Wednesday, July 31, 2013

ആ തണലും മറഞ്ഞു ...



ഇന്ന്  2013  ജൂലൈ മാസം 31, ഹിജ്ര 1434  റമദാനിലെ പുണ്ണ്യപൂരിതമായ ദിനങ്ങളിൽ ഒന്ന്....
ഖിയാമുല്ലൈൽ നമസ്കാരം കഴിഞ്ഞ് .... ചെറുതായി അത്താഴവും കഴിച്ച്  പള്ളിയിൽ ഖുർആൻ ഓതി സുബഹി ബാങ്ക് കാത്തിരിക്കയായിരുന്ന എന്റെ മൊബൈലിലെ ചലനങ്ങൾ  ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല . ബാങ്ക് കൊടുത്തു ദുആ ചെയ്യുമ്പോ, ഫോണ്‍ വെറുതെ ഒന്ന് മറിച്ചു  നോക്കിയ ഞാൻ കാണുന്നത്‌ ....എന്നെ അറിയുന്ന എല്ലാവരും എന്നെ തേടി വിളിച്ച കാളുകൾ... ഞാൻ വീട്ടിലേക്കു വിളിച്ചു കാര്യം അന്വേഷിക്കുമ്പോ ..... അറിയുന്നു.... മമ്മദലിച്ച നമ്മളെ ഒക്കെ വിട്ടു പിരിഞ്ഞെന്നു...... ഇന്നാ ലില്ലാഹി....

മരണം എന്ന മൂന്നക്ഷരം നാമോരുത്തരും അനുഭവിക്കാനിരിക്കുന്ന യാഥാർത്ഥ്യം  ആണ് . എന്നിരുന്നാലും സ്നേഹത്തണലുകൾ നമ്മളിൽ നിന്ന് വിട പറയുമ്പോ ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ എഴുതാൻ ആവാത്തതാണ്

*********

പതിമൂന്ന് കൊല്ലങ്ങൾക്ക് മുന്നേ , സ്നേഹനിധിയായ ഉമ്മ ഞങ്ങളിൽ നിന്ന് പിരിഞ്ഞു പോയത് ഒരു റമദാൻ അവസാന പത്തിലെ രാത്രി  സമാപിച്ചു പെരുന്നാളിന് ആളുകൾ ഒരുക്കം കൂട്ടുപോഴായിരുന്നു. ഇന്ന് ഉമ്മയുടെ മൂത്ത അനുജൻ , ഞങ്ങളുടെയെല്ലാം മമ്മദലിച്ച എന്ന മമ്മലിച്ച റമദാനിലെ അവസാന പത്തിലെ ഒരു പകൽ  പിറവിയെടുക്കും നേരത്ത്‌ സുബഹി ബാങ്കൊലി മുഴങ്ങും മുന്നേ നമ്മളോട് വിട പറഞ്ഞു....
..
രോഗശയ്യയിൽ ആകുമ്പൊ ... തനിക്കാവുന്നതൊക്കെ മമ്മദലിച്ച ഒരു പുസ്തകത്തിൽ പകർത്തിയിരുന്നു ... ജീവിതത്തിന്റെ ഫ്ളാഷ് ബാക്ക് ആയ ഒരു കണ്ണാടി ആയിരുന്നു ആ എഴുത്തുകൾ .... സ്നേഹ നിധികളായ മക്കൾ നാജുവും നാബുവും ആച്ചുവും ജിജായും  ആ എഴുത്തുകളും വരച്ച ചിത്രങ്ങളും ,  
       പകര്ത്തിയ ഫോട്ടോകളും എടുത്തു വെച്ചിരിക്കാം ... മമ്മദലിച്ചായ്കു ഒരു ബ്ളോഗ് ഉണ്ടായിരുന്നു ...ceeyelali.blogspot.com   എന്ന പേരിൽ ... ഏറ്റം പ്രിയപ്പെട്ട സി എച് പി അബൂബക്കർചാന്റെ മരണത്തെ കുറിച്ച് എഴുതിയ പാട്ടാണ് അതിലെ ഒരേ ഒരു പോസ്റ്റ് ... തുടർന്ന് ബ്ലോഗിലേക്കുള്ള വകകൾ എഴുതി വെച്ചിരുന്നെങ്കിലും പോസ്റ്റാനായില്ല.
..
തിരികെ ജീവിതത്തിലേക്ക് എന്ന ഒരു പ്രതീക്ഷ മമ്മദലിച്ച വെച്ചിരുന്നില്ല എന്ന് ഞാൻ കരുതുന്നു. നാഥന്റെ സന്നിധിയിലേക്ക് എന്റെ യാത്രക്ക് സമയമായി എന്ന് മമ്മദലിച്ച മനസിൽ കണ്ടിരുന്നു. ആര്ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ , വേദനകൾ കൂടുതൽ സഹിക്കാൻ അവസരമേകാതെ പോകണം എന്നായിരുന്നു മമ്മദലിച്ച വിചാരിച്ചത്. .താഹിറ അമ്മായിക്ക് കൊടുത്ത മൌന സന്ദേശങ്ങളും അതായിരുന്നു .. അവസാനം ..നാഥന്റെ വിളിക്കുത്തരം നൽകി മമ്മദലിച്ച പോയി.

*****
കോരിച്ചൊരിയുന്ന മഴ , മമ്മദലിച്ചാനെ അവസാന നോക്ക് കാണാൻ ആഗ്രഹിക്കുന്നവര്ക്ക് തടസ്സം നിൽക്കണ്ട എന്ന് കരുതി മാറി നിന്നു .. സങ്കടം കടിച്ചിറക്കി ചെറിയ ചാറ്റൽ മഴ പോലെ ഇടക്കിടെ കണ്ണീർ ഒഴുക്കി പെയ്തു.
*******
നോമ്പുകാരായ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും പ്രാർഥനകൾ ക്കിടയിൽ ചെമ്മനാട്ടെ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഉപ്പാപായുടെയും ഉമ്മയുടെയും ഖബറുകൾക്ക് അടുത്തായി മമ്മദലിച്ച ബർസഖീ ജീവിതത്തിലേക്ക് ..... അല്ലാഹുമ്മ ഇഹ്ഫിർലഹു ...വർഹംഹു ......
***
അകലെ പ്രവാസ ലോകത്തു നിന്ന് ഞങ്ങൾ , മമ്മലിച്ചായുടെ മരുമക്കൾ മമ്മലിച്ചായ്ക്കായ് കണ്ണീരോടെ ദുആ ചെയ്യുക ആയിരുന്നു ..... അല്ലാഹുമ്മ ഇഹ്ഫിർലഹു വർഹംഹു .....
.*****
നാഥാ .... ഈ പുണ്ണ്യ നാളുകൾ ഒന്നിൽ ഞങ്ങളിൽ നിന്നു പിരിഞ്ഞ മമ്മലിച്ചാക്കു നീ സ്വർഗ്ഗം നല്കി അനുഗ്രഹിക്കണമേ ...... സജ്ജനങ്ങളിൽ ഉള്പെടുത്തെണമേ ....അല്ലാഹുവേ... മമ്മയില്ച്ചാന്റെ വേറ്പാടില്‍ ദുഖമനുഭവിക്കുന്ന മക്കള്ക്കും കുടുംബത്തിനും നീ ക്ഷമ നല്കേണമേ...
അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കിക്കൊടുക്കേണമേ നാഥാ..
ആമീൻ യാ റബ്ബ്

Tuesday, July 30, 2013

പൊറോട്ട കഴിക്കണോ?

തോര്‍ത്ത്’ ഒരു ഹ്രസ്വസിനിമയാണ്. എട്ടു മിനിട്ട് ദൈര്‍ഘ്യം. സംഭാഷണമില്ല, അതിന്റെ ആവശ്യവുമില്ല. സംവിധായകനായ അല്‍ത്താഫ് റഹ്മാന്‍ കൂട്ടുകാരുമായി ചേര്‍ന്ന് സൃഷ്ടിച്ച തോര്‍ത്തിന്റെ കഥ കണ്ടാല്‍ ഒരു സംശയം തോന്നും ഇനി പൊറോട്ട കഴിക്കണോ?

സംവിധായകന്‍ മധുപാലിന്റെ അസോസിയേറ്റാണ് അല്‍ത്താഫ്. ‘ബണ്ടിച്ചോര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തിരക്കഥാകൃത്ത് വി.ആര്‍. ബാലഗോപാല്‍ ഒരു സംഭവം പറഞ്ഞു. ഒരിക്കല്‍ ഹോട്ടലില്‍ കയറിയപ്പോള്‍ പൊറോട്ടയെ മൂടിക്കിടക്കുന്ന മുഷിഞ്ഞ തോര്‍ത്തിനെ കുറിച്ച്. അപ്പോള്‍ തന്നെ അല്‍ത്താഫിന്റെ മനസില്‍ ഒരു കുഞ്ഞു സിനിമയുടെ ലഡു പൊട്ടി. കഥയുടെ വണ്‍ലൈന്‍ ബാലഗോപാല്‍ തന്നെ നല്‍കി.

തോര്‍ത്ത് പൊറോട്ടയ്ക്കായി കുഴച്ച മൈദ മാവിന്റെ പുറത്തങ്ങനെ കിടക്കുകയാണ്. അവിടെ നിന്ന് ഫ്‌ളാഷ് ബാക്ക്. മുടിയും താടിയുമൊക്കെ സമൃദ്ധമായി വളര്‍ത്തിയ ഒരു യുവാവ് ഉറക്കമെണീക്കുന്നു. അയാളുടെ തോളിലും തോര്‍ത്ത്. സൈക്കിളില്‍ അയാള്‍ കുറ്റിക്കാട്ടിലേക്ക്. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കുളി. അപ്പോള്‍ തോര്‍ത്ത് അരയില്‍. പിന്നെ, ദേഹം തുടച്ച് വൃത്തിയാക്കാന്‍ ഉപയോഗിച്ചതും അതേ തോര്‍ത്ത്. അയാള്‍ രാവിലെ ഹോട്ടലിലെത്തുന്നു, മാവു കുഴയ്ക്കുന്നു. അതേ തോര്‍ത്തിട്ടു മാവ് മൂടുന്നു. പിന്നെ അങ്ങോട്ടു പൊറോട്ട മേക്കിംഗാണ് നല്ല സ്‌റ്റൈലായി. ഇടയ്ക്കിടയ്ക്ക് തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടയ്ക്കും. ചൂടോടെ പൊറോട്ട എടുത്ത് പാത്രത്തില്‍ ഇട്ടശേഷം മൂടി വയ്ക്കുന്നതും അതേ തോര്‍ത്തുപയോഗിച്ച്. ഒടുവില്‍ കടയില്‍ എത്തിയ ആള്‍ ഈ പൊറോട്ട കഴിച്ചിട്ട് ഉഗ്രന്‍ എന്ന ആംഗ്യം കാട്ടുന്നിടത്ത് സിനിമ അവസാനിക്കുന്നു.

Saturday, July 27, 2013

കര്‍മങ്ങള്‍ പൂത്തുലയട്ടെ! പ്രതിഫലം കാത്തിരിക്കുന്നു.

കുറഞ്ഞ സമയം കൊണ്ട് തീരുന്ന ചെറിയ ജീവിതമാണ് നമ്മുടേത്‌.
എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയമില്ലെങ്കിലും തീര്‍ച്ചയായും നമ്മുടെ തിരിച്ചുപോക്കിന് കൃത്യമായ ഒരു സമയമുണ്ട്. എല്ലാ സന്തോഷങ്ങളോടും വിട ചോദിച്ച്, എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച്, എല്ലാ ബന്ധങ്ങളെയും തിരസ്ക്കരിച്ചു നാം പോയേ പറ്റൂ. ഇത്രയും ചെറുതും നിസ്സാരവുമായ ജീവിതത്തില്‍ നമ്മുടെ മുന്നിലുള്ളത് കുറഞ്ഞ സമയമാണ്. സെക്കന്റുകളും നിമിഷങ്ങളും! ചെയ്യാവുന്ന നല്ല കാര്യങ്ങള്‍ ചെയ്യുക. ചെയ്യുന്നവയില്‍ ആത്മാര്‍ത്ഥതയുണ്ടാവുക – ഇത്രയുമായാല്‍ ജീവിതം വിജയകരമെന്ന് തീര്‍ച്ചപ്പെടുത്താം. വലിയ കാര്യങ്ങള്‍ കുറേയുണ്ട്, അതിലേറെ ചെറിയ കാര്യങ്ങളുമുണ്ട്. നിസ്സാരമെന്നു നാം ഗണിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷെ, മികച്ച പ്രതിഫലത്തിലേക്ക്‌ നമ്മെ നയിച്ചേക്കാം. അഥവാ ഒരു കാര്യവും നിസ്സാരമല്ല.

ബുഖാരി ഉദ്ധരിച്ച ഒരു ഹദീസ്:
 റസൂല്‍ തിരുമേനി (സ) പറയുന്നു: “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു തൃപ്തികരമായ ഒരു കാര്യം ഉച്ചരിക്കുക വഴി അല്ലാഹു ഒരാളെ പല പടികളുയര്‍ത്തും.” നേരെ തിരിച്ചുള്ള കാര്യവും റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. ” “അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിനു ദേഷ്യമുണ്ടാക്കുന്ന ഒരു കാര്യം ഉച്ചരിക്കുക വഴി ഒരാള്‍ നരകത്തില്‍ പതിക്കുകയും ചെയ്യാം” (ബുഖാരി 8/125)
‘മിസ്ഖാലുദര്‍റതിന്‍’ എന്നാണു നന്മതിന്മകളുടെ അളവിന് അടയാളപ്പെടുത്താന്‍ ഖുര്‍ആന്‍ (99:7.8) പ്രയോഗിച്ചത്. ‘കുഞ്ഞുറുമ്പിന്‍റെ കാലിന്‍റെ കഷ്ണം’ തൂക്കമുള്ള അളവാണ് ‘മിസ്ഖാലുദര്‍റതിന്‍’ എന്ന് ചില തഫ്സീറുകളില്‍ കാണാം. അഥവാ അത്രയും നിസ്സാരമായ അളവ്‌ നന്മയോ തിന്മയോ പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം അള്ളാഹു തരിക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ ഈ വചനം നമ്മെ അങ്ങേയറ്റം ജാഗരൂഗരാക്കേണ്ടതില്ലേ? നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിമിഷങ്ങളെ തിന്മകളില്‍ നിന്നൊഴിഞ്ഞും നന്മകളില്‍ കഴിഞ്ഞും ഗുണപരമായി വിനിയോഗിക്കാന്‍ നമ്മെ ഉത്സുകരാക്കേണ്ടതില്ലേ?

നന്മകളില്‍ നിന്നൊന്നിനെയും ചെറുതായി കാണാതിരിക്കല്‍ തന്നെ ഒരു നന്മയാണ്.
അബൂദര്‍റില്‍ ഗിഫാരി (റ) ഒരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യമേതാണെന്ന് നബി തിരുമേനി(സ) യോട് ചോദിച്ചു: ‘അല്ലാഹുവില്‍ വിശ്വസിക്കലും അവന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യലുമാണ്’. നബി തിരുമേനി(സ) യുടെ ഈ മറുപടി കേട്ടപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ‘ഏത് തരത്തിലുള്ള അടിമയെ മോചിപ്പിക്കുന്നതാണ് ഉത്തമം?’ ‘വില കൂടിയതും യജമാനന്മാരുടെ മേല്‍നോട്ടത്തില്‍ ഉത്തമരുമായ അടിമകളെ’. ‘ഇത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?’ ‘എങ്കില്‍ വല്ല ജോലിയും ചെയ്യുന്നവനെ സഹായിക്കുക, അല്ലെങ്കില്‍ തന്‍റെ ജോലി ന ന്നായി ചെയ്യാന്‍ കഴിയാത്തവന് അത് ചെയ്തു കൊടുക്കുക”ഇതും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലോ?’ ‘എങ്കില്‍ ആളുകളെ വിഷമിപ്പിക്കാതിരിക്കുക. അത് നിനക്ക് പ്രതിഫലം നല്‍കുന്ന ധര്‍മ്മമാണ്’. ഹദീസിന്‍റെ അവസാനം ശ്രദ്ധിക്കുക. ഒരു കര്‍മവും ചെയ്യാതിരിക്കുന്ന സമയം പോലും പ്രതിഫലാര്‍ഹമാകുന്ന സന്ദര്‍ഭം! ആര്‍ക്കും ഉപദ്രവം വരുത്താതെ ജീവിക്കുക.

‘ഒരു നന്മയെയും നിസ്സാരമാക്കരുത്’ എന്ന ആമുഖത്തോടെയാണ്, സഹോദരനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത് നന്മയാണ് എന്ന് റസൂല്‍ (സ) പറയുന്നത്.
 ‘നിന്‍റെ തൊട്ടിയിലെ വെള്ളം സഹോദരന്‍റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്’ എന്ന ഉപദേശത്തോടെയാണ് ആ ഹദീസ് അവസാനിക്കുന്നത്.

ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസ്: റസൂല്‍ (സ) തിരുമേനി പറയുന്നു: ‘രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത് പുണ്യമാണ്. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ഭാരം കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്. നമസ്ക്കാരത്തിനു വേണ്ടി നിങ്ങള്‍ നടക്കുന്ന ഓരോ കാലടിയിലും പുണ്യമുണ്ട്. വഴിയില്‍ നിന്നും ഉപദ്രവം നീക്കുന്നതും പുണ്യമാണ്’.

അത്രയൊന്നും കാര്യമാക്കാതെ നാം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ക്ക് ഗുണമോ ദോഷമോ വരുത്തിയ അനുഭവങ്ങള്‍ പലതുമുണ്ടല്ലോ? ഒരു സമ്മേളനസമയത്ത് നടത്തിയ വാഹന പ്രചാരണത്തില്‍ നിന്ന് റഷീദ് എന്ന സഹോദരന് കിട്ടിയ ലഘുലേഖയാണ് കോട്ടയം ജില്ലയില്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന് കാരണമായത്‌. നമ്മള്‍ നല്‍കുന്ന ഒരു കേസറ്റ്, സിഡി, പുസ്തകം, ലഘുലേഖ എത്രയോ പേര്‍ക്ക്, അല്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ വലിയ മാറ്റത്തിന്‍റെ ചെറിയ കാരണമായേക്കാം.

ഈ വരികള്‍ എഴുതുമ്പോള്‍ ഞാനോര്‍ക്കുന്നു; ഞാന്‍ അറിയാത്ത, എന്നെ അറിയാത്ത പല ദിക്കുകളിലുള്ള എത്രയോ പേര്‍ ഇത് വായിക്കും. അവര്‍ക്കെല്ലാം ചെറിയ ഒരു പ്രേരണയെങ്കിലും ഈ കുറിപ്പില്‍ നിന്നും കിട്ടിയേക്കാം. അങ്ങനെ ആകണേ എന്നാണ് പ്രാര്‍ത്ഥന. നമ്മള്‍ കാണാത്ത ഫലങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അള്ളാഹു ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തന വേളയിലെ മനസ്സിന്‍റെ ഉദ്ദേശം ഏറെ പ്രധാനമാണ്. അള്ളാഹു തൂക്കി നോക്കുന്നത് അതാണ്‌. അവന്‍റെ നോട്ടം അതിലേക്കാണ്.
അബൂമൂസല്‍ അശ്അരിയില്‍ നിന്ന് മുസ്ലിം ഉദ്ദരിക്കുന്ന ഹദീസ്. റസൂല്‍ (സ) തിരുമേനി പറഞ്ഞു: “ദാനം ചെയ്യുന്നത് ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്‌”. അപ്പോള്‍ അദ്ദേഹം ചോദിച്ചു. “ഒരാളുടെ കൈയില്‍ ധനമില്ലെങ്കിലോ?” “അവന്‍ അധ്വാനിച്ചു സമ്പാദിക്കുകയും അതില്‍ നിന്ന് ഉപയോഗിക്കുകയും ദരിദ്രര്‍ക്ക് നല്‍കുകയും ചെയ്യട്ടെ”. “അയാള്‍ക്ക്‌ അതിനും കഴിയില്ലെങ്കിലോ?”- “വിഷമാവസ്ഥയില്‍ കഴിയുന്ന ഏതെങ്കിലും പാവപ്പെട്ടവനെ സഹായിക്കട്ടെ”. “അയാള്‍ക്ക്‌ അതിനും കഴിഞ്ഞില്ലെങ്കിലോ? “അവന്‍ ആളുകള്‍ക്ക് ഉപദ്രവം ചെയ്യതിരിക്കട്ടെ. അതും പുണ്യമാണ്”

ചെറിയ ജീവിതം, കുറഞ്ഞ സമയം. നന്മകള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങള്‍ . തിന്മകള്‍ ചെയ്യാനും കുറെ അവസരങ്ങള്‍ . എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാം. സദ്‌കര്‍മങ്ങള്‍ കൊണ്ട് നമ്മുടെ തുലാസ് തൂങ്ങട്ടെ. ‘ജന്മം കൊണ്ടെന്തു ചെയ്തു’ എന്ന അല്ലാഹുവിന്‍റെ ചോദ്യത്തിന് ധൈര്യപൂര്‍വ്വം മറുപടി പറയാന്‍ നമുക്കെന്തെങ്കിലും വേണ്ടേ? കര്‍മങ്ങള്‍ പൂത്തുലയട്ടെ! പ്രതിഫലം കാത്തിരിക്കുന്നു.

Courtsey: THARBIYA.BLOGSPOT.COM

വിശപ്പിന്റെ വിലയറിയുന്ന നാം ഭക്ഷണം പാഴാക്കാതിരിക്കുക

വിശപ്പിന്റെ വിലയറിയുന്ന നാം ഭക്ഷണം പാഴാക്കാതിരിക്കുക, മിതത്വം പാലിക്കുക, ഓരോ ധാന്യമണിയും തുള്ളി വെള്ളവും ഒരാളുടെ വിശപ്പകറ്റാന്‍ ദൈവം കനിഞ്ഞു നല്കിയതാണ്, സൂക്ഷ്മത പുലര്‍ത്തുക എന്ന സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്ന വേസ്റ്റ് ബോക്‌സ് ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു.

ഉപയോഗിക്കാത്ത വിളകള്‍ ഉത്പാദിപ്പിക്കാനായി ഏതാണ്ട് 55000 കോടി ഘനമീറ്റര്‍ ജലം ലോകത്ത് ഉപയോഗിക്കുന്നുവെന്ന് Global Food; Waste Not, Want Not എന്ന പേരിലുള്ള റിപ്പോര്‍ട്ട് പറയുന്നു. 2050 ഓടെ ഭക്ഷ്യോത്പാദനത്തിനുള്ള ജലത്തിന്റെ ആവശ്യം ലോകത്ത് പത്തു മുതല്‍ 13 ലക്ഷംകോടി ഘനമീറ്ററാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
2075 ആകുമ്പോഴേക്കും ലോകജനസംഖ്യ 950 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നുവെച്ചാല്‍, നിലവിലുള്ളതിലും 300 കോടി പേരുടെ ഭക്ഷണം കൂടി ലോകത്തിന് കണ്ടെത്തേണ്ടിവരും

Friday, July 26, 2013

ചില ഒറ്റമൂലികള്‍




രക്താതിമര്‍ദം കുറയ്ക്കാന്‍

1. പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്​പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
2. കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍നിന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്​പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
3. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
4. നീര്‍മരുതിന്‍തൊലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
5. കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്​പൂണ്‍ വീതം കഴിക്കുക.

ഗ്യാസ്ട്രബിളിന്

1. വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്​പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.
2. കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.
3. മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
4. മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
5. തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക.

വയറിളക്കം വേഗം മാറ്റാം

1. ഒരു പിടി കറിവേപ്പില അരച്ച് കാല്‍ഗ്ലാസ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.
2. പുളിയാരന്‍ നീര് മോരില്‍ ചേര്‍ത്ത് കുടിക്കുക.
3. കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
4. തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക.

കൊളസ്‌ട്രോളിനെ പേടിക്കേണ്ട

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്‍ ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലിപ്രയോഗത്തില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.
1. കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.
2. ശുദ്ധി ചെയ്ത ഗുല്‍ഗ്ഗുലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.
3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.
4. നീര്‍മരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. ഇഞ്ചിയും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.
6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്‍ത്തു സേവിക്കുക.

ഛര്‍ദ്ദി ശമിക്കാന്‍

1. മലര് ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ചു പഞ്ചസാര ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്‍ക്ക് ഉത്തമം.
2. ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)
3. കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
4. തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്‍ത്തിക്കാം.
5. ഏലത്തരി പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ കുടിക്കുക. കുട്ടികള്‍ക്കും നല്ലത്.

മലബന്ധം ഒഴിവാക്കാം

1. കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികള്‍ക്കും ഉത്തമം.
2. കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.
3. ആവണക്കെണ്ണ പാലില്‍ ചേര്‍ത്തു സേവിക്കുക.
4. സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
5. കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍ (കട്ടന്‍ ചായ) നാരങ്ങാനീരു ചേര്‍ത്ത് കഴിക്കുക)

വയറുവേദന

1. ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക.
2. ഇഞ്ചിനീര് അലിയിച്ചിറക്കുക.
3. ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.
4. പാല്‍ക്കായം തിളപ്പിച്ച വെള്ളം കുടിക്കുക.
5. അര സ്​പൂണ്‍ ചവര്‍ക്കാരം രണ്ടു സ്​പൂണ്‍ തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും.

ജലദോഷം അകറ്റിനിര്‍ത്താം

1. മുരിക്കിലനീര് ചേര്‍ത്ത വെളിച്ചെണ്ണ കുന്തിരിക്കവും ചേര്‍ത്തു കാച്ചി തേക്കുക.
2. നീലയമരിയിലനീര് എണ്ണയിലൊഴിച്ചു ദേവദാരം കല്കം ചേര്‍ത്തു കാച്ചി തേയ്ക്കുക.
3. വരട്ടുമഞ്ഞള്‍പ്പൊടി തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.
4. തൈരില്‍ കുരുമുളകുപൊടിയും ശര്‍ക്കരയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.
5. കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.

ബുദ്ധി വര്‍ധിക്കാന്‍

ബുദ്ധിവികാസത്തിനു ഗുണകരമായ നിരവധി മരുന്നുകള്‍ നമ്മുടെ ഗൃഹവൈദ്യത്തിലും ഒറ്റമൂലിചികിത്സയിലും ഉണ്ട്. ബുദ്ധിക്ക് ഉണര്‍വും ഏകാഗ്രതയും വര്‍ധിക്കാന്‍ അവ സഹായിക്കും.
1. ഒരു സ്​പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്‍ക്കണ്ടം ചേര്‍ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്‍ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്.
2. മുത്തിളിന്റെ നീര് തേന്‍ ചേര്‍ത്ത് സേവിക്കുക.
3. ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.
4. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.
5. അമുക്കുരം പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.

വായപ്പുണ്ണിന് പരിഹാരം

1. പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്‍ത്തുക.
2. കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി കവിള്‍ക്കൊള്ളുക. അല്പസമയം വായില്‍ നിര്‍ത്തണം.
3. നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിക്കുക.
4. അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്‍ത്ത് സേവിക്കുക.
5. ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക.

പല്ലുവേദന പെട്ടെന്നു മാറ്റാം

1. പച്ചമഞ്ഞളും പച്ചക്കര്‍പ്പൂരവും അരച്ചു പല്ലിനിടയില്‍ വെച്ചു കടിച്ചുപിടിക്കുക. വേദന മാറും.
2. എരിക്കിന്‍പാലില്‍ ചുക്ക് അരച്ചുവെക്കുക.
3. കാത്ത് കൂട്ടി വെറ്റില മുറുക്കുക.
4. ജാതിക്കയും ഇന്തുപ്പും കൂട്ടിപ്പൊടിച്ചു പല്ലുതേയ്ക്കുക.
5. ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കി പോടുള്ള പല്ലില്‍ വെക്കുക. പെട്ടെന്നു വേദന മാറും.

തുമ്മല്‍ പ്രശ്‌നമായാല്‍

1. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് കാച്ചിയ മോരു കുടിക്കുക.
2. ഇല്ലട്ടക്കരിയിട്ട് കാച്ചിയ വെളിച്ചെണ്ണ രണ്ടു തുള്ളി വീതം മൂക്കിലിറ്റിക്കുക.
3. കരിനൊച്ചിയും ചുക്കും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുക.
4. വയമ്പും വെളുത്തുള്ളിയും കോഴിമുട്ടയുടെ വെള്ളയിലരച്ച് തുണിയില്‍ തേച്ച് ഉണക്കി എണ്ണയില്‍ മുക്കി കത്തിച്ചു കെടുത്തുമ്പോഴുള്ള പുക ശ്വസിക്കുക.
5. തിപ്പലി ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക.

വ്രണങ്ങള്‍ കരിയാന്‍

1. വേപ്പിലക്കഷായം കൊണ്ടു കഴുകുക.
2. വേപ്പിലയും എള്ളും ചേര്‍ത്തരച്ച് തേന്‍ ചേര്‍ത്തു വ്രണത്തില്‍ വെക്കുക.
3. ഏഴിലമ്പാലയുടെ കറ തേയ്ക്കുക.
4. നറുനീണ്ടിക്കിഴങ്ങ് അരച്ചു തേയ്ക്കുക.
5. ഇരട്ടിമധുരം അരച്ചു കുഴമ്പുപരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് അരിച്ചുകിട്ടുന്ന നെയ്യ് പുരട്ടുക. പഴക്കമുള്ള വ്രണവും മാറും.

വായ്‌നാറ്റം ഇല്ലാതാക്കാന്‍

പല കാരണങ്ങള്‍കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. ഒരു മരുന്നു ഗുണകരമായി കാണുന്നില്ലെങ്കില്‍ മറ്റു മരുന്നുകളും പരീക്ഷിക്കാം.
1. വെറ്റിലക്കൊടിയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം ഓരോ സ്​പൂണ്‍ വീതം വായില്‍ വെച്ചുകൊണ്ടിരിക്കുക.
2. കൊത്തമ്പാലരി വായിലിട്ടു ചവയ്ക്കുക.
3. ജാതിക്കയും പിച്ചകത്തിലയും കൂട്ടി അരച്ച് ഉരുളയാക്കി വായിലിട്ട് കുറച്ചുസമയം വെക്കുക.
4. ഒരു സ്​പൂണ്‍ എള്ളെണ്ണ കവിള്‍ക്കൊള്ളുക.
5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ച് ഓരോ സ്​പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ സേവിക്കുക.

തലവേദന മാറ്റാം

1. ഉഴുന്ന് പാലില്‍ വേവിച്ചു പാലും ഉഴുന്നും ചേര്‍ത്തു കഴിക്കുക.
2. പാല്‍പ്പുക(പാല്‍ തിളപ്പിച്ച് അതിന്റെ ആവി) മുഖത്തും തലയിലും കൊള്ളിക്കുക.
3. പാണലിന്റെ വേര് അരച്ചു നെറ്റിയില്‍ പുരട്ടുക.
4. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുക.
5. തകരക്കുരുന്ന് കാടിയിലരച്ച് നെറ്റിമേല്‍ തേയ്ക്കുക.

ചെവിവേദനയ്ക്ക്

1. ആവണക്കില വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ചെവിയില്‍ ഇറ്റിക്കുക.
2. ചണ്ണക്കിഴങ്ങിന്റെ നീരെടുത്ത് ചെവിയിലുറ്റിക്കുക.
3. മുരിങ്ങത്തൊലി കുത്തിപ്പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയിലിറ്റിക്കുക.
4. വരട്ടുമഞ്ഞള്‍പ്പൊടി തുണിചുറ്റി കിഴിയാക്കി എണ്ണ കാച്ചി ചെവിയില്‍ ഇറ്റിക്കുക.
5. നാരകത്തില കുമ്പിളാക്കിയതില്‍ എണ്ണയൊഴിച്ച് തീക്കനലില്‍ വെച്ച് ചൂടാക്കി ആ എണ്ണ രണ്ടു തുള്ളി ചെവിയില്‍ ഒഴിക്കുക.

പ്രമേഹത്തിന് നെല്ലിക്കയും മഞ്ഞളും

1. പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കുക. രോഗതീവ്രതയനുസരിച്ച് രണ്ടു സ്​പൂണ്‍ വീതംവരെ കഴിക്കാം.
2. ഏകനായകം ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക. ദാഹിക്കുമ്പോഴെല്ലാം കുടിക്കുന്നതും നല്ലത്.
3. പുളിങ്കുരുത്തൊണ്ട് പാലില്‍ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനില്‍ സേവിക്കുക.
4. അരയാലിന്‍കായുടെ അകത്തെ കുരു അരച്ച് മോരില്‍ സേവിക്കുക.
5. ചെമ്പകപ്പൂവരച്ച് പാലില്‍ സേവിക്കുക.
6. ചിറ്റമൃതിന്‍ നീര് വെറുംവയറ്റില്‍ സേവിക്കുക.
7. ഉലുവ മുളപ്പിച്ചത് പല പ്രാവശ്യം കഴിക്കുക.
8. ചെറൂള മോരിലരച്ചു സേവിക്കുക.
9. കൂവളത്തിലയുടെ നീര് കുടിക്കുക.

വായു ഉരുണ്ടുകയറ്റം

1. ആവിയില്‍ പുഴുങ്ങിയ വെളുത്തുള്ളി ഇന്തുപ്പും പാല്‍ക്കായവും കൂടെയരച്ച് ചേര്‍ത്തു ശര്‍ക്കരയും ചേര്‍ത്തു കഴിക്കുക.
2. കറിവേപ്പിലയും ചുക്കും ഉപ്പു ചേര്‍ത്തരച്ച് നെയ്യ്കൂട്ടി അത്താഴമുണ്ണുക.
3. കാട്ടുതുളസിയില പിഴിഞ്ഞ നീര് സേവിപ്പിക്കുക.
4. മുരിക്കിന്‍തോലും പ്ലാശിന്‍തോലും ഉണക്കിപ്പൊടിച്ചു കാച്ചിയ മോരില്‍ കലക്കി സേവിക്കുക.
5. കിലുകിലുപ്പ സമൂലം കഴുകിച്ചതച്ചു കഷായം വെച്ചു സേവിക്കുക.

കൃമിശല്യം വന്നാല്‍

1. വിഴാലരി മോരില്‍ കാച്ചി കുടിക്കുക. കുട്ടികള്‍ക്ക് ഉത്തമം.
2. പച്ച അടയ്ക്ക അരച്ച് ചെറുനാരങ്ങാനീരില്‍ കഴിക്കാം.
3. പാവയ്ക്ക ഇല നീര് പാലില്‍ കലക്കി സേവിക്കുക.
4. മൂത്ത പപ്പായയുടെ രണ്ടു സ്​പൂണ്‍ കുരുക്കള്‍ അരച്ചെടുത്ത് തേനില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക.
5. പപ്പായക്കറ പപ്പടത്തില്‍ പുരട്ടി ചുട്ടുതിന്നുക. കുട്ടികള്‍ക്ക് ഉത്തമം.
6. തുമ്പപ്പൂവരച്ച് പാലില്‍ തിളപ്പിച്ചു കുടിക്കുക.

മുഖസൗന്ദര്യം വര്‍ധിപ്പിക്കാം

ഒരാളുടെ സൗന്ദര്യം പ്രധാനമായും അയാളുടെ മുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ചുറ്റുവട്ടത്തും കിട്ടുന്ന വസ്തുക്കള്‍കൊണ്ട് ഫലപ്രദമായി മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളിതാ.
1. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്‍ത്തു മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
2. പനിനീരും പാല്‍പ്പാടയും ചേര്‍ത്തു പുരട്ടുക.
3. ആപ്പിള്‍ ജ്യൂസ് കുടിക്കുക.
4. ചെറുപുന്നയരി പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുക.
5. പാച്ചോറ്റിത്തൊലിയും രക്തചന്ദനവും അരച്ചുതേച്ചു അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടോടെ കഴുകിക്കളയുക.

മുടികൊഴിച്ചില്‍ തടയാം

1. തേക്കിന്റെ വിത്തില്‍നിന്നെടുക്കുന്ന എണ്ണ തലയോട്ടിയില്‍ പുരട്ടുക.
2. നീലയമരിനീരും ചെറുനാരങ്ങാനീരും അന്നഭേദി ചേര്‍ത്തരച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
3. ഉമ്മത്തിലനീരില്‍ ഉമ്മത്തിന്‍കായരച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.
4. പച്ചക്കര്‍പ്പൂരം പൊടിച്ച് വെളിച്ചെണ്ണ മുറുക്കി തേയ്ക്കുക. മുടി സമൃദ്ധമായി വളരുകയും ചെയ്യും.
5. കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക.

Courtsey: Dr P M Madhu

Friday, July 19, 2013

വീട് വൃത്തിയായി സൂക്ഷിക്കുവാനുള്ള 7 എളുപ്പവഴികള്‍

നമ്മള്‍ വന്‍ വിലകൊടുത്തു വാങ്ങുന്ന ഹാര്‍പ്പിക് പോലുള്ള അണുനാശിനിക്ക് ബദലായി നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ട് ക്ലോസറ്റ് പോലുള്ള സ്ഥലങ്ങള്‍ ക്ലീന്‍ ചെയ്യാമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അറിയില്ലെങ്കില്‍ താഴെ കൊടുത്ത 7 എളുപ്പവഴികള്‍ വായിച്ചു നോക്കൂ.
1. കൊക്കോകോള ഉപയോഗിച്ച് ക്ലോസറ്റ് ക്ലീന്‍ ചെയ്യാം
o-RAMADAN-CUTE-570
2. ചെറുനാരങ്ങ ഉപയോഗിച്ച് സ്റ്റെയിന്‍ലസ് ഭാഗങ്ങളായ ടാപ്പും മറ്റും ക്ലീന്‍ ചെയ്യാം
3. ചട്ടി ക്ലീന്‍ ചെയ്യാന്‍ വെറും ഉപ്പ് മാത്രം മതിയെന്ന സത്യം നിങ്ങള്‍ക്കറിയാമോ?
4. വെള്ളവസ്ത്രങ്ങള്‍ക്ക് തൂവെള്ള നല്‍കുവാന്‍ കുറച്ചു ചെറുനാരങ്ങ കൂട്ടി ചൂടാക്കിയാല്‍ മതി
5. കീബോര്‍ഡ്‌ ക്ലീന്‍ ചെയ്യാന്‍
6. ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല സാധനങ്ങള്‍ ആണ് ചെറുനാരങ്ങയും വിനെഗരും ബേക്കിംഗ് സോഡയും
7. സ്പൂണ്‍ ക്ലീന്‍ ചെയ്യാന്‍ നൂലോ?


10 രസകരമായ ഗൂഗിള്‍ സെര്‍ച്ച്‌ മാജിക്കുകള്‍

BPSsJKXCUAADBIl
ഗൂഗിള്‍ സെര്‍ച്ച്‌ നമുക്കായി പല രസകരമായ സംഗതികളും ഒരു വര്‍ഷവും ഒരുക്കാറുണ്ട്. നിങ്ങളുടെ സെര്‍ച്ച്‌ റിസള്‍ട്ടുകളെ 360 ഡിഗ്രി കറക്കുക, ഇമേജ് സെര്‍ച്ചിനെ ഒരു ഗെയിം ആക്കി മാറ്റുക, സ്ക്രീനിനെ വെള്ളം പോലെയാക്കുക എന്നിവ അതില്‍ ചിലതാണ്. ഗൂഗിള്‍ ഈസ്റ്റര്‍ എഗ്സ് എന്നാണ് ഇവ അറിയപ്പെടുക.
ഇതില്‍ ചിലത് ഗൂഗിള്‍ തന്നെ ഇറക്കിയത് ആണെങ്കില്‍ മറ്റു ചിലവ ചില യൂസര്‍മാര്‍ ഒപ്പിച്ച തരികിടകള്‍ ആണ്. അവയേതൊക്കെ എന്ന് നോക്കാം
1. ഗെയിം സെന്റര്‍ ആക്കി മാറ്റാം.
ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ Atari breakout എന്ന് സെര്‍ച്ച്‌ ചെയ്യുക. അപ്പോള്‍ കാണാം മാജിക്‌
2. ഗൂഗിള്‍ സെര്‍ച്ചിനെ 360 ഡിഗ്രി കറക്കാം
Do a barrel roll എന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ സെര്‍ച്ച്‌ ചെയ്താല്‍ മാത്രം മതി.
3. ഗൂഗിളിനെ വെള്ളത്തിലിടാം
Underwater Google എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ പിന്നെ ഗൂഗിള്‍ മൊത്തം വെള്ളത്തിലാകും.
4. ഗ്വിറ്റാര്‍ വായിക്കാനും ഗൂഗിള്‍
Google guitar എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ മാത്രം മതി ഇത് കാണാന്‍
5. പഴയ ഡോസ് വേര്‍ഷന്‍ ആക്കാം
ഇതിനായി Google terminal എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ മാത്രം മതി
6. ഗൂഗിള്‍ സ്ഫിയര്‍
ഇതിനായി Google sphere എന്ന് സെര്‍ച്ച്‌ ചെയ്താല്‍ മതി
7. ഗൂഗിള്‍ കണ്ണാടി
ഗൂഗിളിനെ കണ്ണാടിയില്‍ കാണുന്ന പോലെ കാണുവാന്‍ elgoog എന്ന് സേര്‍ച്ച്‌ ചെയ്താല്‍ മാത്രം മതി
8. മൗസ് പോകുന്നിടത്ത് എല്ലാം വെള്ളം
അതിനു വേണ്ടി Google pond എന്ന് സെര്‍ച്ച്‌ ചെയ്താല്‍ മതി
9. ചെരിഞ്ഞ ഗൂഗിള്‍
ഇതിനു വേണ്ടി tilt എന്നോ askew എന്നോ സേര്‍ച്ചിയാല്‍ മതി
10. ഗൂഗിളിനു ഗ്രാവിറ്റി വന്നാല്‍
Google gravity എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ ആ കാര്യം സാധിക്കും.


Wednesday, July 17, 2013

തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌

എങ്ങും നിശബ്‌ദത!
എല്ലാ ബഹളങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാവരും നീണ്ട നിദ്രയിലേക്ക്‌ അടങ്ങിയൊതുങ്ങിയിരിക്കുന്നു. ഒരാള്‍ തന്റെ പുതപ്പ്‌ നീക്കി പതുക്കെ എണീക്കുന്നു. ആരെയും ശല്യപ്പെടുത്താതെ അയാള്‍ വുദ്വൂവെടുത്ത്‌ നമസ്‌കാരത്തില്‍ മുഴുകുന്നു.


സൂര്യന്‍ ഉറക്കമുണരാന്‍ ഇനിയും സമയമുണ്ട്‌. അയാള്‍ നീണ്ട പ്രാര്‍ഥനയില്‍, നീണ്ട സുജൂദുകള്‍, റുകൂഉകള്‍, കണ്ണീരണിഞ്ഞ തൗബയുടെ സ്വരം....... സ്‌നേഹനിധിയായ സര്‍വശക്തനോട്‌ എല്ലാം പറയുന്നു. പുതിയൊരു പ്രഭാതത്തെ സ്വീകരിക്കുമ്പോള്‍ ആ മനസ്സും ജീവിതവും എത്ര ആഹ്ലാദകരമായിരിക്കും........!
രാത്രിനമസ്‌കാരം ഏറ്റവും സുപ്രധാനമായ ഒരു സുന്നത്ത്‌ നമസ്‌കാരമാണ്‌. വിശ്വാസത്തെ ശക്തമാക്കാനും മനസ്സിനെ ഏകാഗ്രമാക്കാനും പാപങ്ങള്‍ പൊറുത്തുകിട്ടാനും ഉത്തമമായ ഒരവസരമാണ്‌ `തഹജ്ജുദ്‌.' നമ്മുടെയുള്ളിലെ തഖ്‌വയും ഈമാനും പോറലുകളില്ലാതെ നിലനിര്‍ത്താനും കൂടുതല്‍ വേരുറച്ചതാക്കാനും തഹജ്ജുദിലെ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും പ്രചോദനം നല്‌കുന്നു.
പ്രവാചകതിരുമേനി(സ) രാത്രി നമസ്‌കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇഹപരലോകത്തുള്ള അതിന്റെ ശ്രേഷ്‌ഠത വിവരിച്ചിരുന്നു. തിരുമേനി(സ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ രാത്രിനമസ്‌കാരത്തിന്‌ കൂടുതല്‍ പ്രാധാന്യം കല്‌പിക്കപ്പെട്ടിരുന്നു. ``അല്ലയോ മൂടിപ്പുതച്ചവനേ, നിശാവേളയില്‍ എഴുന്നേറ്റ്‌ നമസ്‌കരിക്കൂ'', തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ രാത്രി നമസ്‌കാരത്തെ സംബന്ധിച്ച്‌ പ്രവാചകതിരുമേനിക്കുള്ള നിര്‍ദേശങ്ങളായിരുന്നു.
രാത്രിനമസ്‌കാരത്തിന്‌ തുല്യമായ മറ്റൊരു പാഥേയമോ സഹായമോ ഇല്ല. സത്യവിശ്വാസികളെ അത്‌ അങ്ങേയറ്റം സഹായിക്കുന്നു. നിര്‍ണയിക്കാനോ വിഭാവനചെയ്യാനോ കഴിയാത്തത്ര സാധ്യതകളും കഴിവുകളും രാത്രി നമസ്‌കാരം പ്രദാനംചെയ്യുന്നു. രാത്രി എഴുന്നേല്‌ക്കുന്നത്‌ ആത്മനിയന്ത്രണമാര്‍ജിക്കാന്‍ ഏറെ സഹായകവും നേരാംവണ്ണം ഖുര്‍ആന്‍ ഓതാന്‍ ഉചിതവുമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌.
നബിതിരുമേനി(സ)യുടെ ഒരു വചനംനോക്കൂ: ``നിങ്ങള്‍ രാത്രിനമസ്‌കാരത്തില്‍ നിഷ്‌ഠയുള്ളവരാവുക. സുകൃതവാന്മാരായ പൂര്‍വികരുടെ മാതൃകയും ദൈവസാമീപ്യം നേടിത്തരുന്നതും തിന്മകളെ മായ്‌ച്ചുകളയുന്നതും പാപത്തില്‍നിന്ന്‌ തടയുന്നതും ശരീരസൗഖ്യം നല്‌കുന്നതുമാകുന്നു രാത്രി നമസ്‌കാരം.''(ത്വബ്‌റാനി, തിര്‍മിദി)
ഒരു പ്രബോധകനെ സംബന്ധിച്ചിടത്തോളം ശക്തമായ പിടിവ
ള്ളിയും ആശ്വാസവേളയുമാണ്‌ തഹജ്ജുദിന്റെ സമയം. സ്വന്തം പ്രവര്‍ത്തനങ്ങളെയും ആത്മാര്‍ഥതയെയും പരിചിന്തനം നടത്താനും വിഷമതകള്‍ പങ്കുവെക്കാനും ആ സമയം അയാള്‍ക്ക്‌ ഉത്തമമായിത്തീരുന്നു.
മനസ്സും ശരീരവും ഒട്ടും സമ്മതിക്കാത്ത ഒരു സമയത്ത്‌, കിനാവുകണ്ട്‌ കിടന്നുറങ്ങുന്ന വേളയില്‍ അതെല്ലാം ഒഴിവാക്കി എഴുന്നേറ്റ്‌ ആരാധനകളില്‍ മുഴുകുക എന്നത്‌ ശക്തമായ ആത്മനിയന്ത്രണമുള്ളവര്‍ക്ക്‌ മാത്രം സാധിക്കുന്നതാണ്‌.

ത്വബ്‌റാനി ഉദ്ധരിച്ച മറ്റൊരു ഹദീസ്‌ നോക്കൂ: 
തിരുമേനി(സ) പറഞ്ഞു: ``ഒരാള്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക്‌ വന്നുപറയും: `എഴുന്നേല്‌ക്കൂ, നേരം അതിക്രമിച്ചിരിക്കുന്നു. നമസ്‌കരിക്കുക, നിന്റെ നാഥനെ സ്‌മരിക്കുക.' എന്നാല്‍ അവന്റെയടുത്ത്‌ പിശാച്‌ വന്നു പറയും: `ഇനി നീണ്ട രാത്രിയാണ്‌. ഇപ്പോള്‍ ഉറങ്ങുക, പിന്നെ എഴുന്നേല്‌ക്കാം. ഇപ്പോള്‍ എഴുന്നേറ്റ്‌ നമസ്‌കരിച്ചാല്‍ കണ്ണില്‍ ഉറക്കച്ചടവുണ്ടാവും, ശരീരം മെലിയും.' ഈ മനുഷ്യന്‍ പിശാചിനെയാണ്‌ അനുസരിക്കുന്നതെങ്കില്‍ നമസ്‌കരിക്കാതെ ഉറങ്ങുന്നു. പിശാച്‌ അവന്റെ ചെവിയില്‍ മൂത്രമൊഴിക്കുന്നു.''

സുഹൃത്തെ, നമ്മള്‍ ഇത്ര കാലമായി ആരെയാണ്‌ അനുസരിച്ചത്‌?


From: www.tharbiya.blogspot.com

Monday, July 15, 2013

വെറുതെ അല്ല ഭാര്യ?


jjkjkjzarr


വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളില്‍ തേനില്‍ ചാലിച്ച മധുര ഭാഷിതങ്ങളില്‍ സമ്പുഷ്ട്മാണ് പല ദാമ്പത്യമെങ്കിലും പതിയെ പതിയെ അത് കുറയുകയും അവസാനം പുരുഷകേന്ദ്രീകൃതമായ ഒരു അധീശമനോഭാവത്തിലേക്കും ഇടപഴകലിലേക്കും അത് പരിണമിച്ചു വരുന്നതാണ് കാണാറ്. നിത്യജീവിതത്തിലെ ആകസ്മിക ഇടപെടലുകളില്‍ നാം കാണുന്ന അന്യസ്ത്രീയോടു കാണിക്കുന്ന വിനയാദരങ്ങളുടെ നാലിലൊന്ന് പോലും പലരും സ്വന്തം കുടുംബിനിക്ക് കൊടുക്കുന്നില്ല എന്നതല്ലേ സത്യം? പറയാന്‍ ശ്രമിച്ചത് ആധുനിക സോസൈറ്റി മദാമ്മമാര്‍ ആവശ്യപ്പെടുന്ന 'സ്ത്രീ പരുഷ സമത്വ ' ആര്‍പ്പുവിളികളുടെ അരികു പിടിച്ചല്ല . പക്ഷെ ജീവിതത്തിന്റെ അര്‍ദ്ധാംശം ആയ ഭാര്യമാരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സമത്വാധിഷ്ഠിത കൂവലുകള്‍ക്കപ്പുറം സ്‌നേഹോഷ്മളമായ ഒരു സമീപന രീതിയുടെ അനിവാര്യതയെ കുറിച്ചാണ്.

ജനിച്ചു വളര്‍ന്നു ജീവിച്ച പരിസരങ്ങളെ പാടെ മറന്നുകൊണ്ടാണ് ഒരു സ്ത്രീ, പുരുഷന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. കുടുംബ ബന്ധങ്ങളോട് മാത്രമല്ല, കുട്ടിക്കാലം മുതല്‍ അവള്‍ ഓര്‍ത്തതും ഓമനിച്ചതുമായ എല്ലാത്തിനോടും കൂടി വിടപറഞ്ഞാണവള്‍ പടിയിറങ്ങുന്നത്. ഒരേ ഒരു പ്രതീക്ഷയില്‍.. തന്റെ ജീവിതത്തിലെ സ്വപ്നവും സങ്കല്‍പവും സന്താപ സന്തോഷങ്ങളും എല്ലാം പങ്കു വെക്കാമെന്നു താന്‍ നിനക്കുന്ന പുരുഷന്റെ തണലിലേക്ക്.. അങ്ങിനെ ഒരര്‍ഥത്തില്‍ സര്‍വ പരിത്യാഗിനിയായി കടന്നു വരുന്നവളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ചില്ലെങ്കില്‍ അതൊരു അക്ഷന്ത്യവ്യമായ അപരാധം തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ, പലപ്പോഴും ഞാന്‍ അടങ്ങുന്ന പുരുഷലോകം അവളെ ഗണിക്കുന്നതോ .. എന്റെ 'കെട്ട്യോള്‍ ' ഞാന്‍ പറയുന്നത് കേട്ടും അനുസരിച്ചും എന്റെ തന്നിഷ്ട്ടങ്ങളെ ചോദ്യം ചെയ്യാതെയും ഞാന്‍ ഉണ്ടാക്കുന്ന കുട്ടികളെ പരിപാലിച്ചും അടങ്ങിയിരിക്കെണ്ടവള്‍'

ഓര്‍മ്മ വരുന്നത് ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖ് (റ) കാലത്തെ ഒരു സംഭവമാണ്. പ്രജാതല്‍പരനും ആദര്‍ശ കണിശക്കാരനും എല്ലാത്തിലുമുപരി നീതിമാനുമായ ഖലീഫ. തര്‍ക്കവിതര്‍ക്കങ്ങളിലും വഴക്കിലും നീതിയുടെ പക്ഷത്തുനിന്ന് അണുവിട മാറാത്ത വാശിക്കാരന്‍. സമ്പല്‍സമൃദ്ധിയുടെയുടെയും സമാധാന പൂര്‍ണതയുടെയും നിറവില്‍ മദീന. ഒരിക്കലൊരു സായം സന്ധ്യയില്‍ എന്തോ ആവലാതി ബോധിപ്പിക്കാനായി എത്തിയ ആഗതന്‍ ഖലീഫയുടെ വാതിലില്‍ മുട്ടി. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ ഭര്‍ത്താവിനു സമയമില്ല എന്ന പരാതിയില്‍ സംസാരിക്കുന്ന ഖലീഫാ പത്‌നിയുടെ ശബാദാധിക്യത്തില്‍ ഖലീഫ അത് കേട്ടില്ല. ആഗതന്‍ വീണ്ടും മുട്ടി. ഭാര്യയുടെ പരാതിപ്രളയത്തില്‍ ഒന്നും മിണ്ടാതെ ഇരിക്കുന്ന ഉമര്‍.. എന്തോ ഒരു വേറിട്ട ശബ്ദം സംശയിക്കുകയും അതിന്റെ ഉറവിടം തേടി വാതില്‍ തുറക്കുകയും ചെയ്തു.. ആരെയും കണ്ടില്ല. മനസ്സുറപ്പിക്കാന്‍ വേണ്ടി വാതിലിനു ചുറ്റും സൂക്ഷമതയോടെ നിരീക്ഷിച്ചപ്പോള്‍ കാണുന്നത് ഇരുളില്‍ ഒരു മനുഷ്യ രൂപം നടന്നു നീങ്ങുന്നതാണ്. എന്തോ പന്തികേട് തോന്നിയ ഖലീഫ ചോദിച്ചു. ആരാണത്? ആഗതന്‍ മറുപടി പറയാതെ നടത്തത്തിനു വേഗത കൂട്ടി. ഒരു നിമിഷം.. ഉറയില്‍ നിന്നും ഊരിയ വാളുയര്‍ത്തി ഉമര്‍ പറഞ്ഞു. 'ഇത് ഖത്താബിന്റെ മകന്‍ ഉമറാണ്. ആരായാലും അവിടെ നില്‍ക്കുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തില്ലെങ്കില്‍ അല്ലാഹുവാണ് സത്യം, ഈ വാള്‍തലപ്പ് നിന്റെ ശിരസ്സിന്റെ രുചിയറിയും'

അയാള്‍ ഉമറിന്റെയടുത്തേക്ക് തിരിഞ്ഞു നടന്നു. അടുത്തെത്തിയതും ആളെ മനസ്സിലാക്കിയ ഉമര്‍ ചോദിച്ചു. 'താങ്കള്‍ ഈ സമയത്തെന്താ ഇവിടെ'? പിന്നെ അയാള്‍ മടിച്ചില്ല. തന്റെ മൗനം ഇനിയും അപകടകരവും തെറ്റിധാരണാപരവും ആവുമെന്ന് മനസ്സിലാക്കി ആ മനുഷ്യന്‍ പറയാന്‍ തുടങ്ങി. 'അല്ലയോ നീതിമാനായ ഖലീഫാ, അത്യന്തം അസഹനീയമായ ഒരു വിഷയത്തിന്റെ പരിഹാരം തേടിയാണ് ഞാന്‍ അങ്ങയെ സമീപിച്ചത് '. രാജ്യ ഭരണവുമായി ബന്ധപ്പെട്ട ഒരു വിഷയമാണെന്ന് കേട്ട ഖലീഫ, അദ്ദേഹത്തെ ആദരപൂര്‍വ്വം വീട്ടിലേക്കു ക്ഷണിച്ചിരുത്തി കാര്യങ്ങള്‍ ആരായാന്‍ ശ്രമിച്ചു. അയാള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു. 'ഇല്ല അമീര്‍. അതിനി പറയുന്നില്ല. അത് അങ്ങയെ കൊണ്ടും പരിഹരിക്കാന്‍ സാധ്യമല്ല എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി'. ക്ഷിപ്രകോപിയായ ഉമറിനു നിയന്ത്രിക്കാനായില്ല. 'എന്ത്, അല്ലാഹുവിന്റെ തിരുദൂതരുടെ വിയോഗ ശേഷം ഒന്നാം ഖലീഫ അബൂബക്കര്‍(റ) സ്തുത്യര്‍ഹമായി നയിച്ച ഇസ്‌ലാമിക ലോകത്ത് നീതി നടപ്പാക്കാന്‍ കഴിയാത്തവനാണ് ഞാനെങ്കില്‍ ഈ സ്ഥാനത്ത് തുടരാന്‍ എനിക്ക് അര്‍ഹതയില്ല. താങ്കള്‍ കാര്യം എന്താണെന്നു പറഞ്ഞെ തീരൂ'.

അയാള്‍ വിനയത്തോടെ മൊഴിഞ്ഞു. 'അമീര്‍, താങ്കള്‍ ഇത്ര പരവശനാവാന്‍ മാത്രം ഒന്നുമില്ല. വീട്ടിലെത്തുമ്പോള്‍ സ്ഥിരമായി അതുമിതും പറഞ്ഞു എന്നെ ശകാരിച്ചു സൈ്വര്യം കെടുത്തുന്ന എന്റെ ഭാര്യയെ കുറിച്ച് പറഞ്ഞു ഒരു പരിഹാരം അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍ വന്നു വാതിലില്‍ മുട്ടിയത്. പക്ഷെ രാജ്യം ഭരിക്കുന്ന, പേര് കേട്ടാല്‍ ചെകുത്താന്‍ പോലും വഴിമാറി നടക്കുന്ന , വീരശൂര പരാക്രമിയായ അങ്ങു പോലും സ്വന്തം ഭാര്യയുടെ മുന്നില്‍ ശബ്ദം നിലച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ അക്കാര്യം എങ്ങിനെ അങ്ങയുടെ മുന്നില്‍ പറയും. അത് കൊണ്ടാണ് ശ്രമം ഉപേക്ഷിച്ചു തിരികെ നടന്നത്.'

കോപിഷ്ഠനായ ഖലീഫയുടെ മുഖത്തു ഇത് കേട്ടപ്പോള്‍ ഇളം ചിരി വിരിഞ്ഞു. 'ഓ അതാണോ സഹോദരാ കാര്യം. ഇരിക്കൂ. ഞാന്‍ പറയാം'.
 ഉമര്‍ പറയാന്‍ ആരംഭിച്ചു.
'നോക്കൂ, നമ്മുടെ ഭാര്യമാര്‍ എത്രമാത്രം ത്യാഗം ചെയ്യുന്നു. ഒരു പരിചയവുമില്ലാത്ത കൈകളില്‍ പിതാവ് ഏല്‍പിച്ച അന്നുമുതല്‍ നമ്മെ മാത്രം വിശ്വസിച്ചും സ്‌നേഹിച്ചും വീട് വിട്ടവര്‍. നമുക്കായി ഭക്ഷണം സമയാസമയം ഒരുക്കുന്നു. നമ്മുടെ വസ്ത്രങ്ങള്‍ അലക്കുന്നു. നമ്മുടെ വീട് വൃത്തിയാക്കുന്നു. നമ്മുടെ അഭാവത്തിലും വീട്ടിലെത്തുന്ന അതിഥികളെയും അയല്‍ക്കാരെയും സ്വീകരിക്കുന്നു. നമ്മുടെ കിടക്ക വിരിപ്പ് വിരിച്ചു നമുക്ക് സുഖം നല്‍കുന്നു. നമ്മുടെ കുട്ടികളെ ശുശ്രൂഷിച്ചു സമയാ സമയങ്ങളില്‍ അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നു. സത്യത്തില്‍ മിതമായി പകുതി ഉത്തരവാദിത്വമെങ്കിലും ഈ കാര്യത്തില്‍ പേറേണ്ട നാം എന്ത് പങ്കാണ് ഈ കാര്യത്തില്‍ നിറവേറ്റുന്നത്? പുലര്‍ച്ചെ വീട് വിട്ടിറങ്ങുന്ന ഞാന്‍ പലപ്പോഴും പാതിരാക്കാണ് വീട്ടില്‍ എത്തുന്നത്. ചിലപ്പോള്‍ വരാനും കഴിയാറില്ല. എന്നിട്ടും എന്റെ വീടും കുടുംബവും അവള്‍ സംരക്ഷിക്കുന്നു. നിത്യവും വൈകി ഉറങ്ങുന്ന അവര്‍ നേരത്തെ ഉണര്‍ന്ന് ഞാന്‍ ഉണരുമ്പോഴേക്കും ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നു. ഇതൊക്കെ ചെയ്യുന്ന അവര്‍ക്ക് അതിന്റേതായ ക്ഷീണവും മാനസിക സംഘര്‍ഷവും ഉണ്ടാവില്ലേ. അതൊന്നു ഇങ്ങനെ പറഞ്ഞു തീര്‍ക്കാനെങ്കിലും നാം അവര്‍ക്ക് അവസരവും സ്വാതന്ത്ര്യവും നല്‍കേണ്ടെ? ഇനിയിതൊക്കെ പറഞ്ഞാലും കിടപ്പുമുറിയിലേക്ക് തൂമന്ദഹാസവും പൊഴിച്ചുകൊണ്ട് അവര്‍ അല്‍പം കഴിഞ്ഞാല്‍ വരില്ലേ'.
 'ആഗതന്‍ സ്തബ്ധനായി. അയാള്‍ ചിന്തിച്ചു. ആനന്ദാശ്രുക്കള്‍ പൊടിഞ്ഞ മിഴിയുയര്‍ത്തി അയാള്‍ പറഞ്ഞു. ശരിയാണ് അമീര്‍. എന്റെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ഞാന്‍ പോകുന്നു'. ദാമ്പത്യബന്ധങ്ങളില്‍ പലപ്പോഴും തന്നിഷ്ടം മാത്രം നടപ്പിലാക്കപ്പെടണമെന്ന് കരുതുന്ന പുരുഷന്മാര്‍ക്ക് ഖലീഫയുടെ വാക്കുകള്‍ ഒരു പാഠം ആവട്ടെ.


By:
ബിന്‍ ഹുസൈന്‍

നവജാത ശിശുവിനെ സ്വീകരിക്കുമ്പോള്‍




newbornസന്താനങ്ങള്‍ ഐഹിക ജീവിതത്തിന്റെ അലങ്കാരവും കണ്‍കുളിര്‍മയുമാണ്. ജനനം മുതല്‍, മൂല്യങ്ങളുടെയും നന്മയുടെയും അടിത്തറയില്‍ മക്കളെ വളര്‍ത്തുന്നതിനും കൃത്യമായി പരിപാലിക്കേണ്ടുന്നതിനും ആവശ്യമായ മാര്‍ഗരേഖ ഇസ്‌ലാം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ജനനത്തിന് തൊട്ടുടനെ പാലിക്കേണ്ട നിയമങ്ങളും മര്യാദകളുമാണ് ഇതില്‍ പ്രഥമമായത്.

സന്താനസൗഭാഗ്യത്തെക്കുറിച്ച സന്തോഷവാര്‍ത്തയും കുഞ്ഞിന്റെയും ഉമ്മയുടെയും സുഖവിവരങ്ങളും ആദ്യം പിതാവിനെ അറിയിക്കുക. ഇസ്ഹാഖ്(അ)യുടെ ജനനത്തെപ്പറ്റി ഇബ്രാഹിം നബിക്കും, യഹ്‌യ(അ)യുടെ ജനനത്തെപ്പറ്റി സകരിയ്യ നബിക്കും സന്തോഷവാര്‍ത്ത ലഭിച്ചത് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ഇപ്രകാരം സന്താനസൗഭാഗ്യത്തെപ്പറ്റി അറിയിക്കുമ്പോള്‍ ആ സന്ദര്‍ഭം എന്നെന്നും പച്ചപിടിച്ചുനില്‍ക്കുന്ന ഓര്‍മ്മയായി നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിയുടെ പിതാവിനെ സന്തോഷം നിറയുന്ന വാക്കുകളാല്‍ അഭിനന്ദിക്കുന്നതും പറ്റുമെങ്കില്‍ ലളിതമായ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുന്നതും സന്ദര്‍ഭത്തെ കൂടുതല്‍ സന്തോഷം നിറഞ്ഞതാക്കും. 'പാരിതോഷികങ്ങള്‍ നല്‍കി നിങ്ങള്‍ പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കൂ' എന്ന നബി വചനം പ്രസക്തം. സാധ്യമാവുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ കുഞ്ഞിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കണമെന്ന് പ്രവാചകന്‍ പഠിപ്പച്ചിട്ടുണ്ട്.  ഉന്നതനായ ദൈവത്തിന്റെ നാമം ആദ്യം കേള്‍ക്കാനും പിശാചിന്റെ ഉപദ്രവത്തില്‍ നിന്നുള്ള കാവല്‍ കുഞ്ഞിനുണ്ടാവാനും ഇത് കാരണം സാധിക്കും. കുഞ്ഞിന്റെ വായില്‍ മധുരം തൊട്ടു കൊടുക്കുക. തേനോ, നന്നായി ചവച്ചരച്ച ഈത്തപ്പഴമോ വിരലിലാക്കി, മധുരം വായില്‍ മുഴുവന്‍ ആവും വിധം മൃദുലമായി പുരട്ടിക്കൊടുക്കുന്നതാണ് അതിന്റെ രീതി. മുലകുടിക്ക് പാകമാകും വിധം വായിലെ പേശികള്‍ പ്രവൃത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സമീകരിക്കാനും ജനന സമയത്തുള്ള അമിത ചൂടിനെ ചെറുക്കാനും പ്രഥമ ഘട്ടത്തിലെ ഈ മധുരം നല്‍കല്‍ മുഖേന സാധിക്കുമെന്ന് ആധുനിക ശാസ്ത്രം പറയുന്നു. നബി(സ), നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വായില്‍ മധുരം തൊട്ടുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നെന്ന് ആയിശ(റ) പറയുന്നു. സാധിക്കുമെങ്കില്‍ ഏഴാം ദിവസമോ അല്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് ദിവസങ്ങളിലോ കുട്ടിയുടെ മുടി കളയുകയും ആ മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളിയോ, നാണയമോ ദാനം ചെയ്യലും സുന്നത്താണ്. മുടി വടിക്കുന്നതു വഴി തലയിലെ പേശികള്‍ ശക്തിയാര്‍ജിക്കുകയും ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്നു. ദൈവത്തോടുള്ള നന്ദിപ്രകാശനത്തിന്റെയും, സന്തോഷസമയത്തും അഗതികളോടുള്ള
ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് മുടിയുടെ തൂക്കത്തിനനുസരിച്ചുള്ള ദാനം. ഹസന്റെയും ഹുസൈന്റെയും സൈനബിന്റെയും ഉമ്മുകുല്‍സൂമിന്റെയും ജനനസമയത്ത് ഫാത്തിമ(റ) ഇപ്രകാരം മുടിയുടെ തൂക്കം വെള്ളി ദാനമായി നല്‍കിയിരുന്നു.

നല്ല അര്‍ഥമുള്ളതും വിളിക്കാനും ഉച്ചരിക്കാനും എളുപ്പമുള്ളതുമായ പേരുകളിടുന്നതാണ് ഉത്തമം. കാരണം, ആജീവനാന്തം വിളിക്കപ്പെടേണ്ട ഒന്നാണല്ലോ അത്. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: 'നിങ്ങളുടെ സ്വന്തം പേരിലും പിതാക്കളുടെ പേരിലുമാണ് നാളെ പരലോകത്ത് വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ വിളിക്കുക'.  ജനിച്ച് ഏഴാം നാളില്‍ പേര് വിളിക്കലാണ് സുന്നത്ത്. അതിന് മുമ്പായാലും വിരോധമില്ല. മറ്റൊന്ന് കുട്ടിയുടെ പേരില്‍ അഖീഖത്ത് അറുക്കലാണ്. സാധാരണ അറുക്കുന്ന ബലിക്കപ്പുറം കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദര്‍ഭത്തിലുണ്ട്. ചേലാകര്‍മം ചെയ്യലാണ് മറ്റൊന്ന്. അത് ശാരീരികമായ ആരോഗ്യവും വൃത്തിയും കാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഇപ്രകാരം ജനിച്ച സമയം തൊട്ടേ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന ചിട്ടവട്ടങ്ങളില്‍ പരിപാലിക്കപ്പെട്ടെങ്കിലേ പിന്നീടും സമൂഹത്തിന് ഉപകാരപ്പെടും വിധം മക്കളെ ദീനീ ചട്ടക്കൂടില്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

By:
ഡോ. ഹസന്‍ അബ്ദുല്‍ ഗനി അബൂഗദ

വിവ : ഇസ്മാഈല്‍ അഫാഫ്

Sunday, July 14, 2013

ഒരു പള്ളി നിര്‍മാണത്തിന്റെ കഥ

Kids story


നമസ്‌കാരത്തിനായി പള്ളിയില്‍ കയറിയപ്പോള്‍ പള്ളിമൂലയില്‍ ഒരു ശൈഖും കുറേ കുട്ടികളും ഇരിക്കുന്നതു ശ്രദ്ധയില്‍ പെടുകയുണ്ടായി. അവരുടെ അധരങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്റെ ഈണത്തിലുള്ള പാരായണം കേള്‍ക്കുന്നു. ഫാത്തിഹ അധ്യായം അവര്‍ ഓതിത്തീര്‍ത്തു.
നിഷ്‌കളങ്കരായ ആ കുട്ടികളുടെ മുഖം പ്രസന്നമാണ്, എല്ലാവരും അറബികളുടെ ഖമീസ് ആണ് ധരിച്ചിരിക്കുന്നത്. അവരുടെ ശിരസ്സുകളുല്‍ വെള്ള നിറത്തിലുള്ള തൊപ്പിയുമുണ്ട്.. തുര്‍ക്കിയില്‍ അപൂര്‍വമായ ഒരു കാഴ്ചയായിരുന്നു അത്. അവിടെ ഒരുമിച്ചുകൂടിയതെല്ലാം അഞ്ചുവയസ്സില്‍ താഴെയുള്ള പിഞ്ചോമനകളായിരുന്നു. വടക്ക് ഭാഗത്ത് നിന്ന് ഇളംകാറ്റ് ഓളങ്ങളൊന്നുമില്ലാതെ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. ശൈഖിനോടൊപ്പം കുട്ടികള്‍ ഫാത്തിഹ പാരായണം ഓതിത്തീര്‍ന്നപ്പോള്‍ അവരിലൊരാള്‍ ശൈഖിനോട് ചോദിച്ചു.
-'ഇന്നത്തെ നാണയം ആര്‍ക്കാണ് ലഭിക്കുക?'
ഏറ്റവും നന്നായി ഹൃദിസ്ഥമാക്കുന്ന ആള്‍ക്ക്- ഒരു ചെറു പുഞ്ചിരിയോടെ ശൈഖ് മറുപടി പറഞ്ഞു. ഇന്നത്തെ സമ്മാനമാര്‍ക്കാണെന്ന് അറിയാന്‍ കൗതുകത്തോടെ കുട്ടികള്‍ ശൈഖിലേക്ക് ശ്രദ്ധതിരിച്ചു. ചെറുതായൊന്ന് ചിരിച്ചതിന് ശേഷം ശൈഖ് അവരോട് ചോദിച്ചു.
-'നിങ്ങളോരോരുത്തര്‍ക്കും നാണയം ലഭിച്ചാല്‍ നിങ്ങള്‍ അതുകൊണ്ട് എന്താണ് ചെയ്യുക?'
-'ഞാന്‍ കളിപ്പാട്ടം വാങ്ങും'
-'കളര്‍ വാങ്ങും'
-'പെരുന്നാളിലേക്ക് സമ്പാദ്യമായി ഞാന്‍ സൂക്ഷിക്കും.' ഓരോരുത്തരായി മറുപടി പറഞ്ഞു.
-'അമല്‍ നീ എന്താണ് അതുകൊണ്ട് ചെയ്യുക?' ഉത്തരം പറയാതെ ഒതുങ്ങിയിരിക്കുന്ന അമലിനോട് ശൈഖ് ചോദിച്ചു.
-'ഞാന്‍ മധുരപലഹാരങ്ങള്‍ വാങ്ങും'....അല്‍പം ലജ്ജയോടുകൂടി അവള്‍ പറഞ്ഞു.
ശൈഖ് അവരിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ഇന്നത്തെ വിജയി ആര് എന്നു തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഞാന്‍ ഒരു കഥ പറഞ്ഞുതരാം.
-പള്ളി നിര്‍മാണത്തിന്റെ പ്രതിഫലം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? മുഖവുരയൊന്നുമില്ലാതെ ശൈഖ് അവരിലേക്ക് ഒരു ചോദ്യമെറിഞ്ഞു.
ആരും ഉത്തരം പറയുന്നില്ലെന്ന് കണ്ടപ്പോള്‍ ശൈഖ് വിവരിച്ചു.
-'അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ സ്വര്‍ഗത്തില്‍ അല്ലാഹു അവന് ഒരു വീട് പണിയും. അപ്രകാരം തന്നെ ആരെങ്കിലും ഒരു പള്ളി നിര്‍മിക്കുകയാണെങ്കില്‍ അതില്‍ വെച്ച് നമസ്‌കരിക്കുന്നവരുടേതെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. ഈ പള്ളിയില്‍ നിന്ന് ഇപ്പോള്‍ നമസ്‌കരിക്കുന്നവരിലേക്കും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരിലേക്കും നിങ്ങള്‍ നോക്കൂ. ഇതിന്റെയെല്ലാം പ്രതിഫലം ഈ പള്ളി നിര്‍മിച്ച വ്യക്തിക്ക് ലഭിക്കും.'
സംസാരത്തിനിടെ ഒരു കുട്ടിചോദിച്ചു. 'ഞങ്ങള്‍ പഠിക്കുന്നതിന്റെയും പ്രതിഫലം അയാള്‍ക്ക് ലഭിക്കുമോ?'
-'അതെ മോനെ, തലയാട്ടിക്കൊണ്ട് ശൈഖ് പ്രതികരിച്ചു. നിങ്ങള്‍ പാരായണം ചെയ്യുന്ന ഓരോ വാചകത്തിനും ലഭിക്കുന്നതുപോലുള്ള പ്രതിഫലം അദ്ദേഹത്തിനും ലഭിക്കും. നിങ്ങള്‍ ഇന്ന് ഹൃദിസ്ഥമാക്കിയ ഈ ഫാത്തിഹ നിങ്ങള്‍ പാരായണം ചെയ്യുമ്പോഴെല്ലാം അതിന്റെ ഒരു പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കും.. നിങ്ങള്‍ പിന്നീട് നിങ്ങളുടെ മക്കള്‍ക്കിത് പഠിപ്പിക്കുമ്പോള്‍ അതിന്റെയെല്ലാം പ്രതിഫലം അയാള്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും.
ഉടനെ മുഖമക്കന ഉയര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി പറഞ്ഞു.
-ഇതു തന്നെ ധാരാളമാണല്ലോ..'
നമുക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും എന്ന് പുഞ്ചിരിയോടെ ശൈഖ് പറഞ്ഞു.

-എന്നാല്‍ നാമിരിക്കുന്ന ഈ പളളി നിര്‍മിച്ച വ്യക്തിയുടെ കഥ നിങ്ങള്‍ക്കറിയാമോ? -ശൈഖ് വീണ്ടും ചോദിച്ചു.
അവരെല്ലാം ഒരേയൊരു സ്വരത്തില്‍ അത് എന്താണ് എന്ന് ശൈഖിനോട് ചോദിച്ചു.
-ശൈഖ് നിവര്‍ന്നിരുന്നുകൊണ്ട് അതിന്റ കഥ വിവരിക്കാന്‍ തുടങ്ങി.
-തുര്‍ക്കിയിലെ ഫാത്തിഹ് എന്ന പ്രദേശത്ത് ഖൈറുദ്ദീന്‍ അഫന്‍ദി എന്നു പേരുള്ള ദൈവബോധമുള്ള  ഒരു വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം വലിയ ഒരു പണ്ഡിതനോ പ്രബോധകനോ ഒന്നുമായിരുന്നില്ല. പക്ഷെ, നന്മയെയും ദീനിനെയും അതിയായി സ്‌നേഹിച്ച ഒരു സാധാരണക്കാരനായിരുന്നു. ഒരു പള്ളി നിര്‍മിക്കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു...പക്ഷെ അതിനു വേണ്ട പണം അദ്ദേഹത്തിന്റെ കയ്യിലില്ല താനും.
-പക്ഷെ, അദ്ദേഹം അതില്‍ നിരാശനായില്ല... അദ്ദേഹം അങ്ങാടിയിലേക്ക് പുറപ്പെടും... വല്ല പഴങ്ങളും വാങ്ങാന്‍ കൊതിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് തന്റെ കയ്യിലുള്ള ചെറിയ പെട്ടിയിലിടും. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ അത് തിന്നതുപോലെ!
അങ്ങാടിയില്‍ കൊതിയൂറുന്ന മാംസങ്ങളും മറ്റും കാണുമ്പോള്‍ അദ്ദേഹം തന്റെ കീശയില്‍ നിന്നും അതിനുളള നാണയമെടുത്ത് തന്റെ കയ്യിലുള്ള പെട്ടിയില്‍ നിക്ഷേപിക്കും. എന്നിട്ട് ഞാനത് കഴിച്ചതുപോലെ എന്നു പറയും. ഇത്തരത്തില്‍ ആ പെട്ടി നിറയെ പണം ഒരുക്കൂട്ടുകയുണ്ടായി.. വിശപ്പാലോ ദാരിദ്ര്യത്താലോ അദ്ദേഹം മരണപ്പെടുകയുണ്ടായില്ല.

ഒരു ദിവസം അദ്ദേഹം തന്റെ പെട്ടി തുറന്നു! പള്ളി നിര്‍മാണത്തിനാവശ്യമായ പണം അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ മഹല്ലില്‍ അതുകൊണ്ട് ഒരു പള്ളി നിര്‍മിക്കുകയുണ്ടായി. ഈ പള്ളി നിര്‍മാണത്തിന് ഉതവിയേകിയ നാഥനെ സ്തുതിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി..
ഈ സല്‍ക്കര്‍മിയായ മനുഷ്യന്റെ കഥ നാട്ടിലെല്ലാം പാട്ടായി... അദ്ദേഹം അങ്ങാടിയില്‍ പോയതും 'ഞാന്‍ തിന്നതുപോലെ' എന്ന അദ്ദേഹത്തിന്റ പ്രതികരണവും എല്ലാവരും മനസ്സിലാക്കി. അവര്‍ ആ പള്ളിക്ക് പിന്നീട് 'കഅന്നനീ അകല്‍തു-ഞാന്‍ അത് ഭക്ഷിച്ചതുപോലെ' എന്നു പേര് വിളിക്കുകയും ചെയ്തു പോന്നു..
ആ പള്ളിയിലാണ് നാമിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയെല്ലാം പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.. ആനന്ദത്തിന്റെ സമയത്ത് ഞാനത് തിന്നതുപോലെ എന്ന് അദ്ദേഹം പറഞ്ഞതിന്റെ പേരിലാണ് ഇത് യാഥാര്‍ഥ്യമായത്. കഥക്കിടയില്‍ ശൈഖ് വിവരിച്ചു.

ശൈഖ് മൗനം ദീക്ഷിച്ചു.. നിഷ്‌കളങ്കയായ ആ കൊച്ചുകുട്ടിയുടെ മുഖഭാവം അദ്ദേഹം നിരീക്ഷിച്ചുകൊണ്ടേയിരുന്നു.. പിന്നീട് ശൈഖ് കഥ ഇവിടെ തീര്‍ന്നിരിക്കുന്നു എന്നറിയിച്ചു..
ഇന്നു തന്നെ ഹൃദിസ്ഥമാക്കിയവര്‍ക്കാണ്  ഈ നാണയം എന്നു ശൈഖ് പറഞ്ഞു.
വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചു. ആരാണ് അതിന് അര്‍ഹമായത്? .
ശൈഖ് അമലിനെ ചൂണ്ടിക്കാണിച്ചു. ഇന്നത്തേത് അമലിനാണ് വിധിച്ചതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
എല്ലാവരും അമലിന്റെ കൊച്ചുകൈകളിലെ നാണയങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.. അവ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ തങ്ങളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍ സഫലീകരിക്കാമെന്ന് അവര്‍ ആശിക്കുകയും ചെയ്തു.
 -അമല്‍, ഈ നാണയം കൊണ്ട് നീ എന്താണ് ചെയ്യുക! എന്ന് ശൈഖ് അവളോട് ചോദിച്ചു.. ശൈഖ് ആശ്ചര്യഭരിതനായിക്കൊണ്ട് വീണ്ടും ചോദിച്ചു.. നീ മുമ്പ് പറഞ്ഞത് പോലെ ഹല്‍വ വാങ്ങുകയില്ലേ!
അമല്‍ പറഞ്ഞു. 'ഞാന്‍ ഇതു ശേഖരിച്ചു ഒരു പള്ളി നിര്‍മിക്കും!.'..
ഹൃദയത്തില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളുയര്‍ത്തിക്കൊണ്ടവള്‍ പറഞ്ഞു. ശൈഖ്, ഞാന്‍ മധുരം കഴിച്ചതുപോലെ! ഞാന്‍ കഴിച്ചതുപോലെ!

By: Orkan Mohammadali
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

നമ്മുടെ മക്കളെ റമദാനിനായി ഒരുക്കാം


ramadan child
റമദാനിന്റെ മന്ദമാരുതന്‍ നമ്മിലേക്ക് അടിച്ചു വീശാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കി. നന്‍മയുടെയും പുണ്യത്തിന്റെയും കാരുണ്യത്തിന്റെയും മാസം. നമ്മില്‍ ചിലര്‍ ആ മാസത്തെ വരവേല്‍ക്കുന്നത് രുചികരമായ ഭക്ഷണം കൊതിമാറെത്തിന്നും ഇഷ്ടപാനീയങ്ങള്‍ കുടിച്ചുമൊക്കെയാണ്. പക്ഷെ മറ്റു ചിലര്‍ പ്രാര്‍ത്ഥനകളും നോമ്പും ഖുര്‍ആന്‍ പാരായണവുമെല്ലാം അധികരിപ്പിച്ചു കൊണ്ടാണ് അതിനെ വരവേല്‍ക്കുന്നത്. ഇത്തരം ഒരുക്കങ്ങള്‍ക്കിടയില്‍( ആത്മീയമോ ഭൗതികമോ ഏതായാലും) നമ്മുടെ മക്കളെ നോമ്പിനായി തയ്യാറെടുപ്പിക്കാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കാറില്ല. അതിനു സമയവുമില്ല. ചിലര്‍ക്ക് അവരെ നോമ്പിനായി തയാറെടുപ്പിക്കണമെന്നുണ്ടെങ്കിലും അതിനുള്ള വഴി അവര്‍ക്കറിയില്ല. അക്കാര്യമാണ് ഈ കുറിപ്പിലൂടെ മാന്യ വായനക്കാരെ ഉണര്‍ത്താനുദ്ദേശിക്കുന്നത്. റമദാനെ താല്‍പര്യപൂര്‍വം സ്വീകരിക്കാന്‍ കുട്ടികള്‍ക്ക് ആവേശമുണ്ടാക്കുന്ന ചില കാര്യങ്ങളാണിവ. മാതാപിതാക്കള്‍ പ്രത്യേകം വായിച്ച് പരിശുദ്ധ മാസത്തിനായി കുട്ടികളെ തയാറെടുപ്പിക്കുക.

- വിശുദ്ധമാസത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുക. ആ മാസത്തില്‍ ലഭിക്കാന്‍ പോകുന്ന ദൈവികമായ പ്രതിഫലത്തെക്കുറിച്ചും പുണ്യങ്ങളെക്കുറിച്ചും കുട്ടികളുടെ മനസില്‍ മികച്ച ധാരണയുണ്ടാക്കാന്‍ അതുവഴി സാധിക്കും. അവരുടെ ചിന്തയിലും കര്‍മ്മങ്ങളിലും താല്‍പര്യമുണര്‍ത്തുന്ന വിധത്തില്‍ ആ മാസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു കൊടുക്കുക.

- റമദാനുമായി ബന്ധപ്പെട്ട കഥകളും റമാദാനില്‍ നടന്ന സംഭവങ്ങളും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക.

- ചെറുപ്പത്തില്‍ തങ്ങള്‍ക്കുണ്ടായ നല്ല നോമ്പനുഭവങ്ങളും ഓര്‍മ്മകളും മക്കളുമായി പങ്കുവെക്കുക.

പ്രോത്സാഹനവും പങ്കാളിത്തവും

- റമദാനുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്നൊരുക്കങ്ങളില്‍ മക്കളെയും പങ്കാളികളാക്കുക. വീട് വൃത്തിയാക്കി അലങ്കരിക്കുമ്പോഴും വീട്ടു സാധനങ്ങള്‍ വാങ്ങുമ്പോഴുമൊക്കെ. അത്തരം പങ്കാളിത്തം മക്കളില്‍ റമദാനോട് ഇഷ്ടമുണ്ടാക്കും. റമാദാന് ബാക്കിയുള്ള ദിനങ്ങള്‍ അടയാളപ്പെടുത്തിയ ചാര്‍ട്ട് നിര്‍മ്മിച്ച് , എത്ര ദിവസം ബാക്കിയുണ്ടെന്ന് നിരന്തരം അവരോട് ആരായുക.

മുന്നൊരുക്കങ്ങള്‍

- റമാദാനു മുമ്പ് ഏതെങ്കിലും ഒരു ദിവസം കുടുംബത്തിലെ കുട്ടികളെ മുഴുവന്‍ കുട്ടികളെയും ഒരുമിച്ചു കൂട്ടി ഒരു കുടുംബ പരിപാടി സംഘടിപ്പിക്കുക.

- കൊച്ചു കൊച്ചു സമ്മാനങ്ങള്‍ വാങ്ങുകയും നോമ്പിന്റെ മുമ്പ് ആ സമ്മനങ്ങള്‍ കുട്ടികളെക്കൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യിക്കുക.

- റമദാനിലുടനീളം ഗൃഹയോഗങ്ങള്‍ സംഘടിപ്പിക്കുക. ഖുര്‍ആന്‍ പാരായണവും സംസ്‌കരണ പ്രവര്‍ത്തനങ്ങളും നടത്തുകയും കുട്ടികള്‍ക്കാവും വിധം അവരെ പങ്കെടുപ്പിക്കുകയും ചെയ്യുക.

- നോമ്പുകാരന്റെ പ്രാര്‍ത്ഥന പടച്ചവന്‍ പെട്ടെന്നു കേള്‍ക്കുമെന്ന് കുട്ടികളെ ധരിപ്പിക്കുക. നോമ്പിന്റെ അവസാനത്തില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. ഈമാനികമായ ആവേശം എന്നും കുട്ടികളില്‍ നിറക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തക. കാരണം അതു വഴി മാതാപിതാക്കളെ അനുസരിക്കാനും അനുധാവനം ചെയ്യാനും റമാദനെ സ്വീകരിക്കാനും കുട്ടികളില്‍ താല്‍പര്യമുണ്ടാകും.

വിവ : ഇസ്മാഈല്‍ അഫ്ഫാഫ്

ഉന്മേഷം ഒരു പകല്‍ മുഴുവന്‍




ഓഫീസ് ജോലിയുടെ ടെന്‍ഷന്‍, വ്യായാമക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍... ഇതിനെല്ലാമുള്ള പരിഹാരം ഈ വിഭവങ്ങളിലുണ്ട്.
 തയ്യാറാക്കിയത്: സുനി ഷിബു, ഡയറ്റീഷ്യന്‍, ഗവ. ജനറല്‍ ആസ്പത്രി, കോഴിക്കോട്.


രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ എവിടെ നേരം. ഒന്നുകില്‍ ബ്രെഡും ജാമും പൊതിഞ്ഞെടുക്കും, അല്ലെങ്കില്‍ കോണ്‍ഫ്ലേക്‌സോ ബിസ്‌കറ്റോ. ഇതൊക്കെ കഴിച്ച്, ഓഫീസില്‍ അനങ്ങാതിരുന്ന് ജോലി കൂടി ചെയ്യുമ്പോള്‍ രോഗങ്ങള്‍ വരാന്‍ എളുപ്പമായി. ചെറിയപ്രായത്തിലേ കൊളസ്‌ട്രോളും പ്രമേഹവും പൊണ്ണത്തടിയും.

ഇഡ്ഡലിയും പുട്ടും ദോശയും ചട്ട്ണിയും കടലക്കറിയുമൊക്കെ തീന്‍മേശയില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. അതോടെ അരിയും പയറും ചേരുന്ന വിഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് കിട്ടാത്ത അവസ്ഥയായി. സ്വന്തം ഭക്ഷണരീതികളോ കുടുംബത്തില്‍ ഉള്ളവരുടെ ഭക്ഷണരീതികളോ ശ്രദ്ധിക്കാന്‍ സ്ത്രീകള്‍ക്ക് സമയം തികയുന്നുമില്ല. രാവിലെ നാമമാത്രമായ പ്രാതല്‍. അതും ചിലപ്പോള്‍ കഴിച്ചില്ലെന്നും വരാം. ഫലമോ, ഓഫീസില്‍ എത്തിയാല്‍ ഇടനേരങ്ങളില്‍ എണ്ണയില്‍ വറുത്ത ഭക്ഷണവും ജങ്ക് ഫുഡും കഴിക്കേണ്ടി വരും.

ആവശ്യത്തിന് ഊര്‍ജവും മാംസ്യവും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണശൈലി ശീലമാക്കണം. റാഗി സ്ഥിരമായി ഉപയോഗിക്കാം. അതിലുള്ള കാത്സ്യം, ഇരുമ്പ്, നാരുകള്‍ എന്നിവ പ്രധാന പോഷകങ്ങളാണ്. ഭക്ഷ്യനാരുകള്‍ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കാന്‍സര്‍ പ്രതിരോധിക്കുമെന്നും പഠനങ്ങളുണ്ട്. മഞ്ഞ, പച്ച, ഓറഞ്ച്, ചുവപ്പ് മുതലായ നിറങ്ങളില്‍ ഉള്ള പഴങ്ങള്‍ കാന്‍സര്‍ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചായയ്ക്ക് പകരമായി ഗ്രീന്‍ ടീ ശീലിച്ചുനോക്കൂ. അതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് നല്ലതാണ്. ഗ്രീന്‍ ടീ ശരീരത്തിലെ അമിത കൊഴുപ്പ് അലിയിച്ചുകളയും. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ വിറ്റമിന്‍-സിയുടെ കലവറയാണ്. രോഗ പ്രതിരോധ ശക്തി കിട്ടുന്നതിനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും വിറ്റമിന്‍ സിയ്ക്ക് കഴിയും. ഇല വര്‍ഗങ്ങളില്‍ ഭക്ഷ്യ നാരുകളും വിറ്റാമിനുകളും ധാരാളമുണ്ട്. വാഴപ്പിണ്ടിയിലും ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയുന്നതിനും പ്രമേഹ നിയന്ത്രണത്തിനും ഇത് നല്ലതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായിരിക്കാന്‍ സഹായിക്കുന്ന ചില വിഭവങ്ങള്‍ ഇതാ.

ഉലവയില ചപ്പാത്തി

1. ഗോതമ്പുപൊടി 250 ഗ്രാം
2. ഉലുവയില 100 ഗ്രാം
3. ഉപ്പ് പാകത്തിന്
4. തിളച്ച വെള്ളം പാകത്തിന്

ഉലുവയില നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ഗോതമ്പുപൊടി, ഉപ്പും ആവശ്യത്തിന് തിളച്ച വെള്ളവും ചേര്‍ത്ത് ഉലുവയിലയും ചേര്‍ത്ത് ഉരുളകളാക്കി പരത്തി നോണ്‍സ്റ്റിക് പാത്രത്തില്‍ ചുട്ടെടുക്കുക.

അയല മാങ്ങാക്കറി

1. അയല രണ്ട് (ചെറുത്)
2. മാങ്ങ ഒന്ന്
3. പച്ചമുളക് നാലെണ്ണം
4. തേങ്ങ ആവശ്യത്തിന്
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
7. ഇഞ്ചി ഒരു കഷണം
8. ചുവന്നുള്ളി നാലെണ്ണം
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് പാകത്തിന്
11. വെള്ളം പാകത്തിന്

അയല വൃത്തിയാക്കി കഷണങ്ങളായി മുറിച്ചെടുക്കുക. നാലുമുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക. മാങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അരപ്പും കറിവേപ്പിലയും പച്ചമുളകും അയലയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചട്ടിയില്‍ വേവിച്ചെടുക്കുക.

റാഗി ദോശ

1. റാഗി ഒരു ഗ്ലാസ്
2. പുഴുങ്ങലരി അര ഗ്ലാസ്
3. ഉഴുന്ന് അര ഗ്ലാസ്
4. ഉലുവ രണ്ട് സ്പൂണ്‍
5. മുരിങ്ങയില ഒരു പിടി
6. കറിവേപ്പില മൂന്ന് തണ്ട്
7. ഉപ്പ് പാകത്തിന്
8. വെള്ളം പാകത്തിന്

ഒന്നുമുതല്‍ നാലുവരെയുള്ള ചേരുവകള്‍ ഏകദേശം 12 മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. ഇതിന്റെ കൂടെ മുരിങ്ങയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. സാധാരണ ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്നതുപോലെതന്നെ ഉണ്ടാക്കാം.

നെല്ലിക്കാപച്ചടി

1. നെല്ലിക്ക പത്തെണ്ണം
2. ഇഞ്ചി ഒരു കഷണം
3. കടുക് രണ്ട് ടീസ്പൂണ്‍
4. പച്ചമുളക് മൂന്നെണ്ണം
5. തേങ്ങ ചിരവിയത് പാകത്തിന്
6. കറിവേപ്പില രണ്ടു തണ്ട്
7. മല്ലിയില ഒരു തണ്ട്
8. തൈര് പാകത്തിന്
9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
10. ഉപ്പ് പാകത്തിന്

നെല്ലിക്ക കഴുകി ചെറുതായി അരിയുക. ഇതും രണ്ടുമുതല്‍ അഞ്ചുവരെയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു വറുത്തതിനുശേഷം ഇതിലേക്ക് അരച്ച മിശ്രിതം ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ തൈര് ഉടച്ചതും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ഇട്ട് ഉപയോഗിക്കാം.

മത്തി പുളിയില ഫ്രൈ

1. മത്തി ചെറിയ കഷണങ്ങളാക്കിയത് അര കിലോ
2. വാളന്‍പുളിയില രണ്ടു കപ്പ്
3. കാന്താരി മുളക് ആവശ്യത്തിന്
4. മഞ്ഞള്‍പൊടി രണ്ട് ടീസ്പൂണ്‍
5. ഉപ്പ് പാകത്തിന്

രണ്ടുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ നന്നായി അരച്ച് മത്തിയില്‍ പുരട്ടുക. ഇത് അല്പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.

ചിക്കന്‍ കറി

1. ചിക്കന്‍ 500 ഗ്രാം
2. സവാള രണ്ടെണ്ണം
3. പച്ചമുളക് അഞ്ചെണ്ണം
4. തക്കാളി മൂന്നെണ്ണം
5. ഇഞ്ചി രണ്ട് കഷണം (ചതച്ചത്)
6. വെളുത്തുള്ളി ചതച്ചത് ഒരു ടേ. സ്പൂണ്‍
7. മല്ലിപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
8. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
9. മസാലപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍
10. മുളകുപൊടി രണ്ട് ടീസ്പൂണ്‍
11. കറിവേപ്പില രണ്ടു തണ്ട്
12. എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
13. ഉപ്പ് പാകത്തിന്
14. മല്ലിയില ആവശ്യത്തിന്

ചിക്കന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ട് മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം മല്ലിയിലയും ചേര്‍ത്ത് ഉപയോഗിക്കാം.

വാഴപ്പിണ്ടി-പരിപ്പ് തോരന്‍

1. വാഴപ്പിണ്ടി ഒന്ന് (ചെറുത്)
2. പരിപ്പ് 100 ഗ്രാം
3. തേങ്ങ ചിരവിയത് ആവശ്യത്തിന്
4. പച്ചമുളക് മൂന്നെണ്ണം
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. ജീരകം ഒരു നുള്ള്
7. എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
8. കടുക് ഒരു ടീസ്പൂണ്‍
9. കറിവേപ്പില രണ്ടു തണ്ട്
10. ഉപ്പ് ആവശ്യത്തിന്

വാഴപ്പിണ്ടി കനംകുറച്ച് അരിഞ്ഞ് നാരുകളഞ്ഞ് ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക. മൂന്നുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ചതച്ചെടുക്കുക. കടുകു വറുത്തതിനുശേഷം വാഴപ്പിണ്ടി അരിഞ്ഞതും അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക. വെന്തുവരുമ്പോള്‍ പരിപ്പ് വെന്തതും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയെടുത്ത് ഉപയോഗിക്കാം.

കോവല്‍ ഇല തോരന്‍

1. കോവല്‍ ഇല ഒരു അടുക്ക്
2. സവാള (അരിഞ്ഞത്) ഒന്ന്
3. പച്ചമുളക് രണ്ട്
4. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
5. തേങ്ങ മൂന്ന് ടേബിള്‍ സ്പൂണ്‍
6. കറിവേപ്പില ഒരു തണ്ട്
7. കടുക് ഒരു ടീസ്പൂണ്‍
8. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
9. ഉപ്പ് പാകത്തിന്

കോവല്‍ ഇല നല്ല വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. കടുക് വറുത്തതിലേക്ക് സവാള, പച്ചമുളക്, മഞ്ഞള്‍പൊടി, തേങ്ങ എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇല അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.

റാഗി കൊഴുക്കട്ട

1. റാഗിപ്പൊടി രണ്ട് ഗ്ലാസ്
2. ശര്‍ക്കര ആവശ്യത്തിന്
3. തേങ്ങ ആവശ്യത്തിന്
4. ജീരകം ഒരു ടീസ്പൂണ്‍
5. ഏലയ്ക്ക മൂന്നെണ്ണം
6. വെള്ളം പാകത്തിന്
7. ഉപ്പ് പാകത്തിന്

നല്ല തിളച്ച വെള്ളം ചൂടോടെതന്നെ റാഗിപ്പൊടിയില്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ചുവെക്കുക. മാവ് തണുക്കുമ്പോള്‍ നന്നായി കുഴയ്ക്കുക. അതിനുള്ളില്‍ തേങ്ങ, ശര്‍ക്കര, ജീരകം, ഏലയ്ക്ക എന്നീ ചേരുവകള്‍ വെച്ച് ഉരുളകളാക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക.

തഴുതാമയില തോരന്‍

1. തഴുതാമ ഇല ആവശ്യത്തിന്
2. പച്ചമുളക് രണ്ടെണ്ണം
3. തേങ്ങ മൂന്ന് ടേബിള്‍ സ്പൂണ്‍
4. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
5. ജീരകം ഒരു നുള്ള്
6. ചുവന്നുള്ളി രണ്ട്
7. ഉപ്പ് പാകത്തിന്
8. കടുക് ഒരു ടീസ്പൂണ്‍
9. കറിവേപ്പില ഒരു തണ്ട്
10. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഇല നന്നായി കഴുകി വെള്ളം വാര്‍ന്നുപോകാന്‍ വെക്കുക. അതിനുശേഷം അരിഞ്ഞെടുക്കുക. രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ കല്ലില്‍ ചതച്ച് കടുകു വറുത്തതിലേക്ക് ഇല അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ആവിയില്‍ വേവിക്കുക.

മത്തന്‍ ഇല തോരന്‍

1. മത്തന്‍ ഇല ഒരു പിടി
2. തേങ്ങ മൂന്ന് ടേബിള്‍സ്പൂണ്‍
3. പച്ചമുളക് രണ്ടെണ്ണം
4. സവാള (ചെറുതായി അരിഞ്ഞത്) ഒന്ന്
5. മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6. ഉപ്പ് പാകത്തിന്
7. കടുക് ഒരു ടീസ്പൂണ്‍
8. കറിവേപ്പില ഒരു തണ്ട്
9. വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍

ഇല കഴുകി അരിഞ്ഞെടുക്കുക. രണ്ടുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ ഇലയില്‍ ചേര്‍ത്ത് നന്നായി ഇളക്കി കടുകു വറുത്ത് ആവിയില്‍ വേവിക്കുക.

ഗ്രീന്‍ സാലഡ്

1. കക്കിരി ഒന്ന്
2. കാരറ്റ് ഒന്ന്
3. തക്കാളി ഒന്ന്
4. സവാള ഒന്ന്
5. കാപ്‌സിക്കം ഒന്ന് (ചെറുത്)
6. കാബേജ് ഒരു പോള
7. ചെറുപയര്‍ മുളപ്പിച്ചത് മൂന്ന് ടേബിള്‍ സ്പൂണ്‍
8. ചെറുനാരങ്ങനീര് ഒരു ടീസ്പൂണ്‍
9. കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
10. മല്ലിയില ഒരു തണ്ട്
11. ഉപ്പ് പാകത്തിന്
ഒന്നുമുതല്‍ ആറുവരെയുള്ള ചേരുവകള്‍ വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ് ചെറുപയര്‍ മുളപ്പിച്ചതും ചെരുനാരങ്ങനീരും കുരുമുളകുപൊടിയും മല്ലിയിലയും ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പത്തിരി

1. അരിപ്പൊടി ഒരു ഗ്ലാസ്
2. ഉപ്പ് പാകത്തിന്
3. തിളച്ച വെള്ളം പാകത്തിന്

ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ച് അരിപ്പൊടി ഒന്ന് വാട്ടിയെടുക്കുക. ചെറുചൂടോടെ കുഴച്ച് ഉരുളകളാക്കി പരത്തി ചുട്ടെടുക്കുക.

പ്രിപ്പറേഷന്‍: സോമശേഖരന്‍, അശ്വതി, നടുവട്ടം, കോഴിക്കോട്‌

വരൂ, ഒരു കാപ്പി കുടിച്ചിട്ട് പോകാം






നാലര വെളുപ്പിന് എണീറ്റ് പരശുറാം എക്‌സ്പ്രസ് മംഗലാപുരത്തുനിന്ന് യാത്ര തുടങ്ങുകയായി. മൊട്ടക്കുന്നുകളും ഉണങ്ങിയപാടങ്ങളും കടന്ന് വണ്ടി കേരളത്തിന്റെ മണ്ണില്‍ തൊട്ടു. പുലര്‍കാലത്തെ നേര്‍ത്ത തണുപ്പില്‍ പുതഞ്ഞുറങ്ങുന്ന കേരളം. പരശുരാമന്‍ തൊട്ടു വിളിച്ചപ്പോള്‍ പതുക്കെ എണീറ്റു. എങ്ങും ആവിപറക്കുന്ന കാപ്പിയുടെ മണം. ഈ വെളുപ്പാന്‍ കാലം ഓര്‍മയിലേക്ക് കുറെ കാപ്പിക്കപ്പുകള്‍ പറത്തിയിടുന്നുണ്ട്. ഇന്ത്യന്‍ കോഫിഹൗസില്‍ നിന്നാണ് ആ കപ്പുകള്‍ വരുന്നത്.

കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് കോഫിഹൗസിലേക്ക് ആവേശത്തോടെ കയറി വന്നവര്‍, നീണ്ട തലപ്പാവണിഞ്ഞ് രാജാക്കന്‍മാരുടെ ചേലില്‍ വരുന്ന വെയിറ്റര്‍മാരെ മിഴിച്ചുനോക്കി നിന്ന കാലം. അവര്‍ കൊണ്ടുവെച്ച കാപ്പിയിലും വടയിലും നാവില്‍ രുചിയുടെ ഹരിശ്രീ കുറിച്ചതിന്റെ ഓര്‍മ. ഇത്തിരി മുതിര്‍ന്നപ്പോള്‍ കാമുകിയുടെ കൈയും പിടിച്ചായി കോഫിഹൗസിലേക്കുള്ള വരവ്. ആരും കാണാത്തൊരു മൂലയില്‍ ഇരിപ്പിടം തേടുമ്പോള്‍ രണ്ടുപേരും അവരുടേതായ ലക്ഷ്യങ്ങള്‍ കുറിച്ചുവെച്ചു. ആ കൊതിച്ചി ഇഷ്ടമുള്ളത്ര മസാലദോശകള്‍ക്ക് ഓര്‍ഡറിടും. കാമുകന് പ്രിയം പക്ഷേ കോഫിഹൗസിലെ അന്തരീക്ഷമായിരുന്നു. ആരും വന്ന് കണ്ണുരുട്ടാത്ത ആംബിയന്‍സില്‍ അയാള്‍ അവളുടെ കണ്ണുകളില്‍ത്തന്നെ നോക്കിയിരുന്നു. ആ പ്രണയം കുടിച്ചുവറ്റിച്ച കാപ്പിക്കപ്പുകളെ, നന്ദി....

മൂന്ന് കുഴികളുള്ള പ്ലേറ്റില്‍ തേങ്ങാചട്ട്ണിയുടെയും സാമ്പാറിന്റെയും അകമ്പടിയോടെ അതാ വരുന്നു മസാലദോശ. എന്നും ഇടതുപക്ഷക്കാരനായിരുന്നു ആ ദോശ, ഉള്ളിലാകെ ചുവപ്പ് വാരിപ്പൂശി ഇത്തിരി വിപ്ലവച്ചൂടോടെ വന്ന് നില്‍ക്കും. നാവില്‍ എരിവും മധുരവും പുരട്ടാനെത്തുന്ന ആ കൊച്ചുപേടകത്തെ മറന്നിട്ടൊന്നുമില്ല. നമ്മുടെ പ്രിയപ്പെട്ട കട്‌ലെറ്റുകള്‍. തേന്‍മധുരം കിനിയുന്ന സോസില്‍ പുരട്ടി അവയുടെ ഒരെത്തിനോട്ടമുണ്ട്. പിന്നെ മനസ്സിന് ബ്രേക്ക് പോയ വണ്ടിയുടെ ഗതിയാവും.
ഇന്നും ഹോട്ടലെന്നാല്‍ മലയാളിയ്ക്ക് പ്രിയം കോഫി ഹൗസ് തന്നെ. തീവണ്ടിയെന്നുകേട്ടാലോ. ആദ്യം കിതച്ചെത്തുക പരശുറാം തന്നെ. കോഫിഹൗസുകളിലെ രുചികള്‍ അറിഞ്ഞുകൊണ്ടുള്ള ഈ യാത്രയ്ക്ക് കൂട്ട് പരശുരാമന്‍ തന്നെയാവട്ടെ.

ഇപ്പോള്‍ കാസര്‍കോടാണ.് വണ്ടിയില്‍ കറുത്ത ഉടുപ്പണിഞ്ഞ കുറെ പെണ്ണുങ്ങള്‍ കയറിവരുന്നു. തട്ടത്തില്‍ മറച്ച മൊഞ്ചത്തികള്‍. 'ഞ്ഞി എങ്ങോട്ടാ, ഈട അങ്ങനൊന്നുംല്ലപ്പാ.' വടക്കിന്റെ മലയാളം വണ്ടിയില്‍ നിറയുന്നു. കാഞ്ഞങ്ങാടും നീലേശ്വരവും കടന്ന് പരശുരാമന്‍ കണ്ണൂരെത്തുമ്പോഴേക്കും പുറത്ത് വെയിലിന്റെ നേര്‍ത്ത പൊട്ടുകള്‍.
കണ്ണൂരിന് നന്നായി മൊരിഞ്ഞ മസാലദോശയുടെ ഗന്ധമാണ്. അതറിഞ്ഞ് ആരോ ചങ്ങല വലിച്ചുനിര്‍ത്തിയ പോലെ പരശുരാമനും നിന്നു. ആദിമമായ ആ ഗന്ധത്തിന്റെ പൊരുള്‍ തേടിയെത്തിയത് തെക്കീബസാറിലെ കോഫി ഹൗസില്‍. പറശ്ശിനിമഠപ്പുരയിലെ തിരുവപ്പനയ്ക്കുള്ളത്ര തിരക്കുണ്ട് ഈ കാപ്പിക്കടയുടെ മുന്നിലും. പച്ച ചിത്രത്തുന്നലുകള്‍ പതിച്ച വെള്ളക്കുപ്പായമണിഞ്ഞ് തലയില്‍ കിരീടവുമായി രാജാക്കന്‍മാരെത്തിത്തുടങ്ങി. പ്രജകളുടെ ഉത്തരവുകള്‍ നീണ്ട കുറിപ്പടികളായി കാപ്പി, പൂരിമസാല, ഇഡ്ഡലി, വട, പൊറോട്ട....രുചിയുടെ ബി. നിലവറ തുറന്നുകഴിഞ്ഞു. തീനും കുടിയും തകൃതിയായി.

കാവിമുണ്ടും ചുഴറ്റിക്കുത്തി ഒരു കാരണവര്‍ കയറി വരുന്നു. വീട്ടിലെ അടുക്കളയിലേക്ക് വരുന്ന പോലെയാണ് മുഖഭാവം. പിന്നാലെയെത്തി ദിനേശ് ബീഡിയുടെ ചൂരുള്ള മണം. 'വീട്ടില്‍ കിട്ടുന്ന ഭക്ഷണം തന്നെ കോഫി ഹൗസിലും കിട്ടും. വെറുതെ പുലര്‍ച്ചെത്തന്നെ ഭാര്യയെ ശല്യപ്പെടുത്തേണ്ടല്ലോ,' മുന്നിലെ പിഞ്ഞാണക്കോപ്പയിലിരിക്കുന്ന ചൂട് കാപ്പി മോന്തി ശങ്കരന്‍ കാരണവര്‍ പറഞ്ഞു. വര്‍ഷങ്ങളായി കോഫിഹൗസിലെ പതിവുകാരിലൊരാള്‍. ഇതൊക്കെ കേട്ട് കണ്ണൂരുകാര്‍ ഭക്ഷണഭ്രാന്തരാണെന്നൊന്നും ധരിക്കേണ്ട.

'കണ്ണൂരുകാര്‍ ശരീരം ശ്രദ്ധിച്ചേ ഭക്ഷണം തിരഞ്ഞെടുക്കൂ. അതിനൊത്തതേ ഞങ്ങളും വിളമ്പാറുള്ളു' കോഫി ഹൗസിലെ മാനേജര്‍ രമേശന്‍ വടക്കിന്റെ ഭക്ഷണശീലങ്ങളിലേക്ക് പോയി. കണ്ണൂരുകാര്‍ക്ക് പണ്ടേ വെജിറ്റേറിയനായിരുന്നു ഇഷ്ടം. അടുത്തകാലത്തായി അവര്‍ നോണ്‍വെജിലേക്ക് മാറിത്തുടങ്ങി. ആ മാറ്റം കണ്ടറിഞ്ഞ് ഇവിടുത്തെ കോഫി ഹൗസും ഒന്നുചുവടുമാറ്റിപ്പിടിച്ചു. കേരളത്തിലെ ആദ്യ നോണ്‍വെജ് കോഫി ഹൗസ് ഇന്ന് കണ്ണൂരിന് സ്വന്തം.

'മുളകും മല്ലിയുമെല്ലാം ഞങ്ങള്‍ തന്നെ വാങ്ങി പൊടിക്കും. തേങ്ങ മാത്രമേ കറികള്‍ക്ക് ഉപയോഗിക്കൂ. നോണ്‍വെജില്‍ 110 ഐറ്റങ്ങള്‍ വിളമ്പുന്നുണ്ട്. എന്നാലും ചില ഇനങ്ങള്‍ക്ക് നിരോധനമാണ്. ഒന്ന് മഷ്‌റൂം വിഭവങ്ങള്‍. എളുപ്പം കേടാവുമത്'. രമേശന്‍ കോഫിഹൗസിനുവേണ്ടി വീണ്ടും ഗോളടിച്ചു.

ഇടയ്ക്കിടെ രാഷ്ട്രീയം തീയും പുകയും പരത്തുന്ന നാട്. പക്ഷേ കോഫിഹൗസിലെത്തുമ്പോള്‍ എല്ലാവരും മര്യാദരാമന്‍മാരാണ്. ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രനും സിപിഎം സെക്രട്ടറി പി.ജയരാജനും രാഷ്ട്രീയത്തില്‍ കടുത്ത ശത്രുക്കളാണെങ്കിലും ഇവിടുത്തെ മസാലദോശയ്ക്ക് മുന്നില്‍ അവര്‍ വട്ടമേശ സമ്മേളനം നടത്തിയെന്നിരിക്കും. കോഫിഹൗസിനെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍.

'ഭക്ഷണത്തിന് രാഷ്ട്രീയമില്ല, ഞങ്ങളും രാഷ്ട്രീയം കാണിക്കില്ല.' ലക്ഷ്മണന്‍ എന്ന കുക്ക് ചിരിച്ചു. ഇതാ നോണ്‍വെജുകാരുടെ മുന്നിലേക്ക് മൊരിഞ്ഞ പൊറോട്ട ചൂടോടെ പറന്നുവീഴുന്നു. ഒപ്പം ചിക്കന്റെ എരിവുള്ള കൂട്ട്. രാവിലെത്തന്നെ ചിക്കനോ എന്നു മൂക്കത്തുവിരല്‍വെക്കുന്നവര്‍ക്ക് കണ്ണൂരുകാരുടെ നമോവാകം.



മാഹിയെത്തിയാല്‍


പരശുറാം വീണ്ടും വിളിച്ചു. വണ്ടി നീങ്ങുമ്പോഴേക്കും ഉള്ളില്‍ തിരക്ക് കൂടിയിരുന്നു. നാലാമത്തെ കമ്പാര്‍ട്ട്‌മെന്റ് മധുരയിലേക്കുള്ള തിമിരശസ്ത്രക്രിയാ സംഘം കൈയടക്കിയിരിക്കുന്നു. അപ്പാപ്പന്‍മാരും അമ്മച്ചിമാരും നേരം പോക്കുകള്‍ പറഞ്ഞ് കൈ കൊട്ടിച്ചിരിച്ചു. തലശ്ശേരിയെത്തുമ്പോഴേക്കും കുറെ വണികസംഘങ്ങള്‍ കയറിവന്നു. തോര്‍ത്ത്, തലയിണ, നാരങ്ങ, കളിപ്പാട്ടങ്ങള്‍.... ഒരാള്‍ ലൈറ്റ് കത്തിക്കുന്ന കിളിയെ വാങ്ങി. 'കുഞ്ഞിക്ക് കൊടുക്കാലോ, ഓനിതോണ്ട് കളിച്ചോളും.' കണ്ണുരുട്ടിയ ഭാര്യയോട് പുള്ളി ന്യായം നിരത്തി. കുറെനേരം അപ്പാപ്പന്‍ ആ ലൈറ്റ് കത്തിച്ചൊരു കളികളിച്ചു. മാഹിയെത്തുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു കടങ്കഥ പിറക്കുന്നു. 'കോഴിക്കോടന്‍ ഹല്‍വ, വടകര മുറുക്ക്, മാഹിയെത്തിയാലോ...' മാഹിയെത്തിയാല്‍....'നല്ല സര്‍ബത്ത്...' നരച്ച കൊമ്പന്‍മീശ തടവിയയാള്‍ ഞൊടിയിടയില്‍ ഉത്തരം പൂരിപ്പിച്ചു.

മദ്യത്തിന് സര്‍ബത്തെന്ന പര്യായം കണ്ടുപിടിച്ച വിരുതന്‍.അപ്പോഴേക്കും വണ്ടി വടകര കടന്ന് കോഴിക്കോടിനെ തൊട്ടിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഒരു കണിക്കൊന്ന പൂത്തു നില്‍പ്പുണ്ട്. വിഷുകഴിഞ്ഞതൊന്നും അറിഞ്ഞില്ലേ, ആവോ.

അരയിടത്തുപാലത്തെ കോഫി ഹൗസില്‍ ഒരു അതിഥി. ജീവിതത്തിന്റെ പുസ്തകവും സൂഫിപറഞ്ഞ കഥയുമെഴുതിയ കെ.പി.രാമനുണ്ണി. ഇഷ്ടപ്പെട്ട മട്ടന്‍കറിയില്‍ ചപ്പാത്തി മുക്കിയെടുത്ത് കഴിക്കുകയാണ് നോവലിസ്റ്റ്. 'നമുക്ക് വീട്ടിലെ ഭക്ഷണം പോലെ വിശ്വസിച്ച് കഴിക്കാം. കൂടുതല്‍ വലിയ ഹോട്ടലുകളിലൊക്കെ പോയാല്‍ കൃത്രിമമായിട്ടുള്ള ലോഹ്യം പറച്ചിലുമായി വെയിറ്റര്‍മാര്‍ വരും. ഇവിടെ നമ്മളെ സുഖിപ്പിക്കാന്‍ വേണ്ടി ആരും ഹോസ്പിറ്റാലിറ്റി കാണിക്കാറില്ല. ഇന്നതുണ്ട്, ഇന്നതില്ല അങ്ങനെയേ പറയൂ. നമ്മള്‍ വീട്ടില്‍ ചെന്നാല്‍ അമ്മമാരും വല്യമ്മമാരുമൊക്കെ അങ്ങനെയല്ലേ' രാമനുണ്ണി കോഫിഹൗസിനോടുള്ള പ്രണയം തുറന്നുവെച്ചു.

കോഫി ഹൗസിന്റെ രസിപ്പിക്കുന്ന കഥയിലേക്ക് ജീവനക്കാരനായ സുരേന്ദ്രനും കൂപ്പുകുത്തി. ' മുതലക്കുളത്തുണ്ടായിരുന്ന കോഫി ഹൗസില്‍ ഒരു പ്രേമമൂലയുണ്ടായിരുന്നു. അതിനടുത്താണ് ലോ കോളേജ്. അവിടുത്തെ കുട്ടികള്‍ ഇടയ്ക്കിടെ കോളേജില്‍നിന്ന് മുങ്ങി, പിന്നെ കോഫിഹൗസില്‍ പൊങ്ങും. പതിവുകാരായ രണ്ടുപേരെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒരു കണ്ണൂരുകാരനും ഒരു കോട്ടയംകാരിയും. ഇവര്‍ വന്നാല്‍ ഫ്രഞ്ച് റോസ്റ്റും ഫിംഗര്‍ ചിപ്‌സുമേ ഓര്‍ഡര്‍ ചെയ്യൂ. ഇതിന്റെ ഗുട്ടന്‍സ് പിന്നീടാണ് പിടികിട്ടിയത്. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് കഴുകി വേവിച്ചെടുത്ത് മേശപ്പുറത്തെത്താന്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണം. അത്ര നേരം കൂടി പ്രേമിക്കാമല്ലോ.' അന്നത്തെ കാമുകിയെയും കാമുകനെയും സുരേന്ദ്രന്‍ ഈയിടെ വീണ്ടും കണ്ടുമുട്ടി. അവരിപ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും വേഷത്തിലാണ്. ഇപ്പോഴും ഫിംഗര്‍ ചിപ്‌സ് കഴിക്കുന്നുണ്ടോ എന്ന് കുക്ക് ചോദിച്ചില്ല. 'ആളു പ്രമുഖവക്കീലാണ്. പേരുപറയുന്നില്ല, സംഗതി കോടതി അലക്ഷ്യമായാലോ.' സുരേന്ദ്രനിതാ മുങ്ങിക്കളഞ്ഞു.

പരശുരാമന്‍ വീണ്ടും നീങ്ങിത്തുടങ്ങി. തോളിലെടുക്കാവുന്നതിന്റെ നാലിരട്ടി ആളുകളുണ്ടെങ്കിലും പരിഭവമൊന്നുമില്ലാതെയാണ് യാത്ര. തിരൂരും കുറ്റിപ്പുറവും എത്തിയപ്പോള്‍ കുറെ അധ്യാപകര്‍ ഉറക്കംവിട്ട് ചാടിയിറങ്ങി. അവരുടെ സഞ്ചികളിലെ ചോറ്റുപാത്രത്തിന്റെ സ്വാദുള്ള ഗന്ധം അകന്നുപോയി.

ഇതാ ചരിത്രം വിളിക്കുന്നു


തൃശ്ശൂരെത്തുമ്പോള്‍ സൂര്യന്‍ ഉച്ചിയിലെത്തിയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനത്തിനടുത്തുള്ള കോഫി ഹൗസില്‍നിന്ന് കായം തിളയ്ക്കുന്ന മണം. ഊണുകാലമായി. ആ സാമ്പാറുകൂട്ടി രണ്ടുരുള കഴിക്കാതെ പോവുന്നതെങ്ങനെ.

സ്വരാജ് റൗണ്ടിലേക്ക് ഒപ്പം വന്നത് കോഫി ഹൗസുകളുടെ ചരിത്രം കൂടിയാണ്. ഐവര്‍ബുള്‍ സായിപ്പില്‍നിന്ന് തുടങ്ങുന്നു ആ കഥ. ഇന്ത്യയിലെ കാപ്പിവ്യവസായത്തെ രക്ഷിക്കാന്‍ 1940ലാണ് സായിപ്പ് ഇന്ത്യ കോഫി മാര്‍ക്കറ്റ് എക്‌സ്പാന്‍ഷന്‍ ബോര്‍ഡ് കൊണ്ടുവന്നത്.രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോഫി ബോര്‍ഡ് വന്നു, കോഫി ഹൗസും. 1957ല്‍ സര്‍ക്കാരിന്റെ ബുദ്ധി തലതിരിഞ്ഞു. 'കാപ്പിവ്യവസായം രക്ഷപ്പെട്ടു. ഇനി കോഫി ഹൗസുകള്‍ പൂട്ടാം.' അതോടെ തൊഴിലാളികള്‍ പെരുവഴിയിലായി. അപ്പോഴാണ് ഉശിരോടെ എ.കെ.ജി. വരുന്നത്. പിന്നാലെ കോഫി വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും വന്നു. അന്ന് 55 വര്‍ഷം മുമ്പേ എ.കെ.ജി. തുടങ്ങിവെച്ച കോഫിഹൗസിന്റെ ആദ്യശാഖയിതാ മുന്നില്‍.

അകത്ത് ചുവന്ന മാലയണിഞ്ഞ് എ.കെ.ജി.യുടെ ഫോട്ടോ. പണ്ട് ബഷീറും തകഴിയും മുണ്ടശ്ശേരിയും പിജെ. ആന്റണിയുമെല്ലാം ഇരുന്ന് വെടിപറഞ്ഞ കസേരകള്‍ക്കുപോലുമുണ്ട് വിനയത്തില്‍ പൊതിഞ്ഞ ഒരു അഹങ്കാരം. ഇതിന്റെ മുറ്റത്ത് ഇടയ്ക്കിടെ ഒരു ഓട്ടോ വന്ന് നിര്‍ത്തുമായിരുന്നു. അതില്‍നിന്ന് ആദ്യം നീളന്‍കാലുള്ള കുടയാണ് പുറത്തിറങ്ങുക. അതുകാണുമ്പോള്‍ ആളുകള്‍ പറയും,'ഗഡീ, വി.വി. രാഘവന്‍ വരുന്നുണ്ട്'. പിന്നാലെ കുടയും കുത്തിപ്പിടിച്ച് അന്നത്തെ മന്ത്രി കാപ്പി കുടിക്കാന്‍ കയറും.

സീനിയര്‍ മാനേജര്‍ മുകുന്ദന്‍ ചൂടാറാത്ത ചില പഴയ കഥകള്‍ തിരഞ്ഞുതന്നു.'ദിവസം ഒരു തവണയെങ്കിലും കോഫി ഹൗസില്‍ കയറിയില്ലെങ്കില്‍ ഉറക്കം വരാത്തവരുണ്ട് തൃശ്ശൂരില്‍. മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ. വിജയകുമാറിന് രാവിലെ ഒരു സര്‍ജറി ചെയ്യാനൊരുങ്ങുമ്പോഴാവും മസാലദോശ ഓര്‍മ വരിക. ഉടന്‍ വിളിക്കും. 'ഞാനിതാ വരുന്നുണ്ട്. ദോശ റെഡിയാക്കി വെച്ചോ' എന്ന്'.

അപ്പോഴേക്കും ഊണുനിരന്നിരുന്നു. സാമ്പാറിന്റെയും പരിപ്പുകറിയുടെയും തനതുരുചി. നാലുകൂട്ടമേ ഉള്ളുവെങ്കിലും വെടിപ്പുള്ള ഊണ്. ഒടുവില്‍ പ്രഥമന്‍ കൊണ്ടൊരു കൊട്ടിക്കലാശവും.

വണ്ടി വീണ്ടും പുറപ്പെട്ടു. ചരല്‍മണല്‍ നിറഞ്ഞ പാതകളില്‍ തീ പാറുന്ന ചൂട്. ഇരിങ്ങാലക്കുടയും ചാലക്കുടിയും കൈവീശി. എറണാകുളം ഉച്ചയൂണ് കഴിഞ്ഞുള്ള മയക്കത്തിലാണ്. പിസാഹട്ടും കോഫിഡേയും കയറിയിറങ്ങുന്ന ചുള്ളന്‍മാര്‍. അവര്‍ക്കറിയില്ലല്ലോ തൊട്ടടുത്തുള്ള പഴയ കോഫിഹൗസിന്റെ ആ രുചിക്കൂട്ടുകള്‍. അത് മനസ്സില്‍ സൂക്ഷിക്കുന്ന എറണാകുളത്തിന്റെ യുവ എം.എല്‍.എയാണ് ഈ വരുന്നത്. ഹൈബി ഈഡന്‍. കേരളനിയമസഭയിലെ കാര്യമായ കഴിപ്പുകാരിലൊരാള്‍.

' എറണാകുളത്ത് ഞാന്‍ കയറാത്ത റസ്റ്റോറന്റുകളില്ല. പക്ഷേ ഞങ്ങള്‍ ഫ്രന്‍ഡ്‌സ് ഒത്തുകൂടുന്ന സമയത്തൊക്കെ സൗത്തിലെ കോഫിഹൗസിലാണ് പോവാറ്. അവിടുത്തെ കോഫി എനിക്ക് പ്രിയപ്പെട്ടതാണ്.' ഹൈബി പ്രസംഗം തുടങ്ങി. 'കേരളത്തിന് പുറത്തൊക്കെ പോയാല്‍ നോണ്‍വെജ് കഴിക്കാന്‍ പേടിയാണ്. പക്ഷേ കോഫി ഹൗസുണ്ടെങ്കില്‍ ഒരു ധൈര്യം കിട്ടും,' ഭക്ഷണത്തെക്കുറിച്ച് അടിയന്ത രപ്രമേയം അവതരിപ്പിക്കുംപോലെയാണ് ബഹുമാനപ്പെട്ട മെമ്പര്‍.

'ഞങ്ങള്‍ എം.എല്‍.എ.മാര്‍ അസംബ്ലി സമയത്ത് അടിയന്തര പ്രമേയം കഴിഞ്ഞാല്‍ കോഫി ഹൗസിലേക്കൊരു മാര്‍ച്ചുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ കഴിപ്പുകാര്‍ ഞാനും ഷാഫി പറമ്പിലുമാണ്. എന്നെയും ഷാഫിയെയും കാണുമ്പോള്‍ വെയിറ്റര്‍ ചോദിക്കും മട്ടണ്‍ ഓംലെറ്റ് എടുക്കട്ടേയെന്ന്. കെ .എം.ഷാജിയും വി.ടി. ബല്‍റാമുമെല്ലാം ഡയറ്റിങ്ങ് മൂഡുകാരാണ്. വിഷ്ണുനാഥ് പിന്നെ അമിതമായി കഴിക്കുന്നയാളല്ല.' ഭക്ഷണസഭയില്‍ ഇനി ശൂന്യവേളയാണ്. ഹൈബി തിരക്കുകളിലേക്ക് പോയി.

കോട്ടയത്തെ റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെ വണ്ടി കുതിച്ചു. ആളൊഴിഞ്ഞ പാതകള്‍. പുത്തരിക്കണ്ടം മൈതാനത്ത് ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയിലും അംബാസഡര്‍ ബാറിനുമുന്നിലും ആള്‍ത്തിരക്കുണ്ട്. അക്ഷരങ്ങളും മദ്യവും. കോട്ടയത്തിന്റെ അതിജീവന സാമഗ്രികള്‍. ടി.ബി.റോഡിലെ ആ പഴയ ഓടിട്ട കെട്ടിടത്തിനുള്ളിലും ആളുകള്‍ക്ക് കുറവില്ല. ഇടനാഴി കടന്ന് അകത്തെ ഉപശാലയിലേക്ക് കടന്നപ്പോള്‍ കട്‌ലെറ്റിന്റെയും സമൂസയുടെയും സമയമാണ്. കോട്ടയത്തിന്റെ തനത് എരിവുണ്ട് ഓരോന്നിനും. ഇവിടുത്തെ സൗഹൃദസന്ധ്യകളിലും രുചി നുകരാന്‍ വരുന്ന പതിവുകാരുണ്ട്. ആന്റോ ആന്റണിയും സുരേഷ് കുറുപ്പും ടോമി കല്ലാനിയും ക്യാമറാമാന്‍ വേണുവും. ആ പട്ടിക നീണ്ടു.

പാടങ്ങളും മലഞ്ചെരിവുകളും കടന്ന് വണ്ടി കുതിച്ചുപാഞ്ഞു. ചങ്ങനാശ്ശേരിയും തിരുവല്ലയും കടക്കുമ്പോള്‍ അരികില്‍ പൂവിട്ടുനില്‍ക്കുന്ന കയ്പവല്ലരികള്‍, പിന്നെ കൊല്ലത്തെ കായലുകള്‍. അപ്പോള്‍ വീണ്ടും വന്നു ഹിന്ദിവാല. അയാളുടെ ചായ,വട വിളിക്കുമുന്നില്‍ അതുവരെ ശവാസനത്തിലായിരുന്ന ഒരാള്‍ ചാടിയെണീറ്റു. കാവി ജുബ്ബയുടെ കൈ തെറുത്തുകയറ്റി അയാള്‍ ഒരു വട വിഴുങ്ങി. പിന്നാലെ വന്നു ചൂടുള്ള രണ്ടുവരി വിപ്ലവ കവിത. 'നിങ്ങളെന്റെ കറുത്ത മക്കളെ...' ഒരു തെക്കത്തി അതുകണ്ട് ഊറിച്ചിരിച്ചു. പരശുറാം ഇതാ തിരുവനന്തപുരം അടുക്കുകയായി.

ഇരിപ്പുപാര്‍ട്ടികള്‍


ചപ്രാച്ചി തലമുടിയും ചരിഞ്ഞ നടത്തവുമായി മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കയറിവന്നത് കോഫി ഹൗസില്‍നിന്നായിരുന്നെന്ന് കേട്ടാല്‍ ചുമ്മാതെങ്കിലും ഒന്നു ഞെട്ടിക്കൂടേ. ലാലിന്റെ ഓര്‍മയിലും ആ പഴയ കാലമുണ്ട്. 'എത്രയോ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ അവിടെ ഇരുന്നിട്ടുണ്ട്. കോഫി ഹൗസിന് അതിന്റേതായ മണവും രുചിയുമുണ്ട്. അവിടുത്തെ ഭക്ഷണത്തിനുമാത്രമേ ഇതൊക്കെയുള്ളൂ.'ലാല്‍ എഴുതിവെച്ചു.

തമ്പാനൂരിലാണ്. തിരുവനന്തപുരത്തിന്റെ ഹൃദയം. ആ പുട്ടുകുറ്റി പോലുള്ള കോഫിഹൗസിലേക്ക് സ്വീഡന്‍കാരി കരീന ചിരപരിചിതയെപ്പോലെ നടന്നുകയറി. ലാറിബേക്കറുടെ അത്ഭുത സൃഷ്ടിയായ കാപ്പിക്കൊട്ടകയില്‍ അവര്‍ സ്വാസ്ഥ്യം തേടി. കേരളത്തിന്റെ നൃത്തവും സംസ്‌കാരവും പഠിക്കാനാണ് സുന്ദരിയുടെ വരവ്. 'ആദ്യം വലിയ ഹോട്ടലുകളിലൊക്കെ കയറി ഭക്ഷണം കഴിച്ചു. കീശയും വയറും മോശമായത് മിച്ചം. ഇപ്പോള്‍ രണ്ടും ഭദ്രം. കേരളത്തിലെ ഏത് കോഫി ഹൗസിലും ഒരേ രുചിയില്‍ ഭക്ഷണം കിട്ടും. അധികം സ്‌പൈസിയല്ലാത്ത ഫുഡുമാണ്.'ആ തിരിച്ചറിവില്‍ അവരിപ്പോള്‍ കോഫി ഹൗസുകളിലൂടെ കേരളപര്യടനത്തിലാണ്.

സിമന്റ് ബെഞ്ചിലിരുന്ന് ആസ്വദിച്ച് കഴിക്കുന്ന ഭക്ഷണപ്രിയര്‍. പെറോട്ടയും ചിക്കനും പൂരി മസാലയും മസാലദോശയും സുലഭം. ഇവിടെ ഊണു വിളമ്പുന്നില്ലേ. 'അതുകൂടെയുണ്ടായാല്‍ ഇത് പുത്തരിക്കണ്ടം മൈതാനമാക്കേണ്ടി വരും.' സര്‍വീസ് സൂപ്പര്‍വൈസര്‍ സുധാകരന്‍ രംഗത്തുവന്നു.

ഇതാ മറ്റൊരു നൊസ്റ്റാള്‍ജിയ. പുതിയ തീരങ്ങളിലെയും സൗണ്ട് തോമയിലെയും നായിക വരുന്നു, നമിതാപ്രമോദ്. 'ചെറുപ്പത്തില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം ശംഖുമുഖത്തെ കോഫി ഹൗസില്‍ എത്രയോ വട്ടം പോയിട്ടുണ്ട് ഞാന്‍. അവിടെനിന്ന് പണ്ട് കഴിച്ച പിസ്ത ഐസ്‌ക്രീമിന്റെ രുചി. എപ്പോള്‍ കോഫിഹൗസിനെക്കുറിച്ച് ചിന്തിച്ചാലും അതേ എന്റെ നാവില്‍ വരൂ. അവിടുത്തെ കോഫിയും മസാലദോശയുമായുള്ള കോമ്പിനേഷന്‍. ഓ എന്തൊരു രസമാണിഷ്ടാ'നായിക ഓര്‍മകളിലേക്ക് വീണു.

ഞാനിനി നില്‍ക്കണോ പോവണോ എന്ന മട്ടില്‍ നില്‍ക്കുന്നു പരശുറാം. തമിഴകത്തിന്റെ രാത്രികളെയും ഒപ്പം കൂട്ടി വണ്ടി നാഗര്‍കോവിലിലേക്ക് പുറപ്പെട്ടു. ഈ രുചിക്കൂട്ടുകള്‍ക്കിടയില്‍ തനിച്ചായപ്പോള്‍ കൂട്ടിന് ഒരു നളനെ കിട്ടി, രാജ് കലേഷ്.'മട്ടന്റെ കീമയുണ്ടാക്കി അത് മുട്ടയുടെ മേലിലിട്ട് പൊരിച്ചുതരുന്ന ഒരു ഡിഷുണ്ട്. മട്ടണ്‍ ഓംലെറ്റ്. പണ്ട് അച്ഛന്‍ വാങ്ങിത്തരുന്നതാണത്. ഈയിടെ പലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല'കലേഷിന് ചെറിയൊരു നിരാശയുണ്ട്.

പക്ഷേ ദുബായില്‍ ഒരു ചാനല്‍ പരിപാടിക്ക് പോയപ്പോള്‍ ആശാന് മട്ടണ്‍ ഓംലെറ്റ് വീണ്ടും കിട്ടി. കോഫിഹൗസുകളെ സ്‌നേഹിക്കുന്നവരില്‍ അഭിമാനം വിടര്‍ത്തുന്ന കഥയാണിത്.'തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍ ദിനേശനും മകള്‍ ഡോ. ദീപയും. ദുബായില്‍ വെച്ച് കണ്ടപ്പോള്‍ ഡോ.ദീപ എനിക്ക് മട്ടണ്‍ ഓംലെറ്റുണ്ടാക്കി തന്നു, 'ഇത് എന്റെ അച്ഛന്റെ ഓര്‍മയ്ക്കായാണ്.' പണ്ട് അച്ഛന്‍ പഠിപ്പിച്ചതാണേ്രത ഇതിന്റെ റെസിപ്പി. അദ്ദേഹത്തിന് കൂടെക്കൂടെ പഴയ സുഹൃത്തുക്കളെ ഓര്‍മ വരും. ആ പഴയ കോഫിഹൗസ് കാലവും. അപ്പോഴൊക്കെ അദ്ദേഹം ദീപയോട് പറയും.'മോളെ ഒരു ഓംലെറ്റുണ്ടാക്കെന്ന്.'
By:സി.എം. ബിജു (Mathrubhumi)

Wednesday, July 10, 2013

വേല വീട്ടിലിരിക്കട്ടെ




എന്നും അലാം വെച്ച് വെളുപ്പിന് ആറുമണിക്ക് എഴുന്നേല്‍ക്കണം. പതിവ് പരിപാടികളെല്ലാം തീര്‍ത്ത് റെഡിയാകാന്‍ ഏഴുമണിയെങ്കിലുമാകും. ഒരു കപ്പ് കാപ്പി ചൂടാക്കി രണ്ടുപീസ് ബ്രഡില്‍ ജാം തേച്ചുപിടിപ്പിച്ച് അകത്താക്കി പുറപ്പെടാന്‍ തുടങ്ങുമ്പോഴേക്കും സമയം എട്ടുമണി. റോഡില്‍ മുടിഞ്ഞ ട്രാഫിക്. ഓഫീസിലെത്തിയപ്പോള്‍പതിവുപോലെ ലേറ്റ്. ബോസിന്റെ കറുത്ത മോന്തയും ഇരുത്തിയുള്ള നോട്ടവും. ടെന്‍ഷന്‍ ടോപ് ഗിയറിലാവാന്‍ വേറൊന്നും വേണ്ട... പണിയെല്ലാം ഒരുവിധമൊപ്പിച്ച് വൈകിട്ട് ഏഴുമണിയാകും ഇറങ്ങാന്‍. റോഡില്‍ തിരക്കിന്റെ പൂരം. വീട്ടിലെത്തി കിടക്കയിലേക്ക് മറിയുമ്പോള്‍ സമയം ഒമ്പതു കഴിഞ്ഞിരിക്കും. എന്നും ഇതുതന്നെ ബിസിനസ്. എന്തൂട്ട് ലൈഫ് ബായീ... ആര്‍ക്കായാലും ജീവിതം പരമബോറായിത്തുടങ്ങും.

അങ്ങനെയൊരു ലോകത്ത് അട്ടര്‍ കണ്‍ഫ്യൂഷനില്‍ അകപ്പെടുന്നവര്‍ക്ക് സ്വന്തം കിളിക്കൂട്ടില്‍ത്തന്നെ ജോലിചെയ്യാന്‍ അവസരമൊരുക്കുകയാണ് വീട്ടില്‍ത്തന്നെ ജോലി (Work from Home) പദ്ധതി. വീടാണ് അഭയം. ഉമ്മറപ്പടി ചവിട്ടിക്കയറുന്നത് തണലിലേക്ക്. ആ ചുവരുകള്‍ക്കുള്ളില്‍ നമ്മള്‍ ആശ്വാസം കണ്ടെത്തുന്നു. എല്ലാ പ്രശ്‌നങ്ങളില്‍നിന്നും തിരക്കുകളില്‍നിന്നും ഇറങ്ങിയെത്തുന്ന ഇടം. അവിടെയുള്ള ആത്മവിശ്വാസം മറ്റൊരിടത്തും കിട്ടിയെന്നുവരില്ല. ജീവനക്കാരുടെ തൊഴില്‍മികവുയര്‍ത്താന്‍ വീട്ടിലെ അന്തരീക്ഷം സഹായിക്കുന്നുവെന്ന് കമ്പനികളും കരുതുന്നു. തൊഴിലിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ അത് സഹായിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍.

എല്ലാംകൊണ്ടും മെച്ചം

ഐ.ടി. കമ്പനികളാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നവരില്‍ മുന്‍നിരക്കാര്‍. വമ്പന്‍ കമ്പനികള്‍തൊട്ട് തുടക്കക്കാര്‍വരെ ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. രൂപ ശര്‍മ പ്രമുഖ ഐ.ടി. കമ്പനിയില്‍ 'വീട്ടില്‍ നിന്ന് ജോലി' സൗകര്യം പ്രയോജനപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. കമ്പനിയില്‍നിന്നുള്ള പ്രോജക്ടുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഡെഡ്‌ലൈന്‍ കൃത്യമായി പാലിക്കാനും ഈ പദ്ധതി തന്നെ സഹായിക്കുന്നതായി രൂപ പറയുന്നു. ഓഫീസില്‍ മറ്റു ജോലികളുടെ കാര്യം ശ്രദ്ധിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കാനുമാവും. ''ഏറ്റവും പ്രധാനം ബാംഗ്ലൂരിലെ കടുത്ത ട്രാഫിക് ജാമില്‍നിന്നുള്ള രക്ഷയാണ്. എന്റെ ഫ്ലാറ്റില്‍നിന്ന് ഓഫീസിലേക്ക് പത്തുകിലോമീറ്ററേയുള്ളൂ. എന്നാല്‍ അവിടെ എത്തിപ്പെടാന്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലുമെടുക്കും. വണ്ടികളുടെ പുകശ്വസിച്ച് രാത്രി മുഴുവന്‍ ചുമയ്ക്കുകയും വേണം. ഇപ്പോള്‍ അത്തരം പൊല്ലാപ്പൊന്നുമില്ല.''

ജീവനക്കാരന്റെ സാന്നിധ്യം ഓഫീസില്‍ അനിവാര്യമല്ലാത്ത ജോലികളാണ് ഈ പദ്ധതിയിലുള്‍പ്പെടുക. കൃഷ്ണകുമാര്‍ ഇതിന്റെ ഭാഗമായിട്ട് ഒരു വര്‍ഷത്തിലേറെയായി. ''മറ്റുള്ളവരെപ്പോലെ ഞാനും എല്ലാ ദിവസവും എട്ടുമണിക്കൂര്‍ ജോലിചെയ്യുന്നു. രാവിലെ കൃത്യം 8.45-ന് എന്റെ ലാപ്‌ടോപ്പിന് മുന്നില്‍ ഇരുത്തം തുടങ്ങും. ഒമ്പതിന് ഓഫീസുമായി ലോഗ് ചെയ്യും. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ടിന്റെ ടീം ലീഡര്‍ ഞാനാണ്. ടീമിനെ ഓണ്‍ലൈനില്‍ കോ-ഓഡിനേറ്റ് ചെയ്യും. ഫോണില്‍ അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യും. എല്ലാം എന്റെ സ്വന്തം ഫ്ലാറ്റിലിരുന്നുകൊണ്ട്. ഇതിലും ഭേദപ്പെട്ട ഒരു തൊഴില്‍സാഹചര്യം ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല.''

വാണി ഗോപന്‍ പ്രമുഖ ഐ.ടി. കമ്പനിയിലെ അസോഷ്യേറ്റാണ്. തുടക്കം ചെന്നൈയിലായിരുന്നു. ഫ്ലോര്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കഴിവുള്ള മിടുക്കിക്കുട്ടി. പെട്ടെന്ന് സ്ഥാനക്കയറ്റങ്ങള്‍, ശമ്പളവര്‍ധന. അതിനിടെയായിരുന്നു വിവാഹം. വരന് ബാംഗ്ലൂരില്‍ മറ്റൊരു ഐ.ടി. കമ്പനിയില്‍ ജോലി. വിവാഹസമ്മാനമെന്നപോലെ കമ്പനി വാണിക്ക് ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു. എട്ടുമാസമായപ്പോള്‍ വാണി ഗര്‍ഭിണിയായി. വിശ്രമം വേണമെന്ന് ഡോക്ടര്‍. ധര്‍മസങ്കടത്തിലായ വാണി ഒടുവില്‍ ജോലി രാജിവെക്കാന്‍ ആലോചന തുടങ്ങി. എന്നാല്‍ വാണിയെപ്പോലെ മികവുകാട്ടുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ നഷ്ടപ്പെടുത്താന്‍ കമ്പനി ആഗ്രഹിച്ചില്ല. അങ്ങനെയാണ് പതിവില്ലാതിരുന്നിട്ടും കമ്പനി വാണിക്ക് 'വര്‍ക്കിങ് ഫ്രം ഹോം' സൗകര്യം അനുവദിച്ചത്. ഇപ്പോള്‍ വാണി രണ്ടരവയസ്സുള്ള കുഞ്ഞിന്റെ അമ്മ. എന്നിട്ടും ഓഫീസില്‍ പോയിത്തുടങ്ങിയിട്ടില്ല. ജോലി മുഴുവന്‍ വീട്ടില്‍ ലാപ്‌ടോപിന് മുന്നിലിരുന്ന്. അരികില്‍ മൊബൈല്‍ ഫോണും.

''എല്ലാം പതിവുപോലെ. പ്രസവത്തിന് രണ്ടു ദിവസം മുമ്പുവരെ ഞാന്‍ ജോലിചെയ്തു. മോന്‍ ജനിച്ച് ഒന്നരമാസം കഴിഞ്ഞപ്പോള്‍ വീണ്ടും ലോഗ് ചെയ്തു. സഹായത്തിന് അമ്മ കൂടെയുള്ളതിനാല്‍ മോന്റെ കാര്യം ബുദ്ധിമുട്ടില്ല. ഇടയ്ക്ക് അത്യാവശ്യത്തിന് അവന്റെ കാര്യവും നോക്കാം. എനിക്കിപ്പോള്‍ ഇത് ശീലമായി. ഓഫീസിലേതിനെക്കാള്‍ നന്നായി മാനേജ് ചെയ്യാന്‍ കഴിയുന്നു. ജീവിതത്തിന്റെ പ്രധാന വഴിത്തിരിവില്‍ കമ്പനി എനിക്കൊപ്പം നിന്നു. ഞാനും അവര്‍ക്കൊപ്പം തുടരുന്നു'' - വാണി പറയുന്നു.
മികവുറ്റ കമ്പനികള്‍ അങ്ങനെയാണ്. സ്ഥാപനം തന്റേതാണെന്ന ബോധം ജീവനക്കാരില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നു. സ്ഥാപനത്തെപ്പറ്റി ജീവനക്കാരില്‍ അഭിമാനബോധം വളര്‍ത്തുന്നു. ജീവനക്കാരുടെ ആത്മവീര്യം ഉയര്‍ത്തുന്നു. തൊഴില്‍മികവ് പരമാവധി പുറത്തെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

തൊഴിലും ജീവിതവും

ജീവിതത്തിനൊപ്പം തൊഴിലും മുമ്പോട്ടുകൊണ്ടുപോവാന്‍ ജീവനക്കാരെ സഹായിക്കുകയാണ് വീട്ടില്‍ നിന്നും ജോലി പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. അത് ജീവനക്കാരെ കമ്പനിയില്‍ തുടരാന്‍ പ്രേരിപ്പിക്കുകയും അവരില്‍നിന്ന് പരമാവധി പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രമുഖ ഐ.ടി. കമ്പനികളായ ഐ.ബി.എം., ഡെല്‍ തുടങ്ങിയ കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.എന്നാല്‍, എല്ലാ തൊഴില്‍മേഖലകളിലും ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് കരുതരുത്. ഐ.ടി., മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, കോപ്പി എഡിറ്റിങ്, ടെലിമാര്‍ക്കറ്റിങ് തുടങ്ങിയവയില്‍ പ്രയോജനപ്പെടുത്താം.

മുഖാമുഖമുള്ള ആശയവിനിമയം ജീവനക്കാരില്‍നിന്ന് കൂടുതല്‍ തൊഴില്‍മികവ് പുറത്തെടുക്കുമെന്നതാണ് ഈ രീതിയെ എതിര്‍ക്കുന്നവരുടെ വാദം.

നമ്മുടെയെല്ലാം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഉഴപ്പിനെപ്പറ്റിയുള്ള ആശങ്കയാണ് മറ്റൊന്ന്. വീട്ടില്‍ നിന്നുള്ള പണി തോന്നിയമട്ടിലാകും, എപ്പോള്‍ തുടങ്ങും എപ്പോള്‍ തീരുമെന്നൊന്നും പറയാനാവില്ല. ഇടയ്‌ക്കെത്തുന്ന ഫോണ്‍കോളുകളും അയല്‍വീട്ടിലെ ബഹളവും കുട്ടിയുടെ കരച്ചിലും ഡയറക്ട് മാര്‍ക്കറ്റിങ്ങുകാരുടെ വാതില്‍മുട്ടും മേശയ്ക്കപ്പുറത്തെ പത്രവുമൊക്കെ ശ്രദ്ധതിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍, ശങ്കകളില്‍ കഴമ്പില്ലെന്നാണ് കണക്കുകളുദ്ധരിച്ച് പറയുന്നത്.

വീട്ടിലിരുന്ന് ജോലി കമ്പനികളുടേത് മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. എത്രയോ പേര്‍ ഇന്ന് സ്വന്തംനിലയ്ക്ക് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കുന്നു. ഇന്റര്‍നെറ്റും ടെലിഫോണും വഴിയും സ്വന്തം സംരംഭങ്ങള്‍ തുടങ്ങിയുമൊക്കെ മികവുകാട്ടുന്നവരേറെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുമ്പ് അവരെക്കൂടി ഓര്‍ക്കേണ്ടതുണ്ട്.


ജോലി വീട്ടിലാകുമ്പോള്‍

കമ്പനികളുടേതായാലും സ്വന്തം സംരംഭത്തിന്റേതായാലും ജോലി വീട്ടിലിരുന്ന് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചിട്ടയോടെ മുന്നോട്ടുപോയാലേ വീട്ടില്‍നിന്ന് വിജയം കൈവരിക്കാനാവുകയുള്ളൂ.

* ഉഴപ്പുപരിപാടി പരമാവധി വീടിന്റെ പടിക്കുപുറത്തുനിര്‍ത്തുക. ജോലിക്ക് നിശ്ചിത സമയക്രമം നിശ്ചയിക്കുക. ജോലി തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതുമായ സമയം നേരത്തേതന്നെ ഉറപ്പിക്കുക. ആ സമയത്തുതന്നെ ജോലി തുടങ്ങുക. ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യത്തിന് ബ്രേക്ക് എടുക്കേണ്ടിവന്നാല്‍ ആ സമയംകൂടി ജോലിചെയ്ത ശേഷമായിരിക്കണം അവസാനിപ്പിക്കേണ്ടത്.

* ഏറ്റെടുക്കുന്ന ഓരോ ജോലിക്കും സമയപരിധി നിശ്ചയിക്കുക. ആ സമയത്തിനകം ജോലി ചെയ്തുതീര്‍ക്കുക. ഒരിക്കലും മാറ്റിവെക്കാതിരിക്കുക. കമ്പനിയോടായാലും ക്ലൈന്റിനോടായാലും തികഞ്ഞ ഉത്തരവാദിത്വം പുലര്‍ത്തുക. നേരത്തേ ചെയ്തുതീര്‍ത്താല്‍ ആ സമയം മറ്റു ജോലികള്‍ക്കായി വിനിയോഗിക്കാവുന്നതാണ്.

* നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വീട്ടിലൊരു ബോസ് ഉണ്ടാവില്ലെന്ന ബോധം എപ്പോഴും മനസ്സില്‍വെക്കുക. ഏല്പ്പിക്കുന്ന ജോലി വൃത്തിയായും നിലവാരത്തോടെയും പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക

“ഞങ്ങള്‍ മാതാപിതാക്കള്‍ അല്‍പം തിരക്കിലാണ്”




കണ്ടില്ലേ? , ഞാന്ജോലിചെയ്യുന്നത് ,പീന്നിട് സംസാരിക്കാംഇങ്ങനെ പറയാറുണ്ടോ, നിങ്ങളുടെ കുട്ടികളോട് ...എങ്കില്തീര്ച്ചയായും നിങ്ങളിത് ശ്രദ്ധിക്കണം ...കുട്ടികളുമായി ചിലവാക്കുന്ന സമയം കുറവാണെങ്കിലും ഉള്ള സമയം രണ്ടു കൂട്ടര്ക്കും ഉപകാരപ്രദം ആകും വിധം വേണം വിനിയോഗിക്കേണ്ടത് ...
എന്റെ കുട്ടി എന്നോട് ഒന്നും പറയുന്നില്ല ...അവനു ഞങ്ങളോട് വല്ലാത്ത ദേഷ്യം ആണ് ... ഇങ്ങിനെ പറയുന്ന പലരും നമ്മളുടെ കൂട്ടത്തില്ഉണ്ട് .എന്ത് കൊണ്ടാണ് ഇങ്ങിനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മള്മാതാപിതാക്കള്തന്നെയാണ് , അത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാക്കുന്നത് . കുട്ടികള്സ്കൂ ള്വിട്ടു വരുന്ന നേരം നമ്മുടെ അരികിലേക്ക് ഓടി എത്താറില്ലേ? അന്നേരം പലരും നേരമില്ല ഇപ്പോള്തിരക്കിലാണ് എന്നെല്ലാം പറഞ്ഞു അവരെ മാറ്റി നിര്ത്തും , ഓടിയെത്തുന്ന കുഞ്ഞിന്റെ മനസ്സിലേക്ക് അത് നെഗറ്റീവ് ആയ ഒരു സന്ദേശം ആണ് നല്കുന്നത് . അവര്ക്രമേണ ഒന്നും പറയാന്താല്പര്യമില്ലാത്തവരായി മാറുന്നു .അതുകൊണ്ടുതന്നെ കുട്ടികളുമായി നമ്മള്ചിലവഴിക്കേണ്ട സമയം അളവ് നോക്കി അല്ല മറിച്ച് ഉള്ള സമയം അവര്ക്ക് കൂടി സന്തോഷം കിട്ടത്തക്കവിധത്തി ല്ആയിരിക്കണം ചിലവഴിക്കേണ്ടത് . പലയിടങ്ങളിലും കുട്ടി ഏതു ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് അറിയാത്ത അച്ഛന്മാരുണ്ട് .അവരുടെ തിരക്ക് പിടിച്ച ജീവിതത്തില്അതിനൊന്നും നേരമില്ല എന്ന് ചുരുക്കം.അഭിമാനം നഷ്ടപെടുന്ന സംഭവങ്ങള്ഉണ്ടാക്കുമ്പോ ള്മാത്രം ആണ് അവര്ക്ക് ബോധം വെയ്ക്കുന്നത് .
പഴുതാര , കൂറ പിന്നെ കുട്ടികളുടെ ഷൂസും.
എന്റെ ഒരു കൂട്ടുകാരിയുടെ സ്കൂളില്ഉണ്ടായ സംഭവം ആണ് .. അതും വളരെ പ്രശസ്തമായ വിദ്യാലയം .. അവിടെയാണ് കുട്ടിയുടെ ഷൂവില്നിന്നും പഴുതാരയെ കിട്ടിയത് .മക്കളെ നോക്കാന്നേരമില്ല മാതാപിതാക്കള്ക്ക് അതാണല്ലോ ഇങ്ങിനെയുള്ള പ്രശ്നങ്ങള്ഉണ്ടാകുന്നതിന് കാരണം ആകുന്നത് സ്വന്തം കുട്ടി സ്കൂളില്എത്തുന്നുണ്ടോ എന്ന് പോലും ഇവരെ പോലുള്ള മാതാപിതാക്കള്ക്ക് അറിയില്ല ...പലപ്പോഴും നമ്മള്വായിക്കാറുണ്ട് സ്കൂളിലേക്ക് അല്ലെങ്കില്കോളേജി ല്പോയ കുട്ടികളെ പല സ്ഥലങ്ങളിലും വെച്ച് പോലീസ് പിടികൂടി എന്നെല്ലാം , കുട്ടികളി ല്പെരുമാറ്റ വൈകല്യം (behaviourproblems) കാണിക്കുന്നതിന് ഒരു കാരണം ഇത്തരത്തി ല്വീടുകളില്കാണിക്കുന്ന അവഗണനകളായിരിക്കാം. കുഞ്ഞിന്റെ വളര്ച്ചയുടെ ഓരോഘട്ടത്തിലും അവര്ക്ക് വേണ്ട മാനസികവും, ആരോഗ്യപരവുമായ അന്തരീക്ഷം ഉണ്ടാക്കി കൊടുക്കേണ്ടതാണ് ..അവരുടെ ഓരോ മാറ്റവും മുതിര്ന്നവ ര്അറിയണം .
വീടുകളില്ഒറ്റപെടലുക ള്അനുഭവിക്കുന്ന കുട്ടികള്പലവിധത്തിലും പെരുമാറിയെന്നിരിക്കാം . ചിലരില്ഏകാന്തത , പിരിമുറുക്കം എന്നിവയ്ക്ക് കാരണം ആകും ..എങ്കില്മറ്റു ചില കുട്ടികളുടെ കാര്യം നേരെ വീപരീതം ആകാം അവര്ശ്രദ്ധകിട്ടാനായി (attention seeking behavior) എന്തും ചെയ്തെന്നിരിക്കും എന്നൊരു രീതി ആകും ..മറ്റു കുട്ടികളെ ഉപദ്രവിക്കാന്ശ്രമിക്കും ..മാതാപിതാക്കളോട് ദേഷ്യം തോന്നുന്ന കുട്ടികള്അവരെ എങ്ങിനെയും അപമാനിക്കണം എന്നൊരു ചിന്തയില്എത്തിച്ചേരുന്നു ...അങ്ങിനെ എങ്കിലും അവര്തങ്ങളെ ശ്രദ്ധിക്കുമല്ലോ എന്നൊരു വിചാരമാണ് സത്യത്തില്അവരെ അതുപോലുള്ള പെരുമാറ്റത്തിനു പ്രേരിപ്പിക്കുന്നത്‌....ഇങ്ങിനെ ഒരുപാട് പ്രശനങ്ങ ള്ക്ക് കാരണം ആകാം ..മയക്കുമരുന്ന് ,മൊബൈല്പ്രണയങ്ങ ള്‍, സെക്സ് റാക്കെറ്റ്സ് എന്നിവയില്എല്ലാം ഇവ ര്എളുപ്പം അകപെടും !
മാതാപിതാക്ക ള്കൂട്ടുകാരാകണം 
മക്കളെ അടുത്ത് അറിയാന്അവരെ സ്നേഹിക്കാനും സമയം കണ്ടെത്തു...നിയന്ത്രണങ്ങള്‍ , വിലക്കുകള്എന്നിവ ഏര്പെടുത്തുന്നത് മാത്രമാണ് രക്ഷിതാവിന്റെ കടമയെന്നു വിചാരിക്കരുത് . അതിനു മുന്പ് അവര്ആദ്യം കുട്ടികളെ അറിയാനും അവരുടെ നല്ല സുഹൃത്തുക്ക ള്ആകാനും പഠിക്കണം . സ്വന്തം മക്കളില്വിശ്വാസം വേണം , വിശ്വാസം അവര്മക്കള്ക്ക്ബോദ്ധ്യപെടുകയും വേണം ..ഇത് കുട്ടികളോട് എന്നല്ല , ഏതു ബന്ധത്തിലായാലും അത്യാവശ്യം വേണ്ട ഒരു ഘടകമാണ്‌ “വിശ്വാസം”..കുട്ടികള്തെറ്റ് പറ്റിയത് പറയുന്ന നേരം .അവര്ക്കെതിരെ ആരെങ്കിലും ഭീഷണി മുഴക്കുന്നുണ്ട്എന്നെല്ലാം പറയുന്നു എങ്കി ല്‍ , ഭീഷണിയുടെ കാര്യം തുറന്നു പറയാന്അവര്ക്ക് സാധിച്ചു എന്ന് വേണം നമ്മള്കരുതാ ന്‍ . അവസരത്തില്‍ ,അവരെ വഴക്ക് പറയുന്നതിനു പകരം അവര്ക്ക് കൂടെ നിന്ന് ധൈര്യം നല്കി ഭീഷണികളി ല്നിന്നും രക്ഷിക്കണം . തെറ്റ് പറ്റിയത് പറയുമ്പോള്അവരെ വഴക്ക് പറഞ്ഞാലൊരു പക്ഷെ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവര്നഷ്ടമായി പോയെന്നുവരാം..അതിനാല്വീടുകളില്എല്ലാ തരം ബന്ധങ്ങളിലും എന്തും തുറന്നു പറയാനുള്ള സാഹചര്യം വേണം .അവരെ തെറ്റിലേക്ക് നയിച്ച സാഹചര്യം നമ്മള്അറിയണം ....എന്തും തുറന്നു പറയാന്പറ്റിയ സാഹചര്യം ആണ് എങ്കി ല്കുട്ടികളില്ആത്മവിശ്വാസം വര്ധിക്കും .മക്കളുടെ ആയാലും ഭാര്യാഭര്തൃ ബന്ധങ്ങളി ല്ആണെങ്കിലും അവരവരുടെ കൂട്ടുകാരെ പരസപരം അറിഞ്ഞിരിക്കണം . അതിനു നല്ലൊരു ഫ്രണ്ട് ആകണം ആദ്യം .
സമയം ആര്ക്കു വേണ്ടിയും കാത്തു നില്ക്കില്ല 
വാചകം എല്ലാവരും കേട്ടതാണ് ,എല്ലാവര്ക്കും അറിയുകയും ചെയ്യാം , എന്നാല്പ്രാവര്ത്തികം ആക്കുന്നത് ചുരുക്കം .. നമുക്ക് വേണ്ടപെട്ടവര്ക്ക്വേണ്ടി സമയം നമ്മ ള്തന്നെ കണ്ടെത്തണം അമ്മക്ക് വേണ്ടിയും , ഭാര്യക്ക് വേണ്ടിയും ,മക്കള്ക്ക്വേണ്ടിയും തിരിച്ചു അച്ഛനും ,ഭര്ത്താവിനു വേണ്ടിയും എല്ലാം ..ഇല്ലെങ്കില്അവരെല്ലാം പതിയെ ശ്രദ്ധ കിട്ടുന്ന സ്ഥലത്തേക്ക് പോകും പലപ്പോഴും അവിടെല്ലാം ചതികുഴികള്ഉണ്ടാകാം .അത് പിന്നിട് ഭീഷണികളും ഒടുവില്കണ്ണുനീരിലും അവസാനം ആത്മഹത്യാ തന്നെ ചെയാനും കാരണം ആകാം .അതുകൊണ്ടുതന്നെ കുടുംബം എന്നും ഒന്നായി നില്ക്കാ ന്പഠിക്കണം പലമാനസിക പ്രശ്നങ്ങള്ക്കും കാരണം അവരെ ആരും സ്നേഹിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നുള്ള പരാതികള്ആണ് .ഇത് ഡിപ്രഷന്‍, സ്ട്രെസ്,ടെന്ഷന്തുടങ്ങി പല മാനസികമായ അസുഖങ്ങളി ല്എത്തിക്കും ... അപ്പോ ള്എന്തിനു വെറുതേ നമ്മ ള്അസുഖം വിളിച്ചു വരുത്തണം? കുറച്ചു സമയം കുടുംബത്തിനു ഒപ്പം ചിലവഴിക്കാ ന്നേരം ഉണ്ടെങ്കി ല്പല പ്രശനങ്ങളും ഒഴിവാക്കാന്സാധിക്കും എങ്കി ല്നല്ലൊരു നാളേക്ക് വേണ്ടി നമ്മുക്ക് എല്ലാവര്ക്കും സമയം മാറ്റി വെയ്ക്കാം.നല്ലൊരു മാനസികമായ ആരോഗ്യം ഉള്ള ഒരു വ്യക്തിക്ക് ശാരീരികമായ അസുഖങ്ങളൊന്നും വരാതെ ഇരിക്കാന്ഒരുപരിധിവരെ സാധിക്കും, കൂടാതെ മാനസികാരോഗ്യം ഉള്ളവര്ക്ക് എന്ത് മാരകമായ അസുഖം വന്നാലും നേരിടാനും സാധിക്കും .എന്നാല്പിന്നെ നല്ലൊരു മാനസികമായ ആരോഗ്യം ഉള്ള ഒരു സമൂഹത്തിനു വേണ്ടി നമുക്ക് സമയം വിനിയോഗിക്കാം അല്ലെ..

തയാറാക്കിയത്
സ്മിത സതീഷ്