Sunday, November 24, 2013

ഞാൻ എൻറെ ഇണയെ ഓര്‍ക്കുന്നു എന്ന് ഓർമ്മപ്പെടുത്തലുണ്ടോ .......

തന്റെ അസാന്നിദ്ധ്യം കൊണ്ട് ഇണക്ക് ഒരു മനപ്രയാസവുമില്ല എന്ന് മറുപാതിയെ കുറിച്ച് ഭാര്യയോ ഭര്‍ത്താവോ വിചാരിക്കുന്നുവെങ്കില്‍ ഇരുവരും നല്ല പാതി (better half) കളാവുകയില്ല. വിവാഹത്തോടെ ഇരുവരും താന്‍ നല്ല പാതിയാണെന്ന് ബോധ്യപ്പെടുത്തി തുടങ്ങണം. കാലം നീങ്ങുന്നതിനനുസരിച്ച് ആ ബോധം പരസ്പരം ശക്തമാക്കണം. അപ്പോഴാണ് ദാമ്പത്യം മധുരിക്കുക.

ഒരാളുടെ മനസ്സില്‍ അപരനെ കുറിച്ചുള്ള ഓര്‍മ നിലനില്‍ക്കുന്നുവെങ്കില്‍, ആ ഓര്‍മ നന്മയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഓര്‍ക്കുന്നവനിലും ഓര്‍ക്കപ്പെടുന്നവനിലും നന്മയുണ്ട് എന്ന് പറയാം. എന്റെ ഭാര്യക്ക് എന്നെ കുറിച്ചോര്‍ക്കാന്‍ പറ്റിയ എന്തുകാര്യമാണ് ഞാന്‍ ചെയ്തത് എന്ന് ഭര്‍ത്താവ് ഓര്‍ത്തു നോക്കുക; ഭര്‍ത്താവിനെ കുറിച്ച് ഭാര്യയും. ഇത് ഏതു പ്രായത്തിലുലഌഇണകളും നടത്തേണ്ട ആത്മപരിശോധനയാണ്. ഒന്നും ചെയ്തിട്ടില്ല എന്നാണ് ബോധ്യമായതെങ്കില്‍ അധിക ദിവസം കഴിയുന്നതിന് മുമ്പ് ഒരു കാര്യം ചെയ്യുക.

പുരുഷന്‍ നാലുദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര ചെയ്യുന്നു എന്ന് സങ്കല്‍പ്പിക്കുക. ആ യാത്രയില്‍ ഭര്‍ത്താവ് തന്നെയോര്‍ത്തു എന്ന് ഭാര്യക്കും തന്റെ അഭാവത്തില്‍ തന്നെ കുറിച്ച് ഭാര്യ ഓര്‍ത്തു എന്ന് ഭര്‍ത്താവിനും തോന്നണം. അതിനെന്താണ് മാര്‍ഗം? ഇതാ ചില ഉദാഹരണങ്ങള്‍.

നിങ്ങളുടെ ഭാര്യക്ക് വസ്ത്രം വാങ്ങികൊടുക്കേണ്ട ആവശ്യം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. മക്കളും മരുമക്കളും ആങ്ങളമാരും ഗള്‍ഫിലായതിനാല്‍ അവര്‍ കൊടുത്ത സാരിയും മറ്റും ധാരാളമുണ്ട്. എന്നിരുന്നാലും മൈസൂര്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഒരു സാരി വാങ്ങുക. അത് വീട്ടുപയോഗത്തിന് മാത്രം പറ്റിയ വിലകുറഞ്ഞ ഇനമാണങ്കിലും അത് അവളെ ഓര്‍ത്തു എന്നതിന്റെ തെളിവായി കണ്ട് അവള്‍ വല്ലാതെ സന്തോഷിക്കും.

ബുധനാഴ്ച്ച വൈകിയിട്ട് തിരിച്ചെത്തുന്ന നിങ്ങള്‍ക്ക് വ്യാഴാഴ്ച്ച മറ്റൊരു പരിപാടിക്ക് പോവാനുണ്ടെന്ന് കരുതുക. വന്നപാടെ നിങ്ങള്‍ ശ്രദ്ധിക്കുന്നത് ഹംഗറില്‍ വസ്ത്രമുണ്ടോ എന്നാണ്. ഇല്ലെന്നു കണ്ടാല്‍ ഒരു ചെറിയ വിഷമം തോന്നും. തേച്ചു വെച്ചത് ഒന്നുമില്ലേ എന്നു ചോദിച്ചാല്‍ ഭാര്യയുടെ മറുപടി 'കാലത്ത് പത്തുമണിക്കല്ലേ പുറപ്പെടേണ്ടത്, എട്ടു മണിക്ക് തേച്ചു തരാം' എന്നാണെങ്കില്‍, സ്ത്രീകളേ, ഈ മറുപടി ഭര്‍ത്താക്കന്‍മാരെ തൃപ്തിപ്പെടുത്തുകയില്ല. അവര്‍ വരുമ്പോഴേക്കും കാണത്തക്ക വിധത്തില്‍ വസ്ത്രങ്ങള്‍ അലക്കി തേച്ചു വച്ചാല്‍ നിങ്ങള്‍ അവരെ അവരുടെ അസാന്നിധ്യത്തില്‍ ഓര്‍ത്തു എന്നു തോന്നും.

നാലാം ദിവസം തിരിച്ചെട്ടുന്ന ഭര്‍ത്താവിനെ കണ്ട് ഭാര്യ അത്ഭുതത്തോടെ 'അല്ല, നാലു ദിവസമെന്നു പറഞ്ഞിട്ട് മൂന്ന് ദിവസം കൊണ്ട് തിരിച്ചെത്തിയോ എന്ന് പ്രതികരിച്ചാലോ? വലിയ അപകടമാണത്. ഭര്‍ത്താവിനെ ഓര്‍ക്കുന്ന ഭാര്യയില്‍ നിന്ന് ആ മറവിയുണ്ടാവില്ല. ജോലിത്തിരക്കു കൊണ്ടോ വിരുന്നുകാരുടെ മാറിമാറി വരല്‍ കൊണ്ടോ അവള്‍ ദിവസം നാലായത് മറന്നു കാണും. എന്നാല്‍ ഭര്‍ത്താവിന്റെ യാത്രാരംഭം തിരിച്ചു വരവ് എന്നിവ ഭാര്യയുടെ അജണ്ടയിലുണ്ടാവണം. ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഭാര്യക്ക് കഴിയണം. ഭര്‍ത്താവിന് തിരിച്ചും.
'എങ്ങനെയുണ്ടായിരുന്നു അവിടത്തെ താമസം?'
'നല്ല സൗകര്യമുള്ള ലോഡ്ജായിരുന്നു. എന്നാലും നമ്മുടെ ഈ ചെറിയ റൂമിന്റെ സുഖം എവിടെയും കിട്ടില്ല.'
ഈ മറുപടി ഭാര്യക്ക് ഇഷ്ടപ്പെടും.
'ഹോ, നാലേ നാലു ദിവസം നിങ്ങള്‍ വിട്ടുനിന്നത്. പക്ഷേ പത്തു ദിവസത്തിന്റെ നീളം തോന്നുന്നു.'
ഈ പ്രതികരണം ഭര്‍ത്താവിനും ഇഷ്ടപ്പെടും. ഇങ്ങനെ പരസ്പരം ഇഷ്ടപ്പെടുത്താന്‍ എന്തെല്ലം കഴിയും എന്ന് ഇരുവരും പഠിച്ചു വെക്കുകയും പ്രയോഗിക്കുകയും ചെയ്യുക.


ഒരിക്കല്‍ 52 വയസ്സുള്ള പുരുഷനും 46 വയസ്സുള്ള ഭാര്യയും തങ്ങളുടെ ഉലഞ്ഞ ദാമ്പത്യ ജീവിതത്തിന്റെ പ്രശ്‌നങ്ങളുമായി എന്നെ സമീപിച്ചു. പ്രശ്‌നം പരസ്പര ശങ്കയും തന്നോട് സ്‌നേഹമില്ലെന്ന് ഇരുവര്‍ക്കുമുള്ള തോന്നലുമാണെന്ന് വേറെ വേറെ സംസാരിച്ചപ്പോള്‍ പിടികിട്ടി. പിന്നീട് പുരുഷനോട് സ്വകാര്യമായി ചോദിച്ചു. 'നിങ്ങള്‍ ഡ്രസ്സും ചെരിപ്പുമെല്ലാം എവിടെ നിന്നാണ് വാങ്ങാറ്? അയാള്‍ താമസസ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരമുള്ള പഞ്ചായത്ത് ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞു. പിന്നെ ഇങ്ങനെ ഒരു വിശദീകരണവും 'ഇവിടെ എല്ലാ സാധനങ്ങളും മിതമായ നിരക്കില്‍ കിട്ടും.'
'എന്നാലും ഇടക്കൊന്ന് കോഴിക്കോട്ടു പോയിക്കൂടേ?'
'അതിന്റെ ആവശ്യമില്ല. എന്തിന് നാല്‍പതോളം കിലോമീറ്റര്‍ സഞ്ചരിച്ച് പണവും സമയവും കളയുന്നു.'

ഞാനുപദേശിച്ചത് ഇങ്ങനെയായിരുന്നു. കൊല്ലത്തില്‍ രണ്ടോ മൂന്നോ തവണം സാധനങ്ങള്‍ വാങ്ങാന്‍ കോഴിക്കോട്ടു പോവുക. ഒരു നല്ല ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക. ആ ചെലവ് പാഴ്‌ച്ചെലവല്ല. ഇരുവര്‍ക്കുമുള്ള ചികിത്സയാണ്. മനസ്സടുക്കാനും ശങ്കയകലാനും ഈ യാത്ര ഉപകരിക്കും.

അയാള്‍ പരീക്ഷിച്ചു. വലിയ അളവോളം ഫലം കണ്ടു. അകല്‍ച്ചയുടെ കാരണം മനസ്സിലാക്കി അടുക്കാനുള്ള എളുപ്പമാര്‍ഗം അന്വേഷിക്കുക. അത് മുന്നില്‍ തന്നെയുണ്ടായെന്നു വരും.

By: PKM Pannur, on  islamonlive.in

Saturday, November 16, 2013

നന്ദി.. ക്രിക്കറ്റിന്, കുടുംബത്തിന്‌






മുംബൈ: ക്രീസില്‍ എന്നും അക്ഷോഭ്യനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ . പക്ഷേ, അവസാന ടെസ്റ്റ് കഴിഞ്ഞ് വിടവാങ്ങല്‍ പ്രസംഗത്തിനായി മൈക്ക് കൈയിലെടുത്തപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വികാരനിര്‍ഭരനായി. റണ്ണൊഴുകും പോലെ ഒഴുകിയെത്തിയ നാലു പതിറ്റാണ്ടുകാലത്തെ ഓര്‍മകളുടെ തള്ളലില്‍ ശബ്ദമിടറി. തന്റെ ക്രിക്കറ്റ് കരിയറിന് പൂര്‍ണതയേകിയ അച്ഛനും അമ്മയും അചരേക്കറും മുതല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി സച്ചിന്‍ സച്ചിന്‍ എന്നു ആര്‍ത്തുവിളിച്ച എണ്ണമറ്റ ആരാധകര്‍ വരെയുള്ളവര്‍ക്ക് ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നു നന്ദി പറഞ്ഞാണ് സച്ചിന്‍ ക്രിക്കറ്റിനോടും കളിത്തൊട്ടിലായ വാംഖഡേയുടെ പുല്‍ത്തകിടിയോടും വിട പറഞ്ഞത്.

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം:





സുഹൃത്തുക്കളെ ശാന്തരാവുക... നിങ്ങളെന്നെ കൂടുതല്‍ വികാരഭരിതനാക്കുകയാണ്. എന്റെ വര്‍ണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാന്‍ . ആദ്യം 1999ല്‍ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛന്‍ തന്നെ. അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഇന്നിങ്ങനെ നിങ്ങളുടെ മുന്നില്‍ എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്.

ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാന്‍ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍ . കളിച്ചു തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം ഞാന്‍ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരന്‍ നിഥിന്‍ . പക്ഷേ ഏട്ടന്‍ പറയുമായിരുന്നു-എനിക്കറിയാം. നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയര്‍ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങള്‍ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാര്‍ . അവരുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി.

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അചരേക്കള്‍ സാറിനെ ഗ്യാലറിയില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാന്‍ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാന്‍ ഒരിക്കല്‍പ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സര്‍, ഞാന്‍ കളിക്കാത്തതിനാല്‍ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.


മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്. എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന കളിക്കാര്‍ക്കും. ഇപ്പോള്‍ ഇവിടെയില്ലാത്ത രാഹുല്‍ , വി.വി.എസ്, സൗരവ്, അനില്‍ തുടങ്ങിയവരെയെല്ലാം ഇപ്പോള്‍ സ്‌ക്രീനില്‍ കാണാം. എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടര്‍ന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥ സത്തയില്‍ തന്നെ നിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്.

എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവര്‍ .

എന്റെ സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്‌കരേനസിന്റെ അഭാവം ഞാന്‍ അനുഭവിക്കുന്നു. മാര്‍ക്കിന്റെ ജോലി തുടര്‍ന്നും നിര്‍വഹിച്ച ഇപ്പോഴത്തെ മാര്‍ക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വര്‍ഷമായി എനിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരാളാണ് വിനയ് നായിഡു.

സ്‌കൂള്‍ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങള്‍ എനിക്കും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നന്ദിയുണ്ട്.

പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാന്‍ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിന്‍, സച്ചിന്‍ എന്ന ആരവും എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടേയിരിക്കും.


 

Saturday, November 9, 2013

ഒഴിവുദിനത്തിലെ കുളിയും വേഷവും

ദമ്പതിമാരെക്കുറിച്ചെഴുതുമ്പോള്‍ അവരിലെ പലതരക്കാരെ മുന്നില്‍ കാണണം. രണ്ടുപേരും ഉദ്യോഗസ്ഥര്‍, ഭാര്യ ജോലിക്കു പോകാത്തവളും ഭര്‍ത്താവ് ജോലിയുള്ളവനും, വന്‍ബിസിനസ്സുകാരനും അടുക്കളക്കാരിയും, രണ്ടു പേരും കല്‍പണിക്കോ കൃഷിപ്പണിക്കോ പോകുന്നവര്‍ - ഇവര്‍ക്കെല്ലാം ബാധകമായ പൊതുകാര്യങ്ങള്‍ കുറച്ചേയുള്ളൂ. ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോള്‍ അവര്‍ അതിനനുസരിച്ച് വ്യത്യസ്ത മാര്‍ഗരേഖകള്‍ നല്‍കുമ്പോഴേ ജീവിതം സുഖകരമാക്കാനും സങ്കീര്‍ണതകള്‍ കുറക്കാനും കഴിയുകയുള്ളൂ.

ഈ കുറിപ്പില്‍ പൊതുവായ ചില തത്വങ്ങള്‍ നിര്‍ദ്ദേശിക്കാം. ഞായറാഴ്ച ഒഴിവെടുക്കുന്നവരാണെങ്കില്‍ ശനിയാഴ്ച രാത്രി ഭാര്യയും ഭര്‍ത്താവും പിറ്റേ ദിവസത്തെ പരിപാടിയെക്കുറിച്ച് ഒരു ചര്‍ച്ച തുടങ്ങുക. പ്രാതല്‍ എന്ത്, ഉച്ച ഭക്ഷണത്തിന്റെ വിഭവങ്ങള്‍, ചെയ്യാനുദ്ദേശിക്കുന്ന പണികള്‍, (കൃഷിപ്പണി, പൂന്തോട്ടം നന്നാക്കല്‍, പുസ്തക മുറി അലങ്കരിക്കല്‍ തുടങ്ങിയ ഏതും ഏതു സമയം വരെ) എപ്പോള്‍ കുളിക്കണം, ഏതുവസ്ത്രം ധരിക്കണം ഇങ്ങനെ നീക്കാം ചര്‍ച്ച. ചിലര്‍ക്ക് ഇതൊക്കെ ഒരു കിറുക്കന്‍ പണിയാണെന്നു തോന്നും. എന്നാലൊരു ദിവസം ചെയ്തുനോക്കിയാലറിയാം അത് ജീവിതത്തിന് മധുരം പകരുമെന്ന്. ഉദാഹരണത്തിന് വേഷമെടുക്കാം. ഞാനേതാണ് ധരിക്കേണ്ടത് എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് 'വെളുത്ത കള്ളിത്തുണിയും സാന്റോ ബനിയനും, ഷര്‍ട്ടിടാതെ കാണുമ്പോഴാണ് നിങ്ങള്‍ക്ക് കൂടുതല്‍ അഴക്' എന്നാണ് ഭാര്യയുടെ മറുപടിയെന്ന് സങ്കല്‍പിക്കുക. ഇവള്‍ക്ക് എന്നെക്കുറിച്ച് കൃത്യമായ ചില സൗന്ദര്യസങ്കല്‍പങ്ങളുണ്ടല്ലോ എന്ന് ഭര്‍ത്താവിന് തോന്നും. അത് അവളുടെ മതിപ്പും സ്‌നേഹവും വര്‍ധിപ്പിക്കും.

'ഞാനേതാ അണിയേണ്ടത്' എന്ന് ഉടനെ ഭാര്യ ചോദിച്ചുകൊള്ളും. ഇത്തരം കാര്യങ്ങളില്‍ ഭാര്യക്കായിരിക്കും കൂടുതല്‍ താല്‍പര്യം. 'കഴിഞ്ഞ മാസം നമ്മള്‍ വാങ്ങിയ ആകാശനീലിമയുള്ള സാരി' എന്ന് പുരുഷന്‍ മറുപടി പറഞ്ഞാല്‍ അവള്‍ക്കതു വലിയ കാര്യമായിരിക്കും. ഇതെല്ലാം മാതാപിതാക്കളും മക്കളും കേള്‍ക്കാതെയായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. മറ്റാരും കേള്‍ക്കാത്ത, അറിയാത്ത ചില സ്വകാര്യങ്ങള്‍ ദമ്പതിമാര്‍ക്കുണ്ടായിരിക്കണം. സ്വകാര്യത സ്‌നേഹം വര്‍ധിപ്പിക്കും.

ഈ ചര്‍ച്ച ശീലിച്ചാല്‍ അടുത്ത ആഴ്ചയറുതിക്ക് ഭാര്യ കാത്തുനില്‍ക്കും. ജോലിക്കു പോകാത്ത ഭാര്യക്ക് ഈ രീതിയില്‍ ഒരു കിടപ്പറ സ്വകാര്യം കിട്ടിയാല്‍ വലിയ കാര്യമായിരിക്കും.രണ്ടു മണിയാകുമ്പോഴേക്കെങ്കിലും അന്നത്തെ പണികഴിഞ്ഞ് വേഷം മാറ്റണം. ഭക്ഷണത്തിന്നു ശേഷമുള്ള വിശ്രമവേളകളില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന വര്‍ത്തമാനം വല്ലതുമുണ്ടെങ്കില്‍ പുരുഷന്‍ അത് അവതരിപ്പിക്കണം. ഉദാഹരണത്തിന്ന് ഒരു ചിട്ടിക്ക് ചേര്‍ന്നയാളാണ് നിങ്ങളെങ്കില്‍ 'നമ്മുടെ ചിട്ടി പതിനഞ്ച് നറുക്ക് പിന്നിട്ടു' എന്ന് പറയുക. അത് ഭാര്യക്കു താല്‍പര്യമുള്ള വിഷയമായിരിക്കും. സ്വന്തമായ ആവശ്യം കണ്ടുകൊണ്ടാണ് ചിട്ടിക്കു ചേര്‍ന്നതെങ്കിലും 'അതു കിട്ടിയിട്ട് എനിക്കൊരു മോതിരം വാങ്ങിത്തരണം' എന്നവള്‍ പറഞ്ഞാല്‍ 'എനിക്കു തന്നെ നൂറുകൂട്ടം ആവശ്യമുണ്ട്, മോതിരമൊക്കെ പിന്നെ എന്ന് മറുപടി പറയുന്നത് ബുദ്ധിയല്ല; പുരുഷന്‍ പറഞ്ഞതാണ് സത്യമെങ്കിലും ചിട്ടിയുടെ നറുക്ക് വീഴുന്നതുവരെ അവളെ സ്വപ്‌നം കാണാന്‍ അനുവദിക്കണം- മോതിരം കിട്ടും എന്ന സൂചന നല്‍കണം. ചിട്ടി കിട്ടിയ ശേഷം മോതിരം വാങ്ങിക്കൊടുക്കാനുള്ള പ്രയാസം വന്നാല്‍ അത് ബോധ്യപ്പെടുത്തിയാല്‍ മതിയല്ലോ. അപ്പോള്‍ മറ്റൊരു സ്വപ്‌നം അവളുടെ മനസ്സില്‍ നടാന്‍ മറക്കരുത്. തൊഴിലാളിയാണെങ്കില്‍ ബോണസു കിട്ടുമ്പോള്‍ നോക്കാമെന്നും റബര്‍ കര്‍ഷകനാണെങ്കില്‍ അടുത്ത വില്‍പനയില്‍ നോക്കാമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ ലീവ് സറണ്ടര്‍ ചെയ്യുമ്പോഴെന്നും പറഞ്ഞാല്‍ അവള്‍ക്കതുവരെ മറ്റൊരു സ്വപ്‌നം കാണാം.

വീട്ടിലായിരിക്കുമ്പോള്‍ അലസമായി വസ്ത്രം ധരിക്കുന്നവരാണ് പലരും. അപ്പോള്‍ ഇരുവരും ചിന്തിക്കേണ്ടത് ഞാന്‍ നല്ല വസ്ത്രം ധരിക്കുന്നതും അഴക് വരുത്തുന്നതും എന്റെ ഇണക്ക് ഇഷ്ടമായിരിക്കും എന്നാണ്. ദൂര യാത്ര ചെയ്ത് തിരിച്ചുവരുന്ന പുരുഷന്മാരോട് നബി(സ) പറഞ്ഞത് നിങ്ങള്‍ രാത്രിവന്ന് കതകില്‍ മുട്ടരുത് എന്നാണ്. നേരത്തെ വരാന്‍ ശ്രമിക്കണമെന്ന്. രാത്രിയായാല്‍ അവള്‍ ഉറക്ക വേഷത്തിലും ഉറക്കച്ചടപ്പിലുമായിരിക്കും. നല്ല വേഷം ധരിച്ച് ഉന്മേഷവതിയായി ഭര്‍ത്താവിനെ സ്വീകരിക്കാന്‍ സ്ത്രീക്ക് അവസരം ലഭിക്കാനാണ് നബിതിരുമേനിയുടെ ഈ ഉപദേശം. ഭര്‍ത്താവിന്നും അതായിരിക്കില്ലേ ഇഷ്ടം? 'പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന ഒരു പൂന്തിങ്കളിനെ' ആരാണ് സങ്കല്‍പിക്കാതിരിക്കുക? കുടുംബ ജീവിതം ഗൗരവമേറിയ കാര്യമാണ്. നമ്മുടെ അശ്രദ്ധ നമുക്ക് നഷ്ടപ്പെടുത്തുന്നത് ഇണയുടെ മനസ്സിലെ ഇടമാണ്.

By:  EKM Pannur, islamonlive.in

'തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി'.

മഹല്ലുകളുടെ സാമ്പത്തികമായ വികസനത്തിനു സഹായകമാകുന്ന ഒന്നാണ് സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പലിശരഹിത സാമ്പത്തിക സംരംഭങ്ങള്‍. പരസ്പരാശ്രിതത്വത്തിന്റെയും ഊഷ്മള ബന്ധങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു മുന്‍ കാലങ്ങളില്‍ ഇടപാടുകള്‍ നടന്നിരുന്നത്. എന്നാല്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭത്തിന്റെ കണക്കുകള്‍ പ്രലോഭിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് കടത്തിനു പലിശ നിബന്ധനയായി മാറിയത്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന രൂപങ്ങളിലേക്ക് ഇന്നത് മാറുകയും ചെയ്തു. ദരിദ്രന്റെ നിസ്സഹായവസ്ഥയെ പലിശയുടെ നീരാളിക്കൈ വല്ലാതെ വരിഞ്ഞു മുറുക്കുമ്പോഴുള്ള ആശ്വാസ കേന്ദ്രങ്ങളാണ് ഇത്തരം സാമ്പത്തിക സംരംഭങ്ങള്‍. ഇത്തരം സംരംഭങ്ങള്‍ വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നതും നമുക്ക് കാണാവുന്നതാണ്.

നമ്മുടെ മഹല്ലുകളിലും ഈ രീതിയിലുള്ള പലിശ രഹിത സംരംഭങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്കത് വളരെയേറെ പ്രയോജനകരമായിരിക്കും. മാത്രമല്ല, പാരത്രിക പ്രതിഫലം നേടിത്തരാന്‍ കഴിയുന്ന ഒരു സല്‍ക്കര്‍മം കൂടിയാണ് സഹോദരന്റെ പ്രയാസത്തില്‍ അവനെ സഹായിക്കുക എന്ന കാര്യം. അതിനാല്‍ തന്നെ നമ്മുടെ പ്രാദേശികമായ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ചെറിയ ചെറിയ പലിശരഹിത സംരംഭങ്ങള്‍ നാം തുടങ്ങേണ്ടിയിരിക്കുന്നു.

നമ്മുടെ മഹല്ലുകളുടെ പാതി സമൂഹമായ സ്ത്രീകളെയും ഉള്‍പ്പെടുത്തി സാമ്പത്തിക രംഗത്തും സ്വാശ്രയ രംഗത്തും ഉയര്‍ച്ച നേടാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണത്തിന്റെ മര്‍മം ഒരു പരിധിവരെ സാമ്പത്തികമാണ്. ദാരിദ്ര്യത്തിന്റെ നിസ്സഹായാവസ്ഥകളാണ് ഇവര്‍ ഇരകളാക്കപ്പെടുന്നതിന്റെ പ്രധാന കാരണം. സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായം നല്‍കേണ്ട മുഖ്യധാരാ സ്ഥാപനങ്ങള്‍ പലിശയെന്ന കെണിയും അവസാനിക്കാത്ത നിബന്ധനകളും വെച്ച് ഇവരുടെ മോഹങ്ങളെ വിരിയാന്‍ അനുവദിക്കുന്നുമില്ല.  കഷ്ടപ്പാടും പ്രയാസങ്ങളും കൊണ്ട് ബ്ലേഡുകാരന് അഭിമാനം പണയം വെക്കേണ്ടിവരുന്നവരാണ് കേരളത്തിലെ സാധാരണ സ്ത്രീകള്‍.
ഇതിനൊക്കെ ഒരു പരിഹാരമായിക്കൊണ്ടും പ്രാദേശിക വികസനത്തിനു ഒരു പ്രതീക്ഷയേകിക്കൊണ്ടുമുള്ള ഒരു സംരംഭമാണ് മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 'തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി'. പ്രാദേശിക വികസനത്തിന് തനതായി എന്ത് സമര്‍പ്പിക്കാനാകും എന്ന അന്വേഷണത്തില്‍ നിന്ന് രൂപം കൊണ്ട ഈ കൂട്ടായ്മ, സാമ്പത്തിക പരാശ്രിതത്വം ഒഴിവാക്കി കുടുംബ ശാക്തീകരണം ത്വരിതപ്പെടുത്തണം എന്ന കാഴ്ചപ്പാടിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

പ്രദേശത്തെ അഞ്ച് കോളനികളില്‍ നടത്തിയ പഠനത്തില്‍, പലിശക്കെണിയാണ് കുടുംബങ്ങളുടെ ദാരിദ്ര്യത്തിന്റെ അടിസ്ഥാനമെന്ന് തണല്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അണ്ണാച്ചി പലിശക്കാരുടെയും നാടന്‍ മടിശ്ശീല ബ്ലേഡ് മുതലാളിമാരുടെയും തുടങ്ങി ബാങ്ക് വായ്പയുടെയും കെണികളില്‍വരെ അകപ്പെട്ടിരുന്നവരുടെ മോചനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും കുടുംബ ശാക്തീകരണമാണ് വഴിയെന്നും അത് സ്ത്രീകളിലൂടെ ഫലപ്രദമായി നിര്‍വഹിക്കാനുകുമെന്നും അവര്‍ മനസ്സിലാക്കി. ബ്ലേഡ് കൊളള പലിശയ്‌ക്കെതിരെ തണല്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തത് തികച്ചും പുതിയ രീതിയിലായിരുന്നു. പ്രദേശത്ത് 10 മുതല്‍ 30 വരെ സ്ത്രീകള്‍ ഉള്‍കൊള്ളുന്ന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചും അതില്‍ ദരിദ്രരെന്നോ ഇടത്തരക്കാരെന്നോ സമ്പന്നരെന്നോ ഭേദമില്ലാതെ അംഗങ്ങളെ ചേര്‍ത്തും തണല്‍ മുന്നോട്ട് പോയപ്പോള്‍ ഈ അയല്‍ക്കൂട്ടങ്ങളില്‍ പുതിയ സൗഹൃദങ്ങള്‍ നാമ്പിട്ടു. ഒരു വര്‍ഷം മുമ്പ് അഞ്ച് അയല്‍ക്കൂട്ടങ്ങളും അറുപതോളം അംഗങ്ങളുമായാണ് തണല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നത് 25 അയല്‍ക്കൂട്ടങ്ങളിലൂടെ എണ്ണൂറില്‍പരം അംഗങ്ങളായി വളര്‍ന്നിരിക്കുന്നു. പുതിയ അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണവും അംഗത്വ വിതരണവും മനുഷ്യ വിഭവശേഷിയുടെ പരിമിതി കാരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നിരിക്കുന്നു.

പലിശരഹിത വായ്പയുടെ തണല്‍ മാതൃക

1. ലഘു നിക്ഷേപ പദ്ധതി
അയല്‍ക്കൂട്ടങ്ങളിലെ സ്ത്രീകളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തണല്‍ നിക്ഷേപ പദ്ധതി ആരംഭിച്ചത്. ആഴ്ചയില്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് കുറഞ്ഞതോ കൂടിയതോ ആയ എത്ര തുകയും നിക്ഷേപിക്കാം. പല തുള്ളി പെരുവെള്ളം പോലെ കഴിഞ്ഞ ഒരു വര്‍ഷംമാത്രം ഈ വീട്ടമ്മമാര്‍ സ്വരുക്കൂട്ടിയത് മുപ്പത്തിരണ്ട് ലക്ഷത്തോളം രൂപയാണ്.
2. ഹ്രസ്വകാല വായ്പകള്‍
തണല്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് പരസ്പര ജാമ്യത്തില്‍ അനുവദിക്കുന്ന വായ്പാപദ്ധതിയാണിത്. വായ്പക്ക് പലിശ നല്‍കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വായ്പ ലഭിക്കുന്നതിന് മറ്റ് കെട്ടുപാടുകളൊന്നുമില്ല. വായ്പ തിരിച്ചടവിന് നാല് മാസം കാലാവധിയുണ്ട്. തങ്ങളുടെ കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്ക് ബ്ലേഡ് മുതലാളിമാരെ സമീപിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണിത്.
3. ദീര്‍ഘകാല വായ്പകള്‍
അയല്‍ക്കൂട്ടം അംഗങ്ങളുടെ നിക്ഷേപ തുകയുടെ ഇരട്ടിതുക ഒരുവര്‍ഷ കാലാവധിയില്‍ അതാത് പേര്‍ക്ക് വായ്പ നല്‍കുന്നു. ഇതും പലിശരഹിത വായ്പ തന്നെയാണ്. കുടുംബത്തിലെ സുപ്രധാന ആവശ്യങ്ങള്‍ക്ക് അയല്‍ക്കൂട്ടം അംഗങ്ങള്‍ ഈ വായ്പ ഉപയോഗപ്പെടുത്തുന്നു.
4. സ്വയം തൊഴില്‍ വായ്പകള്‍
അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് താത്പര്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നു. തൊഴില്‍ സംരംഭത്തിന്റെ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഗുണഭോക്താവിന്റെ അവകാശമാണ്. പരിശീലനം ആവശ്യമെങ്കില്‍ 'തണല്‍' നല്‍കുന്നു. ലാഭനഷ്ട പങ്കാളിത്തത്തോട് കൂടിയാണ് സംരംഭത്തില്‍ 'തണല്‍' പങ്കാളിത്തം വഹിക്കുന്നത്. വായ്പക്ക് പലിശ ഇല്ല എന്നത് സംരംഭകയുടെ സമ്മര്‍ദം കുറക്കുന്നു. സംരംഭത്തില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 10% തണലിന് നല്‍കുന്നു.

തണലിന്റെ തണല്‍ വഴി
തണല്‍ നല്‍കുന്ന വായ്പയുടെ തിരിച്ചടവ് 100%മാണ്. ഗുണ്ടാ, മാഫിയാ സമ്മര്‍ദങ്ങളോ ജപ്തി ഭീഷണികളോ ഇല്ലാതെ തന്നെ ഇത് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പലിശ രഹിത വായ്പാ സമ്പ്രദായം കേരളത്തില്‍ പുതിയ കാര്യമല്ല. മുന്നൂറിലധികം പലിശ രഹിത വായ്പ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പക്ഷേ, പരമ്പരാഗത പലിശരഹിത വായ്പാസമ്പ്രദായങ്ങളില്‍ ഒതുക്കപ്പെടുമായിരുന്ന ഒരു പ്രവര്‍ത്തനത്തെ കാലത്തിന്റെയും പ്രദേശത്തിന്റെയും ആവശ്യാനുസരണം അഴിച്ചു പണിയുകയും പ്രയോഗവത്കരിക്കുകയും ചെയ്തു എന്നിടത്താണ് തണല്‍ മാതൃകയാകുന്നത്. തണലിന്റെ പ്രവര്‍ത്തനങ്ങള്‍ വായ്പാ വിതരണത്തില്‍ ഒതുങ്ങുന്നില്ല. മെഡിക്കല്‍ ക്യാമ്പ്, പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ്, നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ്, രക്തദാന ഫോറം, കുടുംബ കൗണ്‍സലിംഗ്, ജൈവ കൃഷി പരിശീലനം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് തണല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാലു വര്‍ഷം പിന്നിട്ട ഈ വേളയില്‍ തണല്‍ പുതിയ പദ്ധതികള്‍ മുന്നില്‍ കാണുന്നു.

ആത്മാര്‍ഥതയും സമര്‍പ്പണ ബോധവുമാണ് ഈ സംരംഭത്തിന്റെ പിന്നില്‍. തണലിന്റെ ഓഫീസ് പ്രവര്‍ത്തനംപോലും ഒരു സന്നദ്ധ സേവനമാണ്. തണല്‍ അയല്‍ക്കൂട്ടം കുടുംബങ്ങളും അതിലെ വിദ്യാര്‍ഥിനികളുമാണ് ആഴ്ചയില്‍ ഒരു ദിവസത്തെ തണലിന്റെ ഓഫീസ് പ്രവര്‍ത്തനം വ്യവസ്ഥാപിതമായി നടത്തുന്നത്. തണലിന്റെ സംഘാടകര്‍ ഇന്ന് അണിയറയിലെ കാഴ്ചക്കാര്‍ മാത്രം. ശാക്തീകരണം വാക്കുകളിലൂടെയല്ല പ്രവൃത്തിപഥത്തിലൂടെയാണ് നടപ്പിലാവുക എന്നതിന് ഇതുതന്നെ ഏറ്റവും വലിയ തെളിവ്. എ.അബ്ദുല്ലത്വീഫ് ചെയര്‍മാനും ടി. ഇബ്‌റാഹീംകുട്ടി സെക്രട്ടറിയുമായ ഭരണസമിതിയാണ് തണലിനെ നയിക്കുന്നത്.
Article By: Abdul Latheef Marancheri

Wednesday, November 6, 2013

ഒന്നു തൊട്ടിട്ട്‌ എത്രകാലമായി..?

പ്രമുഖ മനശ്ശാസ്‌ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു;

മെഡിക്കല്‍ കോളെജില്‍ വെച്ച്‌, മാസം തികയുന്നതിനു മുമ്പ്‌ ഒരു കുഞ്ഞ്‌ പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന്‌ മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയേയും കുഞ്ഞിനേയും ഒരു നഴ്‌സിംഗ്‌ ഹോമിലേക്ക്‌ മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന്‌ രക്ഷിക്കാനായി, ഒരു നഴ്‌സ്‌ കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക്‌ കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ്‌ മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കയ്യില്‍ കൊടുത്ത്‌ സദാ സമയവും സ്‌നേഹപൂര്‍വ്വം തലോടാനും ലാളിക്കാനും നിര്‍ദ്ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു.

രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്‌ പ്രായമായി. നല്ല ആരോഗ്യവതിയായി അവള്‍ കഴിയുന്നു. മരുന്നിനോടും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്‌പര്‍ശനത്തിനും പരിലാളനയ്‌ക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന്‌ പുസ്‌തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്‌ഗുണങ്ങള്‍ കുറയുമെന്ന്‌ പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്‌പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന്‌ മക്കളിലേക്ക്‌ പകരുകയുള്ളൂവെന്നര്‍ത്ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്‌പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്‌. തൊടുക എന്നത്‌ ഇത്ര വലിയ കാര്യമാണോ? ഒരു സ്‌പര്‍ശത്തില്‍ എന്തൊക്കെയാണ്‌ അടക്കിവെച്ചിരിക്കുന്നത്‌? 



രോഗം കൊണ്ട്‌ വലയുന്ന രോഗിയെ വൈദ്യന്‍ പരിശോധിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ. രോഗിയുടെ സന്ധികളില്‍ സ്‌പര്‍ശിച്ച്‌ രോഗവിവരം അറിയാന്‍ വൈദ്യന്‌ മിടുക്കുണ്ട്‌. ഒരു ചെറുസ്‌പര്‍ശത്തില്‍ ഉള്ളടക്കിവെച്ചിരിക്കുന്ന അത്ഭുതമുണ്ട്‌ വൈദ്യന്റെ ഈ പ്രവര്‍ത്തനത്തില്‍. കരയുന്ന കുഞ്ഞിനെ ആരൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും സ്വന്തം അമ്മയുടെ ഒരു കരസ്‌പര്‍ശത്തില്‍ എത്ര വേഗമാണ്‌ കുഞ്ഞ്‌ കരച്ചിലടക്കി ഉറക്കത്തിലേക്ക്‌ ഒഴുകുന്നത്‌! സങ്കടം കൊണ്ട്‌ വലയുന്നവരെ മെല്ലെയൊന്ന്‌ തൊട്ട്‌ ആശ്വസിപ്പിച്ച്‌ നോക്കൂ, നമ്മുടെ ആ സ്‌പര്‍ശത്തില്‍ അവര്‍ ഒരു നിമിഷമെങ്കിലും സ്വസ്ഥമാകും. തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്ക്‌ ജീവിതകാലമെങ്ങും ഓര്‍മിക്കപ്പെടും. വേദനയുടെ ഭാരം കൊണ്ട്‌ തലകുനിയുമ്പോള്‍ `വിഷമിക്കല്ലേ' എന്ന്‌ പ്രിയപ്പെട്ടൊരാള്‍ തലോടിക്കൊണ്ട്‌ പറയുമ്പോള്‍ നമ്മുടെ മനസ്സിലും സമാധാനത്തിന്റെ മഴപെയ്യും. മനസ്സിന്റെ തന്ത്രികളില്‍ അത്രയേറെ സ്വാധീനമാകാന്‍ ഒന്നു തൊട്ടാല്‍ മതി.

സലാം പറഞ്ഞ്‌ കൈ വലിക്കുന്ന നേതാവിനെ നമ്മളാരും ഓര്‍ത്തുവെക്കാറില്ല. എന്നാല്‍ സലാം ചൊല്ലി കൈ നീട്ടിയാല്‍ നമ്മുടെ കൈ മാത്രമല്ല, നമ്മളെ മുഴുവനായും വാരിപ്പുണരുന്ന അപൂര്‍വ്വം നേതാക്കളെ നമ്മള്‍ ഒരു കാലത്തും മറക്കാറില്ല. അഥവാ നമ്മെയൊന്ന്‌ തൊടാനും വാരിപ്പുണരാനും മടിയില്ലാത്തവരെ നമ്മള്‍ മനസ്സിന്റെ സ്‌നേഹക്കൊട്ടാരത്തില്‍ സൂക്ഷിക്കുന്നു, അല്ലാത്തവരോട്‌ അടുപ്പത്തിനു പകരം അകല്‍ച്ചയാകും പെരുകുക.

രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ ആശ്വസിപ്പിക്കണമെന്ന്‌ തിരുനബി നിര്‍ദേശിക്കുന്നുണ്ട്‌. കൈത്തടത്തില്‍ തടവിക്കൊടുത്തും തലയിലും മുഖത്തും മെല്ലെ കൈതൊട്ടുമായിരുന്നു തിരുനബിയുടെ ആശ്വാസവാക്കുകളെല്ലാം. പ്രിയമകള്‍ ഫാതിമ മുതിര്‍ന്ന സ്‌ത്രീയായിട്ടു പോലും പിതൃവാത്സല്യത്തിന്റെ ചുംബനം നല്‍കാന്‍ പ്രിയനബി ശ്രദ്ധിച്ചു. വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങുമ്പോഴും തിരിച്ചെത്തുമ്പോഴും ഭാര്യമാര്‍ക്ക്‌ ചുംബനം സമ്മാനിച്ച ആ പ്രിയതമനെയൊന്ന്‌ ഓര്‍ത്തുനോക്കൂ. സ്‌പര്‍ശത്തിന്റെ മാന്ത്രികതയില്‍ പിണക്കങ്ങള്‍ മറക്കും. 

അടുപ്പങ്ങള്‍ കൂടുതല്‍ അഴകുള്ളതാകും. സലാം പറഞ്ഞ്‌ തിരിഞ്ഞുനടക്കാനല്ല, കൈകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഒന്നാകാനാണ്‌ സ്‌നേഹനബി പഠിപ്പിച്ചത്‌. നമുക്ക്‌ ശത്രുക്കളായി ആരുമില്ലെന്ന സന്ദേശമാണ്‌ സലാം പറഞ്ഞ്‌ കൈകള്‍ കൂട്ടിയുരസുമ്പോള്‍ ലഭിക്കുന്നത്‌. സ്‌പര്‍ശത്തിന്റെ വെള്ളിനൂലില്‍ ഇണങ്ങിച്ചേരാത്ത ഒരു ശത്രുതയുമില്ല. 

സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയാം നമുക്ക്‌. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌. 

കുടുംബത്തിനുള്ളിലുള്ളവര്‍ പോലും പലപ്പോഴും അന്യരെപ്പോലെയാണിന്ന്‌ പെരുമാറുന്നത്‌. പല കുടുംബങ്ങളുടെയും ചിത്രമങ്ങനെയാണ്‌. തൊട്ടുരുമ്മി നടക്കുമ്പോള്‍ പോലും തമ്മിലൊന്ന്‌ മിണ്ടാതെ, ഒരു പുഞ്ചിരി കൈമാറാതെ, ഇഷ്‌ടത്തോടെയൊന്ന്‌ സലാം ചൊല്ലാതെ ജീവിക്കുന്നവര്‍! 


സ്‌പര്‍ശത്തിന്റെ മാന്ത്രികശക്തി തിരിച്ചറിയുമ്പോള്‍ ബന്ധങ്ങള്‍ക്കെല്ലാം പുതിയൊരു ചന്തം കൈവരും. എങ്കില്‍ ഒന്നോര്‍ത്തുനോക്കൂ, നമ്മുടെ ഉമ്മയെ, ഉപ്പയെ, കുഞ്ഞിനെ, ജ്യേഷ്‌ഠനെ, അനിയത്തിയെ, സഹപ്രവര്‍ത്തകനെ, നേതാവിനെ ഒന്നു തൊട്ടിട്ട്‌ എത്രകാലമായി..?