Wednesday, July 22, 2015

പെരുന്നാളിന്റെ നറുമണം

eid Smell
പെരുന്നാളിന്ന് ഒരു നറുമണം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം വിശ്വാസികളില്‍ നിന്ന് താല്‍പര്യപ്പെടുന്നു. മറ്റുദിവസങ്ങളില്‍ നിന്ന് പെരുന്നാള്‍ വ്യത്യസ്തമാകുന്നത് ഈ നറുമണം കൊണ്ടാണ്. അതിന്റെ പ്രത്യേകത വ്രതശുദ്ധി കാരണം വിശ്വാസിയുടെ അകവസ്ത്രത്തില്‍ നറുമണം പുരളുന്നു എന്നതാണ്. അകവസ്ത്രം എന്നതുകൊണ്ടുദ്ദേശ്യം ഭക്തിയുടെ വസ്ത്രമാണ്. ഖുര്‍ആന്‍ ഭക്തിയുടെ വസ്ത്രം നേടാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഉത്തമമായ വസ്ത്രം എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

രണ്ട് ആഘോഷങ്ങള്‍ -പെരുന്നാളുകള്‍- നിശ്ചയിക്കുക വഴി ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന മതമാണ് എന്ന് തെളിയിക്കുകയാണ്. ഒരു മാസം പകല്‍പ്പട്ടിണി പിറ്റേന്ന്- ശവ്വാല്‍ ഒന്നിന് പട്ടിണി നിഷിദ്ധമാക്കിയിരിക്കുന്നു. നല്ലത് ഭക്ഷിക്കണം, പുതുവസ്ത്രമണിയണം. പുതുവസ്ത്രത്തില്‍ സുഗന്ധം പുരട്ടുന്നതിന് മുമ്പ് മനസ്സില്‍ സുഗന്ധം പുരട്ടിയിരിക്കണം അതിനാണ് നിഷ്‌കര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ വ്രതമാസത്തെ പരിഗണിച്ചവനേ പെരുന്നാളിന്റെ സന്തോഷമുള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

ഒരു സമ്പൂര്‍ണ മഹല്ലുസംഗമമായിരിക്കണം രണ്ടുപെരുന്നാളുകളും എന്നാണ് നബി(സ) അഭിലഷിച്ചത്. അവിടുന്ന് ആര്‍ത്തവകാരികളെ വരെ ഈദ്ഗാഹിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാം. 'ഉമ്മു അത്വിയ്യ(റ) പറയുന്നു. കന്യകമാരേയും ആര്‍ത്തവകാരികളേയും രണ്ട് പെരുന്നാളുകളിലും മുസ്‌ലിംകളുടെ സംഗമസ്ഥലത്തേക്ക് (ഈദ്ഗാഹിലേക്ക്) കൊണ്ടുവരാന്‍ നബി(സ) കല്‍പ്പിച്ചു. ആര്‍ത്തവകാരികള്‍ നമസ്‌കാര സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കുകയും മുസ്‌ലിംകളുടെ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളുകയും ചെയ്യട്ടെ. (അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു) ഞങ്ങളിലൊരുവള്‍ക്ക് മേല്‍വസ്ത്രം (ജില്‍ബാബ്) ഇല്ലെങ്കിലോ? തന്റെ കൂട്ടുകാരി അവളുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് അവളെ അണിയിക്കട്ടെ എന്നായിരുന്നു നബി(സ)യുടെ മറുപടി. (ബുഖാരി, മുസ്‌ലിം)

കുട്ടികളും യുവാക്കളും വൃദ്ധരും മാത്രമല്ല ആര്‍ത്തവകാരികളായ സ്ത്രീകള്‍ പോലും പങ്കെടുക്കുന്ന ഒരു സമ്പൂര്‍ണ്ണ സംഗമം തന്നെയാണ് പെരുന്നാളാഘോഷത്തിലെ ഏറ്റവും പ്രധാന ഘടകം. അതിലെ പ്രഘോഷണം അല്ലാഹു അക്ബര്‍ എന്നും. ഏറ്റവും സുന്ദരവും ഏറ്റവും മഹാനുമായ അല്ലാഹുവെ വാഴ്ത്തുകയാണ് ആ പ്രഖ്യാപനത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. അതിനാല്‍ ആഹ്ലാദ പ്രകടനം ആ തക്ബീറിന്ന് (മഹത്വപ്രഖ്യാപനത്തിന്) അനുഗുണമായേ ആകാവൂ.

വര്‍ത്തമാന കാലത്തെ ആഘോഷങ്ങളില്ലെല്ലാം മദ്യം സാന്നിധ്യമുറപ്പിക്കാറുണ്ട്. പരീക്ഷയില്‍ റാങ്ക് നേടിയാല്‍, കുഞ്ഞു പിറന്നാല്‍, ഉദ്യോഗക്കയറ്റം ലഭിച്ചാല്‍ എന്നിങ്ങനെ ഏതു സന്തോഷത്തിലും മദ്യത്തിന്റെ സഹായം തേടുന്ന സ്വഭാവം പ്രചാരം നേടിവരികയാണ്. ഇസ്‌ലാം ഒരു സാഹചര്യത്തിലും മദ്യം അനുവദിക്കുന്നില്ല. ആ പൈശാചികതയോട് ഇസ്‌ലാം തുറന്ന സംഘട്ടനത്തിലാണ്. അതിനാല്‍ പെരുന്നാളാഘോഷത്തില്‍ മദ്യം കടന്നുവരരുത്.

പുതിയ കാലം സംസ്‌കാരങ്ങളുടെ കടം വാങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇസ്‌ലാമിക സംസ്‌കാരം പരിപൂര്‍ണ്ണവും സമ്പന്നവുമാണ്. മദ്യപാനം കടംവാങ്ങുന്ന സംസ്‌കാരമാണ്. അല്ലാഹു അക്ബര്‍ കൊണ്ട് ആരംഭിച്ച് അതിന്റെ സ്വാധീനതയിലൂടെ മുന്നോട്ടുപോയി അതുകൊണ്ട് തന്നെ അവസാനിക്കുന്ന പെരുന്നാളാഘോഷത്തില്‍ ശ്രദ്ധിക്കേണ്ടത് ആ ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല ഭക്തിയുടെ വസ്ത്രം എന്നതാണ്. അഴുക്കുപുരളാതെ സൂക്ഷിക്കണമത്. വ്രതം ഒരു പരിചയായിരുന്നുവല്ലോ. നമുക്ക് ആ മാസത്തില്‍ യുദ്ധത്തിലെ വെട്ടുകള്‍ തടുത്ത് ശരീരത്തെ രക്ഷിക്കുന്ന ധര്‍മ്മമാണ് പരിചക്കു നിര്‍വഹിക്കാനുള്ളത്. റമദാനിലേതു പോലെ തന്നെ പുണ്യം ചെയ്യാന്‍ മറ്റു മാസങ്ങളില്‍ കഴിഞ്ഞില്ലെങ്കിലും തിന്മയുടെ പ്രഹരം ഏല്‍ക്കുന്നത് നമുക്ക് ഒഴിവാക്കാന്‍ എപ്പോഴും കഴിയണം. അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ നമസ്‌കരിച്ചിട്ടില്ല എന്നാണര്‍ത്ഥം. നമസ്‌കാരം മ്ലേച്ഛമായ കാര്യങ്ങളില്‍ നിന്ന് തടയും എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. നോമ്പിനുനേടിയ പരിചയും അഞ്ചുനേരത്തെ നമസ്‌കാരവും ചേര്‍ന്ന് നമ്മെ വിശുദ്ധരാക്കുമ്പോള്‍ അഥവാ സമൂഹത്തിന് മാതൃകയായി വര്‍ത്തിക്കാന്‍ നമ്മെ പരുവപ്പെടുത്തുമ്പോള്‍ നാം വിജയികളാകും. പെരുന്നാളാഘോഷം ഭക്തിമയമായാല്‍ തുടര്‍ന്നുള്ള നാളുകള്‍ ധന്യമാവും. പ്രപഞ്ചകര്‍ത്താവ് നമുക്കുതന്ന അനുഗ്രഹങ്ങള്‍ ഓരോന്നിന്നും നന്ദി പ്രകടിപ്പിക്കാന്‍ പാകപ്പെട്ട ഒരു മനസ്സ് നാം ആര്‍ജിക്കുക.

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

Real Estate
ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

ഇഹലോകത്ത് ഭൂമിയുടെ വില എല്ലാവര്‍ക്കും ഒരുപോലെയാണ്. പരലോകത്തെ സ്ഥിതി അങ്ങനെയല്ല. വ്യക്തിക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. ഒരു ലക്ഷം രൂപക്ക് ചിലര്‍ക്ക് കിട്ടാത്തത് മറ്റുചിലര്‍ക്ക് നൂറു രൂപക്ക് കിട്ടിയെന്ന് വരും. സ്വര്‍ഗത്തില്‍ സ്ഥലം പതിച്ചു കിട്ടുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അനന്തരാവകാശം കിട്ടുന്നവര്‍ എന്നാണ് ഖുര്‍ആന്റെ പ്രയോഗം. 'അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.' (ഖുര്‍ആന്‍: 23: 10-34) അത് വിജയികള്‍ക്കുള്ളതാണ്. നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുക, അനാവശ്യ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, സകാത്ത് നല്‍കുക, ലൈംഗികാവയവങ്ങളെ സൂക്ഷിക്കുക, അമാനത്തുകളും കരാറുകളും പാലിക്കുക, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക എന്നിവയാണ് വിജയിക്കുന്നവരുടെ സ്വഭാവം.

എങ്ങനെയാണ് വില വ്യക്തികള്‍ക്കനുസരിച്ച് മാറുക എന്നു നോക്കാം. അമ്പതിനായിരം രൂപ മാസം തോറും വാടക കിട്ടുന്നവന്‍ ഒരു ദരിദ്രന് അഞ്ഞൂറ് രൂപ ദാനം നല്‍കുന്നു. കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്ന ഒരാള്‍ തന്റെ നിത്യകൂലിയായ മുന്നൂറ് രൂപയില്‍ നിന്ന് നൂറ് രൂപ ദാനം ചെയ്യുന്നു. രണ്ടു പേര്‍ നല്‍കിയ നൂറ് രൂപക്കും മാര്‍ക്കറ്റില്‍ ഒരേ വിലയാണ്. രണ്ടു നൂറു രൂപകൊണ്ടും ഓരോ കിലോ മത്തി ലഭിക്കും. അല്ലാഹുവിന്റെയടുക്കല്‍ ഇപ്പറഞ്ഞ അഞ്ഞൂറിനേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും പലചരക്കു കടയിലെ തൊഴിലാളിയുടെ നൂറിന് ലഭിക്കുക. നന്മയുടെ തുലാസില്‍ നൂറ് രൂപ വീഴുമ്പോള്‍ അത് അത്ഭുതകരമായി താഴുന്നത് മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം നാം ദാനം ചെയ്യേണ്ടത്. ഇത്തരം ദാനക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് സകാത്തും സദഖയുമായി ലഭിക്കുന്ന പണം കൊണ്ട് ദാനം ചെയ്യുന്നവരെയും കാണാന്‍ കഴിയും. തനിക്കും തന്റെ അയല്‍ക്കാരനും ഒരേ തുക സകാത്ത് ലഭിച്ചപ്പോള്‍ തന്നെക്കാള്‍ ദരിദ്രനാണ് അയല്‍വാസി എന്നു മനസ്സിലാക്കി അതില്‍ നിന്ന് അയാള്‍ക്ക് കൊടുക്കുന്നവര്‍ ! ആ ഹൃദയവിശാലത പരലോക സൗഖ്യം ലക്ഷ്യം വെക്കുന്നവര്‍ക്കേ ഉണ്ടാവുകയുള്ളൂ. അല്ലാഹു പറയുന്നു: 'ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായി കൊണ്ട് അതിന്നുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.' (ഖുര്‍ആന്‍: 17: 19)

പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്.

വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം)

ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.

മഹാനായവന്റെ സല്‍ക്കാരം

reception salkkaram


നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ. അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും. ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്. അവഗണിക്കപ്പെടത്തക്ക വല്ല ദുസ്വഭാവവും നമ്മിലുണ്ടോ എന്ന പരിശോധനയാണ് നമ്മുടെ ബാധ്യത.

ഏറ്റവും വലിയ മഹാന്‍ അല്ലാഹുവാണ്. അല്ലാഹുവിനാല്‍ അവഗണിക്കപ്പെടുന്നതിനേക്കാള്‍ വലിയ മറ്റൊരു നഷ്ടം മനുഷ്യര്‍ക്ക് സംഭവിക്കാനില്ല. അല്ലാഹു ആരെയും വെറുതെ അവഗണിക്കുകയില്ല. അല്ലാഹുവെ അവഗണിച്ചവരെ മാത്രമെ അവന്‍ അവഗണിക്കുകയുള്ളു. അല്ലാഹുവെ ഓര്‍ക്കുന്നവനെ അല്ലാഹു ഓര്‍ക്കും. അല്ലാഹുവെ അവഗണിച്ചവന് അല്ലാഹു ഒരു പരിഗണനയും നല്‍കുകയില്ല. ശാന്തിഭവനമായ സ്വര്‍ഗത്തിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത് ഇഷ്ടം പോലെ വിഭവങ്ങള്‍ ഒരുക്കിവെച്ചുകൊണ്ടാണ്. നമുക്ക് ആ സല്‍ക്കാര ക്ഷണവും സല്‍ക്കാരവും ഖുര്‍ആനില്‍ നിന്ന് പരിചയപ്പെടാം. 'അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍.' (വി.ഖു 10: 25-26)

ക്ഷണിക്കപ്പെട്ടവരൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. നോമ്പ് നോറ്റവര്‍ക്ക് പ്രത്യേകമായ ഒരു സ്വര്‍ഗവാതിലുണ്ടെന്നും അവര്‍ക്കുമാത്രമേ അതിലൂടെ പ്രവേശനമുളളൂ എന്നും ഓര്‍ത്തുകൊണ്ട് നോമ്പനുഷ്ഠിക്കണം. എല്ലാ സ്വര്‍ഗവാതിലുകളും ചിലര്‍ക്ക് കൊട്ടിയടക്കപ്പെടും. ഒന്നിനും അവര്‍ അര്‍ഹത നേടിയില്ല എന്നതായിരിക്കും അതിന്റെ കാരണം.' തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മക്കുള്ള പ്രതിഫലം അതിനു തുല്യമായതായിരിക്കും...' (10: 27) എന്ന ഇളവുകൂടി പ്രഖ്യാപിച്ച് സ്വര്‍ഗത്തിലെത്താന്‍ പരമാവധി സൗകര്യം അല്ലാഹു ചെയ്തുതന്നിട്ടുണ്ട്.

അതെല്ലാം അവഗണിച്ച വരെ മാത്രമെ അല്ലാഹു അവഗണിക്കുകയുള്ളൂ. തിന്മ ചെയ്തവന് ശിക്ഷവര്‍ധിപ്പിക്കാതിരിക്കുകയും നന്മ ചെയ്തവന് പ്രതിഫലം പല ഇരട്ടികളായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടും സ്വര്‍ഗത്തിലേക്കുളള സല്‍ക്കാരത്തിന് അര്‍ഹത നേടാത്തവന്‍ പുറംതളളപ്പെടുക തന്നെ വേണം. സല്‍ക്കാരം ലഭിക്കാനുളള നിബന്ധന അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ' തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍' (18: 107)

സ്വര്‍ഗമുണ്ട് എന്നുറച്ചുവിശ്വസിച്ചു കൊണ്ട് സല്‍ക്കര്‍മം ചെയ്തവനേ തന്റെ പ്രയത്‌നം ഫലപ്പെടുകയുള്ളൂ. സ്വര്‍ഗം സൃഷ്ടിച്ച അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കരുത് എന്നതാണ് ഒന്നാമത്തെ നിബന്ധന. അവര്‍ക്കായി ആയിരംമാസത്തെ കര്‍മങ്ങള്‍ക്ക് തുല്യമായ ഒരു രാത്രി റമദാനില്‍ അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയാണ്. അതിന്റെ വാര്‍ഷിക ദിനത്തില്‍ ആ പ്രതിഫലം അതാഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും. 'തീര്‍ച്ചയായും ഇതിനെ നാം ലൈലത്തുല്‍ഖദ്‌റില്‍ (നിര്‍ണയരാവില്‍) ഇറക്കിയിരിക്കുന്നു. നിര്‍ണയരാവിനെക്കുറിച്ച് നിനക്ക് എന്തറിയാം. നിര്‍ണയരാവ് ആയിരംമാസത്തേക്കാള്‍ ഉത്തമമാവുന്നു.' (97: 1-3)

ആ രാത്രി റമദാനിലെ ഇന്ന ദിനമാണെന്ന് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞു തന്നിട്ടില്ല. റമദാനിലെ അവസാനത്തെ പത്തു ദിനങ്ങളില്‍ നിങ്ങളത് തേടിക്കൊള്ളുക എന്നാണ് നബി(സ) പറഞ്ഞത്. അല്ലാഹുവിന്റെ സല്‍ക്കാരം ലഭിക്കാനുളള മാര്‍ഗങ്ങളിലൊന്നാണ് റമദാനിലെ അവസാനത്തെ പത്തിലെ പ്രയത്‌നങ്ങള്‍.

അവസാനത്തെ പത്തിലേക്കെത്തുമ്പോഴേക്കു തന്നെ സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ വിശ്വാസികള്‍ ഉള്‍പ്പെട്ടിരിക്കണം. വല്ല കമ്മിയും അതില്‍ വന്നുപോയെങ്കില്‍ അതു നികത്തി സ്വര്‍ഗം ഉറപ്പാക്കാനുളളതാണ് തുടര്‍ന്നുള്ള നാളുകള്‍. അത് പ്രാധാന്യം നല്‍കപ്പെടേണ്ട ധന്യ മുഹൂര്‍ത്തങ്ങളാണെന്ന് റസൂല്‍(സ)യുടെ വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്. മറ്റു ദിനങ്ങളിലേക്കാള്‍ കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ അവിടുന്ന് റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. ഭജനയിരുന്നതും (ഇഅ്തികാഫ്) ഈ ദിനങ്ങളില്‍ തന്നെ. മനോവിശുദ്ധിയും കര്‍മവിശുദ്ധിയും കൊണ്ട് സ്വര്‍ഗത്തിലെ വിരുന്നു തേടുക.

Friday, July 17, 2015

സങ്കട പെരുന്നാളുകൾ



വാത്സല്യ നിധിയായ ഉമ്മ അരികിലില്ലാത്ത പതിനഞ്ചാമത് ചെറിയ പെരുന്നാൾ...


യേത് നീറുന്ന പ്രശ്നങ്ങളിലും തണലും ആശ്വാസവും ആകുന്ന ഉമ്മ

മക്കൾക്ക് വേണ്ടി സദാ അല്ലാഹുവിനോട് കയ്യുയർത്തി ദുആ ചെയ്യുന്ന ഉമ്മ


15 കൊല്ലം മുന്നേ ഒരു ചെറിയ പെരുന്നാൾ ദിനത്തിൽ ഉമ്മ ഞങ്ങളിൽ നിന്ന് വിടപറഞ്ഞു നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയത്.


ആ സ്നേഹനിധിയായ ഉമ്മ അരികിൽ ഇല്ലാത്തത് നല്ലൊണും ഫീൽ ചെയ്യുന്നു


പെരുന്നാൾ സന്തോഷത്തിലും

ശരീരവും മനസ്സും കൊണ്ട് സങ്കടപ്പെടുന്നു.


അല്ലാഹുവിനോട് ദുആ ചെയ്യുന്നു.

ഉമ്മയ്ക്കായി

ഉമ്മയുടെ ബർസഖീ ജീവിതം എളുപ്പമാകാനും

മഗ്ഫിരത്തിനും മർഹമതിനും

സ്വർഗ്ഗത്തിൽ സജ്ജനങ്ങൾക്കൊപ്പം ഒരുമിച്ചു കൂട്ടാനും.

ഞങ്ങളുടെ ദുആ നീ കൈവിടല്ലേ രക്ഷകാ.....