Saturday, November 1, 2014

ആത്മസ്‌നേഹം

ജീവിച്ചിരിക്കുന്നവരില്‍ ഓരോ വ്യക്തിയും സ്‌നേഹിക്കേണ്ടത് അവനവനെ തന്നെയാണ്. ബഹുമാനിക്കുന്നതിലുമുണ്ട് ഈ തത്വം. സെല്‍ഫ് റെസ്പക്റ്റ് എന്ന ഇംഗ്ലീഷ് പ്രയോഗം സുപരിചിതമാണല്ലോ. നല്ല വസ്ത്രങ്ങളണിയാന്‍ സാമ്പത്തിക ശേഷിയുണ്ടായിട്ടും ദരിദ്രനെപ്പോലെ പ്രത്യക്ഷപ്പെട്ട ഒരാളോട് നബി തിരുമേനി ചോദിച്ചു : അല്ലാഹു നിനക്ക് അനുഗ്രഹം തന്നില്ലേ, ആ അനുഗ്രഹം നിന്നില്‍ കാണുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അല്ലാഹു അഴകുള്ളവനാണ്, അവന്‍ അഴക് ഇഷ്ടപ്പെടുന്നു. 

നല്ല വസ്ത്രം വൃത്തിയോടെയും മാന്യമായ രീതിയിലും അണിയുക എന്നത് മനുഷ്യന്‍ അവനെത്തന്നെ സ്‌നേഹിക്കുന്നതിന്റെ ഒരു രൂപമാണ്. മുടി ഭംഗിയായി ചീകിയൊതുക്കി വെക്കുന്നത് ആത്മസ്‌നേഹമാണ്. പള്ളിയിലേക്കും പൊതുസ്ഥലങ്ങളിലേക്കും പോകുമ്പോള്‍ കുളി കഴിഞ്ഞ് , വിയര്‍പ്പു നാറുന്ന വസ്ത്രം മാറ്റിയിട്ടായിരിക്കല്‍ ആത്മസ്‌നേഹമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ മനസ്സാ ശപിക്കും. ചിലപ്പോള്‍ നമ്മോട് അവര്‍ പറയില്ലെങ്കിലും മറ്റുള്ളവരോടു പറയും; വൃത്തി ബോധമില്ലാത്തവനെന്ന്. ഉള്ളി ചവച്ച് പള്ളിയില്‍ പോകരുതെന്നും കഴിയുമെങ്കില്‍ അഞ്ചുനേരം പല്ലു തേക്കുക എന്നും നബി തിരുമേനി പറഞ്ഞതിന്റെ പൊരുളും ഇതു തന്നെ.

അന്യര്‍ ശകാരിക്കുകയും ശപിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക എന്നത് ആത്മസ്‌നേഹത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. വിലകൂടിയതല്ലെങ്കിലും വസ്ത്രം അലക്കിത്തേച്ച് ആകര്‍ഷകമായി അണിഞ്ഞ് നേരിയ സുഗന്ധം പ്രസരിക്കുന്ന അവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന ഒരാളോട് നമുക്ക് വലിയ ബഹുമാനം തോന്നും. മുഖത്തൊരു പുഞ്ചിരിയും സംസാരത്തില്‍ മാന്യതയുമുണ്ടെങ്കില്‍ ബഹുകേമം. ആ വ്യക്തി ആദരിക്കപ്പെടും. ഇങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കല്‍ ആത്മസ്‌നേഹവും, ആത്മബഹുമാനവുമാണെന്നതില്‍ സംശയമില്ല. നബി വചനങ്ങളുടെ അവധാനപൂര്‍വ്വമായ വായനയില്‍ നിന്ന് നമുക്കിതു മനസ്സിലാക്കാം. ഒരു ഉദാഹരണം :
                                                  അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്യുന്നു ; നബി തിരുമേനി അരുളി. 'മനുഷ്യന്‍ അവന്റെ മാതാപിതാക്കളെ ചീത്ത പറയുന്നത് വന്‍ ദോഷങ്ങളില്‍ പെട്ടതാണ്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു : റസൂലേ, തന്റെ മാതാപിതാക്കളെ ഒരാള്‍ ചീത്ത പറയുമോ? അതെ, ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അവന്‍ ഇയാളുടെ പിതാവിനെ ചീത്ത പറയും. ഇയാള്‍ അയാളുടെ മാതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ മാതാവിനെയും ചീത്ത പറയും' (ബുഖാരി, മുസ്‌ലിം).

അന്യരുടെ മാതാപിതാക്കളെ ശകാരിക്കല്‍ സ്വന്തം മാതാപിതാക്കളെ ശകാരിക്കലായിരിക്കെ, വൃത്തിയില്ലാതെയും അനാവശ്യമായി കോപിച്ചും വാക്കില്‍ മയമില്ലാതെയും സമൂഹത്തിലിടപെടുന്നവന്‍ സ്വന്തം മാതാപിതാക്കളെ ചീത്ത പറയിപ്പിച്ച പോലെ തന്നെത്തന്നെ ചീത്ത പറയിപ്പിക്കുകയാണ്. മറ്റുള്ളവര്‍ ആ ശകാരത്തിന് ശബ്ദം നല്‍കുകയില്ലെങ്കിലും അവരുടെ മനസ്സു നിറയെ ഇയാളോട് ശകാരമായിരിക്കും. നമ്മുടെ ജീവിതകാലത്തെന്ന പോലെ മരണ ശേഷവും വിമര്‍ശിക്കപ്പെടാതിരിക്കത്തക്ക ജീവിതമാണ് നാം നയിക്കേണ്ടതും ആഗ്രഹിക്കേണ്ടതും. ഇബ്‌റാഹീം നബി (അ) യുടെ പ്രാര്‍ത്ഥനയില്‍ അതിന് മാതൃകയുണ്ട്. 'പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്കു നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ' (വി.ഖുര്‍ആന്‍ 26 : 84).

നംറൂദിനും അബ്‌റഹത്തിനും ഫിര്‍ഔനിന്നും ആത്മസ്‌നേഹവും ആത്മബഹുമാനവുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കിടയില്‍ സല്‍കീര്‍ത്തിയുമില്ല. ഇബ്‌റാഹീം നബിക്ക് സല്‍കീര്‍ത്തിയുണ്ടായത് ആ പ്രാര്‍ത്ഥന കൊണ്ടു മാത്രമല്ല. ജീവിതം പ്രാര്‍ത്ഥനക്കനുസൃതമായതു കൊണ്ടു കൂടിയാണ്. 

മക്കള്‍ വഴിതെറ്റി നടക്കുന്നുവെന്ന് സംശയമുണ്ടായാല്‍ ചില പിതാക്കള്‍ പറയും : മോനേ, നീ എനിക്കു പേരുദോഷമുണ്ടാക്കരുത്. പിതാവിന് പേരുദോഷമുണ്ടാക്കാതിരിക്കുക എന്നാല്‍ മകന്‍ തനിക്കു വേണ്ടി സല്‍പ്പേരുണ്ടാക്കുക എന്നാണ്. എന്നു വെച്ചാല്‍ അവന്‍ നല്ലവനായി ജീവിക്കുക. നാം സന്താനങ്ങള്‍ക്ക് സ്‌നേഹം നല്‍കി സ്‌നേഹം പഠിപ്പിക്കണം. അവരെ നല്ലവരാക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴേ 'എന്റെ മക്കളെ സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തേണമേ' എന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമുള്ളു. മോനേ, നീ നല്ലവനായി നടക്കണം എന്ന് മകന്റെ യൗവനാവസ്ഥയില്‍ പറഞ്ഞാല്‍ അവന്‍ അതിന്ന്, താങ്കള്‍ എന്നെ നന്മ പഠിപ്പിച്ചില്ലല്ലോ എന്ന് പറയേണ്ടി വരുന്ന അവസ്ഥ മാതാപിതാക്കള്‍ ഉണ്ടാക്കരുത്. മറ്റൊരു സ്‌നേഹവചനം നബി തിരുമേനിയില്‍ നിന്നും വന്നിട്ടുണ്ട്. അവിടുന്ന് പത്‌നി ആഇശയെ ഉപദേശിച്ചു : ഒരു കാരക്കയുടെ കഷണം കൊണ്ടെങ്കിലും നീ നിന്നെ നരകത്തില്‍ നിന്നും രക്ഷിക്കുക.

പത്‌നിമാരോടുള്ള സ്‌നേഹവും ആത്മസ്‌നേഹത്തിന്റെ അധ്യാപനവുമാണ് നബി തിരുമേനിയുടെ ഈ വചനാമൃതിലുള്ളത്. തന്റെ ശരീരത്തോടുള്ള സ്‌നേഹപ്രകടനമാണ് ദാനം എന്ന അതുല്ല്യമായ പാഠമാണിത്. 

സ്‌നേഹമാണറിവ് 
സ്‌നേഹമില്ലായ്മയജ്ഞത
സ്‌നേഹമുള്ളോന്‍ വിജ്ഞന്‍
സ്‌നേഹമില്ലാത്തോന്‍ പാമരന്‍
സ്‌നേഹത്തിനു വിത്തിടാം,
വളര്‍ത്താം 
വളര്‍ന്നാല്‍ ഫലം കൊയ്യാ-
മിഹത്തിലും പരത്തിലും...


by;EKM Pannoor

No comments: