Saturday, August 15, 2020

മൃഗസ്നേഹിയായ ഡോക്ടറാകാൻ


മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും ഈ ലോകത്ത് ജീവിക്കാനവകാശമുണ്ട്. ഈയൊരു ചിന്തയും കാരുണ്യവും ഉള്ളിലുണ്ടോ?  മൃഗങ്ങളോട് യഥാര്‍ഥമായൊരു സ്നേഹം മനസ്സിലുണ്ടെങ്കില്‍ മാത്രം തിളങ്ങുവാന്‍ കഴിയുന്നൊരു കരിയര്‍. അതാണ് വെറ്ററിനറി ഡോക്ടറുടേത്. 

പഠനമേഖലയും യോഗ്യതയും

ഇന്ന് ഈ പഠനമേഖല വളരെയധികം വികാസം പ്രാപിച്ചയൊന്നാണ്. ഉപരി പഠന സാധ്യതയും ഏറെയുണ്ട്. ജന്തുക്കളെ ബാധിക്കുന്ന പല വിധ രോഗങ്ങള്‍ക്കു പുറമേ ബ്രീഡിങ്ങ്, ജനറ്റിക് എഞ്ചിനിയറിങ്ങ്, സര്‍ജറി, രോഗപ്രതിരോധം, ആരോഗ്യകരമായ പരിചരണം എന്നിവയെല്ലാം വെറ്റിനറി സയന്‍സിന്‍റെ പരിധിയില്‍ വരുന്നു. 

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പാസായവര്‍ക്ക് വെറ്ററിനറി ഡിഗ്രി (ബി വി എസ് സി) കോഴ്സിന് ചേരാം. NEET റാങ്കിൽ 15% സീറ്റിലേക്ക് പ്രവേശനത്തിന് വെറ്ററിനറി കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഇതിന് പുറമേ വിവിധ യൂണിവേഴ്സിറ്റികള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് യൂണിവേവ്സിറ്റി വെറ്ററിനറി എന്‍ട്രന്‍സ് എക്സാം തുടങ്ങി വിവിധ പരീക്ഷകളുണ്ട്.

ബി വി എസ് സി കോഴ്സിന് നാലര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കാലാവുധി. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ്, പ്രൊഡക്ഷന്‍ ടെക്നോളജി, പതോളജി, മൈക്രോബയോളജി തുടങ്ങിയവയാണ് അടിസ്ഥാനപരമായി പഠിക്കേണ്ട വിഷയങ്ങള്‍. തിയറി, പ്രാക്ടിക്കല്‍ എന്നിവയ്ക്ക് ശേഷം ഹാന്‍സ് ഓണ്‍ ട്രെയിനിങ്ങ് ഉണ്ട്. മാസ്റ്റേഴ്സ് ഡിഗ്രിക്കും ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ഉണ്ട്. ഐ സി എ ആര്‍ ഈ പരീക്ഷ നടത്തുന്നത്. 

ജൈവശാസ്ത്ര മേഖലയില്‍ ഉപരി പഠനത്തിന് ഏറെ സാധ്യതകളാണുള്ളത്. ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡയറി പ്രോസസിങ്ങ്, വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, എന്നിവയില്‍ കേരളാ വെറ്റിനറി ആന്‍ഡ് സയന്‍സ് സര്‍വകലാശാലയില്‍ 2 വര്‍ഷത്തെ എം എസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനിയറിങ്ങ് എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ച സയന്‍സ് ബിരുദധാരികള്‍ക്കും എം എസ് ബയോസ്റ്റാറ്റിസ്റ്റിക്സിന് അപേക്ഷിക്കാം. നാലു സെമസ്റ്ററാണ് ദൈര്‍ഖ്യം.

എം എസ് ക്വാളിറ്റി അഷ്വറന്‍സ് ഇന്‍ ഡയറി പ്രോസസിങ്ങ് കോഴ്സിന് ഡയറി സയന്‍സ്, ഫുഡ് ടെകനോളജി എന്നിവയില്‍ ബി ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. മൈക്രോബയോളജി, കെമിസ്ട്രി, ഫുഡ് സയന്‍സ്, സൂവോളജി, ബോട്ടണി ബിരുദധാരികള്‍ക്കും ഡയറി പ്രോസസിങ്ങ് കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. എഴുപത് ശതമാനം മാര്‍ക്കോടെ വെറ്റരിനറി സയന്‍സ്, ഫോറസ്ട്രി, ബോട്ടണി, സൂവോളജി ബിരുദം നേടിയവര്‍ക്ക് എം എസ് ഇന്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന് അപേക്ഷിക്കാം. 


പ്രമുഖ വെറ്റരിനറി കോളേജുകള്‍


·        N T Rama Rao College of Veterinary Science, Gannavarnam, Andhra Pradesh

·        School of veterinary science & animal husbandry, Pasighat, Arunachal Pradesh

·        Bihar Veterinary College, Patna, Bihar

·        College of veterinary science, GAU, Anand Gujarat

·        Karnataka Veterinary, Animal & and Fishery Science University, Bangalore

·        College of Veterinary Science, Gadvasu, Ludhiana

·        Madras Veterinary College, Chennai

·        Rajiv Gandhi College of veterinary & animal science, Kurumbapet, Pondichery

·        Kerala Veterianry & Animal Science University, Mannuthy, Thrissur, Kerala


തൊഴില്‍ സാധ്യത കള്‍

വെറ്ററിനറി കോളേജിലെ വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മുന്‍പില്‍ നിരവധി തൊഴില്‍ സാധ്യതകളുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, സ്വകാര്യ മേഖല, ഇന്‍ഷുറന്‍സ് തുടങ്ങി അനവധി അവസരങ്ങളുണ്ട്. സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികള്‍, പ്രൈമറി വെറ്റരിനറി സെന്‍റരുകള്‍, സ്റ്റേറ്റ് ലൈവ് സ്റ്റോക്ക് ഫാം, സര്‍ക്കാരിന് കീഴിലുള്ള സെമന്‍ ബാങ്ക്, മീറ്റ് ആന്‍ഡ് മില്‍ക്ക് പ്രോസസിങ്ങ് പ്ലാന്‍റ്, പോളി ക്ലിനിക്കുകള്‍, ഡിസീസ് ഇന്‍വെസ്ററിഗേഷന്‍ സെന്‍ററുകള്‍, ഡിസീസ് ഇറാഡിക്കേഷന്‍ സ്കീമുകള്‍, വാക്സിനേഷന്‍ ക്യാംപ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലൊക്കെ തൊഴില്‍ സാധ്യതകളുണ്ട്. 

മൃഗശാലകള്‍, നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡ്, മില്‍ക്ക് ബോര്‍ഡ്, മില്‍ക്ക് യൂണിയന്‍, ഫുഡ് പ്രോസസിങ്ങ് ഇന്‍ഡസ്ട്രി, വൈല്‍ഡ് ലൈഫ് സെന്‍ററുകള്‍, എനനിവിടങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാരിലും അവസരമുണ്ട്. ആര്‍മിയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒരു വിഭാഗം തന്നെയുണ്ട്.

ഇതിന് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും അവസരങ്ങള്‍ നിരവധിയുണ്ട്. കൊമേഴ്സ്യല്‍ ഡയറി ഫാമുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, പൌള്‍ട്രി ഫാം, ബ്രീഡിങ്ങ് ഫാമുകള്‍, റെയ്സ് ക്ലബുകള്‍, ബയോളജിക്കല്‍ പ്രോഡക്ട്/വാക്സിന്‍ പ്രോഡക്ട് എന്നിവിടങ്ങളിലും അവസരങ്ങളേരെയുണ്ട്. ലോണ്‍ സംബന്ധിച്ച കാര്യങ്ങളില്‍, ബാങ്കുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. കൂടാതെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളില്‍ അധ്യപകരായും ഗവേഷകരായും ജോലി ചെയ്യാം. ഐ സി എ ആറിലും ഗവേഷകര്‍ക്കവസരമുണ്ട്.

സ്വയം തൊഴില്‍ ചെയ്യുവാനുള്ള അവസരങ്ങളും കുറവല്ല. വെറ്റരിനറി ഡോക്ടര്‍മാര്‍ക്ക് ഡയറി ഫാം തുടങ്ങുവാന്‍ പല സര്‍ക്കാരുകളും പ്രത്യേക ഇളവ് നല്‍കി വായ്പ അനുവദിക്കാറുണ്ട്. പെറ്റ്സ് പ്രതാപത്തിന്‍റെ ചിഹ്നമായതോടെ പ്രൈവറ്റ് വെറ്റരിനറി ആശുപത്രികള്‍ക്ക് സാധ്യത കൂടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളും ആരംഭിക്കാവുന്നതാണ്.

ആനിമല്‍ വെല്‍ഫയറിനായി അനേകം എന്‍ജിഓ (നോണ്‍ ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷനുകള്‍) കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി എ ഐ എഫ്, പി ഇ ടി ഇ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവിടേയും വെറ്ററിനറി കോഴ്സുകള്‍ പാസായവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.

പരിശ്രമം ചെയ്യുകിലെന്തിനേയും

 പാടിത്തീർക്കാനുള്ളതല്ല ഈ വരികൾ, വരികൾക്കിടയിലൂടെ അടുത്തറിയേണ്ട മൊഴിമുത്താണിത്...


മഹാകവി കെസി കേശവപിള്ളയുടെ താഴെ പറയുന്ന വരികളാണ് ഞാനെടുക്കുന്നത്.


'പരിശ്രമം ചെയ്യുകിലെന്തിനേയും

വശത്തിലാക്കാൻ കഴിവുള്ളവണ്ണം

ദീർഘങ്ങളാം കൈകളെ നൽകിയത്രേ

മനുഷ്യരെപ്പാരിലയച്ചതീശൻ '



പരിശ്രമമുള്ളവന് വിജയം കൈപ്പിടിയിലൊതുക്കാനാവും, ഉയരങ്ങൾ പരാശ്രയമില്ലാതെ താണ്ടാനാവും.


ഒരിടത്ത് ഒരു കൊച്ചുകുട്ടി വീട്ടിന്നടുത്ത പാറമടയിൽ പാറപൊട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു തൊഴിലാളിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊരിവെയിലത്ത് ഭാരമേറിയ ചുറ്റിക ഉപയോഗിച്ച് അയാള്‍ പാറക്കഷണത്തിൽ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്നു. കുറേനേരം അയാള്‍ ശ്രമിച്ചിട്ടും പാറ പൊട്ടിയില്ല. 

അയാൾ കുറച്ച് വിശ്രമമെടുക്കാനിരുന്നു.  അപ്പോൾ ആ കൊച്ചുകുട്ടി അടുത്ത് വന്ന് അയാളോട് ചോദിച്ചു.

“പാറ പൊട്ടാതിരുന്നിട്ടും നിങ്ങൾക്ക് സങ്കടമൊന്നുമില്ലേ?”


അപ്പോള്‍ അയാൾ ഇങ്ങനെ പറഞ്ഞു.


“ഏതാനും സമയം കൂടി നീ എന്നെ നിരീക്ഷിക്കൂ.”


ആ കുട്ടി അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു.


ചുറ്റിക വീണ്ടും മുകളിലേക്ക് ഉയര്‍ന്നുതാണു… 

പക്ഷേ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. 

വീണ്ടും അയാൾ ചുറ്റിക ഉപയോഗിച്ച് പാറക്കഷണത്തിൽ ആഞ്ഞടിച്ചു… അതാ.. അത് രണ്ടായി പിളർന്നു.

 അപ്പോള്‍ അയാള്‍ ആ കുട്ടിയോട് പറഞ്ഞു.


"ഇപ്പം എങ്ങനേണ്ട്...

ഞാന്‍ പലവട്ടം ഈ പാറയിൽ ചുറ്റിക കൊണ്ടടിച്ചു. പക്ഷെ പാറ പിളര്‍ന്നതാവട്ടെ അവസാനത്തെ അടിയിൽ മാത്രം. ഞാന്‍ ഓരോ തവണ അടിക്കുമ്പോഴും ആ പാറ കൂടുതൽ കൂടുതൽ ദുര്‍ബലമാകുകയായിരുന്നു. അങ്ങനെ അവസാനം അത് രണ്ടായി പിളരുകയും ചെയ്തു.”


നിങ്ങൾക്കെന്ത് തോന്നുന്നു...

ഇയാൾ അടിച്ച ആദ്യത്തെ അടികള്‍ വ്യര്‍ത്ഥമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 

ഇല്ല എന്നായിരിക്കും മിക്ക പേരുടെയും പ്രതികരണം.

 കാരണം അയാളുടെ ആദ്യത്തെ അടികൾ വ്യര്‍ത്ഥമായിരുന്നുവെങ്കിൽ ഒരു കാലത്തും ആ പാറ പിളരില്ലായിരുന്നു.


പലപ്പോഴും വിജയങ്ങൾ ജീവിതത്തിലേക്ക് കടന്നുവരില്ലായെന്ന് നിങ്ങൾ വിചാരിക്കുമ്പോഴൊക്കെ ഈ കഥ ഓര്‍ക്കുക.


 നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഫലം തീര്‍ച്ചയായും കിട്ടും. പക്ഷെ ചിലപ്പോൾ അതിനുവേണ്ടി നാം കാത്തിരിക്കണമെന്നുമാത്രം.

 നിരന്തര

പ്രയത്നത്തിന്‍റെ ഫലത്തെ തോല്പിക്കുവാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയുകയില്ല. നിരന്തര പരിശ്രമശാലിക്കൊപ്പമായിരിക്കും ദൈവത്തിൻ്റെ സാന്നിധ്യം.


നിരന്തര പ്രയത്നം കൊണ്ട് തങ്ങളുടെ കഴിവു കേടുകളെയും ദുര്‍ബലതകളെയും തൂത്തെറിഞ്ഞവരാണ് പില്ക്കാലത്ത് മഹാന്മാരായി തീര്‍ന്നിട്ടുള്ളത് എന്നറിയുക.

ജീവിതത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതെ, സ്വന്തം ജീവിതം പരാജയമാണെന്ന്, വിലയിരുത്തുന്നവർ അലസന്മാരാണ്, മണ്ടൻമാരാണ്.


 പ്രയത്നശാലികൾക്ക് ജീവിതത്തിൽ താത്കാലികമായി പല ബുദ്ധിമുട്ടുകളെയും, പരാജയങ്ങളേയും നേരിടേണ്ടി വന്നേക്കാം.

പക്ഷെ ആത്യന്തികമായി വിജയം അവരെ തേടിയെത്തുക തന്നെ ചെയ്യും...


വിജയലക്ഷ്യം തേടി യാത്ര ചെയ്യുന്നവർക്ക് മുന്നിൽ വാതിലുകൾ മലർക്കെ തുറക്കപ്പെടും.

അതിനാവട്ടെ നമ്മുടെ പരിശ്രമങ്ങൾ.


➕2️⃣ സയൻസ് വിഷയം ആള് കേമനാണ് കേട്ടോ.......


ശാസ്ത്രചിന്തയുടെയും ശാസ്ത്രം പഠിച്ചവരുടെയും പ്രധാന്യത്തെ കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കോണ്ടിരിക്കുന്നത്. സംശയമുണ്ടേല്‍ ഈ കോവിഡ്-19 കാലത്ത് നാം സഹായത്തിനായി ഉറ്റുനോക്കുന്നത് ആരുടെയെല്ലാം നേര്‍ക്കാണെന്ന് പരിശോധിക്കാം.

ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഒരു കൂട്ടര്‍. മറ്റൊന്ന് ലാബുകളില്‍ പുതിയ വാക്‌സിനായി പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍. ഇനിയൊന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊറോണക്കാലത്തെ ജീവിതദുരിതം നീക്കുന്ന എന്‍ജിനീയര്‍മാര്‍. 

ഇവര്‍ക്കൊക്കെ പൊതുവായി ഉള്ള ഒരു കാര്യം ഇക്കൂട്ടരെല്ലാം സയന്‍സ് പശ്ചാത്തലമുള്ളവരാണ് എന്നതാണ്. എന്‍ജിനീയറും ഡോക്ടറും നഴ്‌സുമാകാം എന്ന പതിവ് സമവാക്യങ്ങള്‍ മാറ്റി വച്ചാല്‍ പോലും എക്കാലത്തും മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന കരിയര്‍ പാതയിലേക്കുള്ള തുടക്കമാണ് സയന്‍സ് ഗ്രൂപ്പ്.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് ഏറ്റവും കൂടുതല്‍ സീറ്റുള്ളതും സയന്‍സ് ഗ്രൂപ്പിലാണ്. സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കണം. ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്. എല്ലാ സ്‌കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.

കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോംസയന്‍സ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഡോക്ടറുടെ കുപ്പായമണിയാം. എം.ബി.ബി.എസിന് പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി, ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍സ്, ഡെയറി, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ജനിറ്റിക്‌സ്, ബി.എസ്‌സി. നഴ്‌സിങ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. അല്ലെങ്കില്‍ ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദത്തിന് ചേരാം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഹോംസയന്‍സ്/ജിയോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറിങ്ങിന് ചേരാം. മുന്‍പത്തെ അത്രയും വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റമില്ലെങ്കിലും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോമെഡിക്കല്‍, മറൈന്‍, എയ്‌റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്‌നിക്കന്‍ മേഖലയില്‍ വരുന്ന പ്രധാന കോഴ്‌സുകളാണ്.

ഈ മേഖലയില്‍ ബി.ടെക്/ബി.ഇ, ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാണ്. മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ട്രന്‍സ് പരീക്ഷയിലും പ്ലസ് ടു പരീക്ഷയ്ക്കും ഒരേ പോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കണം. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്‌നോളജി, ഫൂട്‌വെയര്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയും ജോലി സാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. 

മെഡിസിനും എന്‍ജിനീയറിംഗും സ്വപ്‌നം കാണുന്നവര്‍ പ്ലസ് ടു പഠനത്തോടൊപ്പം വിവിധ എന്‍ട്രന്‍സ് പരീക്ഷയ്ക്കായും തയ്യാറെടുക്കണം.

ഇനി എന്‍ജിനീയറിങ്ങിന് കിട്ടിയില്ലെങ്കിലും നിരാശരാകേണ്ടതില്ല. 

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്‌നിക്കുകളില്‍ എന്‍ജിനീയറിങ് ഡിപ്ലോമയുണ്ട്. പെയിന്റ് ആന്‍ഡ് കോസ്‌മെറ്റിക് കോസ്‌മെറ്റിക് ടെക്‌നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്‌നോളജി അങ്ങനെ ബി.ടെക്കിനോളം ഗ്ലാമറുള്ള ഒട്ടേറെ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളില്‍ എതെങ്കിലും തിരഞ്ഞെടുക്കാം. വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. 

നഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്‌സുകളാണ്.


ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന പഠന മേഖലയാണ് സയന്‍സ് അനുബന്ധ കോഴ്‌സുകള്‍. ബയോ ടെക്‌നോളജി, മൈക്രോ ബയോളജി, നാനോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.ടി. മേഖലയിലെ കോഴ്‌സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്.സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ധാരാളം ലഭ്യമാണ്. പ്ലസ് ടു യോഗ്യതയും മികച്ച കായിക ശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ. പരീക്ഷ. പ്ലസ് ടുവിന് ഫിസിക്‌സും കെമിസ്ട്രിയും മാത്‌സും പഠിച്ചവര്‍ക്ക് പൈലറ്റ് കോഴ്‌സിനും ചേരാവുന്നതാണ്.

➕2️⃣ ഹുമാനിറ്റീസിനുള്ള വഴികളും ചില്ലറയല്ല

ശാസ്ത്രം നിങ്ങളെ ചന്ദ്രനിലെത്തിക്കും. കോവിഡ് മുതല്‍ കാന്‍സറിന് വരെ മരുന്ന് കണ്ടെത്തി തരും. മെട്രോ റെയില്‍ മുതല്‍ ബുര്‍ജ് ഖലീഫ വരെ പണിഞ്ഞു തരും. എന്നാല്‍ ഹ്യുമാനിറ്റീസ് പഠിച്ചിട്ട് നീ എന്താണ് ലോകത്തിന് സംഭാവന ചെയ്യാന്‍ പോകുന്നത്? പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുത്താലോ എന്ന് ചിന്തിക്കുന്ന കൂട്ടുകാരുടെ മുന്നിലേക്ക് ചിലരെങ്കിലും തൊടുത്ത് വിടാന്‍ സാധ്യതയുള്ള ചോദ്യമാണ് ഇത്.

എന്ത് കൊണ്ട് നാം ഹ്യുമാനിറ്റീസ് പഠിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം സിംപിളാണ്.

 മനുഷ്യരെന്ന നിലയില്‍ നമുക്ക് നമ്മളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും കൂടുതല്‍ അറിയേണ്ടതുണ്ട്. നാം മാനവരാകാനുള്ള കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. 

കവി കടമ്മനിട്ട രാമകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ''നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ, നിങ്ങളായെന്ന് ''. 

ഹ്യുമാനിറ്റീസിലൂടെ നാം അറിയാന്‍ ശ്രമിക്കുന്നതും ഈ മാനവികതയെ കുറിച്ചാണ്; അതിന്റെ സങ്കീര്‍ണ്ണതകളെയും വൈവിധ്യങ്ങളെയും കുറിച്ച്.

സംസ്‌കാരം, ചരിത്രം, സാഹിത്യം, ഭാഷാപഠനം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതി, ധനശാസ്ത്രം, നിയമം, രാഷ്ട്രമീമാംസ, സൈക്കോളജി, ഭൗമശാസ്ത്രം, സംഗീതം, മതം, നൃത്തം, ലളിതകല തുടങ്ങിയ നിരവധി തലങ്ങളിലൂടെ ഇന്നോളമുള്ള മനുഷ്യവംശത്തിന്റെ ഇടപെടലുകളും അവയുടെ മഹത്വവും മനസ്സിലാക്കാന്‍ ഹ്യൂമാനിറ്റീസ് പഠനം സഹായിക്കുന്നു.


ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ പ്രായോഗിക മൂല്യം വളരെ വലുതാണ്. 

അത് മനുഷ്യരെ കുറച്ച് കൂടി തന്മയീഭാവശേഷിയും സഹാനുഭൂതിയുള്ളവരുമാക്കും. സാമൂഹിക നീതിയെ കുറിച്ചും സമത്വത്തെ കുറിച്ചും നിങ്ങള്‍ക്കത് ധാരണയുണ്ടാക്കി തരും. മറ്റുള്ളവരെ അവരുടെ ഭാഷയിലൂടെയും ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും കൂടുതല്‍ മനസ്സിലാക്കാന്‍ അത് വഴി തുറക്കും. വിമര്‍ശനാത്മകമായി ചിന്തിക്കാനും വായിക്കാനും എഴുതാനും ഹ്യുമാനിറ്റീസ് കളമൊരുക്കും. നന്നായി ആശയവിനിമയം ചെയ്യാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ മനസ്സിലിരുപ്പ് അറിയാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും ഒക്കെ സാധിക്കുന്നവര്‍ക്ക് ഇന്നത്തെ തൊഴില്‍ വിപണിയിലും ഡിമാന്‍ഡുണ്ട്.

മുന്‍പൊക്കെ സയന്‍സും കൊമേഴ്‌സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റ് വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. ഹ്യുമാനിറ്റീസ് തേടി വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. ഏറ്റവും അധികം ഓപ്ഷനുള്ള ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.

ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്  എന്നറിയുക .

JOB vs CAREER ......രണ്ടുമൊന്നോ... അതോ രണ്ടും രണ്ടോ?

വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് ആരാകാനാണ് ഇഷ്ടം? 

സ്‌കൂള്‍ ജീവിതത്തിനിടെ പലതവണ കൊച്ചുകൂട്ടുകാര്‍ കേട്ടിരിക്കാന്‍ ഇടയുള്ള ചോദ്യമാണിത്. ചെറിയ ക്ലാസുകളില്‍ നമ്മള്‍ ഇതിനു പറഞ്ഞിരിക്കാന്‍ ഇടയുള്ള ഉത്തരം ഡ്രൈവര്‍, പാട്ടുകാരന്‍, ക്രിക്കറ്റ്കളിക്കാരന്‍, ഡാന്‍സുകാരി എന്നിങ്ങനെയൊക്കെയാകാം. 

ചിലര്‍ അച്ഛനമ്മമാരുടെ ജോലി തന്നെ ഇതിനുള്ള ഉത്തരമായി നല്‍കിയെന്നിരിക്കാം. പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ഇഷ്ടം വച്ച് ചിലര്‍ ടീച്ചറാകണമെന്നും പറയും.


ഹൈസ്‌കൂള്‍ ഒക്കെയാകുമ്പോഴേക്കും ഈ ചോദ്യം അല്‍പമൊരു മാറ്റത്തോടെയാകും നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. എന്താണ് നിങ്ങളുടെ കരിയര്‍ ചോയ്‌സ് എന്ന നിലയിലേക്ക് ചോദ്യത്തിന്റെ സ്വഭാവം മാറും.

 കരിയര്‍ എന്ന വാക്കിനെ കുറിച്ച് നാം ധാരാളമായി പിന്നീട് കേട്ട് തുടങ്ങും. 

ശരിക്കും എന്താണ് ഈ കരിയര്‍? 

ജോലി മാത്രമാണോ കരിയര്‍ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്?


നിങ്ങളുടെ ജീവിതകാലത്ത് നിങ്ങള്‍ ചെയ്യുന്ന പലതരം ജോലികളുടെ ആകെത്തുകയാണ് കരിയര്‍. 

ഒരു കരിയര്‍ പിന്തുടരുന്നതിന് ചില യോഗ്യതകളൊക്കെ ആവശ്യമുണ്ടെന്നും അതിനായി ചില കോഴ്‌സുകളൊക്കെ ചിലപ്പോള്‍ പഠിക്കേണ്ടി വരുമെന്നും നിങ്ങള്‍ കേട്ടു തുടങ്ങുന്നതും ചിന്തിച്ചു തുടങ്ങുന്നതും ഇതേ കാലഘട്ടത്തിലായിരിക്കും.

അപ്പോ, ജോലി തന്നെയാണോ കരിയര്‍? 

അല്ലേയല്ല. കരിയറും ജോലിയും ഒന്നല്ല. രണ്ടും രണ്ടാണ്. 

നിങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിറവേറ്റാ നായി നിങ്ങള്‍ക്ക് പണം ആവശ്യമാണ്. അടിസ്ഥാനപരമായ കാര്യങ്ങള്‍ എന്നു പറയുമ്പോള്‍ ഭക്ഷണം, വസ്ത്രം, വീട് അങ്ങനെ ഈ ലോകത്ത് സുഖമായി ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. ഈ പണം ലഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് ജോലി. ചിലത് മുഴുവന്‍ സമയവും ചെയ്യേണ്ട ഫുള്‍ടൈം ജോലിയാകാം. ചിലത് ഏതാനും മണിക്കൂറുകള്‍ മാത്രം ചെയ്യേണ്ട പാര്‍ട്ട്‌ടൈം ജോലിയാകാം . ഈ ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ചില കഴിവുകള്‍ ആവശ്യമുണ്ടാകാം. അവ നിങ്ങള്‍ പഠിച്ചെടുക്കുന്നതാണ്. നിങ്ങള്‍ക്ക് ജോലി തരുന്ന വ്യക്തിയോ കമ്പനിയോ ആയി നിങ്ങള്‍ ഏര്‍പ്പെടുന്ന ഹ്രസ്വകാല-ദീര്‍ഘകാല കരാറാണ് നിങ്ങളുടെ ജോലി.

എന്നാല്‍ കരിയര്‍ എന്ന് വിളിക്കുന്നത് നിങ്ങളുടെ അഭിരുചികളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ തീരുമാനിക്കുന്ന ദീര്‍ഘകാല പ്രഫഷണല്‍ യാത്രയാണ്. നിങ്ങളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കയ്യെത്തിപിടിക്കാനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് കരിയര്‍. കരിയറിന്റെ ദീര്‍ഘമായ പാതയില്‍ നിങ്ങള്‍ ചിലപ്പോള്‍ പല ജോലികള്‍ ചെയ്‌തെന്നിരിക്കാം.

ഉദാഹരണത്തിന് തമിഴ് നടന്‍ രജനികാന്ത്. അഭിനയമായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍. എന്നാല്‍ ഈ കരിയറിലേക്ക് എത്തുന്നതിന് മുന്‍പ് അദ്ദേഹം ബസ് കണ്ടക്ടര്‍ ആയിരുന്നു. അത് അദ്ദേഹത്തിന്റെ നീണ്ട ജീവിതത്തില്‍ അദ്ദേഹം ചെയ്ത പല ജോലികളില്‍ ഒന്നു മാത്രമാണ്. അതിനെ രജനികാന്തിന്റെ കരിയര്‍ എന്ന് വിളിക്കാനാവില്ല. നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി. ജെ. അബ്ദുല്‍ കലാമിന്റെ കരിയര്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കായിരുന്നു . എന്നാല്‍ തന്റെ ചെറുപ്പത്തില്‍ ജീവിക്കാനായി പത്രവിതരണം ഉള്‍പ്പെടെ നിരവധി ജോലികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ ജോലികളുടെ ആകെത്തുകയാണ് കരിയര്‍ എന്ന് പറഞ്ഞല്ലോ. ഓരോ ജോലിയില്‍ നിന്നും നിങ്ങള്‍ ചില പാഠങ്ങളും അറിവും ശേഷികളും ആര്‍ജ്ജിക്കുന്നുണ്ടാകാം.

കരിയര്‍ എന്നത് നിങ്ങളുടെ ചില തീരുമാനങ്ങള്‍ കൂടിയാണ്. നിങ്ങളുടെ കരിയര്‍ എന്താകണമെന്ന് നിങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്. കൂട്ടുകാരോടൊത്ത് ടൂര്‍ പോകാനൊക്കെ പ്ലാന്‍ ചെയ്യില്ലേ? അതേ പോലെ ഭാവിയിലെ കാര്യങ്ങള്‍ക്കായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനെയാണ് കരിയര്‍ വികസനം അഥവാ കരിയര്‍ ഡവലപ്‌മെന്റ് എന്ന് പറയുന്നത്.

പല ഘട്ടങ്ങള്‍ നീളുന്ന പ്രക്രിയയാണ് ഇത്. 

നിങ്ങളുടെ കഴിവുകളെ കുറിച്ചുള്ള സ്വയം വിലയിരുത്തല്‍, അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കരിയറാക്കാവുന്ന മേഖലകള്‍ കണ്ടെത്തല്‍, ആ മേഖലയിലെ തൊഴിലുകളെ കുറിച്ചുള്ള ധാരണ, അവയുടെ അനന്തര സാധ്യതകള്‍, അവ പിന്തുടരാന്‍ ആവശ്യമായ പഠനങ്ങള്‍ ഏതെല്ലാം എന്നിങ്ങനെ പല ഘട്ടങ്ങള്‍ നീളുന്നതാണ് കരിയര്‍ വികസനം.


വിവരങ്ങൾ പകരുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

ജീവിതയാത്ര തുടരുന്നു... കരിയർ പ്ലാനിങ് എപ്പോഴാകണം?


എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ

മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള ഈ സിനിമ സംഭാഷണം ട്രോളുകളിലൂടെയെങ്കിലും നിങ്ങള്‍ക്ക് പരിചിതമായിരിക്കും. ശരിയാണ്. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. വിതയ്ക്കാന്‍ ഒരു സമയം. കൊയ്യാന്‍ ഒരു സമയം. അങ്ങനെയെങ്കില്‍ കരിയറിനെ കുറിച്ച് ചിന്തിച്ചു തുടങ്ങാനുള്ള സമയം ഏതാണ്?

പത്താം ക്ലാസിലേക്ക് കയറുമ്പോള്‍ പല മാതാപിതാക്കളും കാലാകാലങ്ങളായി കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ഉപദേശമുണ്ട്. മക്കളേ, ഇതാണ് നിങ്ങളുടെ ജീവിതത്തിന്റെ പടിവാതില്‍. ജീവിതത്തില്‍ നിങ്ങള്‍ എന്തായി തീരണമെന്നത് ഇവിടെ നിങ്ങളെടുക്കുന്ന തീരുമാനം അനുസരിച്ച് ഇരിക്കും. ഒരു പരിധി വരെ അവര്‍ പറയുന്നത് ശരിയാണ്.

പത്താം ക്ലാസിനു ശേഷം ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ തന്നെയാണ് നിങ്ങള്‍ എത്തി നില്‍ക്കാന്‍ പോകുന്നത്. 

കാരണം ഇവിടെ നിന്ന് നിങ്ങളുടെ പഠനം മുന്നോട്ട് കൊണ്ട് പോകാന്‍ ഒന്നല്ല, പല വഴികള്‍ നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടും. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ പലതും. അതില്‍ ഒരു വഴി നിങ്ങള്‍ തിരഞ്ഞെടുത്തേ മതിയാകൂ. ഈ തിരഞ്ഞെടുപ്പ് പ്രധാനമാണ് താനും. കാരണം ഇതില്‍ ഒരു വഴി നാം തിരഞ്ഞെടുക്കുമ്പോള്‍ അവയിലെ അവസരങ്ങള്‍ നമ്മുടെ മുന്നില്‍ തുറക്കുന്നതിനൊപ്പം തിരഞ്ഞെടുക്കാത്ത വഴിയിലെ സാധ്യതകള്‍ അടയുക കൂടിയാണ് ചെയ്യുക.

അപ്പോ, നമ്മുടെ ചോദ്യത്തിലേക്ക് വരാം. 

എപ്പോഴാണ് നാം കരിയര്‍ പ്ലാനിങ്ങ് തുടങ്ങേണ്ടത്? 

പ്രധാന വഴിത്തിരിവ് പത്താം ക്ലാസാണെങ്കിലും പല കരിയര്‍ വിദഗ്ധരുടെയും അഭിപ്രായത്തില്‍ ഹൈസ്‌കൂള്‍ പഠനം ആരംഭിക്കുന്ന എട്ടാം ക്ലാസില്‍ വച്ചു വേണം നാം കരിയറിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങാന്‍. ചെറിയ ക്ലാസുകളില്‍ വച്ച് തന്നെ കരിയറിനെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ലക്ഷ്യബോധമുണ്ടാക്കാന്‍ സഹായിക്കും.

ശരി. സമയവും മുഹൂര്‍ത്തവും ഒക്കെ കുറിച്ചു. 

ഇനി എങ്ങനെയാണ് കരിയറിനെ കുറിച്ച് ചിന്തിക്കേണ്ടത് എന്നറിയേണ്ടേ. കരിയര്‍ പ്ലാനിങ്ങിന് ചില ഘട്ടങ്ങളുണ്ട്. അതില്‍ ആദ്യത്തെ ഘട്ടം അവനവനെ കുറിച്ചുള്ള സ്വയം വിലയിരുത്തലാണ്.

8-10 കൊല്ലം നീണ്ട സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും അക്കാദമികേതര താത്പര്യങ്ങളുടെയുമെല്ലാം വെളിച്ചത്തില്‍ സ്വന്തം ശക്തി-ദൗര്‍ബല്യങ്ങളും കഴിവുകളും വിലയിരുത്തി നോക്കുക. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ശരിക്കും ഇഷ്ടത്തോടെ ചെയ്യുന്നത്? 

വ്യക്തിത്വത്തിലെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ഊര്‍ജ്ജം കണ്ടെത്തുന്ന ബഹിര്‍മുഖ വ്യക്തിയാണോ അതോ സ്വയം ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന അന്തര്‍മുഖനാണോ?

ഇത്തരം കാര്യങ്ങളെല്ലാം സത്യസന്ധമായി വിലയിരുത്തുക. ഇതിന് മാതാപിതാക്കളുടെയും നിങ്ങളുടെ അദ്ധ്യാപകരുടെയുമൊക്കെ സഹായം തേടാം. ഒരു കരിയര്‍ കൗണ്‍സിലറുമായി ബന്ധപ്പെടുന്നതിലും തെറ്റില്ല. കരിയര്‍ അഭിരുചികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളും ലഭ്യമാണ്. (സിജി നടത്തുന്ന CDAT, കരിയര്‍ കീ, മൈ നെക്സ്റ്റ് മൂവ്, മയേഴ്‌സ് ബ്രിഗ്‌സ് ഫൗണ്ടേഷന്‍, കരിയര്‍ പ്ലാനര്‍, എംഎപിപി കരിയര്‍ അസസ്‌മെന്റ്, കേരള ഹയർ സെക്കൻ്ററി KDAT, മൈസ്കിൽ ഓഡിറ്റ്  തുടങ്ങിയവ)

കഴിവുകളുടെയും താത്പര്യങ്ങളുടെയുമൊക്കെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ചേരുന്ന ഒരു കരിയര്‍ പട്ടിക തയ്യാറാക്കുകയാണ് അടുത്ത പടി. ജിയോഗ്രഫി പഠിച്ച ഒരാള്‍ക്ക് കാര്‍ട്ടോഗ്രാഫറോ, സര്‍വേയറോ, പരിസ്ഥിതി കണ്‍സല്‍ട്ടന്റോ, ടൗണ്‍ പ്ലാനറോ, ഗവേഷകനോ, അധ്യാപകനോ ഒക്കെയാകാം. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്‌സ്, ഡേറ്റാ അനാലിസിസ്, ഇന്‍വസ്റ്റ്‌മെന്റ് അനാലിസിസ്, ഓപ്പറേഷന്‍ റിസേര്‍ച്ച് അനാലിസിസ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് എന്നിങ്ങനെ അസംഖ്യം സാധ്യതകളിലേക്കാണ് ഗണിതശാസ്ത്രം വാതില്‍ തുറക്കുന്നത്. ഇങ്ങനെ ഏത് വിഷയം എടുത്താലും തൊഴില്‍ സാധ്യതകള്‍ നിരവധിയാണ്.

ഇതില്‍ നമ്മുടെ താത്പര്യത്തിനിണങ്ങുന്ന ഒന്നിലധികം മേഖലകള്‍ കണ്ടെത്തണം. അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ എവിടെ ലഭ്യമാകു, അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരം, ഫീസ്, പ്രവേശനരീതി എന്നിവയെ കുറിച്ചെല്ലം ഗവേഷണം നടത്തുകയാണ് അടുത്ത പടി.

ഈ ഘട്ടത്തില്‍ നിങ്ങള്‍ കണ്ടെത്തുന്ന മേഖല അല്‍പം കൂടി വളരുമ്പോള്‍ മാറിയെന്നിരിക്കാം. അഭിരുചികളിലും ഈ പ്രായത്തില്‍ മാറ്റം പ്രതീക്ഷിക്കാം. അതു കൊണ്ടാണ് ഇഷ്ടമുള്ള ഒന്നിലധികം മേഖലകള്‍ ചുരുക്കപ്പട്ടികയില്‍ പെടുത്തി ഗവേഷണം നടത്തണം എന്ന് പറയുന്നത്.

കണ്ടെത്തിയ കരിയര്‍ മേഖലയ്ക്ക് അനുഗുണമായ ശേഷികള്‍ വികസിപ്പിക്കുകയാണ് അടുത്ത പടി. പത്രപ്രവര്‍ത്തന മേഖലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന കുട്ടി സ്‌കൂള്‍കാലഘട്ടത്തില്‍ കുറഞ്ഞത് വീട്ടില്‍ വരുന്ന പത്രമെങ്കിലും മുടങ്ങാതെ വായിക്കണമല്ലോ. തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിച്ച് തുടങ്ങാനുള്ള സമയവും ഇതാണ്. ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ അറിയാവുന്ന നിങ്ങളുടെ അധ്യാപകരുമായി ഇതിനെ പറ്റി ചര്‍ച്ച നടത്താം.

ഈ ജോലി ചെയ്യുന്ന വ്യക്തികളെ പരിചയമുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ ശ്രമിക്കണം. കരിയര്‍ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യുന്നതിന് അവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായിക്കും. ബന്ധപ്പെട്ട മേഖലയില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങളുണ്ടെങ്കില്‍ അതിനായി ശ്രമിക്കുന്നതും നന്നായിരിക്കും. ഒരു പ്രത്യേക ജോലിയുടെ സ്വഭാവത്തെ പറ്റി ഉള്‍ക്കാഴ്ച ലഭിക്കുന്നതിന് ഇവ സഹായിക്കും.

ഇത്തരത്തില്‍ ആസൂത്രണത്തോടെ മുന്നോട്ട് പോകാന്‍ കഴിയണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സ്വപ്ന കരിയര്‍ കൈയ്യെത്തി പിടിക്കുന്നതിനുള്ള കര്‍മ്മ

പദ്ധതി പത്താം ക്ലാസ് ഒക്കെ ആകുമ്പോഴേക്കും തയ്യാറായിരിക്കും.

ഇത്തരത്തില്‍ ഹൈസ്‌കൂള്‍ കാലഘട്ടം മുതലേ കരിയര്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍തൂക്കം ലഭിക്കും. മറ്റുള്ളവര്‍ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞ് വരുമ്പോഴേക്കും വിലപ്പെട്ട സമയം നഷ്ടപ്പെട്ടിട്ടുണ്ടാകാം.

ഇനി ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ ഇതിനെ കുറിച്ച് ആലോചിക്കാന്‍ പറ്റിയില്ലല്ലോ എന്ന് കരുതി നിരാശപ്പെടേണ്ട. അല്‍പം വൈകി ചിന്തിക്കാന്‍ തുടങ്ങിയാലും കഠിനാധ്വാനം കൊണ്ട് നിങ്ങള്‍ക്ക് വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കും. ചെറുപ്പത്തില്‍ പഠനത്തിലൊക്കെ ഉഴപ്പി നടന്നിട്ടും പില്‍ക്കാലത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളുടെ ഉദാഹരണങ്ങള്‍ നിരവധി നമുക്ക് മുന്നിലുണ്ട്. എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുക. 

അത് കൈവരിക്കാനുള്ള പ്രായോഗിക നടപടികള്‍ ചിന്തിക്കുക. 

വിജയം നിങ്ങളുടേത് ആയിരിക്കും.


വിവരങ്ങൾ നൽകുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്

പത്ത് ജയിച്ചാലും തോറ്റാലും


പത്താം ക്ലാസും ഗുസ്തിയും

വിദ്യാഭ്യാസ യോഗ്യത അല്‍പം കുറഞ്ഞവരെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ പഴകിപ്പതിഞ്ഞ ഒരു പ്രയോഗമാണിത്. 

ഓ, ഓനൊക്കെ വെറും പത്താം ക്ലാസും ഗുസ്തിയുമല്ലേ എന്ന പുച്ഛസ്വരത്തിലെ പറച്ചില്‍ നാമെത്രയോ കേട്ടിട്ടുണ്ട്. വെറും പത്താം ക്ലാസും ഗുസ്തിയുമായി തുടങ്ങി ഞാന്‍ ഉണ്ടാക്കിയതാണ് ഇക്കണ്ട സ്വത്തുക്കളൊക്കെ എന്ന് തെല്ലൊരു അഭിമാനത്തോടെ പറയുന്ന കഥാപാത്രങ്ങളെയും നാം കണ്ടിട്ടുണ്ടാകാം. അത്യാവശ്യത്തിന് വിദ്യാഭ്യാസവും എന്തും ചെയ്യാനുള്ള കൈക്കരുത്തുമായി ലോകത്തെ നേരിടാന്‍ ഇറങ്ങിതിരിച്ചവരെ പൊതുവായി പറയാന്‍ പണ്ടാരോ കണ്ടു പിടിച്ച ഉശിരന്‍ പ്രയോഗം എന്ന് കരുതിയാല്‍ മതി.

പത്താം ക്ലാസ് കഴിഞ്ഞാലും തരക്കേടില്ലാത്ത ജോലി കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രയോഗം. എന്നാല്‍ ഇന്നിപ്പോള്‍ പത്താം ക്ലാസിലെത്തുമ്പോഴാണ് നാമെല്ലാവരും നമ്മുടെ കരിയറുമായിട്ടുള്ള ഗുസ്തി പിടുത്തം ആരംഭിക്കുന്നത്. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ ആദ്യമായി നാം ഒരു സുപ്രധാന തിരഞ്ഞെടുപ്പ് നടത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യം വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ഒരു പോലെ വേട്ടയാടുന്ന ഒന്നാണ്.

പ്രീഡിഗ്രി പോയി പ്ലസ്ടു വന്ന് സ്‌കൂള്‍ ജീവിതം രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചതില്‍ പിന്നെ പത്താം ക്ലാസിന്റെ പകിട്ട് അല്‍പം കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. എന്നിരുന്നാലും ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്ന നിലയില്‍ പത്താം ക്ലാസ് പ്രധാനമാണ്.

സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ പ്രധാനമായും മൂന്ന് ഓപ്ഷനുകളാണ് പത്താം ക്ലാസ് കഴിഞ്ഞുള്ള ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി നമ്മുടെ മുന്നിലുള്ളത്. ഇതില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നതും അഡ്മിഷന് വലിയ ഡിമാന്‍ഡ് ഉള്ളതുമാണ് സയന്‍സ് ഗ്രൂപ്പ്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്ന് നാലെണ്ണവും ഇംഗ്ലീഷും മറ്റൊരു ഭാഷ ഇലക്ടീവുമാണ് സയന്‍സ് ഗ്രൂപ്പിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. ഒന്‍പതോളം സബ്ജക്ട് കോമ്പിനേഷനുകളാണ് കേരള സിലിബസിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ഉള്ളത്. എല്ലാ സ്‌കൂളുകളിലും എല്ലാം കോമ്പിനേഷനുകളും ലഭ്യമായെന്ന് വരില്ല.

മെഡിസിന്‍, എന്‍ജിനീയറിങ്ങ്, നഴ്‌സിങ്ങ്, ബിഫാം, വെറ്റിനറി സയന്‍സ്, ബയോടെക്‌നോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോളിടെക്‌നിക്കിലെ എന്‍ജിനീയറിങ്ങ് ഡിപ്ലോമ എന്നിങ്ങനെ സയന്‍സ് ഗ്രൂപ്പ് എടുത്തവര്‍ക്ക് മുന്നിലെ ഓപ്ഷനുകള്‍ നിരവധിയാണ്. ജേണലിസവും, സോഷ്യോളജിയും, എക്കണോമിക്‌സും അടക്കമുള്ള ആര്‍ട്‌സ് വിഷയങ്ങള്‍ ബിരുദതലത്തില്‍ പഠിക്കാനും സയന്‍സ് ഗ്രൂപ്പ് തടസ്സമല്ല.

കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം രണ്ട് ഭാഷകളും പഠിക്കേണ്ടി വരും. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടിങ്ങ്, കമ്പനി സെക്രട്ടറി, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍, സെക്രട്ടറിയല്‍ കോഴ്‌സുകള്‍, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഐടി, മാനേജ്‌മെന്റ്, ഫിനാന്‍സ് എന്നിങ്ങനെ കൊമേഴ്‌സുകാര്‍ക്ക് മുന്നിലും സാധ്യതകള്‍ നിരവധിയാണ്.

ഏറ്റവും അധികം ഓപ്ഷനുകളുള്ളതെന്നും എന്നാല്‍ പൊതുവേ കുറച്ച് കാലം മുന്‍പ് വരെ ഡിമാന്‍ഡ് കുറവുള്ളതുമായ ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ്. എന്നാല്‍ മാറിവരുന്ന തൊഴില്‍സാഹചര്യങ്ങള്‍ ഹ്യുമാനിറ്റീസ് അനുബന്ധ കോഴ്‌സുകള്‍ക്ക് കൂടുതല്‍ പ്രിയമുണ്ടാക്കിയിട്ടുണ്ട്. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്‌സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.

ഹിസ്റ്ററി, സോഷ്യോളജി, ജിയോഗ്രഫി തുടങ്ങിയ വിഷയങ്ങളൊക്കെ ഇലക്ടീവുകളായതിനാല്‍ പലപ്പോഴും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ചേരാറുണ്ട്. വിഷയങ്ങളുടെ ബാഹുല്യം ഉപരിപഠന സാധ്യതയും കൂട്ടുന്നു.

ഇനി പെട്ടെന്ന് ജോലി വേണമെന്നുള്ളവര്‍ക്ക് ഐടിഐ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ കോഴ്‌സുകളിലും ചേരാം. എന്ത് പഠിച്ചാലും തൊഴില്‍ സാധ്യതകളുണ്ട്. പക്ഷേ, എവിടെ, എങ്ങനെ പഠിക്കുന്നു എന്നതും പഠിക്കുന്ന വിഷയത്തോടുള്ള ആഭിമുഖ്യവും പ്രധാനമാണ്.

ഇനി ഇത്രയും പ്രധാനപ്പെട്ട വഴിത്തിരിവായ പത്താം ക്ലാസ് പരീക്ഷ തോറ്റ് പോയെന്ന് വിചാരിക്കുക.

 ഇത് ലോകാവസാനമൊന്നുമല്ല എന്നതും മനസ്സിലാക്കുക. പത്താം ക്ലാസില്‍ പരാജയപ്പെട്ടവരും കഷ്ടിച്ച് കടന്ന് കൂടിയവരുമൊക്കെ പിന്നീട് ജീവിതത്തില്‍ വിജയിച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്. നല്ല സ്‌കൂളുകളില്‍ പ്ലസ് ടുവിന് അഡ്മിഷന്‍ കിട്ടാന്‍ പത്താം ക്ലാസിലെ മാര്‍ക്ക് അനിവാര്യമാണെങ്കിലും ബിരുദതലത്തില്‍ നിങ്ങള്‍ തുടങ്ങാന്‍ പോകുന്ന കരിയര്‍ അനുബന്ധ കോഴ്‌സിന് പത്തിലെ മാര്‍ക്ക് എവിടെയും മാനദണ്ഡമാകാറില്ല. 

അതു കൊണ്ട് പത്താം ക്ലാസില്‍ അല്‍പം മാര്‍ക്ക് കുറഞ്ഞു എന്ന് വച്ച് പേടിക്കണ്ട. എല്ലാം ശരിയാക്കാന്‍ ഇനിയും കടമ്പകള്‍ ജീവിതത്തിന് മുന്നില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്.


വിവരങ്ങൾ പകരുന്നത്

മുജീബുല്ല KM

സിജി കരിയർ ഗൈഡ്