Showing posts with label ramadan. Show all posts
Showing posts with label ramadan. Show all posts

Wednesday, July 22, 2015

പെരുന്നാളിന്റെ നറുമണം

eid Smell
പെരുന്നാളിന്ന് ഒരു നറുമണം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം വിശ്വാസികളില്‍ നിന്ന് താല്‍പര്യപ്പെടുന്നു. മറ്റുദിവസങ്ങളില്‍ നിന്ന് പെരുന്നാള്‍ വ്യത്യസ്തമാകുന്നത് ഈ നറുമണം കൊണ്ടാണ്. അതിന്റെ പ്രത്യേകത വ്രതശുദ്ധി കാരണം വിശ്വാസിയുടെ അകവസ്ത്രത്തില്‍ നറുമണം പുരളുന്നു എന്നതാണ്. അകവസ്ത്രം എന്നതുകൊണ്ടുദ്ദേശ്യം ഭക്തിയുടെ വസ്ത്രമാണ്. ഖുര്‍ആന്‍ ഭക്തിയുടെ വസ്ത്രം നേടാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഉത്തമമായ വസ്ത്രം എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

രണ്ട് ആഘോഷങ്ങള്‍ -പെരുന്നാളുകള്‍- നിശ്ചയിക്കുക വഴി ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന മതമാണ് എന്ന് തെളിയിക്കുകയാണ്. ഒരു മാസം പകല്‍പ്പട്ടിണി പിറ്റേന്ന്- ശവ്വാല്‍ ഒന്നിന് പട്ടിണി നിഷിദ്ധമാക്കിയിരിക്കുന്നു. നല്ലത് ഭക്ഷിക്കണം, പുതുവസ്ത്രമണിയണം. പുതുവസ്ത്രത്തില്‍ സുഗന്ധം പുരട്ടുന്നതിന് മുമ്പ് മനസ്സില്‍ സുഗന്ധം പുരട്ടിയിരിക്കണം അതിനാണ് നിഷ്‌കര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ വ്രതമാസത്തെ പരിഗണിച്ചവനേ പെരുന്നാളിന്റെ സന്തോഷമുള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

ഒരു സമ്പൂര്‍ണ മഹല്ലുസംഗമമായിരിക്കണം രണ്ടുപെരുന്നാളുകളും എന്നാണ് നബി(സ) അഭിലഷിച്ചത്. അവിടുന്ന് ആര്‍ത്തവകാരികളെ വരെ ഈദ്ഗാഹിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാം. 'ഉമ്മു അത്വിയ്യ(റ) പറയുന്നു. കന്യകമാരേയും ആര്‍ത്തവകാരികളേയും രണ്ട് പെരുന്നാളുകളിലും മുസ്‌ലിംകളുടെ സംഗമസ്ഥലത്തേക്ക് (ഈദ്ഗാഹിലേക്ക്) കൊണ്ടുവരാന്‍ നബി(സ) കല്‍പ്പിച്ചു. ആര്‍ത്തവകാരികള്‍ നമസ്‌കാര സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കുകയും മുസ്‌ലിംകളുടെ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളുകയും ചെയ്യട്ടെ. (അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു) ഞങ്ങളിലൊരുവള്‍ക്ക് മേല്‍വസ്ത്രം (ജില്‍ബാബ്) ഇല്ലെങ്കിലോ? തന്റെ കൂട്ടുകാരി അവളുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് അവളെ അണിയിക്കട്ടെ എന്നായിരുന്നു നബി(സ)യുടെ മറുപടി. (ബുഖാരി, മുസ്‌ലിം)

കുട്ടികളും യുവാക്കളും വൃദ്ധരും മാത്രമല്ല ആര്‍ത്തവകാരികളായ സ്ത്രീകള്‍ പോലും പങ്കെടുക്കുന്ന ഒരു സമ്പൂര്‍ണ്ണ സംഗമം തന്നെയാണ് പെരുന്നാളാഘോഷത്തിലെ ഏറ്റവും പ്രധാന ഘടകം. അതിലെ പ്രഘോഷണം അല്ലാഹു അക്ബര്‍ എന്നും. ഏറ്റവും സുന്ദരവും ഏറ്റവും മഹാനുമായ അല്ലാഹുവെ വാഴ്ത്തുകയാണ് ആ പ്രഖ്യാപനത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. അതിനാല്‍ ആഹ്ലാദ പ്രകടനം ആ തക്ബീറിന്ന് (മഹത്വപ്രഖ്യാപനത്തിന്) അനുഗുണമായേ ആകാവൂ.

വര്‍ത്തമാന കാലത്തെ ആഘോഷങ്ങളില്ലെല്ലാം മദ്യം സാന്നിധ്യമുറപ്പിക്കാറുണ്ട്. പരീക്ഷയില്‍ റാങ്ക് നേടിയാല്‍, കുഞ്ഞു പിറന്നാല്‍, ഉദ്യോഗക്കയറ്റം ലഭിച്ചാല്‍ എന്നിങ്ങനെ ഏതു സന്തോഷത്തിലും മദ്യത്തിന്റെ സഹായം തേടുന്ന സ്വഭാവം പ്രചാരം നേടിവരികയാണ്. ഇസ്‌ലാം ഒരു സാഹചര്യത്തിലും മദ്യം അനുവദിക്കുന്നില്ല. ആ പൈശാചികതയോട് ഇസ്‌ലാം തുറന്ന സംഘട്ടനത്തിലാണ്. അതിനാല്‍ പെരുന്നാളാഘോഷത്തില്‍ മദ്യം കടന്നുവരരുത്.

പുതിയ കാലം സംസ്‌കാരങ്ങളുടെ കടം വാങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇസ്‌ലാമിക സംസ്‌കാരം പരിപൂര്‍ണ്ണവും സമ്പന്നവുമാണ്. മദ്യപാനം കടംവാങ്ങുന്ന സംസ്‌കാരമാണ്. അല്ലാഹു അക്ബര്‍ കൊണ്ട് ആരംഭിച്ച് അതിന്റെ സ്വാധീനതയിലൂടെ മുന്നോട്ടുപോയി അതുകൊണ്ട് തന്നെ അവസാനിക്കുന്ന പെരുന്നാളാഘോഷത്തില്‍ ശ്രദ്ധിക്കേണ്ടത് ആ ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല ഭക്തിയുടെ വസ്ത്രം എന്നതാണ്. അഴുക്കുപുരളാതെ സൂക്ഷിക്കണമത്. വ്രതം ഒരു പരിചയായിരുന്നുവല്ലോ. നമുക്ക് ആ മാസത്തില്‍ യുദ്ധത്തിലെ വെട്ടുകള്‍ തടുത്ത് ശരീരത്തെ രക്ഷിക്കുന്ന ധര്‍മ്മമാണ് പരിചക്കു നിര്‍വഹിക്കാനുള്ളത്. റമദാനിലേതു പോലെ തന്നെ പുണ്യം ചെയ്യാന്‍ മറ്റു മാസങ്ങളില്‍ കഴിഞ്ഞില്ലെങ്കിലും തിന്മയുടെ പ്രഹരം ഏല്‍ക്കുന്നത് നമുക്ക് ഒഴിവാക്കാന്‍ എപ്പോഴും കഴിയണം. അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ നമസ്‌കരിച്ചിട്ടില്ല എന്നാണര്‍ത്ഥം. നമസ്‌കാരം മ്ലേച്ഛമായ കാര്യങ്ങളില്‍ നിന്ന് തടയും എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. നോമ്പിനുനേടിയ പരിചയും അഞ്ചുനേരത്തെ നമസ്‌കാരവും ചേര്‍ന്ന് നമ്മെ വിശുദ്ധരാക്കുമ്പോള്‍ അഥവാ സമൂഹത്തിന് മാതൃകയായി വര്‍ത്തിക്കാന്‍ നമ്മെ പരുവപ്പെടുത്തുമ്പോള്‍ നാം വിജയികളാകും. പെരുന്നാളാഘോഷം ഭക്തിമയമായാല്‍ തുടര്‍ന്നുള്ള നാളുകള്‍ ധന്യമാവും. പ്രപഞ്ചകര്‍ത്താവ് നമുക്കുതന്ന അനുഗ്രഹങ്ങള്‍ ഓരോന്നിന്നും നന്ദി പ്രകടിപ്പിക്കാന്‍ പാകപ്പെട്ട ഒരു മനസ്സ് നാം ആര്‍ജിക്കുക.

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

Real Estate
ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

ഇഹലോകത്ത് ഭൂമിയുടെ വില എല്ലാവര്‍ക്കും ഒരുപോലെയാണ്. പരലോകത്തെ സ്ഥിതി അങ്ങനെയല്ല. വ്യക്തിക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. ഒരു ലക്ഷം രൂപക്ക് ചിലര്‍ക്ക് കിട്ടാത്തത് മറ്റുചിലര്‍ക്ക് നൂറു രൂപക്ക് കിട്ടിയെന്ന് വരും. സ്വര്‍ഗത്തില്‍ സ്ഥലം പതിച്ചു കിട്ടുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അനന്തരാവകാശം കിട്ടുന്നവര്‍ എന്നാണ് ഖുര്‍ആന്റെ പ്രയോഗം. 'അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.' (ഖുര്‍ആന്‍: 23: 10-34) അത് വിജയികള്‍ക്കുള്ളതാണ്. നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുക, അനാവശ്യ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, സകാത്ത് നല്‍കുക, ലൈംഗികാവയവങ്ങളെ സൂക്ഷിക്കുക, അമാനത്തുകളും കരാറുകളും പാലിക്കുക, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക എന്നിവയാണ് വിജയിക്കുന്നവരുടെ സ്വഭാവം.

എങ്ങനെയാണ് വില വ്യക്തികള്‍ക്കനുസരിച്ച് മാറുക എന്നു നോക്കാം. അമ്പതിനായിരം രൂപ മാസം തോറും വാടക കിട്ടുന്നവന്‍ ഒരു ദരിദ്രന് അഞ്ഞൂറ് രൂപ ദാനം നല്‍കുന്നു. കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്ന ഒരാള്‍ തന്റെ നിത്യകൂലിയായ മുന്നൂറ് രൂപയില്‍ നിന്ന് നൂറ് രൂപ ദാനം ചെയ്യുന്നു. രണ്ടു പേര്‍ നല്‍കിയ നൂറ് രൂപക്കും മാര്‍ക്കറ്റില്‍ ഒരേ വിലയാണ്. രണ്ടു നൂറു രൂപകൊണ്ടും ഓരോ കിലോ മത്തി ലഭിക്കും. അല്ലാഹുവിന്റെയടുക്കല്‍ ഇപ്പറഞ്ഞ അഞ്ഞൂറിനേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും പലചരക്കു കടയിലെ തൊഴിലാളിയുടെ നൂറിന് ലഭിക്കുക. നന്മയുടെ തുലാസില്‍ നൂറ് രൂപ വീഴുമ്പോള്‍ അത് അത്ഭുതകരമായി താഴുന്നത് മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം നാം ദാനം ചെയ്യേണ്ടത്. ഇത്തരം ദാനക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് സകാത്തും സദഖയുമായി ലഭിക്കുന്ന പണം കൊണ്ട് ദാനം ചെയ്യുന്നവരെയും കാണാന്‍ കഴിയും. തനിക്കും തന്റെ അയല്‍ക്കാരനും ഒരേ തുക സകാത്ത് ലഭിച്ചപ്പോള്‍ തന്നെക്കാള്‍ ദരിദ്രനാണ് അയല്‍വാസി എന്നു മനസ്സിലാക്കി അതില്‍ നിന്ന് അയാള്‍ക്ക് കൊടുക്കുന്നവര്‍ ! ആ ഹൃദയവിശാലത പരലോക സൗഖ്യം ലക്ഷ്യം വെക്കുന്നവര്‍ക്കേ ഉണ്ടാവുകയുള്ളൂ. അല്ലാഹു പറയുന്നു: 'ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായി കൊണ്ട് അതിന്നുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.' (ഖുര്‍ആന്‍: 17: 19)

പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്.

വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം)

ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.

മഹാനായവന്റെ സല്‍ക്കാരം

reception salkkaram


നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ. അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും. ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്. അവഗണിക്കപ്പെടത്തക്ക വല്ല ദുസ്വഭാവവും നമ്മിലുണ്ടോ എന്ന പരിശോധനയാണ് നമ്മുടെ ബാധ്യത.

ഏറ്റവും വലിയ മഹാന്‍ അല്ലാഹുവാണ്. അല്ലാഹുവിനാല്‍ അവഗണിക്കപ്പെടുന്നതിനേക്കാള്‍ വലിയ മറ്റൊരു നഷ്ടം മനുഷ്യര്‍ക്ക് സംഭവിക്കാനില്ല. അല്ലാഹു ആരെയും വെറുതെ അവഗണിക്കുകയില്ല. അല്ലാഹുവെ അവഗണിച്ചവരെ മാത്രമെ അവന്‍ അവഗണിക്കുകയുള്ളു. അല്ലാഹുവെ ഓര്‍ക്കുന്നവനെ അല്ലാഹു ഓര്‍ക്കും. അല്ലാഹുവെ അവഗണിച്ചവന് അല്ലാഹു ഒരു പരിഗണനയും നല്‍കുകയില്ല. ശാന്തിഭവനമായ സ്വര്‍ഗത്തിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത് ഇഷ്ടം പോലെ വിഭവങ്ങള്‍ ഒരുക്കിവെച്ചുകൊണ്ടാണ്. നമുക്ക് ആ സല്‍ക്കാര ക്ഷണവും സല്‍ക്കാരവും ഖുര്‍ആനില്‍ നിന്ന് പരിചയപ്പെടാം. 'അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍.' (വി.ഖു 10: 25-26)

ക്ഷണിക്കപ്പെട്ടവരൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. നോമ്പ് നോറ്റവര്‍ക്ക് പ്രത്യേകമായ ഒരു സ്വര്‍ഗവാതിലുണ്ടെന്നും അവര്‍ക്കുമാത്രമേ അതിലൂടെ പ്രവേശനമുളളൂ എന്നും ഓര്‍ത്തുകൊണ്ട് നോമ്പനുഷ്ഠിക്കണം. എല്ലാ സ്വര്‍ഗവാതിലുകളും ചിലര്‍ക്ക് കൊട്ടിയടക്കപ്പെടും. ഒന്നിനും അവര്‍ അര്‍ഹത നേടിയില്ല എന്നതായിരിക്കും അതിന്റെ കാരണം.' തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മക്കുള്ള പ്രതിഫലം അതിനു തുല്യമായതായിരിക്കും...' (10: 27) എന്ന ഇളവുകൂടി പ്രഖ്യാപിച്ച് സ്വര്‍ഗത്തിലെത്താന്‍ പരമാവധി സൗകര്യം അല്ലാഹു ചെയ്തുതന്നിട്ടുണ്ട്.

അതെല്ലാം അവഗണിച്ച വരെ മാത്രമെ അല്ലാഹു അവഗണിക്കുകയുള്ളൂ. തിന്മ ചെയ്തവന് ശിക്ഷവര്‍ധിപ്പിക്കാതിരിക്കുകയും നന്മ ചെയ്തവന് പ്രതിഫലം പല ഇരട്ടികളായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടും സ്വര്‍ഗത്തിലേക്കുളള സല്‍ക്കാരത്തിന് അര്‍ഹത നേടാത്തവന്‍ പുറംതളളപ്പെടുക തന്നെ വേണം. സല്‍ക്കാരം ലഭിക്കാനുളള നിബന്ധന അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ' തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍' (18: 107)

സ്വര്‍ഗമുണ്ട് എന്നുറച്ചുവിശ്വസിച്ചു കൊണ്ട് സല്‍ക്കര്‍മം ചെയ്തവനേ തന്റെ പ്രയത്‌നം ഫലപ്പെടുകയുള്ളൂ. സ്വര്‍ഗം സൃഷ്ടിച്ച അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കരുത് എന്നതാണ് ഒന്നാമത്തെ നിബന്ധന. അവര്‍ക്കായി ആയിരംമാസത്തെ കര്‍മങ്ങള്‍ക്ക് തുല്യമായ ഒരു രാത്രി റമദാനില്‍ അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയാണ്. അതിന്റെ വാര്‍ഷിക ദിനത്തില്‍ ആ പ്രതിഫലം അതാഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും. 'തീര്‍ച്ചയായും ഇതിനെ നാം ലൈലത്തുല്‍ഖദ്‌റില്‍ (നിര്‍ണയരാവില്‍) ഇറക്കിയിരിക്കുന്നു. നിര്‍ണയരാവിനെക്കുറിച്ച് നിനക്ക് എന്തറിയാം. നിര്‍ണയരാവ് ആയിരംമാസത്തേക്കാള്‍ ഉത്തമമാവുന്നു.' (97: 1-3)

ആ രാത്രി റമദാനിലെ ഇന്ന ദിനമാണെന്ന് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞു തന്നിട്ടില്ല. റമദാനിലെ അവസാനത്തെ പത്തു ദിനങ്ങളില്‍ നിങ്ങളത് തേടിക്കൊള്ളുക എന്നാണ് നബി(സ) പറഞ്ഞത്. അല്ലാഹുവിന്റെ സല്‍ക്കാരം ലഭിക്കാനുളള മാര്‍ഗങ്ങളിലൊന്നാണ് റമദാനിലെ അവസാനത്തെ പത്തിലെ പ്രയത്‌നങ്ങള്‍.

അവസാനത്തെ പത്തിലേക്കെത്തുമ്പോഴേക്കു തന്നെ സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ വിശ്വാസികള്‍ ഉള്‍പ്പെട്ടിരിക്കണം. വല്ല കമ്മിയും അതില്‍ വന്നുപോയെങ്കില്‍ അതു നികത്തി സ്വര്‍ഗം ഉറപ്പാക്കാനുളളതാണ് തുടര്‍ന്നുള്ള നാളുകള്‍. അത് പ്രാധാന്യം നല്‍കപ്പെടേണ്ട ധന്യ മുഹൂര്‍ത്തങ്ങളാണെന്ന് റസൂല്‍(സ)യുടെ വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്. മറ്റു ദിനങ്ങളിലേക്കാള്‍ കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ അവിടുന്ന് റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. ഭജനയിരുന്നതും (ഇഅ്തികാഫ്) ഈ ദിനങ്ങളില്‍ തന്നെ. മനോവിശുദ്ധിയും കര്‍മവിശുദ്ധിയും കൊണ്ട് സ്വര്‍ഗത്തിലെ വിരുന്നു തേടുക.

Sunday, July 14, 2013

നമ്മുടെ മക്കളെ റമദാനിനായി ഒരുക്കാം


ramadan child
റമദാനിന്റെ മന്ദമാരുതന്‍ നമ്മിലേക്ക് അടിച്ചു വീശാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കി. നന്‍മയുടെയും പുണ്യത്തിന്റെയും കാരുണ്യത്തിന്റെയും മാസം. നമ്മില്‍ ചിലര്‍ ആ മാസത്തെ വരവേല്‍ക്കുന്നത് രുചികരമായ ഭക്ഷണം കൊതിമാറെത്തിന്നും ഇഷ്ടപാനീയങ്ങള്‍ കുടിച്ചുമൊക്കെയാണ്. പക്ഷെ മറ്റു ചിലര്‍ പ്രാര്‍ത്ഥനകളും നോമ്പും ഖുര്‍ആന്‍ പാരായണവുമെല്ലാം അധികരിപ്പിച്ചു കൊണ്ടാണ് അതിനെ വരവേല്‍ക്കുന്നത്. ഇത്തരം ഒരുക്കങ്ങള്‍ക്കിടയില്‍( ആത്മീയമോ ഭൗതികമോ ഏതായാലും) നമ്മുടെ മക്കളെ നോമ്പിനായി തയ്യാറെടുപ്പിക്കാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കാറില്ല. അതിനു സമയവുമില്ല. ചിലര്‍ക്ക് അവരെ നോമ്പിനായി തയാറെടുപ്പിക്കണമെന്നുണ്ടെങ്കിലും അതിനുള്ള വഴി അവര്‍ക്കറിയില്ല. അക്കാര്യമാണ് ഈ കുറിപ്പിലൂടെ മാന്യ വായനക്കാരെ ഉണര്‍ത്താനുദ്ദേശിക്കുന്നത്. റമദാനെ താല്‍പര്യപൂര്‍വം സ്വീകരിക്കാന്‍ കുട്ടികള്‍ക്ക് ആവേശമുണ്ടാക്കുന്ന ചില കാര്യങ്ങളാണിവ. മാതാപിതാക്കള്‍ പ്രത്യേകം വായിച്ച് പരിശുദ്ധ മാസത്തിനായി കുട്ടികളെ തയാറെടുപ്പിക്കുക.

- വിശുദ്ധമാസത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുക. ആ മാസത്തില്‍ ലഭിക്കാന്‍ പോകുന്ന ദൈവികമായ പ്രതിഫലത്തെക്കുറിച്ചും പുണ്യങ്ങളെക്കുറിച്ചും കുട്ടികളുടെ മനസില്‍ മികച്ച ധാരണയുണ്ടാക്കാന്‍ അതുവഴി സാധിക്കും. അവരുടെ ചിന്തയിലും കര്‍മ്മങ്ങളിലും താല്‍പര്യമുണര്‍ത്തുന്ന വിധത്തില്‍ ആ മാസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു കൊടുക്കുക.

- റമദാനുമായി ബന്ധപ്പെട്ട കഥകളും റമാദാനില്‍ നടന്ന സംഭവങ്ങളും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക.

- ചെറുപ്പത്തില്‍ തങ്ങള്‍ക്കുണ്ടായ നല്ല നോമ്പനുഭവങ്ങളും ഓര്‍മ്മകളും മക്കളുമായി പങ്കുവെക്കുക.

പ്രോത്സാഹനവും പങ്കാളിത്തവും

- റമദാനുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്നൊരുക്കങ്ങളില്‍ മക്കളെയും പങ്കാളികളാക്കുക. വീട് വൃത്തിയാക്കി അലങ്കരിക്കുമ്പോഴും വീട്ടു സാധനങ്ങള്‍ വാങ്ങുമ്പോഴുമൊക്കെ. അത്തരം പങ്കാളിത്തം മക്കളില്‍ റമദാനോട് ഇഷ്ടമുണ്ടാക്കും. റമാദാന് ബാക്കിയുള്ള ദിനങ്ങള്‍ അടയാളപ്പെടുത്തിയ ചാര്‍ട്ട് നിര്‍മ്മിച്ച് , എത്ര ദിവസം ബാക്കിയുണ്ടെന്ന് നിരന്തരം അവരോട് ആരായുക.

മുന്നൊരുക്കങ്ങള്‍

- റമാദാനു മുമ്പ് ഏതെങ്കിലും ഒരു ദിവസം കുടുംബത്തിലെ കുട്ടികളെ മുഴുവന്‍ കുട്ടികളെയും ഒരുമിച്ചു കൂട്ടി ഒരു കുടുംബ പരിപാടി സംഘടിപ്പിക്കുക.

- കൊച്ചു കൊച്ചു സമ്മാനങ്ങള്‍ വാങ്ങുകയും നോമ്പിന്റെ മുമ്പ് ആ സമ്മനങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുക.

- റമദാനിലുടനീളം ഗൃഹയോഗങ്ങള്‍ സംഘടിപ്പിക്കുക. ഖുര്‍ആന്‍ പാരായണവും സംസ്‌കരണ പ്രവര്‍ത്തനങ്ങളും നടത്തുകയും കുട്ടികള്‍ക്കാവും വിധം അവരെ പങ്കെടുപ്പിക്കുകയും ചെയ്യുക.

- നോമ്പുകാരന്റെ പ്രാര്‍ത്ഥന പടച്ചവന്‍ പെട്ടെന്നു കേള്‍ക്കുമെന്ന് കുട്ടികളെ ധരിപ്പിക്കുക. നോമ്പിന്റെ അവസാനത്തില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. ഈമാനികമായ ആവേശം എന്നും കുട്ടികളില്‍ നിറക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തക. കാരണം അതു വഴി മാതാപിതാക്കളെ അനുസരിക്കാനും അനുധാവനം ചെയ്യാനും റമാദനെ സ്വീകരിക്കാനും കുട്ടികളില്‍ താല്‍പര്യമുണ്ടാകും.

വിവ : ഇസ്മാഈല്‍ അഫ്ഫാഫ്

Monday, July 8, 2013

നോമ്പ്(വ്രതാനുഷ്ഠാന‌ം)

ഇസ്ലാം മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ നാലാമത്തേതാണ്‌ റമസാന്‍ വ്രതാനുഷ്ഠാന‌ം.
 അതിപ്രധാനമായ ഒരു ആരാധനാ കര്‍‌‍മ്മമാണത്. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും കരസ്ഥമാക്കുന്നതിനുവേണ്ടി പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ശരീരേഛകളും തടഞ്ഞു നിര്‍ത്തുക, അല്ലാഹുവിനെ അനുസരിക്കുന്നതിന്‌ വേണ്ടി നമ്മുടെ ആഗ്രഹങ്ങളും താല്പര്യങ്ങളും നിഗ്രഹിക്കുക - ഇതിനാണ്‌ വ്രതാനുഷ്ഠാനം എന്നു പറയുന്നത്.










ഹിജ്റ രണ്ടാം കൊല്ലം ശ‌അബാന്‍ മാസത്തിലാണ്‌ റമസാന്‍ വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സന്ദേശം ഇറങ്ങിയത്‌. വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കപ്പെടുന്ന ഒരേയൊരു സമുദായമല്ല മുഹമ്മദ് നബി(സ)യുടെ സമുദായം. അവര്‍ക്ക് മുമ്പുള്ള സമുദായങ്ങളിലും വ്രതാനുഷ്ഠാന‌ം നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു, "സത്യവിശ്വാസികളെ, നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടി. നിങ്ങളില്‍ നിന്നു ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് പ്രസ്തുത എണ്ണം നോറ്റുവീട്ടേണ്ടതാണ്. ( 2:183 )". ചന്ദ്രവര്‍‌‍ഷത്തില്‍ 12 മാസങ്ങളുണ്ടല്ലോ. ഇതില്‍ എന്തുകൊണ്ടാണ്‌ റമസാന്‍ മാസത്തെ വ്രതാനുഷ്ഠാനത്തിനുവേണ്ടി തെരഞ്ഞെടുത്തത്‌? ഈ ചോദ്യത്തിന്‌ വിശുദ്ധ ഖുര്‍‌ആന്‍ തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. "മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍‌‍ശനമായും വ്യക്തമായ സന്മാര്‍‌ഗ്ഗിക നിര്‍ദ്ദേശങ്ങളോടെയും സത്യത്തെയും അസത്യത്തെയും തമ്മില്‍ വേര്‍‌‌തിരിക്കുന്നതായും ഖുര്‍‌ആന്‍ ഇറക്കപ്പെട്ട മാസമാകുന്നു റമസാന്‍ മാസം. ആ മാസത്തില്‍ ഹാജറുള്ളവര്‍ വ്രതാനുഷ്ഠിച്ചു കൊള്ളട്ടെ ( 2:185 )".
മനുഷ്യ സമൂഹത്തിന്‌ അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍. ഖുര്‍‌ആനാണ്‌ നമുക്ക് വെളിച്ചവും ജീവിതത്തില്‍ ദിശാബോധവും നല്‍‌‍കിയത്‌. ഖുര്‍‌ആന്‍ അവതീര്‍‌ണ്ണമായ മാസമാണ്‌ റമസാന്‍ മാസം. അതുകൊണ്ടാണ്‌ വ്രതാനുഷ്ഠാനത്തിന്‌ പ്രസ്തുത മാസം തന്നെ തെരഞ്ഞെടുത്തിട്ടുള്ളത്‌.
മറ്റു ആരാധനാ കര്‍‌മ്മങ്ങളില്‍‌നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആരാധനാ കര്‍‌മ്മമാണ്‌ വ്രതാനുഷ്ഠാന‌ം. പ്രഭാതം മുതല്‍ പ്രദോഷം വരെയും അന്നപാനീയങ്ങളും ദേഹേഛകളും തടഞ്ഞു നിര്‍ത്തുകയെന്നത് ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌. നല്ല ക്ഷമയും സഹന ശക്തിയും ഉണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ. അരികത്ത് ഭക്ഷണ പാനീയങ്ങളുണ്ട്. നല്ല വിശപ്പും ദാഹവും അനുഭവപ്പെടുന്നുമുണ്ട്. എന്നിട്ടും ഭക്ഷണ പനീയങ്ങള്‍ നാം ഉപയോഗിക്കുന്നില്ല. ലൈംഗികേഛ ഉണ്ടായിട്ടും സ്വന്തം ഭാര്യ അല്ലെങ്കില്‍ ഭര്‍‌‍ത്താവ് കൂടെ ഉണ്ടായിട്ടും നാം ആ ഇഛ പൂര്‍ത്തിയാക്കാന്‍ മുതിരുന്നില്ല. ഇത് ഒരു ത്യാഗം തന്നെയാണ്‌. എന്തിനാണ്‌ നാം ഈ ത്യാഗം ചെയ്യുന്നത് ? സര്‍‌വ്വശക്തനായ അല്ലാഹുവിന്റെ പ്രീതിക്കും പൊരുത്തത്തിനും വേണ്ടി തന്നെ. മറ്റാളുകളെ കാണിക്കാന്‍ വേണ്ടി ആരും നോമ്പ് നോല്‍‌‍ക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ അല്ലാഹുവും അവന്റെ ദാസനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണ്‌ നോമ്പ്. ഒരാള്‍ നോമ്പ് നോറ്റിട്ടുണ്ട് എന്ന് അല്ലഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ടാണ്‌ നബി(സ) പറഞ്ഞത്, അല്ലാഹു ഇങ്ങനെ പറയുകയുണ്ടായി : "നോമ്പ് എനിക്കുള്ളതാണ്‌, ഞാനാണ്‌ അതിന്‌ പ്രതിഫലം കൊടുക്കുക"
എല്ലാ ആരാധനകളും അല്ലാഹുവിന്‌ തന്നെയാണ്‌. എല്ലാ ആരാധനകള്‍‌ക്കും പ്രതിഫലം കൊടുക്കുന്നതും അല്ലാഹു തന്നെ. പക്ഷെ നോമ്പിന്‌ സവിശേഷമായ സ്ഥാനവും പ്രതിഫലവും ഉണ്ടെന്നാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്.
വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി ആരെങ്കിലും റമസാന്‍ മാസം നോമ്പെടുത്താല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) അരുള്‍ ചെയ്തിരിക്കുന്നു.
വിശുദ്ധ റമസാന്‍ പല അനുഗ്രഹങ്ങളാലും സമ്പന്നമാണ്‌. ഖുര്‍‌ആന്‍, തൗ‌റാത്ത്, ഇഞ്ചീല്‍, സബൂര്‍ എന്നീ പരിശുദ്ധ ഗ്രന്ഥങ്ങളുടെ അവതരണം, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റ്, പിശാചുകള്‍ക്ക് ബന്ധനം, നരക മോചനം, മഹത്തായ പ്രതിഫല വാഗ്ദാനം തുടങ്ങിയവ അതില്‍ ചിലതാണ്‌. റമസാനിലെ ആദ്യത്തെ പത്ത് റഹ്മത്തിനെയും മധ്യ പത്ത് പാപമോചനത്തേയും അവസാന പത്ത് നരക മുക്തിയേയും കുറിക്കുന്നതാണ്‌. മറ്റു മാസങ്ങളില്‍ ഇല്ലാത്ത പല ആരാധനാകര്‍‌മ്മങ്ങളും പ്രാര്‍‌ഥനാ വചനങ്ങളും ഈ പുണ്യമാസത്തിന്റെ പ്രത്യേകതയാണ്‌. നന്മകള്‍ വാരിക്കൂട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് റമസാന്‍ മുഴുക്കെ സുവര്‍‌ണ്ണാവസരമാകുന്നു. ഈ മാസത്തിന്റെ പവിത്രതയെ അറിഞ്ഞ് ആദരിക്കാന്‍‌ ഓരോ മുസ്ലിമും കടപ്പെട്ടവനാണ്‌. റമസാനിനോടുള്ള അനാദരവ് വിശ്വാസത്തിന്റെ ബലഹീനതയിലേക്കും ജീവിത ലക്ഷ്യത്തിന്റെ മാര്‍‌ഗഭ്രംശത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
ദൈവിക അനുഗ്രഹത്തിന്റെ വിശുദ്ധമാസമാണ്‌ റമസാന്‍. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍‌ഷിക്കുകയും അടിമകള്‍ സദ്കര്‍‌മ്മങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്ന ഈ പുണ്യമാസത്തില്‍ പാപവിമുക്തിയും പ്രാര്‍ത്ഥനകള്‍‌‍ക്ക് ഉത്തരമേകുകയും ചെയ്യുന്നു. റമസാനിന്റെ വിശുദ്ധ ദിനരാത്രികളില്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗ വാതായനങ്ങള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. വിശുദ്ധ റമസാന്റെ പവിത്രതയും പരിശുദ്ധിയും സം‌രക്ഷിക്കാന്‍ നാം മുസ്ലിംകള്‍ കല്‍‌പ്പിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പുണ്യദിനങ്ങളില്‍ പാപ മോക്ഷത്തിന്‌ വേണ്ടിയുള്ള ആരാധനകളില്‍ നാം വ്യാപൃതരാവണം. വിശുദ്ധ റമസാന്റെ മതകീയ പാഠങ്ങളും പ്രത്യേക അനുഷ്ഠാനങ്ങളും മത ജ്ഞാനികളോട് ചോദിച്ച് മനസ്സിലാക്കണം. ക്ഷമ, കാരുണ്യം, സദ്സ്വഭാവം തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ നോമ്പുകാരന്‍ കൈവരിക്കണം. വ്രതാനുഷ്ഠാനത്തിലും അനുബന്ധ കര്‍‌മ്മങ്ങളിലും ദൈവീക സാമീപ്യം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രവാചകന്‍ (സ ) പറയുന്നു: " കാപട്യ മുക്തവും ദൈവീക പ്രതിഫലം ഉദ്ദേശിച്ചുള്ളതുമായ പ്രവര്‍‌ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ " ( നസാഇ ). വ്രത കാലത്തെ ആര്‍‌ഭാടങ്ങള്‍ ഒഴിവാക്കണം. ഭക്ഷണ വിഭവങ്ങളില്‍ സമൂഹത്തില്‍ കണ്ടു വരുന്ന ധാരാളിത്ത പ്രവണത അവസാനിപ്പിക്കാന്‍ ഒരോ മുസ്ലിമും ബദ്ധശ്രദ്ധരാവണം. ഖുര്‍‌ആന്‍ സൂക്തം 7-31 )o വചനത്തില്‍ പറയുന്നു: "നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. ദുര്‍‌വ്യായം അരുത്. ദുര്‍‌വ്യായം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല". അവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും അവശ്യ പൂര്‍‌ത്തീകരണത്തില്‍ ബോധവാന്മാരാവാനും നാം തയ്യാറാവണം. ദൈവിക അനുഗ്രഹത്തിന്റെ ഈ വസന്ത കാലത്ത് സദ്കര്‍‌മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നാം നമ്മുടെ ശരീരങ്ങള്‍ പാകപ്പെടുത്തണം. നരക മോചനവും സ്വര്‍ഗ പ്രവേശവും വിധിക്കപ്പെടുന്ന സംഘങ്ങളില്‍ ഉള്‍പ്പെടാന്‍ നാം ആരാധനകളില്‍ പങ്ക് കൊള്ളണം. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.
നോമ്പിന്റെ സമയം
ഇസ്ലാമിലെ എല്ലാ കര്‍മാനുഷ്ഠാനങ്ങള്‍ക്കും നിര്‍‌ണയിക്കപ്പെട്ട സമയമുണ്ട്. നോമ്പിന്റെ കാര്യവും അങ്ങിനെ തന്നെ. ശ‌അബാന്‍ 29 പൂര്‍‌ത്തിയായി മാസപ്പിറവി കാണുകയോ അല്ലെങ്കില്‍ ശ‌അബാന്‍ 30 പൂര്‍‌ത്തിയാവുകയോ ചെയ്താല്‍ നോമ്പ് നിര്‍ബന്ധമാവുന്നതാണ്‌.
നോമ്പ് നിര്‍ബന്ധമായവര്‍
പ്രായപൂര്‍‌ത്തിയും ബുദ്ധിയും ശാരീരിക ശേഷിയുമുള്ള എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാര്‍ക്കും നോമ്പ് നിര്‍‌‍ബന്ധമാണ്‌. ബുദ്ധിയില്ലാത്ത ഭ്രാന്തന്മാര്‍ക്കും പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടികള്‍ക്കും നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ കുട്ടികളെ നോമ്പ് നോല്‍‌ക്കാന്‍ പരിശീലിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്‌. വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഇസ്ലാം ചിലര്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. രോഗികള്‍, യാത്രക്കാര്‍, ഹൈള്‌ ( ആര്‍‌ത്തവം ), നിഫാസ് ( പ്രസവം ) ഇവയുള്ള സ്ത്രീകള്‍ - ഇവരൊന്നും നോമ്പ് നോക്കേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് നഷ്ടപ്പെട്ട അത്രയും എണ്ണം നോമ്പ് പിന്നീടവര്‍ നോറ്റ് വീട്ടേണ്ടതാണ്‌. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത് കാണുക : "നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ നിന്ന് (നഷ്ടപ്പെട്ട അത്രയും) എണ്ണം പൂര്‍ത്തിയാക്കേണ്ടതാണ്‌. അല്ലാഹു നിങ്ങള്‍ക്ക് സൗകര്യത്തെയാണുദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കണം എന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല" ( 2:184 )
നോമ്പിന്റെ ഫര്‍‌ളുകള്‍
1. നിയ്യത്ത് : നിയ്യത്താണ്‌ ഇസ്ലാമിക കര്‍‌മ്മങ്ങളുടെ അടിസ്ഥാനം. " അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് റമളാന്‍ മാസത്തിലെ നാളത്തെ നോമ്പ് നോറ്റ് വീട്ടുവാന്‍ ഞാന്‍ കരുതി " എന്ന് നിയ്യത്ത് ചെയ്യുക. വേറെ ഒരു അഭിപ്രായത്തില്‍ റമസാന്റെ മുഴുവന്‍ നോമ്പിനും കൂടി ഒരു നിയ്യത്ത് ചെയ്താല്‍ മതി എന്നുമുണ്ട്. നിയ്യത്ത് ഉണ്ടാവേണ്ടാത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നാണ്‌, നാവില്‍ നിന്നല്ല. എന്നാല്‍ മനസ്സില്‍ നിന്നുണ്ടാകുന്ന നിയ്യത്ത് നാവ്‌ കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്താല്‍ വളരെ നന്നായിത്തീര്‍ന്നു. മനസ്സില്‍ നിയ്യത്തില്ലാതെ നാവ് കൊണ്ട് പറഞ്ഞതുകൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല.
2. നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് വിട്ടുനില്‍‌ക്കല്‍
നോമ്പുകാരന്റെ ശരീരത്തിനകത്തേക്ക് ഭക്ഷണമോ പാനീയമോ മറ്റെന്തെങ്കിലുമോ കടക്കുക, സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍‌പ്പെടുക, അറിഞ്ഞുകൊണ്ട് ശുക്ലസ്ഖലനം സംഭവിക്കുക - ഇവയെല്ലാം നോമ്പ് മുറിയുന്ന കാര്യങ്ങളാണ്‌. ഉറക്കത്തില്‍ അറിയാതെ സ്ഖലനമുണ്ടായാല്‍ നോം‌മ്പ് മുറിയുകയില്ല. രാത്രി കാലങ്ങളില്‍ ഭാര്യാഭര്‍‌ത്താക്കന്മാര്‍ തമ്മില്‍ ലൈംഗിക വേഴ്ച നടത്തുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതുകൊണ്ട് നോം‌മ്പ് മുറിയുകയില്ല.
നോമ്പിന്റെ സുന്നത്തുകള്‍
അത്താഴം കഴിക്കുക (അത് ഒരു മുറുക്ക് വെള്ളമായാലും മതി). അത്താഴം പിന്തിപ്പിക്കുക. അത്താഴത്തിന്റെയും സുബ്‌ഹിന്റെയും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയം എന്നതാണ്‌ നബിചര്യ ). അത്താഴ ശേഷം താഴെ പറയുന്നത് ചൊല്ലുക
വലിയ അശുദ്ധിയുണ്ടെങ്കില്‍ ഫജ്റിന്‌ മുമ്പ് കുളിക്കുക.
പകലില്‍ സുറുമയും സുഗന്ധവും വര്‍‌ജിക്കുക.
അവയവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍‌പ്പെടുത്തുക.
ഖുര്‍‌ആന്‍ പാരായണം, ഇഅ്‌തികാഫ്, സ്വദഖ, മറ്റ് പുണ്യ കര്‍മങ്ങളും വര്‍ധിപ്പിക്കുക.
നോമ്പ് തുറക്കേണ്ട സമയമായാല്‍ ഉടനെ നോമ്പ് തുറക്കുക, നോമ്പ് തുറക്കുന്നത് വൈകിക്കാതിരിക്കുക. കാരക്ക കൊണ്ടോ കാരക്ക കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ടോ ആണ്‌ നോമ്പ് തുറക്കേണ്ടത്.
നോമ്പ് തുറന്ന ഉടന്‍
"അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ നോമ്പ് നോറ്റു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്തു.". എന്ന് ചൊല്ലല്‍ സുന്നത്താണ്‌
വെള്ളം കൊണ്ട് നോ‌മ്പ് തുറന്നാല്‍
"ദാഹം ശമിച്ചു, നാഡി ഞരമ്പുകള്‍ നനഞ്ഞു, അല്ലഹു ഉദ്ദേശിച്ചെങ്കില്‍ പ്രതിഫലം ഉറക്കുകയും ചെയ്തു.", എന്ന് കൂടി ചൊല്ലല്‍ സുന്നത്ത് ഉണ്ട്
നോമ്പിന്റെ കറാഹത്തുകള്‍
അകാരണമായി ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുക, വായിലിട്ട് വല്ലതും ചവക്കുക, ആവശ്യമില്ലാതെ ഭക്ഷണം രുചിച്ച് നോക്കുക, വികാരോത്തേജനമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍‌പ്പെടുക, കൊപ്ലിക്കുകയോ, മൂക്കില്‍ കയറ്റിച്ചീറ്റുമ്പോഴോ അമിതമായി വെള്ളമുപയോഗിക്കുക - ഇതെല്ലാം കറാഹത്തുകളാണ്‌.
ചില പ്രാര്‍ത്ഥനകള്‍
1. റമസാന്‍ മുഴുവനും പ്രാര്‍ത്ഥിക്കേണ്ടത്
"അല്ലാഹു അല്ലാതെ ഇലാഹില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവനോട് ഞാന്‍ പാപമോചനം തേടുന്നു. അവനൊട് സ്വര്‍ഗം ചോദിക്കുകയും നരഗത്തില്‍ നിന്ന് കാവല്‍ തേടുകയും ചെയ്യുന്നു."
2. ഒന്നാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്
"ഏറ്റവും കൂടുതല്‍ അനുഗ്രഹം ചൊരിയുന്ന അല്ലാഹുവേ, നീ എനിക്ക് അനുഗ്രഹം ചൊരിയണമേ."
3. രണ്ടാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്
"ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ ദോഷങ്ങള്‍ പൊറുക്കേണമേ."
4. മൂന്നാം പത്തില്‍ പ്രാര്‍ത്ഥിക്കേണ്ടത്
"ലോക രക്ഷിതാവായ അല്ലാഹുവേ, നീ എന്നെ നരഗത്തില്‍ നിന്ന് മോചിപ്പിക്കുകയും സ്വര്‍ഗത്തില്‍ കടത്തുകയും ചെയ്യേണമേ."
"അല്ലാഹുവേ, നീ മാപ്പ് ചെയ്യുന്നവനാണ്‌. മാപ്പ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നവനും, അതുകൊണ്ട് നീ എനിക്ക് മാപ്പ് ചെയ്യേണമേ."
നോമ്പിനെ കുറിചു‌ള്ള ചില ഹദീസുകള്‍
നബി (സ) പറഞ്ഞു: ആരെങ്കിലും വിശ്വാസ ദാര്‍ഢ്യത്തോടേയും പ്രതിഫലേച്ഛയോടെയും റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍‍‌കഴിഞ്ഞ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്‌. (ബുഖാരി, മുസ്ലിം)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: നോമ്പ് പരിചയാണ്‌. അതിനാല്‍ നിങ്ങളില്‍ ഒരുവന്‍ അവന്റെ നോമ്പ് ദിവസമായാല്‍ അവന്‍ അനാവശ്യം പ്രവര്‍ത്തിക്കരുത്, അട്ടഹസിക്കരുത്, അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പ് അനുഷ്ഠിച്ച മനുഷ്യനാണ്‌ എന്നു പറയട്ടെ. നോമ്പുകാരന്‌ രണ്ട് സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: റമസാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: റമസാന്‍ സമാഗതമായാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരഗത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും ചെയ്യും. (ബുഖാരി)
അബൂഹുറൈറ(റ) നിവേദനം : നബി(സ) അരുളി: ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും എഴുന്നേറ്റ് നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമസാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. അവനെ അതിന്‌ പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കുന്നതുമായിരിക്കണം. (ബുഖാരി)