Thursday, September 15, 2016

മൊയ്തീൻ മാഷും പോയി.....

ആയിരക്കണക്കിന് ആളുകൾക്ക് വിദ്യയുടെ തിരുമധുരം പകർന്ന, കണക്ക് പേടിക്കേണ്ട വിഷയമല്ല, സരളമായ വിഷയമാണ് എന്ന് പഠിപ്പിച്ച അധ്യാപക അവാർഡ് ജേതാവ് കൂടിയായ, എന്റെ സുഹൃത്ത് അൻവറിന്റെ പിതാവ് മൊയ്തീൻ മാഷ് എന്ന മുഹ്യുദ്ദീൻ മാഷ് റബ്ബിന്റെ വിളിക്കുത്തരമേകി യാത്രയായി....

വിദ്യാർത്ഥിയായിരിക്കേ അധ്യാപകനാകുകയും, അധ്യാപകരില്ലാത്ത വിഷയത്തിൽ ക്ലാസിലെ അധ്യാപകനായി കൂട്ടുകാർക്ക് പാഠങ്ങൾ പഠിപ്പിക്കുകയും, അധ്യാപന കല വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ല, വിദ്യാർത്ഥികളെ അറിഞ്ഞ് മനസിലാക്കി അവരെ കൈ പിടിച്ചുയർത്താനുള്ളതാണെന്നും പ്രവർത്തിയിലൂടെ കാണിച്ച് തന്ന മാതൃകാ ഗുരുനാഥനായിരുന്നു മൊയ്തീൻ മാഷ്...

മാഷിന്റെ ശരീരം ഒരു ഭാഗം വർഷങ്ങൾക്ക് മുന്നേ തളർന്നു പോയി. ഒരു ഭാഗം തളർന്ന മാഷ് വീട്ടിൽ തന്നെ കിടക്കേണ്ട സ്ഥിതി വന്നുവെങ്കിലും, ഈദുൽ മസാക്കീൻ ആയ വെള്ളിയാഴ്ചകളിൽ താൻ താമസിക്കുന്ന പ്രദേശത്തെ ജുമുഅത്ത് പള്ളിയിൽ എത്തുകയും ആൾക്കാരോട് ബന്ധങ്ങൾ പുതുക്കുകയും ചെയ്തിരുന്നു. ബന്ധങ്ങൾ നട്ടുനനക്കാൻ ഉപദേശിച്ചിരുന്ന മാഷ്, അത് സ്വയം നട്ട് നനച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായപ്പോഴൊന്നും മാഷ് അതെ തൊട്ട് നിരാശനായിരുന്നില്ല, എല്ലാം ദൈവത്തിന്റെ വിധി എന്ന് കരുതി റബ്ബിലേക്ക് തവക്കുൽ ആക്കുകയായിരുന്നു.

മാഷിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയിരിക്കുന്ന വേദനയിൽ പങ്ക് ചേർന്ന്, അവരുടെ മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു.

മരണം നമ്മുടെ കണ്ഡനാഡിക്ക് വളരെ അടുത്താണ്, ഏത് നിമിഷവും നമ്മിലേക്ക് അത് കടന്നു വരാം എന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഈയടുത്ത ദിവസങ്ങളിൽ ചെമ്മനാട് നിന്ന് മരണവാർത്തകൾ കേൾക്കുന്നത്‌.. റബ്ബേ, ഞങ്ങളിൽ നിന്ന് വിട്ടു പോയവരെ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ, ഞങ്ങളെയും സ്വർഗ്ഗത്തിലാക്കണമേ.... ആമീൻ

* * * *
കാസർകോട് വാർത്തയിൽ നിന്ന്....
.
.
.


ചെമ്മനാട്: (www.kasargodvartha.com 16/09/2016) സംസ്ഥാന അധ്യാപക അവാര്‍ഡ് ചെമ്മനാട്ടെ ജേതാവ് പി.എം മുഹ് യുദ്ദീന്‍ മാസ്റ്റര്‍ (77) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ കൊരക്കോട് പി. മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകനാണ്. പഴയകാല അധ്യാപക സംഘടനാ നേതാവും വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്നു.

കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്‌നിംഗ് കോളജില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി 1975 ജൂണ്‍ 15ന് ചേരൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും 62 മുതല്‍ 76 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തു. മുസ്ലിം ഹൈസ്‌കൂളില്‍ എ.സി.സി ഓഫീസറായും എന്‍.സി.സി ഓഫീസറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു.

1976 ല്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച മുഹ് യുദ്ദീന്‍ മാസ്റ്ററുടെ ആദ്യ നിയമനം ബെണ്ടിച്ചാല്‍ ജി.യു.പി സ്‌കൂളിലായിരുന്നു.. 82 മുതല്‍ 84 വരെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും 84 മുതല്‍ 94 വരെ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും സേവനമനുഷ്ടിച്ചു. 1992ലാണ് സംസ്ഥാന അധ്യാപക അവാര്‍ഡിര്‍ഹനായത്. തളങ്കര റഫി മഹല്‍ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്റ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സൈനബി (പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍). മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈത്ത്), പി.എം നസ്‌റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ല കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍.

സഹോദരങ്ങള്‍: പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രിന്റേഴ്‌സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊരക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്വിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

കുടുംബബന്ധം ചേര്‍ക്കാന്‍ 13 വഴികള്‍



ഒരിക്കല്‍ 
Image result for family relationship
ഉച്ചസമയത്ത് ടാക്‌സില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പ്രായം ചെന്ന മദീനക്കാരനായ അതിന്റെ ഡ്രൈവറോട് ഏസി പ്രവര്‍ത്തിപ്പിക്കാന്‍ ഞാനാവശ്യപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: 
ഓ, നിങ്ങള്‍ ഏസിയുടെ തലമുറയാണല്ലേ. നല്ല ചൂടാണല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ച് വിവരിക്കാന്‍ തുടങ്ങി: ചൂടുള്ള അന്തരീക്ഷം ഞങ്ങള്‍ ശീലിച്ചിട്ടുള്ളതാണ്. മരങ്ങളുടെ തണലായിരുന്നു ഞങ്ങള്‍ക്ക് അഭയം. ചെറുപ്പത്തില്‍ സൂര്യന്റെ ചൂടേറ്റ് ശരീരം വിയര്‍ത്തു കുളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയായിരുന്നാലും കാല്‍നടയായിട്ടോ ഒട്ടകപ്പുറത്തേറിയോ ദൂരങ്ങള്‍ താണ്ടി ബന്ധുക്കളെ സന്ദര്‍ശിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങള്‍. സംസാരം ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു: എന്നാല്‍ ഇന്ന് ആളുകള്‍ ഫോണുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കുടുംബബന്ധങ്ങള്‍ അവര്‍ക്കിടയില്‍ മുറിഞ്ഞിരിക്കുന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
 എന്റെ ഈ ആരോഗ്യവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ അനുഭവിക്കുന്ന വിഭവങ്ങളും കുടുംബബന്ധം ചേര്‍ത്തതിന്റെ ഫലമാണെന്ന് നിങ്ങള്‍ക്കറിയുമോ?
 ''വല്ലവനും ജീവിത വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ'' എന്നാണല്ലോ പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. ഫോണുകളുടെ അതിപ്രസരത്തില്‍ നമ്മുടെ മക്കള്‍ക്ക് കൈമോശം വന്നിരിക്കുന്ന ഒരു ഗുണമാണിത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ടെലിഫോണ്‍ സംഭാഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ക്കിടയിലുള്ള നേരിട്ടുള്ള സന്ദര്‍ശനം കുറഞ്ഞിരിക്കുന്നു.

എയര്‍പോര്‍ട്ടില്‍ എത്തുന്നത് വരെ കുടുംബബന്ധത്തെയും വിശുദ്ധ റമദാന്‍ മാസത്തില്‍ അതിനുള്ള സവിശേഷ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. മൂല്യങ്ങളെ മുറുകെ പിടിക്കുന്നതില്‍ പഴയ തലമുറക്കും പുതിയ തലമുറക്കുമിടയിലുള്ള അദ്ദേഹത്തിന്റെ താരതമ്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. വളരെ പ്രസക്തിയുള്ള വിഷയമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കുടുംബ ബന്ധം ചേര്‍ക്കാനുള്ള വഴികളെ കുറിച്ച് ഞാന്‍ ആലോചിച്ചപ്പോള്‍ എന്റെ ചിന്തയില്‍ വന്ന 13 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 

  1. അവരെ സന്ദര്‍ശിക്കുക,
  2. സുഖവിവരങ്ങള്‍ അന്വേഷിക്കുക, 
  3. അവരുമായി ബന്ധപ്പെടുക, 
  4. അവര്‍ പ്രയാസമനുഭവിക്കുന്നുവെങ്കില്‍ സഹായിക്കുക, 
  5. അവരിലെ പ്രായമായവരെ ആദരിക്കുകയും 
  6. കുട്ടികളോട് കരുണ കാണിക്കുകയും ചെയ്യുക,
  7. അവരുടെ സാമൂഹികസ്ഥാനം വകവെച്ചു കൊടുക്കുക, 
  8. അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുക, 
  9. അവര്‍ക്കിടയിലെ രോഗികളെ സന്ദര്‍ശിക്കുക, 
  10. ആരെങ്കിലും മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുക, 
  11. അവരുടെ ക്ഷണങ്ങള്‍ സ്വീകരിക്കുക, 
  12. ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കുക,
  13. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക 
എന്നിവയാണവ.

ഐശ്ചികമായ ദാനധര്‍മങ്ങളേക്കാളും നമസ്‌കാരങ്ങളേക്കാളും ദിക്‌റുകളേക്കാളുമെല്ലാം പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് കുടുംബബന്ധം ചേര്‍ക്കല്‍. 
കാരണം നിര്‍ബന്ധ ബാധ്യതയാണത്. 
മാത്രമല്ല, 
അതില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുള്ളത്. അത്തരക്കാര്‍ക്ക് സ്വര്‍ഗം നഷ്ടമാകുമെന്നതിനൊപ്പം ഐഹികമായ ശിക്ഷകളും അവരനുഭവിക്കേണ്ടി വരുമെന്നാണ് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

നബി(സ) പറഞ്ഞു: ''കുടുംബബന്ധം മുറിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.

'' മറ്റൊരു ഹദീസ് ഇങ്ങനെയാണ്: 
''അക്രമത്തെക്കാളും കുടുംബബന്ധം മുറിക്കുന്നതിനേക്കാളും പരലോകത്തെ ശിക്ഷക്കൊപ്പം ഇഹലോകത്തും വേഗത്തിലുള്ള ശിക്ഷക്ക് അര്‍ഹരാക്കുന്ന മറ്റൊരു തിന്മയുമില്ല.'' 

കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ അഞ്ച് തരക്കാരാണ്: 

a. ന്നോട് മോശമായി പെരുമാറുന്നവരോടും കുടുംബബന്ധം ചേര്‍ക്കുന്നവന്‍. ഏറ്റവും ശ്രേഷ്ഠമായതാണിത്.
 b. ബന്ധം മുറിച്ചവരോട് ബന്ധം ചേര്‍ക്കുന്നവര്‍. ഒന്നാമത്തെ വിഭാഗത്തെ പോലെ ഉയര്‍ന്ന സ്ഥാനമാണിത്. 
c. തന്നോട് ബന്ധം ചേര്‍ക്കുന്നവനോട് ബന്ധം ചേര്‍ക്കുകയും മുറിച്ചവരോട് ബന്ധം മുറിക്കുകയും ചെയ്യുന്നവര്‍. 
d.  തന്നോട് ബന്ധം ചേര്‍ക്കുന്നവരോട് ബന്ധം മുറിക്കുന്നവര്‍.
e.  തനിക്ക് നന്മ ചെയ്യുന്നവരോടുള്ള ബന്ധം മുറിക്കുകയും അവരെ ദ്രോഹിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നവര്‍. കുടുംബബന്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശക്കാരാണ് അവര്‍.

പ്രവാചകന്‍ തിരുമേനി കുടുംബബന്ധം ചേര്‍ക്കുകയും ബന്ധുക്കളെ വിളിച്ചു ചേര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ഗുണകാംക്ഷ കാണിക്കുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. പിതൃവ്യ പുത്രനായ ഇബ്‌നു അബ്ബാസിന് ദീനില്‍ അവഗാഹമുണ്ടാവാന്‍ പ്രാര്‍ഥിച്ചതും, അമ്മാവനായിരുന്ന സഅ്ദിനെയും പിതൃവ്യപുത്രനായ സുബൈറിനെയും പ്രശംസിച്ചതും പ്രവാചക ജീവിതത്തില്‍ നമുക്ക് കാണാം. ബന്ധുക്കളാരെങ്കിലും രോഗിയായാല്‍ അവരുടെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ഥിക്കലും പ്രവാചകചര്യയായിരുന്നു. 
ആദ്യമായി വഹ്‌യ് ലഭിച്ച് പരിഭ്രാന്തിയോടെ വീട്ടിലെത്തിയ തിരുമേനിയെ ആശ്വസിപ്പിച്ചു കൊണ്ട് പ്രിയ പത്‌നി ഖദീജ(റ) പറഞ്ഞത് 
''അങ്ങ് പ്രയാസപ്പെടേണ്ട.. നിങ്ങള്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണ്'' എന്നായിരുന്നു.

ആ ഡ്രൈവര്‍ പറഞ്ഞത് എത്ര വലിയ സത്യമാണ്. ഫോണിലൂടെയുള്ള ബന്ധപ്പെടലുകള്‍ വര്‍ധിച്ചപ്പോള്‍ ബന്ധം ചേര്‍ക്കല്‍ ചുരുങ്ങിയിരിക്കുന്നു. സവിശേഷ സന്ദര്‍ഭങ്ങളിലും ആഘോഷങ്ങളിലും കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് സാമൂഹിക സഹകരണം ശക്തിപ്പെടുത്തുകയും കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് ചെറിയ കുട്ടികള്‍ക്ക് ധാരണയുണ്ടാക്കുന്നതിന് സഹായകമാവുകയും ചെയ്യും.

By Jasim Muthawwa വിവ: നസീഫ്‌

അയല്‍പക്കത്തെ ആദരിക്കുക



     ഒട്ടനേകം ആരാധനാമുറകള്‍ അതിന്റെ രൂപത്തിലും ശൈലിയിലും 
കൊണ്ടുനടക്കുന്നവരാണ് മുസ്‌ലിം സമുദായം. ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ ദൈനം ദിന ജീവിതരീതികള്‍ എങ്ങനെയാ യിരിക്കണമെന്ന് പഠിപ്പിക്കപ്പെട്ട സമുദായം. അതു പോലെ മനുഷ്യബന്ധങ്ങളെക്കുറിച്ചും അതിന്റെ പവിത്രതയെക്കുറിച്ചും അത് പാലിച്ചുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒട്ടുവളരെ സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നുമാത്രമല്ല, ആരാധനയെക്കാള്‍ കൂടുതല്‍ ബന്ധങ്ങളെയും കടപ്പാടുകളെയും കുറിച്ച് പറയാനാണ് അതില്‍ കൂടുതല്‍ ഭാഗങ്ങളും ഉപയോഗിച്ചതും. അതില്‍ ഏറ്റവും വിലമതിക്കുന്നതും കാത്തുസൂക്ഷിക്കേണ്ടതുമായ ബന്ധമാണ് നമ്മുടെ അയല്‍പക്ക ബന്ധങ്ങള്‍.

അയല്‍പക്ക ബന്ധം സ്‌നേഹോഷ്മളണമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാനം പ്രവാചകന്റെ ഒരൊറ്റം വചനം മാത്രം നോക്കിയാല്‍ നമുക്ക് മനസ്സിലാകും. .അയല്‍പക്കക്കാരോട് സൗമ്യമായി പറണമെന്നുജിബ്രീല്‍ അ)ഉദേശിച്ചുകൊണ്ടേയിരുന്നപ്പോള്‍ അനന്തരാവകാശം പോലും കൊടുക്കേണ്ടിവരുമോയെന്ന് ഞാന്‍ ഭയപ്പെട്ടു എന്ന് പ്രവാചകന്‍ സ പറഞ്ഞതായി നമുക്ക് ഹദീസുകളില്‍ കാണാം,.അയല്‍പക്ക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദൈവിക പാഠങ്ങളുമായി ഭൂമിയിലേക്കിറങ്ങിയ ജിബ്രീര്‍ (അ) പ്രവാചകനെ നിരന്തരം ഉപേദിശിച്ചിരുന്നുവെന്നര്‍ഥം.

ആരാണ് അയല്‍വാസി എന്നുചോദിച്ചാല്‍ ഒരുപാട് ഉത്തരങ്ങള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ലഭിക്കുക ഒട്ടും പ്രയാസമില്ല. തൊട്ടട്ടടുത്ത് താമസിക്കുന്നവന്‍ മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനും റൂം മേറ്റ്‌സും എല്ലാം തന്റെ അയല്‍വാസിയാണ്. അവരോടൊക്കെ നമുക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്തം ചേര്‍ത്തുവെച്ചത് ഇസ്‌ലാമുമായിട്ടാണ്. ഇസ്‌ലാമികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവനാണ് മുസ്‌ലിം. നോമ്പും നിസ്‌കാരവും ദാനങ്ങളും മുറപോലെ ചെയ്യുന്ന ഒരു സ്ത്രീയെക്കുറിച്ച് പരാതിയുമായി ഒരു അയല്‍വാസി വന്നപ്പോള്‍ പ്രവാചകന്‍ ആ സ്ത്രീ നരകത്തിലാണെന്നാണ് പറഞ്ഞത്(ബുഖാരി) അതേപോലെ തന്നെ ഒരു സ്ത്രീ അവര്‍ ഫര്‍ളല്ലാതെ മറ്റൊാരു കാര്യവും ചെയ്യാറില്ല. പക്ഷേ അയല്‍വാസികള്‍ അവരെക്കുറിച്ച് നല്ലതുമാത്രം പറയുന്നു. അവരെക്കുറിച്ച് പ്രവാചകന്‍ പഞ്ഞത് അവര്‍ സ്വര്‍ഗത്തിലാണെന്നാണ് വെറും നിസ്‌കാരവും നോമ്പും പള്ളിയിലെ ഭജനമിരിപ്പുകൊണ്ടും മാത്രം സാധ്യമാവുന്നതല്ല ദീന്‍ എന്നത് എന്നര്‍ഥം.
വിശ്വാസികളുടെ മാതാവായ ആയിശ (റ) ഒരിക്കല്‍ പ്രവാചകനോട് ചോദിച്ചു എനിക്ക് രണ്ട് അയല്‍വാസികളുണ്ട് അവര്‍ക്ക് ആര്‍ക്കാണ് എന്റെ കൈയ്യിലെ സമ്മാനം കൊടുക്കേണ്ടത് എന്ന് ആദ്യം നിന്റെ വാതിലിന് അടുത്തുള്ളവര്‍ക്ക്. എന്നായിരുന്നു പ്രവാചകന്‍ മറുപടി പറഞ്ഞത്. അയല്‍പക്കക്കാരന് ഉപദ്രവമുണ്ടാകുന്ന യാതൊന്നും ഒരു മുസ്‌ലിംമില്‍ നിന്നും ഉണ്ടാവരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അയല്‍വീടിന്റെ കാഴ്ചയെ മറക്കുന്ന വിധത്തില്‍ തന്റെ വീടിന്‍രെ മതിലോ മരണങ്ങളോ ഉയര്‍ത്തരുതെന്നു പോലും പ്രവാചകന്‍ പഠിപ്പിച്ചു. വിശിഷ്ടമായ വല്ലതും ഉണ്ടാക്കിയാല്‍ അതില്‍ അയല്‍വാസിയെ പരിഗണിക്കണമെന്നു മാത്രമല്ല, അയല്‍വാസിക്കു കൊടുക്കാന്‍ മാത്രം ഇല്ലെങ്കില്‍ ആ വിഭവവും കൈയില്‍ പിടിച്ച് കുട്ടികളെപ്പോളും അയല്‍ വീടുകളിലേക്ക് അയക്കരുതെന്നാണ് പ്രവാചക പാഠം.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത അയല്‍വാസിയോട് എങ്ങയെല്ലാമായിരിക്കണം പെരുമാറേണ്ടത് എന്നല്ലാതെ ആയല്‍വാസി ഏത് മതസ്ഥനായിരിക്കണം ജാതിക്കാരനായിരിക്കണം നാട്ടുകാരനായിരിക്കണം എന്നൊന്നും പ്രവാചകന്‍ പറഞ്ഞിട്ടില്ല. നിങ്ങളെല്ലാവരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടിട്ടിട്ടുള്ളത് എന്ന് പഠിപ്പിക്കപ്പെട്ട മുസ്‌ലിമിന് ഒരിക്കലും ജാതി മത വംശാ നിറവ്യത്യാസത്തിന്റെ പേരില്‍ മനുഷ്യനെ തരംതിരിക്കാന്‍ കഴിയില്ല. അവനൊരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ അയല്‍പക്കബന്ധത്തിനു വേലികെട്ടുന്നവനായിരിക്കില്ല. പ്രവാചകന്‍ (സ) വഫാത്താകുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈവശമായിരുന്നു എന്നത് ചരിത്രമാണ്,. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് തിരുവചനം. ഏക ദൈവത്വം പ്രഘോഷണം ചെ.യ്യാനായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ വിശപ്പിനും ദാരിദ്രത്തിനും നിസ്സഹായതക്കും മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ കെട്ടിയില്ല. മനുഷ്യത്വം എന്ന വലിയൊരു സന്ദേശത്തിനാണ് ഊന്നല്‍ നല്‍കിയത്.

ഇവിടെ പട്ടിണിക്കാരന്‍ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ അല്ല പ്രവാചകന്‍ പറഞ്ഞത്. മനുഷ്യനായ അയല്‍വാസിയെന്നു മാത്രമാണ് ഇവിടെ ഉദ്ദേശം. ഈ പാഠങ്ങള്‍ നമ്മുടെ മുന്നിലുള്ളപ്പോള്‍ ഏതു രൂപത്തിലാണ് നാം അയല്‍വാസികളോട് പെരുമാറുന്ന്ത്. ഒരുപക്ഷേ നാം അയല്‍പക്കക്കാരോട് ആരോടും വഴക്കിനും വക്കാണത്തിനും പോകുന്നുണ്ടാകില്ല. ആരുമായും ദേഷ്യവും വെറുപ്പും ഉണ്ടാകില്ല. പക്ഷേ ഈ അയല്‍വാസികളെ ഇസ്‌ലാം പറഞ്ഞതുപോലെ ആദരിക്കാന്‍ നമുക്കായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പ്രത്യേകിച്ചും അമുസ്‌ലിം സഹോദരങ്ങളുടെ കാര്യത്തില്‍.

ഇന്നും നമ്മുടെ വലിയ ചര്‍ച്ച ഓണസദ്യ കഴിക്കാന്‍ പാടുണ്ടോ ഇല്ലേ എന്നാണ്. ഈ ഓണം ആഘോഷിക്കുന്ന അമുസ്‌ലിം നമ്മുടെ ആരാണ്. നമ്മുടെ അയല്‍വാസിയായ സഹോദരനും സഹോദരിമാരും അവരുടെ മക്കളുമാണവര്‍. നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍ അയല്‍വീടുകളില്‍ കൊടുക്കണമെന്ന് പ്രവാചകന്‍ നമ്മോട് പറഞ്ഞിട്ടുണ്ട്. അതില്‍ അമുസ്‌ലിമും പെടും. അപ്പോള്‍ തിരിച്ചിങ്ങോട്ട് കൊടുത്തയക്കുന്ന സ്‌നേഹോപഹാരം നാം എന്തിന്റെ പേരിലാണ് നിരസിക്കേണ്ട്ത്. പരസ്പരം ഭക്ഷണം കൈമാറി സൗഹൃദങ്ങല്‍ പങ്കുവെക്കുക എന്ന പ്രവാചകന്റെ വലിയ പാഠത്തിനു വിരുദ്ധമല്ലേ അത്. ഭക്ഷണത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് ഏതാനും കറിക്കൂട്ടുകളുടെ രുചി മാത്രമല്ല, അതില്‍ ചേര്‍ത്തുവെച്ച സ്‌നേഹത്തിന്റെ ഇഴയടുപ്പം കൂടിയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സുകള്‍ തല്‍പ്പര കക്ഷികള്‍ അകറ്റിക്കൊണ്ടേയിരിക്കുമ്പോള്‍ അതില്‍ ചിലപ്പോള്‍ മുസ്‌ലിംകളും അകപ്പെട്ടുപോകുന്നുണ്ടെന്നാണ് ഓണസദ്യയെക്കുറിച്ച ചര്‍ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നത്.
ഇടക്കിടെയുള്ള അയല്‍പക്ക സന്ദര്‍ശനങ്ങളും പലഹാര കൈമാറ്റങ്ങളും കുശലാന്വേഷണങ്ങളും മതജാതിചിന്തക്കപ്പുറം നിന്ന് കൈമാറ്റം ചെയ്യാന്‍ നാം ശീലിക്കേണ്ടതുണ്ട്. ഇടവെളകളിലെ നമ്മുടെ കാഴ്ചകള്‍ അയല്‍പക്കക്കാരന്റെ സുഖാന്വേഷണങ്ങളെ തേടിചെല്ലണം. പക്ഷേ ആ സംസാരങ്ങളോ കൂടിക്കാഴ്ചകളോ ഒരിക്കലും പരസ്പരം മതവൈര്യം വരുത്തുന്ന തരത്തിലാവാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അപരന്റെ മതചിഹ്നങ്ങളെയോ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ നമ്മുടെ അയല്‍പക്ക സൗഹൃദ ചര്‍ച്ചകളില്‍ ഇടം പിടിച്ചുകൂടാ. പല വര്‍ഗീയ കലാപങ്ങളും ചില പാഠങ്ങല്‍ നമുക്ക് തന്നിട്ടുണ്ട്. അതിലൊന്നാണ് അയല്‍പക്കത്തെ നാം അറിയാതെ പോയത്എന്ന്. കഠാരയുമായി കടന്നുവരുന്ന അക്രമിക്ക് ഞങ്ങള്‍ പലപപോഴും വെറും വെറുക്കപ്പെടേണ്ട അന്യനായ മുസ്‌ലിം മാത്രമായിരുന്നു. അവനൊരിക്കലും അയല്‍വാസിയുടെ കാഴ്ചയെ മറച്ചുകൊണ്ട് മതിലുകളോ മരങ്ങലോ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്നു പ്രഖ്യാപിച്ച പ്രവാചകന്റെ അനുയായി അല്ലായിരുന്നു. നിത്യേന പള്ളിയിലും മതപഠന കഌസ്സുകളിലും പോയിക്കൊണ്ടേയിരുന്ന നമുക്ക് അയല്‍ക്കാരന്റെ വീടുവരെ ഒന്നുപോയി കാണാനോ സൗഹൃദം പുതുക്കാനോ നേരമില്ലാതെയായിപ്പോകുമ്പോള്‍ ഇസ്‌ലാമിന്റെ മൂല്യങ്ങളാണ് നമ്മില്‍ നിന്നും അയല്‍വാസി അറിയാതെ പോകുന്നത്. വിശേഷിച്ചും. അമുസ്‌ലിമായ അയല്‍വാസി സഹോദരന്‍.

ഒരു ജൂതന്‍ തന്റെ വീട് വില്‍ക്കാന്‍ വെച്ചു. അതിന്ന് വസ്തുവിന്റെ വിലയെക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു ജൂതന്‍ ആവശ്യപ്പെട്ടത്. എന്താണിത്രയും വലിയ തുകയെന്നു ചോദിച്ചു പരിതപിച്ചവരോട് അദ്ദേഹം പറഞ്ഞത്. താങ്ങള്‍ക്ക് എന്റെ വീട് മാത്രമല്ല, നന്മകള്‍ മാത്രം ഉള്ള എന്റെ അയല്‍വാസിയുടെ സഹവാസവും കൂടിയാണ് ഇതു വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ മാന്യതക്കുള്ള വിലയാണ് ഞാനിട്ടത് എന്നായിരുന്നു ജൂതന്റെ മറുപടി. ഇബ്‌നു മുബാറക് എന്ന ഇസ്‌ലാമിക പണ്ഡതനായിരുന്നു ആ ജൂതന്റെ അയല്‍വാസി. ഇങ്ങനെ ആഘോഷവേളകളിലും അല്ലാത്തപ്പോഴും പരസപരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നല്ല അയല്‍പക്ക ബന്ധങ്ങള്‍ മതജാതി ചിന്തക്കപ്പുറം ഉണ്ടാക്കിടെയുക്കാന്‍ നമുക്കാവണം. മാനവലോകത്തിന്റെ ഐക്യസന്ദേശം വിളംബരം ചെയ്യുന്ന ഹജ്ജും ഓണവും ഒന്നിച്ചു വന്ന ഈ ദിനത്തില്‍ ആ സന്ദേശം പകരാന്‍ നമുക്കാവട്ടെ

By: Fousiya Shams, Islamonlive.in

Wednesday, September 14, 2016

കുനിയിൽ ഇസ്മാലിച്ചായും യാത്രയായി....




കുനീല് ഇസ്മാലിച്ച....


ശുഭ്രവസ്ത്ര ധാരിയായ, തലയിൽ കറുത്ത തൊപ്പി, കട്ടി കണ്ണട എന്നിവ ധരിച്ച് ഒരുവശത്തേക്ക് അല്പം ചെരിഞ്ഞു മണ്ണിനെപ്പോലും നോവിപ്പിക്കാതെ നടന്നിരുന്ന ഒരു മനുഷ്യൻ. നന്മയുടെ നേരിന്റെ പ്രതീകമായിരുന്നു അവർ... പടച്ചോനെ പേടിയുള്ള, പടച്ചോന്റെ തൃപ്തി മാത്രമാഗ്രഹിച്ച് ജീവിച്ച പച്ചയായ മനുഷ്യൻ...

മനുഷ്യപ്പറ്റ് വേണ്ടുവോളം ഉണ്ടായിരുന്ന കരുണയുടെ നിറകുടം... ചെമ്മനാട് ജമാഅത്ത് പള്ളിയുടെ ഖത്തീബിന്റെ മിമ്പറിന് താഴെ മുഅദ്ദിന്റെ സ്ഥാനത്തിന് തൊട്ടരികത്ത് ജുമുഅ നമസ്കരിക്കാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഹാജരായ വ്യക്തി. മിമ്പറിന്റെ അടുത്ത് നിന്ന് മാറി ഒരു ജുമുഅ പോലും കൂടിയിട്ടുണ്ടാവില്ല...

ഒരിക്കലും ഒരാളോടും കയർക്കുന്നതായി കണ്ടിട്ടില്ല... എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ അഭിമുഖീകരിക്കും.. സലാം പറയും... സലാമിന് മറുപടി കിട്ടുവോളം സലാം പറയും...

ഇനി ആ നിഷ്കളങ്ക മുഖം ഓർമ്മ മാത്രം.... 1985 ൽ തനിക്കൊപ്പം കൂട്ട് കച്ചവടം നടത്തിയിരുന്ന ഖാലിദുച്ച ഒരു അപകട മരണത്തെ തുടർന്ന് നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയപ്പോ, ഒറ്റക്കായിരുന്നു ഇസ്മാലിച്ച പരവനടുക്കത്തെ അന്നത്തെ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നത്... ആ കടയിൽ ഹലാലായ എല്ലാ വസ്തുക്കളും കിട്ടുമാരുന്നു. ഒരു സൂപ്പർ മാർക്കറ്റ് തന്നെയായിരുന്നു അത്. പീടിയക്ക് മുകളിലുള്ള കുഞ്ഞമ്പു ഡാക്ടറുടെ ക്ലിനിക്കിൽ നിന്ന് ഇഞ്ചക്ഷൻ വെച്ച രോഗിക്ക് ഒന്ന് പെട്ടെന്ന് താഴെക്കിറങ്ങാൻ തോന്നും... താഴെ ഇസ്മാലിച്ചാന്റെ പീടിയ ആണ്, അവിടുന്ന് നാലണ കൊടുത്താൽ കിട്ടുന്ന നാരങ്ങ മിട്ടായി വാങ്ങി വായിലിട്ടാൽ ഇഞ്ചക്ഷന്റെ വേദന താനെ മാറും... പഴയ പഞ്ചായത്താഫീസ് നിലനിന്ന കാലത്തും ഇസ്മാലിച്ച കട നടത്തിയിരുന്നു എന്നാണറിവ്...

ഇസ്മാലിച്ചാന്റെ പീടിയ ഒരു വായനശാലയായിരുന്നു ... 
സോവിയറ്റ് യൂണിയൻ മലയാളം പതിപ്പ്, മനോരമ, ചന്ദ്രിക എന്നിവയും ഉത്തരദേശവും വായിക്കാൻ പറ്റുന്ന ഇടം, വായനക്ക് വരുന്നവരോട് ഒരിക്കലും മുഷിവ് കാട്ടിയിരുന്നില്ല... കച്ചവടം നടന്ന് കൊണ്ടിരിക്കേ പളളിയിൽ നമസ്കാരത്തിന് വിളിവന്നാൽ പീടിയയിൽ വായനക്ക് വന്നവരാരോ അവരോട് വായിച്ചിരിക്ക് , ഞാൻ നിസ്കരിച്ച് വരാന്ന് പറഞ്ഞ് പോയി നിസ്കരിച്ചിട്ട് വരും..
വക്ത് ഒരിക്കലും തെറ്റിച്ചതായി കണ്ടിട്ടില്ല.. പരവനടുക്കത്തെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്നു ആ ഷോപ്പ്..മായം ചേരാത്ത സാധനങ്ങൾ മാത്രം വിറ്റിരുന്ന ആ സൂപ്പർ മാർക്കറ്റു പരവനടുക്കക്കാരുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. 
ആ ഷോപ്പ് നിലനിന്നിരുന്ന കെട്ടിടം അതിന്റെ ഉടമാവകാശം വിറ്റപ്പോ, ഇസ്മാലിച്ചാന്റെ സൂപ്പർ മാർക്കറ്റും സ്റ്റോപ്പായി... അപ്പോഴേക്കും മക്കളൊക്കെ വളർന്ന് സ്വന്തം കാലിൽ നിൽക്കാൻ പരുവത്തിലായി... തുടർന്ന് ഇസ്മാലിച്ച വിശ്രമ ജീവിതത്തിൽ പോയി... 
ആരോഗ്യം അനുവദിക്കപ്പെടുന്നിടത്തോളം കാലം പള്ളിക്കമ്മിറ്റികളിൽ ഇസ്മാൽച്ച ഒരു ഭാഗമായിരുന്നു... ദീർഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു... 
ആ മനുഷ്യസ്നേഹി ഇനി ഇല്ല... 14-9-2016 ന് അയ്യാമുത്തശ്രീഖിന്റെ സായന്തന വേളയിൽ നാഥന്റെ വിളിക്കുത്തരമേകി ഇസ്മാലിച്ചായും പോയി... അല്ലാഹുമ്മ ഇഹ്ഫിർലഹു, അല്ലാഹുമ്മ ഇർഹംഹു...
 മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു... സജ്ജനങ്ങളുടെ കൂട്ടത്തിൽ സർവ്വശക്തൻ നമ്മെയും നമുക്ക് മുൻ കഴിഞ്ഞ് പോയവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ