെയ്യാം എന്ന കൌതുകമായിരുന്നു ആ
വാങ്ങലിനു പിന്നിൽ.


വീട്ടിൽ വന്ന് അതിൽ പണി പഠിക്കാൻ തുടങ്ങി. നിത്യസഹായ മാതാവായ
ഗൂഗിളിൽ വിശദമായി റുബിക്സ് ക്യൂബിനെക്കുറിച്ച് വായിച്ചറിഞ്ഞ ശേഷമാണ്
ഈ സാഹസം !

ശരിയായ റുബിക്സ് ക്യൂബിന്റെ ഘടനയ്ക്ക് ഒരു pattern ഉണ്ട്.
ആറു വശങ്ങളുള്ള ക്യൂബിൽ, ഓരോ വശങ്ങളിലും 9 ചതുര കട്ടകളുണ്ടാകും.
അതിൽ ഓരോ വശത്തേയും ഒത്ത നടുവിലുള്ള ചതുരം ഒരു വിധത്തിലും
തിരിച്ചു മാറ്റാവുന്നതല്ല. ഓരോ വശത്തെയും നടുവിലുള്ള ആ ചതുരത്തിനും
ഒരു ക്രമമുണ്ട്. വെള്ള ചതുരത്തിന്റെ എതിർചതുരം മഞ്ഞ.
നീലയുടെ എതിർ ചതുരം പച്ച. ചുവപ്പിന്റെ എതിർ ചതുരം ഓറഞ്ച്.
നടുവിലുള്ള ചതുരത്തിന്റെ നിറവും, ആ വശത്തെ മറ്റ് 8 ചതുരങ്ങളുടെ
നിറവും യോജിക്കുമ്പോഴാണ് റുബിക്സ് ക്യൂബിന്റെ ഒരു വശം ജയിക്കുന്നത്.
അങ്ങനെ 6 വശങ്ങളും ശരിയായ നിറങ്ങളിലെത്തുമ്പോൾ ഈ കളി
ജയിക്കുന്നു.


സംഭവം എങ്ങനെയൊക്കെ ആണെങ്കിലും, സ്ക്കൂൾ കാലഘട്ടത്തിൽ ഉപന്യാസം
മനസ്സിരുത്തി പഠിക്കും പോലെ ഇതിനെക്കുറിച്ച്‌ പഠിച്ചപ്പോഴാണ്, എനിക്ക്

പണി പാളിയ കാര്യം തിരിച്ചറിഞ്ഞത്. ഞാൻ വാങ്ങിയ ക്യൂബിന്റെ ഒരു വശത്തും
നടുവിലത്തെ ചതുരം വെള്ള ന് നിറം ആയിരുന്നില്ല. അതുകൊണ്ട് തന്നെ
ഈ ക്യൂബ് എങ്ങനെയൊക്കെ തിരിച്ചാലും ഒരു കാലത്തും ശരിയാവാൻ
പോകുന്നില്ല.!


അതിനാൽ എപ്പോഴെങ്കിലും നിങ്ങൾ ഈ സാധനം വാങ്ങുകയാണെങ്കിൽ
ഇതെല്ലാം നോക്കി വാങ്ങണം. Solve ആയിക്കിടക്കുന്ന ക്യൂബ് വാങ്ങിയാൽ
വേറെ ഒന്നും നോക്കണ്ട.

പക്ഷേ ഞാൻ വാങ്ങിയ ക്യൂബിനെ ഇനി എന്തു ചെയ്യും? ഈ പ്രശ്നത്തെ
ഗൂഗിളിൽ കൊടുത്തപ്പോൾ YouTube വീഡിയോ വഴി പോംവഴിയെത്തി.
റുബിക്സ് ക്യൂബിനെ പൊളിച്ചെടുക്കുക. എന്നിട്ട് സാവകാശം എല്ലാ ചതുരങ്ങളും
വേണ്ട രീതിയിൽ അടുക്കിയൊതുക്കി  ക്യൂബ് പുനർനിർമ്മിക്കുക.

 
 

ഒരു വാച്ച് റിപ്പയർ ചെയ്യുന്ന മെക്കാനിക്കിനെപ്പോലെ, ഒരു വിധത്തിൽ
പൊളിച്ചെടുത്ത ആ ക്യൂബ് ശരിയാക്കിയെടുത്തു.


കുട്ടികൾ കളിക്കുന്ന റുബിക്സ് ക്യൂബ് ആണെങ്കിലും, ഇത് വാങ്ങിയ ശേഷം
ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു.

ശരിയായ വിധത്തിലുള്ള റുബിക്സ് ക്യുബ് ആയപ്പോൾ ഇനി ഇത്
എങ്ങിനെ Solve ചെയ്യാൻ പഠിക്കും എന്നായി അടുത്ത ചിന്ത!
എടുത്തു RubiksCube.com
ആദ്യമൊന്നു പകച്ചു പോയി. എണ്ണിയാലൊടുങ്ങാത്ത അത്രയും
Alogorithms ഉണ്ട് ഇത് ചെയ്യാൻ എന്നൊക്കെ കേട്ടപ്പോൾ
സന്തത സഹചാരിയായ മടി ഓടിയടുത്തു. ഒടുവിൽ ഈ സമസ്യയെ
ഒന്നു പഠിച്ചെടുക്കാൻ തന്നെ തീരുമാനിച്ചു. കുട്ടികൾ പോലും
അനായാസേന കളിക്കുന്ന ഈ കളി പഠിക്കുന്നതിൽ ഒരു ലജ്ജയും
എനിക്ക് തോന്നിയില്ല. മനുഷ്യൻ മരണം വരെയും
പുതിയ അറിവുകൾക്ക് ശിഷ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ !

അങ്ങനെ റുബിക്സ് ക്യൂബ് പഠിക്കാൻ ഒരു സുഹൃത്തിനു ഞാൻ ശിഷ്യപ്പെട്ടു.
7 Steps ഉണ്ട് ഇത് Solve ചെയ്യാൻ. അവനത്‌ അനായാസം
ക്യൂബിനെ തിരിച്ചും മറിച്ചും കറക്കി, ഒരു ജാലവിദ്യക്കാരനെപ്പോലെ
ശരിയാക്കുന്നത് കണ്ടപ്പോൾഅതിശയം തോന്നി, ഒപ്പം കൌതുകവും.  


ആദ്യത്തെ 3-4 സ്റ്റെപ്പുകൾ മനസ്സിലാക്കി എടുക്കും വരെ വലിയ
ആകാംക്ഷയായിരുന്നു. പക്ഷേ ഇതിന്റെ സൂത്രം കൂടുതൽ അറിഞ്ഞപ്പോൾ
റുബിക്സ് ക്യൂബിനോടുള്ള ബഹുമാനം കുറയും പോലെ തൊന്നി.
അത് പിന്നെ നമ്മൾ മാനുഷർ അങ്ങനെയാണല്ലോ; ഒരു കാര്യത്തിന്റെ
സാങ്കേതിക വശം അറിഞ്ഞാൽ പിന്നെ നമ്മൾ പറയും, "ഇത്രേയുള്ളൂ"....
കയ്യിലുള്ള ഒന്നിനെപ്പറ്റിയും വില കൽപ്പിക്കാത്ത വരാണ് നമ്മൾ.
അത് മറ്റുള്ളവരുടെ കയ്യിൽ കാണുമ്പോൾ മോഹിക്കുകയും ചെയ്യും.

അങ്ങനെ ഒരു വിധത്തിൽ ഈ പസ്സിലിന്റെ 7 സ്റ്റെപ്പുകളും പഠിച്ചെടുത്തു.
കാര്യം നമ്മൾ പറയും പോലെ അത്ര ലളിതമല്ലാട്ടോ. എല്ലാ സ്റ്റെപ്പുകളും
ഓർമ്മിച്ചു വയ്ക്കുവാനും അത് വേണ്ട വിധേന ചെയ്യുവാനും ഒരു
മനസ്സാന്നിദ്ധ്യം  തീർച്ചയായും വേണം. ആദ്യത്തെ ദിവസം പൂർണ്ണമായി
റുബിക്സ് ക്യൂബ് Solve ചെയ്ത രാത്രിയിൽ സന്തോഷത്തിന് അതിരില്ലായിരുന്നു.
ക്യൂബിന്റെ തിരിക്കൽ മറിക്കൽ പ്രക്രിയകൾ ഉറക്കത്തിൽ പല തവണ
മനസ്സിൽ മിന്നിമാഞ്ഞു !

F R T Ri Ti Fi
R T Ri T R TT Ri
Ri F Ri BB R Fi Ri BB RR
LL Ti Bi Fi LL B F Ti LL ......

എല്ലാം മനസ്സിൽ പല തവണ, പെരുക്ക് പട്ടിക പഠിക്കും പോലെ ഉരുവിട്ടു.
പക്ഷേ ഉണർന്നപ്പോൾ പലതും മറന്നു പൊയി...

റുബിക്സ് ക്യൂബും ജീവിതവും :

ശരിക്കും നമ്മുടെ ജീവിതം റുബിക്സ് ക്യുബ്  പോലെയാണ്.
ജീവിതത്തിന്റെ ഭാഗങ്ങളായി കുടുംബവും, ജോലിയും, സുഹൃത്തുക്കളും,
സ്വപ്നങ്ങളും, ഇഷ്ട്ടങ്ങളും, പ്രശ്നങ്ങളും ഒക്കെയാണ് ഓരോ
ചതുരത്തിലെയും നിറങ്ങൾ. ജീവിതമാകുന്ന റുബിക്സ് ക്യുബിനെ നമ്മൾ
തിരിക്കുകയും മറിക്കുകയും ചെയ്യുകയാണ് ഓരോ ദിവസവും.
ചിലർ ക്യുബിന്റെ ചില വശങ്ങൾ മാത്രം ശരിയാക്കാൻ ശ്രമിക്കുന്നു.
അപ്പോൾ മറ്റു വശങ്ങൾ അലങ്കോല മായിട്ടുണ്ടാവും, ഒരിക്കലും
ശരിയാക്കാൻ കഴിയാത്തവണ്ണം. പക്ഷേ അവർ ശരിയായ
വശം മാത്രം മുന്നിൽ പിടിച്ചു ക്യൂബിനെ നോക്കിക്കാണുന്നു.



മറ്റു ചിലരാകട്ടെ എവിടെയോ ആരോ ചിലർ കുറിച്ചിട്ട Algorithm
മനസ്സിൽ വച്ച് ക്യൂബിന്റെ എല്ലാ വശങ്ങളിലെയും നിറങ്ങളെ
ഒത്തിണക്കി ജീവിതം തള്ളി നീക്കുന്നു. അവർക്ക് ഈ
നിറങ്ങളെല്ലാം സന്തുലിതമായി പോകണം എന്നാഗ്രഹിക്കുന്നവരായിരിക്കും.
ഒടുവിൽ എപ്പോഴോ തിരിക്കലുകൾക്കും മറിക്ക ലുകൽക്കുമപ്പുറം
എല്ലാ വശങ്ങളും ശരിയായ നിറം ചാർത്തി വിജയത്തിലെത്തുന്നു.
പക്ഷേ അവരെപ്പോലെയാകാൻ ജീവിതത്തിനൊരു Algorithm
ആരും എവിടെയും എഴുതി വച്ചിട്ടില്ല എന്ന് മാത്രം.

 

ഇനി മറ്റൊരു കൂട്ടർ കൂടിയുണ്ട്. ആദ്യമായി റുബിക്സ് ക്യൂബ് കയ്യിൽ കിട്ടിയ
കുട്ടിയെപ്പോലെ, ഏതു നിറമാണ് എവിടേയ്ക്കാണ് നീക്കേണ്ടത് എന്നറിയാതെ
ജീവിതത്തിന്റെ പ്രതീക്ഷകൾ ഇല്ലാതെ ചിന്തിച്ചിരിക്കുന്നവർ.
ഒടുവിലവർ തിരിച്ചറിയുന്നു;
ഒരിക്കലും ഒത്തുചേരാത്ത നിറങ്ങൾ ചാർത്തിയ
56 ചതുരങ്ങൾ പോലെയാണീ ജീവിതവുമെന്ന് ...


 

Saturday, March 16, 2013

പത്തും..... പിന്നെ ...പ്ലസ്ടു വും കഴിഞ്ഞാൽ

എസ്.എസ്.എല്‍.സി.യും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ജോലി സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകള്‍


 

കാലത്തെ അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും ഉണ്ടാവണമെങ്കില്‍ അതിനുതകുന്ന ഒരു ഉപരിപഠനരംഗം തിരഞ്ഞെടുക്കണം. പ്ലസ്ടു ഉപരിപഠനരംഗത്തെ സുപ്രധാന വഴിത്തിരിവാണ്. ആരാകാന്‍ എന്തു പഠിക്കണം എന്നു നിശ്ചയിക്കുന്ന ഘട്ടം.

 ഉപരിപഠനത്തിന് ഏതു കോഴ്‌സ് അല്ലെങ്കില്‍ വിഷയം തിരഞ്ഞെടുക്കണം? എവിടെ പഠിക്കണം?-തീരാത്ത ചോദ്യങ്ങള്‍, സംശയങ്ങള്‍. ഇവിടെ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

അഭിരുചി-ഏതു വിഷയത്തില്‍, ഏത് ജോലിയില്‍ ആണ് മകന്റെ അല്ലെങ്കില്‍ മകളുടെ താത്പര്യമെന്ന് രക്ഷിതാവ് മനസ്സിലാക്കണം. ഇഷ്ടമുള്ള വിഷയങ്ങള്‍, എളുപ്പമുള്ള വിഷയങ്ങള്‍, കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന വിഷയങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് കുട്ടിയുടെ താത്പര്യം നിശ്ചയിക്കാം.

സാമ്പത്തികസ്ഥിതി-പൈലറ്റാകാന്‍ മോഹമുണ്ടെങ്കിലും വീടും പുരയിടവും വിറ്റ് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് ചേരരുത്. അവര്‍ക്ക് വ്യോമസേനയില്‍ 'എയര്‍മാനായി' ചേര്‍ന്ന് ഉദ്ദിഷ്ടലക്ഷ്യം നേടാം.

കഴിവ്- ബുദ്ധിപരമായി വിഷയം ഗ്രഹിക്കാനും വിപുലീകരിക്കാനും വികസിപ്പിക്കാനും കഴിവുണ്ടോ എന്ന് വിലയിരുത്തണം. കണക്കില്‍ താത്പര്യമില്ലാത്ത ഒരാള്‍ എഞ്ചിനീയറിങ് കോഴ്‌സ് ഒരിക്കലും തിരഞ്ഞെടുക്കരുത്. എഞ്ചിനിയറിങ് ബിരുദപഠനത്തിന് ചേര്‍ന്ന് 'ഡ്രോപ്പ് ഔട്ട്' ആകുന്നവരുടെ എണ്ണം 40 ശതമാനത്തില്‍ കൂടുതല്‍ വരുമത്രെ. സ്‌പെഷ്യലൈസ്ഡ് വിഷയങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇവയുടെ പ്രാധാന്യക്രമം പലപ്പോഴും തകിടം മറിയാറുണ്ട്. ഉദാ: കമ്പ്യൂട്ടര്‍ സയന്‍സ്, വിവര സാങ്കേതികവിദ്യ, ബയോടെക്‌നോളജി വിഷയങ്ങള്‍.
******
നോളജ് മാനേജ്‌മെന്റ് എന്നത് ഇന്ന് ഒരു സുപ്രധാന പഠനശാഖയാണ്. വിജ്ഞാനത്തെ കാച്ചിക്കുറുക്കി വില്‍ക്കാന്‍ കഴിയുന്നവനാണ് വലിയ സ്ഥാനമാനങ്ങള്‍. അതിനാല്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിയശേഷം സ്‌പെഷ്യലൈസേഷനിലേക്ക് തിരിയുന്നതാകും കൂടുതല്‍ ബുദ്ധി.
പ്ലസ് ടു പഠനത്തിനുശേഷം മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, എഞ്ചിനിയറിങ് എന്നീ പ്രൊഫഷണല്‍ ബിരുദം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ വഴിക്ക് നീങ്ങാം. അവര്‍ മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതണം. മാത്തമാറ്റിക്‌സ്, ബയോളജി, വിഷയങ്ങളടങ്ങിയ കോമ്പിനേഷനുകളാവും ഇവര്‍ പ്ലസ്ടുവിന് തിരഞ്ഞെടുത്തിട്ടുണ്ടാവുക. ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടാനും ഇത് സഹായകമാണ്.

ഹ്യുമാനിറ്റീസ് കോമ്പിനേഷനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ നടത്തുന്ന കേരള ഗവണ്മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (കെ.ജി.സി.ഇ) എഞ്ചിനിയറിങ് പരീക്ഷകള്‍ക്ക് അംഗീകൃത പരിശീലനകേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിക്കാം. ടെയ്‌ലറിങ്, എംബ്രോയ്ഡറി നീഡിലിങ് പരിശീലനങ്ങള്‍ ഇവിടെ ലഭ്യമാണ്.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, മ്യൂസിക്, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആന്ത്രോപ്പോളജി തുടങ്ങിയ വിഷയങ്ങളോടെയുള്ള സബ്ജക്ട് കോമ്പിനേഷനുകള്‍ പ്ലസ്ടുവിന് തിരഞ്ഞെടുത്ത് അതിനനുസൃതമായ മുഖ്യവിഷയങ്ങളില്‍ ബിരുദപഠനം നടത്താം.

യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, ബാങ്കുകള്‍, എല്‍.ഐ.സി. എന്നിങ്ങനെ പൊതുമേഖലകളിലും കോര്‍പ്പറേഷനുകളിലും വിവിധ ജോലികള്‍ക്കുള്ള തിരഞ്ഞെടുപ്പു പരീക്ഷകളുടെ പൊതുയോഗ്യത ബിരുദമാണ്. അതിനാല്‍ ട്രഡീഷണല്‍ വിഷയങ്ങളിലുള്ള ബിരുദപഠനത്തിന് ഇപ്പോഴും എപ്പോഴും പ്രധാന്യമുണ്ടെന്ന് അറിയുക.

പ്ലസ്ടു കോമേഴ്‌സ് ഗ്രൂപ്പിലാകട്ടെ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ സബ്ജക്ട് കോമ്പിനേഷനുകളാണുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് പരിശീലനത്തിന് ഇവര്‍ക്ക് ചേരാം.

ആരോഗ്യപരിപാലനരംഗത്ത് പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ നേടാന്‍ ഉതകുന്ന കോഴ്‌സാണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്). എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഈ കോഴ്‌സിന് ചേരാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട്ടും കോട്ടയത്ത് തലയോലപ്പറമ്പിലും പാലക്കാട്ട് പെരിങ്ങോട്ടുകുറിശ്ശിയിലും കാസര്‍കോട്ടും ജെപി.എച്ച്. ട്രെയിനിങ് സ്‌കൂളുകളുണ്ട്.

എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് ചേരാവുന്ന മറ്റൊരു തൊഴിലധിഷ്ഠിത കോഴ്‌സാണ് സാനിറ്ററി ഇന്‍സ്‌പെക്‌ടേഴ്‌സ് ഡിപ്ലോമ. മുംബൈയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റാണ് ഒരു വര്‍ഷത്തെ ഈ കോഴ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാംഗ്ലൂര്‍, ബല്‍ഗാം എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന്റെ അംഗീകൃത ശാഖകളുണ്ട്.

അഭിരുചിയുള്ളവര്‍ക്ക് ലളിതകലാപരിശീലനവുമാകാം. പെയിന്റിങ്ങിലും ശില്പകലയിലും വൈദഗ്ധ്യം നേടാന്‍ ഫൈനാര്‍ട്ട്‌സ് കോളേജുകളിലും മാവേലിക്കര രവിവര്‍മ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സിലും അവസരങ്ങളുണ്ട്. സംഗീതത്തിലും മറ്റും താത്പര്യമുള്ളവര്‍ക്ക് തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം പഠിക്കാം. വായ്പാട്ട്, വീണ, മൃദംഗം എന്നിവയും അഭ്യസിക്കാം.

സംഗീതവും നൃത്തവും ശാസ്ത്രീയമായി അഭ്യാസിക്കാവുന്ന സ്ഥാപനങ്ങളാണ് തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വി. മ്യൂസിക് കോളേജും പാലക്കാട്ടെ ചെമ്പൈ മെമ്മൊറിയല്‍ മ്യൂസിക് കോളേജും. ആര്‍.എല്‍.വി.യില്‍ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, മദ്ദളം, ചിത്രകല, ശില്പകല എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. കഥകളിയിലും മോഹിനിയാട്ടത്തിലുമൊക്കെ വിദഗ്ധപരിശീലനം കലാമണ്ഡലത്തിലും ലഭ്യമാണ്.

പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് പ്ലസ്ടു വിജയികള്‍ക്കുള്ള മറ്റൊരു പാഠ്യപദ്ധതിയാണ്. നഴ്‌സറി സ്‌കൂള്‍ ടിച്ചര്‍മാരാകാന്‍ പി.പി.ടി.ടി പെണ്‍കുട്ടികള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. പെണ്‍കുട്ടികള്‍ക്കുള്ള മറ്റൊരു മേഖലയാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഇംഗ്ലീഷില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു നേടി എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് ഈ കോഴ്‌സിന് ചേരാം.

സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെ.ഡി.സി) പഠനത്തിന് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. വിജയമാണ്. തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ സഹകരണ പരിശീലന കോളേജുകളില്‍ ജെ.ഡി.സി. പരിശീലനത്തിന് സൗകര്യമുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍, പ്രൈമറി സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ക്ലറിക്കല്‍ തസ്തികയ്ക്ക് ഈ യോഗ്യത പരിഗണിക്കും.

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ, റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ, ഓഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ തുടങ്ങിയവ പ്ലസ്ടുക്കാര്‍ക്ക് തിരുഞ്ഞെടുക്കാവുന്ന പാരാമെഡിക്കല്‍ മേഖലകളാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനത്തില്‍ കുറയാത്ത പ്ലസ്ടു വിജയമാണ് ഈ കോഴ്‌സുകളില്‍ ചേരാന്‍ വേണ്ട പൊതുയോഗ്യത. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഡിപ്ലോമക്കാര്‍ക്ക് നല്ല തൊഴിലവസരമുണ്ട്.

സ്വയം തൊഴിലിന് ഡിപ്ലോമ കോഴ്‌സ്

സ്വയംതൊഴിലിന് പര്യാപ്തമായ കോഴ്‌സാണ് ഫാര്‍മസി ഡിപ്ലോമ. മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ ഫാര്‍മസി ഡിപ്ലോമ വേണം. ഫിസിക് സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസ്സാവയര്‍ക്ക് ഈ കോഴ്‌സിന് ചേരാം.

പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ മറ്റൊരു മേഖലയാണ് ജനറല്‍ നഴ്‌സിങ്. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്ക് ലഭിച്ചിരിക്കണം. പ്രായം 17- നും 22-നും മധ്യേ. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഗവ. നഴ്‌സിങ് സ്‌കൂളുകളിലും നഴ്‌സിങ് സ്‌കൂളുകളുടെ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളിലും പരിശീലനം നേടാം.

വൈദ്യശാസ്ത്രരംഗത്ത് അനുപേക്ഷണീയമാണ് ഫിസിയോതെറാപ്പിയും ഓക്കുപ്പേഷണല്‍ തെറാപ്പിയും പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് എഞ്ചിനിയറിങ്ങും. ശരീരാവയവങ്ങളിലുള്ള ഒടിവും ചതവുമൊക്കെ പൂര്‍വസ്ഥിതി പ്രാപിക്കാനും സന്ധികളിലുണ്ടാവുന്ന ബലക്ഷയം ശാസ്ത്രീയമായി മസാജ് ചെയ്ത് പരിഹരിക്കാനും ഫിസിയോതെറാപ്പിക്ക് വലിയൊരു പങ്കുണ്ട്. സ്വയംതൊഴില്‍ നേടാന്‍ സഹായിക്കുന്ന ഒരു കോഴ്‌സാണിത്. വൈകല്യമുള്ളവരെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഉതകുന്നതാണ് ഓക്കുപ്പേഷണല്‍ തെറാപ്പി കോഴ്‌സ്. യന്ത്രസാമഗ്രികളുടെ സഹായത്താല്‍ കൃത്രിമ അവയവങ്ങള്‍ ഉണ്ടാക്കുന്ന സാങ്കേതിക പരിശീലനമാണ് പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് എഞ്ചിനിയറിങ്. ത്രിവത്സര കോഴ്‌സാണ് ഇവയെല്ലാം.

സയന്‍സ്/ഹുമാനിറ്റീസ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞ് നിശ്ചിത മാര്‍ക്ക് നേടിയ ആര്‍ക്കും പഞ്ചവത്സരത്തില്‍ എല്‍.എല്‍.ബി. പ്രവേശനപ്പരീക്ഷയ്ക്ക് തയ്യാറെടുക്കാം. നിയമം പഠിക്കാനും പ്രായോഗികതലത്തില്‍ പ്രയോഗിക്കാനും കഴിവുള്ളവര്‍ക്ക് വന്‍ സാധ്യതകള്‍ ഉണ്ട്.

നല്ല ഡിസൈനര്‍ ആകാന്‍ താത്പര്യമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ചേര്‍ന്നു പഠിക്കാം. പ്രവേശന പ്പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പ്ലസ്ടു ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രോഡക്ട് ഡിസൈന്‍, ഫര്‍ണിച്ചര്‍ ഡിസൈന്‍, സിറാമിക് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍ ആന്‍ഡ് ഫിലിം ഡിസൈന്‍, ഫിലിം ആന്‍ഡ് വീഡിയോ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്റ്റൈയില്‍ ഡിസൈന്‍, എക്‌സിബിഷന്‍ ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ സ്‌പെഷ്യലൈസേഷനുകള്‍ ഉണ്ട്. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.

അധ്യാപകജോലിക്ക് അനന്തസാധ്യതകള്‍ ആണുള്ളത്. 2015ഓടെ പത്തു ലക്ഷത്തില്‍ കൂടുതല്‍ അധ്യാപകരുടെ ഒഴിവുകള്‍ ആണ് പ്രതീക്ഷിക്കുന്നത്. എല്‍.പി., യു.പി. തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും അധ്യാപകരാകാന്‍ പ്രത്യേകം കോഴ്‌സുകളുണ്ട്. ടിടിസി കഴിഞ്ഞവര്‍ക്ക് ലോവര്‍പ്രൈമറി തലത്തില്‍ അധ്യാപകരാകാം. ബിരുദം നേടിയവര്‍ക്ക് ബി.എഡ്. ബിരുദം കൂടി കരസ്ഥമാക്കി ഹൈസ്‌കൂള്‍ അധ്യാപകരാകാം. പ്ലസ്ടു അധ്യാപകരാകാന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് കൂടി പാസ്സാകണം. കോളേജ് അധ്യാപകരാകാന്‍ ബിരുദാനന്തര ബിരുദവും നെറ്റ് പരീക്ഷയും ജയിക്കണം.

പുനരധിവാസപഠനം, ഭാഷാപഠനം, പുരാവസ്തുശാസ്ത്രം, ഫാഷന്‍ ടെക്‌നോളജി, പാചകകല, ആതിഥ്യം, സാമൂഹ്യസേവനം, കായിക വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉപരിപഠനസാധ്യതകള്‍ ഉണ്ട്. സയന്‍സ്/ ഹുമാനിറ്റീസ് സ്ട്രീമില്‍ പ്ലസ് ടു നേടുന്നവര്‍ക്ക് ഇതില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.
മിടുക്കരായ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ചില സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്. അധികവും ശാസ്ത്രസാങ്കേതികവിഷയങ്ങളിലാണ് സംയോജിത മാസ്റ്റേഴ്‌സ് ഡിഗ്രി നല്‍കുന്നത്. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് ഉന്നത മാര്‍ക്ക് നേടുന്നവര്‍ക്ക് 5 വര്‍ഷത്തെ പഠനത്തിലൂടെ മാസ്റ്റേഴ്‌സ് ബിരുദമെടുക്കാം. അത് കഴിഞ്ഞാല്‍ എം.ഫില്‍, പിഎച്ച്.ഡി. കോഴ്‌സുകളിലേക്കും അവസരമുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ഈ കോഴ്‌സിന് ചേരാം.

എസ്.എസ്.എല്‍.സി.യും പ്ലസ് ടുവും കഴിഞ്ഞ് അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. സാധ്യതകള്‍ കൂടുതലുമുണ്ട്. ദേശീയതലത്തിലെ ഒട്ടുമിക്ക മത്സരപ്പരീക്ഷകളിലും ഇവര്‍ക്ക് പങ്കെടുക്കാം. എന്തു പഠിക്കണം, ഏതു പഠിക്കണം എന്നതല്ല വിഷയം. പഠിക്കുന്ന വിഷയത്തില്‍ കേമരാകുക എന്നതാണ്. എങ്കില്‍ അവസരങ്ങള്‍ അവര്‍ക്കുള്ളതാണ്.

മനുഷ്യർ നാല് തരം

ശൈഖ്‌ മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി മനുഷ്യരെ പൊതുവെ നാലു തരക്കാരായി തിരിച്ചിരിക്കുന്നു.

1). നാവും ഹൃദയവുമുള്ളവരാണ്‌ ഒന്നാമത്തെ വിഭാഗം.


 ബുദ്ധിഹീനരും ദൈവബോധമില്ലാത്തവരും സദ്‌ഗുണ വിഹീനരുമായിരിക്കും ഇവര്‍. വൈക്കോല്‍ തുരുമ്പിനെക്കാള്‍ ഹീനരായ ഇക്കൂട്ടരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അവരെ പരിഗണിക്കുകയോ ഉപചരിക്കുകയോ ചെയ്യരുതെന്ന്‌ അദ്ദേഹം നിര്‍ദേശിക്കുന്നു. ദൈവികകോപത്തിന്നും ശിക്ഷക്കും അര്‍ഹരായ ഇവര്‍ നരകവാസികളായിരിക്കുമെന്നും അവരില്‍ ഉള്‍പ്പെട്ടു പോകുന്നത്‌ സൂക്ഷിക്കണമെന്നും അദ്ദേഹം താക്കീത്‌ ചെയ്യുന്നു.
എന്നാല്‍, ദൈവിക മാര്‍ഗത്തിലേക്കുള്ള പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണല്ലോ. അതിനാല്‍, ദൈവികാജ്ഞകള്‍ അനുസരിച്ച്‌ ജീവിക്കാന്‍ ഇവരെ ക്ഷണിക്കാനും പാപകൃത്യങ്ങളില്‍ നിന്നകന്നു നില്‍ക്കാന്‍ ആജ്ഞാപിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. തദ്വാരാ, വിശ്വാസി ദൈവിക മാര്‍ഗത്തിലെ ഒരു പോരാളിയായി മാറുകയും ദൈവിക ദൂതന്മാര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലത്തിന്‌ അര്‍ഹനായി തീരുകയും ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. `നീ മുഖേന ഒരാളെ അല്ലാഹു മാര്‍ഗദര്‍ശനം നടത്തുന്നത്‌, സൂര്യോദയം നടക്കുന്ന ദിവസത്തെക്കാള്‍ നിനക്ക്‌ ഉത്തമമായി'രിക്കുമെന്ന്‌, തിരുമേനി അലിയോട്‌ അരുളിയതായി ഹദീസില്‍ വന്നിട്ടുണ്ടല്ലോ.


2). നാവുള്ളതോടൊപ്പം ഹൃദയമില്ലാത്തവരാണ്‌ രണ്ടാമത്തെ വിഭാഗം.

 ഇവര്‍ ഉപദേശിക്കും, പക്ഷെ, സ്വയം അത്‌ ഉള്‍ക്കൊള്ളുകയില്ല; അല്ലാഹുവിലേക്ക്‌ ജനങ്ങളെ ക്ഷണിക്കും, സ്വയം അല്ലാഹുവില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യും. അന്യരുടെ ദോഷങ്ങള്‍ പഴിക്കും, അതേ ദോഷങ്ങള്‍ തങ്ങളില്‍ കുടിയിരുത്തുകയും ചെയ്യും; പൊതുജന ദൃഷ്‌ടിയില്‍ വിശുദ്ധരായിരിക്കും, സ്വകാര്യജീവിതത്തില്‍ പാപങ്ങളാല്‍ ദൈവിക ശത്രുക്കളുമായിരിക്കും. `എന്റെ അനുയായികളില്‍ ഞാനേറ്റവും ഭയപ്പെടുന്നത്‌ ദുഷ്‌ടപണ്ഡിതരെയാണെന്നും, അധരജ്ഞരായ കപടന്മാരെയാണെന്നും പ്രവാചകന്‍ അരുളിയത്‌ ഇക്കൂട്ടരെ കുറിച്ചാണ്‌.
ഇത്തരം പണ്ഡിതന്മാരില്‍ നിന്നും അല്ലാഹുവില്‍ ശരണംതേടിയ അദ്ദേഹം, ഇവരുടെ മധുര വചനങ്ങള്‍ ആകര്‍ഷിക്കുകയും, പാപാഗ്‌നി കത്തിക്കുകയും, പാപപങ്കില ഹൃദയം ഹനിക്കുകയും ചെയ്യുന്നതാകയാല്‍, ഇവരോട്‌ സമ്പര്‍ക്കം പുലര്‍ത്തുന്നതിനെതിരെ താക്കീത്‌ നല്‍കുകയും ചെയ്യുന്നു.


3). ഹൃദയമുണ്ടെങ്കിലും നാവില്ലാത്തവരാണ്‌ മൂന്നാമത്തെ വിഭാഗം.

 അല്ലാഹു ഇതര സൃഷ്‌ടികളില്‍ നിന്നും ഇവരെ തെരഞ്ഞെടുക്കുകയും ചുറ്റും അവന്റെ തിരശ്ശീല തൂക്കിയിടുകയും ചെയ്യും. ആത്മദോഷം കണ്ടെത്താനല്ല, ജ്ഞാനം നല്‍കി അവരുടെ ഹൃദയം പ്രഭാപൂരിതമാക്കും. മൗനത്തിലും ഏകാന്തതയിലുമാണ്‌ സുരക്ഷ എന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. `മൗനി രക്ഷപ്പെട്ടു'വെന്നാണല്ലോ പ്രവാചക വചനം. `അല്ലാഹുവിന്‌ നല്‍കുന്ന സേവനത്തില്‍, പത്തില്‍ ഒമ്പത്‌ ഭാഗവും മൗനത്തിലാണ്‌ നിലകൊള്ളുന്നതെന്ന്‌' ഒരു തിരുവചനത്തില്‍ വന്നിരിക്കുന്നു.
ഇവര്‍ ദൈവമിത്രങ്ങളാണ്‌; ധിഷണാ സമ്പന്നരാണ്‌; സുരക്ഷിതരും അനുഗൃഹീതരുമാണ്‌; മനം നിറഞ്ഞവരാണ്‌. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും, ഇവര്‍ക്ക്‌ സേവനം ചെയ്‌തുകൊടുക്കണമെന്നും, ഇവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രദ്ധിക്കണമെന്നും, അതുവഴി ദൈവികപ്രീതി സമ്പാദിക്കാനും, ദൈവമിത്രങ്ങളിലും സച്ചരിതരിലും ഭക്തരിലും ഉള്‍പ്പെടാനും തദ്വാരാ, മഹത്തായ അനുഗ്രഹങ്ങള്‍ക്ക്‌ പാത്രമാകാനും കഴിയുമെന്നും ശൈഖ്‌ ഉപദേശിക്കുന്നു.


4). ജ്ഞാനം നേടുകയും അത്‌ അനുഷ്‌ഠിക്കുകയും മറ്റുള്ളവര്‍ക്ക്‌ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ്‌ നാലാമത്തെ വിഭാഗം.

 ജ്ഞാനം നേടുകയും അത്‌ അനുഷ്‌ഠിക്കുകയും മറ്റുള്ളവര്‍ക്ക്‌ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവര്‍ മഹത്വത്തിലെക്ക്‌ ഉയര്‍ത്തപ്പെടുകയും അദൃശ്യ ലോകത്തേക്ക്‌ ക്ഷണിക്കപ്പെടുകയും ചെയ്യുമെന്ന്‌ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌.
ദിവ്യജ്ഞരും ദിവ്യരഹസ്യം ലഭിച്ചവരുമായ ഇവരെ അല്ലാഹു തന്നിലേക്കാകര്‍ഷിക്കുകയും തനിക്കഭിമുഖമായി നിറുത്തുകയും ചെയ്യും. ഇവരുടെ ഹൃദയം അല്ലാഹു വികസിപ്പിക്കും; തന്റെ പാതയിലെ പ്രവര്‍ത്തകരായി ഇവരെ മാറ്റും; അങ്ങനെ നല്ലത്‌ കല്‍പിക്കുകയും തിയ്യത്‌ നിരോധിക്കുകയും ചെയ്യുന്ന പ്രബോധകരായിരിക്കും ഇവര്‍. മനുഷ്യത്വത്തിന്റെ ആത്യന്തിക വളര്‍ച്ച നേടിയ പരിപൂര്‍ണ്ണ മനുഷ്യരാണിവര്‍. പ്രവാചകത്വത്തിന്റെ നേരെ താഴെയുള്ള പദവിയത്രെ ഇത്‌.

`ഇവരില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കട്ടെ' എന്ന്‌ പ്രാര്‍ത്ഥിച്ച ശൈഖ്‌, വിശ്വാസികളെ ഉപദേശിക്കുകയാണ്‌:
ഇവരെ ധിക്കരിക്കരുത്‌; വെറുക്കരുത്‌; ഇവരില്‍ നിന്ന്‌ അകന്നു കളയരുത്‌; എതിര്‍ക്കരുത്‌; ഇവരുടെ വാക്കുകളും ഉപദേശങ്ങളും ചെവി കൊള്ളണം; അവരുമായുള്ള സമ്പര്‍ക്കത്തിലും അവരുടെ വചനങ്ങളിലുമാണ്‌ രക്ഷ നിലകൊള്ളുന്നത്‌. 

 
നാലു തരം മനുഷ്യരുടെ വകഭേദങ്ങള്‍ വിവരിച്ച ശേഷം ശൈഖ്‌ പറയുകയാണ്‌:


 മനുഷ്യന്റെ നാലു വകഭേദങ്ങള്‍ നിന്റെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ചു കഴിഞ്ഞു. നിനക്ക്‌ വകതിരിവും ആത്മ സ്‌നേഹവും ആത്മ രക്ഷാ കാംക്ഷയുമുണ്ടെങ്കില്‍, ഇവയുടെ വെളിച്ചത്തില്‍ ആത്മ പരിശോധന നടത്തുക നിന്റെ ബാധ്യതയാണ്‌. അല്ലാഹു ഇഷ്‌ടപ്പെടുന്ന മാര്‍ഗത്തിലൂടെ നയിച്ച്‌, ഇഹത്തിലും പരത്തിലും അവന്‍ നമ്മെ കടാക്ഷിക്കട്ടെ.......

Article  by: കെ. എ. ഖാദര്‍ ഫൈസി

Thursday, March 14, 2013

സിവില്‍ സര്‍വീസ് പരീക്ഷ -2013

കാലോചിതമായ മാറ്റങ്ങളോടെ രാജ്യത്തെ ഗ്ലാമര്‍ തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനമായി. 1000 ഒഴിവുകളുള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വര്‍ഷം തന്നെയാണിത്. മെയിന്‍ പരീക്ഷയുടെ ഘടനയിലും സിലബസ്സിലും മറ്റു ചില നിബന്ധനകളിലും ഈ വര്‍ഷം മുതല്‍ മാറ്റങ്ങളുള്ളതിനാല്‍ തയ്യാറെടുപ്പിന്റെ ശൈലിയിലും പഠനത്തിന്റെ മുന്‍ഗണനകളിലും ശ്രദ്ധാപൂര്‍വം മാറ്റം വരുത്തേണ്ട വര്‍ഷം കൂടിയാണ് 2013.




മൂന്നു ഘട്ടങ്ങളുള്ളതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ; പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ വേണ്ടി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് മാത്രമാണ് പ്രിലിമിനറി അഥവാ സിസാറ്റ്. ഈ ഒന്നാംഘട്ട പരീക്ഷയുടെ സിലബസ്സിലും ഘടനയിലും മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നതുപോലെ 200 മാര്‍ക്ക് വീതമുള്ള ഒബ്ജക്ടീവ് മാതൃകയിലെ രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുണ്ടാവുക.



ഉദ്യോഗാര്‍ഥികളുടെ പൊതുവിജ്ഞാനം, ഇംഗ്ലീഷ് , മെന്റല്‍ എബിലിറ്റി തുടങ്ങിയവയാണ് ഈഘട്ടത്തില്‍ അളക്കുന്നത്. മൂന്നുലക്ഷത്തോളം അപേക്ഷകരില്‍ നിന്ന് 12,000പേരെ തിരഞ്ഞെടുക്കുന്ന ഈ കാലഘട്ടമാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ഏറ്റവും വിഷമഘട്ടം. ( വിജയിക്കുന്നവര്‍ നാലു ശതമാനം മാത്രം). പ്രിലിമിനറി എന്ന കടമ്പ കടന്നാല്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാം. എഴുത്തുപരീക്ഷയും (മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏഴ് പേപ്പറുകള്‍), ഇന്റര്‍വ്യൂവും (20-30 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം) ചേര്‍ന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ. എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കുകള്‍ കൂട്ടിയാണ് അന്തിമറാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. മെയിന്‍ പരീക്ഷയുടെ ആദ്യഘട്ടമായ എഴുത്തുപരീക്ഷ എഴുതുന്ന 12,000 ഉദ്യോഗാര്‍ഥികളില്‍ നിന്ന് രണ്ടായിരത്തോളം പേരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇവരില്‍ നിന്ന് ആയിരം പേര്‍ക്ക് നിയമനം പ്രതീക്ഷിക്കാം. (വിജയശതമാനം എട്ടുമാത്രം) മെയിന്‍ പരീക്ഷയില്‍ ഇക്കൊല്ലം മുതല്‍ നടപ്പാക്കുന്ന സമഗ്രമാറ്റം ഇതോടൊപ്പം ചേര്‍ത്ത പട്ടികയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നീ രണ്ട് യോഗ്യതാപരീക്ഷകളും ഒഴിവാക്കി, ഐച്ഛികവിഷയം രണ്ടെണ്ണം തിരഞ്ഞെടുത്ത് പഠിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞ് പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ പരീക്ഷാഘടന വളരെ പ്രതീക്ഷ നല്‍കുന്ന മാറ്റമാണ്. നാല് 'ജനറല്‍ സ്റ്റഡീസ്' പേപ്പറുകളിലായി ചരിത്രം, ഭൂമിശാസ്ത്രം, കാലികസംഭവങ്ങള്‍, സാമ്പത്തികശാസ്ത്രം, ഭരണഘടന, സാങ്കേതികരംഗത്തെ പുരോഗതി, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയും ഉദ്യോഗാര്‍ഥിയുടെ ജീവിതവീക്ഷണവും നൈപുണ്യവും സത്യസന്ധതയുംകൂടി അളക്കുമ്പോള്‍ (Ethics, Integrity and Aptitude ആണ് ജനറല്‍ സ്റ്റഡീസ് നാലാം പേപ്പറിന്റെ സിലബസ്) പരന്നവായനയും ആഴത്തിലുള്ള അറിവും സാമൂഹികപ്രതിബദ്ധതയും ഉള്ളവര്‍ സിവില്‍ സര്‍വീസിലേക്ക് കടന്നുവരും.

യു.പി.എസ്.സി.യുടെ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള 25 ഐച്ഛികവിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് പഠിക്കാം. അല്ലെങ്കില്‍ 21 ഭാഷകളില്‍ ഏതെങ്കിലുമൊന്നിന്റെ സാഹിത്യം ഐച്ഛികവിഷയമായെടുക്കാം. എന്നാല്‍, സാഹിത്യം ഐച്ഛികവിഷയമായി എടുക്കണമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദധാരിയാവണമെന്ന നിബന്ധന ഈ വര്‍ഷം മുതല്‍ വന്നിട്ടുണ്ട്. അപ്പോള്‍, ബി.എ. മലയാളം പഠിക്കാത്തവര്‍ക്ക് 'മലയാള സാഹിത്യം' ഐച്ഛികവിഷയമായി സ്വീകരിക്കാന്‍ പറ്റില്ല. സാഹിത്യത്തില്‍മാത്രമാണ് യു.പി.എസ്.സി. ഈയൊരു നിബന്ധനവെച്ചത് എന്നത് ആശ്വാസകരമാണ്. മറ്റ് 25 ഐച്ഛികവിഷയങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കുമ്പോള്‍ അത് ഉദ്യോഗാര്‍ഥി ബിരുദതലത്തില്‍ പഠിച്ച വിഷയമാകണമെന്ന നിബന്ധനയില്ല.

2013 മുതലുള്ള മറ്റൊരു പ്രധാനമാറ്റം പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ചാണ്. കഴിഞ്ഞവര്‍ഷംവരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഭരണഘടനയിലുള്ള പ്രാദേശികഭാഷകളിലോ മെയിന്‍ പരീക്ഷയുടെ മുഴുവന്‍ പേപ്പറുകള്‍ക്കും ഉത്തരമെഴുതാം. ഈ വര്‍ഷം മുതല്‍ പ്രാദേശികഭാഷയില്‍ മെയിന്‍ പരീക്ഷ എഴുതണമെങ്കില്‍ ബിരുദപഠനത്തിന്റെ ഭാഷ പ്രാദേശിക ഭാഷതന്നെയാവണമെന്ന ഒരു നിബന്ധന വെച്ചിട്ടുണ്ട്. ബിരുദതലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മലയാളത്തില്‍ എഴുതിയവര്‍ക്കേ ഇനി മലയാളത്തില്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കൂ. ഇതുകൂടാതെ ഒരു പ്രാദേശികഭാഷയില്‍ മെയിന്‍ പരീക്ഷയെഴുതുന്ന 25 പേരെങ്കിലും ഇല്ലെങ്കില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലേ മാത്രമേ പരീക്ഷയെഴുതാന്‍ സാധിക്കൂ എന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ മെയിന്‍ പരീക്ഷയെഴുതാന്‍ ഭൂരിഭാഗത്തിനും സാധിക്കൂ എന്ന് സാരം. പ്രാദേശികഭാഷയില്‍ പരീക്ഷയെഴുതുന്നവര്‍ വളരെ കുറച്ചുമാത്രമേയുള്ളൂ. അതിനാല്‍ ഭൂരിഭാഗം ഉദ്യോഗാര്‍ഥികളെയും ഈ നിബന്ധന ബാധിക്കില്ല.

പൊതുവെ ശുഭപ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വന്നിരിക്കുന്നത്. പൊതുവിജ്ഞാനമുള്ളവര്‍ക്കായി സിവില്‍ സര്‍വീസിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന് നിസ്സംശയം അനുമാനിക്കാം. സിലബസ്സിലും ഘടനയിലും വന്ന മാറ്റങ്ങള്‍ കൂടാതെ വളരെയധികം ഒഴിവുകള്‍ ഉള്ളതും ഉദ്യോഗാര്‍ഥികള്‍ക്ക് ഊര്‍ജംപകരുമെന്ന് ഉറപ്പാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ പഠിക്കുന്നവര്‍ക്കായി വിജയപഥം മുന്നിലുണ്ട്.

(Article written by S Hari Kishore......2008 ബാച്ച് ഐ.എ.എസ്. കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഹരികിഷോര്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് പട്ടികജാതി-വര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍)

Monday, March 11, 2013

ഉമ്മയെ പരിഗണിക്കൂ...

`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്‍ക്കും. അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്‌. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്‍ന്നുപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്‍ക്ക്‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്‍ഫില്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്‍ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്‌. എന്റെ പെങ്ങന്‍മാരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്‍ന്നുപോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്‍ക്ക്‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്‍ക്കാതെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്‍ച്ചയും വര്‍ധിക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍പോലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്‍ക്കേണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്‍ക്കൊക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കണം, ഞാനും പ്രാര്‍ഥിക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്‍ക്കേ കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്‍ഥിക്കണം. ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു. 


രണ്ടുപേരും കരഞ്ഞു. 

ഒന്നും പറയാനാകാതെ വിതുമ്പി. 
ആ കണ്ണീരില്‍ എല്ലാം തീര്‍ന്നു. 
പിണക്കത്തിന്റെ പര്‍വതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. 
ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്‍ദ്രതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!

നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്‍ച്ചകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും.

 സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? 
ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ?
 പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും! 
(Copied Blog of Malayali Peringod)

Sunday, March 3, 2013

ഇമോഷണല്‍ ഇന്റലിജന്‍സ്

തന്റെയും മറ്റുള്ളവരുടെയും വികാരങ്ങള്‍ തിരിച്ചറിയുന്നതിനും അവയെ കൈകാര്യം ചെയ്യുന്നതിനുമുള്ള കഴിവാണ് ഇമോഷണല്‍ ഇന്റലിജന്‍സ്. ഒരാളുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിത ഘടകമായ ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇതാ:

1. ആത്മാര്‍ത്ഥമായ ആത്മപരിശോധന: നിങ്ങളുടെ ശക്തി, ദൗര്‍ബല്യം, പരിമിതി, അവസരം എന്നിവയെ വിശകലനം നടത്തുക. ശക്തി വര്‍ധിപ്പിക്കാനും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള വഴി തേടുക.

2. വികാരങ്ങളെ തിരിച്ചറിയുക: ഉള്ളിലുള്ള കോപത്തെ തിരിച്ചറിയുമ്പോള്‍ തന്നെ അത് നിയന്ത്രണ വിധേയമാവുന്നു. ദുര്‍വികാരങ്ങളെ പുറംതള്ളുകയും സദ്‌വികാരങ്ങളെ താലോലിക്കുകയും ചെയ്യുക. അത് ഉന്മേഷവും മാനസിക സന്തോഷവും തരും.

3. നെഗറ്റീവ് ചിന്തകള്‍ വേണ്ട: ഭയം, ശത്രുത, നിരാശ, ആത്മനിന്ദ, വിദ്വേഷം, പ്രതികാരമോഹം തുടങ്ങിയവ നിങ്ങളുടെ പ്രവൃത്തികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുന്നു. വ്യക്തിത്വത്തെയും ബന്ധങ്ങളെയും വികലമാക്കുന്നു.

4. മനസ് ശാന്തമാക്കാം: മനസ് കലുഷിതമാവുമ്പോള്‍ നടത്തം, ഡാന്‍സ് തുടങ്ങിയവയിലൂടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ കൈവരിക്കാം. ധ്യാനം, പ്രാണായാമം, സംഗീതം, നര്‍മ്മ സല്ലാപം, പ്രകൃതിഭംഗി ആസ്വദിക്കല്‍, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയവയും ഗുണം ചെയ്യും.

5. പ്രതികരണങ്ങളെ നിരീക്ഷിക്കുക:
സംഘര്‍ഷപൂരിതമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണങ്ങള നിരീക്ഷിക്കുകയും അവയുടെ അനന്തര ഫലങ്ങളെ വിലയിരുത്തുകയും ചെയ്യുക.

6. സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക

7. പ്രതിസന്ധികളെ നര്‍മ്മബോധത്തോടെ വീക്ഷിക്കുക: ചിരിയും പുഞ്ചിരിയുമൊക്കെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റി മനസിനെ വേഗം ശാന്തമാക്കുന്നു.

8. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക:
മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളും വിഷമതകളും ശരിയായി മനസിലാക്കുകയും അവ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുക.
(ജോണ്‍ മുഴുത്തേറ്റിന്റെ 'ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്' എന്ന ഗ്രന്ഥത്തില്‍ നിന്ന്. വിവരങ്ങള്‍ക്ക്: 9447314309)

കടം ...നമ്മള്‍ അറിയേണ്ടത്.

  • ഖുർആനിലെ ഏറ്റവും വലിയ ആയത്ത് – കടത്തെ പറ്റി [2:282].
  • കടം കൊടുക്കുക എന്നത് വളരെ പുണ്യകരമായ കാര്യമാണ്. നിസ്സാരമല്ല, ഗൗരവമേറിയ കാര്യമാണ്.
  • മുതലിടപാടുകൾ എഴുതിവെക്കാൻ മടിക്കരുത്. ഭാവിയിൽ സംശയത്തിനോ കശപിശക്കിനൊ മാർഗ്ഗമില്ലാതിരിക്കാൻ ഒരെഴുത്തുകാരൻ നീതിയനുസരിച്ച് എഴുതണം.
  • എഴുതി രേഖപെടുത്തുന്നത് എഴുത്തറിയുന്ന ഒരു മൂന്നാമന്റെ കൈയ്യിലായിരിക്കണം.
  • ഒരു പക്ഷത്തിന് പ്രത്യേകം ഗുണമോ ദോഷമോ ഉണ്ടാകുന്നതൊന്നും ചെയ്യാൻ പാടില്ല.
  • സാക്ഷികൾ വേണം. 2 പുരുഷന്മാർ (മുസ്ലിംങ്ങളും പ്രായപൂർത്തി എത്തിയവരും).
  • ഒരു പുരുഷനും രണ്ടു സ്ത്രീകളുമാവാം (2പുരുഷന്മാരെ സൗകര്യപെട്ടില്ലെങ്കിൽ).
  • എഴുത്തറിയുന്നവനെ സാക്ഷിയായി എഴുതാൻ ക്ഷണിച്ചാൽ ക്ഷണം നിരസിക്കരുത്.
  • കേവലം ഒരു സേവനമായാണ് എഴുതികൊടുക്കേണ്ടത്.
  • സമയവും ബുദ്ധിമുട്ടും വിനിയോഗിക്കേണ്ടിവന്ന എഴുത്തുകാരന് പ്രതിഫലം കൊടുക്കേണ്ടതാണ്.
  • ആരുടെ പേരിലാണോ കടബാധ്യത വരുന്നത്, അവനാണ് വാചകം പറഞ്ഞ് കൊടുക്കേണ്ടത്.
  • കൃത്വിമ വാക്ക് പറഞ്ഞ് കൊടുക്കാൻ പാടില്ല.
  • വാചകങ്ങളിൽ വല്ല പാകക്കേടും വരുന്നുണ്ടൊ എന്ന് മറുകക്ഷിക്ക് അരായാവുന്നതാണ്.
  • കടബാദ്ധ്യതയുള്ളവർ വിവേകമില്ലാത്തവരാണെങ്കിൽ രക്ഷാകർത്താക്കൾ വാചകം പറഞ്ഞുകൊടുക്കണം.
  • ഇടപാടിന്റെ സ്വഭാവവും നിശ്ചയങ്ങളും ശരിക്കും അനുസരിച്ച് എഴുതണം.
  • വ്യക്തമായും വിശദവുമായ ഭാഷയിൽ അല്ലഹു കൽ‌പ്പിച്ചത് പോലെ എഴുതണം.
  • തെളിവുകൾ നൽകാൻ സാക്ഷികളെ വിളിച്ചാൽ സന്നിഹിതരാവണം.
  • തെളിവ് നൽകാൻ സാക്ഷികൾ വിസമ്മതിക്കരുത്. സാക്ഷ്യം മറച്ച് വെക്കരുത്.
  • ഇടപാട് ചെറുതാണെങ്കിലും വലുതാണെങ്കിലും അവധിവെച്ച് രേഖപെടുത്തണം.
  • ഒരു എഴുത്തുകാരനും സാക്ഷിയു ദ്രോഹിക്കപെടാൻ പാടില്ല.
  • നിങ്ങൾ യാത്രയിലാണെങ്കിൽ (എഴുത്തുകാരനെ കിട്ടതിരുന്നാൽ) പണയവസ്തുക്കൾ കൊടുത്താൽ മതി.
  • കടസംഖ്യ കൊടുത്തു തീർക്കുമ്പോൾ പണയ വസ്തു മടക്കി കൊടുക്കണം.
  • പണയ സമ്പ്രദായം യാത്രയിൽ മാത്രമേ പാടുള്ളുവെന്നു വിവക്ഷയില്ല.
  • ആവശ്യത്തിന് മാത്രം കടം വാങ്ങുക. വളരെ അത്യാവശ്യത്തിനെ കടം വാങ്ങാവൂ.
  • അനാവശ്യത്തിന് കടം വാങ്ങൽ നല്ല സ്വഭാവമല്ല.
  • കടം വാങ്ങിയാൽ തിരിച്ച് കൊടുക്കണം. തിരിച്ച് കൊടുക്കാൻ കഴിയുമെന്ന ബോധ്യം ഉണ്ടാകുമ്പോഴെ വാങ്ങാവൂ.
  • അവധി എത്തിയാൽ തിരിച്ച് ചോദിക്കാം. ബന്ധങ്ങൾ പരിഗണിക്കേണ്ടതില്ല).
  • കടം വാങ്ങിയവൻ ഒരു പക്ഷെ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്യാം.
  • കടത്തിൽ നിന്നും രക്ഷനേടാൻ പ്രാർത്ഥിക്കണം.
  • പാവപെട്ടവനോ ദരിദ്രനോ ആണെങ്കിൽ വിട്ട് വീഴ്ച്ച ചെയ്യാം.
  • തിരിച്ച് തരേണ്ട അവധി നീട്ടികൊടുക്കാം.
  • സാക്ഷികളാവാൻ സന്നദ്ധരാകാത്തവരെ നിർബന്ധിക്കാവതല്ല.
  • അനന്തരാവകാശികൾ ആദ്യം മയ്യത്തിന്റെ കടം വീട്ടണം.
  • കടം വീട്ടിയ ശേഷമെ സ്വത്ത് അവകാശികൾക്കിടയിൽ ഭാഗം വെക്കാൻ പാടുള്ളൂ.
  • കടം വീട്ടാ‍തെ മരിച്ച് പോയാൽ ആരെങ്കിലും കടം വീട്ടുന്നത് വരെ മയ്യത്ത് ബുദ്ധിമുട്ടനുഭവിക്കുമെന്ന് ഹദീസിലുണ്ട്.
  • സത്യത്തിന് സാക്ഷ്യം നിൽക്കുക എന്നത് മഹത്തായ ഒരു സാമൂഹിക സേവനം കൂടിയാണ്.
  • കടം വീട്ടാൻ കഴിവില്ലാത്തവന്റെ വീട്, ഭക്ഷണപാത്രങ്ങൾ, വസ്ത്രം, ആഹാര സമ്പാദനത്തിനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചടക്കാവതല്ല.
  • രക്തസാക്ഷിക്ക് കടമെല്ലാത്തതെല്ലാം പൊറുക്കപെടും.
  • കടമുള്ളവന് നബി(സ) മയ്യത്ത് നമസ്കാരം നിർവ്വഹിച്ചില്ല. (ജനങ്ങൾക്ക് ഗൗരവം മനസ്സിലാ‍ക്കാൻ).
  • തിടുക്കക്കാരന് അയാളുടെ കടബാധ്യത ഒഴിവാക്കികൊടുക്കണം.
  • പണമുള്ളവൻ കടം വീട്ടാതെ ഉഴപ്പുന്നത് അക്രമമാണ്.
  • കടം തുടർച്ചയായി വാങ്ങുകയും തിരിച്ചുകൊടുക്കാതെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല.
  • യഥാർത്ഥ വിരുദ്ധമായി സാക്ഷിമൊഴി നൽകാവുന്നതല്ല.
  • പണയവസ്തു കേട്പാട് വരുത്താതെ തിരിച്ചുനൽകണം.
  • പരസ്പര വിശ്വാസത്തിന്മേൽ നടത്തപ്പെട്ട ഇടപാടാകുമ്പോൾ അതിലെ നിശ്ചയങ്ങൾ പരിപൂർണ്ണമായി നിറവേറ്റണം.
  • കാലപഴക്കം കൊണ്ടൊ മറ്റോ സാക്ഷിക്ക് വല്ല മറവിയോ സംശയമോ നേരിട്ടാൽ എഴുത്ത്നോക്കി യഥാർത്ഥം മനസ്സിലാക്കാം.
  • കടം തീർത്തു കിട്ടേണ്ട ആൾ ആണ് രേഖ സൂക്ഷിക്കേണ്ടത്.