Thursday, August 1, 2013

സി.എല്‍. മുഹമ്മദലി: കാസര്‍കോടിന്റെ അകക്കണ്ണ് തുറപ്പിച്ച സാംസ്‌കാരിക സാന്നിധ്യം

രാവിലെ സമയമറിയാന്‍ മൊബൈല്‍ ഫോണില്‍ നോക്കിയപ്പോഴാണ് ഒരു സന്ദേശം ശ്രദ്ധയില്‍പെട്ടത്. കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട് അയച്ചതാണ്. ഇന്‍ബോക്‌സ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. 'സി.എല്‍ മുഹമ്മദലി പാസസ് എവേ' എന്നാണ് സന്ദേശം. വിശ്വാസം വന്നില്ല. അല്‍പം കഴിഞ്ഞപ്പോള്‍ ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ വിളിച്ചു. സീയെലിന്റെ കാര്യം അറിഞ്ഞില്ലേ എന്ന് ചോദിച്ചു. വിവരം നാരായണന്‍ പേരിയ മാസ്റ്ററെ അറിയിക്കാമെന്ന് വിചാരിച്ച് ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. നമുക്ക് സീയെലിന്റെ വീട്ടിലേക്ക് പോകേണ്ടേ എന്ന്. ഇത്രയും ആയപ്പോഴാണ് സി.എല്‍. മരണപ്പെട്ടുവെന്ന് ഉറപ്പ് വന്നത്.

സി.എല്‍. എന്റെ ആരെല്ലാമോ ആയിരുന്നു. അതുപോലെ തന്നെ നാടിന്റെയും. അതിനാല്‍ അദ്ദേഹം വേണ്ടപ്പെട്ട ഒരാളാണെന്ന ചിന്തയും അദ്ദേഹം എപ്പോഴും ജീവിച്ചിരിക്കണമെന്ന ആഗ്രഹവും മനസില്‍ കൊണ്ടുനടന്നിരുന്നു. കുറച്ചു ദിവസങ്ങളിലായി സി.എല്ലിനെ കുറിച്ചുള്ള ഓരോ ആലോചനകളാണ് മനസില്‍. ഈയിടെ അദ്ദേഹത്തെ കാണാന്‍ പോകണമെന്ന് അതിയായി ആഗ്രഹിക്കുകയും അക്കാര്യം നാരായണന്‍ മാഷോട് പറയുകയും ചെയ്തു. അദ്ദേഹവും ആ ആഗ്രഹം പ്രകടിപ്പിച്ചു.

നാളെയോ, മറ്റന്നാളോ നമുക്ക് പോകാമെന്നും ഞാന്‍ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടോ പോകാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് സി.എല്‍. അന്തരിച്ചുവെന്ന വാര്‍ത്ത ഒരു നടുക്കമായി എത്തുന്നത്. മനസില്‍ നാനാവിധ വികാരങ്ങളും ഓര്‍മകളും അലയടിക്കുന്നുണ്ടായിരുന്നു. അതിനിടയിലും തെല്ലൊരു ആശ്വാസമായി തോന്നിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് സുഖമില്ലെന്നറിഞ്ഞ് വീട്ടില്‍ പോയി കണ്ടതും ഏറെ നേരം ഉള്ളുതുറന്ന് സംസാരിച്ചതും ആണ്.

ഞാനും മമ്മദലിച്ചയും തമ്മില്‍ പതിറ്റാണ്ടുകളുടെ ആത്മ സൗഹൃദമാണുള്ളത്. ഉത്തരദേശത്തില്‍ റിപോര്‍ട്ടറായിരിക്കെയാണ് ആ സൗഹൃദം പിറവിയെടുത്തതും വളര്‍ന്ന് പരിപോഷിച്ചതും. എത്രയോ സായാഹ്നങ്ങളില്‍ ഞങ്ങള്‍ നഗരത്തിലെ റോഡുകളിലൂടെ പലതരം വിഷയങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ട് നടക്കുകയും ആ യാത്ര ഏതെങ്കിലും ഹോട്ടലിലോ അദ്ദേഹത്തിന്റെ പുലിക്കുന്ന് ടൗണ്‍ ഹാളിനടുത്ത വീട്ടിലോ അവസാനിക്കുകയും അവിടെവെച്ച് പിരിയുകയും ആയിരുന്നു പതിവ്.

ഇങ്ങനെയുള്ള പലയാത്രകളിലും നാരായണന്‍ മാഷും കൂടെയുണ്ടാവും. ഭൂമിക്ക് മുകളിലുള്ളതും ആകാശത്തിന് താഴെയുള്ളതുമായ എല്ലാ വിഷയങ്ങളും ചര്‍ചകളില്‍ കടന്നുവരും. മക്കളുടെ വിദ്യാഭ്യാസവും അവരുടെ ഭാവിയും പുതുതായി പണിയാനുദ്ദേശിക്കുന്ന വീടിനെ കുറിച്ചും സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും കാസര്‍കോട് സാഹിത്യ വേദിയെ കുറിച്ചും എല്ലാം അദ്ദേഹം സംസാരിക്കും.

ഞാന്‍ പറയുന്നതും അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും. വാര്‍ത്തയ്ക്കും കവിതയ്ക്കുമുള്ള വിഷയങ്ങളും അതിലുണ്ടാവും. ഒരു പുസ്തകം ഇറക്കണമെന്ന് അദ്ദേഹം പലതവണ എന്നോട് പറയുകയും അതിന്റെ മുഴുവന്‍ ചിലവും താന്‍ വഹിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അത് നടന്നില്ല.

മക്കളുടെ വിദ്യാഭ്യാസ സൗകര്യാര്‍ത്ഥം വര്‍ഷങ്ങളോളം അദ്ദേഹം താമസിച്ചത് ആനബാഗിലുവിലെ തീരെ സൗകര്യം കുറഞ്ഞ ഒരു വാടക വീട്ടിലായിരുന്നു. അതിനു ശേഷമാണ് ടൗണ്‍ ഹാളിനടുത്ത കുറച്ചു കൂടി സൗകര്യപ്രദമായ മറ്റൊരു വീട്ടിലേക്ക് മാറിയത്. ഏതാണ്ട് അഞ്ചു വര്‍ഷം മുമ്പാണ് ചെമ്മനാട് പാലിച്ചിയടുക്കത്ത് സ്വന്തമായി നല്ലൊരു വീട് പണിത് അങ്ങോട്ടേക്ക് താമസം മാറ്റിയത്. അപ്പോഴേക്കും മക്കളെല്ലാം പഠിച്ച് നല്ലൊരു അവസ്ഥയിലെത്തിയിരുന്നു. എഞ്ചിനീയറായ ഏക മകളുടെയും ഡോക്ടറും എഞ്ചിനീയറുമായ രണ്ട് ആണ്‍ മക്കളുടെയും വിവാഹവും അവിടെ വെച്ചാണ് നടത്തിയത്. മക്കളെ നല്ല അവസ്ഥയിലേക്കെത്തിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം ഒടുവില്‍ കണ്ടപ്പോഴും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

ചെമ്മനാട് ലേസ്യത്തെ പ്രശസ്തമായ കര്‍ഷക കുടുംബത്തില്‍ പിറന്ന മുഹമ്മദലിയും ഒരു കര്‍ഷകനായിരുന്നു. പഠനത്തില്‍ അതീവ മിടുക്കും ഉത്സാഹവും പ്രകടിപ്പിച്ച അദ്ദേഹം കുറേക്കാലം കുവൈത്തിലായിരുന്നു. കാസര്‍കോട്ടുകാര്‍ക്ക് വീഡിയോഗ്രാഫിയും ഡിജിറ്റല്‍ ക്യാമറയും പരിചയപ്പെടുത്തിയത് സി.എല്‍. മുഹമ്മദലിയായിരുന്നു. കംപ്യൂട്ടറുകളെകുറിച്ചും ഇന്റര്‍നെറ്റിനെകുറിച്ചും നല്ല അറിവുണ്ടായിരുന്ന അദ്ദേഹം അതിന്റെ സാധ്യതകള്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

നല്ലൊരു ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയായിരുന്ന മുഹമ്മദലിയുടെ കൈവശം ആറാമതൊരു വിരലുപോലെയായിരുന്നു ക്യാമറ ഉണ്ടായിരുന്നത്. യാത്രയില്‍ കൗതുകകരമായി കാണുന്ന രംഗങ്ങളെല്ലാം ക്യാമറയില്‍പകര്‍ത്തുകയും അത് കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും വാര്‍ത്താപ്രാധാന്യമുള്ളവ പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. നഗരത്തില്‍ അലഞ്ഞുനടക്കുന്ന കന്നുകാലികളും നായ്ക്കളും എപ്പോഴും സി.എല്‍. മുഹമ്മദലിയുടെ ക്യാമറയില്‍ പതിയും. അതിനുപുറമെ മാലിന്യകൂമ്പാരങ്ങളും മനോരോഗികളുടെ ചേഷ്ടകളും അദ്ദേഹം ഒപ്പിയെടുക്കും. ഈയിലെ മരണപ്പെട്ട മനോരോഗിയായ മുത്തുവിനെ അദ്ദേഹം ഏറെക്കാലമായി പിന്തുടരുകയും അയാളുടെ നൂറുകണക്കിന് ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതിലിനുപുറത്ത് സ്വകാര്യ വ്യക്തി മണ്ണ് എടുത്തതിനെതുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം അപകടനിലയിലായതുസംബന്ധിച്ച് സി.എല്‍. എടുത്ത ഫോട്ടോകളും വാര്‍ത്തകളും ഏറെശ്രദ്ധിക്കപ്പെട്ടു. അതിനെതുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ട് മണ്ണെടുപ്പ് തടഞ്ഞതും കോണ്‍ക്രീറ്റ് ഭിത്തി കെട്ടാന്‍ നിര്‍ദേശിച്ചതും.


വര്‍ഷങ്ങള്‍ക്കുമുമ്പ് കാസര്‍കോട് നഗരത്തില്‍ മലമ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ അധികൃതരുടെ കണ്ണുതുറക്കാനായി മുഹമ്മദലി നടത്തിയ സത്യാഗ്രഹ സമരം ഏറെ വാര്‍ത്താപ്രാധാന്യം നേടി. ഇപ്പോള്‍ സുല്‍ത്താന്‍ ജ്വല്ലറി സ്ഥിതിചെയ്യുന്ന സ്ഥലത്ത് അന്നുണ്ടായിരുന്ന ഒഴിഞ്ഞസ്ഥലത്ത് പന്തല്‍കെട്ടിയായിരുന്നു സത്യാഗ്രഹം. ചിത്രകാരന്മാരും ഫോട്ടോഗ്രാഫര്‍മാരും സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് ചിത്രംവരക്കലും ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. മനുഷ്യാവകാശ പോരാട്ടങ്ങളിലും അധികൃതരുടെ അവഗണനയ്‌ക്കെതിരായ സമരങ്ങളിലും ഒരു യുവതുര്‍ക്കിയായി മുഹമ്മദലി എപ്പോഴും മുന്നിലുണ്ടാകുമായിരുന്നു. സ്വന്തമായ അഭിപ്രായങ്ങളും ചിന്താഗതികളും പുലര്‍ത്തിയിരുന്ന സി.എല്‍. അനീതി എവിടെക്കണ്ടാലും അതിനെ ചോദ്യംചെയ്യാന്‍ തയ്യാറായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നുവെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തിലൂടെ ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതിരുന്നത് ഈയൊരു സ്വഭാവം കൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍. രാമകൃഷ്ണന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, ഐ. രാമറൈ തുടങ്ങിയവരുമായി നല്ല അടുപ്പം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതിയുടെ ജില്ലാ ചെയര്‍മാനാകാനും അദ്ദേഹത്തിന് കഴിഞ്ഞു.

CL-Muhammed-aliകേവലം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഒതുങ്ങിയ വ്യക്തിത്വമായിരുന്നില്ല സി.എലിന്റേത്. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍, മാധ്യമപ്രവര്‍ത്തകന്‍, ഫോട്ടോഗ്രാഫര്‍, വീഡിയോ ഗ്രാഫര്‍, നല്ലൊരു വായനക്കാരന്‍, മൂര്‍ചയുള്ള ചിന്തയുടെയും വാക്കിന്റെയും ഉടമ തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. വിഞ്ജാനത്തിന് വേണ്ടി സദാ ദാഹിച്ചിരുന്ന ഒരു മനസിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. വിഞ്ജാനം എന്നത് കളഞ്ഞുപോയ മുത്താണ്, അത് എവിടെക്കണ്ടാലും പെറുക്കിയെടുക്കുക എന്ന പ്രവാചക വചനം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോടിന്റെ സാംസ്‌ക്കാരിക-ഭാഷാ വൈവിധ്യങ്ങളെകുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കാനും ആത്മകഥ എഴുതി പ്രസിദ്ധീകരിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ അദ്ദേഹം വര്‍ഷങ്ങളായി നടത്തിവരികയായിരുന്നു. രോഗബാധിതനായി വീട്ടില്‍ കഴിയുന്ന അവസരങ്ങളിലെല്ലാം തന്റെ അനുഭവങ്ങളെകുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിക്കൂട്ടി. സന്ദര്‍ശകരുമായി അക്കാര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ആഗ്രഹങ്ങള്‍ സഫലമാകുന്നതിന് മുമ്പേയാണ് പവിത്രമായ റംസാന്‍ മാസത്തില്‍ അദ്ദേഹം വിടപറഞ്ഞത്.

വീട്ടിലെ സ്വീകരണമുറിയില്‍ കിടത്തിയിരുന്ന ചേതനയറ്റ ആ മുഖം ഒരുനോക്ക് കാണാനേ സാധിച്ചുള്ളു. അവിടെ ശാന്തനായി കിടക്കുന്നത് കാസര്‍കോട്ടും പരിസരങ്ങളിലും ഒരുകാലത്ത് കൊടുങ്കാറ്റുപോലെ വീശിയടിച്ച ഒരു സംസ്‌ക്കാരിക നായകനാണെന്ന് അദ്ദേഹത്തെ നല്ലതുപോലെ അറിഞ്ഞതുകൊണ്ടുമാത്രമേ വിശ്വസിക്കാന്‍ സാധിച്ചുള്ളൂ. സി.എല്‍. മുഹമ്മദലി എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും വേണ്ടതുപോലെ നാട് വിലയിരുത്തിയോ, അംഗീകരിച്ചുവോ എന്ന സന്ദേഹവും ഇവിടെ പങ്കുവെക്കുന്നു.
..
by:
രവീന്ദ്രന്‍ പാടി, Kasaragodvartha.com

No comments: