Wednesday, June 11, 2014

ഇബ്‌റാഹീം ബിന്‍ അദ്ഹം: കൊട്ടാരം വെടിഞ്ഞ പരിത്യാഗി




   പൂര്‍ണനാമം: ഇബ്‌റാഹീം ബിന്‍ അദ്ഹം ബിന്‍ മന്‍സൂര്‍ ബിന്‍ യസീദ് ബിന്‍ ജാബിര്‍ അല്‍ അജ്‌ലി അല്‍ ഖുറാസാനി എന്നാണ്. മാതാപിതാക്കള്‍ ഹജ്ജിനു വന്ന വേളയില്‍ മക്കയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ പ്രസവിച്ചത്. ഖുറാസാനിലെ ബല്‍ഖില്‍ രാജകുടുംബത്തില്‍ വളര്‍ന്നു. പിതാവ് ഖുറാസാനിലെ രാജാക്കന്മാരില്‍ പ്രമുഖനാണ്. കൊട്ടാര സേവകരും ഉദ്യാനങ്ങളുമെല്ലാമടങ്ങുന്ന രാജകീയ പ്രൗഢിയിലാണ് ജീവിച്ചു ബാലനായ അദ്ഹം. അവന്റെ ഓരോ യാത്രയിലും അശ്വാരൂഢരടങ്ങുന്ന ഇരുപത് പേര്‍ അകമ്പടിസേവിച്ചിരുന്നു. സ്വഭാവവൈശിഷ്ട്യം, അനുകമ്പ, കാരുണ്യം എന്നിവ കാരണത്താല്‍ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാവിധ പ്രൗഢിയോടൊപ്പം അദ്ദേഹത്തിന്റെ പിതാവ് മതനിഷ്ഠ പുലര്‍ത്തുന്ന ദൈവബോധമുള്ള വ്യക്തിയുമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം യോഗ്യരായ പണ്ഡിതന്മാരില്‍ നിന്ന് മകന് ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി.
ഇമാം ദഹബി പറയുന്നു: ഇബ്രാഹീം ബിന്‍ അദ്ഹം ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്... മാലിക് ബിന്‍ ദീനാര്‍, അഅ്മശ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. സുഫ്‌യാനുസ്സൗരി, ശഖീകുല്‍ ബല്‍ഖി, ബഖിയ്യതു ബിനുല്‍ വലീദ് തുടങ്ങിയവര്‍ അദ്ദേഹത്തില്‍ നിന്നും ഹദീസ് സ്വീകരിച്ചവരില്‍ പ്രമുഖരാണ്.
ഇബ്രാഹീം ബിന്‍ അദ്ഹം തന്റെ ബാല്യകാല ജീവിതം സുഖാഢംബരങ്ങളിലാണ് കഴിച്ചുകൂട്ടിയത്. എല്ലാ ധനാഢ്യരെയും പോലെ അദ്ദേഹവും അമ്പെയ്ത്തിലും നായാട്ടിലും ആനന്ദം കണ്ടെത്തിയിരുന്നു. ഈ പരിതസ്ഥിതിയില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ വഴിത്തിരിവായി എന്നത് ശ്രദ്ദേയമാണ്.

അസ്മഈ വിവരിക്കുന്നു. ഇബ്രാഹീം ബിന്‍ ബശ്ശാര്‍ എന്ന സുഹൃത്ത് ഇബ്രാഹീം ബിന്‍ അദ്ഹമിനോട് ചോദിച്ചു. എങ്ങനെയാണ് ആഢംബര ജീവിതം നയിച്ച താങ്കള്‍ ഈ അവസ്ഥയിലെത്തിച്ചേര്‍ന്നത് ? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സഹോദരന്റെ നിര്‍ബന്ധത്തിനു മുമ്പില്‍ അദ്ദേഹത്തിന് മറുപടി പറയേണ്ടി വന്നു. 'എന്റെ പിതാവ് ബല്‍ഖിലെ രാജാവായിരുന്നു. അതിനാല്‍ തന്നെ എല്ലാ പ്രൗഢിയോടും കൂടിയായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. വേട്ടക്കിറങ്ങുക എന്നത് എന്റെ വിനോദമായിരുന്നു. എന്റെ വേട്ടനായക്കൊപ്പം കുതിരപ്പുറത്ത് ഞാന്‍ വേട്ടക്കായി പുറപ്പെട്ടു. ഒരു കുറുക്കനെയോ, മുയലിനെയോ കണ്ടമാത്രയില്‍ എന്റെ കുതിര അതിനുനേരെ ചലിച്ചു. അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളിയാളം കേട്ടു. ഇതിനാണോ നിന്നെ ഞാന്‍ പടച്ചത്? ഇതിനുവേണ്ടിയാണോ നിന്നോട് കല്‍പിച്ചത്? ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഞാന്‍ ആരെയും കണ്ടില്ല. പിശാചിനെ ശപിച്ചുകൊണ്ട് കുതിരയെ വീണ്ടും ഞാന്‍ നടത്തി. നേരത്തെ കേട്ടതിനേക്കാള്‍ ഉച്ചത്തിലൊരു വിളിയാളം വീണ്ടും ശ്രദ്ധയില്‍പെട്ടു. ഇതിനുവേണ്ടിയാണോ നിന്നെ പടച്ചത്? ഇതാണോ നിന്നോട് കല്‍പിക്കപ്പെട്ടത്? ഇരു വശത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ പറഞ്ഞു. അല്ലാഹു ഇബ്‌ലീസിനെ ശപിക്കട്ടെ! കുതിരയെ വീണ്ടും ചലിപ്പിച്ചു. അപ്പോള്‍ ജീനിയുടെ അരികില്‍ നിന്നും ഒരു ചോദ്യം കേട്ടു. 'ഇബ്രാഹീം, ഇതിനുവേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത്, ഇതാണോ നിന്നോട് കല്‍പിക്കപ്പെട്ടത്?'

ഞാന്‍ എന്റെ വാഹനം നിര്‍ത്തി. അല്‍പനേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു. ഞാന്‍ ബോധവാനായി... ഞാന്‍ ബോധവാനായി...
രക്ഷിതാവില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ എനിക്കിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹുവാണെ! അല്ലാഹു എന്നെ രക്ഷപ്പെടുത്തിയ ഈ ദിനം മുതല്‍ അവനെ ഞാന്‍ ധിക്കരിക്കുകയില്ല.'  ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. കുതിരയെ ഞാന്‍ ഉപേക്ഷിച്ചു. എന്റെ പിതാവിന്റെ പ്രജകളിലൊരാളുടെ അടുത്ത് പോയി. അദ്ദേഹത്തില്‍ നിന്ന് ജുബ്ബയും വസ്ത്രവും വാങ്ങി. എന്റെ വസ്ത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കി... എന്നിട്ട് ഞാന്‍ ഇറാഖിലേക്ക് തിരിച്ചു' ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ജീവിതഗതി ആഢംബരത്തില്‍ നിന്നും ഭൗതികവിരക്തിയിലേക്ക് തിരിച്ചുവിട്ടതിനെകുറിച്ച് ചരിത്രഗ്രന്ഥങ്ങളില്‍ വന്ന വിവരണം ഇപ്രകാരമാണ്.

അദ്ദേഹത്തിന്റെ ഈ മാറ്റത്തെപറ്റി വ്യത്യസ്തമായ ഉദ്ധരണികള്‍ വന്നിട്ടുണ്ട്. എല്ലാം അദ്ദേഹത്തിന് അല്ലാഹുവില്‍ നിന്ന് ലഭിച്ച ഇല്‍ഹാമും കറാമത്തുമെല്ലാം പ്രതിപാദിക്കുന്നവയാണ്. അപ്രകാരം തന്നെ പലതവണകളായി കേട്ട ആ വിളിയാളങ്ങളും പ്രസ്തുത കഥകളില്‍ കാണാം.

ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ജീവിതത്തില്‍ വന്ന ഈ മാറ്റം അദ്ദേഹത്തിന്റെ ജീവിതഗതിയെ പൂര്‍ണമായി തിരിച്ചുവിട്ടു. ഐഹികതയുടെ വിഭവങ്ങളില്‍ നിന്ന് സ്വന്തമാക്കിയതെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. പിന്നെ തന്റെ താമസം ആരുമറിയാതെ ഖുറാസാനില്‍ നിന്ന് ഇറാഖിലേക്കും അവിടെ നിന്ന് ശാമിലേക്കും മാറ്റി.  ഖുറാസാനില്‍ താമസിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്തോട് ഭരണാധികാരികളോട് പെരുമാറുന്നത് പോലെയായിരിക്കും പെരുമാറുക. ഐഹികലോകത്തെ ഒരു പ്രതാപവും അദ്ദേഹം ആഗ്രഹിക്കാത്തതിനാാണ് ഖുറാസാനോട് അദ്ദേഹം വിടപറഞ്ഞത്.

ശാമിലെ ജീവിതം
ഹലാലായ ഭക്ഷണം ലഭിക്കുക എന്നതായിരുന്നു ഇബ്‌റാഹീം ബിന്‍ അദ്ഹമിന്റെ മുഖ്യലക്ഷ്യം. ഏറ്റവും നല്ല സമ്പാദ്യത്തിലൂടെ ഹലാലായ ഭക്ഷണം മാത്രമേ തന്റെ ഉദരത്തില്‍ പ്രവേശിക്കാവൂ എന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇരുപത് പേരുടെ അകമ്പടിസേവിച്ച അമീറിന് ഇപ്പോള്‍ സ്വകരങ്ങള്‍ കൊണ്ട് അധ്വാനിക്കേണ്ടിവന്നു. ശാമില്‍ ഞാന്‍ വന്നത് ജിഹാദിനോ മറ്റോ അല്ല, മറിച്ച് ഹലാലായ റൊട്ടി തിന്ന് വിശപ്പകറ്റാനാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

തോട്ടങ്ങള്‍ പരിപാലിച്ചും കൊയ്ത്തിനു പോയുമായിരുന്നു ഇതിനുള്ള വഴി അദ്ദേഹം കണ്ടെത്തിയിരുന്നത്. അദ്ദേഹം ജോലി ചെയ്യുന്നതിനിടയില്‍ തന്റെ പേരുവെളിപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. കാരണം അല്ലാഹുവിന്റെ ഔലിയാക്കളില്‍പെട്ടവനാണ് അദ്ദേഹമെന്ന് ശാമുകാര്‍ മനസ്സിലാക്കിയിരുന്നു. ഒരു പ്രദേശത്ത് അദ്ദേഹത്തിന്റെ പ്രശസ്തി തിരിച്ചറിഞ്ഞാല്‍ മറ്റൊരു പ്രദേശത്തേക്ക് അദ്ദേഹം താമസം മാറ്റുമായിരുന്നു. വെളിച്ചത്തില്‍ നിന്നും അകന്ന് നിഴലില്‍ കഴിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭൗതികമായ എല്ലാ പ്രകടനപരതകളില്‍ നിന്നും അദ്ദേഹം മാറിനിന്നു.

'ഞാന്‍ ചില തീരപ്രദേശങ്ങളില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ കുട്ടികള്‍ എന്നെ പിന്തുടര്‍ന്നു ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ എന്നെ അറിയുന്ന മുതിര്‍ന്നവര്‍ അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുന്നത് കുട്ടികള്‍ കണ്ടതോടെ അവരും എന്നെ ആദരിക്കാന്‍ തുടങ്ങി.' എന്നാല്‍ എന്നെ ആദരിക്കുന്നതിനേക്കാള്‍ ഞാന്‍ മാധുര്യമനുഭവിച്ചത് കുട്ടികള്‍ എന്നെ കല്ലെറിയുമ്പോള്‍ ആയിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു.

ഒരിക്കല്‍ ഞാന്‍ കടലോരത്ത് നില്‍ക്കുകയായിരുന്നു. ഒരാള്‍ എന്നെ തോട്ടം നോക്കാനായി ചുമതലപ്പെടുത്തി. ഒരു ദിവസം അയാള്‍ തന്റെ ചില സുഹൃത്തുക്കളുമായി അവിടെ വന്നു. ഏറ്റവും വലുതും മധുരമുള്ളതുമായ റുമ്മാന്‍ പഴം കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കൊണ്ടുവന്ന ഒരു റുമ്മാനെടുത്തു കഴിച്ചപ്പോള്‍ പുളിയുള്ളതായി അനുഭവപ്പെട്ടു. അപ്പോള്‍ ഉടമസ്ഥന്‍ എന്നെ വിളിച്ചു പറഞ്ഞു. നീ എത്രകാലമായി ഈ തോട്ടത്തില്‍ ജോലി ചെയ്യുന്നു. ഇവിടെ നിന്നും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ മധുരമുള്ളതും പുളിയുള്ളതും ഇതുവരെ തിരിച്ചറിയാന്‍ നിനക്കായിട്ടില്ലേ?  അല്ലാഹുവാണെ! ഇതുവരെ ഇതില്‍ നിന്ന് ഒരു പഴം പോലും ഞാന്‍ കഴിച്ചിട്ടില്ലെന്ന് ഇബ്രാഹീം ബിന്‍ അദ്ഹം അദ്ദേഹത്തോട് പ്രത്യുത്തരം ചെയ്തു. ഉടമസ്ഥന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഇദ്ദേഹത്തിന്റെ വാക്ക് നിങ്ങള്‍ കേട്ടില്ലേ... നീ ഇബ്രാഹീം ബിന്‍ അദ്ഹം ആയിരുന്നുവെങ്കില്‍... എന്നു പറഞ്ഞു അദ്ദേഹം പിരിഞ്ഞുപോയി. അടുത്ത ദിവസം എന്റെ വിശേഷണം പള്ളിയില്‍ വെച്ച് അദ്ദേഹം വിവരിച്ചു. ചിലര്‍ എന്നെ തിരിച്ചറിഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകള്‍ എന്നെ കാണാനായി വരുന്നതായി ഞാനറിഞ്ഞു. ഉടന്‍ ഒരു മരത്തിന് പിന്നിലൊളിച്ചു നിന്നത് കൊണ്ട് അവര്‍ കാണാതെ അവിടെ നിന്നും ഓടിരക്ഷപ്പെടുകയുണ്ടായി.

തനിക്ക് ലഭിക്കുന്ന പരിമിതമായ ധനത്തില്‍ നിന്നും ഹലാലായ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ളവ അദ്ദേഹം ദാനം ചെയ്യാറുമുണ്ടായിരുന്നു. ദരിദ്രരോടൊപ്പം ലളിതപൂര്‍ണമായ ജോലി ചെയ്യുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തി.
ആരെങ്കിലും തൗബ ആഗ്രഹിക്കുന്നുവെങ്കില്‍ അനീതികളില്‍ നിന്നകന്നു നില്‍ക്കുകയും ജനങ്ങളുമായി ഇടപഴകല്‍ ഉപേക്ഷിക്കുകയും ചെയ്യട്ടെ! ഇല്ലെങ്കില്‍ പ്രസ്തുത ഉദ്ദേശം സഫലമാകുകയില്ല എന്ന് അദ്ദേഹം വിവരിക്കുന്നു.
സജ്ജനങ്ങളുടെ പദവിയിലെത്താന്‍ ആറ് ഘട്ടങ്ങള്‍ തരണം ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.
അനുഗ്രത്തിന്റെ വാതായനങ്ങള്‍ അടക്കുക, പ്രയാസത്തിന്റെ വാതിലുകള്‍ തുറക്കുക.
പ്രതാപത്തിന്റെ വഴി അടക്കുകയും താഴ്മയുടെ വഴി കണ്ടെത്തുകയും ചെയ്യുക.
വിശ്രമത്തിന്റെ മാര്‍ഗം കയ്യൊഴിയുകയും പരിശ്രമത്തിന്റെ മാര്‍ഗത്തിലേര്‍പ്പെടുകയും ചെയ്യുക.
ഉറക്കത്തിന്റ കവാടം അടക്കുക, ഉറക്കമൊഴിക്കാന്‍ സമയം കണ്ടെത്തുക.
ഐശ്വര്യത്തിന്റെ മാര്‍ഗം അടക്കുക, ദാരിദ്ര്യത്തിന്റെ വഴി അന്വേഷിക്കുക.
പ്രതീക്ഷയുടെ വാതിലുകള്‍ അടച്ച് മരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലേര്‍പ്പെടുക.
ദുന്‍യാവില്‍ നിന്ന് പുറത്താകും മുമ്പെ ഐഹികതയില്‍ നിന്ന് പുറത്തുപോകുന്നവനാണ് യഥാര്‍ഥ സ്വതന്ത്രന്‍.

എന്തുകൊണ്ട് താങ്കള്‍ അവിവാഹിതനായി കഴിയുന്നു എന്ന് ചോദിച്ച ബഖിയ്യതു ബിന്‍ വലീദിനോട് അദ്ദേഹം പറഞ്ഞു. 'എന്റെ വധുവാകുന്നവളോട് അനീതി പ്രവര്‍ത്തിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ലൈംഗികമായ വിഷയങ്ങളിലൊന്നും എനിക്ക് താല്‍പര്യവുമില്ല.'

ഇബ്രാഹീമിനു ബിന്‍ അദ്ഹമിനെ സവിശേഷനാക്കിയ ഘടകങ്ങള്‍
-ഭക്ഷണം ഹലാലായിരിക്കണമെന്ന കണിശത
ഞാന്‍ ശാമിലേക്ക് ജിഹാദ് ലക്ഷ്യം വെച്ചല്ല, ഹലാലായ ഭക്ഷണം കഴിക്കാനാണ് വന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഹലാലായ ഭക്ഷണം ലഭിക്കാതിരിക്കുമ്പോള്‍ അദ്ദേഹം മണ്ണ്തിന്ന് വിശപ്പകറ്റുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിലെ ഒരു സംഭവം ശ്രദ്ധേയമാണ്. ഹജ്ജിനായി അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. സജ്ജനങ്ങളില്‍പെട്ട ഭൗതിക വിരക്തരുടെ അടുത്ത് അദ്ദേഹം എത്തിപ്പെട്ടു. അവരില്‍ സുഫ്‌യാനുസ്സൗരിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാഗ് അവരുടെ അടുത്ത് വെച്ച് അദ്ദേഹം ത്വവാഫിനായി പുറപ്പെട്ടു. സഹോദരനായ ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ബാഗ് ഞങ്ങളുടെ അടുത്ത് തന്നപ്പോള്‍ ഡമസ്‌കസില്‍ നിന്നുള്ള വല്ല ആപ്പിളും അതിലുണ്ടാകുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത് തുറന്നപ്പോള്‍ അതില്‍ നിറയെ മണ്ണാണ് കണ്ടത്. ഇബ്രാഹീം ത്വവാഫില്‍ നിന്ന് മടങ്ങെത്തിയപ്പോള്‍ ആ മണ്ണിനെപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. മാസങ്ങളായുള്ള എന്റെ ഭക്ഷണമാണത്. ഹലാലായ ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ അദ്ദേഹം മണ്ണ് തിന്നാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. പ്രത്യേകിച്ച് യാത്രയില്‍ ജോലിക്ക് പോകാനുള്ള സമയമില്ലാത്ത വേളയില്‍ അദ്ദേഹം മണ്ണ് തിന്നു ജീവിച്ചു. അദ്ദേഹത്തിന്റെയടുത്ത് വല്ല ധനവുമുണ്ടെങ്കില്‍ അതെല്ലാം ഉടനെ ദാനം ചെയ്യുമായിരുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നു.

വിരക്തനായ ശഖീഖുല്‍ ബല്‍ഖിയോട് ഒരു വിജ്ഞാനമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. നിനക്ക് വല്ലതും നല്‍കപ്പെട്ടാല്‍ നീ ഭക്ഷിക്കുക! തടയപ്പെട്ടാല്‍ സഹിക്കുകയും ചെയ്യുക. അപ്പോള്‍ ഇബ്രാഹീം ചോദിച്ചു. അപ്രകാരം തന്നയല്ലേ ബല്‍ഖിലെ പട്ടികളും ചെയ്യാറുള്ളത്. താങ്കള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കാറുള്ളത് എന്ന് അന്വേഷിച്ചപ്പോള്‍ അദ്ഹം പറഞ്ഞു. എനിക്ക് വല്ലതും ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കും, വല്ലതും തടയപ്പെട്ടാല്‍ ഞാന്‍ നന്ദിപ്രകടിപ്പിക്കും. നമ്മുടെ ഭക്ഷണം ഹലാലായാല്‍ മാത്രമേ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

-ഉദാരത:
ഇബ്‌റാഹീം ബിന്‍ അദ്ഹമിന്റെ പ്രധാന സവിശേഷതയാണ് ഉദാരത. നാളയെകുറിച്ച കരുതലോ ദാരിദ്ര്യത്തെകുറിച്ച ഭയമോ കൂടാതെ അദ്ദേഹം ചെലവഴിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഐഹിക ജീവിതത്തിനോ, ധനസമ്പാദനത്തിനോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല.. അദ്ദേഹത്തിന്റെ സുഹൃത്തായ ഇബ്‌നു ബശ്ശാര്‍ എഴുതുന്നു. ഞാനും എന്റെ സുഹൃത്ത് ഇബ്രാഹീമും  കൂടി ട്രിപ്പോളിയില്‍ കഴിച്ചുകൂട്ടി. ഞങ്ങളോടൊപ്പം രണ്ട് റൊട്ടിമാത്രമേ ഉണ്ടായിരുന്നുള്ളൂ. വല്ല യാചകനും വന്നാല്‍ ഇബ്രാഹീം പറയും, എന്താണ് കയ്യിലുള്ളത് അവ നല്‍കുക! ഞാന്‍ കുറച്ച് നേരം മിണ്ടാതെ ഇരിക്കും... വീണ്ടും പറഞ്ഞു. നിന്റെ കയ്യിലുള്ളത് നല്‍കുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അത് നല്‍കി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ അത്ഭുതം കൂറി. ഇബ്രാഹീം ബിന്‍ അദ്ഹം പറഞ്ഞു. 'അബൂ ഇസ്ഹാഖ്! നിനക്ക് ഇതുവരെ ലഭിക്കാത്ത ഒന്ന് നാളെ കണ്ടുമുട്ടും. നീ ചിലവഴിച്ചത് നിനക്ക് തീര്‍ച്ചയായും ലഭിക്കും, ചെലവഴിക്കാത്തവ ലഭിക്കുകയുമില്ല... എപ്പോഴാണ് നാഥന്റെ കല്‍പന വന്നെത്തുകയെന്നറിയില്ല... അതിനാല്‍ നിന്റെ നാളേക്ക് വേണ്ടി നീ തയ്യാറെടുക്കുക.' അദ്ദേഹത്തിന്റെ സംസാരം എന്നെ കരയിപ്പിച്ചു. മാത്രമല്ല, ദുന്‍യാവിനെ പിന്നീട് എനിക്ക് നിസ്സാരമായി അനുഭവപ്പെട്ടു.

ആര്‍ക്കെങ്കിലും വല്ല സാമ്പത്തിക ഞെരുക്കമുണ്ട് എന്നറിഞ്ഞാല്‍ എത്ര പ്രയാസമുള്ള സന്ദര്‍ഭത്തിലാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമായിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അനന്തരാവകാശമായി ധാരാളം സമ്പത്ത് ലഭിക്കുകയുണ്ടായി. അത് മൂന്നായി വിഭജിച്ചു. അതില്‍ ഒരു ഭാഗം തന്റെ പ്രയാസപ്പെടുന്ന ദൂതന് നല്‍കി. മറ്റൊരു വിഹിതം ശാമിലെ ദരിദ്രര്‍ക്ക് നല്‍കി. മൂന്നാമത്തെ വിഹിതം ബല്‍ഖിലെ ദരിദ്രര്‍ക്കായി നല്‍കി. അനന്തര സ്വത്തില്‍ നിന്ന് ഒന്നുമെടുക്കാതെ എല്ലാം അദ്ദേഹം ദാനം ചെയ്തു.

-ദൈവഭയം
ഇബാദത്തുകളിലും അല്ലാഹുവിന്റെ സമര്‍പ്പണത്തിലുമായി തന്റെ ജീവിതം ചിലവഴിച്ചു.

 അദ്ദേഹം പറയാറുണ്ടായിരുന്നു.
നിങ്ങള്‍ അഹങ്കാരത്തെ സൂക്ഷിക്കുക!
നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക, സുഖലോലുപതയില്‍ കഴിയുന്നവരിലേക്കാകരുത് നിങ്ങളുടെ നോട്ടം.
ആര്‍ സ്വന്തത്തെ നിന്ദിക്കുന്നുവോ അവനെ അല്ലാഹു ഉയര്‍ത്തും
ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നു, അവനെ അല്ലാഹു രക്ഷിക്കും
അവനിലേക്ക് മുന്നിടുന്നവനെ അവന്‍ ഏറ്റെടുക്കും
അവനെ അനുസരിക്കുന്നവനില്‍ അവന്‍ തൃപ്തിപ്പെടും
അവനില്‍ ഭരമേല്‍പിക്കുന്നവന് അവന്‍ തന്നെ മതി
അവന് കടംകൊടുക്കുന്നവന്റെ കാര്യങ്ങള്‍ അല്ലാഹു നിര്‍വഹിച്ചുകൊടുക്കും
അവനോട് നന്ദി പ്രകടിപ്പിക്കുന്നവന് അര്‍ഹമായ പ്രതിഫലം നല്‍കും.


അദ്ദേഹം പറയാറുണ്ടായിരുന്നു
നിങ്ങളുടെ ഹൃദയങ്ങളെ ദൈവഭയത്തില്‍ നിരതമാക്കുക
നിങ്ങളുടെ അവയവങ്ങളെ ദൈവാനുസരണത്തിലും നിരതമാക്കുക
നിങ്ങളുടെ നാവിനെ ദൈവസ്മരണയിലാക്കുക
നിഷിദ്ധങ്ങളില്‍ നിന്ന് നിങ്ങളുടെ ദൃഷ്ടികളെ അകറ്റുക
നിഷിദ്ധത്തിലേക്കുള്ള ദീര്‍ഘമായ നോട്ടം ഹൃദയത്തില്‍ നിന്നും സത്യത്തെകുറിച്ച ബോധം നീങ്ങാന്‍ ഇടവരും.






by: അബ്ദുല്ലാഹ് ബിന്‍ അലി അസ്സഹ്‌റാനി
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

വീടകങ്ങളെ നിങ്ങള്‍ ഖബറിടങ്ങളാക്കരുത്



കുടുംബത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെ പലരും വളരെ നിസാരമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ജോലി ചെയ്ത് കുടുംബത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് വേണ്ട പണം സമ്പാദിക്കലും ഭാര്യയുടേയും മക്കളുടേയും സംരക്ഷണവും അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും വീടും ഒരുക്കേണ്ട ചുമതലയാണ് തനിക്കുള്ളതെന്ന് ഭര്‍ത്താവ് ധരിച്ച് വെച്ചിരിക്കുന്നു. വീടും വീട്ടുകാര്യങ്ങളും നോക്കിനടത്തലാണ് തന്റെ കടമയെന്ന് ഭാര്യയും മനസിലാക്കി വെച്ചിരിക്കുന്നു.
sadnees
മേല്‍ പറഞ്ഞ രണ്ട് ഉത്തരവാദിത്വങ്ങളും ഭാര്യ-ഭര്‍ത്താക്കന്മാര്‍ നിര്‍വഹിക്കേണ്ടത് തന്നെയാണ്, എന്നുമാത്രമല്ല കുടുംബത്തിന്റെ നിലനില്‍പ്പിന് അത് അത്യാവശ്യവുമാണ്. എന്നാല്‍ കേവലം കുടുംബത്തിന് വേണ്ട അന്നം കണ്ടെത്തേണ്ടതിന്റെയും അത് പാകം ചെയ്യേണ്ടതിന്റെയും ഉത്തരവാദിത്വം ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വിഭജിക്കിക്കുന്നതിലൂടെ മാത്രം ഇസ്‌ലാമിക കുടുംബത്തിന്റെ രൂപീകരണം പൂര്‍ത്തിയാകുകയില്ല. ഇണ തുണകളുടെ ഉത്തരവാദിത്വമായി ജനങ്ങള്‍ മനസ്സിലാക്കി വെച്ചിട്ടുള്ള ഈ നിസ്സാര കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇസ്‌ലാമിന്റെ കുടുംബ സങ്കല്‍പ്പം, അത് കൂടുതല്‍ വിശാലവും വിസ്തൃതവുമാണ്. കുടുംബാംഗങ്ങളുടെ മാനസികവും വൈജ്ഞാനികവും സാംസ്‌കാരികവുമായ ഘടന രൂപപ്പെടുത്തുന്ന പ്രഥമ കേന്ദ്രമാണ് കുടുംബം. കുട്ടികള്‍ ജനിച്ചത് മുതല്‍ സമൂഹ മധ്യത്തിലേക്കിറങ്ങുന്നത് വരെ തങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. അപ്പോള്‍ ഭാര്യ-ഭര്‍ത്തക്കന്മാരുടെ ഉത്തരവാദിത്വം ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഭര്‍ത്താവിന്റെ ചുമതലയാണെന്ന് അധികം വിവരിക്കാതെ തന്നെ ഏവര്‍ക്കും അറിയുന്ന കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് : 'മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്' (അല്‍ബഖറ 233). പ്രവാചകന്‍ പുരുഷന്മാരോടായി പറഞ്ഞു : 'അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്'. (മുസ്‌ലിം)

ഭക്ഷണം പാകം ചെയ്യുക, വീട് വൃത്തിയാക്കുക തുടങ്ങിയ വീട്ടു ജോലികളില്‍ തന്നെ മുഴുകുന്നവരാണ് അധിക സ്ത്രീകളും, എന്നാല്‍ തനിക്ക് സേവനം ചെയ്യേണ്ടവളാണ് ഭാര്യയെന്ന് അവകാശപ്പെടാന്‍ ഭര്‍ത്താവിനാവില്ലെന്നും അവള്‍ സ്വന്തമിഷ്ടപ്രകാരം അങ്ങനെ ചെയ്താലല്ലാതെ അതിന് അവളെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടികളുടെ പരിചരണം, അവരെ ഇസ്‌ലാമികമായ സ്വഭാവ ഗുണങ്ങളോടെ വളര്‍ത്തല്‍ തുടങ്ങി താനല്ലാതെ മറ്റാരും ചെയ്യാനില്ലാത്തതും തന്റെ നിര്‍ബന്ധ ബാധ്യതയുമായ ദൗത്യം നിര്‍വഹിക്കുന്നതില്‍ അധിക സ്ത്രീകളും വീഴ്ച്ച വരുത്തുകയും ചെയ്യുന്നു.

കുടുംബത്തിന്റെ സാമ്പത്തിക പ്രയാസമോ സമയാസമയം കഴിക്കാന്‍ ഭക്ഷണം തികയാതെ വരുന്നതോ അല്ല പലപ്പോഴും കുടുംബ ശൈഥില്യത്തിനും ഭാര്യ-ഭര്‍ത്തൃ ബന്ധം പരാജയപ്പെടുന്നതിനും കാരണമാകാറുള്ളത്. എന്നല്ല സാമ്പത്തിക പരാധീനതകളെയും ഭൗതിക സൗകര്യങ്ങളിലുള്ള കുറവുകളെയും മറികടന്ന് വൈവാഹിക ബന്ധവും കുടുംബ ബന്ധവും സുഗമമായി മുന്നോട്ട് നീക്കുന്ന നിരവധി പേരെ നമ്മള്‍ കാണുന്നുണ്ട്. അതേസമയം, നല്ല സാമ്പത്തിക ശേഷിയുള്ളവര്‍ക്കിടയില്‍ കുടുംബ ശൈഥില്യങ്ങള്‍ കൂടുകയും ചെയ്യുന്നു. ഭൗതിക സൗകര്യങ്ങളിലുണ്ടാകുന്ന കുറവുകളെ അതിജീവിച്ച് ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുമ്പോള്‍ അതല്ലാത്ത മറ്റു പല പ്രതിസന്ധികളെയും മറികടക്കാനാകാതെ കുടംബങ്ങള്‍ പെട്ടെന്ന് തകരുകയും ചെയ്യുന്നു.

പട്ടിണിയുടെ കൈപ്പ് നീര്‍ കുടിച്ച കുടുംബങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ കുടംബങ്ങള്‍ പ്രവാചകന്റെയും അദ്ദേഹത്തിന്റെ സ്വഹാബികളുടേതുമായിരുന്നു. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ആയിശ (റ) ഉര്‍വയോട് പറയുന്നു : 'എന്റെ സഹോദരിയുടെ മകനേ, ഞങ്ങള്‍ ചന്ദ്രക്കല നോക്കിയിരിക്കും, അങ്ങനെ രണ്ട് മാസം പിന്നിട്ട് മൂന്ന് ചന്ദ്രപ്പിറവി ഞങ്ങള്‍ കണ്ടിട്ടുണ്ടാവും, അപ്പോഴും പ്രവാചകന്റെ വീടുകളില്‍ (ഭാര്യമാരുടെ വീടുകളില്‍) തീ പുകഞ്ഞിട്ടുണ്ടാവില്ല. ഉര്‍വ പറയുന്നു : ഞാന്‍ അവരോട് ചോദിച്ചു : അപ്പോള്‍ എന്തായിരുന്നു നിങ്ങളുടെ ഭക്ഷണം? അവര്‍ പറഞ്ഞു : രണ്ട് കറുത്തവസ്തുക്കള്‍, വെള്ളവും കാരക്കയും. പക്ഷെ കറവക്ക് കൊടുക്കുന്ന ഒട്ടകങ്ങളുടെയും ആടുകളുടെയും ഉടമസ്ഥരായ ചില അന്‍സാരീ അയല്‍ക്കാര്‍ നബി(സ) ക്കുണ്ടായിരുന്നു. അവരതിന്റെ പാല്‍ റസൂല്‍(സ)ക്ക് കൊടുത്തയക്കും. അവിടുന്ന് അത് ഞങ്ങള്‍ക്കും കുടിക്കാന്‍ തരുമായിരുന്നു'.

വീട്ടില്‍ തീ പുകയാത്ത അധിക ദിവസങ്ങളിലും പ്രവാചകന്‍ സുന്നത്ത് നോമ്പ് എടുക്കാറായിരുന്നു പതിവ്. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : 'പ്രവാചകന്‍ (സ) എന്റെയടുത്ത് വന്ന് ചോദിക്കും : നിന്റെയടുത്ത് എന്തെങ്കിലും ഭക്ഷണമുണ്ടോ? ഞാന്‍ പറയും : ഇല്ല. അപ്പോള്‍ അദ്ദേഹം പറയും : എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.' വീട്ടില്‍ ഭക്ഷണമൊന്നും ഇല്ലാത്തതിനാല്‍ വിശന്ന വയറുമായി വീട് വിട്ടിറങ്ങിയ പ്രവാചകന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കര്‍, ഉമര്‍ (റ) എന്നിവരുടെയും ചരിത്രം ഹദീസ് ഗ്രന്ഥങ്ങള്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. പ്രവാചകന്റേത് പോലെ തന്നെ അദ്ദേഹത്തിന്റെ സ്വഹാബികളില്‍ അധിക പേരുടെയും വീടുകള്‍ അങ്ങേയറ്റത്തെ പട്ടിണിയിലായിരുന്നു എന്നാണ് ഈ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ അതേസമയമം തന്നെ സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഭവനങ്ങള്‍ കൂടിയായിരുന്നു അവരുടേത്. കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് ദാരിദ്ര്യം തടസ്സമല്ലെന്ന പാഠം കൂടി പഠിപ്പിക്കുന്നുണ്ട് ഈ ചരിത്രം.

പണം സമ്പാദിക്കുന്നതിനേക്കാളും ഭക്ഷണം പാകം ചെയ്യുന്നതിനേക്കാളും ഉത്തമമായിട്ടുള്ള കാര്യം കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈകാരികമായ ബന്ധം നിലനിര്‍ത്തുക എന്നതാണ്. കുടുംബ ബന്ധം നിലനിര്‍ത്തുന്നതിലും കുടുംബത്തില്‍ നിന്നും ഉത്തമ ഫലങ്ങളുണ്ടാകുന്നതിനും പ്രധാനമായും പ്രേരകമാകുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ഈ വൈകാരികമായ ബന്ധമാണ്. അംഗങ്ങള്‍ക്കിടയിലെ ഈ വൈകാരിക ബന്ധം ഇല്ലാതാകുന്നതോടെ കുടുംബ ബന്ധം ശിഥിലമാകുകയും ചെയ്യുന്നു. കുടുംബത്തിലെ ഓരോ വ്യക്തികളും മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ അവരവരുടെ ലോകങ്ങളില്‍ മുഴുകിയാല്‍ അത് കുടുംബത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. അതുകൊണ്ട് ഭാര്യ-ഭര്‍ത്താക്കന്മാര്‍ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഉള്‍ക്കൊള്ളുകയും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സന്നദ്ധമാകുകയും വേണം.

കുടുംബാംഗങ്ങള്‍ക്കിടയില്‍ ഈ വൈകാരിക ബന്ധം കുറയുന്നതിനുള്ള കാരണം മാതാപിതാക്കള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. മക്കള്‍ക്ക് ഏറ്റവും മുന്തിയ ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളുമൊക്കെ ഒരുക്കി കൊടുക്കാന്‍ പിതാവ് എപ്പോഴും പ്രയത്‌നിക്കും. മക്കള്‍ക്ക് ആവശ്യമുള്ളതെന്തെന്ന് ആരായുകയും വേണ്ടതെല്ലാം സംഘടിപ്പിച്ച് കൊടുത്ത് മക്കള്‍ ഒരു കുറവും അനുഭവിക്കാതിരിക്കാന്‍ പിതാവ് ശ്രദ്ധിക്കും. അതുപോലെ മക്കള്‍ക്കിഷ്ടപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വെച്ച് വിളമ്പിയും അവരുടെ ശാരീരിക പോഷണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തും വീട്ടില്‍ മക്കള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ മാതാവും യത്‌നിക്കും. ചിലപ്പോള്‍ മക്കളുടെ സേവനത്തിന് വേണ്ടി വേലക്കാരികളെയും വെച്ചുകൊടുക്കും. ഇപ്രകാരം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിര്‍വഹിച്ചതായി ഇരുവരും സമാധാനപ്പെടുകയും ചെയ്യും.

എന്നാല്‍ മക്കളുടെ ഭൗതിക സൗകര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ആത്മീയ വളര്‍ച്ചയിലും സംസ്‌കരണത്തിലും തീര്‍ത്തും അശ്രദ്ധരാകുന്നു. ആത്മീയ രാഹിത്യം അനുഭവപ്പെടുന്ന വീടകങ്ങള്‍ ഖബറിടങ്ങളായി മാറുന്നു. ഒരുതരം മരവിപ്പും നിര്‍ജീവതയും വീട്ടില്‍ തളംകെട്ടി നില്‍ക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം തികച്ചും യാന്ത്രികമായ കാട്ടിക്കൂട്ടലുകളായി മാറുന്നു. ഭക്ഷണം കഴിക്കാനും അന്തിയുറങ്ങാനുമുള്ള ഇടങ്ങള്‍ മാത്രമായി വീട് മാറുന്നു. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ഒരു വികാരവും കുടുംബാംഗങ്ങള്‍ക്കുണ്ടാകില്ല. വീട്ടില ജീവിതം കേവലം കൊടുക്കല്‍ വാങ്ങലുകളില്‍ പരിമിതപ്പെടുന്നു. എന്നാല്‍ ഇന്ന് മക്കള്‍ക്ക് വേണ്ടതെല്ലാം നീ നല്‍കുമ്പോള്‍ നാളെ നീ ആവശ്യക്കാരനായി മാറുമ്പോള്‍ നിന്നെ പരിഗണിക്കാന്‍ മക്കളുണ്ടാവില്ല.

മക്കളുടെ വ്യക്തിപരമായ സംസ്‌കരണത്തിന് പകരം അവര്‍ക്ക് ഭക്ഷണവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കി കൊടുക്കല്‍ മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ അപകടം അവര്‍ അപരിചിതരുമായി കൂട്ടുകൂടും എന്നതാണ്. തന്റെ മനസ്സിലുള്ളത് കേള്‍ക്കാനും ലളിതമായെങ്കിലും തന്നെ പ്രോത്സാഹിപ്പിക്കാനും സന്നദ്ധനാകുന്ന ആരുമായും ഇത്തരം ഘട്ടത്തില്‍ മക്കള്‍ കൂട്ടുകൂടൂം. പുതിയ കാലത്ത് ചിലപ്പോള്‍ ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും ആകും. അങ്ങനെ വീട്ടുകാരേക്കാള്‍ അവര്‍ക്ക് ബന്ധം ഇവരോടായിത്തീരുകയും ചെയ്യും. പലപ്പോഴും ഇത്തരം അപരിചിതര്‍ വേട്ടക്കാരായിരിക്കും എന്നതാണ് വലിയ അപകടം. അവസരം ഒത്തുവന്നാല്‍ അവര്‍ ഇരയെ ചൂഷണം ചെയ്യുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് സ്വന്തത്തെ പഴിക്കാനേ അപ്പോള്‍ നിവൃത്തിയുണ്ടാകൂ. അവരിരുവരും സ്വയം പറഞ്ഞുകൊണ്ടിരിക്കും : അവര്‍ക്ക് ഒരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല, അവര്‍ക്ക് വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്രയും നാള്‍ ഓടിയത്, ഒന്നിലും ഒരു കുറവും അവര്‍ക്കുണ്ടായിട്ടില്ല!!! മനസ്സിലാക്കുക, ഭൗതിക സൗകര്യങ്ങള്‍ കൊണ്ട് മാത്രമല്ല ഒരു കുടുംബം ജീവിക്കുന്നത്.

By: യഹ്‌യ ബൂലീനി
വിവ : ജലീസ് കോഡൂര്‍

പാഠം 3 : വെറുപ്പിക്കുന്ന സന്ദര്‍ശനം



patientരോഗിയെ സന്ദര്‍ശിക്കല്‍ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൡ പ്രധാനപ്പെട്ട ഒന്നാണ്. രോഗിക്കും രോഗിയുടെ വീട്ടുകാര്‍ക്കും വെറുപ്പുണ്ടാക്കുന്ന തരത്തിലാകാറുണ്ട് ചിലരുടെ സന്ദര്‍ശനം. ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ഒന്നും സന്ദര്‍ശനത്തില്‍ നിന്ന് കിട്ടാതിരിക്കുകയും മനഃപ്രയാസമുള്ളത് കിട്ടുകയും ചെയ്യുന്ന സന്ദര്‍ശനമായിരിക്കും അത്.

രോഗിയുടെ മുമ്പിലിരിക്കുമ്പോഴേക്കും മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു എന്ന് കരുതുക. പിന്നെ അതിലൂടെയായി സംസാരം. അതുകഴിഞ്ഞ് രോഗിയോട് ഒന്നോ രണ്ടോ വാക്ക് സംസാരിക്കുമ്പോഴേക്കും അടുത്ത ഫോണ്‍. അതും അറ്റന്റ് ചെയ്തു. ഇങ്ങനെ അഞ്ച് മിനുട്ട് നേരത്തെ രോഗ സന്ദര്‍ശനത്തിനിടയില്‍ നാലു ഫോണ്‍ വിളി. ഇത് രോഗിയെ വെറുപ്പിക്കല്‍ മാത്രമല്ല അവഹേളിക്കല്‍ കൂടിയാണ്.

ഫോണ്‍ സൈലന്റാക്കിയ ശേഷം വേണം രോഗിയുടെ മുന്നിലേക്ക് കടക്കാന്‍. അഞ്ചോ പത്തോ മിനുട്ട് നേരത്തെ സന്ദര്‍ശനത്തിനിടയില്‍ നാലുകോള്‍ വൈബ്രേഷന്‍ കൊണ്ട് അങ്ങനെ കഴിയട്ടെ. രോഗിയോട് നല്ല വാക്കുകള്‍ പറഞ്ഞ് പുറത്തിറങ്ങിയ ശേഷം മിസ്ഡ്‌കോള്‍ നോക്കി തിരിച്ചുവിളിച്ചാല്‍ മതിയല്ലോ. തന്നെ സന്ദര്‍ശിച്ചിക്കുന്നതിനിടയിലെ ഓരോ കോളും സ്വീകരിക്കുകയാണ് തന്റെ സന്ദര്‍ശകന്‍ എന്ന് മനസ്സിലാക്കുന്ന രോഗിക്കു തോന്നുക ഈ സന്ദര്‍ശനം ഒരു ചടങ്ങുതീര്‍ക്കല്‍ മാത്രമാണെന്നും സന്ദര്‍ശകന് തന്നേക്കാള്‍ വലുത് ഫോണ്‍ വിളിക്കുന്നവരെയാണ് എന്നുമാണ്. ഇത്തരം സന്ദര്‍ശകരെ ചികിത്സിക്കുക തന്നെ വേണം. ഫോണ്‍വിളി രോഗിക്ക് ഇഷ്ടമല്ലെന്ന് അങ്ങ് തുറുന്നുപറയുക തന്നെ.

ചില സന്ദര്‍ശകര്‍ക്ക് കുറേ ചോദ്യങ്ങളുണ്ടാകും. 'എന്താണ് അസുഖം? ആരെയാണ് കാണിച്ചത്? ഓപ്പറേഷന് എത്ര ഫീസായി?' അങ്ങനെ നീളുന്നു ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ വേണമെങ്കില്‍ സന്ദര്‍ശനം കഴിഞ്ഞ് ബന്ധുക്കളോട് ചോദിക്കാം.

'വല്ലാതെ ക്ഷീണിച്ച് പോയല്ലോ, കണ്ടിട്ട് ഞാന്‍ അറിഞ്ഞതേയില്ല'. ഇപ്പറഞ്ഞത് സത്യമായിരിക്കാം. പക്ഷെ, ആ സത്യം രോഗി അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞതുകൊണ്ട് രോഗിക്ക് ഗുണമില്ല. അറിഞ്ഞാല്‍ അല്‍പ്പം പ്രയാസമുണ്ടായെന്നും വരും.

ഇയ്യിടെ ഒരു പ്രഗത്ഭ പണ്ഡിതനും സംഘടനാ നേതാവുമായ ഒരാള്‍ അവശനിലയിലാണെന്ന് കേട്ട് ഞാന്‍ ആശുപത്രിയില്‍ ചെന്നു. ശ്വാസതടസ്സമുണ്ട്. മൂക്കില്‍ ഓക്‌സിജന്‍ വലിക്കാനുള്ള ഫിറ്റിംഗ്‌സും ഉണ്ട്. അതുമായി ഇരുന്ന് മഗ്‌രിബ് നമസ്‌കരിക്കുകയാണദ്ദേഹം. അതുകണ്ട് എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ ഒരു ചിരി വിരിഞ്ഞു. സലാം വീട്ടിയപ്പോള്‍ മുഖത്തുനിന്ന് ആ ഫിറ്റിംഗ്‌സ് നീക്കി എനിക്ക് സലാം മടക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു 'എനിക്ക് സന്തോഷം തോന്നുന്നു താങ്കളെ കണ്ടിട്ട്. ശ്വാസതടസ്സമുണ്ടെങ്കിലും ഇരുന്ന് നമസ്‌കരിക്കാന്‍ കഴിയുന്നുണ്ടല്ലോ. ഓര്‍മ്മ നിലനില്‍ക്കുക എന്നത് വലിയ ഒരു ദൈവിക അനുഗ്രഹമാണ്'. അദ്ദേഹത്തിന്റെ മുഖം ഇതുകേട്ട് അല്‍പ്പം തിളങ്ങി. ബന്ധുക്കള്‍ക്കും ആശ്വാസമായതു പോലെ തോന്നി. (അത് കഴിഞ്ഞ് 33 ാം മണിക്കൂറിലാണ് അദ്ദേഹത്തിന്റെ മരണം).

സന്ദര്‍ശനം ചികിത്സകരോ ബന്ധുക്കളോ വിലക്കിയിട്ടുണ്ടെങ്കില്‍ അതുപാലിക്കണം നമ്മള്‍. ഞാനും അയാളും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു എന്ന് പറഞ്ഞ് സ്വാതന്ത്ര്യം കാണിക്കാന്‍ ശ്രമിക്കരുത്. വലിയ അടുപ്പത്തിലാണെങ്കില്‍ ബന്ധുക്കളെ കണ്ട് അവരില്‍ നിന്ന് രോഗ വിവരമന്വേഷിക്കുകയും സഹായം വല്ലതും വേണമെങ്കില്‍ നല്‍കുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് ധൈര്യപടെുത്തി തിരിച്ചുപോരുകയും ചെയ്യുക. മറിച്ചുള്ള എന്തും വെറുപ്പിലാകും.

സന്ദര്‍ശനം രോഗം വര്‍ധിപ്പിക്കാനിടയുള്ളതാണ് ചിലയിനം മാനസിക രോഗങ്ങള്‍. എന്തിനാണിവര്‍ വന്നത്, എനിക്കിതിനുമാത്രം വല്ല രോഗവുമുണ്ടോ എന്നായിരിക്കും മാനസിക രോഗി ചോദിക്കുക. ഒന്നുമില്ലെന്ന് വരുത്തി വല്ലവിധേയനയും മരുന്ന് കഴിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും ബന്ധുക്കള്‍. അത്തരം അവസ്ഥയില്‍ സന്ദര്‍ശനം രോഗിക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കുന്നതിനാല്‍ വെറുപ്പ് വിലക്കു വാങ്ങാതിരിക്കുക.

'ഇത് സൂക്ഷിക്കേണ്ട രോഗമാണ്. എന്റെ അമ്മായിക്കും അയല്‍പക്കത്തെ മമ്മദ്കാക്കും ഇതേ രോഗമായിരുന്നു. ഒരുകൊല്ലം തികയുന്നതിന് മുമ്പേ മരിച്ചു' എന്ന് ബന്ധുക്കളോട് പോലും പറയരുത്. പറയുന്നവര്‍ ഇക്കാലത്ത് വളരെ ചുരുക്കമാണെങ്കിലും ബോധവല്‍ക്കരണം ആവശ്യമുള്ള വിഷയം തന്നെയാണ്.

'മുമ്പ് നിന്റെ ബാപ്പാക്കും ഇതു തന്നെയായിരുന്നല്ലോ, പാരമ്പര്യമായി വരുന്ന രോഗങ്ങളിലൊന്നാണിത്' ഒരു സന്ദര്‍ശകന്‍ ഹൃദ്രോഗിയുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ശാസ്ത്ര ജ്ഞാനമാണിത്. ഈ ജ്ഞാനം സന്ദര്‍ശകന്‍ പറയാതെ തന്നെ രോഗി വായിച്ചറിഞ്ഞതാണ്. ആ അറിവുകൊണ്ട് ഭയപ്പെട്ടിരിക്കുകയാണയാള്‍. അതു വര്‍ധിപ്പിക്കാന്‍ മാത്രമേ സന്ദര്‍ശകന്റെ ശാസ്ത്ര ജ്ഞാനം ഉപകരിക്കുയുള്ളൂ.

രോഗി തന്നെ പാരമ്പര്യത്തെ കുറിച്ചും മറ്റും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അതിലും ആശ്വാസത്തിന്റെ ഒരു വശം നാം ഉയര്‍ത്തിക്കാട്ടണം. അതിനങ്ങനെയാവാം. 'പാരമ്പര്യം ഒരു ഘടകമാണെന്നത് ശരിതന്നെ. പക്ഷെ, വൈദ്യശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചികിത്സയും ശരിയായ ഭക്ഷണ ക്രമവും കൊണ്ട് പൂര്‍ണ സുഖം പ്രാപിച്ച ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലൊരാളാവാന്‍ അല്ലാഹു സഹായിക്കട്ടെ!'

ഇങ്ങനെ രോഗ സന്ദര്‍ശനം രോഗിക്കും നമുക്കും ഗുണമുള്ളതാക്കുക. പ്രവാചകന്‍ പഠിപ്പിച്ചത് അത്തരം സന്ദര്‍ശനങ്ങളാണ്.

By: EKM Pannoor

Monday, June 9, 2014

പാഠം രണ്ട് : ഞാന്‍ എന്ന വെറുപ്പിക്കല്‍



hating talkരണ്ടാള്‍ ഇരിക്കുന്ന സീറ്റിലേക്ക് മൂന്നാമന്‍ വരുമ്പോള്‍ ബസ് യാത്രക്കാരില്‍ രണ്ടുതരം പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. ഒതുങ്ങി ഇരുന്ന് മൂന്നാമനെ എങ്ങനെയെങ്കിലും ഇരുത്താന്‍ ശ്രമിക്കുക. ചിലരോട് ഈ സമീപനമാണെങ്കില്‍ വേറെ ചിലരോടുള്ള പ്രതികരണം നേരെ വിപരീതമായിരിക്കും. അയാള്‍ ഇരുന്നാല്‍ നമ്മെ വെറുപ്പിക്കും. സഹിക്കാന്‍ കഴിയില്ല അത്. ഈ സമീപനമാണ് അയാള്‍ക്ക് സീറ്റുകൊടുക്കാതിരിക്കാനുള്ള കാരണം. യാത്രയൊരു ദുരനുഭവമാക്കാനേ അയാളുടെ സാന്നിധ്യം ഉപകരിക്കുകയുള്ളൂ. ഒന്നാമത്തെയാള്‍ എങ്ങനെയെങ്കിലും ഒന്ന്കൂടെ ഇരുന്നുകിട്ടിയാല്‍ നന്നായിരുന്നു എന്നു വിചാരിക്കാന്‍ കാരണം അയാള്‍ സംസാരം കൊണ്ട് നമ്മെ രസിപ്പിക്കും എന്ന അനുഭവം കൊണ്ടാണ്.

സംഭാവന പിരിക്കാന്‍ പോകുമ്പോഴാണ് ചിലരുടെ വെറുപ്പിക്കല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുക. മറ്റ് അവസരങ്ങളിലെ പോലെ പെട്ടെന്ന് ഇറങ്ങിപ്പോരാന്‍ പറ്റാത്ത അവസ്ഥയാണ് പിരിവുകാരുടേത്. ഈ സമയത്ത് 'ഞാന്‍ ഞാന്‍' എന്ന മനസ്സുകാരന്‍ മുതലെടുക്കും. അതിന്റെ ഒരുദാഹരണം ഇങ്ങനെ : 'ഞാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് വന്നേ ഉള്ളൂ. വിശ്രമിക്കാന്‍ സമയം കിട്ടിയിട്ടില്ല. പിരിവുകാര്‍ തുരുതുരാ വന്നുകൊണ്ടിരിക്കുകയാണ്. ആരുവന്നാലും ഞാന്‍ എന്തെങ്കിലും കൊടുക്കും. കൊടുക്കുന്നവരുടെ അടുത്തേക്കല്ലേ ആളുകള്‍ വരിക? പഞ്ചസാര ഭരണിയിന്മേല്‍ ഉറുമ്പുകള്‍ വരിക സ്വാഭാവികം. ചിലര്‍ പണത്തിനുമേല്‍ അടയിരുന്നു കളയും. ഞാനതു ചെയ്യാറില്ല. ഡല്‍ഹിയിലെ എന്റെ സുഹൃത്തും അങ്ങനെയാ. എന്നെ അയാള്‍ക്ക് വലിയ കാര്യമാ. എത്ര ഒഴിവുകഴിവ് പറഞ്ഞിട്ടും വിടുന്നില്ല. ഞാന്‍ ചെന്നേ പറ്റൂ' ഇങ്ങനെ നീളും ആ സംസാരം.

പിരിവിനു ചെന്നവര്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്തതും കേട്ടാല്‍ ഉപകാരമില്ലാത്തതുമായ ഈ സംസാരം കേട്ടുപരിചയിച്ചവരില്‍ ചില സമര്‍ഥന്മാര്‍ കാര്യം അവതരിപ്പിക്കുക ഇങ്ങനെയാണ്. 'അധികം സംസാരിക്കാന്‍ നേരമില്ല. ഒരു പരമ ദരിദ്രന് വീടുണ്ടാക്കി കൊടുക്കാനുള്ള പിരിവാണ്. വല്ലതും തരണം'. പ്രതികരണം ഈ രൂപത്തിലായാല്‍ തന്റെ സ്വഭാവം ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് അയാള്‍ ധരിക്കുകയും മറ്റവസരങ്ങളില്‍ സംസാരം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് വരും.

മറ്റൊരുദാഹരണം എ - ബി എന്നിവരുടെ സംഭാഷണത്തില്‍ നിന്ന് കാണുക.
എ : എടീ നീയെപ്പളാ വന്നത്?
ബി. ഞാന്‍ ഇപ്പോള്‍ കാറില്‍ വന്നിട്ടേയുള്ളൂ. കൂടെ ഹസ്ബന്റുമുണ്ട്. ഞാനാണ് ഡ്രൈവ് ചെയ്തത്. പുതിയ കാറായതുകൊണ്ട് യാത്ര സുഖമായിരുന്നു. കാറ് മാറ്റാനൊന്നും കാലമായിട്ടില്ല. പക്ഷെ എനിക്കൊരാഗ്രഹം കളറൊന്ന് മാറ്റാന്‍. ഞാന്‍ പറഞ്ഞാല്‍ മൂപ്പര്‍ക്ക് അതിലപ്പുറമില്ല'.

ഈ മാതിരി വര്‍ത്തമാനം വെറുപ്പിക്കല്‍ തന്നെ. ശ്രോതാവിന്റെ താല്‍പര്യത്തെക്കുറിച്ച് ചിന്തയില്ലാത്ത വക്താവ് സമൂഹത്തിന്റെ ഭാരമാണ്. ആ ഭാരമേറ്റാന്‍ തയ്യാറില്ലാത്തവര്‍ അത്തരക്കാരെ കണ്ടാല്‍ മാറിക്കളയും. ഇങ്ങനെ സന്ദര്‍ഭത്തിന് യോജിക്കാത്ത സംസാരം സൃഷ്ടിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന വിശേഷണപ്പേരാണ് 'കത്തി'.

'കത്തി'ക്കാരനില്ലാത്തത് വ്യക്തിത്വമാണ്. വ്യക്തിത്വമില്ലാത്തവന് നിലനില്‍പ്പുമില്ല. അതിനാല്‍ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ സാന്നിധ്യം വിലപ്പെട്ടതാക്കാനാണ്. നമ്മുടെ അസാന്നിധ്യം മറ്റുള്ളവര്‍ക്ക് വേദനയും സാന്നിധ്യം സന്തോഷവുമാണ് ഉണ്ടാക്കുന്നതെങ്കില്‍ അതാണ് നമ്മുടെ വ്യക്തിത്വം. ചിലര്‍ മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാതെ അവരോട് തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കും. വക്താക്കള്‍ മാത്രമാവാതെ ശ്രോതാക്കള്‍ കൂടിയാകണം നാം. തനിക്ക് തോന്നിയത് സംസാരിച്ചു കൊണ്ടിരിക്കുകയും കേള്‍വിക്കാരുടെ മറുപടി കേള്‍ക്കാന്‍ ക്ഷമ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ അല്‍പ്പം നിര്‍ത്തിയപ്പോള്‍ ഈയുള്ളവന്‍ പറഞ്ഞു : 'ഇനി ആറ് മിനുട്ട് ഞാന്‍ സംസാരിക്കും. ഇടക്കൊന്നും എന്നോട് പറയരുത്. താങ്കളുടെ സംസാരം ഏഴരമിനുട്ട് ഞാന്‍ കേട്ടു. അത്ര സമയം ഞാനെടുക്കുന്നില്ല'.

പത്തു വര്‍ഷത്തെ അനുഭവത്തിനു ശേഷം പതിനൊന്നാം വര്‍ഷമാണ് ഞാന്‍ ഇങ്ങനെ പ്രതികരിച്ചത്. സംസാരം തുടങ്ങി, ഇടക്കിടെ വാച്ചില്‍ നോക്കും. കൃത്യം ആറുമിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍ത്തി. 'ശരി, ഇനി താങ്കള്‍ക്ക് തുടങ്ങാം'.
അയാള്‍ തുടങ്ങിയില്ല. അരമിനുട്ട് മൗനം ദീക്ഷിച്ച അയാള്‍ പറഞ്ഞു 'ക്ഷമിക്കണം, എനിക്കിപ്പോഴാണ് എന്റെ തെറ്റ് ബോധ്യപ്പെട്ടത്. എന്നെ ഭംഗിയായി തിരുത്തിയ നിങ്ങള്‍ക്ക് നന്ദി.'

വെറുപ്പിക്കല്‍ കലാകാരന്മാരെ ഇങ്ങനെ തിരുത്തല്‍ സാമൂഹിക സേവനമാണെന്ന് കരുതണം. തന്റെ ദുഃസാമര്‍ഥ്യം മറ്റുള്ളവര്‍ കണ്ടുപിടിക്കുന്നു എന്നറിഞ്ഞാല്‍ അവര്‍ ശീലം മാറ്റും. ആരും പ്രതികരിക്കുന്നില്ലെങ്കില്‍ ആ ശീലം അവര്‍ തുടരും. പക്ഷെ, നമ്മുടെ തിരുത്തല്‍ മുഖം കറുപ്പിച്ചുകൊണ്ടാകരുത്. വാച്ചില്‍ നോക്കി ചിരിച്ചുകൊണ്ടായിരുന്നു എന്റെ പ്രതികരണം - ഇനി ആറു മിനുട്ട് ഞാന്‍ സംസാരിക്കുമെന്ന്! മാന്യമായ പ്രതികരണം സാമൂഹിക ജീവിതത്തിന്റെ അനിവാര്യഘടകമാണ്.
By: EKM Pannoor