Monday, July 15, 2013

വെറുതെ അല്ല ഭാര്യ?


jjkjkjzarr


വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളില്‍ തേനില്‍ ചാലിച്ച മധുര ഭാഷിതങ്ങളില്‍ സമ്പുഷ്ട്മാണ് പല ദാമ്പത്യമെങ്കിലും പതിയെ പതിയെ അത് കുറയുകയും അവസാനം പുരുഷകേന്ദ്രീകൃതമായ ഒരു അധീശമനോഭാവത്തിലേക്കും ഇടപഴകലിലേക്കും അത് പരിണമിച്ചു വരുന്നതാണ് കാണാറ്. നിത്യജീവിതത്തിലെ ആകസ്മിക ഇടപെടലുകളില്‍ നാം കാണുന്ന അന്യസ്ത്രീയോടു കാണിക്കുന്ന വിനയാദരങ്ങളുടെ നാലിലൊന്ന് പോലും പലരും സ്വന്തം കുടുംബിനിക്ക് കൊടുക്കുന്നില്ല എന്നതല്ലേ സത്യം? പറയാന്‍ ശ്രമിച്ചത് ആധുനിക സോസൈറ്റി മദാമ്മമാര്‍ ആവശ്യപ്പെടുന്ന 'സ്ത്രീ പരുഷ സമത്വ ' ആര്‍പ്പുവിളികളുടെ അരികു പിടിച്ചല്ല . പക്ഷെ ജീവിതത്തിന്റെ അര്‍ദ്ധാംശം ആയ ഭാര്യമാരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സമത്വാധിഷ്ഠിത കൂവലുകള്‍ക്കപ്പുറം സ്‌നേഹോഷ്മളമായ ഒരു സമീപന രീതിയുടെ അനിവാര്യതയെ കുറിച്ചാണ്.

ജനിച്ചു വളര്‍ന്നു ജീവിച്ച പരിസരങ്ങളെ പാടെ മറന്നുകൊണ്ടാണ് ഒരു സ്ത്രീ, പുരുഷന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. കുടുംബ ബന്ധങ്ങളോട് മാത്രമല്ല, കുട്ടിക്കാലം മുതല്‍ അവള്‍ ഓര്‍ത്തതും ഓമനിച്ചതുമായ എല്ലാത്തിനോടും കൂടി വിടപറഞ്ഞാണവള്‍ പടിയിറങ്ങുന്നത്. ഒരേ ഒരു പ്രതീക്ഷയില്‍.. തന്റെ ജീവിതത്തിലെ സ്വപ്നവും സങ്കല്‍പവും സന്താപ സന്തോഷങ്ങളും എല്ലാം പങ്കു വെക്കാമെന്നു താന്‍ നിനക്കുന്ന പുരുഷന്റെ തണലിലേക്ക്.. അങ്ങിനെ ഒരര്‍ഥത്തില്‍ സര്‍വ പരിത്യാഗിനിയായി കടന്നു വരുന്നവളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ചില്ലെങ്കില്‍ അതൊരു അക്ഷന്ത്യവ്യമായ അപരാധം തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ, പലപ്പോഴും ഞാന്‍ അടങ്ങുന്ന പുരുഷലോകം അവളെ ഗണിക്കുന്നതോ .. എന്റെ 'കെട്ട്യോള്‍ ' ഞാന്‍ പറയുന്നത് കേട്ടും അനുസരിച്ചും എന്റെ തന്നിഷ്ട്ടങ്ങളെ ചോദ്യം ചെയ്യാതെയും ഞാന്‍ ഉണ്ടാക്കുന്ന കുട്ടികളെ പരിപാലിച്ചും അടങ്ങിയിരിക്കെണ്ടവള്‍'

ഓര്‍മ്മ വരുന്നത് ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖ് (റ) കാലത്തെ ഒരു സംഭവമാണ്. പ്രജാതല്‍പരനും ആദര്‍ശ കണിശക്കാരനും എല്ലാത്തിലുമുപരി നീതിമാനുമായ ഖലീഫ. തര്‍ക്കവിതര്‍ക്കങ്ങളിലും വഴക്കിലും നീതിയുടെ പക്ഷത്തുനിന്ന് അണുവിട മാറാത്ത വാശിക്കാരന്‍. സമ്പല്‍സമൃദ്ധിയുടെയുടെയും സമാധാന പൂര്‍ണതയുടെയും നിറവില്‍ മദീന. ഒരിക്കലൊരു സായം സന്ധ്യയില്‍ എന്തോ ആവലാതി ബോധിപ്പിക്കാനായി എത്തിയ ആഗതന്‍ ഖലീഫയുടെ വാതിലില്‍ മുട്ടി. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ ഭര്‍ത്താവിനു സമയമില്ല എന്ന പരാതിയില്‍ സംസാരിക്കുന്ന ഖലീഫാ പത്‌നിയുടെ ശബാദാധിക്യത്തില്‍ ഖലീഫ അത് കേട്ടില്ല. ആഗതന്‍ വീണ്ടും മുട്ടി. ഭാര്യയുടെ പരാതിപ്രളയത്തില്‍ ഒന്നും മിണ്ടാതെ ഇരിക്കുന്ന ഉമര്‍.. എന്തോ ഒരു വേറിട്ട ശബ്ദം സംശയിക്കുകയും അതിന്റെ ഉറവിടം തേടി വാതില്‍ തുറക്കുകയും ചെയ്തു.. ആരെയും കണ്ടില്ല. മനസ്സുറപ്പിക്കാന്‍ വേണ്ടി വാതിലിനു ചുറ്റും സൂക്ഷമതയോടെ നിരീക്ഷിച്ചപ്പോള്‍ കാണുന്നത് ഇരുളില്‍ ഒരു മനുഷ്യ രൂപം നടന്നു നീങ്ങുന്നതാണ്. എന്തോ പന്തികേട് തോന്നിയ ഖലീഫ ചോദിച്ചു. ആരാണത്? ആഗതന്‍ മറുപടി പറയാതെ നടത്തത്തിനു വേഗത കൂട്ടി. ഒരു നിമിഷം.. ഉറയില്‍ നിന്നും ഊരിയ വാളുയര്‍ത്തി ഉമര്‍ പറഞ്ഞു. 'ഇത് ഖത്താബിന്റെ മകന്‍ ഉമറാണ്. ആരായാലും അവിടെ നില്‍ക്കുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തില്ലെങ്കില്‍ അല്ലാഹുവാണ് സത്യം, ഈ വാള്‍തലപ്പ് നിന്റെ ശിരസ്സിന്റെ രുചിയറിയും'

അയാള്‍ ഉമറിന്റെയടുത്തേക്ക് തിരിഞ്ഞു നടന്നു. അടുത്തെത്തിയതും ആളെ മനസ്സിലാക്കിയ ഉമര്‍ ചോദിച്ചു. 'താങ്കള്‍ ഈ സമയത്തെന്താ ഇവിടെ'? പിന്നെ അയാള്‍ മടിച്ചില്ല. തന്റെ മൗനം ഇനിയും അപകടകരവും തെറ്റിധാരണാപരവും ആവുമെന്ന് മനസ്സിലാക്കി ആ മനുഷ്യന്‍ പറയാന്‍ തുടങ്ങി. 'അല്ലയോ നീതിമാനായ ഖലീഫാ, അത്യന്തം അസഹനീയമായ ഒരു വിഷയത്തിന്റെ പരിഹാരം തേടിയാണ് ഞാന്‍ അങ്ങയെ സമീപിച്ചത് '. രാജ്യ ഭരണവുമായി ബന്ധപ്പെട്ട ഒരു വിഷയമാണെന്ന് കേട്ട ഖലീഫ, അദ്ദേഹത്തെ ആദരപൂര്‍വ്വം വീട്ടിലേക്കു ക്ഷണിച്ചിരുത്തി കാര്യങ്ങള്‍ ആരായാന്‍ ശ്രമിച്ചു. അയാള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു. 'ഇല്ല അമീര്‍. അതിനി പറയുന്നില്ല. അത് അങ്ങയെ കൊണ്ടും പരിഹരിക്കാന്‍ സാധ്യമല്ല എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി'. ക്ഷിപ്രകോപിയായ ഉമറിനു നിയന്ത്രിക്കാനായില്ല. 'എന്ത്, അല്ലാഹുവിന്റെ തിരുദൂതരുടെ വിയോഗ ശേഷം ഒന്നാം ഖലീഫ അബൂബക്കര്‍(റ) സ്തുത്യര്‍ഹമായി നയിച്ച ഇസ്‌ലാമിക ലോകത്ത് നീതി നടപ്പാക്കാന്‍ കഴിയാത്തവനാണ് ഞാനെങ്കില്‍ ഈ സ്ഥാനത്ത് തുടരാന്‍ എനിക്ക് അര്‍ഹതയില്ല. താങ്കള്‍ കാര്യം എന്താണെന്നു പറഞ്ഞെ തീരൂ'.

അയാള്‍ വിനയത്തോടെ മൊഴിഞ്ഞു. 'അമീര്‍, താങ്കള്‍ ഇത്ര പരവശനാവാന്‍ മാത്രം ഒന്നുമില്ല. വീട്ടിലെത്തുമ്പോള്‍ സ്ഥിരമായി അതുമിതും പറഞ്ഞു എന്നെ ശകാരിച്ചു സൈ്വര്യം കെടുത്തുന്ന എന്റെ ഭാര്യയെ കുറിച്ച് പറഞ്ഞു ഒരു പരിഹാരം അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍ വന്നു വാതിലില്‍ മുട്ടിയത്. പക്ഷെ രാജ്യം ഭരിക്കുന്ന, പേര് കേട്ടാല്‍ ചെകുത്താന്‍ പോലും വഴിമാറി നടക്കുന്ന , വീരശൂര പരാക്രമിയായ അങ്ങു പോലും സ്വന്തം ഭാര്യയുടെ മുന്നില്‍ ശബ്ദം നിലച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ അക്കാര്യം എങ്ങിനെ അങ്ങയുടെ മുന്നില്‍ പറയും. അത് കൊണ്ടാണ് ശ്രമം ഉപേക്ഷിച്ചു തിരികെ നടന്നത്.'

കോപിഷ്ഠനായ ഖലീഫയുടെ മുഖത്തു ഇത് കേട്ടപ്പോള്‍ ഇളം ചിരി വിരിഞ്ഞു. 'ഓ അതാണോ സഹോദരാ കാര്യം. ഇരിക്കൂ. ഞാന്‍ പറയാം'.
 ഉമര്‍ പറയാന്‍ ആരംഭിച്ചു.
'നോക്കൂ, നമ്മുടെ ഭാര്യമാര്‍ എത്രമാത്രം ത്യാഗം ചെയ്യുന്നു. ഒരു പരിചയവുമില്ലാത്ത കൈകളില്‍ പിതാവ് ഏല്‍പിച്ച അന്നുമുതല്‍ നമ്മെ മാത്രം വിശ്വസിച്ചും സ്‌നേഹിച്ചും വീട് വിട്ടവര്‍. നമുക്കായി ഭക്ഷണം സമയാസമയം ഒരുക്കുന്നു. നമ്മുടെ വസ്ത്രങ്ങള്‍ അലക്കുന്നു. നമ്മുടെ വീട് വൃത്തിയാക്കുന്നു. നമ്മുടെ അഭാവത്തിലും വീട്ടിലെത്തുന്ന അതിഥികളെയും അയല്‍ക്കാരെയും സ്വീകരിക്കുന്നു. നമ്മുടെ കിടക്ക വിരിപ്പ് വിരിച്ചു നമുക്ക് സുഖം നല്‍കുന്നു. നമ്മുടെ കുട്ടികളെ ശുശ്രൂഷിച്ചു സമയാ സമയങ്ങളില്‍ അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നു. സത്യത്തില്‍ മിതമായി പകുതി ഉത്തരവാദിത്വമെങ്കിലും ഈ കാര്യത്തില്‍ പേറേണ്ട നാം എന്ത് പങ്കാണ് ഈ കാര്യത്തില്‍ നിറവേറ്റുന്നത്? പുലര്‍ച്ചെ വീട് വിട്ടിറങ്ങുന്ന ഞാന്‍ പലപ്പോഴും പാതിരാക്കാണ് വീട്ടില്‍ എത്തുന്നത്. ചിലപ്പോള്‍ വരാനും കഴിയാറില്ല. എന്നിട്ടും എന്റെ വീടും കുടുംബവും അവള്‍ സംരക്ഷിക്കുന്നു. നിത്യവും വൈകി ഉറങ്ങുന്ന അവര്‍ നേരത്തെ ഉണര്‍ന്ന് ഞാന്‍ ഉണരുമ്പോഴേക്കും ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നു. ഇതൊക്കെ ചെയ്യുന്ന അവര്‍ക്ക് അതിന്റേതായ ക്ഷീണവും മാനസിക സംഘര്‍ഷവും ഉണ്ടാവില്ലേ. അതൊന്നു ഇങ്ങനെ പറഞ്ഞു തീര്‍ക്കാനെങ്കിലും നാം അവര്‍ക്ക് അവസരവും സ്വാതന്ത്ര്യവും നല്‍കേണ്ടെ? ഇനിയിതൊക്കെ പറഞ്ഞാലും കിടപ്പുമുറിയിലേക്ക് തൂമന്ദഹാസവും പൊഴിച്ചുകൊണ്ട് അവര്‍ അല്‍പം കഴിഞ്ഞാല്‍ വരില്ലേ'.
 'ആഗതന്‍ സ്തബ്ധനായി. അയാള്‍ ചിന്തിച്ചു. ആനന്ദാശ്രുക്കള്‍ പൊടിഞ്ഞ മിഴിയുയര്‍ത്തി അയാള്‍ പറഞ്ഞു. ശരിയാണ് അമീര്‍. എന്റെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ഞാന്‍ പോകുന്നു'. ദാമ്പത്യബന്ധങ്ങളില്‍ പലപ്പോഴും തന്നിഷ്ടം മാത്രം നടപ്പിലാക്കപ്പെടണമെന്ന് കരുതുന്ന പുരുഷന്മാര്‍ക്ക് ഖലീഫയുടെ വാക്കുകള്‍ ഒരു പാഠം ആവട്ടെ.


By:
ബിന്‍ ഹുസൈന്‍

നവജാത ശിശുവിനെ സ്വീകരിക്കുമ്പോള്‍




newbornസന്താനങ്ങള്‍ ഐഹിക ജീവിതത്തിന്റെ അലങ്കാരവും കണ്‍കുളിര്‍മയുമാണ്. ജനനം മുതല്‍, മൂല്യങ്ങളുടെയും നന്മയുടെയും അടിത്തറയില്‍ മക്കളെ വളര്‍ത്തുന്നതിനും കൃത്യമായി പരിപാലിക്കേണ്ടുന്നതിനും ആവശ്യമായ മാര്‍ഗരേഖ ഇസ്‌ലാം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ജനനത്തിന് തൊട്ടുടനെ പാലിക്കേണ്ട നിയമങ്ങളും മര്യാദകളുമാണ് ഇതില്‍ പ്രഥമമായത്.

സന്താനസൗഭാഗ്യത്തെക്കുറിച്ച സന്തോഷവാര്‍ത്തയും കുഞ്ഞിന്റെയും ഉമ്മയുടെയും സുഖവിവരങ്ങളും ആദ്യം പിതാവിനെ അറിയിക്കുക. ഇസ്ഹാഖ്(അ)യുടെ ജനനത്തെപ്പറ്റി ഇബ്രാഹിം നബിക്കും, യഹ്‌യ(അ)യുടെ ജനനത്തെപ്പറ്റി സകരിയ്യ നബിക്കും സന്തോഷവാര്‍ത്ത ലഭിച്ചത് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ഇപ്രകാരം സന്താനസൗഭാഗ്യത്തെപ്പറ്റി അറിയിക്കുമ്പോള്‍ ആ സന്ദര്‍ഭം എന്നെന്നും പച്ചപിടിച്ചുനില്‍ക്കുന്ന ഓര്‍മ്മയായി നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിയുടെ പിതാവിനെ സന്തോഷം നിറയുന്ന വാക്കുകളാല്‍ അഭിനന്ദിക്കുന്നതും പറ്റുമെങ്കില്‍ ലളിതമായ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നതും സന്ദര്‍ഭത്തെ കൂടുതല്‍ സന്തോഷം നിറഞ്ഞതാക്കും. 'പാരിതോഷികങ്ങള്‍ നല്‍കി നിങ്ങള്‍ പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കൂ' എന്ന നബി വചനം പ്രസക്തം. സാധ്യമാവുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ കുഞ്ഞിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കണമെന്ന് പ്രവാചകന്‍ പഠിപ്പച്ചിട്ടുണ്ട്.  ഉന്നതനായ ദൈവത്തിന്റെ നാമം ആദ്യം കേള്‍ക്കാനും പിശാചിന്റെ ഉപദ്രവത്തില്‍ നിന്നുള്ള കാവല്‍ കുഞ്ഞിനുണ്ടാവാനും ഇത് കാരണം സാധിക്കും. കുഞ്ഞിന്റെ വായില്‍ മധുരം തൊട്ടു കൊടുക്കുക. തേനോ, നന്നായി ചവച്ചരച്ച ഈത്തപ്പഴമോ വിരലിലാക്കി, മധുരം വായില്‍ മുഴുവന്‍ ആവും വിധം മൃദുലമായി പുരട്ടിക്കൊടുക്കുന്നതാണ് അതിന്റെ രീതി. മുലകുടിക്ക് പാകമാകും വിധം വായിലെ പേശികള്‍ പ്രവൃത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സമീകരിക്കാനും ജനന സമയത്തുള്ള അമിത ചൂടിനെ ചെറുക്കാനും പ്രഥമ ഘട്ടത്തിലെ ഈ മധുരം നല്‍കല്‍ മുഖേന സാധിക്കുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. നബി(സ), നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വായില്‍ മധുരം തൊട്ടുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് ആയിശ(റ) പറയുന്നു. സാധിക്കുമെങ്കില്‍ ഏഴാം ദിവസമോ അല്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് ദിവസങ്ങളിലോ കുട്ടിയുടെ മുടി കളയുകയും ആ മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളിയോ, നാണയമോ ദാനം ചെയ്യലും സുന്നത്താണ്. മുടി വടിക്കുന്നതു വഴി തലയിലെ പേശികള്‍ ശക്തിയാര്‍ജിക്കുകയും ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്നു. ദൈവത്തോടുള്ള നന്ദിപ്രകാശനത്തിന്റെയും, സന്തോഷസമയത്തും അഗതികളോടുള്ള
ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് മുടിയുടെ തൂക്കത്തിനനുസരിച്ചുള്ള ദാനം. ഹസന്റെയും ഹുസൈന്റെയും സൈനബിന്റെയും ഉമ്മുകുല്‍സൂമിന്റെയും ജനനസമയത്ത് ഫാത്തിമ(റ) ഇപ്രകാരം മുടിയുടെ തൂക്കം വെള്ളി ദാനമായി നല്‍കിയിരുന്നു.

നല്ല അര്‍ഥമുള്ളതും വിളിക്കാനും ഉച്ചരിക്കാനും എളുപ്പമുള്ളതുമായ പേരുകളിടുന്നതാണ് ഉത്തമം. കാരണം, ആജീവനാന്തം വിളിക്കപ്പെടേണ്ട ഒന്നാണല്ലോ അത്. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: 'നിങ്ങളുടെ സ്വന്തം പേരിലും പിതാക്കളുടെ പേരിലുമാണ് നാളെ പരലോകത്ത് വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ വിളിക്കുക'.  ജനിച്ച് ഏഴാം നാളില്‍ പേര് വിളിക്കലാണ് സുന്നത്ത്. അതിന് മുമ്പായാലും വിരോധമില്ല. മറ്റൊന്ന് കുട്ടിയുടെ പേരില്‍ അഖീഖത്ത് അറുക്കലാണ്. സാധാരണ അറുക്കുന്ന ബലിക്കപ്പുറം കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദര്‍ഭത്തിലുണ്ട്. ചേലാകര്‍മം ചെയ്യലാണ് മറ്റൊന്ന്. അത് ശാരീരികമായ ആരോഗ്യവും വൃത്തിയും കാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇപ്രകാരം ജനിച്ച സമയം തൊട്ടേ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ചിട്ടവട്ടങ്ങളില്‍ പരിപാലിക്കപ്പെട്ടെങ്കിലേ പിന്നീടും സമൂഹത്തിന് ഉപകാരപ്പെടും വിധം മക്കളെ ദീനീ ചട്ടക്കൂടില്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

By:
ഡോ. ഹസന്‍ അബ്ദുല്‍ ഗനി അബൂഗദ

വിവ : ഇസ്മാഈല്‍ അഫാഫ്

Sunday, July 14, 2013

ഒരു പള്ളി നിര്‍മാണത്തിന്റെ കഥ

Kids story


നമസ്‌കാരത്തിനായി പള്ളിയില്‍ കയറിയപ്പോള്‍ പള്ളിമൂലയില്‍ ഒരു ശൈഖും കുറേ കുട്ടികളും ഇരിക്കുന്നതു ശ്രദ്ധയില്‍ പെടുകയുണ്ടായി. അവരുടെ അധരങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്റെ ഈണത്തിലുള്ള പാരായണം കേള്‍ക്കുന്നു. ഫാത്തിഹ അധ്യായം അവര്‍ ഓതിത്തീര്‍ത്തു.
നിഷ്‌കളങ്കരായ ആ കുട്ടികളുടെ മുഖം പ്രസന്നമാണ്, എല്ലാവരും അറബികളുടെ ഖമീസ് ആണ് ധരിച്ചിരിക്കുന്നത്. അവരുടെ ശിരസ്സുകളുല്‍ വെള്ള നിറത്തിലുള്ള തൊപ്പിയുമുണ്ട്.. തുര്‍ക്കിയില്‍ അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു അത്. അവിടെ ഒരുമിച്ചുകൂടിയതെല്ലാം അഞ്ചുവയസ്സില്‍ താഴെയുള്ള പിഞ്ചോമനകളായിരുന്നു. വടക്ക് ഭാഗത്ത് നിന്ന് ഇളംകാറ്റ് ഓളങ്ങളൊന്നുമില്ലാതെ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. ശൈഖിനോടൊപ്പം കുട്ടികള്‍ ഫാത്തിഹ പാരായണം ഓതിത്തീര്‍ന്നപ്പോള്‍ അവരിലൊരാള്‍ ശൈഖിനോട് ചോദിച്ചു.
-'ഇന്നത്തെ നാണയം ആര്‍ക്കാണ് ലഭിക്കുക?'
ഏറ്റവും നന്നായി ഹൃദിസ്ഥമാക്കുന്ന ആള്‍ക്ക്- ഒരു ചെറു പുഞ്ചിരിയോടെ ശൈഖ് മറുപടി പറഞ്ഞു. ഇന്നത്തെ സമ്മാനമാര്‍ക്കാണെന്ന് അറിയാന്‍ കൗതുകത്തോടെ കുട്ടികള്‍ ശൈഖിലേക്ക് ശ്രദ്ധതിരിച്ചു. ചെറുതായൊന്ന് ചിരിച്ചതിന് ശേഷം ശൈഖ് അവരോട് ചോദിച്ചു.
-'നിങ്ങളോരോരുത്തര്‍ക്കും നാണയം ലഭിച്ചാല്‍ നിങ്ങള്‍ അതുകൊണ്ട് എന്താണ് ചെയ്യുക?'
-'ഞാന്‍ കളിപ്പാട്ടം വാങ്ങും'
-'കളര്‍ വാങ്ങും'
-'പെരുന്നാളിലേക്ക് സമ്പാദ്യമായി ഞാന്‍ സൂക്ഷിക്കും.' ഓരോരുത്തരായി മറുപടി പറഞ്ഞു.
-'അമല്‍ നീ എന്താണ് അതുകൊണ്ട് ചെയ്യുക?' ഉത്തരം പറയാതെ ഒതുങ്ങിയിരിക്കുന്ന അമലിനോട് ശൈഖ് ചോദിച്ചു.
-'ഞാന്‍ മധുരപലഹാരങ്ങള്‍ വാങ്ങും'....അല്‍പം ലജ്ജയോടുകൂടി അവള്‍ പറഞ്ഞു.
ശൈഖ് അവരിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ഇന്നത്തെ വിജയി ആര് എന്നു തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഞാന്‍ ഒരു കഥ പറഞ്ഞുതരാം.
-പള്ളി നിര്‍മാണത്തിന്റെ പ്രതിഫലം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മുഖവുരയൊന്നുമില്ലാതെ ശൈഖ് അവരിലേക്ക് ഒരു ചോദ്യമെറിഞ്ഞു.
ആരും ഉത്തരം പറയുന്നില്ലെന്ന് കണ്ടപ്പോള്‍ ശൈഖ് വിവരിച്ചു.
-'അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ അല്ലാഹു അവന് ഒരു വീട് പണിയും. അപ്രകാരം തന്നെ ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ അതില്‍ വെച്ച് നമസ്‌കരിക്കുന്നവരുടേതെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. ഈ പള്ളിയില്‍ നിന്ന് ഇപ്പോള്‍ നമസ്‌കരിക്കുന്നവരിലേക്കും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരിലേക്കും നിങ്ങള്‍ നോക്കൂ. ഇതിന്റെയെല്ലാം പ്രതിഫലം ഈ പള്ളി നിര്‍മിച്ച വ്യക്തിക്ക് ലഭിക്കും.'
സംസാരത്തിനിടെ ഒരു കുട്ടിചോദിച്ചു. 'ഞങ്ങള്‍ പഠിക്കുന്നതിന്റെയും പ്രതിഫലം അയാള്‍ക്ക് ലഭിക്കുമോ?'
-'അതെ മോനെ, തലയാട്ടിക്കൊണ്ട് ശൈഖ് പ്രതികരിച്ചു. നിങ്ങള്‍ പാരായണം ചെയ്യുന്ന ഓരോ വാചകത്തിനും ലഭിക്കുന്നതുപോലുള്ള പ്രതിഫലം അദ്ദേഹത്തിനും ലഭിക്കും. നിങ്ങള്‍ ഇന്ന് ഹൃദിസ്ഥമാക്കിയ ഈ ഫാത്തിഹ നിങ്ങള്‍ പാരായണം ചെയ്യുമ്പോഴെല്ലാം അതിന്റെ ഒരു പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കും.. നിങ്ങള്‍ പിന്നീട് നിങ്ങളുടെ മക്കള്‍ക്കിത് പഠിപ്പിക്കുമ്പോള്‍ അതിന്റെയെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും.
ഉടനെ മുഖമക്കന ഉയര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി പറഞ്ഞു.
-ഇതു തന്നെ ധാരാളമാണല്ലോ..'
നമുക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും എന്ന് പുഞ്ചിരിയോടെ ശൈഖ് പറഞ്ഞു.

-എന്നാല്‍ നാമിരിക്കുന്ന ഈ പളളി നിര്‍മിച്ച വ്യക്തിയുടെ കഥ നിങ്ങള്‍ക്കറിയാമോ? -ശൈഖ് വീണ്ടും ചോദിച്ചു.
അവരെല്ലാം ഒരേയൊരു സ്വരത്തില്‍ അത് എന്താണ് എന്ന് ശൈഖിനോട് ചോദിച്ചു.
-ശൈഖ് നിവര്‍ന്നിരുന്നുകൊണ്ട് അതിന്റ കഥ വിവരിക്കാന്‍ തുടങ്ങി.
-തുര്‍ക്കിയിലെ ഫാത്തിഹ് എന്ന പ്രദേശത്ത് ഖൈറുദ്ദീന്‍ അഫന്‍ദി എന്നു പേരുള്ള ദൈവബോധമുള്ള  ഒരു വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം വലിയ ഒരു പണ്ഡിതനോ പ്രബോധകനോ ഒന്നുമായിരുന്നില്ല. പക്ഷെ, നന്മയെയും ദീനിനെയും അതിയായി സ്‌നേഹിച്ച ഒരു സാധാരണക്കാരനായിരുന്നു. ഒരു പള്ളി നിര്‍മിക്കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു...പക്ഷെ അതിനു വേണ്ട പണം അദ്ദേഹത്തിന്റെ കയ്യിലില്ല താനും.
-പക്ഷെ, അദ്ദേഹം അതില്‍ നിരാശനായില്ല... അദ്ദേഹം അങ്ങാടിയിലേക്ക് പുറപ്പെടും... വല്ല പഴങ്ങളും വാങ്ങാന്‍ കൊതിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് തന്റെ കയ്യിലുള്ള ചെറിയ പെട്ടിയിലിടും. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ അത് തിന്നതുപോലെ!
അങ്ങാടിയില്‍ കൊതിയൂറുന്ന മാംസങ്ങളും മറ്റും കാണുമ്പോള്‍ അദ്ദേഹം തന്റെ കീശയില്‍ നിന്നും അതിനുളള നാണയമെടുത്ത് തന്റെ കയ്യിലുള്ള പെട്ടിയില്‍ നിക്ഷേപിക്കും. എന്നിട്ട് ഞാനത് കഴിച്ചതുപോലെ എന്നു പറയും. ഇത്തരത്തില്‍ ആ പെട്ടി നിറയെ പണം ഒരുക്കൂട്ടുകയുണ്ടായി.. വിശപ്പാലോ ദാരിദ്ര്യത്താലോ അദ്ദേഹം മരണപ്പെടുകയുണ്ടായില്ല.

ഒരു ദിവസം അദ്ദേഹം തന്റെ പെട്ടി തുറന്നു! പള്ളി നിര്‍മാണത്തിനാവശ്യമായ പണം അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ മഹല്ലില്‍ അതുകൊണ്ട് ഒരു പള്ളി നിര്‍മിക്കുകയുണ്ടായി. ഈ പള്ളി നിര്‍മാണത്തിന് ഉതവിയേകിയ നാഥനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി..
ഈ സല്‍ക്കര്‍മിയായ മനുഷ്യന്റെ കഥ നാട്ടിലെല്ലാം പാട്ടായി... അദ്ദേഹം അങ്ങാടിയില്‍ പോയതും 'ഞാന്‍ തിന്നതുപോലെ' എന്ന അദ്ദേഹത്തിന്റ പ്രതികരണവും എല്ലാവരും മനസ്സിലാക്കി. അവര്‍ ആ പള്ളിക്ക് പിന്നീട് 'കഅന്നനീ അകല്‍തു-ഞാന്‍ അത് ഭക്ഷിച്ചതുപോലെ' എന്നു പേര് വിളിക്കുകയും ചെയ്തു പോന്നു..
ആ പള്ളിയിലാണ് നാമിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയെല്ലാം പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.. ആനന്ദത്തിന്റെ സമയത്ത് ഞാനത് തിന്നതുപോലെ എന്ന് അദ്ദേഹം പറഞ്ഞതിന്റെ പേരിലാണ് ഇത് യാഥാര്‍ഥ്യമായത്. കഥക്കിടയില്‍ ശൈഖ് വിവരിച്ചു.

ശൈഖ് മൗനം ദീക്ഷിച്ചു.. നിഷ്‌കളങ്കയായ ആ കൊച്ചുകുട്ടിയുടെ മുഖഭാവം അദ്ദേഹം നിരീക്ഷിച്ചുകൊണ്ടേയിരുന്നു.. പിന്നീട് ശൈഖ് കഥ ഇവിടെ തീര്‍ന്നിരിക്കുന്നു എന്നറിയിച്ചു..
ഇന്നു തന്നെ ഹൃദിസ്ഥമാക്കിയവര്‍ക്കാണ്  ഈ നാണയം എന്നു ശൈഖ് പറഞ്ഞു.
വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചു. ആരാണ് അതിന് അര്‍ഹമായത്? .
ശൈഖ് അമലിനെ ചൂണ്ടിക്കാണിച്ചു. ഇന്നത്തേത് അമലിനാണ് വിധിച്ചതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
എല്ലാവരും അമലിന്റെ കൊച്ചുകൈകളിലെ നാണയങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.. അവ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ തങ്ങളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ സഫലീകരിക്കാമെന്ന് അവര്‍ ആശിക്കുകയും ചെയ്തു.
 -അമല്‍, ഈ നാണയം കൊണ്ട് നീ എന്താണ് ചെയ്യുക! എന്ന് ശൈഖ് അവളോട് ചോദിച്ചു.. ശൈഖ് ആശ്ചര്യഭരിതനായിക്കൊണ്ട് വീണ്ടും ചോദിച്ചു.. നീ മുമ്പ് പറഞ്ഞത് പോലെ ഹല്‍വ വാങ്ങുകയില്ലേ!
അമല്‍ പറഞ്ഞു. 'ഞാന്‍ ഇതു ശേഖരിച്ചു ഒരു പള്ളി നിര്‍മിക്കും!.'..
ഹൃദയത്തില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളുയര്‍ത്തിക്കൊണ്ടവള്‍ പറഞ്ഞു. ശൈഖ്, ഞാന്‍ മധുരം കഴിച്ചതുപോലെ! ഞാന്‍ കഴിച്ചതുപോലെ!

By: Orkan Mohammadali
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

നമ്മുടെ മക്കളെ റമദാനിനായി ഒരുക്കാം


ramadan child
റമദാനിന്റെ മന്ദമാരുതന്‍ നമ്മിലേക്ക് അടിച്ചു വീശാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കി. നന്‍മയുടെയും പുണ്യത്തിന്റെയും കാരുണ്യത്തിന്റെയും മാസം. നമ്മില്‍ ചിലര്‍ ആ മാസത്തെ വരവേല്‍ക്കുന്നത് രുചികരമായ ഭക്ഷണം കൊതിമാറെത്തിന്നും ഇഷ്ടപാനീയങ്ങള്‍ കുടിച്ചുമൊക്കെയാണ്. പക്ഷെ മറ്റു ചിലര്‍ പ്രാര്‍ത്ഥനകളും നോമ്പും ഖുര്‍ആന്‍ പാരായണവുമെല്ലാം അധികരിപ്പിച്ചു കൊണ്ടാണ് അതിനെ വരവേല്‍ക്കുന്നത്. ഇത്തരം ഒരുക്കങ്ങള്‍ക്കിടയില്‍( ആത്മീയമോ ഭൗതികമോ ഏതായാലും) നമ്മുടെ മക്കളെ നോമ്പിനായി തയ്യാറെടുപ്പിക്കാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കാറില്ല. അതിനു സമയവുമില്ല. ചിലര്‍ക്ക് അവരെ നോമ്പിനായി തയാറെടുപ്പിക്കണമെന്നുണ്ടെങ്കിലും അതിനുള്ള വഴി അവര്‍ക്കറിയില്ല. അക്കാര്യമാണ് ഈ കുറിപ്പിലൂടെ മാന്യ വായനക്കാരെ ഉണര്‍ത്താനുദ്ദേശിക്കുന്നത്. റമദാനെ താല്‍പര്യപൂര്‍വം സ്വീകരിക്കാന്‍ കുട്ടികള്‍ക്ക് ആവേശമുണ്ടാക്കുന്ന ചില കാര്യങ്ങളാണിവ. മാതാപിതാക്കള്‍ പ്രത്യേകം വായിച്ച് പരിശുദ്ധ മാസത്തിനായി കുട്ടികളെ തയാറെടുപ്പിക്കുക.

- വിശുദ്ധമാസത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുക. ആ മാസത്തില്‍ ലഭിക്കാന്‍ പോകുന്ന ദൈവികമായ പ്രതിഫലത്തെക്കുറിച്ചും പുണ്യങ്ങളെക്കുറിച്ചും കുട്ടികളുടെ മനസില്‍ മികച്ച ധാരണയുണ്ടാക്കാന്‍ അതുവഴി സാധിക്കും. അവരുടെ ചിന്തയിലും കര്‍മ്മങ്ങളിലും താല്‍പര്യമുണര്‍ത്തുന്ന വിധത്തില്‍ ആ മാസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു കൊടുക്കുക.

- റമദാനുമായി ബന്ധപ്പെട്ട കഥകളും റമാദാനില്‍ നടന്ന സംഭവങ്ങളും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക.

- ചെറുപ്പത്തില്‍ തങ്ങള്‍ക്കുണ്ടായ നല്ല നോമ്പനുഭവങ്ങളും ഓര്‍മ്മകളും മക്കളുമായി പങ്കുവെക്കുക.

പ്രോത്സാഹനവും പങ്കാളിത്തവും

- റമദാനുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്നൊരുക്കങ്ങളില്‍ മക്കളെയും പങ്കാളികളാക്കുക. വീട് വൃത്തിയാക്കി അലങ്കരിക്കുമ്പോഴും വീട്ടു സാധനങ്ങള്‍ വാങ്ങുമ്പോഴുമൊക്കെ. അത്തരം പങ്കാളിത്തം മക്കളില്‍ റമദാനോട് ഇഷ്ടമുണ്ടാക്കും. റമാദാന് ബാക്കിയുള്ള ദിനങ്ങള്‍ അടയാളപ്പെടുത്തിയ ചാര്‍ട്ട് നിര്‍മ്മിച്ച് , എത്ര ദിവസം ബാക്കിയുണ്ടെന്ന് നിരന്തരം അവരോട് ആരായുക.

മുന്നൊരുക്കങ്ങള്‍

- റമാദാനു മുമ്പ് ഏതെങ്കിലും ഒരു ദിവസം കുടുംബത്തിലെ കുട്ടികളെ മുഴുവന്‍ കുട്ടികളെയും ഒരുമിച്ചു കൂട്ടി ഒരു കുടുംബ പരിപാടി സംഘടിപ്പിക്കുക.

- കൊച്ചു കൊച്ചു സമ്മാനങ്ങള്‍ വാങ്ങുകയും നോമ്പിന്റെ മുമ്പ് ആ സമ്മനങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുക.

- റമദാനിലുടനീളം ഗൃഹയോഗങ്ങള്‍ സംഘടിപ്പിക്കുക. ഖുര്‍ആന്‍ പാരായണവും സംസ്‌കരണ പ്രവര്‍ത്തനങ്ങളും നടത്തുകയും കുട്ടികള്‍ക്കാവും വിധം അവരെ പങ്കെടുപ്പിക്കുകയും ചെയ്യുക.

- നോമ്പുകാരന്റെ പ്രാര്‍ത്ഥന പടച്ചവന്‍ പെട്ടെന്നു കേള്‍ക്കുമെന്ന് കുട്ടികളെ ധരിപ്പിക്കുക. നോമ്പിന്റെ അവസാനത്തില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. ഈമാനികമായ ആവേശം എന്നും കുട്ടികളില്‍ നിറക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തക. കാരണം അതു വഴി മാതാപിതാക്കളെ അനുസരിക്കാനും അനുധാവനം ചെയ്യാനും റമാദനെ സ്വീകരിക്കാനും കുട്ടികളില്‍ താല്‍പര്യമുണ്ടാകും.

വിവ : ഇസ്മാഈല്‍ അഫ്ഫാഫ്

ഉന്മേഷം ഒരു പകല്‍ മുഴുവന്‍




ഓഫീസ് ജോലിയുടെ ടെന്‍ഷന്‍, വ്യായാമക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍... ഇതിനെല്ലാമുള്ള പരിഹാരം ഈ വിഭവങ്ങളിലുണ്ട്.
 തയ്യാറാക്കിയത്: സുനി ഷിബു, ഡയറ്റീഷ്യന്‍, ഗവ. ജനറല്‍ ആസ്പത്രി, കോഴിക്കോട്.


രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ എവിടെ നേരം. ഒന്നുകില്‍ ബ്രെഡും ജാമും പൊതിഞ്ഞെടുക്കും, അല്ലെങ്കില്‍ കോണ്‍ഫ്ലേക്‌സോ ബിസ്‌കറ്റോ. ഇതൊക്കെ കഴിച്ച്, ഓഫീസില്‍ അനങ്ങാതിരുന്ന് ജോലി കൂടി ചെയ്യുമ്പോള്‍ രോഗങ്ങള്‍ വരാന്‍ എളുപ്പമായി. ചെറിയപ്രായത്തിലേ കൊളസ്‌ട്രോളും പ്രമേഹവും പൊണ്ണത്തടിയും.

ഇഡ്ഡലിയും പുട്ടും ദോശയും ചട്ട്ണിയും കടലക്കറിയുമൊക്കെ തീന്‍മേശയില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. അതോടെ അരിയും പയറും ചേരുന്ന വിഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് കിട്ടാത്ത അവസ്ഥയായി. സ്വന്തം ഭക്ഷണരീതികളോ കുടുംബത്തില്‍ ഉള്ളവരുടെ ഭക്ഷണരീതികളോ ശ്രദ്ധിക്കാന്‍ സ്ത്രീകള്‍ക്ക് സമയം തികയുന്നുമില്ല. രാവിലെ നാമമാത്രമായ പ്രാതല്‍. അതും ചിലപ്പോള്‍ കഴിച്ചില്ലെന്നും വരാം. ഫലമോ, ഓഫീസില്‍ എത്തിയാല്‍ ഇടനേരങ്ങളില്‍ എണ്ണയില്‍ വറുത്ത ഭക്ഷണവും ജങ്ക് ഫുഡും കഴിക്കേണ്ടി വരും.

ആവശ്യത്തിന് ഊര്‍ജവും മാംസ്യവും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണശൈലി ശീലമാക്കണം. റാഗി സ്ഥിരമായി ഉപയോഗിക്കാം. അതിലുള്ള കാത്സ്യം, ഇരുമ്പ്, നാരുകള്‍ എന്നിവ പ്രധാന പോഷകങ്ങളാണ്. ഭക്ഷ്യനാരുകള്‍ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കാന്‍സര്‍ പ്രതിരോധിക്കുമെന്നും പഠനങ്ങളുണ്ട്. മഞ്ഞ, പച്ച, ഓറഞ്ച്, ചുവപ്പ് മുതലായ നിറങ്ങളില്‍ ഉള്ള പഴങ്ങള്‍ കാന്‍സര്‍ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചായയ്ക്ക് പകരമായി ഗ്രീന്‍ ടീ ശീലിച്ചുനോക്കൂ. അതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് നല്ലതാണ്. ഗ്രീന്‍ ടീ ശരീരത്തിലെ അമിത കൊഴുപ്പ് അലിയിച്ചുകളയും. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ വിറ്റമിന്‍-സിയുടെ കലവറയാണ്. രോഗ പ്രതിരോധ ശക്തി കിട്ടുന്നതിനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും വിറ്റമിന്‍ സിയ്ക്ക് കഴിയും. ഇല വര്‍ഗങ്ങളില്‍ ഭക്ഷ്യ നാരുകളും വിറ്റാമിനുകളും ധാരാളമുണ്ട്. വാഴപ്പിണ്ടിയിലും ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയുന്നതിനും പ്രമേഹ നിയന്ത്രണത്തിനും ഇത് നല്ലതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാന്‍ സഹായിക്കുന്ന ചില വിഭവങ്ങള്‍ ഇതാ.

ഉലവയില ചപ്പാത്തി

1. ഗോതമ്പുപൊടി 250 ഗ്രാം
2. ഉലുവയില 100 ഗ്രാം
3. ഉപ്പ് പാകത്തിന്
4. തിളച്ച വെള്ളം പാകത്തിന്

ഉലുവയില നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ഗോതമ്പുപൊടി, ഉപ്പും ആവശ്യത്തിന് തിളച്ച വെള്ളവും ചേര്‍ത്ത് ഉലുവയിലയും ചേര്‍ത്ത് ഉരുളകളാക്കി പരത്തി നോണ്‍സ്റ്റിക് പാത്രത്തില്‍ ചുട്ടെടുക്കുക.

അയല മാങ്ങാക്കറി

1. അയല രണ്ട് (ചെറുത്)
2. മാങ്ങ ഒന്ന്
3. പച്ചമുളക് നാലെണ്ണം
4. തേങ്ങ ആവശ്യത്തിന്
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
7. ഇഞ്ചി ഒരു കഷണം
8. ചുവന്നുള്ളി നാലെണ്ണം
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് പാകത്തിന്
11. വെള്ളം പാകത്തിന്

അയല വൃത്തിയാക്കി കഷണങ്ങളായി മുറിച്ചെടുക്കുക. നാലുമുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക. മാങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അരപ്പും കറിവേപ്പിലയും പച്ചമുളകും അയലയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചട്ടിയില്‍ വേവിച്ചെടുക്കുക.

റാഗി ദോശ

1. റാഗി ഒരു ഗ്ലാസ്
2. പുഴുങ്ങലരി അര ഗ്ലാസ്
3. ഉഴുന്ന് അര ഗ്ലാസ്
4. ഉലുവ രണ്ട് സ്പൂണ്‍
5. മുരിങ്ങയില ഒരു പിടി
6. കറിവേപ്പില മൂന്ന് തണ്ട്
7. ഉപ്പ് പാകത്തിന്
8. വെള്ളം പാകത്തിന്

ഒന്നുമുതല്‍ നാലുവരെയുള്ള ചേരുവകള്‍ ഏകദേശം 12 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. ഇതിന്റെ കൂടെ മുരിങ്ങയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. സാധാരണ ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്നതുപോലെതന്നെ ഉണ്ടാക്കാം.

നെല്ലിക്കാപച്ചടി

1. നെല്ലിക്ക പത്തെണ്ണം
2. ഇഞ്ചി ഒരു കഷണം
3. കടുക് രണ്ട് ടീസ്പൂണ്‍
4. പച്ചമുളക് മൂന്നെണ്ണം
5. തേങ്ങ ചിരവിയത് പാകത്തിന്
6. കറിവേപ്പില രണ്ടു തണ്ട്
7. മല്ലിയില ഒരു തണ്ട്
8. തൈര് പാകത്തിന്
9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
10. ഉപ്പ് പാകത്തിന്

നെല്ലിക്ക കഴുകി ചെറുതായി അരിയുക. ഇതും രണ്ടുമുതല്‍ അഞ്ചുവരെയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു വറുത്തതിനുശേഷം ഇതിലേക്ക് അരച്ച മിശ്രിതം ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ തൈര് ഉടച്ചതും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ഇട്ട് ഉപയോഗിക്കാം.

മത്തി പുളിയില ഫ്രൈ

1. മത്തി ചെറിയ കഷണങ്ങളാക്കിയത് അര കിലോ
2. വാളന്‍പുളിയില രണ്ടു കപ്പ്
3. കാന്താരി മുളക് ആവശ്യത്തിന്
4. മഞ്ഞള്‍പൊടി രണ്ട് ടീസ്പൂണ്‍
5. ഉപ്പ് പാകത്തിന്

രണ്ടുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മത്തിയില്‍ പുരട്ടുക. ഇത് അല്പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

ചിക്കന്‍ കറി

1. ചിക്കന്‍ 500 ഗ്രാം
2. സവാള രണ്ടെണ്ണം
3. പച്ചമുളക് അഞ്ചെണ്ണം
4. തക്കാളി മൂന്നെണ്ണം
5. ഇഞ്ചി രണ്ട് കഷണം (ചതച്ചത്)
6. വെളുത്തുള്ളി ചതച്ചത് ഒരു ടേ. സ്പൂണ്‍
7. മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
8. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
9. മസാലപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍
10. മുളകുപൊടി രണ്ട് ടീസ്പൂണ്‍
11. കറിവേപ്പില രണ്ടു തണ്ട്
12. എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
13. ഉപ്പ് പാകത്തിന്
14. മല്ലിയില ആവശ്യത്തിന്

ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ട് മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം.

വാഴപ്പിണ്ടി-പരിപ്പ് തോരന്‍

1. വാഴപ്പിണ്ടി ഒന്ന് (ചെറുത്)
2. പരിപ്പ് 100 ഗ്രാം
3. തേങ്ങ ചിരവിയത് ആവശ്യത്തിന്
4. പച്ചമുളക് മൂന്നെണ്ണം
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. ജീരകം ഒരു നുള്ള്
7. എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
8. കടുക് ഒരു ടീസ്പൂണ്‍
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് ആവശ്യത്തിന്

വാഴപ്പിണ്ടി കനംകുറച്ച് അരിഞ്ഞ് നാരുകളഞ്ഞ് ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക. മൂന്നുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ചതച്ചെടുക്കുക. കടുകു വറുത്തതിനുശേഷം വാഴപ്പിണ്ടി അരിഞ്ഞതും അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക. വെന്തുവരുമ്പോള്‍ പരിപ്പ് വെന്തതും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയെടുത്ത് ഉപയോഗിക്കാം.

കോവല്‍ ഇല തോരന്‍

1. കോവല്‍ ഇല ഒരു അടുക്ക്
2. സവാള (അരിഞ്ഞത്) ഒന്ന്
3. പച്ചമുളക് രണ്ട്
4. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
5. തേങ്ങ മൂന്ന് ടേബിള്‍ സ്പൂണ്‍
6. കറിവേപ്പില ഒരു തണ്ട്
7. കടുക് ഒരു ടീസ്പൂണ്‍
8. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
9. ഉപ്പ് പാകത്തിന്

കോവല്‍ ഇല നല്ല വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. കടുക് വറുത്തതിലേക്ക് സവാള, പച്ചമുളക്, മഞ്ഞള്‍പൊടി, തേങ്ങ എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇല അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.

റാഗി കൊഴുക്കട്ട

1. റാഗിപ്പൊടി രണ്ട് ഗ്ലാസ്
2. ശര്‍ക്കര ആവശ്യത്തിന്
3. തേങ്ങ ആവശ്യത്തിന്
4. ജീരകം ഒരു ടീസ്പൂണ്‍
5. ഏലയ്ക്ക മൂന്നെണ്ണം
6. വെള്ളം പാകത്തിന്
7. ഉപ്പ് പാകത്തിന്

നല്ല തിളച്ച വെള്ളം ചൂടോടെതന്നെ റാഗിപ്പൊടിയില്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ചുവെക്കുക. മാവ് തണുക്കുമ്പോള്‍ നന്നായി കുഴയ്ക്കുക. അതിനുള്ളില്‍ തേങ്ങ, ശര്‍ക്കര, ജീരകം, ഏലയ്ക്ക എന്നീ ചേരുവകള്‍ വെച്ച് ഉരുളകളാക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക.

തഴുതാമയില തോരന്‍

1. തഴുതാമ ഇല ആവശ്യത്തിന്
2. പച്ചമുളക് രണ്ടെണ്ണം
3. തേങ്ങ മൂന്ന് ടേബിള്‍ സ്പൂണ്‍
4. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
5. ജീരകം ഒരു നുള്ള്
6. ചുവന്നുള്ളി രണ്ട്
7. ഉപ്പ് പാകത്തിന്
8. കടുക് ഒരു ടീസ്പൂണ്‍
9. കറിവേപ്പില ഒരു തണ്ട്
10. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഇല നന്നായി കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക. അതിനുശേഷം അരിഞ്ഞെടുക്കുക. രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ കല്ലില്‍ ചതച്ച് കടുകു വറുത്തതിലേക്ക് ഇല അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.

മത്തന്‍ ഇല തോരന്‍

1. മത്തന്‍ ഇല ഒരു പിടി
2. തേങ്ങ മൂന്ന് ടേബിള്‍സ്പൂണ്‍
3. പച്ചമുളക് രണ്ടെണ്ണം
4. സവാള (ചെറുതായി അരിഞ്ഞത്) ഒന്ന്
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. ഉപ്പ് പാകത്തിന്
7. കടുക് ഒരു ടീസ്പൂണ്‍
8. കറിവേപ്പില ഒരു തണ്ട്
9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഇല കഴുകി അരിഞ്ഞെടുക്കുക. രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ഇലയില്‍ ചേര്‍ത്ത് നന്നായി ഇളക്കി കടുകു വറുത്ത് ആവിയില്‍ വേവിക്കുക.

ഗ്രീന്‍ സാലഡ്

1. കക്കിരി ഒന്ന്
2. കാരറ്റ് ഒന്ന്
3. തക്കാളി ഒന്ന്
4. സവാള ഒന്ന്
5. കാപ്‌സിക്കം ഒന്ന് (ചെറുത്)
6. കാബേജ് ഒരു പോള
7. ചെറുപയര്‍ മുളപ്പിച്ചത് മൂന്ന് ടേബിള്‍ സ്പൂണ്‍
8. ചെറുനാരങ്ങനീര് ഒരു ടീസ്പൂണ്‍
9. കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
10. മല്ലിയില ഒരു തണ്ട്
11. ഉപ്പ് പാകത്തിന്
ഒന്നുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ് ചെറുപയര്‍ മുളപ്പിച്ചതും ചെരുനാരങ്ങനീരും കുരുമുളകുപൊടിയും മല്ലിയിലയും ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പത്തിരി

1. അരിപ്പൊടി ഒരു ഗ്ലാസ്
2. ഉപ്പ് പാകത്തിന്
3. തിളച്ച വെള്ളം പാകത്തിന്

ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ച് അരിപ്പൊടി ഒന്ന് വാട്ടിയെടുക്കുക. ചെറുചൂടോടെ കുഴച്ച് ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക.

പ്രിപ്പറേഷന്‍: സോമശേഖരന്‍, അശ്വതി, നടുവട്ടം, കോഴിക്കോട്‌

വരൂ, ഒരു കാപ്പി കുടിച്ചിട്ട് പോകാം






നാലര വെളുപ്പിന് എണീറ്റ് പരശുറാം എക്‌സ്പ്രസ് മംഗലാപുരത്തുനിന്ന് യാത്ര തുടങ്ങുകയായി. മൊട്ടക്കുന്നുകളും ഉണങ്ങിയപാടങ്ങളും കടന്ന് വണ്ടി കേരളത്തിന്റെ മണ്ണില്‍ തൊട്ടു. പുലര്‍കാലത്തെ നേര്‍ത്ത തണുപ്പില്‍ പുതഞ്ഞുറങ്ങുന്ന കേരളം. പരശുരാമന്‍ തൊട്ടു വിളിച്ചപ്പോള്‍ പതുക്കെ എണീറ്റു. എങ്ങും ആവിപറക്കുന്ന കാപ്പിയുടെ മണം. ഈ വെളുപ്പാന്‍ കാലം ഓര്‍മയിലേക്ക് കുറെ കാപ്പിക്കപ്പുകള്‍ പറത്തിയിടുന്നുണ്ട്. ഇന്ത്യന്‍ കോഫിഹൗസില്‍ നിന്നാണ് ആ കപ്പുകള്‍ വരുന്നത്.

കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് കോഫിഹൗസിലേക്ക് ആവേശത്തോടെ കയറി വന്നവര്‍, നീണ്ട തലപ്പാവണിഞ്ഞ് രാജാക്കന്‍മാരുടെ ചേലില്‍ വരുന്ന വെയിറ്റര്‍മാരെ മിഴിച്ചുനോക്കി നിന്ന കാലം. അവര്‍ കൊണ്ടുവെച്ച കാപ്പിയിലും വടയിലും നാവില്‍ രുചിയുടെ ഹരിശ്രീ കുറിച്ചതിന്റെ ഓര്‍മ. ഇത്തിരി മുതിര്‍ന്നപ്പോള്‍ കാമുകിയുടെ കൈയും പിടിച്ചായി കോഫിഹൗസിലേക്കുള്ള വരവ്. ആരും കാണാത്തൊരു മൂലയില്‍ ഇരിപ്പിടം തേടുമ്പോള്‍ രണ്ടുപേരും അവരുടേതായ ലക്ഷ്യങ്ങള്‍ കുറിച്ചുവെച്ചു. ആ കൊതിച്ചി ഇഷ്ടമുള്ളത്ര മസാലദോശകള്‍ക്ക് ഓര്‍ഡറിടും. കാമുകന് പ്രിയം പക്ഷേ കോഫിഹൗസിലെ അന്തരീക്ഷമായിരുന്നു. ആരും വന്ന് കണ്ണുരുട്ടാത്ത ആംബിയന്‍സില്‍ അയാള്‍ അവളുടെ കണ്ണുകളില്‍ത്തന്നെ നോക്കിയിരുന്നു. ആ പ്രണയം കുടിച്ചുവറ്റിച്ച കാപ്പിക്കപ്പുകളെ, നന്ദി....

മൂന്ന് കുഴികളുള്ള പ്ലേറ്റില്‍ തേങ്ങാചട്ട്ണിയുടെയും സാമ്പാറിന്റെയും അകമ്പടിയോടെ അതാ വരുന്നു മസാലദോശ. എന്നും ഇടതുപക്ഷക്കാരനായിരുന്നു ആ ദോശ, ഉള്ളിലാകെ ചുവപ്പ് വാരിപ്പൂശി ഇത്തിരി വിപ്ലവച്ചൂടോടെ വന്ന് നില്‍ക്കും. നാവില്‍ എരിവും മധുരവും പുരട്ടാനെത്തുന്ന ആ കൊച്ചുപേടകത്തെ മറന്നിട്ടൊന്നുമില്ല. നമ്മുടെ പ്രിയപ്പെട്ട കട്‌ലെറ്റുകള്‍. തേന്‍മധുരം കിനിയുന്ന സോസില്‍ പുരട്ടി അവയുടെ ഒരെത്തിനോട്ടമുണ്ട്. പിന്നെ മനസ്സിന് ബ്രേക്ക് പോയ വണ്ടിയുടെ ഗതിയാവും.
ഇന്നും ഹോട്ടലെന്നാല്‍ മലയാളിയ്ക്ക് പ്രിയം കോഫി ഹൗസ് തന്നെ. തീവണ്ടിയെന്നുകേട്ടാലോ. ആദ്യം കിതച്ചെത്തുക പരശുറാം തന്നെ. കോഫിഹൗസുകളിലെ രുചികള്‍ അറിഞ്ഞുകൊണ്ടുള്ള ഈ യാത്രയ്ക്ക് കൂട്ട് പരശുരാമന്‍ തന്നെയാവട്ടെ.

ഇപ്പോള്‍ കാസര്‍കോടാണ.് വണ്ടിയില്‍ കറുത്ത ഉടുപ്പണിഞ്ഞ കുറെ പെണ്ണുങ്ങള്‍ കയറിവരുന്നു. തട്ടത്തില്‍ മറച്ച മൊഞ്ചത്തികള്‍. 'ഞ്ഞി എങ്ങോട്ടാ, ഈട അങ്ങനൊന്നുംല്ലപ്പാ.' വടക്കിന്റെ മലയാളം വണ്ടിയില്‍ നിറയുന്നു. കാഞ്ഞങ്ങാടും നീലേശ്വരവും കടന്ന് പരശുരാമന്‍ കണ്ണൂരെത്തുമ്പോഴേക്കും പുറത്ത് വെയിലിന്റെ നേര്‍ത്ത പൊട്ടുകള്‍.
കണ്ണൂരിന് നന്നായി മൊരിഞ്ഞ മസാലദോശയുടെ ഗന്ധമാണ്. അതറിഞ്ഞ് ആരോ ചങ്ങല വലിച്ചുനിര്‍ത്തിയ പോലെ പരശുരാമനും നിന്നു. ആദിമമായ ആ ഗന്ധത്തിന്റെ പൊരുള്‍ തേടിയെത്തിയത് തെക്കീബസാറിലെ കോഫി ഹൗസില്‍. പറശ്ശിനിമഠപ്പുരയിലെ തിരുവപ്പനയ്ക്കുള്ളത്ര തിരക്കുണ്ട് ഈ കാപ്പിക്കടയുടെ മുന്നിലും. പച്ച ചിത്രത്തുന്നലുകള്‍ പതിച്ച വെള്ളക്കുപ്പായമണിഞ്ഞ് തലയില്‍ കിരീടവുമായി രാജാക്കന്‍മാരെത്തിത്തുടങ്ങി. പ്രജകളുടെ ഉത്തരവുകള്‍ നീണ്ട കുറിപ്പടികളായി കാപ്പി, പൂരിമസാല, ഇഡ്ഡലി, വട, പൊറോട്ട....രുചിയുടെ ബി. നിലവറ തുറന്നുകഴിഞ്ഞു. തീനും കുടിയും തകൃതിയായി.

കാവിമുണ്ടും ചുഴറ്റിക്കുത്തി ഒരു കാരണവര്‍ കയറി വരുന്നു. വീട്ടിലെ അടുക്കളയിലേക്ക് വരുന്ന പോലെയാണ് മുഖഭാവം. പിന്നാലെയെത്തി ദിനേശ് ബീഡിയുടെ ചൂരുള്ള മണം. 'വീട്ടില്‍ കിട്ടുന്ന ഭക്ഷണം തന്നെ കോഫി ഹൗസിലും കിട്ടും. വെറുതെ പുലര്‍ച്ചെത്തന്നെ ഭാര്യയെ ശല്യപ്പെടുത്തേണ്ടല്ലോ,' മുന്നിലെ പിഞ്ഞാണക്കോപ്പയിലിരിക്കുന്ന ചൂട് കാപ്പി മോന്തി ശങ്കരന്‍ കാരണവര്‍ പറഞ്ഞു. വര്‍ഷങ്ങളായി കോഫിഹൗസിലെ പതിവുകാരിലൊരാള്‍. ഇതൊക്കെ കേട്ട് കണ്ണൂരുകാര്‍ ഭക്ഷണഭ്രാന്തരാണെന്നൊന്നും ധരിക്കേണ്ട.

'കണ്ണൂരുകാര്‍ ശരീരം ശ്രദ്ധിച്ചേ ഭക്ഷണം തിരഞ്ഞെടുക്കൂ. അതിനൊത്തതേ ഞങ്ങളും വിളമ്പാറുള്ളു' കോഫി ഹൗസിലെ മാനേജര്‍ രമേശന്‍ വടക്കിന്റെ ഭക്ഷണശീലങ്ങളിലേക്ക് പോയി. കണ്ണൂരുകാര്‍ക്ക് പണ്ടേ വെജിറ്റേറിയനായിരുന്നു ഇഷ്ടം. അടുത്തകാലത്തായി അവര്‍ നോണ്‍വെജിലേക്ക് മാറിത്തുടങ്ങി. ആ മാറ്റം കണ്ടറിഞ്ഞ് ഇവിടുത്തെ കോഫി ഹൗസും ഒന്നുചുവടുമാറ്റിപ്പിടിച്ചു. കേരളത്തിലെ ആദ്യ നോണ്‍വെജ് കോഫി ഹൗസ് ഇന്ന് കണ്ണൂരിന് സ്വന്തം.

'മുളകും മല്ലിയുമെല്ലാം ഞങ്ങള്‍ തന്നെ വാങ്ങി പൊടിക്കും. തേങ്ങ മാത്രമേ കറികള്‍ക്ക് ഉപയോഗിക്കൂ. നോണ്‍വെജില്‍ 110 ഐറ്റങ്ങള്‍ വിളമ്പുന്നുണ്ട്. എന്നാലും ചില ഇനങ്ങള്‍ക്ക് നിരോധനമാണ്. ഒന്ന് മഷ്‌റൂം വിഭവങ്ങള്‍. എളുപ്പം കേടാവുമത്'. രമേശന്‍ കോഫിഹൗസിനുവേണ്ടി വീണ്ടും ഗോളടിച്ചു.

ഇടയ്ക്കിടെ രാഷ്ട്രീയം തീയും പുകയും പരത്തുന്ന നാട്. പക്ഷേ കോഫിഹൗസിലെത്തുമ്പോള്‍ എല്ലാവരും മര്യാദരാമന്‍മാരാണ്. ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രനും സിപിഎം സെക്രട്ടറി പി.ജയരാജനും രാഷ്ട്രീയത്തില്‍ കടുത്ത ശത്രുക്കളാണെങ്കിലും ഇവിടുത്തെ മസാലദോശയ്ക്ക് മുന്നില്‍ അവര്‍ വട്ടമേശ സമ്മേളനം നടത്തിയെന്നിരിക്കും. കോഫിഹൗസിനെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍.

'ഭക്ഷണത്തിന് രാഷ്ട്രീയമില്ല, ഞങ്ങളും രാഷ്ട്രീയം കാണിക്കില്ല.' ലക്ഷ്മണന്‍ എന്ന കുക്ക് ചിരിച്ചു. ഇതാ നോണ്‍വെജുകാരുടെ മുന്നിലേക്ക് മൊരിഞ്ഞ പൊറോട്ട ചൂടോടെ പറന്നുവീഴുന്നു. ഒപ്പം ചിക്കന്റെ എരിവുള്ള കൂട്ട്. രാവിലെത്തന്നെ ചിക്കനോ എന്നു മൂക്കത്തുവിരല്‍വെക്കുന്നവര്‍ക്ക് കണ്ണൂരുകാരുടെ നമോവാകം.



മാഹിയെത്തിയാല്‍


പരശുറാം വീണ്ടും വിളിച്ചു. വണ്ടി നീങ്ങുമ്പോഴേക്കും ഉള്ളില്‍ തിരക്ക് കൂടിയിരുന്നു. നാലാമത്തെ കമ്പാര്‍ട്ട്‌മെന്റ് മധുരയിലേക്കുള്ള തിമിരശസ്ത്രക്രിയാ സംഘം കൈയടക്കിയിരിക്കുന്നു. അപ്പാപ്പന്‍മാരും അമ്മച്ചിമാരും നേരം പോക്കുകള്‍ പറഞ്ഞ് കൈ കൊട്ടിച്ചിരിച്ചു. തലശ്ശേരിയെത്തുമ്പോഴേക്കും കുറെ വണികസംഘങ്ങള്‍ കയറിവന്നു. തോര്‍ത്ത്, തലയിണ, നാരങ്ങ, കളിപ്പാട്ടങ്ങള്‍.... ഒരാള്‍ ലൈറ്റ് കത്തിക്കുന്ന കിളിയെ വാങ്ങി. 'കുഞ്ഞിക്ക് കൊടുക്കാലോ, ഓനിതോണ്ട് കളിച്ചോളും.' കണ്ണുരുട്ടിയ ഭാര്യയോട് പുള്ളി ന്യായം നിരത്തി. കുറെനേരം അപ്പാപ്പന്‍ ആ ലൈറ്റ് കത്തിച്ചൊരു കളികളിച്ചു. മാഹിയെത്തുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു കടങ്കഥ പിറക്കുന്നു. 'കോഴിക്കോടന്‍ ഹല്‍വ, വടകര മുറുക്ക്, മാഹിയെത്തിയാലോ...' മാഹിയെത്തിയാല്‍....'നല്ല സര്‍ബത്ത്...' നരച്ച കൊമ്പന്‍മീശ തടവിയയാള്‍ ഞൊടിയിടയില്‍ ഉത്തരം പൂരിപ്പിച്ചു.

മദ്യത്തിന് സര്‍ബത്തെന്ന പര്യായം കണ്ടുപിടിച്ച വിരുതന്‍.അപ്പോഴേക്കും വണ്ടി വടകര കടന്ന് കോഴിക്കോടിനെ തൊട്ടിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഒരു കണിക്കൊന്ന പൂത്തു നില്‍പ്പുണ്ട്. വിഷുകഴിഞ്ഞതൊന്നും അറിഞ്ഞില്ലേ, ആവോ.

അരയിടത്തുപാലത്തെ കോഫി ഹൗസില്‍ ഒരു അതിഥി. ജീവിതത്തിന്റെ പുസ്തകവും സൂഫിപറഞ്ഞ കഥയുമെഴുതിയ കെ.പി.രാമനുണ്ണി. ഇഷ്ടപ്പെട്ട മട്ടന്‍കറിയില്‍ ചപ്പാത്തി മുക്കിയെടുത്ത് കഴിക്കുകയാണ് നോവലിസ്റ്റ്. 'നമുക്ക് വീട്ടിലെ ഭക്ഷണം പോലെ വിശ്വസിച്ച് കഴിക്കാം. കൂടുതല്‍ വലിയ ഹോട്ടലുകളിലൊക്കെ പോയാല്‍ കൃത്രിമമായിട്ടുള്ള ലോഹ്യം പറച്ചിലുമായി വെയിറ്റര്‍മാര്‍ വരും. ഇവിടെ നമ്മളെ സുഖിപ്പിക്കാന്‍ വേണ്ടി ആരും ഹോസ്പിറ്റാലിറ്റി കാണിക്കാറില്ല. ഇന്നതുണ്ട്, ഇന്നതില്ല അങ്ങനെയേ പറയൂ. നമ്മള്‍ വീട്ടില്‍ ചെന്നാല്‍ അമ്മമാരും വല്യമ്മമാരുമൊക്കെ അങ്ങനെയല്ലേ' രാമനുണ്ണി കോഫിഹൗസിനോടുള്ള പ്രണയം തുറന്നുവെച്ചു.

കോഫി ഹൗസിന്റെ രസിപ്പിക്കുന്ന കഥയിലേക്ക് ജീവനക്കാരനായ സുരേന്ദ്രനും കൂപ്പുകുത്തി. ' മുതലക്കുളത്തുണ്ടായിരുന്ന കോഫി ഹൗസില്‍ ഒരു പ്രേമമൂലയുണ്ടായിരുന്നു. അതിനടുത്താണ് ലോ കോളേജ്. അവിടുത്തെ കുട്ടികള്‍ ഇടയ്ക്കിടെ കോളേജില്‍നിന്ന് മുങ്ങി, പിന്നെ കോഫിഹൗസില്‍ പൊങ്ങും. പതിവുകാരായ രണ്ടുപേരെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു കണ്ണൂരുകാരനും ഒരു കോട്ടയംകാരിയും. ഇവര്‍ വന്നാല്‍ ഫ്രഞ്ച് റോസ്റ്റും ഫിംഗര്‍ ചിപ്‌സുമേ ഓര്‍ഡര്‍ ചെയ്യൂ. ഇതിന്റെ ഗുട്ടന്‍സ് പിന്നീടാണ് പിടികിട്ടിയത്. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഴുകി വേവിച്ചെടുത്ത് മേശപ്പുറത്തെത്താന്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണം. അത്ര നേരം കൂടി പ്രേമിക്കാമല്ലോ.' അന്നത്തെ കാമുകിയെയും കാമുകനെയും സുരേന്ദ്രന്‍ ഈയിടെ വീണ്ടും കണ്ടുമുട്ടി. അവരിപ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും വേഷത്തിലാണ്. ഇപ്പോഴും ഫിംഗര്‍ ചിപ്‌സ് കഴിക്കുന്നുണ്ടോ എന്ന് കുക്ക് ചോദിച്ചില്ല. 'ആളു പ്രമുഖവക്കീലാണ്. പേരുപറയുന്നില്ല, സംഗതി കോടതി അലക്ഷ്യമായാലോ.' സുരേന്ദ്രനിതാ മുങ്ങിക്കളഞ്ഞു.

പരശുരാമന്‍ വീണ്ടും നീങ്ങിത്തുടങ്ങി. തോളിലെടുക്കാവുന്നതിന്റെ നാലിരട്ടി ആളുകളുണ്ടെങ്കിലും പരിഭവമൊന്നുമില്ലാതെയാണ് യാത്ര. തിരൂരും കുറ്റിപ്പുറവും എത്തിയപ്പോള്‍ കുറെ അധ്യാപകര്‍ ഉറക്കംവിട്ട് ചാടിയിറങ്ങി. അവരുടെ സഞ്ചികളിലെ ചോറ്റുപാത്രത്തിന്റെ സ്വാദുള്ള ഗന്ധം അകന്നുപോയി.

ഇതാ ചരിത്രം വിളിക്കുന്നു


തൃശ്ശൂരെത്തുമ്പോള്‍ സൂര്യന്‍ ഉച്ചിയിലെത്തിയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്തിനടുത്തുള്ള കോഫി ഹൗസില്‍നിന്ന് കായം തിളയ്ക്കുന്ന മണം. ഊണുകാലമായി. ആ സാമ്പാറുകൂട്ടി രണ്ടുരുള കഴിക്കാതെ പോവുന്നതെങ്ങനെ.

സ്വരാജ് റൗണ്ടിലേക്ക് ഒപ്പം വന്നത് കോഫി ഹൗസുകളുടെ ചരിത്രം കൂടിയാണ്. ഐവര്‍ബുള്‍ സായിപ്പില്‍നിന്ന് തുടങ്ങുന്നു ആ കഥ. ഇന്ത്യയിലെ കാപ്പിവ്യവസായത്തെ രക്ഷിക്കാന്‍ 1940ലാണ് സായിപ്പ് ഇന്ത്യ കോഫി മാര്‍ക്കറ്റ് എക്‌സ്പാന്‍ഷന്‍ ബോര്‍ഡ് കൊണ്ടുവന്നത്.രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോഫി ബോര്‍ഡ് വന്നു, കോഫി ഹൗസും. 1957ല്‍ സര്‍ക്കാരിന്റെ ബുദ്ധി തലതിരിഞ്ഞു. 'കാപ്പിവ്യവസായം രക്ഷപ്പെട്ടു. ഇനി കോഫി ഹൗസുകള്‍ പൂട്ടാം.' അതോടെ തൊഴിലാളികള്‍ പെരുവഴിയിലായി. അപ്പോഴാണ് ഉശിരോടെ എ.കെ.ജി. വരുന്നത്. പിന്നാലെ കോഫി വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും വന്നു. അന്ന് 55 വര്‍ഷം മുമ്പേ എ.കെ.ജി. തുടങ്ങിവെച്ച കോഫിഹൗസിന്റെ ആദ്യശാഖയിതാ മുന്നില്‍.

അകത്ത് ചുവന്ന മാലയണിഞ്ഞ് എ.കെ.ജി.യുടെ ഫോട്ടോ. പണ്ട് ബഷീറും തകഴിയും മുണ്ടശ്ശേരിയും പിജെ. ആന്റണിയുമെല്ലാം ഇരുന്ന് വെടിപറഞ്ഞ കസേരകള്‍ക്കുപോലുമുണ്ട് വിനയത്തില്‍ പൊതിഞ്ഞ ഒരു അഹങ്കാരം. ഇതിന്റെ മുറ്റത്ത് ഇടയ്ക്കിടെ ഒരു ഓട്ടോ വന്ന് നിര്‍ത്തുമായിരുന്നു. അതില്‍നിന്ന് ആദ്യം നീളന്‍കാലുള്ള കുടയാണ് പുറത്തിറങ്ങുക. അതുകാണുമ്പോള്‍ ആളുകള്‍ പറയും,'ഗഡീ, വി.വി. രാഘവന്‍ വരുന്നുണ്ട്'. പിന്നാലെ കുടയും കുത്തിപ്പിടിച്ച് അന്നത്തെ മന്ത്രി കാപ്പി കുടിക്കാന്‍ കയറും.

സീനിയര്‍ മാനേജര്‍ മുകുന്ദന്‍ ചൂടാറാത്ത ചില പഴയ കഥകള്‍ തിരഞ്ഞുതന്നു.'ദിവസം ഒരു തവണയെങ്കിലും കോഫി ഹൗസില്‍ കയറിയില്ലെങ്കില്‍ ഉറക്കം വരാത്തവരുണ്ട് തൃശ്ശൂരില്‍. മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ. വിജയകുമാറിന് രാവിലെ ഒരു സര്‍ജറി ചെയ്യാനൊരുങ്ങുമ്പോഴാവും മസാലദോശ ഓര്‍മ വരിക. ഉടന്‍ വിളിക്കും. 'ഞാനിതാ വരുന്നുണ്ട്. ദോശ റെഡിയാക്കി വെച്ചോ' എന്ന്'.

അപ്പോഴേക്കും ഊണുനിരന്നിരുന്നു. സാമ്പാറിന്റെയും പരിപ്പുകറിയുടെയും തനതുരുചി. നാലുകൂട്ടമേ ഉള്ളുവെങ്കിലും വെടിപ്പുള്ള ഊണ്. ഒടുവില്‍ പ്രഥമന്‍ കൊണ്ടൊരു കൊട്ടിക്കലാശവും.

വണ്ടി വീണ്ടും പുറപ്പെട്ടു. ചരല്‍മണല്‍ നിറഞ്ഞ പാതകളില്‍ തീ പാറുന്ന ചൂട്. ഇരിങ്ങാലക്കുടയും ചാലക്കുടിയും കൈവീശി. എറണാകുളം ഉച്ചയൂണ് കഴിഞ്ഞുള്ള മയക്കത്തിലാണ്. പിസാഹട്ടും കോഫിഡേയും കയറിയിറങ്ങുന്ന ചുള്ളന്‍മാര്‍. അവര്‍ക്കറിയില്ലല്ലോ തൊട്ടടുത്തുള്ള പഴയ കോഫിഹൗസിന്റെ ആ രുചിക്കൂട്ടുകള്‍. അത് മനസ്സില്‍ സൂക്ഷിക്കുന്ന എറണാകുളത്തിന്റെ യുവ എം.എല്‍.എയാണ് ഈ വരുന്നത്. ഹൈബി ഈഡന്‍. കേരളനിയമസഭയിലെ കാര്യമായ കഴിപ്പുകാരിലൊരാള്‍.

' എറണാകുളത്ത് ഞാന്‍ കയറാത്ത റസ്റ്റോറന്റുകളില്ല. പക്ഷേ ഞങ്ങള്‍ ഫ്രന്‍ഡ്‌സ് ഒത്തുകൂടുന്ന സമയത്തൊക്കെ സൗത്തിലെ കോഫിഹൗസിലാണ് പോവാറ്. അവിടുത്തെ കോഫി എനിക്ക് പ്രിയപ്പെട്ടതാണ്.' ഹൈബി പ്രസംഗം തുടങ്ങി. 'കേരളത്തിന് പുറത്തൊക്കെ പോയാല്‍ നോണ്‍വെജ് കഴിക്കാന്‍ പേടിയാണ്. പക്ഷേ കോഫി ഹൗസുണ്ടെങ്കില്‍ ഒരു ധൈര്യം കിട്ടും,' ഭക്ഷണത്തെക്കുറിച്ച് അടിയന്ത രപ്രമേയം അവതരിപ്പിക്കുംപോലെയാണ് ബഹുമാനപ്പെട്ട മെമ്പര്‍.

'ഞങ്ങള്‍ എം.എല്‍.എ.മാര്‍ അസംബ്ലി സമയത്ത് അടിയന്തര പ്രമേയം കഴിഞ്ഞാല്‍ കോഫി ഹൗസിലേക്കൊരു മാര്‍ച്ചുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ കഴിപ്പുകാര്‍ ഞാനും ഷാഫി പറമ്പിലുമാണ്. എന്നെയും ഷാഫിയെയും കാണുമ്പോള്‍ വെയിറ്റര്‍ ചോദിക്കും മട്ടണ്‍ ഓംലെറ്റ് എടുക്കട്ടേയെന്ന്. കെ .എം.ഷാജിയും വി.ടി. ബല്‍റാമുമെല്ലാം ഡയറ്റിങ്ങ് മൂഡുകാരാണ്. വിഷ്ണുനാഥ് പിന്നെ അമിതമായി കഴിക്കുന്നയാളല്ല.' ഭക്ഷണസഭയില്‍ ഇനി ശൂന്യവേളയാണ്. ഹൈബി തിരക്കുകളിലേക്ക് പോയി.

കോട്ടയത്തെ റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെ വണ്ടി കുതിച്ചു. ആളൊഴിഞ്ഞ പാതകള്‍. പുത്തരിക്കണ്ടം മൈതാനത്ത് ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയിലും അംബാസഡര്‍ ബാറിനുമുന്നിലും ആള്‍ത്തിരക്കുണ്ട്. അക്ഷരങ്ങളും മദ്യവും. കോട്ടയത്തിന്റെ അതിജീവന സാമഗ്രികള്‍. ടി.ബി.റോഡിലെ ആ പഴയ ഓടിട്ട കെട്ടിടത്തിനുള്ളിലും ആളുകള്‍ക്ക് കുറവില്ല. ഇടനാഴി കടന്ന് അകത്തെ ഉപശാലയിലേക്ക് കടന്നപ്പോള്‍ കട്‌ലെറ്റിന്റെയും സമൂസയുടെയും സമയമാണ്. കോട്ടയത്തിന്റെ തനത് എരിവുണ്ട് ഓരോന്നിനും. ഇവിടുത്തെ സൗഹൃദസന്ധ്യകളിലും രുചി നുകരാന്‍ വരുന്ന പതിവുകാരുണ്ട്. ആന്റോ ആന്റണിയും സുരേഷ് കുറുപ്പും ടോമി കല്ലാനിയും ക്യാമറാമാന്‍ വേണുവും. ആ പട്ടിക നീണ്ടു.

പാടങ്ങളും മലഞ്ചെരിവുകളും കടന്ന് വണ്ടി കുതിച്ചുപാഞ്ഞു. ചങ്ങനാശ്ശേരിയും തിരുവല്ലയും കടക്കുമ്പോള്‍ അരികില്‍ പൂവിട്ടുനില്‍ക്കുന്ന കയ്പവല്ലരികള്‍, പിന്നെ കൊല്ലത്തെ കായലുകള്‍. അപ്പോള്‍ വീണ്ടും വന്നു ഹിന്ദിവാല. അയാളുടെ ചായ,വട വിളിക്കുമുന്നില്‍ അതുവരെ ശവാസനത്തിലായിരുന്ന ഒരാള്‍ ചാടിയെണീറ്റു. കാവി ജുബ്ബയുടെ കൈ തെറുത്തുകയറ്റി അയാള്‍ ഒരു വട വിഴുങ്ങി. പിന്നാലെ വന്നു ചൂടുള്ള രണ്ടുവരി വിപ്ലവ കവിത. 'നിങ്ങളെന്റെ കറുത്ത മക്കളെ...' ഒരു തെക്കത്തി അതുകണ്ട് ഊറിച്ചിരിച്ചു. പരശുറാം ഇതാ തിരുവനന്തപുരം അടുക്കുകയായി.

ഇരിപ്പുപാര്‍ട്ടികള്‍


ചപ്രാച്ചി തലമുടിയും ചരിഞ്ഞ നടത്തവുമായി മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കയറിവന്നത് കോഫി ഹൗസില്‍നിന്നായിരുന്നെന്ന് കേട്ടാല്‍ ചുമ്മാതെങ്കിലും ഒന്നു ഞെട്ടിക്കൂടേ. ലാലിന്റെ ഓര്‍മയിലും ആ പഴയ കാലമുണ്ട്. 'എത്രയോ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ അവിടെ ഇരുന്നിട്ടുണ്ട്. കോഫി ഹൗസിന് അതിന്റേതായ മണവും രുചിയുമുണ്ട്. അവിടുത്തെ ഭക്ഷണത്തിനുമാത്രമേ ഇതൊക്കെയുള്ളൂ.'ലാല്‍ എഴുതിവെച്ചു.

തമ്പാനൂരിലാണ്. തിരുവനന്തപുരത്തിന്റെ ഹൃദയം. ആ പുട്ടുകുറ്റി പോലുള്ള കോഫിഹൗസിലേക്ക് സ്വീഡന്‍കാരി കരീന ചിരപരിചിതയെപ്പോലെ നടന്നുകയറി. ലാറിബേക്കറുടെ അത്ഭുത സൃഷ്ടിയായ കാപ്പിക്കൊട്ടകയില്‍ അവര്‍ സ്വാസ്ഥ്യം തേടി. കേരളത്തിന്റെ നൃത്തവും സംസ്‌കാരവും പഠിക്കാനാണ് സുന്ദരിയുടെ വരവ്. 'ആദ്യം വലിയ ഹോട്ടലുകളിലൊക്കെ കയറി ഭക്ഷണം കഴിച്ചു. കീശയും വയറും മോശമായത് മിച്ചം. ഇപ്പോള്‍ രണ്ടും ഭദ്രം. കേരളത്തിലെ ഏത് കോഫി ഹൗസിലും ഒരേ രുചിയില്‍ ഭക്ഷണം കിട്ടും. അധികം സ്‌പൈസിയല്ലാത്ത ഫുഡുമാണ്.'ആ തിരിച്ചറിവില്‍ അവരിപ്പോള്‍ കോഫി ഹൗസുകളിലൂടെ കേരളപര്യടനത്തിലാണ്.

സിമന്റ് ബെഞ്ചിലിരുന്ന് ആസ്വദിച്ച് കഴിക്കുന്ന ഭക്ഷണപ്രിയര്‍. പെറോട്ടയും ചിക്കനും പൂരി മസാലയും മസാലദോശയും സുലഭം. ഇവിടെ ഊണു വിളമ്പുന്നില്ലേ. 'അതുകൂടെയുണ്ടായാല്‍ ഇത് പുത്തരിക്കണ്ടം മൈതാനമാക്കേണ്ടി വരും.' സര്‍വീസ് സൂപ്പര്‍വൈസര്‍ സുധാകരന്‍ രംഗത്തുവന്നു.

ഇതാ മറ്റൊരു നൊസ്റ്റാള്‍ജിയ. പുതിയ തീരങ്ങളിലെയും സൗണ്ട് തോമയിലെയും നായിക വരുന്നു, നമിതാപ്രമോദ്. 'ചെറുപ്പത്തില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ശംഖുമുഖത്തെ കോഫി ഹൗസില്‍ എത്രയോ വട്ടം പോയിട്ടുണ്ട് ഞാന്‍. അവിടെനിന്ന് പണ്ട് കഴിച്ച പിസ്ത ഐസ്‌ക്രീമിന്റെ രുചി. എപ്പോള്‍ കോഫിഹൗസിനെക്കുറിച്ച് ചിന്തിച്ചാലും അതേ എന്റെ നാവില്‍ വരൂ. അവിടുത്തെ കോഫിയും മസാലദോശയുമായുള്ള കോമ്പിനേഷന്‍. ഓ എന്തൊരു രസമാണിഷ്ടാ'നായിക ഓര്‍മകളിലേക്ക് വീണു.

ഞാനിനി നില്‍ക്കണോ പോവണോ എന്ന മട്ടില്‍ നില്‍ക്കുന്നു പരശുറാം. തമിഴകത്തിന്റെ രാത്രികളെയും ഒപ്പം കൂട്ടി വണ്ടി നാഗര്‍കോവിലിലേക്ക് പുറപ്പെട്ടു. ഈ രുചിക്കൂട്ടുകള്‍ക്കിടയില്‍ തനിച്ചായപ്പോള്‍ കൂട്ടിന് ഒരു നളനെ കിട്ടി, രാജ് കലേഷ്.'മട്ടന്റെ കീമയുണ്ടാക്കി അത് മുട്ടയുടെ മേലിലിട്ട് പൊരിച്ചുതരുന്ന ഒരു ഡിഷുണ്ട്. മട്ടണ്‍ ഓംലെറ്റ്. പണ്ട് അച്ഛന്‍ വാങ്ങിത്തരുന്നതാണത്. ഈയിടെ പലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല'കലേഷിന് ചെറിയൊരു നിരാശയുണ്ട്.

പക്ഷേ ദുബായില്‍ ഒരു ചാനല്‍ പരിപാടിക്ക് പോയപ്പോള്‍ ആശാന് മട്ടണ്‍ ഓംലെറ്റ് വീണ്ടും കിട്ടി. കോഫിഹൗസുകളെ സ്‌നേഹിക്കുന്നവരില്‍ അഭിമാനം വിടര്‍ത്തുന്ന കഥയാണിത്.'തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍ ദിനേശനും മകള്‍ ഡോ. ദീപയും. ദുബായില്‍ വെച്ച് കണ്ടപ്പോള്‍ ഡോ.ദീപ എനിക്ക് മട്ടണ്‍ ഓംലെറ്റുണ്ടാക്കി തന്നു, 'ഇത് എന്റെ അച്ഛന്റെ ഓര്‍മയ്ക്കായാണ്.' പണ്ട് അച്ഛന്‍ പഠിപ്പിച്ചതാണേ്രത ഇതിന്റെ റെസിപ്പി. അദ്ദേഹത്തിന് കൂടെക്കൂടെ പഴയ സുഹൃത്തുക്കളെ ഓര്‍മ വരും. ആ പഴയ കോഫിഹൗസ് കാലവും. അപ്പോഴൊക്കെ അദ്ദേഹം ദീപയോട് പറയും.'മോളെ ഒരു ഓംലെറ്റുണ്ടാക്കെന്ന്.'
By:സി.എം. ബിജു (Mathrubhumi)

Wednesday, July 10, 2013

വേല വീട്ടിലിരിക്കട്ടെ




എന്നും അലാം വെച്ച് വെളുപ്പിന് ആറുമണിക്ക് എഴുന്നേല്‍ക്കണം. പതിവ് പരിപാടികളെല്ലാം തീര്‍ത്ത് റെഡിയാകാന്‍ ഏഴുമണിയെങ്കിലുമാകും. ഒരു കപ്പ് കാപ്പി ചൂടാക്കി രണ്ടുപീസ് ബ്രഡില്‍ ജാം തേച്ചുപിടിപ്പിച്ച് അകത്താക്കി പുറപ്പെടാന്‍ തുടങ്ങുമ്പോഴേക്കും സമയം എട്ടുമണി. റോഡില്‍ മുടിഞ്ഞ ട്രാഫിക്. ഓഫീസിലെത്തിയപ്പോള്‍പതിവുപോലെ ലേറ്റ്. ബോസിന്റെ കറുത്ത മോന്തയും ഇരുത്തിയുള്ള നോട്ടവും. ടെന്‍ഷന്‍ ടോപ് ഗിയറിലാവാന്‍ വേറൊന്നും വേണ്ട... പണിയെല്ലാം ഒരുവിധമൊപ്പിച്ച് വൈകിട്ട് ഏഴുമണിയാകും ഇറങ്ങാന്‍. റോഡില്‍ തിരക്കിന്റെ പൂരം. വീട്ടിലെത്തി കിടക്കയിലേക്ക് മറിയുമ്പോള്‍ സമയം ഒമ്പതു കഴിഞ്ഞിരിക്കും. എന്നും ഇതുതന്നെ ബിസിനസ്. എന്തൂട്ട് ലൈഫ് ബായീ... ആര്‍ക്കായാലും ജീവിതം പരമബോറായിത്തുടങ്ങും.

അങ്ങനെയൊരു ലോകത്ത് അട്ടര്‍ കണ്‍ഫ്യൂഷനില്‍ അകപ്പെടുന്നവര്‍ക്ക് സ്വന്തം കിളിക്കൂട്ടില്‍ത്തന്നെ ജോലിചെയ്യാന്‍ അവസരമൊരുക്കുകയാണ് വീട്ടില്‍ത്തന്നെ ജോലി (Work from Home) പദ്ധതി. വീടാണ് അഭയം. ഉമ്മറപ്പടി ചവിട്ടിക്കയറുന്നത് തണലിലേക്ക്. ആ ചുവരുകള്‍ക്കുള്ളില്‍ നമ്മള്‍ ആശ്വാസം കണ്ടെത്തുന്നു. എല്ലാ പ്രശ്‌നങ്ങളില്‍നിന്നും തിരക്കുകളില്‍നിന്നും ഇറങ്ങിയെത്തുന്ന ഇടം. അവിടെയുള്ള ആത്മവിശ്വാസം മറ്റൊരിടത്തും കിട്ടിയെന്നുവരില്ല. ജീവനക്കാരുടെ തൊഴില്‍മികവുയര്‍ത്താന്‍ വീട്ടിലെ അന്തരീക്ഷം സഹായിക്കുന്നുവെന്ന് കമ്പനികളും കരുതുന്നു. തൊഴിലിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ അത് സഹായിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍.

എല്ലാംകൊണ്ടും മെച്ചം

ഐ.ടി. കമ്പനികളാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നവരില്‍ മുന്‍നിരക്കാര്‍. വമ്പന്‍ കമ്പനികള്‍തൊട്ട് തുടക്കക്കാര്‍വരെ ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. രൂപ ശര്‍മ പ്രമുഖ ഐ.ടി. കമ്പനിയില്‍ 'വീട്ടില്‍ നിന്ന് ജോലി' സൗകര്യം പ്രയോജനപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. കമ്പനിയില്‍നിന്നുള്ള പ്രോജക്ടുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഡെഡ്‌ലൈന്‍ കൃത്യമായി പാലിക്കാനും ഈ പദ്ധതി തന്നെ സഹായിക്കുന്നതായി രൂപ പറയുന്നു. ഓഫീസില്‍ മറ്റു ജോലികളുടെ കാര്യം ശ്രദ്ധിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കാനുമാവും. ''ഏറ്റവും പ്രധാനം ബാംഗ്ലൂരിലെ കടുത്ത ട്രാഫിക് ജാമില്‍നിന്നുള്ള രക്ഷയാണ്. എന്റെ ഫ്ലാറ്റില്‍നിന്ന് ഓഫീസിലേക്ക് പത്തുകിലോമീറ്ററേയുള്ളൂ. എന്നാല്‍ അവിടെ എത്തിപ്പെടാന്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലുമെടുക്കും. വണ്ടികളുടെ പുകശ്വസിച്ച് രാത്രി മുഴുവന്‍ ചുമയ്ക്കുകയും വേണം. ഇപ്പോള്‍ അത്തരം പൊല്ലാപ്പൊന്നുമില്ല.''

ജീവനക്കാരന്റെ സാന്നിധ്യം ഓഫീസില്‍ അനിവാര്യമല്ലാത്ത ജോലികളാണ് ഈ പദ്ധതിയിലുള്‍പ്പെടുക. കൃഷ്ണകുമാര്‍ ഇതിന്റെ ഭാഗമായിട്ട് ഒരു വര്‍ഷത്തിലേറെയായി. ''മറ്റുള്ളവരെപ്പോലെ ഞാനും എല്ലാ ദിവസവും എട്ടുമണിക്കൂര്‍ ജോലിചെയ്യുന്നു. രാവിലെ കൃത്യം 8.45-ന് എന്റെ ലാപ്‌ടോപ്പിന് മുന്നില്‍ ഇരുത്തം തുടങ്ങും. ഒമ്പതിന് ഓഫീസുമായി ലോഗ് ചെയ്യും. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ടിന്റെ ടീം ലീഡര്‍ ഞാനാണ്. ടീമിനെ ഓണ്‍ലൈനില്‍ കോ-ഓഡിനേറ്റ് ചെയ്യും. ഫോണില്‍ അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യും. എല്ലാം എന്റെ സ്വന്തം ഫ്ലാറ്റിലിരുന്നുകൊണ്ട്. ഇതിലും ഭേദപ്പെട്ട ഒരു തൊഴില്‍സാഹചര്യം ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല.''

വാണി ഗോപന്‍ പ്രമുഖ ഐ.ടി. കമ്പനിയിലെ അസോഷ്യേറ്റാണ്. തുടക്കം ചെന്നൈയിലായിരുന്നു. ഫ്ലോര്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിവുള്ള മിടുക്കിക്കുട്ടി. പെട്ടെന്ന് സ്ഥാനക്കയറ്റങ്ങള്‍, ശമ്പളവര്‍ധന. അതിനിടെയായിരുന്നു വിവാഹം. വരന് ബാംഗ്ലൂരില്‍ മറ്റൊരു ഐ.ടി. കമ്പനിയില്‍ ജോലി. വിവാഹസമ്മാനമെന്നപോലെ കമ്പനി വാണിക്ക് ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു. എട്ടുമാസമായപ്പോള്‍ വാണി ഗര്‍ഭിണിയായി. വിശ്രമം വേണമെന്ന് ഡോക്ടര്‍. ധര്‍മസങ്കടത്തിലായ വാണി ഒടുവില്‍ ജോലി രാജിവെക്കാന്‍ ആലോചന തുടങ്ങി. എന്നാല്‍ വാണിയെപ്പോലെ മികവുകാട്ടുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ നഷ്ടപ്പെടുത്താന്‍ കമ്പനി ആഗ്രഹിച്ചില്ല. അങ്ങനെയാണ് പതിവില്ലാതിരുന്നിട്ടും കമ്പനി വാണിക്ക് 'വര്‍ക്കിങ് ഫ്രം ഹോം' സൗകര്യം അനുവദിച്ചത്. ഇപ്പോള്‍ വാണി രണ്ടരവയസ്സുള്ള കുഞ്ഞിന്റെ അമ്മ. എന്നിട്ടും ഓഫീസില്‍ പോയിത്തുടങ്ങിയിട്ടില്ല. ജോലി മുഴുവന്‍ വീട്ടില്‍ ലാപ്‌ടോപിന് മുന്നിലിരുന്ന്. അരികില്‍ മൊബൈല്‍ ഫോണും.

''എല്ലാം പതിവുപോലെ. പ്രസവത്തിന് രണ്ടു ദിവസം മുമ്പുവരെ ഞാന്‍ ജോലിചെയ്തു. മോന്‍ ജനിച്ച് ഒന്നരമാസം കഴിഞ്ഞപ്പോള്‍ വീണ്ടും ലോഗ് ചെയ്തു. സഹായത്തിന് അമ്മ കൂടെയുള്ളതിനാല്‍ മോന്റെ കാര്യം ബുദ്ധിമുട്ടില്ല. ഇടയ്ക്ക് അത്യാവശ്യത്തിന് അവന്റെ കാര്യവും നോക്കാം. എനിക്കിപ്പോള്‍ ഇത് ശീലമായി. ഓഫീസിലേതിനെക്കാള്‍ നന്നായി മാനേജ് ചെയ്യാന്‍ കഴിയുന്നു. ജീവിതത്തിന്റെ പ്രധാന വഴിത്തിരിവില്‍ കമ്പനി എനിക്കൊപ്പം നിന്നു. ഞാനും അവര്‍ക്കൊപ്പം തുടരുന്നു'' - വാണി പറയുന്നു.
മികവുറ്റ കമ്പനികള്‍ അങ്ങനെയാണ്. സ്ഥാപനം തന്റേതാണെന്ന ബോധം ജീവനക്കാരില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നു. സ്ഥാപനത്തെപ്പറ്റി ജീവനക്കാരില്‍ അഭിമാനബോധം വളര്‍ത്തുന്നു. ജീവനക്കാരുടെ ആത്മവീര്യം ഉയര്‍ത്തുന്നു. തൊഴില്‍മികവ് പരമാവധി പുറത്തെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

തൊഴിലും ജീവിതവും

ജീവിതത്തിനൊപ്പം തൊഴിലും മുമ്പോട്ടുകൊണ്ടുപോവാന്‍ ജീവനക്കാരെ സഹായിക്കുകയാണ് വീട്ടില്‍ നിന്നും ജോലി പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. അത് ജീവനക്കാരെ കമ്പനിയില്‍ തുടരാന്‍ പ്രേരിപ്പിക്കുകയും അവരില്‍നിന്ന് പരമാവധി പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രമുഖ ഐ.ടി. കമ്പനികളായ ഐ.ബി.എം., ഡെല്‍ തുടങ്ങിയ കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.എന്നാല്‍, എല്ലാ തൊഴില്‍മേഖലകളിലും ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് കരുതരുത്. ഐ.ടി., മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, കോപ്പി എഡിറ്റിങ്, ടെലിമാര്‍ക്കറ്റിങ് തുടങ്ങിയവയില്‍ പ്രയോജനപ്പെടുത്താം.

മുഖാമുഖമുള്ള ആശയവിനിമയം ജീവനക്കാരില്‍നിന്ന് കൂടുതല്‍ തൊഴില്‍മികവ് പുറത്തെടുക്കുമെന്നതാണ് ഈ രീതിയെ എതിര്‍ക്കുന്നവരുടെ വാദം.

നമ്മുടെയെല്ലാം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഉഴപ്പിനെപ്പറ്റിയുള്ള ആശങ്കയാണ് മറ്റൊന്ന്. വീട്ടില്‍ നിന്നുള്ള പണി തോന്നിയമട്ടിലാകും, എപ്പോള്‍ തുടങ്ങും എപ്പോള്‍ തീരുമെന്നൊന്നും പറയാനാവില്ല. ഇടയ്‌ക്കെത്തുന്ന ഫോണ്‍കോളുകളും അയല്‍വീട്ടിലെ ബഹളവും കുട്ടിയുടെ കരച്ചിലും ഡയറക്ട് മാര്‍ക്കറ്റിങ്ങുകാരുടെ വാതില്‍മുട്ടും മേശയ്ക്കപ്പുറത്തെ പത്രവുമൊക്കെ ശ്രദ്ധതിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍, ശങ്കകളില്‍ കഴമ്പില്ലെന്നാണ് കണക്കുകളുദ്ധരിച്ച് പറയുന്നത്.

വീട്ടിലിരുന്ന് ജോലി കമ്പനികളുടേത് മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. എത്രയോ പേര്‍ ഇന്ന് സ്വന്തംനിലയ്ക്ക് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കുന്നു. ഇന്റര്‍നെറ്റും ടെലിഫോണും വഴിയും സ്വന്തം സംരംഭങ്ങള്‍ തുടങ്ങിയുമൊക്കെ മികവുകാട്ടുന്നവരേറെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് അവരെക്കൂടി ഓര്‍ക്കേണ്ടതുണ്ട്.


ജോലി വീട്ടിലാകുമ്പോള്‍

കമ്പനികളുടേതായാലും സ്വന്തം സംരംഭത്തിന്റേതായാലും ജോലി വീട്ടിലിരുന്ന് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചിട്ടയോടെ മുന്നോട്ടുപോയാലേ വീട്ടില്‍നിന്ന് വിജയം കൈവരിക്കാനാവുകയുള്ളൂ.

* ഉഴപ്പുപരിപാടി പരമാവധി വീടിന്റെ പടിക്കുപുറത്തുനിര്‍ത്തുക. ജോലിക്ക് നിശ്ചിത സമയക്രമം നിശ്ചയിക്കുക. ജോലി തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതുമായ സമയം നേരത്തേതന്നെ ഉറപ്പിക്കുക. ആ സമയത്തുതന്നെ ജോലി തുടങ്ങുക. ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യത്തിന് ബ്രേക്ക് എടുക്കേണ്ടിവന്നാല്‍ ആ സമയംകൂടി ജോലിചെയ്ത ശേഷമായിരിക്കണം അവസാനിപ്പിക്കേണ്ടത്.

* ഏറ്റെടുക്കുന്ന ഓരോ ജോലിക്കും സമയപരിധി നിശ്ചയിക്കുക. ആ സമയത്തിനകം ജോലി ചെയ്തുതീര്‍ക്കുക. ഒരിക്കലും മാറ്റിവെക്കാതിരിക്കുക. കമ്പനിയോടായാലും ക്ലൈന്റിനോടായാലും തികഞ്ഞ ഉത്തരവാദിത്വം പുലര്‍ത്തുക. നേരത്തേ ചെയ്തുതീര്‍ത്താല്‍ ആ സമയം മറ്റു ജോലികള്‍ക്കായി വിനിയോഗിക്കാവുന്നതാണ്.

* നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വീട്ടിലൊരു ബോസ് ഉണ്ടാവില്ലെന്ന ബോധം എപ്പോഴും മനസ്സില്‍വെക്കുക. ഏല്പ്പിക്കുന്ന ജോലി വൃത്തിയായും നിലവാരത്തോടെയും പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക