Thursday, January 29, 2015

അവള്‍ കാത്തിരിക്കുകയാണ്

life_couple3                      തന്നെ അവള്‍ വീട്ടില്‍ കാത്തിരിക്കുകയാണ് എന്ന് പുരുഷനും, അദ്ദേഹം തന്റെയടുത്തെത്താന്‍ തിടുക്കം കൂട്ടുകയാണെന്ന് സ്ത്രീക്കും തോന്നുക എന്നതാണ് ദാമ്പത്യത്തിന്റെ വിജയങ്ങളിലൊന്ന്. 
അദ്ദേഹം എന്നു പറയുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍, വലിയ ബിസിനസ്സുകാരന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലുള്ള ഭര്‍ത്താക്കന്‍മാരില്‍ പരിമിതപ്പെടുത്തരുത്. ഭാര്യ പാകം ചെയ്തു കൊടുത്ത പലഹാരങ്ങള്‍ നടന്നു വില്‍ക്കുന്ന കച്ചവടക്കാരനായിരിക്കാം ആ അദ്ദേഹം. കാലിക്കൊട്ടയും കവറില്‍ ഒരു ദിവസത്തേക്കുള്ള പച്ചക്കറിയും അവള്‍ക്കു പരിചിതമായ വിയര്‍പ്പുമണവും മനസ്സില്‍ സ്‌നേഹത്തിന്റെ തെളിനീരുമായി വരുന്ന അദ്ദേഹത്തെ അവള്‍ കാത്തിരിക്കുകയാണ്. മുകളില്‍ പറഞ്ഞ ഉന്നതന്‍മാരുമുണ്ടാകും ആ പട്ടികയില്‍. ആരായാലും സ്‌നേഹപൂര്‍വമുള്ള ഒരു സംഗമമായിരിക്കണം അത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരുന്നതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.' (30:21)

ആണും പെണ്ണുമുണ്ടായതു കൊണ്ട് മാത്രമായില്ല, പരസ്പരാകര്‍ഷണം വേണം. അതില്ലെങ്കില്‍ ജീവിതത്തിന്റെ മധുരമാവും അപ്പോള്‍ നഷ്ടപ്പെടുക. അത് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് വിവാഹത്തിന് മുമ്പ് ആണും പെണ്ണും കാണണമെന്ന് നബി(സ) പറഞ്ഞത്. സ്‌നേഹവും കാരുണ്യവും അല്ലാഹു ഹൃദയങ്ങളില്‍ ഇട്ടുതരുന്നതാണ്. അവന്റെ ദൃഷ്ടാന്തമാണത് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യന് അതില്‍ ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കരുത്. സ്‌നേഹം നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയും. ചിലപ്പോള്‍ ഒരു മൗനം വരെ സ്‌നേഹമുണ്ടാക്കും. കറിയില്‍ മുളക് കൂടിപ്പോയെന്നും ഭര്‍ത്താവിന് എരിവ് ഇഷ്ടമില്ലെന്നും അറിയാവുന്ന ഭാര്യ അബദ്ധത്തില്‍ മുളക് കൂടിപ്പോയ കറിവെച്ചു കൊടുക്കുന്നു. അത് കഴിച്ച് അതിനെ കുറിച്ച് അദ്ദേഹമൊന്നും മിണ്ടാതിരുന്നാല്‍ അത് ക്ഷമയുടെ അടയാളമായി ഭാര്യ മനസ്സിലാക്കും. ആ നേരത്തെ ക്ഷമ തന്നോടുള്ള സ്‌നേഹമായി അവള്‍ കണക്കാക്കുകയും ചെയ്യും. ദേഷ്യം പിടിക്കേണ്ടിടത്ത് മൗനം പാലിച്ചത് അവളില്‍ സ്‌നേഹം വര്‍ധിപ്പിക്കും. കോപമുണ്ടാകാന്‍ ന്യായമായ കാരണം തന്നിലുണ്ടായപ്പോള്‍ അദ്ദേഹം കോപിക്കുകയും പിന്നെ അധിക സമയം കഴിയുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറുകയും ചെയ്താല്‍ ഭാര്യക്ക് നേരത്തെ കണ്ട കോപം ഒരു സ്‌നേഹപ്രകടനമായേ തോന്നുകയുള്ളൂ.

സ്ത്രീക്ക് ക്ഷീണമുണ്ടാകുന്ന സമയം, കുഞ്ഞിന്റെ അസുഖം കാരണം ഉറക്കമൊഴിക്കേണ്ടി വന്നത്, വിചാരിക്കാതെ വന്ന പ്രധാന അതിഥികള്‍ കാരണം അധികജോലിയും വിശ്രമക്കുറവുമുണ്ടായത് എന്നിവ ഭര്‍ത്താവ് കണക്കിലെടുക്കണം. അവളില്‍ നിന്ന് തനിക്കു കിട്ടിയിരുന്ന പതിവ് സേവനം കുറഞ്ഞാല്‍ ഭര്‍ത്താവ് നീരസം പ്രകടിപ്പിക്കരുത്. ഉദാഹരണം, ഓരോ ദിവസവും ഇന്ന ജോഡി വസ്ത്രം എന്ന് തിട്ടപ്പെടുത്തി ഇസ്തിരിയിട്ടു വെക്കുന്നവളായിരിക്കാം ഭാര്യ. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഒരു ദിവസം അതിന് കഴിയാതിരുന്നാല്‍ ഭര്‍ത്താവ് മുഖം കറുപ്പിക്കരുത്.

എന്നും സന്ധ്യയോടെ വീട്ടിലെത്തുന്ന ഭര്‍ത്താവ് നാല് ദിവസം വൈകി വന്നാല്‍ സ്വരം മാറുന്ന സ്ത്രീ അദ്ദേഹത്തെ മനസ്സിലാക്കിയവളല്ല. സ്‌നേഹപൂര്‍വം കാര്യമന്വേഷിക്കണം. 'എന്താണിപ്പോള്‍ ഇങ്ങനെ വൈകുന്നു?' ചുരുക്കത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയേ പ്രതികരിക്കാവൂ.

സമ്പത്തും സൗകര്യങ്ങളും വീടിന് വിശാലതയും അധികം വേണമെന്നില്ല, സുഖജീവിതത്തിന്. മനസ്സുകള്‍ക്ക് വിശാലതയുണ്ടായാല്‍ മതി. മനോവിശാലത അരാള്‍ക്ക് മാത്രം പോരാ. ഇരുവര്‍ക്കും വേണം. മനസ്സ് വിശാലമാക്കുന്നതിലും നമുക്ക് പങ്കുണ്ട്. അല്ലാഹുവേ എന്റെ മനസ്സിനെ നീ വിശാലമാക്കേണമേ എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിട്ടുണ്ട്. അതോടൊപ്പം മനസ്സ് വിശാലമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. എന്റെ നാവിന് ഒരു കുരുക്കുണ്ട്, അതിനാല്‍ സഹോദരന്‍ ഹാറൂനെ നീ സഹായി ആക്കിത്തരണേ എന്ന് അദ്ദേഹം അല്ലാഹുവോട് ആവശ്യപ്പെട്ടത് മനോവിശാലത ഉള്ളത് കൊണ്ടാണ്. തന്റെ കഴിവുകേട് അംഗീകരിക്കുകയും സഹോദരന്റെ കഴിവ് അംഗീകരിക്കുകയും ചെയ്യുന്നത് മനോവിശാലത തന്നെ.

ദാമ്പത്യ ജീവിതത്തില്‍ ഈ സ്വഭാവം രണ്ടു പേര്‍ക്കുമുണ്ടായാല്‍ ജീവിതം പ്രയാസ രഹിതമാകും. സാമ്പത്തിക ബുദ്ധിമുട്ടിലും സമാധാനം നിലനില്‍ക്കും. സുഖത്തില്‍ സമാധാനമുണ്ടാകുന്നത് കഴിവല്ല. പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കുമിടയിലും മനസ്സിനെ ശാന്തമാക്കലാണ് കഴിവ്. ദൈവവിശ്വാസം കൊണ്ട് അത് സാധിക്കും.

By: EKM Pannoor

Friday, January 23, 2015

മദീനയെ കരയിച്ച ബിലാലിന്റെ ബാങ്കൊലി

അബൂദ്ദര്‍ദാഅ് പറയുന്നു: ബൈത്തുല്‍ മുഖദ്ദിസ് ഫത്ഹായ ശേഷം ഉമര്‍(റ) അവിടെ പ്രവേശിച്ചു. തുടര്‍ന്നദ്ദേഹം ജാബിയയിലേക്ക് പോയി. ബിലാല്‍(റ) അദ്ദേഹത്തോട് ചോദിച്ചു: തന്നെ ശാമില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കുമോ? ഉമര്‍(റ) അതനുവദിച്ചു. തുടര്‍ന്ന് ബിലാല്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബൂറുവൈഹിനെയും ശാമില്‍ താമസിക്കാന്‍ അനുവദിക്കണം. ഇവരെ റസൂല്‍(സ) സഹോദരന്മാരായി കൂട്ടിയിണക്കിയിരുന്നു. അങ്ങനെ അവര്‍ രണ്ടുപേരും ഖൗലാന്‍ എന്ന സ്ഥലത്ത് താമസമാക്കി. രണ്ടുപേരും ഖൗലാന്‍ നിവാസികളിലേക്ക് ചെന്നു. അവരോട് പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും വിവാഹാന്വേഷണവുമായിട്ടാണ് വന്നിട്ടുള്ളത്. ഞങ്ങള്‍ സത്യനിഷേധികളായിരുന്നു. അല്ലാഹു ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കി. ഞങ്ങള്‍ അടിമകളായിരുന്നു. അല്ലാഹു ഞങ്ങളെ മോചിപ്പിച്ചു. ദരിദ്രരായിരുന്നു. അല്ലാഹു ഞങ്ങളെ ഐശ്വര്യവാന്മാരാക്കി. നിങ്ങള്‍ ഞങ്ങള്‍ക്ക് വിവാഹം ചെയ്തുതന്നാല്‍ അല്‍ഹംദുലില്ലാ, ഞങ്ങളെ മടക്കി അയച്ചാല്‍ ലാഹൗല വലാഖുവ്വത്ത ഇല്ലാബില്ലാഹ്. ആ നാട്ടുകാര്‍ അവര്‍ രണ്ടുപേര്‍ക്കും വിവാഹം ചെയ്തുകൊടുത്തു. 
പിന്നീട് ഒരു ദിവസം ബിലാല്‍ നബി(സ)യെ സ്വപ്‌നത്തില്‍ കണ്ടു. നബി(സ) അദ്ദേഹത്തോട് ചോദിച്ചു: ബിലാലേ, എന്തൊരു പിണക്കമാണിത്? നിനക്ക് നമ്മെ സന്ദര്‍ശിക്കാന്‍ സമയമായില്ലേ? അപ്പോള്‍ പേടിച്ചുകൊണ്ട് അദ്ദേഹം ഉണര്‍ന്നു. ഉടനെ ഒരു വാഹനത്തില്‍ മദീനയിലേക്ക് പുറപ്പെട്ടു. നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന് കരയുകയും മുഖം ഖബറിന്മേല്‍ വെച്ചുരയ്ക്കുകയും ചെയ്തു. അപ്പോള്‍ ഹസനും ഹുസൈനും അവിടെ വന്നു. ബിലാല്‍ അവരെ രണ്ടുപേരെയും അണച്ചുകൂട്ടി ഉമ്മവെച്ചു. അവര്‍ ബിലാലിനോട് പറഞ്ഞു: താങ്കള്‍ പള്ളിയില്‍ റസൂലിന്റെ(സ) കാലത്ത് കൊടുത്തിരുന്ന ബാങ്ക് ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ബിലാല്‍ മിനാരത്തില്‍ കയറി നബി(സ)യുടെ കാലത്ത് ബാങ്കിന് നില്ക്കാറുള്ള സ്ഥലത്ത് നിന്നു. ബിലാല്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞപ്പോള്‍ മദീനയാകെ പ്രകമ്പനം കൊണ്ടു. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞപ്പോള്‍ ആ പ്രകമ്പനം ഒന്നുകൂടി വര്‍ധിച്ചു. അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ ആശ്ചര്യംപൂണ്ടു. റസൂലിനെ(സ) അല്ലാഹു പുനര്‍ജനിപ്പിച്ചോ? 
പിന്നെ മദീനയില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. നബി(സ) വഫാതായ ശേഷം ഇങ്ങനെ ഒരു കരച്ചില്‍ മദീനയില്‍ ഉണ്ടായിട്ടില്ല. (അല്‍ഖിസസുല്‍ വാഹിയ 291) ****
 ഈ കഥ ഹാഫിള് ഇബ്‌നുഅസാകിര്‍ തന്റെ താരീഖുദിമിശ്ഖ് എന്ന ഗ്രന്ഥത്തില്‍ ബിലാലിന്റെ ചരിത്രം വിവരിച്ചതില്‍ പറഞ്ഞിട്ടുണ്ട്. ഇബ്‌റാഹീമ്ബ്‌നു സുലൈമാനുബ്‌നു ബിലാലുബ്‌നു അബിദ്ദര്‍ദാഉല്‍ അന്‍സാരിയുടെ ചരിത്രത്തിലും വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: എന്നോട് അബീ മുഹമ്മദുബ്‌നു സുലൈമാന്‍ തന്റെ പിതാവ് സുലൈമാനുബ്‌നു ബിലാലില്‍ നിന്ന് അദ്ദേഹം ഉമ്മുദ്ദര്‍ദാഇല്‍ നിന്ന്. അവര്‍ അബിദ്ദര്‍ദാഇല്‍ നിന്ന്. ബിലാല്‍ ഉമറിന്റെ കാലത്ത് ശാമിലേക്ക് വന്ന ചരിത്രവും പിന്നെ നബി(സ)യുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ വേണ്ടി പോയതും വിശദീകരിക്കുന്നുണ്ട്. ഇബ്‌നു അബ്ദില്‍ ഹാജിയുടെ അസ്സാരി മുല്‍മുന്‍കിലും (228) ഈ കഥ വന്നിട്ടുണ്ട്. കഥയുടെ സൂക്ഷ്മപരിശോധന ഹാഫിസുബ്‌നു അബ്ദില്‍ഹാദി സ്വാരിം എന്ന ഗ്രന്ഥത്തില്‍ (പേജ് 230) പറയുന്നു: ഇത് ഗരീബും വെറുക്കപ്പെട്ടതുമായ ഹദീസാണ്. ഇതിന്റെ പരമ്പര അറിയപ്പെടാത്തതും മുറിഞ്ഞതുമാണ്. ഹാഫിസ് വീണ്ടും പറയുന്നു: ഈ ശൈഖ്, വിശ്വസ്തതയും നീതിയും ക്ലിപ്തതയും അമാനത്തും നീതിയും ഉള്ളവനായി അറിയപ്പെട്ടിട്ടില്ല. ഇതിന്റെ ഉദ്ധരണി പ്രസിദ്ധമായതോ അറിയപ്പെടുന്നതോ അല്ല. അദ്ദേഹത്തില്‍ നിന്ന് മുഹമ്മദുബ്‌നുല്‍ ഫൈസി അല്ലാതെ, വെറുക്കപ്പെട്ട ഹദീസ് ഉദ്ധരിച്ചിട്ടില്ല. ഇമാം ദഹബി മീസാനില്‍ (1:64) പറയുന്നു: ഈ റിപ്പോര്‍ട്ടില്‍ അറിയപ്പെടാത്ത ആളുണ്ട്. അദ്ദേഹത്തില്‍ നിന്ന് മുഹമ്മദുബ്‌നുല്‍ ഫൈസി അല്‍ഗസ്സാനി ഉദ്ധരിച്ചു. ഇമാം ഹാഫിസുബ്‌നു ഹജര്‍ തന്റെ അല്ലിസാല്‍ എന്ന ഗ്രന്ഥത്തില്‍ (1:107) പറയുന്നു: ഇബ്‌റാഹീമുബ്‌നു മുഹമ്മദ് സുലൈമാനുബ്‌നു അബിദ്ദര്‍ദാഅ് അറിയപ്പെടാത്ത വ്യക്തിയാണ്. ഇപ്പോള്‍ ഇമാം ദഹബി മീസാനിലും ഇമാം ഹാഫിളുബ്‌നു ഹജര്‍ ലിസാനിലും ഈ ഹദീസ് നിരൂപണത്തില്‍ യോജിച്ചു. ഇബ്‌നുഅസാകിര്‍ ഇദ്ദേഹത്തിന്റെ ചരിത്രം പറഞ്ഞ ശേഷം ഇദ്ദേഹം പിതാവില്‍ നിന്നും അദ്ദേഹം പിതാമഹനില്‍ നിന്നും അദ്ദേഹം ഉമ്മുദ്ദര്‍ദാഇല്‍ നിന്നും അവര്‍ അബീദ്ദര്‍ദാഇല്‍ നിന്നും ഉദ്ധരിക്കുന്നു. 

അനുഭവങ്ങളുടെ ഓര്‍മച്ചെപ്പാണ് ഓരോ വീടും

'നിയ്യ് പേടിക്കേണ്ട. രണ്ട് ആണ്‍കുട്ട്യേളല്ലേ... നരിക്കും കുറുക്കനും കൊടുക്കാതെ ഓലെ വലുതാക്കിയാല്‍, പിന്നെ അന്നെ ഓല് നോക്കിക്കോളും.' ഉമ്മയുടെ ഉപ്പ തന്റെ വീടിനടുത്ത് കുടില്‍ കെട്ടി ഞങ്ങളെ അങ്ങോട്ട് താമസിപ്പിച്ചപ്പോള്‍ ഉമ്മയോട് പറഞ്ഞ വാചകമാണിത്. 
എനിക്ക് മൂന്നും ജ്യേഷ്ഠന് അഞ്ചുമായിരുന്നു അന്ന് പ്രായം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരും ഓല കൊണ്ടുള്ള വാതിലുമായിരുന്നെങ്കിലും ആ 'പുതിയ വീട്' ഞങ്ങളുടെ സ്വര്‍ഗമായിരുന്നു. ഒരുപാട് അംഗങ്ങളുള്ള ഉമ്മയുടെ വീട്ടില്‍നിന്ന് ഒരു റൂമും അതിനോട് ചേര്‍ന്ന് തന്നെ അടുക്കളയുമുള്ള ആ കൊച്ചുകുടിലിലേക്കുള്ള മാറ്റം സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ഞങ്ങള്‍ കണ്ടത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഉമ്മയോടൊപ്പം, കുട്ടികളായ ഞങ്ങളോട് അരുതുകള്‍ കല്‍പ്പിക്കാന്‍ ആണുങ്ങളില്ലാത്ത വീടകം. പുറത്തിറങ്ങിയാല്‍ മുമ്പില്‍ തറവാട് വീടും ഉമ്മയുടെ ഉമ്മയും ഉപ്പയും ആങ്ങളമാരുമുണ്ടെങ്കിലും അകത്ത് ഞങ്ങള്‍ മാത്രമായിരുന്നു. പതിയെ പതിയെ ആ ചെറിയ കുടിലിനകത്ത് ഞങ്ങളൊരു വലിയ സ്‌നേഹ സാമ്രാജ്യം തന്നെ പണിതു. മഴക്കാലത്ത് മേല്‍പ്പുരയിലെ പുല്ലുകളുടെ വിടവിലൂടെ അകത്തേക്ക് നൂണ്ടിറങ്ങുന്ന മഴനൂലുകളെയും, പുല്‍മെത്തയുടെ സുഖത്തില്‍ അവിടെ താവളമാക്കിയ വിഷമില്ലാത്ത പാമ്പുകളെയും, ഈ വീട്ടിനകത്ത് 'ഞങ്ങള്‍ക്കും സ്ഥലം ബാക്കിയുണ്ടല്ലോ' എന്ന് അവകാശപ്പെട്ടെത്തിയ പൂച്ചയെയും കുഞ്ഞുങ്ങളെയുമെല്ലാം വീട്ടംഗങ്ങളായി കരുതി സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിച്ചു.
നരിക്കും കുറുക്കനും കൊടുക്കാതെ ഞങ്ങളെ വളര്‍ത്താന്‍ ഉമ്മ, ഉപ്പയുടെ റോള്‍ കൂടി ഏറ്റെടുത്തു. ആ ഇരട്ട റോള്‍ വഹിക്കാന്‍ ഉമ്മ പ്രയാസപ്പെടുന്നത് കണ്ടിട്ടാവണം അമ്മാവന്മാര്‍, അവരെല്ലാം പഠിച്ചിറങ്ങിയ യതീംഖാനയിലേക്ക് കൂടുതല്‍ മികച്ച സംരക്ഷണാര്‍ഥം ഞങ്ങളെ പറിച്ചുനട്ടു. ഉമ്മയില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള ആദ്യത്തെ നാടുകടത്തലായിരുന്നു അത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൊച്ചുകൂരയില്‍ നിന്ന് എല്ലാ ആധുനിക സൗകര്യവുമുള്ള ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കുള്ള ആ കൂടുമാറ്റം ഭൗതികാര്‍ഥത്തില്‍ സ്വപ്ന സമാനമായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബിരിയാണിയുള്ള യതീംഖാനയിലെ സുഭിക്ഷമായ ആ നാളുകളിലും ഞങ്ങളേറെ കൊതിച്ചത് മാസത്തിലൊരിക്കല്‍ ഉമ്മയോടൊപ്പം ആ കുടിലില്‍ അന്തിയുറങ്ങാന്‍ കഴിയുന്ന നിമിഷങ്ങള്‍ക്കായിരുന്നു. ഉമ്മയോടൊപ്പമുള്ള കഞ്ഞികുടി തന്നെയായിരുന്നു യതീംഖാനയിലെ ബിരിയാണിയേക്കാള്‍ ഞങ്ങളാസ്വദിച്ചത്. അകത്തും പുറത്തും തീക്കനല്‍ പുകഞ്ഞ് ആ കോണ്‍ക്രീറ്റ് സംരക്ഷണ കേന്ദ്രത്തില്‍ എങ്ങനെയോ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. 'എല്ലാ സൗകര്യവുമുള്ളിടത്ത് പഠിപ്പിക്കാന്‍ ചേര്‍ത്തിട്ട് തിരിച്ചുവന്നിരിക്കുന്നു' എന്ന ശകാരമായിരുന്നു ചുറ്റും. അവര്‍ക്കറിയില്ലല്ലോ ഉമ്മ കൂടെയില്ലാത്ത കെട്ടിടം, അതിലെത്ര സൗകര്യങ്ങളുണ്ടായാലും അതൊരു വീടാകില്ലെന്ന്. ഉമ്മയുണ്ടായിരിക്കെ കുട്ടിക്കാലത്ത് ആ സാന്നിധ്യമനുഭവിക്കാനാവാതെ പിന്നെയെന്ത് സംരക്ഷണവും സ്‌നേഹ പരിചരണവുമാണ്? കുഞ്ഞുങ്ങളെ ഉമ്മമാരില്‍ നിന്ന് പറിച്ച് കൊണ്ട് പോയി യതീംഖാനകളിലെ കൃത്രിമ സംരക്ഷണ പാളികള്‍ക്ക് കീഴെ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന, സമുദായത്തിലെ രക്ഷാകര്‍ത്താക്കള്‍ക്ക് ഇന്നുമറിയാതെ പോകുന്ന മാതൃപാഠങ്ങളാണിത്.
വീട്ടിനകത്തെ ഓരോ അംഗത്തിനും പകരക്കാരില്ല. ഉപ്പയില്ലാത്ത വീടിന്റെ കുറവ് മറ്റൊരാളെ കൊണ്ട് നികത്താനാവില്ല. ഉമ്മയില്ലാത്ത വീടിന് എത്ര നിലകളുണ്ടായിട്ടെന്ത്?
ഒരു കുഞ്ഞിക്കാലിന്റെ സ്പര്‍ശം അനുഭവിക്കാന്‍ കഴിയാത്ത വീട് ആ കുറവ് വിളിച്ചറിയിക്കും. ഉപ്പ മുതല്‍ കുഞ്ഞുവരെ ഒരുമിച്ചുണ്ടുറങ്ങുമ്പോഴാണ് ഒരു കെട്ടിടം വീടായി മാറുന്നത്. ഇത്തരമൊരു വീട്ടില്‍നിന്ന് എത്ര തന്നെ മനോഹരമായ തീരങ്ങളിലേക്ക് മാറി താമസിച്ചാലും അധിക ദിവസം അവിടെ തങ്ങാന്‍ നമുക്കാവില്ല. വീടൊരു അച്ചുതണ്ടായി നമ്മുടെ യാത്രകള്‍ നിയന്ത്രിക്കും. എത്രദൂരം താണ്ടിയാലും തിരിച്ച് വീട്ടിലേക്കെത്തണമല്ലോ എന്ന ഉള്‍വിളി അകത്ത് നിന്നുയരും. വിമാനവും കപ്പലുമേറിയാലും ആ അച്ചുതണ്ടിന്റെ ആകര്‍ഷണ വലയം ഭേദിക്കാന്‍ നമുക്കാവില്ല. ഞാനെത്ര അകലെയാണെന്നത് വീട്ടില്‍നിന്ന് എത്ര ദൂരത്താണ് ഞാനുള്ളതെന്നതിനെ അടിസ്ഥാനപ്പെടുത്തിയാവുന്നത് അതുകൊണ്ടാണ്.
ഹൈസ്‌കൂള്‍ പ്രായമെത്തിയപ്പോള്‍ ഓടിട്ട പുതിയ വീട് പണിയാന്‍ സ്‌നേഹത്തിന്റെ ആ മണ്‍കൂര പൊളിച്ചു. ഉമ്മ അപ്പോള്‍ കരയുന്നുണ്ടായിരുന്നു. ആ കുടില്‍ കെട്ടിപ്പൊക്കാന്‍ ഉമ്മക്കൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ വല്യുപ്പ അപ്പോഴേക്കും മരിച്ചിരുന്നു. വല്യുപ്പയുടെ ഓര്‍മയിലും, ആ മണ്‍വീട് നല്‍കിയ സംരക്ഷണവുമോര്‍ത്തിട്ടാണ് ഉമ്മ കരഞ്ഞത്. പുതിയ വീട് വെക്കാനാണെങ്കിലും അത്രയെളുപ്പം പൊളിച്ചു കളയാവുന്നതല്ല ഒരു കുടിലുമെന്ന് മനസ്സിലായത് അന്നാണ്. ജീവിതത്തിലെ ഒരുപാട് അനുഭവങ്ങളുടെ ഓര്‍മപ്പുസ്തകമാണ് ഓരോ വീടും. അത് പൊളിക്കുമ്പോള്‍ ആ ഓര്‍മകള്‍ക്ക് കൂടിയാണ് പരിക്കേല്‍ക്കുന്നത്. അതിനകത്ത് ജീവിച്ച കാലത്തോളമുള്ള സുഖദുഃഖ ഭാവങ്ങളുടെ നിശ്ശബ്ദ ചിത്രങ്ങള്‍ ആ വീടിന്റെ ചുമരില്‍ പതിഞ്ഞുകിടപ്പുണ്ട്. മറ്റൊരു വീടൊരുക്കുമ്പോള്‍ ജീവിതം കൊണ്ട് ആ ചിത്രം വരച്ചവര്‍ പെട്ടെന്ന് അതെല്ലാം മായ്ച്ചുകളയുന്നതെങ്ങനെ സഹിക്കും! വല്യുപ്പ മരിച്ചശേഷം ഉമ്മയുടെ തറവാട്ടില്‍നിന്ന് ഓരോരുത്തരായി കൂടുതല്‍ സൗകര്യമുള്ള പുതിയ വീടുകളിലേക്ക് പോയപ്പോഴും വല്യുമ്മ ആ വീട്ടില്‍ തന്നെ തുടരാനിഷ്ടപ്പെട്ടത് ഓര്‍മകള്‍ തന്നോട് ചേര്‍ത്തുപിടിക്കാനായിരുന്നു. പ്രിയപ്പെട്ടവന്റെ മരണത്തിനും, കുട്ടികളും പേരമക്കളുമായി ഒരുപാട് ജന്മങ്ങള്‍ക്കും സാക്ഷിയായ ആ തറവാട് വീട്ടില്‍ നിന്നകന്ന് ഒന്നിലധികം ദിവസം മറ്റൊരിടത്ത് തങ്ങാന്‍ വല്യുമ്മയുടെ മനസ്സനുവദിച്ചില്ല. ഒടുവില്‍ ചെറിയ മകന്‍ അധികം അകലെയല്ലാതെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്ത് പുതിയ വീട് വെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വല്യുമ്മ അവനോടൊപ്പം അങ്ങോട്ട് താമസം മാറ്റി. പക്ഷേ, അപ്പോഴും തറവാട് വീട് പൊളിക്കരുതെന്ന്  നിബന്ധനയുണ്ടായിരുന്നു വല്യുമ്മാക്ക്. 'ഞാന്‍ ജീവിക്കുന്ന കാലത്തോളം അതവിടെ കിടക്കട്ടെ. മരിച്ചാല്‍ പിറ്റേ ദിവസം നിങ്ങള്‍ മക്കള്‍ക്കിഷ്ടമുള്ളത് ചെയ്‌തോളീ...' എന്തിനീ പിടിവാശിയെന്ന് ചോദിക്കാം. ഒരായുഷ്‌കാലത്തെ തന്റെ ജീവിതത്തിലെ വസന്തത്തിനും ശിശിരത്തിനും കൂട്ടായ വീടാണത്. അവരുടെ എത്ര സ്വപ്നങ്ങള്‍, സന്തോഷങ്ങള്‍, അതിനകത്ത് ചിറകടിച്ചിട്ടുണ്ടാകും! അവര്‍ കടിച്ചമര്‍ത്തിയ വേദനകള്‍, പ്രയാസങ്ങള്‍ ആ ചുമരുകള്‍ വരച്ചുവെച്ചിട്ടുണ്ടാകും! ആ വീട് കാണുമ്പോള്‍ അതെല്ലാമാവും അവര്‍ക്കോര്‍മ വരുന്നത്. അതില്ലാതാകുമ്പോള്‍ ആ ഓര്‍മകളും നഷ്ടപ്പെടുമോയെന്ന് അവര്‍ ഭയന്നാല്‍, ആ ഉത്കണ്ഠകളെ തള്ളിക്കളയാന്‍ ആര്‍ക്ക് സാധിക്കും. ഓര്‍മകളുടെ വേരറ്റാല്‍ മനുഷ്യജീവിതം പിന്നെയെന്തിന് കൊള്ളാം. അനേകം ജീവിതങ്ങളുടെ ഓര്‍മച്ചെപ്പായ ഒരു വീടും വെറും മണ്ണും ചുമരുമല്ല. പലപ്പോഴും അതിനകത്ത് പാകം ചെയ്തതും വിളമ്പിയിരുന്നതുമെല്ലാം ജീവിതങ്ങള്‍ തന്നെയാവും.

അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് വീട്ടില്‍ സൗകര്യം വര്‍ധിക്കുന്നില്ലെന്നും പുതിയൊരു വീടൊരുക്കാന്‍ സമയമായെന്നും കൂടെയുള്ളവള്‍ പറയുമ്പോഴെല്ലാം കുടഞ്ഞുതെറിപ്പിക്കാനാവാത്ത ബാല്യകൗമാരങ്ങള്‍ ഒളിഞ്ഞ് കിടക്കുന്ന വീടോര്‍മകള്‍ മനസ്സിലേക്ക് വരും. അത് പങ്കുവെച്ചിട്ടും അവളുടെ മനസ്സിലെ ആധികളെ തണുപ്പിക്കാന്‍ എനിക്കായിരുന്നില്ല. പക്ഷേ, ഈയിടെയുണ്ടായ രണ്ട് വീടനുഭവങ്ങള്‍ അവളെയും ഈ വീടകത്തോട് അനുരാഗമുള്ളവളാക്കിയിരിക്കുന്നു. പ്രസവം എന്നത് ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ മാത്രം നടക്കേണ്ട 'രോഗമായ' ഈ 2014-ല്‍ ഞങ്ങളുടെ കുഞ്ഞിന് ഈ വീടിനകത്താണവള്‍ ജന്മം കൊടുത്തത്. അവളുടെ പേറ്റുനോവിന്റെ കിതപ്പും വിയര്‍പ്പും ഒപ്പിയെടുത്തത് ഈ വീടകമാണ്. ആ കുഞ്ഞ് പിറന്ന് ഇരുപത്തേഴാം നാളില്‍ അവനുറങ്ങിക്കിടക്കെ അവന്റെ മുകളിലെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അകത്ത് കുഞ്ഞും പുറത്ത് ഞങ്ങള്‍ ഉമ്മയും ഉപ്പയും വല്യുമ്മയും. കരച്ചിലും ബഹളത്തിനുമിടയില്‍ റൂമിനകത്ത് കയറിയപ്പോള്‍ ആ കാഴ്ച കണ്ട് തരിച്ചുനിന്നു... ചുറ്റും പൊട്ടിയ ഓടുകളും മരക്കഷ്ണങ്ങളും. മണ്ണും പൊടിയും പുരണ്ട് കുഞ്ഞ് ഒരു പോറലുമില്ലാതെ വീടിന് മുകളിലെ തുറന്ന ആകാശം നോക്കി കിടക്കുന്നു! അല്ലാഹുവിനെ സ്തുതിച്ച് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയെ ഏല്‍പിച്ചു. ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയവരെല്ലാം, കുഞ്ഞിനെ രക്ഷിച്ച ദൈവത്തെ വാഴ്ത്തി. അപ്പോള്‍ ഞാന്‍, പൊളിഞ്ഞു വീണ ആ വീടിന് മുകളിലേക്ക് നോക്കി. കുഞ്ഞ് കിടന്നിരുന്നതിന്റെ നേരെ മുകളില്‍ തൂങ്ങിയാടുന്ന മരക്കഷ്ണങ്ങളും ഓടുകളും, 'ഞങ്ങളും വീഴേണ്ടവയായിരുന്നു. പക്ഷേ, നിന്റെ കുഞ്ഞ് താഴെ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ഇവിടെ തന്നെ നിന്നതാണെ'ന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കുഞ്ഞിന്റെയടുത്ത് അവന്റെ ഉമ്മയില്ലെന്നറിഞ്ഞപ്പോള്‍ വീട് തന്നെ സ്വയം ഒരു 'ഉമ്മ'യാവുകയായിരുന്നു. അവളെക്കാള്‍ എന്നെ പരിചയമുള്ള ആ വീടിന് എന്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാതിരിക്കാനാവും? ഈ വീടിനെ സ്‌നേഹിക്കാന്‍ ഇതിനേക്കാള്‍ മറ്റെന്ത് ഓര്‍മകള്‍ വേണം! നാളെ ഞങ്ങള്‍ മറ്റൊരു വീട് പണിതുയര്‍ത്തിയേക്കാം. അപ്പോഴും വീട്ടിനകത്തെ ഉമ്മയോര്‍മകള്‍ പോലെ ഈ വീടോര്‍മകളെയും ഞങ്ങള്‍ താലോലിച്ച് കൊണ്ടേയിരിക്കും.

By: Basheer Trupanichi

ഉമ്മയും ഉപ്പയുമില്ലെങ്കില്‍ വെന്തുണങ്ങുന്നു നമ്മുടെ വീട്

ഉമ്മ പോകുമ്പോള്‍
ഉണങ്ങിയ കെട്ടിടമാകും വീട്
ഉറക്കം പാതിയില്‍ മുറിയും
ഉണര്‍ന്നിരുന്ന് ഓര്‍മകള്‍ കരയും
ഉമ്മ നട്ടതും നനച്ചതും
നൂലില്‍ കോര്‍ത്തതും
ഓതി അടയാളമിട്ടതും കണ്ട്
ഉള്ളിലൊരു മഴ തുടങ്ങുന്നത്
അവള്‍ മാത്രം തൊട്ടറിയും
അവളും ഉമ്മയാണല്ലോ.
         ഉമ്മയുടെ വേര്‍പാടില്‍ വെന്തുണങ്ങിയ നാളുകളില്‍, വീടിന്റെ അകവും പുറവും ആ തലോടലില്ലാതെ അനാഥമായപ്പോള്‍ മനസ്സെഴുതിയ വരികളാണിത്. ഉമ്മയെ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് സ്‌നേഹത്തിന്റെ ഒരു രാജ്യമാണെന്ന് ഉമ്മയെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്.  അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും.
വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയും നടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്. 
ലോകപ്രശസ്തയായ പത്രപ്രവര്‍ത്തക അനിതാ പ്രതാപിന്റെ 'Island of Blood' എന്ന ആത്മകഥ തുടങ്ങുന്നത് ഇങ്ങനെയാണ്: ''പ്രശസ്തങ്ങളായ അനേകം അംഗീകാരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്നെ പ്രശസ്തയാക്കിയ ഒട്ടേറെ റിപ്പോര്‍ട്ടുകളും എന്റേതായി വന്നിട്ടുണ്ട്. പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നിറഞ്ഞ അനുഭവമേതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അവയൊന്നുമായിരിക്കില്ല. മറിച്ച്, ഏതൊരു അമ്മയെയും പോലെ എന്റെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച നിമിഷമെന്നായിരിക്കും.''
ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും.
ഉമ്മ തൊടുമ്പോള്‍
പ്രമുഖ മനശ്ശാസ്ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു: മെഡിക്കല്‍ കോളേജില്‍, മാസം തികയുന്നതിനു മുമ്പ് ഒരു കുഞ്ഞ് പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയെയും കുഞ്ഞിനെയും ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന് രക്ഷിക്കാനായി ഒരു നഴ്‌സ് കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക് കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ് മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കൈയില്‍ കൊടുത്ത് സദാ സമയവും സ്‌നേഹപൂര്‍വം തലോടാനും ലാളിക്കാനും നിര്‍ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. 
രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്. അവള്‍ നല്ല ആരോഗ്യവതിയായി കഴിയുന്നു. മരുന്നിനും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്പര്‍ശത്തിനും പരിലാളനക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് പുസ്തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്ഗുണങ്ങള്‍ കുറയുമെന്ന് പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കല്‍പനകളും നിര്‍ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന് മക്കളിലേക്ക് പകരുകയുള്ളൂവെന്നര്‍ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്. എങ്കില്‍ ഓര്‍ത്തുനോക്കൂ, ഉമ്മയെ ഒന്നുമ്മ വെച്ചിട്ടെത്ര കാലമായി? ഉപ്പയെ ഒന്ന് ചേര്‍ത്തുപിടിച്ചിട്ട് എത്ര നാളായി? പെങ്ങളെ, അനിയനെ, മക്കളെ ഒന്നു തൊട്ടിട്ട് എത്ര ദിവസങ്ങളായി?
വല്ല്യുമ്മയും വല്ല്യുപ്പയുമുള്ള വീട്
ഒരു അധ്യാപക സുഹൃത്ത് പറഞ്ഞതാണ്; വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിനു കുട്ടി മറുപടി പറഞ്ഞു, ഉമ്മയും ഉപ്പയും ഇക്കയും അനിയത്തിയും.’വല്ല്യുപ്പയും വല്ല്യുമ്മയുമൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിങ്ങനെ പറഞ്ഞുവത്രെ;‘ആഹ്.. ഉമ്മൂമ്മയുണ്ട്! വീട്ടിലെ സവിശേഷമായ ഒരംഗമായി ഉമ്മൂമ്മയെ മാതാപിതാക്കള്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടി ആദ്യം എണ്ണിപ്പറയുന്നത് ഉമ്മൂമ്മയെ ആയിരിക്കുമെന്ന് തീര്‍ച്ച. 
വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും  ആ‘പൊന്നുമ്മ കാത്തിരിക്കും.
വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍. 
മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;
പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''
കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്!''
പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു. 
നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ. 
ഓരോ വല്യുമ്മയും വല്ല്യുപ്പയും സ്‌നേഹത്തിന്റെ ഓരോ കടലാണ്. ജീവിതാനുഭവങ്ങള്‍ കടഞ്ഞെടുത്ത പാകതയുണ്ടാകും ആ വാക്കിലും നിര്‍ദേശങ്ങളിലും. ചോരയും നീരും വറ്റിയിട്ടുണ്ടാകും ആ ശരീരത്തില്‍. എവിടേക്കാണ് ഉപ്പയുടെയും ഉമ്മയുടെയും ചോരയും നീരുമൊക്കെ പോയത്?
മക്കളുടെ ശരീരത്തിലേക്ക് നോക്കൂ, തടിച്ച് തുടുത്ത് സുന്ദരമായ ആ കൈകളിലേക്കും കവിളിലേക്കും നോക്കൂ, അവിടേക്കാണ് ഉപ്പയുടെയും ഉമ്മയുടെയും ചോരയും നീരും ഒഴുകിപ്പോയത്. ജീവിതം പാകപ്പെട്ടതിന്റെ പാടുകളാണ് ആ ശരീരങ്ങളിലെ ഓരോ ചുളിവും മങ്ങലും. ആ പാകപ്പെടലാണ് അവരില്‍ നിന്ന് നമുക്ക് അത്യാവശ്യമായും നേടിയെടുക്കേണ്ടത്. ശ്രദ്ധയായും ശാസനയായും ശകാരമായും അവരത് നമ്മിലേക്കും നമ്മുടെ കുഞ്ഞുങ്ങളിലേക്കും പടര്‍ത്തിത്തരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ അവളുടെ ഉമ്മൂമ്മയെയും ഞങ്ങള്‍ സ്‌നേഹപൂര്‍വം കൈപിടിച്ചു കൊണ്ടുപോയി. ഉമ്മൂമ്മ അവിടെ ഇരുന്നാല്‍ മതി. പുതിയ പുരയിലേക്ക് കേറിയ ഇളംതലമുറക്ക് ആ സ്‌നേഹസാന്നിധ്യം തന്നെയായിരുന്നു പ്രധാനം. അപ്പച്ചട്ടിയുടെ പശിമയും അടുപ്പിന്റെ മെരുക്കവും  അടുക്കളയുടെ  ഇണക്കവുമെല്ലാം ഉമ്മൂമ്മ കൂടെനിന്നപ്പോള്‍ ശുഭകരം.

ഈയടുത്ത് സുഹൃത്തിന്റെ ഉപ്പ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോള്‍, ഉപ്പയെ കുറിച്ച് അദ്ദേഹം ഞങ്ങളോട് സംസാരിച്ചുകൊണ്ടേയിരുന്നു. നല്ല നല്ല ഓര്‍മകള്‍ ഒരുപാടുണ്ട് ആ പുത്രന് ഓര്‍ക്കാന്‍. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം കേട്ടപ്പോള്‍ മനസ്സ് വല്ലാതെ നിറഞ്ഞു. എന്റെ മോന്റെ ഏറ്റവും നല്ല ചങ്ങാതിയാണ് ഉപ്പ. അവനു എന്നെ അധികം കിട്ടാറില്ല. ഉപ്പയാണ് അവന്റെ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കാറ്. അവനൊരു സൈക്കിളുണ്ട്. അവന്റെ ജീവനാണത്. അത് ഇടയ്ക്കിടെ കേടുവരും. അതും തലയില്‍ ചുമന്ന് ഉപ്പയും അവനും അങ്ങാടിയില്‍ പോയി നന്നാക്കി കൊണ്ടുവരും. ആ പോക്കില്‍ അവനു ഇഷ്ടമുള്ള വിഭവങ്ങളും ഉപ്പ വാങ്ങിക്കൊടുക്കും. വാക്കുകള്‍ മുഴുവനാകാതെ മുറിഞ്ഞു. ഉപ്പ മരണപ്പെട്ട്, മയ്യിത്തുമായി ഞങ്ങള്‍ ആ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ തെരഞ്ഞത് ആ പേരക്കുട്ടിയെ ആയിരുന്നു. അവന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ഒരു കുഞ്ഞു സൈക്കിളിനടുത്ത് സങ്കടപ്പെട്ട് നില്‍ക്കുന്നു. ആ സൈക്കിളാകും അത്. ജീവിതാനുഭവങ്ങളെ ഇഴപിരിക്കാനാകാത്ത പ്രായത്തില്‍ അവനു നഷ്ടപ്പെട്ടത് ഏറ്റവും വിലപ്പെട്ട നിധിയാണെന്ന് ആ കുഞ്ഞുമനസ്സ് തിരിച്ചറിഞ്ഞിരിക്കുമോ? 

By: PMA Gafoor

Saturday, November 15, 2014

ആദരാഞ്ജലികൾ

ഇന്നെനിക്കു വല്ലാത്ത ഷോക്കിന്റെ നിമിഷങ്ങൾ ആയിപ്പോയി 

ഒന്നിച്ചു ജോലി ചെയ്തിരുന്ന,ജ്യേഷ്ഠ സഹോദരനെ പോലെ ആയിരുന്ന എന്റെ ശിവദാസ്‌ സർ ,ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കി ഈ ലോകത്തോട്‌ രണ്ടാഴ്ച മുമ്പ് യാത്ര പോയി എന്ന് കേട്ടപ്പോൾ.

ജോലിയിൽ ആത്മാർഥതയും കൃത്യനിഷ്ടയും കാണിച്ചിരുന്ന പ്രിയ സർ , ഇടപഴകുന്നവർക്കെല്ലാം പ്രിയങ്കരനായ ശിവദാസ്ജി , ജീവിതത്തിന്റെ മധ്യ വയസ്സിൽ വിട പറയും എന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.
.
അമ്പിളി ചേച്ചിക്കും മക്കൾക്കും നഷ്ടപ്പെട്ടത് ജീവിതത്തിന്റെ തണലാണ്‌ , അവരുടെ ജീവിതത്തിലെ ശൂന്യതക്ക് മുന്നിൽ ഞാനൊന്ന് പതറി പോവുന്നു.
.
നീലേശ്വരം ക്ഷീര ബ്ലോക്കിലേക്ക് ഓഫീസറായി പോസ്റ്റിംഗ് കിട്ടിയപ്പോൾ വന്നതും, അവിടുത്തെ സഹകാരികളെയും കർഷകരെയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് കയ്യിലെടുത്തതും, സഹജീവനക്കാരോടൊക്കെ മാന്യതയോടെ പെരുമാറിയതും, ഒന്നിച്ചു കൊണ്ട് പോയതും, സർക്കാർ ,ത്രിതല പഞ്ചായത്ത് പദ്ധതികൾ ഒക്കെ സമയ ബന്ധിതമായി പൂർത്തീകരിചതും, ക്ഷീര കർഷകർക്കായി സംഘങ്ങൾ ഉണ്ടാക്കാനായി ഓടിച്ചാടി അധ്വാനിച്ചതും ഒക്കെ ഞാനിവിടെ ഓർത്തു പോവുന്നു.പരിശീലന പരിപാടികൾ തൻറേതായ രീതിയിൽ ആർക്കും മടുപ്പില്ലാതെ നടത്തിയതും സ്മരണീയമാണ്.
.
മരണം എന്ന മൂന്നക്ഷര പദം, നാം ഓരോരുത്തരും അനുഭവിക്കേണ്ട യാധാർത്ഥ്യം ആണ് , പെട്ടെന്ന് വിളിച്ചു കൊണ്ട് പൊകുമ്പോൾ അത് വല്ലാത്തൊരു ഷോക്കായി മാറുന്നു,....
.
സാറിൻറെ സ്മരണക്ക് മുന്നിൽ അശ്രു പൂജയർപ്പിച്ചു കൊണ്ട് ......

Saturday, November 1, 2014

സ്‌നേഹമാണ് സഹനം

സഹനവും സ്‌നേഹത്തില്‍ പെട്ടതാണ്. ഗര്‍ഭിണികളുടെ അവസ്ഥ ഉദാഹരിച്ചു കൊണ്ട് മഹാകവി ഉള്ളൂര്‍ പറയുന്നു:
'ചൂടാന്‍ മലരും ഘനമായ്‌ത്തോന്നിന ദോഹദകാലത്തില്‍

ച്ചുമന്നിരിപ്പൂ ദുര്‍ഭരഗര്‍ഭം സുഖേന ജനയിത്രി'
mom8821ഒരു പൂവ് പോലും കൈയിലെടുക്കുന്നത് ഭാരമായി തോന്നുന്ന ഗര്‍ഭകാലത്ത് വളരെ സുഖത്തോടെയാണ് ഗര്‍ഭിണി തന്റെ വയറ്റില്‍ കുഞ്ഞിനെ പേറി നടക്കുന്നത്. ഈ സഹനം കുഞ്ഞിനോടുള്ള സ്‌നേഹം കൊണ്ടാണ്. ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടായിട്ടും ഒന്നിനെയും അവഗണിക്കുകയോ മക്കളില്ലാത്തവര്‍ വിലകൊടുത്തു വാങ്ങാന്‍ തയ്യാറാകുമ്പോള്‍ വില്‍ക്കുകയോ ചെയ്യാതെ കഷ്ടപ്പെട്ട്, പലതരം പ്രയാസങ്ങള്‍ സഹിച്ച് അമ്മമാര്‍ അവരെ വളര്‍ത്തുന്നുണ്ടല്ലോ. അവര്‍ക്ക് അതിന് കരുത്ത് പകരുന്നത് സ്‌നേഹമാണ്.

സ്‌കാനിംഗില്‍ കുട്ടികള്‍ രണ്ടോ മൂന്നോ ഉണ്ടെന്ന് മനസ്സിലാക്കുന്ന ഗര്‍ഭിണി മനപ്രയാസമൊന്നുമില്ലാതെ നാളുകള്‍ നീക്കുന്നു. രണ്ടിലധികം കുഞ്ഞികൈകളും കുഞ്ഞിക്കാലുകളും കാണാന്‍. കവികള്‍ പറയുന്ന ഈ പൊതുതത്വം പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ ഗൗരവമുള്ള ഒരു കല്‍പനയിലൂടെ അവതരിപ്പിച്ചിട്ടുണ്ട് :
'മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനു മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. രണ്ടുവര്‍ഷം അവന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ മടക്കം.' (ലുഖ്മാന്‍ : 14)

മാതാവിന്റെ സ്‌നേഹജന്യമായ സഹനം ഓര്‍മിപ്പിച്ചു കൊണ്ട് അതേ സ്‌നേഹവും സഹനവും മാതാപിതാക്കള്‍ക്കു വേണ്ടി മക്കളില്‍ നിന്നുണ്ടാവണം എന്നാണ് അല്ലാഹു ഉപദേശിക്കുന്നത്. ഗര്‍ഭകാല വിഷമങ്ങളോടൊപ്പം എന്തിന് മുലയൂട്ടലിന്റെ കാലം ഓര്‍മിപ്പിക്കുന്നു? അത് മാതാവിനെ ക്ഷീണിപ്പിക്കുന്ന കര്‍മമാണ്. കുഞ്ഞ് എപ്പോള്‍ മുലപ്പാലിന് വേണ്ടി കരയുന്നോ അപ്പോള്‍ കൊടുക്കണം. ശിശുപരിപാലനത്തിനിടയില്‍ വീട്ടുജോലികളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തുമണിക്ക് കിടന്ന മാതാവിന് രണ്ടു മണിക്കും മൂന്നു മണിക്കും കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണരേണ്ടി വരും. അതെല്ലാം ഖുര്‍ആനിന്റെ ഈ ഓര്‍മപ്പെടുത്തലിലുണ്ട്. ഇതു തിരിച്ച് നല്‍കേണ്ട ഒരു ഘട്ടം മക്കള്‍ക്ക് വരും. എന്നുവെച്ചാല്‍ തിരിച്ചു കിട്ടല്‍ അനിവാര്യമായ ഘട്ടം മാതാപിതാക്കള്‍ക്ക് വരും. രാത്രിയില്‍ പലവട്ടം കരഞ്ഞ് മാതാവിനെ ഉണര്‍ത്തിയ മക്കള്‍ വലുതാകും. വിവാഹിതരാകും. അവര്‍ക്ക് മക്കളുണ്ടാകും. അപ്പോഴേക്കും മാതാപിതാക്കള്‍ വാര്‍ധക്യത്തിലെത്തും. ഒരു കുഞ്ഞിനെയെന്നോണം അവരെ ലാളിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ബാധ്യത മക്കള്‍ക്കുണ്ട്. അത് വളരെ വലിയ ബാധ്യതയാണെന്ന് ഖുര്‍ആന്റെ പ്രയോഗം വ്യക്തമാക്കുന്നു. 'എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ' എന്ന് അനുബന്ധമായി മറ്റൊരു നന്ദിയെ പരാമര്‍ശിക്കുമ്പോള്‍ അതിനെ വളരെ ഗൗരവത്തില്‍ തന്നെ മക്കള്‍ കാണേണ്ടതുണ്ട്. വൃദ്ധരായ മാതാപിതാക്കള്‍ രോഗികള്‍ കൂടിയായാല്‍ മക്കള്‍ അവര്‍ക്ക് വേണ്ടി ഭംഗിയുള്ള ക്ഷമ തന്നെ കാണിക്കണം. അവര്‍ കിടക്കയില്‍ ചര്‍ദ്ദിക്കുകയോ വിസ്സര്‍ജ്ജിക്കുകയോ ചെയ്തു പോയാല്‍ ഒരു മനപ്രയാസവും മക്കള്‍ക്കു തോന്നരുത്. ഇതെല്ലാം തൊട്ടിലില്‍ കിടക്കുന്ന കാലത്ത് ചെയ്തിരുന്നതാണെന്നും അന്ന് മാതാപിതാക്കള്‍ക്ക് തങ്ങളോട് ഒരു വെറുപ്പും ഉണ്ടായിരുന്നില്ലെന്നും അവര്‍ ചിന്തിക്കേണ്ടതുണ്ട്.

സ്‌നേഹത്തോളം മധുരമുള്ള ഒന്നുമില്ല. സ്‌നേഹം ലഭിക്കാതിരിക്കുക എന്നതിനേക്കാള്‍ ഗുരുതരമായ അവസ്ഥയുമില്ല. വേദനിക്കുന്നവര്‍ക്കാണ് സ്‌നേഹം അധികം കാണിക്കേണ്ടത്.

'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
 സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' 
എന്ന കവിവാക്യം എത്ര അര്‍ഥവത്താണ്.

നല്ല വാക്കുപറയല്‍ സദഖ (ദാനധര്‍മം) ആണെന്ന് നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്. സ്‌നേഹം ഒഴുകി വരുന്നത് നല്ല വാക്ക് എന്ന ചാലിലൂടെയാണ്. സഹോദരനെ പ്രസന്ന മുഖത്തോടെ അഭിമുഖീകരിക്കുന്നതും പുണ്യകര്‍മമാണെന്ന് നബി തിരുമേനി പഠിപ്പിച്ചു.

സ്‌നേഹം ഒരു സംസ്‌കാരമായി നാം ഉള്‍ക്കൊള്ളണം. അത് മതത്തിന്റെ സത്തയാണ്. വിശ്വാസ വൈകല്യങ്ങളെ വെറുക്കുക എന്നല്ലാതെ അതുള്ള മനുഷ്യനെ വെറുക്കാന്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. വിശ്വാസ വൈകല്യങ്ങളെയും ഇതര തിന്മകളെയും എതിര്‍ക്കുന്നത് മനുഷ്യരോട് കാണിക്കുന്ന സ്‌നേഹം തന്നെയാണ്. വിയര്‍പ്പു നാറുകയും വസ്ത്രം വൃത്തികേടാവുകയും ചെയ്തവനോട് നീ വസ്ത്രമലക്കി നന്നായൊന്ന് കുളിക്കൂ എന്നുപദേശിക്കുകയും അവന്ന് ഒരു സോപ്പുകൊടുക്കുകയും ചെയ്യുന്നത് സ്‌നേഹമായി കാണണം. അതിന്നു തുല്യമാണ് അനാചാരങ്ങളെയും അന്ധവിശ്വസാങ്ങളെയും എതിര്‍ക്കല്‍. അത് ഗുണകാംക്ഷയോടെയാവണം.

ആത്മസ്‌നേഹം

ജീവിച്ചിരിക്കുന്നവരില്‍ ഓരോ വ്യക്തിയും സ്‌നേഹിക്കേണ്ടത് അവനവനെ തന്നെയാണ്. ബഹുമാനിക്കുന്നതിലുമുണ്ട് ഈ തത്വം. സെല്‍ഫ് റെസ്പക്റ്റ് എന്ന ഇംഗ്ലീഷ് പ്രയോഗം സുപരിചിതമാണല്ലോ. നല്ല വസ്ത്രങ്ങളണിയാന്‍ സാമ്പത്തിക ശേഷിയുണ്ടായിട്ടും ദരിദ്രനെപ്പോലെ പ്രത്യക്ഷപ്പെട്ട ഒരാളോട് നബി തിരുമേനി ചോദിച്ചു : അല്ലാഹു നിനക്ക് അനുഗ്രഹം തന്നില്ലേ, ആ അനുഗ്രഹം നിന്നില്‍ കാണുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അല്ലാഹു അഴകുള്ളവനാണ്, അവന്‍ അഴക് ഇഷ്ടപ്പെടുന്നു. 

നല്ല വസ്ത്രം വൃത്തിയോടെയും മാന്യമായ രീതിയിലും അണിയുക എന്നത് മനുഷ്യന്‍ അവനെത്തന്നെ സ്‌നേഹിക്കുന്നതിന്റെ ഒരു രൂപമാണ്. മുടി ഭംഗിയായി ചീകിയൊതുക്കി വെക്കുന്നത് ആത്മസ്‌നേഹമാണ്. പള്ളിയിലേക്കും പൊതുസ്ഥലങ്ങളിലേക്കും പോകുമ്പോള്‍ കുളി കഴിഞ്ഞ് , വിയര്‍പ്പു നാറുന്ന വസ്ത്രം മാറ്റിയിട്ടായിരിക്കല്‍ ആത്മസ്‌നേഹമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ മനസ്സാ ശപിക്കും. ചിലപ്പോള്‍ നമ്മോട് അവര്‍ പറയില്ലെങ്കിലും മറ്റുള്ളവരോടു പറയും; വൃത്തി ബോധമില്ലാത്തവനെന്ന്. ഉള്ളി ചവച്ച് പള്ളിയില്‍ പോകരുതെന്നും കഴിയുമെങ്കില്‍ അഞ്ചുനേരം പല്ലു തേക്കുക എന്നും നബി തിരുമേനി പറഞ്ഞതിന്റെ പൊരുളും ഇതു തന്നെ.

അന്യര്‍ ശകാരിക്കുകയും ശപിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക എന്നത് ആത്മസ്‌നേഹത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. വിലകൂടിയതല്ലെങ്കിലും വസ്ത്രം അലക്കിത്തേച്ച് ആകര്‍ഷകമായി അണിഞ്ഞ് നേരിയ സുഗന്ധം പ്രസരിക്കുന്ന അവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന ഒരാളോട് നമുക്ക് വലിയ ബഹുമാനം തോന്നും. മുഖത്തൊരു പുഞ്ചിരിയും സംസാരത്തില്‍ മാന്യതയുമുണ്ടെങ്കില്‍ ബഹുകേമം. ആ വ്യക്തി ആദരിക്കപ്പെടും. ഇങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കല്‍ ആത്മസ്‌നേഹവും, ആത്മബഹുമാനവുമാണെന്നതില്‍ സംശയമില്ല. നബി വചനങ്ങളുടെ അവധാനപൂര്‍വ്വമായ വായനയില്‍ നിന്ന് നമുക്കിതു മനസ്സിലാക്കാം. ഒരു ഉദാഹരണം :
                                                  അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്യുന്നു ; നബി തിരുമേനി അരുളി. 'മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ ചീത്ത പറയുന്നത് വന്‍ ദോഷങ്ങളില്‍ പെട്ടതാണ്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു : റസൂലേ, തന്റെ മാതാപിതാക്കളെ ഒരാള്‍ ചീത്ത പറയുമോ? അതെ, ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അവന്‍ ഇയാളുടെ പിതാവിനെ ചീത്ത പറയും. ഇയാള്‍ അയാളുടെ മാതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ മാതാവിനെയും ചീത്ത പറയും' (ബുഖാരി, മുസ്‌ലിം).

അന്യരുടെ മാതാപിതാക്കളെ ശകാരിക്കല്‍ സ്വന്തം മാതാപിതാക്കളെ ശകാരിക്കലായിരിക്കെ, വൃത്തിയില്ലാതെയും അനാവശ്യമായി കോപിച്ചും വാക്കില്‍ മയമില്ലാതെയും സമൂഹത്തിലിടപെടുന്നവന്‍ സ്വന്തം മാതാപിതാക്കളെ ചീത്ത പറയിപ്പിച്ച പോലെ തന്നെത്തന്നെ ചീത്ത പറയിപ്പിക്കുകയാണ്. മറ്റുള്ളവര്‍ ആ ശകാരത്തിന് ശബ്ദം നല്‍കുകയില്ലെങ്കിലും അവരുടെ മനസ്സു നിറയെ ഇയാളോട് ശകാരമായിരിക്കും. നമ്മുടെ ജീവിതകാലത്തെന്ന പോലെ മരണ ശേഷവും വിമര്‍ശിക്കപ്പെടാതിരിക്കത്തക്ക ജീവിതമാണ് നാം നയിക്കേണ്ടതും ആഗ്രഹിക്കേണ്ടതും. ഇബ്‌റാഹീം നബി (അ) യുടെ പ്രാര്‍ത്ഥനയില്‍ അതിന് മാതൃകയുണ്ട്. 'പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്കു നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ' (വി.ഖുര്‍ആന്‍ 26 : 84).

നംറൂദിനും അബ്‌റഹത്തിനും ഫിര്‍ഔനിന്നും ആത്മസ്‌നേഹവും ആത്മബഹുമാനവുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കിടയില്‍ സല്‍കീര്‍ത്തിയുമില്ല. ഇബ്‌റാഹീം നബിക്ക് സല്‍കീര്‍ത്തിയുണ്ടായത് ആ പ്രാര്‍ത്ഥന കൊണ്ടു മാത്രമല്ല. ജീവിതം പ്രാര്‍ത്ഥനക്കനുസൃതമായതു കൊണ്ടു കൂടിയാണ്. 

മക്കള്‍ വഴിതെറ്റി നടക്കുന്നുവെന്ന് സംശയമുണ്ടായാല്‍ ചില പിതാക്കള്‍ പറയും : മോനേ, നീ എനിക്കു പേരുദോഷമുണ്ടാക്കരുത്. പിതാവിന് പേരുദോഷമുണ്ടാക്കാതിരിക്കുക എന്നാല്‍ മകന്‍ തനിക്കു വേണ്ടി സല്‍പ്പേരുണ്ടാക്കുക എന്നാണ്. എന്നു വെച്ചാല്‍ അവന്‍ നല്ലവനായി ജീവിക്കുക. നാം സന്താനങ്ങള്‍ക്ക് സ്‌നേഹം നല്‍കി സ്‌നേഹം പഠിപ്പിക്കണം. അവരെ നല്ലവരാക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴേ 'എന്റെ മക്കളെ സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമുള്ളു. മോനേ, നീ നല്ലവനായി നടക്കണം എന്ന് മകന്റെ യൗവനാവസ്ഥയില്‍ പറഞ്ഞാല്‍ അവന്‍ അതിന്ന്, താങ്കള്‍ എന്നെ നന്മ പഠിപ്പിച്ചില്ലല്ലോ എന്ന് പറയേണ്ടി വരുന്ന അവസ്ഥ മാതാപിതാക്കള്‍ ഉണ്ടാക്കരുത്. മറ്റൊരു സ്‌നേഹവചനം നബി തിരുമേനിയില്‍ നിന്നും വന്നിട്ടുണ്ട്. അവിടുന്ന് പത്‌നി ആഇശയെ ഉപദേശിച്ചു : ഒരു കാരക്കയുടെ കഷണം കൊണ്ടെങ്കിലും നീ നിന്നെ നരകത്തില്‍ നിന്നും രക്ഷിക്കുക.

പത്‌നിമാരോടുള്ള സ്‌നേഹവും ആത്മസ്‌നേഹത്തിന്റെ അധ്യാപനവുമാണ് നബി തിരുമേനിയുടെ ഈ വചനാമൃതിലുള്ളത്. തന്റെ ശരീരത്തോടുള്ള സ്‌നേഹപ്രകടനമാണ് ദാനം എന്ന അതുല്ല്യമായ പാഠമാണിത്. 

സ്‌നേഹമാണറിവ് 
സ്‌നേഹമില്ലായ്മയജ്ഞത
സ്‌നേഹമുള്ളോന്‍ വിജ്ഞന്‍
സ്‌നേഹമില്ലാത്തോന്‍ പാമരന്‍
സ്‌നേഹത്തിനു വിത്തിടാം,
വളര്‍ത്താം 
വളര്‍ന്നാല്‍ ഫലം കൊയ്യാ-
മിഹത്തിലും പരത്തിലും...


by;EKM Pannoor