Showing posts with label dawath. Show all posts
Showing posts with label dawath. Show all posts

Thursday, January 29, 2015

വഴിമുടക്കുന്ന അഹങ്കാരം

ego9999-1
ചിലയാളുകളുടെ മനസ്സ് സന്‍മാര്‍ഗം കൊതിക്കും, എന്നാല്‍ ദീനിന്റെ അധ്യാപനങ്ങള്‍ പിന്തുടരുന്നതില്‍ നിന്നും അഹങ്കാരം അവരെ തടയും. വസ്ത്രം ഞെരിയാണിക്ക് മുകളില്‍ നിര്‍ത്തുന്നതിനും താടി നീട്ടുന്നതിനും ബഹുദൈവ വിശ്വാസികളോട് വിയോജിക്കുന്നതിനും അഹങ്കാരം അവരെ അനുവദിക്കുന്നില്ല. ചില സ്ത്രീകളും ഇത്തരത്തിലുണ്ട്. സൗന്ദര്യവും അത് പ്രകടിപ്പിക്കാനുള്ള താല്‍പര്യവും ഹിജാബ് ധരിക്കുന്നതില്‍ നിന്നും അവരെ അശ്രദ്ധരാക്കുന്നു. പുരികം പ്ലക്ക് ചെയ്തും ഇറുകിയ വസ്ത്രം ധരിച്ചും രക്ഷിതാവിനെയവള്‍ ധിക്കരിക്കുന്നു. ആരെങ്കിലും ഉപദേശിച്ചാല്‍ അഹങ്കാരത്താല്‍ ധിക്കരിക്കുകയും ചെയ്യുന്നു. അണുമണി തൂക്കം അഹങ്കാരം ഉള്ളിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണല്ലോ.. അപ്പോള്‍ അഹങ്കാരം ഒരാളെ സന്‍മാര്‍ഗത്തില്‍ നിന്ന് തടയുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ!

ഗസ്സാന്‍ രാജാക്കന്‍മാരില്‍ ഒരാളായിരുന്നു ജബലഃ ബിന്‍ അല്‍-അയ്ഹം. അദ്ദേഹത്തിന്റെ ഉള്ളില്‍ വിശ്വാസത്തിന് (ഈമാന്‍) ഇടം ലഭിച്ചു. ഇസ്‌ലാം സ്വീകരിച്ച് ഖലീഫയായിരുന്ന ഉമര്‍(റ)ന് കത്തയച്ചു. ഖലീഫയുടെ അടുത്തേക്ക് വരാനുള്ള അനുമതി തേടിയായിരുന്നു കത്ത്. ഉമര്‍(റ) മുസ്‌ലിംകളും വളരെയധികം സന്തോഷിച്ചു.

നിങ്ങളും നാമും തമ്മിലെന്ത് വ്യത്യാസം നിങ്ങള്‍ക്ക് സ്വാഗതം എന്ന് ഉമര്‍(റ) മറുപടിയും നല്‍കി. അഞ്ഞൂറ് കുതിരപ്പടയാളികളോടൊപ്പം ജബലഃ പുറപ്പെട്ടു. മദീനക്കടുത്തെത്താറായപ്പോള്‍ സ്വര്‍ണത്താല്‍ നെയ്ത വസ്ത്രം ധരിച്ചു, രത്‌നങ്ങളാല്‍ അലങ്കരിച്ച തലപ്പാവും എടുത്തണിഞ്ഞു. കൂടെയുണ്ടായിരുന്ന സൈനികരെയും ആഢംബര വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ശേഷം ആരും കണ്ടാല്‍ ഒന്നു നോക്കി പോകുന്ന തരത്തില്‍ അവര്‍ മദീനയില്‍ പ്രവേശിച്ചു. ഉമര്‍(റ) അദ്ദേഹത്തെ സ്വാഗതം ചെയ്ത് അടുത്തിരുത്തി. പിന്നീട് ഹജ്ജിന്റെ കാലമായപ്പോള്‍ ഉമര്‍(റ) ഹജ്ജിന് പുറപ്പെട്ടു. ഒപ്പം ജബലഃയും. ജബലഃ ത്വവാഫ് ചെയ്തു കൊണ്ടിരിക്കെ ബനൂ ഫസാറ ഗോത്രക്കാരനായ ഒരു പാവം അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ ചവിട്ടി. കോപത്തോടെ തിരിഞ്ഞു നോക്കിയ ജബലഃ അയാളെ അടിക്കുകയും മൂക്കിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പാവപ്പെട്ട ആ സാധാരണക്കാരനും ദേഷ്യം വന്നു. ആവലാതിയുമായി അയാള്‍ ഉമര്‍(റ) അടുക്കലെത്തി. ഖലീഫ ജലബയെ വിളിച്ചു വരുത്തി ചോദിച്ചു: ത്വവാഫിനിടയില്‍ സഹോദരന്റെ മുഖത്തടിച്ച് മൂക്കിന് പരിക്കേല്‍പ്പിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?
അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും ജബലഃ പറഞ്ഞു: അവന്‍ എന്റെ വസ്ത്രത്തില്‍ ചവിട്ടി. പവിത്രമായ ഭവനത്തിലായതു കൊണ്ട് ഞാനവന്റെ തലവെട്ടിയില്ല.
ഖലീഫ ഉമര്‍ പറഞ്ഞു: താങ്കള്‍ കുറ്റം സമ്മതിച്ചിരിക്കുന്നു.. തീര്‍ച്ചയായും ഞാന്‍ പ്രതികാരം ചെയ്യും.. അവനെ കൊണ്ട് താങ്കളുടെ മുഖത്ത് അടിപ്പിക്കും.
ജബലഃ പറഞ്ഞു: സാധാരണക്കാരന്‍ രാജാവായ എന്നോട് പ്രതികാരം ചെയ്യുകയോ!
ഉമര്‍ പറഞ്ഞു: അല്ലയോ ജബലാ, ഇസ്‌ലാം നിന്നെയും അവനെയും തുല്യരായിട്ടാണ് കാണുന്നത്. ദൈവഭക്തിയില്‍ കവിഞ്ഞ മറ്റൊരു ശ്രേഷ്ഠയും ഇവിടെയില്ല.
എന്നാല്‍ ഞാന്‍ ക്രിസ്ത്യാനിയാവുകയാണെന്ന് പറഞ്ഞ് ജബലയും കൂട്ടരും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പോയി. ക്രിസ്ത്യാനിയായി അവിടെ കാലം കഴിച്ചു. എല്ലാ ആനന്ദവും നഷ്ടപ്പെട്ട് ദുഖങ്ങള്‍ മാത്രം അവശേഷിച്ചു... ഇസ്‌ലാമിലെ നാളുകളും നമസ്‌കാരവും നോമ്പും നല്‍കിയ ആനന്ദവും അദ്ദേഹം ഓര്‍ത്തു. ദീനുപേക്ഷിച്ച് ലോകരക്ഷിതാവിന് പങ്കാളികളെ വെച്ചതില്‍ അദ്ദേഹം ഖേദിക്കുകയും ചെയ്തു.

'മുഖത്തടിയുടെ നാണക്കേട് കൊണ്ട് മാന്യമാര്‍ ക്രിസ്ത്യാനികളായി, അതില്‍ ക്ഷമിച്ചിരുന്നെങ്കില്‍ യാതൊരു ദോഷവുമില്ലായിരുന്നു. കോങ്കണ്ണുള്ള കണ്ണിന് പകരം നല്ല കണ്ണുകളെ ഞാന്‍ വിറ്റു. എന്റെ മാതാവ് എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍, ഉമര്‍ പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍....' എന്നാശയമുള്ള വരികള്‍ പാടി ജബല കരയാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
അങ്ങനെ ക്രിസ്ത്യാനിയായി തന്നെ അദ്ദേഹം മരിച്ചു. അതെ, അല്ലാഹുവിന്റെ നിയമം നിന്ദ്യതയായി കണ്ട് അഹങ്കാരത്തോടെ അതിനെ സമീപിച്ച ജബലഃ നിഷേധിയായി മരിച്ചു.

by:Mohammed Al Arefi
മൊഴിമാറ്റം: നസീഫ്

അന്ധന്‍ വഴി കാണിക്കുന്നു

എന്റെ പ്രിയതമ ആദ്യമകന് ജന്മം നല്‍കുമ്പോള്‍ എനിക്ക് മുപ്പത് വയസ്സ് തികഞ്ഞിട്ടില്ല. ആ രാത്രികള്‍ ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്. പാതിരാവോളം ഏതെങ്കിലും ക്ലബ്ബുകളില്‍ കൂട്ടുകാരോടൊപ്പം... വെറും വര്‍ത്തമാനങ്ങള്‍ക്ക് പുറമെ ആളുകളെ കുറ്റം പറയലും അവരെ കുറിച്ച അനാവശ്യ വിലയിരുത്തലുകളും... അവരെയെല്ലാം ചിരിപ്പിക്കുക എന്ന പണി മിക്കപ്പോഴും ഞാനായിരുന്നു ഏറ്റെടുത്തിരുന്നത്. ഞാന്‍ ആളുകളുടെ കുറ്റങ്ങള്‍ പറയും, അത് കേട്ട് അവര്‍ ചിരിക്കും. ഇങ്ങനെ വളരെയേറെ ഞാന്‍ ചിരിപ്പിച്ചിട്ടുണ്ട്. അനുകരിക്കുന്നതില്‍ എനിക്ക് സവിശേഷമായ ഒരു കഴിവ് തന്നെയുണ്ടായിരുന്നു. ഒരാളെ പരിഹസിക്കാന്‍ അയാളുടേതിന് സമാനമായ ശബ്ദം തന്നെ സ്വീകരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഇങ്ങനെ പലരെയും ഞാന്‍ പരിഹസിച്ചു. എന്റെ കൂട്ടുകാര്‍ പോലും എന്നില്‍ നിന്ന് രക്ഷപ്പെട്ടിരുന്നില്ല. ചിലരെല്ലാം എന്റെ നാവില്‍ നിന്ന് രക്ഷപെടാന്‍ എന്നോട് അകലം പാലിക്കുക വരെ ചെയ്തു.

അങ്ങാടിയില്‍ ഭിക്ഷ യാചിച്ചു നടക്കുന്ന ഒരു അന്ധനെയായിരുന്നു ആ രാത്രിയില്‍ ഞാന്‍ പരിഹസിച്ചത്. അതിലേറെ കഷ്ടം ഞാന്‍ കാല്‍വെച്ച് അയാളെ വീഴ്ത്തിയെന്നതാണ്. എന്റെ കാല്‍തട്ടി വീണ് എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും അയാള്‍ തലതിരിച്ചപ്പോള്‍ അങ്ങാടിയില്‍ അലയടിച്ചത് എന്റെ ചിരിയായിരുന്നു. പതിവുപോലെ അന്നും ഞാന്‍ വൈകി വീട്ടിലെത്തി. എന്നെ കാത്തിരിക്കുന്ന ഭാര്യയെയാണ് ഞാന്‍ കണ്ടത്. അവള്‍ ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. വിറയാര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു: റാശിദ് എവിടെയായിരുന്നു നീ?
പരിഹാസത്തോടെ ഞാന്‍ പറഞ്ഞു: ചൊവ്വയിലായിരുന്നു... കൂട്ടുകാരോടൊപ്പം.
ക്ഷീണം അവളില്‍ പ്രകടമായിരുന്നു. സൂചി കുത്തുന്ന വേദനയോടെ അവള്‍ പറഞ്ഞു: റാശിദ്, എനിക്ക് നല്ല ക്ഷീണമുണ്ട്... എന്റെ പ്രസവ സമയം അടുത്തിരിക്കുന്നു... കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ അവളെ മൗനിയാക്കി.
ഞാന്‍ വല്ലാതെ അവളെ അവഗണിച്ചിരിക്കുന്നുവെന്ന് എനിക്കും തോന്നി. ഞാന്‍ കുറച്ചു കൂടി പരിഗണന അവള്‍ക്ക് നല്‍കി രാത്രിയിലെ കൂട്ടുകെട്ടൊന്ന് കുറക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും അവള്‍ക്ക് ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുന്ന ഈ അവസ്ഥയില്‍.

ഞാന്‍ വേഗം അവളെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. അവളെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ അവള്‍ വേദന അനുഭവിച്ചു. പ്രസവത്തിനായി അക്ഷമനായി കാത്തിരിക്കുകയാണ് ഞാന്‍. കാത്തിരുന്ന് കാത്തിരുന്ന് ഞാന്‍ മടുത്തു. സന്തോഷവാര്‍ത്തയറിയിക്കാന്‍ എന്റെ മൊബൈല്‍ നമ്പറും നല്‍കി ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഒരു മണിക്കൂറിന് ശേഷം സാലിമിന്റെ വരവിനെ കുറിച്ച് അറിയിക്കാനായി അവര്‍ എന്നെ വിളിച്ചു.

ഞാന്‍ വേഗം ആശുപത്രിയിലേക്ക് തിരിച്ചു. അവര്‍ കിടക്കുന്ന റൂം ഏതെന്ന് അന്വേഷിച്ചപ്പോള്‍ ഭാര്യയുടെ പ്രസവത്തിന് മേല്‍നോട്ടം വഹിച്ച ഡോക്ടറെ ഒന്നു കാണാനാണ് എന്നോടവര്‍ പറഞ്ഞത്. ഏത് ഡോക്ടര്‍, എനിക്ക് എന്റെ മകനെയാണ് കാണേണ്ടത് എന്നു പറഞ്ഞ് ഞാന്‍ അവരോട് കുരച്ചു ചാടി. അവര്‍ ശാന്തരായി വീണ്ടും ഡോക്ടറെ ഒന്നു കണ്ടുവരാന്‍ എന്നോട് പറഞ്ഞു.

ഞാന്‍ ഡോക്‌റുടെ അടുത്ത് ചെന്നു. പ്രയാസങ്ങളെയും ദൈവ വിധിയില്‍ തൃപ്തിപ്പെടേണ്ടതിനെ കുറിച്ചെല്ലാം പറഞ്ഞ ശേഷം അവര്‍ എന്നോട് പറഞ്ഞു: നിങ്ങളുടെ മകന്റെ കണ്ണുകള്‍ക്കെന്തോ വൈകല്യമുണ്ട്, അവന് കാഴ്ച്ചയുണ്ടാകുമെന്ന് തോന്നുന്നില്ല!! 
ഞാന്‍ തലകുനിച്ചു.. കണ്ണുനീരിനെ തടഞ്ഞുവെച്ചു... ആളുകള്‍ക്കിടയില്‍ വെച്ച് ഞാന്‍ പരിഹസിച്ച ആ അന്ധനായ ആ ഭിക്ഷക്കാരന്‍ എന്റെ മനസ്സിലേക്ക് ഓടിക്കയറി...

സുബ്ഹാനല്ലാഹ്.. ഞാന്‍ ചെയ്തതിന് എനിക്ക് തിരിച്ചു കിട്ടുന്നല്ലോ! കുറച്ച് സമയം ഞാന്‍ വളരെയധികം ദുഖിച്ചു.. എന്തുപറയണമെന്ന് എനിക്കറിയില്ല... പിന്നെയാണ് ഞാന്‍ ഭാര്യയെയും കുട്ടിയെയും ഓര്‍ത്തത്.. ഡോക്ടറുടെ അനുകമ്പക്ക് നന്ദി പറഞ്ഞ് ഭാര്യയുടെ അടുത്തേക്ക് നടന്നു.

അല്ലാഹുവിന്റെ വിധിയില്‍ വിശ്വസിക്കുന്ന ഭാര്യക്ക് ദുഖമുണ്ടായിരുന്നില്ല.. അല്ലാഹുവിന്റെ വിധിയെ തൃപ്തിയോടെ അവള്‍ സ്വീകരിച്ചിരിക്കുന്നു. ആളുകളെ പരിഹസിക്കുന്നത് നിര്‍ത്തണമെന്ന് എപ്പോഴും എന്നെ അവള്‍ ഉപദേശിക്കാറുണ്ടായിരുന്നു. അവരുടെ കുറ്റവും കുറവും പറയരുതെന്ന് അവള്‍ നിരന്തരം ആവര്‍ത്തിച്ചിരുന്നു.
ഞങ്ങള്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി. ഞങ്ങളുടെ മകന്‍ സാലിമും ഒപ്പമുണ്ട്. സത്യത്തില്‍ ഞാന്‍ അവനെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. വീട്ടില്‍ അവന്‍ ഉള്ളതും ഇല്ലാത്തതും എനിക്ക് സമമായിരുന്നു. അവന്‍ വല്ലാതെ കരയുമ്പോള്‍ ഞാന്‍ സ്വീകരണ മുറിയില്‍ പോയി ഉറങ്ങും. എന്റെ ഭാര്യ അവനെ വളരെയധികം സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. സാലിം വലുതായി. അവന്‍ ഇഴയാന്‍ തുടങ്ങി... അവന്‍ ഇഴയുന്നത് തികച്ചും വ്യത്യസ്തമായ തരത്തിലായിരുന്നു. ഒരു വയസ്സാകാറായപ്പോള്‍ നടക്കാന്‍ തുടങ്ങി. അവന്‍ ഒരു മുടന്തന്‍ കൂടിയാണെന്ന് അന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെന്റെ മനസ്സിന്റെ ഭാരം ഇരട്ടിപ്പിച്ചു. അവന് ശേഷം ഉമറിനും ഖാലിദിനും അവള്‍ ജന്മം നല്‍കി.

വര്‍ഷങ്ങള്‍ പിന്നിട്ടു.. സാലിം വളര്‍ന്നു.. അവന്റെ സഹോദരങ്ങളും. വീട്ടിലില്‍ സമയം ചെലവഴിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല.. എപ്പോഴും കൂട്ടുകാരോടൊപ്പമായിരുന്നു ഞാന്‍. ശരിക്കും പറഞ്ഞാല്‍ അവരുടെ കയ്യിലെ ഒരു കളിപ്പാട്ടമായിരുന്നു ഞാനെന്ന് പറയാം. ഞാന്‍ നന്നാവാത്തതില്‍ ഭാര്യക്ക് ഒട്ടും നിരാശയുണ്ടായിരുന്നില്ല. എന്റെ സന്‍മാര്‍ഗത്തിനായി എപ്പോഴും അവള്‍ പ്രാര്‍ഥിച്ചു. എന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ അവള്‍ കോപിച്ചില്ല. എന്നാല്‍ മറ്റു രണ്ട് മക്കള്‍ക്കും നല്‍കുന്ന പരിഗണന സാലിമിന് നല്‍കാത്തത് അവളെ വളരെയധികം വേദനിപ്പിച്ചിരുന്നു. സാലിം വളര്‍ന്നു... ഒപ്പം എന്റെ ദുഖവും. അവനെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിന് എതിരു നിന്നില്ല. വര്‍ഷങ്ങള്‍ കടന്നു പോയത് ഞാനറിഞ്ഞില്ല. എല്ലാ ദിവസങ്ങളും എനിക്ക് ഒരുപോലെയായിരുന്നു... ജോലി, ഉറക്കം, ആഹാരം, കൂട്ടുകാരോടൊപ്പമുള്ള വെടിപറച്ചില്‍...

അന്നൊരു വെള്ളിയാഴ്ച്ച ദിവസം. ഉച്ചക്ക് പതിനൊന്ന് മണിക്കാണ് ഞാന്‍ എണീറ്റത്. എന്നെ സംബന്ധിച്ചടത്തോളം അത് നേരത്തെയായിരുന്നു. ഒരു കല്യാണത്തിന് പോകാനുണ്ടായിരുന്നു. വസ്ത്രം ധരിച്ച് സുഗന്ധം പൂശി പോകാനായി ഒരുങ്ങി ഞാന്‍ സ്വീകരണ മുറിയിലെത്തിയപ്പോള്‍ ആ രംഗം എന്നെ അവിടെ പിടിച്ചു നിര്‍ത്തി. സാലിം പൊട്ടിക്കരയുകയാണ്. ഇത്ര കാലത്തിനിടക്ക് ആദ്യമായിട്ടാണ് സാലിമിന്റെ കരച്ചില്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. പത്ത് വര്‍ഷം പിന്നിട്ടിരിക്കുന്നു.. അവനിലേക്ക് തരിഞ്ഞു നോക്കിയിട്ടില്ല. അവനെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. എനിക്കത് സാധിച്ചില്ല. ഞാന്‍ മുറിയിലുണ്ടായിട്ടും അവന്‍ ഉമ്മയെ വിളിക്കുന്നത് എന്റെ ചെവിയില്‍ തറച്ചു. ഞാന്‍ തിരിഞ്ഞ് അവന്റെ അടുത്ത് ചെന്നു ചോദിച്ചു: സാലിം! എന്തിനാണ് കരയുന്നത്? എന്റെ ശബ്ദം കേട്ട് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അവന്‍ കരച്ചില്‍ നിര്‍ത്തി. അവന്‍ കുഞ്ഞുകൈകള്‍ കൊണ്ട് ചുറ്റും പരതി നോക്കുന്നു.. ഞാനെന്താണ് കാണുന്നത്? എന്നില്‍ നിന്ന് അകന്ന് പോകാനാണ് അവന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. കഴിഞ്ഞ പത്തു വര്‍ഷം നീ എവിടെയായിരുന്നു എന്നവന്‍ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി. അവന്റെ പുറകെ ഞാനും മുറിയില്‍ കയറി.

കരച്ചിലിന്റെ കാരണം എന്നോട് പറയാന്‍ ആദ്യം അവന്‍ വിസമ്മതിച്ചു. അവനെ ലാളിക്കാനുള്ള ശ്രമങ്ങള്‍ പലതും ഞാന്‍ ചെയ്തു. അങ്ങനെ സാലിം തന്റെ കരച്ചിലിന്റെ കാരണം പറയാന്‍ തുടങ്ങി. ഞാന്‍ ശ്രദ്ധാപൂര്‍വം അവന്‍ പറയുന്നത് കേട്ടു. എന്തായിരുന്നു കാരണമെന്ന് നിങ്ങള്‍ക്കറിയുമോ! അവന്റെ സഹോദരന്‍ ഉമര്‍ എണീക്കാന്‍ വൈകിയിരിക്കുന്നു. സാധാരണ അവനാണ് സാലിമിനെ പള്ളിയില്‍ കൊണ്ടു പോകാറുള്ളത്. കാരണം അന്ന് വെള്ളിയാഴ്ച്ചയാണ്. തനിക്ക് ഒന്നാമത്തെ സ്വഫ്ഫില്‍ ഇടം കിട്ടുമോ എന്നതാണ് അവന്റെ ഭയം.

അവന്‍ ഉമറിനെ വിളിച്ചു, ഉമ്മയെ വിളിച്ചു അതിനൊന്നും ഒരു ഉത്തരവും കിട്ടാതിരുന്നപ്പോഴാണ് കരയാന്‍ തുടങ്ങിയത്. കാഴ്ച്ചയില്ലാത്ത ആ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര്‍ ഞാന്‍ നോക്കിയിരുന്നു. അവന്റെ ഇനിയുള്ള വാക്കുകള്‍ താങ്ങാനുള്ള ശേഷി എനിക്കില്ലായിരുന്നു. ഞാനവന്റെ വാ പൊത്തി കൊണ്ട് ചോദിച്ചു: ഇതിനായിരുന്നോ സാലിം നീ കരഞ്ഞിരുന്നത്? അവന്‍ പറഞ്ഞു: അതെ,
ഞാനെന്റെ കൂട്ടുകാരെ മറഞ്ഞു.. കല്യാണത്തിന് പോവാനുണ്ടെന്ന കാര്യവും. ഞാന്‍ അവനോട് പറഞ്ഞു: സാലിം, നീ വിഷമിക്കേണ്ട.. ഇന്ന് നിന്നെ ആരാണ് പള്ളിയില്‍ കൊണ്ടുപോവുകയെന്ന് നിനക്കറിയുമോ?
അവന്‍ പറഞ്ഞു: ഉമര്‍ തന്നെ.. എന്നാല്‍ അവന്‍ എപ്പോഴും വൈകും.
ഞാന്‍ പറഞ്ഞു: അല്ല.. ഇന്ന് ഞാനാണ് നിന്നെ കൊണ്ടു പോകുന്നത്.
അതുകേട്ട് സാലിം അന്ധാളിച്ചു.. അവനത് വിശ്വസിക്കാനായില്ല.. അവന്‍ വിചാരിച്ചു ഞാന്‍ അവനെ കളിയാക്കുകയാണെന്ന്. അവന്‍ വീണ്ടും കരയാന്‍ തുടങ്ങി. കണ്ണുനീരെല്ലാം തുടച്ച് ഞാന്‍ അവന്റെ കൈപിടിച്ചു. അവനുമായി കാറില്‍ പോകാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് വേണ്ടെന്ന് വെച്ച് അവന്‍ പറഞ്ഞു:  പള്ളി ഇവിടെ അടുത്താണല്ലോ.. എനിക്ക് നടന്ന് പോകണം.. അതാണ് അല്ലാഹുവിന് കൂടുതലിഷ്ടം.

അവസാനമായി ഞാനെന്നാണ് പള്ളിയില്‍ കയറിയതെന്ന് പോലും എനിക്ക് ഓര്‍മയില്ല. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി എന്റെ ഉള്ളില്‍ ഭയം തോന്നി... കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങളില്‍ ഖേദവും. പള്ളി ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. എന്നിരുന്നാലും സാലിമിന് ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ ഇടം കണ്ടെത്തി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ജുമുഅ ഖുതുബ കേട്ടു. എന്റെ അടുത്ത് ഇരുന്ന് അവന്‍ നമസ്‌കരിച്ചു.. അവന്റെ അടുത്തിരുന്ന് ഞാന്‍ നമസ്‌കരിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സാലിം എന്നോട് ഒരു മുസ്ഹഫ് ചോദിച്ചു. അന്ധനായ അവന്‍ എങ്ങനെ അത് വായിക്കുമെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അവന്റെ ആവശ്യം അവഗണിക്കാനിരിക്കുകയാണ് ഞാന്‍. എന്നാല്‍ അതവന്റെ മനസ്സിനെ പ്രയാസപ്പെടുത്തുമോ എന്ന് ഞാന്‍ ഭയന്നു. ഞാന്‍ അവന് മുസ്ഹഫ് എടുത്തു കൊടുത്തു. അതില്‍ സൂറത്തുല്‍ കഹ്ഫ് മറിച്ചു തരാന്‍ അവന് ആവശ്യപ്പെട്ടു. തിരിച്ചും മറിച്ചും പലതവണ പേജുകള്‍ മറിച്ച അവസാനം ഞാന്‍ സൂറത്തുല്‍ കഹ്ഫ് കണ്ടെത്തി. എന്നില്‍ നിന്നും മുസ്ഹഫ് വാങ്ങി മുന്നില്‍ വെച്ച് അവന്‍ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യാന്‍ തുടങ്ങി. അവന്റെ കണ്ണുകള്‍ അടഞ്ഞു കിടക്കുകയാണ്... യാ അല്ലാഹ്!! സൂറത്തുല്‍ കഹ്ഫ് മുഴുവനായും അവന്‍ മനപാഠമാക്കിയിരിക്കുന്നു. എനിക്ക് എന്നെ കുറിച്ച് ലജ്ജ തോന്നി.. മുസ്ഹഫ് ഞാന്‍ കയ്യിലെടുത്തു.. എന്റെ ഉള്ളിലൊരു വിറയല്‍ എനിക്കനുഭവപ്പെട്ടു. ഞാന്‍ പിന്നെയും പിന്നെയും അത് വായിച്ചു.

എനിക്ക് പൊറുത്തുകിട്ടാനും സന്‍മാര്‍ഗം ലഭിക്കാനുമായി അല്ലാഹുവോട് ഞാന്‍ തേടി. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല... കുട്ടികളെ പോലെ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അപ്പോഴും സുന്നത്ത് നമസ്‌കരിച്ചു കൊണ്ട് ചില ആളുകള്‍ പള്ളിയിലുണ്ട്. അവര്‍ കാണുന്നതില്‍ എനിക്ക ലജ്ജ തോന്നി. കരച്ചിലടക്കാന്‍ ഞാന്‍ ശ്രമിച്ചു. കരച്ചില്‍ ഏങ്ങലിലേക്ക് വഴിമാറി. എന്റെ മുഖം തടവുന്ന കൈകളല്ലാത്ത മറ്റൊന്നും ഞാന്‍ അറിയുന്നില്ല. അവ എന്റെ കണ്ണുനീര്‍ തുടച്ചു. സാലിമിന്റെ കുഞ്ഞുകൈകളായിരുന്നു അത്. ഞാനവനെ നെഞ്ചോട് ചേര്‍ത്തു.. അവനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു: 'നീയല്ല അന്ധന്‍.. നരകത്തിലേക്ക് നയിക്കുന്ന അധര്‍മികളോടൊപ്പം കൂടിയ ഞാനാണ് ശരിക്കും അന്ധന്‍.'
ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. സാലിമിന്റെ കാര്യത്തില്‍ അസ്വസ്ഥപ്പെട്ടിരിക്കുകയാണ് എന്റെ ഭാര്യ. ഞാനും സാലിമിനോടൊപ്പം നസ്‌കരിച്ചു എന്നറിഞ്ഞപ്പോള്‍ അവളുടെ ഉത്കണ്ഠ കണ്ണുനീരിന് വഴിമാറി. അതിന് ശേഷം പള്ളിയില്‍ വെച്ചുള്ള ഒറ്റ ജമാഅത്ത് നമസ്‌കാരവും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല.

ചീത്ത കൂട്ടുകെട്ട് ഞാന്‍ ഉപേക്ഷിച്ചു. പള്ളിയില്‍ വെച്ച് പരിചയപ്പെട്ട നല്ല ആളുകളായി എന്റെ പുതിയ കൂട്ടുകാര്‍. അവരോടൊപ്പം ഞാന്‍ ഈമാനിന്റെ മധുരം നുകര്‍ന്നു. ഈ ലോകത്ത് എന്നെ അലട്ടിയിരുന്ന പലതിനും ഉത്തരം ഞാന്‍ അവരില്‍ നിന്ന് കണ്ടെത്തി. അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകളോ വിത്‌റ് നമസ്‌കാരമോ അതിന് ശേഷം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. മാസത്തില്‍ ഒന്നിലേറെ ആവര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്തു. എന്റെ നാവിനെ ദിക്‌റ് കൊണ്ട് ഞാന്‍ സജീവമാക്കി. എന്റെ പരദൂഷണവും പരിഹാസവും അല്ലാഹു അതിലൂടെ അല്ലാഹു പൊറുത്തേക്കാം. ഞാന്‍ കുടുംബത്തോട് കൂടുതല്‍ അടുത്തായി എനിക്ക് തന്നെ അനുഭവപ്പെട്ടു. ഭാര്യയുടെ കണ്ണുകളില്‍ എപ്പോഴുമുണ്ടായിരുന്ന ഭയവും സഹതാപത്തിന്റെയും നോട്ടം മറഞ്ഞു. സാലിമിന്റെ മുഖത്തും എപ്പോഴും പുഞ്ചിരി വിടര്‍ന്നു നിന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ പേരില്‍ അവനെ ഏറെ സ്തുതിച്ചു.

ഒരിക്കല്‍ എന്റെ നല്ല കൂട്ടുകാര്‍ ദൂരെ ഒരിടത്ത് പ്രബോധന പ്രവര്‍ത്തനത്തിന് പോകാന്‍ തീരുമാനിച്ചു. പോകണോ വേണ്ടയോ എന്ന ആശങ്കയായിരുന്നു എന്നില്‍. തീരുമാനമെടുക്കാന്‍ അല്ലാഹുവോട് സഹായം തേടി.. ഭാര്യയോട് കൂടിയാലോചിച്ചു. അവള്‍ അത് അംഗീകരിക്കില്ലെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്... എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. അവള്‍ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. മുമ്പ് എല്ലാ തോന്നിവാസങ്ങള്‍ക്കും ഇറങ്ങി പോകുമ്പോള്‍ ഒരു വാക്കുപോലും ചോദിക്കാത്ത എന്നെയാണവള്‍ കണ്ടിട്ടുള്ളത്. സാലിമിന്റെ അടുത്ത് ചെന്ന് അവനോടും യാത്രയെ കുറിച്ച് പറഞ്ഞു. അവന്റെ കുഞ്ഞുകൈകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് എന്നെയവന്‍ യാത്രയയച്ചു.

മൂന്നര മാസത്തോളം വീട്ടില്‍ നിന്ന് അകന്ന് നിന്നു. അതിനിടയില്‍ അവസരം കിട്ടുമ്പോഴെല്ലാം ഭാര്യയും മക്കളുമായി സംസാരിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. അവരെ കാണാന്‍ എന്റെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും സാലിമിനെ കാണുന്നതിന്. അവന്റെ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ ഏറെ കൊതിച്ചു. ഞാന്‍ യാത്ര തിരിച്ചതിന് ശേഷം അവന്‍ മാത്രമാണ് എന്നോട് സംസാരിക്കാതിരുന്നത്. ഞാന്‍ വിളിക്കുമ്പോള്‍ അവന്‍ ഒന്നുകില്‍ സ്‌കൂളിലായിരിക്കും, അല്ലെങ്കില്‍ പള്ളിയില്‍ പോയതായിരിക്കും. അവനെ കാണാനുള്ള ആഗ്രഹം പറയുമ്പോള്‍ സന്തോഷം കൊണ്ട് എന്റെ പ്രിയതമ ചിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ പ്രതീക്ഷിച്ചിരുന്ന ആ ചിരി ഞാന്‍ കേട്ടില്ല. അവളുടെ ശബ്ദത്തിനെന്തോ മാറ്റം.. ഞാന്‍ പറഞ്ഞു: സാലിമിനോട് എന്റെ സലാം പറയണം.. ഇന്‍ശാ അല്ലാഹ്.. എന്നു മാത്രം അവള്‍ പറഞ്ഞു.

യാത്ര കഴിഞ്ഞ് ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി.. വാതിലില്‍ മുട്ടി.. വാതില്‍ തുറക്കുന്നത് സാലിമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ നാല് വയസ്സ് തികയാത്ത ഖാലിദാണ് വാതില്‍ തുറന്നത്. അവനെ ഞാന്‍ കൈകളില്‍ വാരിയെടുത്തു... വീട്ടില്‍ കയറിയപ്പോള്‍ എന്റെ ഹൃദയമിടിപ്പ് ശക്തമായത് എന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ അഭയം തേടി. ഭാര്യ എന്റെ അടുത്തേക്ക് വന്നു... അവളുടെ മുഖത്തെന്തോ ഭാവമാറ്റമുണ്ട്. അവള്‍ സന്തോഷം നടിക്കുകയാണെന്ന് എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു: എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? പ്രത്യേകിച്ചൊന്നുമില്ല എന്നായിരുന്നു അവളുടെ മറുപടി.

പെട്ടന്നാണ് സാലിമിനെ ഞാന്‍ ഓര്‍ത്തത്.. സാലിം എവിടെയെന്ന് ഞാന്‍ ചോദിച്ചു. അതിന് മറുപടിയൊന്നും നല്‍കാതെ അവള്‍ തലകുനിച്ചു. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകി. 'എവിടെ എന്റെ സാലിം?' എന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. അക്ഷരങ്ങള്‍ ശരിക്കുച്ചരിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലാത്ത ഖാലിദാണ് അതിനുത്തരം പറഞ്ഞത്. 'ഉപ്പാ.. സാലിം അല്ലാഹുവിന്റെ അടുത്ത് സ്വര്‍ഗത്തിലെത്തിയിരിക്കുന്നു.' ആ രംഗം കണ്ടു നില്‍ക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല... പൊട്ടിക്കരഞ്ഞു കൊണ്ട് ഞാന്‍ മുറിക്ക് പുറത്ത് കടന്നു. ഞാന്‍ വരുന്നതിന് രണ്ടാഴ്ച്ച മുമ്പ് അവന് പനി ബാധിച്ചിരുന്നു. എന്റെ ഭാര്യ അവനെ ആശുപത്രിയിലെത്തിച്ചെങ്കിലും പനി ശക്തമായി തുടര്‍ന്നു. വിട്ടുമാറാത്ത പനി അവന്റെ ശരീരത്തില്‍ നിന്ന് ജീവന്‍ വിടപറഞ്ഞതിന് ശേഷം മാത്രമാണ് അവനെ വേര്‍പിരിഞ്ഞത് എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.

By:  മുഹമ്മദ് അല്‍ അരീഫി
മൊഴിമാറ്റം : നസീഫ്‌

ഉള്ളിലുള്ള അഹങ്കാരത്തെ തിരിച്ചറിയാം

abce
ആദം നബിയെ അല്ലാഹു ആദരിച്ചു. അല്ലാഹു പറയുന്നു; 'വലഖദ് കര്‍റമ്‌നാ ബനീ ആദം...' ആദം നബിയുടെ മക്കളെന്ന നിലയില്‍ മുഴുവന്‍ മനുഷ്യരും ആദരിക്കപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വിലകുറഞ്ഞവരായി കാണാന്‍ നാമാരാണ്?  ഭൂമിയില്‍ വിനയാന്വിതരായി നടക്കുന്ന ദാസന്‍മാരെയാണ് അല്ലാഹുവിനിഷ്ടം. (അല്‍ ഫുര്‍ഖാന്‍: 63) എന്ന് അല്ലാഹു പറയുന്നു.

നാം വിനയാന്വിതരാണെന്ന് എങ്ങിനെയാണ് നമുക്ക് അറിയാന്‍ കഴിയുക, അതിന് വല്ല പരീക്ഷണങ്ങളുമുണ്ടോ? ഖുര്‍ആനിക വചനങ്ങളിലൂടെ അല്ലാഹു നമ്മെയത് അറിയിച്ചിരിക്കുന്നു. താന്‍ വിനയമുള്ളവനാണോ അതല്ല അഹങ്കാരമുള്ളവനാണോ എന്ന് സ്വന്തത്തോട് ചോദിക്കലാണ് അതിനുള്ള മാര്‍ഗം. എന്നാല്‍ അതിലൂടെ എങ്ങനെ അതറിയാന്‍ കഴിയും? 'വ ഇദാ ഖാത്തബഹുമുല്‍ ജാഹിലൂന ഖാലൂ സലാമന്‍.' എന്ന ദൈവിക വചനത്തിലൂടെയാണ് അത് പരീക്ഷിച്ചറിയേണ്ടത്.

അഹങ്കാരത്തോടെയും അവഹേളിച്ചും ഒരാള്‍ സംസാരിക്കുമ്പോഴാണ് ആളുകള്‍ക്ക് തങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്. വിഡ്ഢികളോ ധിക്കാരികളോ ആയ അത്തരക്കാരെ കുറിക്കാന്‍ അല്ലാഹു ഉപയോഗിച്ചിരിക്കുന്ന പദമാണ് 'ജാഹിലൂന്‍' എന്നത്. 'ജാഹില്‍' എന്ന പദം അറബി ഭാഷയില്‍ 'ആഖില്‍' അഥവാ ബുദ്ധിമാന്‍ എന്ന പദത്തിന്റെ  വിപരീതമായാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ 'ജാഹില്‍' എന്നാല്‍ തങ്ങളുടെ വികാരങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്തവന്‍ എന്നാണ്. അവരുടെ മനസ്സിലുള്ള തോന്നലുകള്‍  ഉടനെ വാക്കുകളായി പുറത്തേക്ക് വരുന്നു. അവര്‍ തങ്ങള്‍ പറയുന്നതിനെപ്പറ്റി ചിന്തിക്കാറേ ഇല്ല.

നിങ്ങള്‍ വാഹനമോടിച്ച് പോകുന്നതിനിടക്ക് ഒരാള്‍ വഴിമുടക്കുന്നു എന്ന് കരുതുക, നിങ്ങള്‍ ഹോണ്‍ അടിക്കുന്നു. അയാള്‍ ഉടന്‍ തന്നെ ഇറങ്ങിവന്ന് നിങ്ങളെ ചീത്തവിളിക്കുന്നു. ഞാന്‍ കണിച്ചുതരാം എന്ന ഭാവത്തില്‍ നിങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നു. പക്ഷേ, ഒരു നിമിഷം... 'വ ഇദാ ഖാതബഹുമുല്‍ ജാഹിലൂന ഖാലൂ സലാമ.' അസ്സലാമു അലൈക്കും, ക്ഷമിക്കണം തെറ്റ് എന്റെ ഭാഗത്താണ്, നിങ്ങള്‍ക്ക് പോകാം എന്ന് നിങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ അങ്ങനെ പറയാനാണ് ശീലിക്കേണ്ടത് അല്ലാത്തപക്ഷം ആദ്യപടിയില്‍ തന്നെ അയോഗ്യനാവുകയാണ് നിങ്ങള്‍.

അല്ലാഹു 'അവിവേകികള്‍ വാദകോലാഹലത്തിനു വന്നേക്കാം' എന്നല്ല,  'വാദകോലാഹലത്തിനു വന്നാല്‍' എന്നാണ് ആയത്തില്‍ പറഞ്ഞത്. അതായത് ആദ്യത്തേതില്‍ അത് സംഭവിക്കാനുള്ള സാധ്യത മാത്രമാണുള്ളത് എന്നാല്‍ അല്ലാഹു പറയുന്നത് അതിന്റെ സാധ്യതയേയോ അത് സംഭവിക്കാനിടയുണ്ട് എന്നല്ല, അത് നിങ്ങള്‍ക്ക് സംഭവിക്കും എന്ന ശൈലിയാണതില്‍ ധ്വനിക്കുന്നത്.

ഒരിക്കല്‍ അമേരിക്കയിലെ ഒരു പളളിയില്‍, ഒരു ക്ലാസിനെപ്പറ്റി ആ പള്ളിയുടെ ഉത്തരവാദപ്പെട്ടവരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സംസാരത്തിനിടക്ക് ഞാന്‍ അറബി പഠിപ്പിക്കുമെന്ന് പറയുന്നത് കേട്ട ഒരാള്‍ (അയാല്‍ മിസ്‌രിയോ അറബിയോ ആണെന്ന് തോന്നുന്നു) ഇടക്ക് കയറി അയാള്‍ ചോദിച്ചു:  നിങ്ങള്‍ അറബി പഠിപ്പിക്കുമോ?
ഞാന്‍ പറഞ്ഞു: ഉവ്വ്.. കുറച്ചൊക്കെ....
ആഗതന്‍: നിങ്ങളുടെ നാടേതാണ്?
ഞാന്‍: പാകിസ്താന്‍
അതെയോ.... എന്നിട്ട് അയാള്‍ ഒരു നാപ്കിന്‍ എടുത്തുകൊണ്ട് പറഞ്ഞു. ശരി ഇതില്‍ അക്ഷരങ്ങള്‍ എഴുതിത്തരൂ....
ഞാന്‍ അയാള്‍ക്ക് ഇംഗ്ലീഷ് അക്ഷരങ്ങല്‍ എഴുതി നല്‍കി..
'കണ്ടോ നിങ്ങള്‍ക്ക് അറബി അറിയില്ല..  അയാള്‍ പറഞ്ഞു
ശരിയാണ്, ക്ഷമിക്കണം എന്ന ഞാനും..

തുടര്‍ന്ന് മുപ്പത് മിനിട്ടോളം അയാള്‍ എനിക്ക് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ അയാളോടൊപ്പമിരുന്ന് ശ്രദ്ധിച്ചു. അയാള്‍ പോയി..  അന്നുരാത്രി 'അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ക്ലാസെടുക്കാനാണ് പള്ളി ഭാരവാഹികള്‍ പറഞ്ഞത്. അന്ന് എന്റെ ക്ലാസിന്റെ മുന്‍ നിരയില്‍ തന്നെ ആദ്യാവസാനം അയാളും ഉണ്ടായിരുന്നു. യൂട്യൂബില്‍ നിങ്ങള്‍ : why learn Arabic, എന്നോ  how to learn Arabic എന്നോ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന വീഡിയോയില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന അയാളെ നിങ്ങള്‍ക്ക് കാണാം. എന്നാല്‍ അയാള്‍ തന്നെയായിരുന്നു 'പാകിസ്താനിയായ നിങ്ങളാണോ അറബി പഠിപ്പിക്കുന്നത്' എന്ന് എന്നോട് ചോദിച്ചത്.

നിരാശനാവരുത്; പൂര്‍ണ്ണനാണെന്ന് ധരിക്കുകയുമരുത്. ആളുകള്‍ ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കില്‍ അവരെ വിട്ടേക്കുക. അവര്‍ക്കതിനുള്ള അവകാശമുണ്ട്. അവര്‍ എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നതെന്ന് നമുക്കറിയില്ല. ചിലപ്പോള്‍ നാമറിയാത്ത മറ്റുപല സംഗതികളും അവരുടെ ജീവിതത്തിലുണ്ടാകാം. അവര്‍ നമ്മുടെ മുന്നിലേക്ക് വരുമ്പോള്‍ അവരെ ദേഷ്യപ്പെടാന്‍ വിട്ടേക്കുക. നാമെപ്പോഴും ആളുകളോട് ദയയോടെയം കാരുണ്യത്തോടെയും വര്‍ത്തിക്കുന്നവരായിരിക്കണം.

ഒരിക്കല്‍ രണ്ടു ബദവീ സ്ത്രീകള്‍ പ്രവാചക(സ)യുടെ സന്നിധിയില്‍ വന്ന് അദ്ദേഹത്തിനു നേരെ ആക്രോശിക്കാന്‍ തുടങ്ങി. അവരിരുവരും മുസ്‌ലിംകളായിരുന്നു. പ്രവാചകന്‍   ശാന്തനായി ഇരുന്നു. സഹാബാക്കള്‍ അവരെ വധിക്കുമായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ' ശാന്തരായിരിക്കൂ..'
ഇതാണ് പ്രവാചക മാതൃക. ആളുകള്‍ നിങ്ങളെ ദേഷ്യപ്പെടുത്തുന്ന സംഗതികള്‍ പറയുമ്പോള്‍ ശാന്തരായി ഇരിക്കാനാണ് ശ്രമിക്കേണ്ടത്.

ചിലപ്പോള്‍ ഭാര്യമാര്‍ നമ്മെ ദേഷ്യപ്പെടുത്തുന്ന പല സംഗതികളും പറയും. അത് കേള്‍ക്കുമ്പോള്‍ അവരെ ജാഹില്‍ എന്ന് ചീത്ത വിളിക്കുകയല്ല വേണ്ടത്, അവരോട് സലാം പറഞ്ഞാല്‍ മാത്രം മതി. തുടര്‍ന്ന് സംസാരിക്കേണ്ടതില്ല.

സഹോദരികളേ, നിങ്ങള്‍ക്ക് ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും ചോരതിളക്കുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം. അപ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടും. എനിക്ക് ഭാര്യയും മൂന്ന് സഹോദരിമാരും നാല് പെണ്‍മക്കളുമുണ്ട്. സ്ത്രികള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് എനിക്കറിയാം. ഈ പ്രത്യേക കഴിവുകൊണ്ട്  ഹൃദയങ്ങളെ പ്രഹരിക്കുന്ന ഉത്തരങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയും. അവരുടെ പക്കല്‍ അദ്ഭുതങ്ങളായ ഉത്തരങ്ങളാണ് ഉള്ളത്. ആ ഉത്തരങ്ങള്‍ക്ക് മുമ്പില്‍ നാം വായപൊളിച്ചുപോകും. പക്ഷേ സഹോദരികളേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ദേഷ്യപ്പെട്ടുകൊണ്ട് സ്വയം നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ സലാം പറയുക, വിഷയം മാറ്റാന്‍ ശ്രമിക്കുക.

ഖാലൂ സാലാമാ.. എന്നതുകൊണ്ട് അവരോട് സലാം പറയുക എന്നല്ല അല്ലാഹു ഉദ്ദേശിച്ചത്. ഒരാള്‍ നിങ്ങളെ അക്രമിച്ചു കൊണ്ടിരിക്കുമ്പോഴും സലാം സാലാം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കലുമല്ല. ഇവിടെ സലാം എന്നത് വ്യാകരണശാസ്ത്ര പ്രകാരം 'ഹാല്‍' ആയാണ് വന്നിരിക്കുന്നത്. അവര്‍ ശാന്തരായി, സമാധാനപരമായി, ദേഷ്യം കെട്ടടങ്ങുന്ന രീതിയില്‍ സംസാരിക്കും എന്നൊക്കെയാണ് അതിനര്‍ഥം.

എനിക്ക് മറ്റൊരു അനുഭവമുണ്ടായി, ഒരു നോമ്പ് കാലത്ത് ഞാന്‍ പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്നു. അന്ന് ഞാന്‍ ഇഅ്തികാഫിലായിരുന്നു. പൊതുവേ നാം കിടന്നുറങ്ങുന്ന സമയങ്ങളില്‍ എത് വശത്തേക്കാണ് തിരിയുന്നതെന്ന് നാം അറിയാറില്ലല്ലോ. പെട്ടന്ന് എന്റെ വയറ്റിനിട്ടൊരു ചവിട്ട്. ഞാന്‍ എഴുന്നേറ്റുനേക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്‍. അയാള്‍ അഫ്ഗാനിയാണ്, അയാളും എന്നെപ്പോലെ ഇഅ്തികാഫിന് വന്നിരിക്കുകയാണ്. അയാള്‍ക്ക് ഇംഗ്ലീഷോ അറബിയോ വശമില്ല, പുഷ്തു മാത്രമാണയാള്‍ സംസാരിക്കുന്നത്. ചവിട്ട് കിട്ടിയതും ഞാന്‍ എഴുന്നേറ്റ് അയാളെ ഒന്ന വെറുതെ നോക്കി, അയാള്‍ ഖുര്‍ആന്‍ എടുക്കാന്‍ പോവുകയാണ്. ഞാന്‍ കിടന്നിരുന്നതിന്റെ പുറകിലായാണ് ഖുര്‍ആന്‍ വച്ച ഷെല്‍ഫ് ഉണ്ടായിരുന്നത്, അയാള്‍ പറഞ്ഞു 'ഖുര്‍ആനു നേരെ നിങ്ങളുടെ പിന്‍ഭാഗം തിരിക്കരുത്'. അതിനാണ് അയാള്‍ ചവിട്ടിയത്. നിങ്ങള്‍ക്കെന്നെ മര്യാദക്ക് വിളിക്കാമായിരുന്നല്ലോ, നോമ്പുകാരനായിരിക്കെ വയറ്റില്‍ ചവിട്ടിയതെന്തിന് എന്നൊക്ക എനിക്ക് ചോദിക്കമായിരുന്നു. പക്ഷേ ഞാന്‍ എന്ത് ചെയ്‌തെന്ന് അറിയാമോ? ഞാന്‍ അയാളുടെ അടുത്തു ചെന്നിരുന്നു എന്നിട്ട് പറഞ്ഞു 'ഞാന്‍ ഖുര്‍ആന്‍ ഓതിത്തരാം അതൊന്നു ശ്രദ്ധിക്കാമോ?  ഞങ്ങള്‍ ആംഗ്യഭാഷയിലായിരുന്നു സംവദിച്ചിരുന്നത്. ഞാന്‍ മുഴു സമയവും അയാളോടൊപ്പം ചിലവഴിച്ചു.

നാം ജനങ്ങളോട് സംവദിക്കുമ്പോള്‍ സമാധാനപരമായും ശാന്തസ്വഭാവത്തോടു കൂടിയും ഇടപഴകാന്‍ ശ്രദ്ധിക്കണം കാരണം പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരടക്കം പലതരത്തിലുള്ള ആളുകളോടും നമുക്ക് ബന്ധപ്പെടേണ്ടിവരും. നമ്മില്‍ പലരും മേലുദ്യോഗസ്ഥരുമായി ഉടക്കിലായിരിക്കും. അയാല്‍ മുഴു സമയവും ദേഷ്യപ്പെട്ടുകൊണ്ടാണ് എന്നതായിരിക്കാം അതിന് കാരണം. തിന്നുന്നതും ചിരിക്കുന്നതും രാവിലെ എഴുന്നേല്‍ക്കുന്നതു പോലും ദേഷ്യപ്പെട്ടുകൊണ്ടാണ് എന്ന് തോന്നിപ്പോകും.  എന്നിരുന്നാലും അയാളോട് നാം സൗമ്യപൂര്‍വ്വം ഇടപഴകണം.

നിങ്ങളിലെ അധ്യാപകരായ പലര്‍ക്കും നിരന്തരം ദേഷ്യം പിടിപ്പിക്കുന്ന ചില വിദ്യാര്‍ഥികളുണ്ടാകാം അവരോടും നിങ്ങള്‍ വളരെ സൗമ്യപൂര്‍വ്വം പെരുമാറണം അവരെ ഒരിക്കലും ക്ലാസ്മുറിയില്‍ വച്ച് ശകാരിക്കരുത്. പ്രവാചകന്‍ പറയുന്നു: 'ഞാന്‍ നിങ്ങള്‍ക്കുള്ള അധ്യാപകനായി അയക്കപ്പെട്ടിരിക്കുന്നു'. പക്ഷേ അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. തിരുമേനിയുടെ ഭൃത്യനായിരുന്ന സൈദ് ബിന്‍ ഹാരിഥ പറയുന്നു: നീ എന്തിനാണിത് ചെയ്തത് എന്ന് പോലും ചോദിച്ചിട്ടില്ല. ഹാരിഥയാവട്ടെ പ്രവാചകന്റെ ജേലിക്കാരനായിരുന്നില്ല അടിമയായിരുന്നു എന്നു കൂടി നാം ഓര്‍ക്കണം.

അപ്പോള്‍ 'ഖാലൂ സലാമാ..' എന്നത് വളരെ പ്രധാനമാണ്. കാരണം അടുത്ത തവണയും നിങ്ങള്‍ക്ക് നിങ്ങളെ ക്ഷുഭിതരാവാതെ സൗമ്യമായി പിടിച്ച് നിര്‍ത്തേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഞാന്‍ ഇബാദുര്‍റഹ്മാനില്‍ ഉള്‍പ്പെടാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയും. അപ്പോള്‍ ഇതാണ് ഒന്നാമത്തെ വിഭാഗം: തങ്ങളുടെ ദേഷ്യത്തെയും അഹങ്കാരത്തെയും പടിച്ചുനിര്‍ത്തി, ന്യായം തങ്ങളുടെ ഭാഗത്തായിട്ടു കൂടി അഹന്തയെ മാറ്റി നിര്‍ത്തി, സാഹചര്യങ്ങളെ ശാന്തമാക്കാന്‍ കഴിയണം. അവരുടെ ആ പ്രയത്‌നങ്ങളൊന്നും തന്നെ ഒരിക്കലും വൃഥാവിലാവില്ല.

ഇമാം അബൂഹനീഫയുടെ ഒരു കഥയുണ്ട്, മഹാനായിരുന്ന  ആ ഫഖീഹിന്റെ അടുക്കല്‍ നിരവധി ആളുകള്‍ എപ്പോഴും ഫത്‌വ ചോദിച്ചു വരുമായിരുന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു. ഇമാം അതിന് ഉത്തരവും നല്‍കി. എന്നാല്‍ ആ ഉത്തരം മാതാവിനത്ര ബോധിച്ചില്ല. അവര്‍ പറഞ്ഞു: 'നിനക്കൊന്നുമറിയില്ല.'  ഞാന്‍ മറ്റാരോടെങ്കിലും ചോദിച്ചുകൊള്ളാം, എന്നിട്ട് അവര്‍ സമീപിച്ചത് ഒരു പ്രബോധകനെയായിരുന്നു. പ്രബോധകര്‍ പണ്ഡിതന്‍മാര്‍ ആവണമെന്നില്ല, അവര്‍ ജനങ്ങളെ തഖ്‌വയും മറ്റും ഉപദേശിച്ചുകൊണ്ടിരിക്കുന്നവരാണ്. അവര്‍ക്ക് ഫിഖ്‌ഹോ ശരീഅത്തോ കൃത്യമായി അറിഞ്ഞു കൊള്ളണമെന്നുമില്ല.

മാതാവ് പ്രബോധകനെ സമീപിച്ചപ്പോള്‍ അയാള്‍ അന്വേഷിച്ച് പറയാം എന്ന മറുപടി നല്‍കി. തുടര്‍ന്നദ്ദേഹം ഉത്തരം അന്വേഷിച്ച് അബൂ ഹനീഫയുടെ പക്കല്‍തന്നെയാണ് എത്തിച്ചേര്‍ന്നത്. നിങ്ങളുടെ മാതാവ് തന്നെയാണ് ഈ ചോദ്യവുമായി സമീപിച്ചതെന്ന അയാള്‍ അറിയിച്ചു. അബൂ ഹനീഫ പറഞ്ഞു: 'അതിനുള്ള മറുപടി ഉണ്ട് പക്ഷേ ഞാനാണിത് പറഞ്ഞതെന്ന് ഉമ്മയോട് പറയണ്ട.'

ചിലപ്പോള്‍ നമ്മുടെ കുടുംബങ്ങളില്‍ തന്നെ നമ്മോട് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകാം. നമുക്ക് ദീനിയായ ചിട്ടകളുണ്ടാകും. അവര്‍ ചിലപ്പോള്‍ ദീനിയായ ചുറ്റുപാടുള്ള ആളുകളാവണമെന്നില്ല. അപ്പോള്‍ അവരിലെ സ്ത്രീകള്‍ തലമറക്കാതെ വരുമ്പോഴും അവരിലെ ചെറുപ്പക്കാര്‍ നമസ്‌കരിക്കാതിരിക്കുമ്പോഴുമെല്ലാം അവരെ രൂക്ഷമായി ശകാരിക്കാന്‍ തോന്നും. പക്ഷേ അവരോട് വളരെ സമാധാനപരമായി ഇടപഴകുകയാണ് വേണ്ടത്. അവരോട് ഇതുവരെ ആരും ഇടപഴകാതത്ര സൗമ്യമായി വേണം വര്‍ത്തിക്കാന്‍. കൃത്യമായി അഞ്ചുനേരം നമസ്‌ക്കരിക്കാത്ത ഒരു കാലം നമുക്കും ഉണ്ടായിരുന്നു. ആരെങ്കിലും അന്ന് നമ്മോട് നമസ്‌കരിക്കാത്തതിന്റെ പേരില്‍ ശകാരിച്ചിരുന്നുവെങ്കില്‍ നാം ഉടന്‍ തന്നെ നമസ്‌കാരം ആരംഭിക്കുമായിരുന്നോ? അല്ലാഹു നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കി തന്നു അതുകൊണ്ട് മറ്റുള്ളവരുടെ ഹൃദയവും മാര്‍ദ്ദവമാകുന്നത് വരെ നാം ക്ഷമിച്ചിരിക്കാന്‍ സന്നദ്ധരാകണം

അല്ലാഹു മൂസാ നബിയോട് ഫിര്‍ഔന്റെ അടുക്കല്‍ പോകുമ്പോള്‍ അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതും ഇവിടെ പ്രസക്തമാണ്. കുഞ്ഞായിരിക്കുമ്പോള്‍ മൂസാ നബിയെ കൊല്ലാന്‍ ശ്രമിച്ച ആളായിരുന്നു ഫിര്‍ഔന്‍. ഓരോ വര്‍ഷവും അയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് അയാള്‍ കൊന്നിരുന്നത്. അയാള്‍ സ്വയം ദൈവമെന്ന് വാദിച്ചിരുന്നു. ഫിര്‍ഔനെ വെറുക്കാനുള്ള അനവധി കാരണങ്ങള്‍ അല്ലാഹുവിനുണ്ടായിരുന്നു. എന്നിട്ടും അല്ലാഹു മൂസാ നബിയോട് നിര്‍ദ്ദേശിച്ചത് 'അവനോട് സൗമ്യമായി സംസാരിക്കുക' എന്നായിരുന്നു.

ധിക്കാരിയായ ഫിര്‍ഔനോട് പെരുമാറേണ്ടത് ഇങ്ങനെയെങ്കില്‍, നമ്മുടെയൊക്കെ ഭാര്യമാരോട്, ഭര്‍ത്താക്കളോട്, കുട്ടികളോട്, സഹോദരീ സഹോദരന്‍മാരോടെല്ലാം എങ്ങിനെയാണ് പെരുമാറേണ്ടത്? അവരൊക്കെ നമ്മെ ദേഷ്യപ്പെടുത്തുന്നുണ്ടാകാം. പക്ഷേ അവര്‍ നമ്മില്‍ നിന്ന് സൗമ്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നവരാണ്. അവരോടുള്ള പെരുമാറ്റത്തില്‍ നാം തീര്‍ച്ചയായും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

By: Nuhman Ali Khan

മൊഴിമാറ്റം: അസ്ഹര്‍ എ.കെ.

Thursday, February 13, 2014

പ്രവാചകചര്യയിലെ നിയമങ്ങള്‍

മുസ്‌ലിം സമൂഹത്തിന്റെ ജീവിതാവസ്ഥകളില്‍ പ്രകടമാകുന്ന കാര്യങ്ങളില്‍ പ്രവാചകന്‍ (സ) യുടെ പ്രവൃത്തികള്‍, സംസാരങ്ങള്‍, അംഗീകാരങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ (നിയമത്തിന്റെ) ഭാഗമാകുക എന്നത് അടിസ്ഥാനമാണ്. അതിനു വിരുദ്ധമായ എന്തെങ്കിലും കാര്യം വന്നിട്ടില്ലെങ്കില്‍.

സഅ്ദിബ്‌നു അബീവഖാസില്‍ നിന്നുദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തന്റെ സമ്പത്തിന്റെ മൂന്നിലൊന്നില്‍  കൂടുതല്‍ വസിയ്യത്ത് ചെയ്യരുതെന്ന് തിരുമേനി അദ്ദേഹത്തോടു പറഞ്ഞ വാക്കിനെ പണ്ഡിതന്‍മാര്‍ ഒരു പൊതുവായ നിയമമായി മനസ്സിലാക്കുകയായിരുന്നു. ഒരാള്‍ തന്റെ മരണ ശേഷം തന്റെ സമ്പത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തിലധികം അയാളുടെ അനന്തരവകാശികളുടെ സമ്മതമില്ലാതെ വസിയ്യത്ത് ചെയ്യുകയാണെങ്കില്‍ അത് തള്ളിക്കളയേണ്ടതാണെന്നാണ് മുസ്‌ലിം പണ്ഡിതലോകത്തിന്റെ അഭിപ്രായം., ഇവിടെ സഅദിനോട് മാത്രമുള്ള ഒരു കല്‍പനയായിരുന്നു അതെങ്കിലും അതു പൊതുവായ കല്‍പനയായിട്ടാണ് പണ്ഡിതലോകം അതിനെ മനസ്സിലാക്കിയത്്.
നിന്റെ കീഴിലുള്ളവരെ ദരിദ്രരാക്കി മറ്റുള്ളവര്‍ക്കു മുമ്പില്‍ കൈനീട്ടാന്‍ വിടുന്നതിനേക്കാള്‍ നിനക്ക് നല്ലത് അവരെ സമ്പന്നരാക്കി വിടുന്നതല്ലേ? എന്ന നബിയുടെ സഅ്ദിനോടുള്ള മറുപടിയാണ് പണ്ഡിതന്‍മാര്‍ ആ വിഷയത്തെ അങ്ങനെ മനസ്സിലാക്കാന്‍ ഇടയാക്കിയത്. 
അല്ലാഹുവിന്റെ പ്രവാചകനെ പിന്‍പറ്റുകയും മാതൃകയുമാക്കുകയെന്നതുമാണ് അടിസ്ഥാനം. പ്രവാചകന്‍ ഒരു കാര്യം എങ്ങനെയാണോ അനുഷ്ഠിച്ചു കാണിച്ചു തന്നത്  അപ്രകാരം അനുഷ്ഠിക്കുക എന്നതാണ് അദ്ദേഹത്തെ മാതൃകയാക്കല്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ആരാധനകളല്ലാത്ത പൊതുവായ മര്യാദകളും നിര്‍ദേശങ്ങളിലും തിരുമേനിയുടെ ചെയ്തികളെ അപ്പടി തന്നെ അനുകരിക്കണമെന്നില്ല, ആ നിര്‍ദേശങ്ങളുടെ ലക്ഷ്യം നിറവേറ്റിയാലും മതിയാകുന്നതാണ്. തിരുമേനി (സ) തന്റെ പൗത്രിയായ ഉമാമതു ബിന്‍ത് സൈനബിനെ എടുത്തുകൊണ്ടു നമസ്‌ക്കരിച്ചിരുന്നതായി നാം ഹദീസുകളില്‍ വായിക്കുന്നു. കുഞ്ഞുങ്ങളോടുള്ള തിരുമേനിയുടെ വാത്സല്യവും അവരോടുള്ള പരിഗണനയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവാചകനെ പോലുള്ള ഒരു വ്യക്തിയുടെ വ്യക്തിപ്രഭാവത്തെ ഒട്ടും കുറക്കുന്നതല്ല അത്തരം പ്രവൃത്തി. ആരാധനാ കാര്യത്തില്‍ നബിയുടെ ഈ ചെയ്തിയെ ഒരു പൊതുനിയമമായി ആരും മനസ്സിലാക്കുന്നില്ല.
പ്രവാചക ചര്യയെകുറിച്ച് എഴുതുകയും ചര്‍ച്ചചെയ്യുകയും ചെയ്ത ഉസ്വൂലി പണ്ഡിതന്‍മാരും ഹദീസ് പണ്ഡിതന്‍മാരുമുണ്ട്. ഡോ മുഹമ്മദ് അല്‍ അറൂസി, ഉമര്‍ അല്‍ അശ്കര്‍ എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.

പ്രവാചക തിരുമേനിയുടെ കര്‍മങ്ങളെ പല വിഭാഗങ്ങളായി തിരിക്കാം.

1) അനുചരന്‍മാരെ പഠിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍; ഉദാഹരണത്തിന് ഇബാദത്തുകള്‍
2) ഖുര്‍ആന്‍ വിശദീകരിക്കുന്നതിനു വേണ്ടിയുള്ള ചര്യ. ഉദാഹരണത്തിന് ഹജ്ജിന്റെയും നമസ്‌കാരത്തിന്റെയും വുദൂഇന്റെയുമൊക്കെ അനുഷ്ഠാനക്രമങ്ങള്‍ ചെയ്തു കാണിച്ചതു പോലെ. ഇവിടെ പ്രവാചകന്റെ ചെയ്തികളില്‍ അനുഷ്ഠാനകര്‍മ്മങ്ങളിലെ റുക്‌നുകളും അനിവാര്യഘടകങ്ങളും വാജിബുകളും അഭിലഷണീയമായതുമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. (തിരുമേനിയുടെ ചെയ്തികളെ റുക്്‌ന്, വാജിബ്, മുസ്തഹബ്ബ്, മുബാഹ് എന്നീ വ്യത്യസ്ത ഇനങ്ങളില്‍ ഏതെങ്കിലുമൊന്നിലാകും അതുള്‍പ്പെടുക)അനുവാദവും മുബാഹുമുള്ള കാര്യങ്ങള്‍ അതിലുണ്ട്. ഉദാഹരണത്തിന് ഹജ്ജില്‍ വാഹനപ്പുറത്തു കയറലും നമസ്‌ക്കാരത്തില്‍ അത്യാവശ്യത്തിന് തിരിഞ്ഞു നോക്കലും നോമ്പില്‍ കുളിക്കലുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു. 
ഇവിടെ മുബാഹ് അനുവദനീയമെന്നതിനാല്‍ ശരീഅത്തിന്റെ നിയമ പരിധിയില്‍ വരുന്നു. പുതിയ ഒരു നിയമം എന്ന നിലയിലല്ല അത് കടന്നു വരുന്നത്. അടിസ്ഥാനപരമായി അത് അനുവദനീയം എന്ന നിയമപരിധിയിലാണ് പെടുന്നത്.
ചില പൊതുവായ കാര്യങ്ങളെ സവിശേഷമാക്കിക്കൊണ്ടുള്ള വിശദീകരണങ്ങള്‍

3) ഒരു നേതാവ്, ഭരണാധികാരി എന്ന നിലയിലുള്ള പ്രവാചകന്റെ കല്‍പ്പനകള്‍. ഉദാഹരണത്തിന് ആരെങ്കിലും ഒരു തരിശു ഭൂമി കൃഷിയോഗ്യമാക്കിയാല്‍ അത് അവനുള്ളതാണ്. എന്നാല്‍ ഇക്കാര്യം എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ബാധകമായ ഒരു നിയമമല്ല.

4) ഫത്‌വ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയുള്ള തിരുമേനിയുടെ കല്‍പ്പനകള്‍. ഉദാഹരണത്തിന് ഹിന്ദ് തന്റെ ഭര്‍ത്താവിന്റെ പിശുക്കിനെപ്പറ്റി നബിയോടു പരാതി പറഞ്ഞപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു 'നിനക്കും നിന്റെ കുട്ടിക്കും വേണ്ടത് നീ മാന്യമായി എടുത്തുകൊള്ളൂക'.

5) ഒരു വിധിയോ തീരുമാനമോ എന്ന നിലയില്‍ കരാര്‍, സാക്ഷ്യം, അമാനത്തുപോലുള്ള കാര്യങ്ങളില്‍ നബി (സ) അറിയിക്കുന്നത്. നിങ്ങളില്‍ ചിലര്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനും മറ്റുള്ളവരേക്കാള്‍ കേമന്‍മാരാകാനും ഉപയോഗപ്പെടുത്തുന്നു. 

6) മനുഷ്യ പ്രകൃതിയുടെ ഭാഗമായി തിരുമേനി (സ) ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. ശാരീരിക ചലനങ്ങളും അംഗവിക്ഷേപങ്ങളും ഇരുത്തവും നടത്തവുമൊക്കെ ഇതില്‍പെടും. ഇതില്‍ പ്രവാചകന്റെ കല്‍പ്പനയും വിലക്കുമില്ല.
അബ്ദുല്ലാഹുബ്‌നു ഉമര്‍ (റ) പ്രവാചകന്‍ തിരുമേനി (സ) ചെയ്തികള്‍ അതേപോലെ അനുകരിക്കുമായിരുന്നു. തിരുമേനിയോടുള്ള അങ്ങേയറ്റത്തെ സ്‌നേഹവും തിരുമേനിയെ അതുപോലെ അനുകരിക്കാനുള്ള ത്വരയുമായിരുന്നു അദ്ദേഹത്തിന്. നബി തിരുമേനി ധരിച്ചിരുന്നതു പോലെ ഊറക്കിട്ടതോല്‍ ചെരിപ്പാണ് ഇബ്‌നു ഉമറും ധരിച്ചിരുന്നത്. ഇബ്‌നു ഉമര്‍ ഹജ്ജു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ അദ്ദേഹം വെറുതെയിടും. കാരണം തിരുമേനി (സ) ഹജ്ജുചെയ്യാന്‍ വന്നപ്പോള്‍ തിരുമേനി തന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ അഴിച്ചുവിട്ടിരുന്നു.
ഇതു പോലെ അനസ് (റ) ചുരങ്ങ കഴിക്കല്‍ പതിവാക്കിയിരുന്നു. കാരണം തിരുമേനിക്കും അത് വലിയ ഇഷ്ടമായിരുന്നു.

ഇബ്‌നു ഉമറിന്റെയും അനസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. അവരുടെ ഉദ്ദേശ്യശുദ്ധിക്കും അവരുടെ പ്രവാചകസ്‌നേഹത്തിനും തീര്‍ച്ചയായും  പ്രതിഫലം ലഭിക്കപ്പെടുകയും ചെയ്യും. സാക്ഷാല്‍ കര്‍മാനുകരണത്തിനല്ല പ്രതിഫലം. നബി (സ) യുടെ ദൈനംദിന ചര്യകള്‍ തിരുമേനി പതിവാക്കുകയും അതങ്ങനെത്തന്നെ വേണമെന്ന് അവിടുന്ന് ഉദ്ദേശിക്കുകയും ചെയ്ത കാര്യങ്ങള്‍  നിയമമാകുന്നു. തിരുമേനിയുടെ ഇരുത്തവും തീറ്റയും വലതു കൈകൊണ്ടു കുടിക്കലും മൂന്നു തവണയായി കുടിക്കലും പാത്രത്തില്‍ ഊതാതിരിക്കുമെന്നതെല്ലാം ഇങ്ങനെ നിയമമാക്കപ്പെട്ട പ്രവാചകന്റെ ദൈനംദിന ചര്യകളാണ്.

തിരുമേനി തന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ചിട്ടുള്ളതും എന്നാല്‍ തദടിസ്ഥാനത്തില്‍ നിയമമല്ലാതിരിക്കെത്തന്നെ ആ പ്രവൃത്തിയില്‍ ഒരു നല്ല സന്ദേശം അടങ്ങിയിരിക്കുകയും ചെയ്യുന്ന മറ്റു ചില ചര്യകളുമുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന സന്ദേശങ്ങളാകും അത്തരം കാര്യങ്ങളില്‍ അടങ്ങിയിരിക്കുക. ഉദാഹരണം, ആയിശ (റ) പറഞ്ഞ സംഭവം:' ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ വെള്ളം കുടിക്കുമ്പോള്‍ അല്‍പം തിരുമേനിക്കും നല്‍കും. അദ്ദേഹം ഞാന്‍ ചുണ്ടുകള്‍ വച്ച് അതേ ഭാഗത്തു തന്നെ തിരുമേനിയും ചുണ്ടുകള്‍ വച്ചുകുടിക്കും. അതു പോലെ വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും ഒരേ പാത്രത്തില്‍ നിന്ന് കോരിക്കുളിക്കുമായിരുന്നു. അങ്ങനെ അവര്‍ കുളിക്കുമ്പോള്‍ പരസ്പരം തൊടുകയും ഇതെനിക്കാണ് എന്ന് നബിയും  ആയിശയും മത്സരിച്ചുപറയുമായിരുന്നു.

മരണഭയം മരണം തന്നെയാണ്

തിരുദൂതര്‍(സ) അരുള്‍ ചെയ്തു: 'അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ വെറുക്കുന്നു. ഇതുകേട്ട ആഇശ(റ) ചോദിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ മരണത്തെ വെറുക്കുന്നതോ? നാമെല്ലാവരും മരണത്തെ വെറുക്കുന്നില്ലേ? അപ്പോള്‍ തിരുമേനി(സ) പറഞ്ഞു 'അത് അപ്രകാരമല്ല. അല്ലാഹുവിന്റെ കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട വിശ്വാസി അവനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുകയും അവന്‍ വിശ്വാസിയെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുയും ചെയ്യുന്നു. അല്ലാഹുവിന്റെ ശിക്ഷയെയും വെറുപ്പിനെയും കുറിച്ച് അറിയിക്കപ്പെട്ട നിഷേധി അവനെ കണ്ടുമുട്ടുന്നത് വെറുക്കുകയും അവന്‍ നിഷേധിയെ  കണ്ടുമുട്ടുന്നത്  വെറുക്കുകയും ചെയ്യുന്നു'. (മുസ്‌ലിം)
എന്നെന്നും ജീവിക്കാന്‍ സാധിക്കുന്ന ഒരു രാസവസ്തു കണ്ടെത്താന്‍ കഴിയുമെന്ന് ബാബിലോണിയക്കാര്‍ വിശ്വസിച്ചിരുന്നുവത്രെ! പക്ഷെ അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: 'നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും അമരത്വം നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നുവരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ? എല്ലാ ജീവികളും മരണം രുചിക്കുക തന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെ അടുത്തേക്കാണ്'(അല്‍അന്‍ബിയാഅ് 34-35)
മറ്റൊരു ആയത്തില്‍ ഇപ്രകാരമാണ് പറയുന്നത് :'തീര്‍ച്ചയായും താങ്കള്‍ മരിക്കാനുള്ളതാണ്. തീര്‍ച്ചയായും അവരും മരിക്കുന്നത് തന്നെയാണ്' (അസ്സുമര്‍ 30). കാര്യങ്ങള്‍ യാതൊരു കുഴപ്പമോ വിഘ്‌നമോ ഇല്ലാതെ അതേപടി നിലനില്‍ക്കണമെന്നാണ് മനുഷ്യന്റെ ആഗ്രഹം. എന്നാല്‍ ദൈവിക നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് അത്. എന്നല്ല വ്യക്തിയെന്ന നിലയില്‍ മനുഷ്യന്റെ തന്നെ താല്‍പര്യങ്ങള്‍ക്കും മാനവ സമൂഹത്തിന്റെ നേട്ടങ്ങള്‍ക്കും അത് എതിരാണ് . 
എന്നാല്‍ മരണത്തെ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അതിനെക്കുറിച്ച് തെറ്റായ സങ്കല്‍പം വെച്ചുപുലര്‍ത്തുന്നവരാണ്. നാശവും, ആത്യന്തികമായ അന്ത്യവുമാണ് മരണമെന്ന് അവര്‍ തെറ്റുധരിച്ചിരിക്കുന്നു. മരണഭയം, മരണത്തിന് മുമ്പുള്ള നാശമാണെന്നാണ് നാം തിരിച്ചറിയേണ്ടതുണ്ട്. മരണത്തെക്കുറിച്ച് ശരിയായ അറിവും അവബോധവും ഇല്ലായ്മ, കുടുംബപരമായ ചിദ്രത, മരണത്തെക്കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് ശരിയായ വിവരം നല്‍കാതിരിക്കല്‍ തുടങ്ങിയവയാണ് മരണത്തെക്കുറിച്ച ഭയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. 
അത്തരത്തിലുള്ള ഒരാള്‍ എനിക്ക് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: 'ഞാന്‍ എപ്പോഴും മരണത്തെ മുന്നില്‍ കാണുന്നു. ഭക്ഷണം കഴിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍, കുടുംബത്തിലിരിക്കുമ്പോള്‍, ഉറക്കത്തില്‍ എന്നിങ്ങനെ... മരണം മുന്നില്‍ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നു. ഞാന്‍ മരിക്കുന്നതും, എന്റെ പ്രിയപ്പെട്ടവര്‍ മരിക്കുന്നതും ഞാന്‍ ഭയപ്പെടുന്നു'. അദ്ദേഹം നേരിട്ട എന്തെങ്കിലും ദാരുണസംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ടതായിരിക്കാം ഈ ഭയം. അതല്ലെങ്കില്‍ ചെറുപ്രായത്തില്‍ നല്‍കപ്പെട്ട ശിക്ഷണത്തിലെ പോരായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാവുന്നതാണ്. 
മതപ്രഭാഷണങ്ങള്‍ മരണത്തെ ചിത്രീകരിക്കുന്നത് കടുത്ത ഭയവും, ആശങ്കയും വളര്‍ത്തുന്ന വിധത്തിലാണ്. അതിന്റെ ഭീകരമായ വേദനയെയും, മറ്റും വിശദമായി അവയില്‍ പ്രതിപാദിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം തിരുമേനി(സ)യുടെ പ്രഭാഷണത്തെക്കുറിച്ച് പറയുന്നു:
'അല്ലാഹുവിലും അവന്റെ മാലാഖമാരിലും വേദങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലുമുള്ള വിശ്വാസങ്ങള്‍ തുടങ്ങിയ അടിസ്ഥാനങ്ങളും, സ്വര്‍ഗം നരകം, അല്ലാഹു അവന്റെ വലിയ്യുകള്‍ക്ക് ഒരുക്കിയ പ്രതിഫലം, ശത്രുക്കള്‍ക്ക് ഒരുക്കിയ ശിക്ഷ തുടങ്ങിയവയെല്ലാം പ്രവാചകന്‍(സ)യുടെ പ്രഭാഷണത്തില്‍ വിഷയീഭവിച്ചിരുന്നു. ആ പ്രഭാഷണങ്ങള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ വിശ്വാസം നിറക്കുകയും അല്ലാഹുവിനെക്കുറിച്ച ജ്ഞാനം പകരുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ പ്രഭാഷണത്തിലേതുപോലെ ജീവിതത്തെ ഓര്‍ത്ത് കരയുക, മരണത്തെക്കുറിച്ച് ഭയപ്പെടുത്തുക തുടങ്ങിയവ ആയിരുന്നില്ല അവയുടെ വിഷയം. കാരണം അതുമുഖേനെ ഹൃദയത്തില്‍ വിശ്വാസമുണ്ടാവുകയോ വിജ്ഞാനം വര്‍ധിക്കുകയോ ഇല്ല. അല്ലാഹുവിനെക്കുറിച്ച സ്‌നേഹം ഹൃദയത്തില്‍ വളര്‍ത്താനോ, അവനെ കാണാനുള്ള ആശയുണ്ടാക്കാനോ അതുപകരിക്കുകയില്ല. ഒരു പ്രയോജനവും ലഭിക്കാതെ ശ്രോതാക്കള്‍ പിരിഞ്ഞുപോകുന്നു. അവര്‍ മരണപ്പെടുകയും അവരുടെ സമ്പത്ത് വീതിക്കപ്പെടുകയും മണ്ണ് അവരുടെ ശരീരം തിന്നുകയും ചെയ്യുന്നു'. (സാദുല്‍ മആദ്)
മനസ്സിനെ ശാന്തമാക്കുന്നതിലും ജീവിതത്തെ മനോഹരമാക്കുന്നതിലും വിശ്വാസത്തിന് നിര്‍ണായക പങ്കുണ്ട്. ജീവിതത്തെ ഊഷരമാക്കാനും, നിരാശയോടെ കരഞ്ഞു തീര്‍ക്കാനുമല്ല വിശ്വാസത്തെ ഉപയോഗിക്കേണ്ടത്. 

അഭിപ്രായ ഭിന്നത: സ്വഹാബാക്കളെ മാതൃകയാക്കാം

തിരുനബി (സ)ക്ക് ശേഷം ഇസ് ലാമിക സമൂഹത്തിന് തങ്ങളുടെ കര്‍മരംഗത്ത് വിധികള്‍ തേടാന്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണ് ഏക അവലംബം. സത്യസന്ധരും പ്രവാചകന്റെ അധ്യാപനങ്ങള്‍ നേരിട്ട് ശ്രവിച്ച അദ്ദേഹത്തിന്റെ അനുചരന്‍മാരെയും ഒരു പരിധി വരെ നമുക്ക് മാതൃകയാക്കാനുമാവും. എങ്കില്‍ തന്നെയും ഇസ് ലാമിക വിധികളില്‍ എല്ലാ സ്വാഹാബാക്കളും  പലപ്പോഴും ഏകോപിച്ച അഭിപ്രായം പുലര്‍ത്തിയവരായിരുന്നില്ല.
ഒരേ വിഷയത്തില്‍ തന്നെ സ്വഹാബാക്കള്‍ക്ക് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഖലീഫ ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്ന ഒരു അഭിപ്രായം ഇങ്ങനെ: 'യാത്രക്കാരന് ജനാബത്ത് ഉണ്ടാവുകയും ശൂചീകരണത്തിന് വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ വെള്ളം കാണുന്നത് വരെ അയാള്‍ തയമ്മും ചെയ്യാന്‍ പാടില്ല.' ഇതനുസരിച്ച് വെള്ളം കാണാതിരിക്കുന്നേടത്തോളം അയാള്‍ നമസ്‌കരിക്കേണ്ടതില്ലെന്നാണ് മനസ്സിലാവുന്നത്. ആ അവസ്ഥ പത്ത് വര്‍ഷം തുടര്‍ന്നാലും.
ഇബ്‌നു മസ്ഊദ് (റ) ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു.  എന്നാല്‍ ഈ രണ്ടു പേരുടെയും അഭിപ്രായങ്ങളെ സ്വഹാബികളില്‍ പലരും പിന്തുണച്ചിരുന്നില്ല. സൂറത്തുന്നിസാഇലെ 43-ാം വചനമാണ് തങ്ങളുടെ ന്യായത്തിന് ളിവായി അവരുദ്ധരിച്ചത്: 'നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കിലൊരുവന്‍ വിസര്‍ജിച്ചുവരുകയോ സ്ത്രീയെ സ്പര്‍ശിക്കുകയോ ചെയ്തു, എന്നിട്ട് വെള്ളം കിട്ടിയില്ല, എങ്കില്‍ അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതില്‍ കൈകൊണ്ട് അടിച്ച് മുഖവും കൈകളും തടവുക. അല്ലാഹു നിങ്ങളുടെ ജീവിതം ക്‌ളേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം (അന്നിസാഅ്: 43)
'ലാമസ്തുമുന്നിസാഅ' എന്നതിന് അധിക പണ്ഡിതന്‍മാരും ആശയം പറയുന്നത് അത് സ്ത്രീപുരുഷ സംസര്‍ഗമാണെന്നാണ്. അഥവാ ജനാബത്ത് ഉണ്ടായ സമയത്തും തയ്യമ്മും ചെയ്യാം എന്നാണ് ഖുര്‍ആന്റെ പ്രസ്താവന.
എന്നാല്‍ ഇബ്‌നു മസ്ഊദ് (റ) തന്റെ അഭിപ്രായത്തിന് ന്യായം പറയുന്നത് ഇപ്രകാരമാണ്: ഇക്കാര്യത്തില്‍ നാം ഇളവ് നല്‍കിയാല്‍ ജനങ്ങള്‍ അതിനെ ചൂഷണം ചെയ്യും. കുറച്ച് തണുപ്പ് അനുഭപ്പെടുമ്പോഴേക്കും അവര്‍ തയമ്മും ചെയ്ത് വുദുവില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കും.
അതേസമയം, ഉമര്‍ (റ)വില്‍ നിന്നും ഇബ്‌നുമസ്ഊദി(റ)ല്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ അഭിപ്രായങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് വസ്തുത. മാത്രമല്ല, ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ക്കും പ്രവാചക ഹദീസുകള്‍ക്കും വിരുദ്ധമാണ്.
ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഉമര്‍ (റ)വില്‍ നിന്ന വന്ന ഒരു അഭിപ്രായമായിട്ടുപോലും അധിക സ്വഹാബികളും അതിനെ തള്ളി. എന്നാല്‍ ആ സ്വഹാബികളില്‍ പെട്ട ഇബ്‌നുമസ്ഊദ് (റ) അനന്തരാവകാശത്തിലെ അനന്താരവകാശത്തിലെ ഔല്‍ [1] (അംശവര്‍ധന) വിഷയത്തില്‍ ഉമറിന്റെ അഭിപ്രായത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് എതിര് നിന്നില്ല. മരണ ശേഷം അവ്വിഷയത്തിലെ തന്റെ എതിരഭിപ്രായം ഇബ്‌നുമസ്ഊദ് (റ) പ്രകടിപ്പിക്കുകയും ചെയ്തു. അതിനെക്കുറിച്ച് പീന്നീട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: 'ഖലീഫ ഉമര്‍ (റ) മുസ് ലിം സമൂഹത്തിനെ മാന്യനായ വ്യക്തിയായിരുന്നല്ലോ. ആ ആദരവ് നിലനിര്‍ത്താനാണ് ഞാന്‍ അങ്ങനെ ചെയ്ത്.'
ഇവിടെ നാം ചിന്തിക്കേണ്ടത്, എങ്ങനെ സ്വാഹാബാക്കള്‍ക്ക് ഇപ്രകാരം രണ്ട് വിരുദ്ധ വശങ്ങളില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നാണ്. പറഞ്ഞത് എത്ര ഉയര്‍ന്ന ആളാണെങ്കിലും ഖുര്‍ആനും തിരചര്യക്കും വിരുദ്ധമായ പ്രസ്താവനകളെ തള്ളാനും പണ്ഡിതന്മാരുടെ ദുര്‍ബലവും പ്രബലമല്ലാത്തതുമായ പ്രസ്താവനകളുടെ പേരില്‍ (പണ്ഡിതന്മാര്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നേടത്തോളം കാലം) അവരുടെ പദവിയെ ഇടിച്ച് താഴ്ത്താതിരിക്കാനും സ്വാഹാബാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞു ?
അപ്പോള്‍ മനസ്സിലാക്കേണ്ടത്, പണ്ഡിതന്മാര്‍ അവര്‍ ഏത്ര ശ്രേഷ്ഠരാണെങ്കിലും അവരില്‍നിന്നും ചിലപ്പോള്‍ ദുര്‍ബലമായ അഭിപ്രായങ്ങളും മറ്റും ഉണ്ടായേക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തിന്റെ ഇജിതിഹാദിന്റെ അടിസ്ഥാനത്തിലാണ് ഒരു വിധിയിലേക്കെത്തുന്നത്. എന്നാല്‍, യഥാവിധം പഠിക്കാതെയും മനനം ചെയ്യാതെയും ഒരാള്‍ ദുര്‍ബലമായ ഒരു വിധി പ്രസ്താവിക്കുന്നുവെങ്കില്‍ അത് സ്വീകരിക്കുകയോ അയാളെ മാനിക്കുകയോ ചെയ്യേണ്ടതുമില്ല.
മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. കാഫിറില്‍ നിന്ന് മുസ് ലിം അനന്തരമെടുക്കുമോ എടുക്കുന്ന വിഷയത്തില്‍ മുആവിയ (റ)യുടെ ഇജ്തിഹാദ്, അനന്തരമെടുക്കുമെന്നാണ്. എന്നാല്‍ ഉസാമ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നത് പറയുന്നത് ഇപ്രകാരം: 'കാഫിറില്‍ നിന്ന് മുസ് ലിമോ മുസ് ലിമില്‍ നിന്ന് കാഫിറോ അനന്തരമെടുക്കില്ല.' ഈ ഹദീസും മുആവിയ (റ)യുടെ അഭിപ്രായവും വിരുദ്ധ വശങ്ങളിലാണ് നിലകൊള്ളുന്നത്. എന്നാല്‍ മുആവിയ (റ) തന്റെ അഭിപ്രായത്തിന് ന്യായവും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഒരാളില്‍ വിശ്വാസം എപ്പോഴും ഏറിയും കുറഞ്ഞുമിരിക്കാം.  ഇസ്‌ലാം സ്വീകരിച്ച, മുമ്പ് സത്യനിഷേധിയായ ഒരാള്‍ക്ക് ഇസ്‌ലാമിലേക്ക് എത്താത്ത അയാളുടെ കുടുംബക്കാരില്‍ നിന്ന് അനന്തരം ലഭിക്കില്ലെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ ഇസ്‌ലാം ആശ്ലേഷണം ഒഴിവാക്കിയേക്കും. അല്ലെങ്കില്‍ അനന്തരം കിട്ടുന്ന വരെയെങ്കിലും ഇസ് ലാം സ്വീകരിക്കാതിരിക്കും. ഇസ് ലാമിനെ പുല്‍കാനുള്ള അയാളുടെ ആഗ്രഹത്തെ കെടുത്തി കളയുന്ന ആ നിലപാട് ഉണ്ടാവാന്‍ പാടില്ലെന്നാണ് മുആവിയ ആഗ്രഹിച്ചത്.
ഇങ്ങനെ വിവിധ വിഷയങ്ങളില്‍ സ്വഹാബാക്കള്‍ പരസ്പരവിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായി; അവ പലതും ബാഹ്യമായ വിഷയങ്ങളിലാണെങ്കിലും. അതിലൊന്നാണ് പ്രവാചകന്‍ (സ) അല്ലാഹുവിനെ ദര്‍ശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അവര്‍ക്കിടയിലുണ്ടായ തര്‍ക്കം. ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് പ്രവാചകന്‍ (സ) അല്ലാഹുവിനെ സ്വന്തം കണ്ണ് കൊണ്ട് നേരിട്ട് കണ്ടിട്ടില്ലെന്നാണ്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നും മറ്റു ചിലരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നതനുസരിച്ച്, പ്രവാചകന്‍ അല്ലാഹുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ്.
കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ഖബ്‌റില്‍ ശിക്ഷക്ക് കാരണമാകുമോയെന്ന വിഷയത്തിലും സ്വാഹാബാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്ന ആശയത്തിലുള്ള ഹദീസ് ഉമര്‍ (റ) ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത ഹദീസിനെ എന്നാല്‍ ആയിശ (റ) തിരുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു: പ്രവാചകന്‍ പറഞ്ഞത് ഇത്രമാത്രമാണ്: കാഫിറായ മയ്യിത്തിന് അവന്റെ കുടുംബക്കാരുടെ കരച്ചില്‍ കാരണമായി അല്ലാഹു ശിക്ഷ അധികരിപ്പിക്കും.  ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണല്ലോ : 'യാതൊരുവനും മറ്റൊരുവന്റെ പാപഭാരം ചുമക്കുകയില്ല' (അല്‍അന്‍ആം: 164).
ഈ അഭിപ്രായ വ്യത്യാസം പിന്നീടുള്ള കാലങ്ങളിലും തുടര്‍ന്നു. മാത്രമല്ല, അവയില്‍ പലതിനും അനുബന്ധങ്ങള്‍ ഉണ്ടാവുകയും അവ വീണ്ടും അഭിപ്രായാന്തരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എങ്കില്‍ തന്നെയും ഇതൊന്നും സ്വാഹാബാക്കള്‍ക്കിടയില്‍ ഒരു തരത്തിലുള്ള അസ്വാരസ്യത്തിനും വഴിവെച്ചില്ല. അഭിപ്രായങ്ങള്‍ ശര്‍ഇയായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കുകയോ, ദീനില്‍ പുതുതായി പലതും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാതിരിക്കുകയോ, ഒരാളോട് ശത്രുത പ്രഖ്യാപിക്കാന്‍ അവ കാരണമാവാതിരിക്കുകയോ ചെയ്യാത്ത കാലത്തോളം അവര്‍ക്കിടയില്‍ അത് പ്രയാസം സൃഷ്ടിച്ചില്ല.
ഇങ്ങനെയാണ് അവര്‍ കാര്യങ്ങളില്‍ സന്തുലന സമീപനം സ്വീകരിച്ചത്. അമീറുല്‍ മുഅ്മീനില്‍ ഉമര്‍ (റ) പറഞ്ഞതാണെങ്കില്‍ പോലും ദുര്‍ബലമോ ശര്‍ഇന് വിരുദ്ധമോ ആയ അഭിപ്രായങ്ങളെ സ്വഹാബാക്കള്‍ സ്വീകരിക്കില്ല. അതേ സമയം, അമീര്‍ മുഅ്മീനിനിനെ ജനങ്ങള്‍ അധിക്ഷേപിക്കുന്നത് ഇല്ലാതാക്കാന്‍ അവര്‍ അദ്ദേഹത്തിന്റെ പദവിയെ മാനിക്കുകയും ചെയ്തു.
അഥവാ, താന്‍ അംഗീകരിക്കുന്ന ഒരാളോട്, അല്ലെങ്കില്‍ അയാളുടെ അഭിപ്രായത്തോട് അമിതമായ ചായ്‌വ് പുലര്‍ത്തുന്നത് എതിരഭിപ്രായമുള്ളവരെ അവഗണിക്കാന്‍ ഒരിക്കലും കാരണമായിക്കൂടാ. അഭിപ്രായ വ്യത്യാസം മനുഷ്യസമൂഹത്തിന്റെ സ്വാഭാവികതയുടെ ഭാഗമാണ്. സമുദായത്തില്‍ അനിവാര്യമായും ഉണ്ടാവുന്ന പ്രതിഭാസമായാണ് അതിനെ മനസ്സിലാക്കേണ്ടത്. അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ മുഴുവന്‍ സമൂഹത്തെയും ഒരൊറ്റ നിലപാടില്‍ എത്തിക്കുക അസാധ്യമാണ്.
ഞാനിത് പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അനുബന്ധ വിഷയങ്ങളില്‍ പോലും സമുദായത്തെ മുഴുവന്‍ ഒരഭിപ്രായത്തില്‍ ഏകീകരിക്കാന്‍ കഴിയുമെന്ന്  ചിലര്‍ പറഞ്ഞതായി ഞാന്‍ കേട്ടിരുന്നു. നബിവചനങ്ങളെല്ലാം സൂക്ഷമ പരിശോധന നടത്തി സ്വഹീഹായ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നാവും അവരുദ്ദേശിക്കുന്നത്. എന്നാല്‍ മനസ്സിലാക്കുക, അവിടെയും പ്രശ്‌നം നിലനില്‍ക്കുന്നു. എല്ലാ പണ്ഡിതന്‍മാരും എല്ലാ ഹദീസുകളും സ്വഹീഹായി പരിഗണിച്ചുകൊള്ളണമെന്നില്ല. ഓരോരുത്തരുടെ അടുക്കലും സ്വഹീഹിന്റെ മാനദണ്ഡങ്ങളിലും റിപ്പോര്‍ട്ടുകളെ അംഗീകരിക്കുന്നതിലും മാറ്റം വരാം.  ഹദീസ്‌നിദാന ശാസ്ത്രത്തിന്റെ വിവിധ മാനദണ്ഡങ്ങള്‍ ഓരോ പണ്ഡിതന്‍മാരുടെ അടുക്കലും വ്യത്യസ്തമായിരിക്കും. ഇതൊക്കെ നിലനില്‍ക്കെ എങ്ങനെയാണ് സ്വഹീഹായ ഹദീസുകളെ മാത്രം സമാഹരിക്കുക ?
ചുരുക്കത്തില്‍, സമുദായത്തിന്റെ ഭാവി നന്മയുടെ ഭാഗമായോ പ്രകൃതിയുടെ ഭാഗമായോ അഭിപ്രായ വ്യത്യാസത്തെ മനസ്സിലാക്കുന്നതാവും ഏറ്റവും ഉചിതം. അപ്രകാരം എതിര്‍ നിലപാട് സ്വീകരിക്കുന്നവരെ അടിച്ചിരുത്താനോ അവ തീര്‍ത്തും തള്ളേണ്ടതാണെന്ന് പ്രഖ്യാപിക്കനോ മുതിരാതെ സ്വഹാബാക്കളുടെ മാതൃക പിന്തുടര്‍ന്ന് മുന്നോട്ട് പോവുന്നതാണ്  ഇസ് ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും കൂടുതല്‍ ഗുണകരമാവുക.

[1]. ദായധനത്തിന്റെ സാങ്കേതികഭാഷയില്‍ 'ഔല്‍' എന്ന് പറയുന്നത് നിര്‍ണിത ഓഹരിക്കാരുടെ അംശങ്ങള്‍ വര്‍ധിപ്പിക്കുകയും അവരുടെ വിഹിതത്തിന്റെ പരിമാണത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതിനാണ്. ഖലീഫാ ഉമറി (റ)ന്റെ കാലത്ത് വന്ന ഒരു കേസാണ്, ആദ്യമായി ഇസ് ലാമില്‍ ഔല്‍ സങ്കേതം ഉപയോഗിച്ച് കൈകാര്യം ചെയ്യപ്പെട്ടതെന്ന് ഉദ്ധരിക്കപ്പെടുന്നു ഭര്‍ത്താവും രണ്ടു സഹോദരികളും അനന്തരാവകാശികളായ  ഒരു കേസ് വന്നപ്പോള്‍ അദ്ദേഹം സ്വഹാബത്തിനോട് പറഞ്ഞു: ഞാന്‍ ആദ്യം ഭര്‍ത്താവിന് കൊടുത്താല്‍ സഹോദരികള്‍ക്ക് അവരുടെ അവകാശ വിഹിതം ലഭിക്കുകയില്ല. അതുകൊണ്ട് എന്നെ ഉപദേശിക്കുക. അപ്പോള്‍ അബ്ബാസു ബ്‌നു അബ്ദില്‍ മുത്തലിബ്  ഔല്‍ ഉപദേശിച്ചു. (വിവര്‍ത്തകകുറിപ്പ്)

ഡോ.സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ
വിവ: എസ്. എ ജലീല്‍