Saturday, December 21, 2013

ദുഖങ്ങളില്‍ പകുതി എനിക്കു തരൂ


sadeye989
നല്ല ഭാര്യയുടെ ലക്ഷണം ഭര്‍ത്താവ് അവളെ തന്റെ ദുഖാവസരങ്ങളില്‍ നോക്കുമ്പോള്‍ നിങ്ങളുടെ ദുഖങ്ങളില്‍ പകുതി എനിക്കു തരൂ എന്ന് അവളുടെ കണ്ണുകള്‍ പറയുന്നു എന്ന് അയാള്‍ക്ക് തോന്നലാണ്.
താന്‍ പലതുകൊണ്ടും പ്രയാസങ്ങള്‍ അനുഭവിക്കുന്നു എന്നറിഞ്ഞിട്ടും ഒരു ഭാവഭേദവും അവള്‍ക്കില്ലെങ്കില്‍ അവള്‍ നല്ല ഭാര്യയല്ല എന്ന് അയാള്‍ കരുതും. അതേ പോലെ ഭര്‍ത്താവിന് തന്റെ പ്രയാസം മനസ്സിലാക്കാന്‍ കഴിയാതിരുന്നാല്‍ ഭാര്യക്കും ആ വികാരമാണുണ്ടാവുക.

പെണ്ണിന് ചില ദിവസങ്ങളില്‍ പ്രകൃതിപരമായ ചില പ്രയാസങ്ങളുണ്ടാകും. അവളുടെ ശരീരമെന്ന പോലെ മനസ്സും ക്ഷീണിക്കും. അപ്പോള്‍ അവളുടെ ജോലിഭാരം കുറക്കാന്‍ ഭര്‍ത്താവു ശ്രമിക്കണം. ഭക്ഷണം നേരത്തിന് തയ്യാറായില്ലെങ്കിലോ വിഭവങ്ങള്‍ കുറഞ്ഞു പോയെങ്കിലോ ആ അവസരത്തില്‍ അവളെ കുറ്റം പറയരുത്. അത്യാവശ്യ ഘട്ടത്തില്‍ സഹായത്തിനു കിട്ടുന്നവനാണ് യഥാര്‍ഥ സുഹൃത്ത എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കാന്‍ രണ്ടു പേര്‍ക്കും കഴിയണം. അപ്പോഴാണ് ഇണകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുക.
'ഇണങ്ങുന്നോരാണിണകള്‍
പിണങ്ങാത്തോരാരിണകള്‍
പിണങ്ങിയാലുടനിണങ്ങാന്‍
ദാഹിക്കുന്നോരാണിണകള്‍'

എന്ന തത്വം ജീവിതത്തിലുടനീളം പുലര്‍ത്താന്‍ അവര്‍ക്കു കഴിയണം. അതിനു വേണ്ടത് വിട്ടുവീഴച്ചയാണ്.

അസ്വസ്ഥതയുടെയും തെറ്റിധാരണയുടെയും ശങ്കയുടെയും മുട്ടകള്‍ക്ക് മേല്‍ അടയിരിക്കുന്ന കോഴികളാവരുത് ഭാര്യാഭര്‍ത്താക്കന്‍മാര്‍. അത് അപ്പപ്പോള്‍ തുറന്നു പറഞ്ഞ് വഴി സുഗമമാക്കുക. നാം കുളിക്കുന്ന മുറിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നു എന്ന് കരുതുക. ഭാര്യയും ഭര്‍ത്താവും രാവിലെ തടസ്സം നീക്കാതെ കുളിച്ചു പോരുന്നു. പിറ്റെ ദിവസവും കുളിക്കുന്നു. എങ്കില്‍ സംഭവിക്കുന്നതെന്തെന്ന് പറയേണ്ടതില്ലല്ലോ.. ഒരു കോലെടുത്ത് ആദ്യദിവസം തന്നെ ഓവിലെ തടസ്സം നീക്കിയിരുന്നെങ്കില്‍ ഇരുവര്‍ക്കും സംതൃപ്തിയോടെ കുളിക്കാമായിരുന്നു. ഇതുപോലെ മനസ്സിനും ചില ഓവുചാലുകള്‍ രൂപപ്പെടുകയും അവിടെ സംശയത്തിന്റെ, ഇണയുടെ നല്ലതല്ലാത്ത പെരുമാറ്റത്തിന്റെ ചില വശങ്ങള്‍ തടഞ്ഞു നില്‍ക്കുകയും ചെയ്യും. കുളിമുറിയില്‍ നിന്ന് അഴുക്കു ജലം പുറത്തു പോകാതിരുന്നാല്‍ നാറ്റം വര്‍ധിക്കുന്ന പോലെ ദാമ്പത്യ ജീവിതത്തിലും നാറ്റം തുടങ്ങും. അതിനാല്‍ വിഷയം തുറന്ന് പറഞ്ഞ് ജീവിതം സുഗമമാക്കണം.

ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ ഭാര്യമാര്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും തറവാട്ടില്‍ നിന്ന് മാറി ചെറിയ മക്കളോടൊപ്പം സ്വന്തം വീട്ടില്‍ താമസിക്കുമ്പോള്‍. വീട്ടില്‍ വരുന്ന പത്രക്കാരനോടും പാല്‍ക്കാരനോടും പണിക്കാരോടുമെല്ലാം അവളെങ്ങനെയാണ് പെരുമാറുന്നതെന്ന് അന്യനാട്ടില്‍ വെച്ച് സംശയിച്ചു കൊണ്ടിരിക്കുകയാവും ഭര്‍ത്താവ്. പെരുമാറ്റത്തിലെ മാന്യതയെ കുറിച്ചുള്ള സങ്കല്‍പമല്ല അയാളുടെ മനസ്സില്‍ വരിക. അനുഭവിച്ചറിഞ്ഞടത്തോളം 99 ശതമാനം നല്ലതേ അയാള്‍ക്ക് പറയാനുള്ളൂ. പക്ഷേ, അകന്നു ജീവിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ശതമാനമാണ് എപ്പോഴും മനസ്സില്‍ വരിക. ആ ഒരു ശതമാനം 99 ശതമാനം സദ്‌വിചാരങ്ങളെയും തോല്‍പ്പിക്കും. ശരീരത്തിലെവിടെയോ പ്രത്യക്ഷപ്പെടുന്ന ഒരു അരിമ്പാറ - നിസ്സാരവും നിരുപദ്രവകാരിയുമായ ഒരു വസ്തു - കാന്‍സറാണെന്ന് ഭയപ്പെടുന്നവരുണ്ടല്ലോ. അയാള്‍ക്കറിയാം അത് നിസ്സാരമായ ഒന്നാണെന്ന്. എന്നാലും.. എന്നാലും.. ഇങ്ങനെ പോകുന്നു സംശയങ്ങള്‍. ഇതുപോലെയാണ് ദമ്പതിമാര്‍ക്കിടയിലുള്ള സംശയങ്ങളും. പരസ്പരം സംശയത്തിന് ഇടനല്‍കാതിരിക്കുക, ഉണ്ടെങ്കില്‍ തുറന്നു പറയുക, പ്രതികരണം ശ്രദ്ധയോടെ കേട്ട് വിലയിരുത്തുക. വാശിയില്‍ മത്സരിക്കുന്നതൊഴിവാക്കി വിട്ടുവീഴച്ചയില്‍ മത്സരിക്കുക. തനിക്ക് ഇണയില്‍ നിന്ന് ലഭിച്ച വിട്ടുവീഴച്ചയുടെ വിലമതിക്കുക. എന്നിങ്ങനെയുള്ള ഗുണങ്ങള്‍ രാത്രിയിലെ വഴിവിളക്കുകള്‍ പോലെ ജീവിതത്തിലുണ്ടാകണം. എങ്കില്‍ ജീവിതം എത്ര ലളിതമായിരിക്കും.

ഐശ്വര്യമെന്നാല്‍ വിഭവങ്ങളുടെ ആധിക്യമല്ല, മനസ്സിന്റെ സമ്പന്നതയാണ് എന്ന പ്രവാചക വചനം എത്ര അര്‍ഥവത്താണ്.