Monday, October 28, 2013

സോണി, നീയിപ്പോള്‍ എവിടെയാണ്‌





അഞ്ചു വര്‍ഷം മുമ്പാണ് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിനെ കാണാതായത്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ജി.കെ. സീമ യുടെ നീറുന്ന ഓര്‍മകള്‍




ഇന്ത്യാവിഷനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സോണി ഭട്ടതിരിപ്പാടിനെ കാണാതായിട്ട് അഞ്ചു വര്‍ഷമാകുന്നു. 2008 നവംബര്‍ 21-ന് ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സോണി പിന്നീട് തിരിച്ചുവന്നില്ല. ആകെ കിട്ടിയ വിവരം ഒരു ഫോണ്‍കോളും കത്തും. അതും ആ സമയത്ത് ഭാര്യ ഡോക്ടര്‍ സീമയെ തേടിയെത്തിയത്. എറണാകുളത്ത് ആയുര്‍വേദ ഡോക്ടറായ സീമയ്ക്കു മകളുടെ അധ്യാപികവശം കൊടുത്തുവിട്ടതാണ് കത്ത്.


ജീവിതത്തില്‍ സന്തോഷം നിറഞ്ഞ കാലത്ത് കടന്നുവന്ന ഗോവന്‍യാത്രയെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോഴേ സീമ കരഞ്ഞു തുടങ്ങും. ''തലേന്ന് വൈകിട്ടാണ് പോകുന്ന കാര്യം എന്നോട് പറയുന്നത്. അല്പം മദ്യപിക്കുമായിരുന്ന അപ്പുവേട്ടന്‍ അതൊക്കെ ഉപേക്ഷിച്ച് ജീവിച്ച സമയമാണ്. എന്നാല്‍ ഗോവയിലേക്കു പോയാല്‍ ഈ സന്തോഷം നഷട്‌പ്പെടുമെന്നു തോന്നി. വെള്ളത്തിനു പകരംപോലും മദ്യമെന്നാണ് ഗോവയെക്കുറിച്ച് കേട്ടിരിക്കുന്നത്. പോകേണ്ടെന്ന് പല രീതിയില്‍ പറഞ്ഞുനോക്കി. പക്ഷേ, പിന്മാറിയില്ല.

ഗോവയില്‍ ചെന്ന് രണ്ട് നാള്‍ നല്ല റിപ്പോര്‍ട്ടുകള്‍ വന്നു. നവംബര്‍ 24 മുതല്‍ റിപ്പോര്‍ട്ടുകളില്ല. എനിക്ക് ചില നെഗറ്റീവ് മെസ്സേജുകള്‍ വന്നുതുടങ്ങി. ഇതിനു മുമ്പും വീട് വിട്ടുപോയിട്ടുണ്ട്. അപ്പോഴൊക്കെ സങ്കടപ്പെടുത്തുന്ന കുറെ മെസ്സേജുകള്‍ വരിക പതിവാണ്.'' ഒരു ദിവസം വെള്ളത്തുണിയില്‍ പൊതിഞ്ഞ് എന്റെ ശരീരം നിനക്ക് മുന്നിലെത്തും'' എന്നൊക്കെയുള്ള മെസ്സേജുകള്‍. ഇക്കുറി ''നീ മക്കളെ നന്നായി വളര്‍ത്തണം, ഞാന്‍ പോവുകയാണ്'' എന്ന മെസ്സേജ്. അത് കിട്ടിയപ്പോഴേ മനസ്സിലായി. പ്രശ്‌നമുണ്ടാകാന്‍ പോകുന്നു. നേരത്തെ ആളെ കാണാതായപ്പോഴൊക്കെ ഒരു വിവരവുമില്ലാതെ ഇരുന്നിട്ട് രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ മടങ്ങിവരും. ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല. കുറെ പണവും ചെലവാക്കി, ഫോണും നഷ്ടപ്പെടുത്തിയിട്ടാവും വരിക. മടങ്ങിവരുമ്പോഴേ അറിഞ്ഞിട്ടുള്ളൂ യാത്രകള്‍ എവിടേക്കായിരുന്നെന്ന്. ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമം, മാതാ അമൃതാനന്ദമയീ മഠം, കുടജാദ്രി... ആത്മീയ കേന്ദ്രങ്ങളിലേക്കായിരുന്നു ആ ഒളിച്ചോട്ടങ്ങള്‍.

ഗോവയില്‍ ചെന്ന് നാലാംപക്കമാണ് ആളെ കാണാതായത്. ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോടുപോലും പറയാതെ ടാക്‌സി വിളിച്ച് പോയെന്ന്. രണ്ടു ദിവസം മുമ്പ് മംഗലാപുരത്തെ ഒരു ഹോട്ടലിലെ നമ്പര്‍ എന്നെ വിളിച്ചു ചോദിച്ചിരുന്നു. കാണുന്നില്ല എന്നു പറഞ്ഞപ്പോഴേ തോന്നി ആ ഹോട്ടലില്‍ കാണുമെന്ന്. സോണിയുടെ ഒരു ബന്ധുവിനെ അവിടേക്ക് പറഞ്ഞുവിട്ടു. ചെല്ലുമ്പോള്‍ മദ്യപിച്ച് ആകെ അവശനായി അവിടെയുണ്ട്. ഇത്തരം അവസ്ഥയില്‍ പെട്ടുപോയാല്‍ പിന്നെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്‌തേ പറ്റൂ. കേരളത്തിലെ ആസ്പത്രികളില്‍ പോകാന്‍ മടിയാണ്. തന്നെ കണ്ടാല്‍ ആള്‍ക്കാര്‍ തിരിച്ചറിയുമത്രെ. എന്നാല്‍ മംഗലാപുരത്തെ മുള്ളേഴ്‌സ് ആസ്പത്രിയില്‍ മുമ്പും പോയിട്ടുണ്ട്. ബന്ധു വളരെ നിര്‍ബന്ധിച്ച് ആളെ മുള്ളേഴ്‌സില്‍ എത്തിച്ചു.

ഇക്കുറി 10 ദിവസം അവിടെ. അപ്പോഴേക്കും എന്നെ വിളിച്ചുപറഞ്ഞു: ''നീ പറഞ്ഞാല്‍ ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യും. മകളുടെ പിറന്നാളാണെന്നു പറഞ്ഞാല്‍ മതി.'' ഞാന്‍ വിളിച്ചുപറഞ്ഞ് ഡിസ്ചാര്‍ജ് വാങ്ങി. മടങ്ങിയത് ട്രെയിനില്‍, എന്റെ അച്ഛനൊപ്പം. ബ്ലാക് ക്യാറ്റിനെപ്പോലെ വേണ്ട, ചെറിയ ശ്രദ്ധ മതിയെന്ന് അച്ഛനോട് പറഞ്ഞു. അല്ലെങ്കില്‍ അപ്പുവേട്ടന് ബുദ്ധിമുട്ടായാലോ. കാഞ്ഞങ്ങാട്ട് വന്നപ്പോള്‍ ബാത്‌റൂമിലെന്നു പറഞ്ഞുപോയ ആളെ കണ്ടില്ല. അച്ഛന്‍ വിളിച്ച് പറയുംമുമ്പേ എനിക്ക് മെസ്സേജ് കിട്ടി. ''എന്റെ അവസാനത്തെ ആത്മബന്ധവും ഉപേക്ഷിച്ചു.'' ബാഗും ഡ്രസ്സുമൊന്നും എടുത്തില്ല. പേഴ്‌സും എ.ടി.എം. കാര്‍ഡും മാത്രം. ഇക്കുറിയും ഡോക്ടര്‍ പറഞ്ഞു. ''അന്വേഷിച്ച് ബലം പ്രയോഗിച്ച് മടക്കിക്കൊണ്ടു വന്നിട്ടെന്തു കാര്യം. കാത്തിരിക്കുക. ഒരുപക്ഷേ, വന്നേക്കാം.'' ആ കാത്തിരിപ്പിലാണ് ഞാന്‍.

മുമ്പ് നടത്തിയ പല ഒളിച്ചോട്ട യാത്രകളും അമ്പതിനായിരം രൂപ ചെലവഴിച്ചു കഴിയുമ്പോള്‍ അവസാനിക്കാറാണ് പതിവ്. ഇക്കുറി അല്പം ബുദ്ധിയോടെ ഒരു കാര്യം ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പണമില്ലെങ്കില്‍ തിരിച്ചുവരുമെന്നു കരുതി. കാഞ്ഞങ്ങാട്ടുനിന്ന് കാണാതായശേഷം നാലു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു. കുടജാദ്രിയിലേക്കു പോവുകയാണെന്ന്. ടാക്‌സി ഡ്രൈവറുടെ ഫോണില്‍നിന്നാണ് ആ അവസാന വിളി. അപ്പോഴൊന്നും സോണിയുടെ ഫോണിലേക്ക് കോളുകള്‍ പോകുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ടെന്നറിഞ്ഞു. സോണി എന്നെ ഫോണ്‍ ചെയ്യുന്നുണ്ടെന്നും എവിടെയാണ് എനിക്കറിയാമെന്നും. അതുകൊണ്ടാണത്രെ സി.ബി.ഐ.ക്ക് അന്വേഷണം നടത്താനുള്ള പരാതി കൊടുക്കാത്തതെന്ന്. ഇങ്ങനെ പറയുന്നവരോട് ഞാനെന്തുപറയാന്‍.

വിവാഹം കഴിക്കുന്ന സമയത്ത് കോട്ടയത്ത് മലയാള മനോരമയിലാണ് സോണിക്ക് ജോലി. ആയുര്‍വേദത്തില്‍ റാങ്കൊക്കെ മേടിച്ചു പഠിച്ച എനിക്ക് ജോലിയും പഠനവുമൊക്കെ പ്രധാനമായിരുന്നു. പക്ഷേ, ആള് സ്‌നേഹംകൊണ്ട് എന്നെ തിരുത്തും. ജോലിയേക്കാള്‍ പ്രധാനം ജീവിതമാണെന്ന്. കോട്ടയത്ത് താമസിച്ചുതുടങ്ങിയ സമയത്ത് കോട്ടയ്ക്കല്‍ ആയുര്‍വേദ ആസ്പത്രിയില്‍ ലക്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പുവേട്ടന്റെ കൈയില്‍ അപേക്ഷ കൊടുത്തുവിട്ടെങ്കിലും എനിക്കുമാത്രം കാര്‍ഡ് വന്നില്ല. ഞാന്‍ സങ്കടപ്പെട്ടു. ''അതിന് ആര് നിന്റെ ആപ്ലിക്കേഷന്‍ അയച്ചു. ഞാനയച്ചില്ല. നീ കോട്ടയ്ക്കലില്‍. ഞാന്‍ കോട്ടയത്ത്. ജീവിതമല്ലേ പ്രധാനം. പഠിത്തവും ജോലിയുമൊന്നുമല്ല കാര്യം.'' അതു കേട്ട് സന്തോഷിച്ചു. ഭര്‍ത്താവിന് എന്ത് സ്‌നേഹം. സത്യത്തില്‍ അഹങ്കരിച്ചുപോയി. എന്റെ സന്തോഷത്തിന് പ്രേംദേവാസ് ക്ലിനിക്കില്‍ രണ്ടു മണിക്കൂര്‍ കണ്‍സള്‍ട്ടിങ്ങിന് അവസരം വാങ്ങിത്തന്നു. 2,000 രൂപ മാസശമ്പളം. അപ്പോഴേക്കും മോനെ ഗര്‍ഭം ധരിച്ചു. മോന് അഞ്ചു മാസമായപ്പോള്‍ അടുത്ത കുട്ടിയെ ഗര്‍ഭം ധരിച്ചു. പ്രസവവും കുട്ടികളെ നോക്കലുമൊക്കെയായി ജോലിയെന്ന സ്വപ്‌നമൊന്നും മനസ്സില്‍ ഉണ്ടായതേയില്ല.

മോനെ ഗര്‍ഭം ധരിച്ച് ആറാം മാസത്തില്‍ കടുത്ത ശ്വാസംമുട്ടല്‍. അതുകൊണ്ട് ഞാനെന്റെ വീട്ടിലേക്കു പോയി. ഞാനില്ലാതെ കോട്ടയത്തു നില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് കാസര്‍കോട്ടേയ്ക്ക് സ്ഥലംമാറ്റം വാങ്ങി. പത്രപ്രവര്‍ത്തനത്തില്‍ തിളങ്ങി നില്‍ക്കുന്ന നേരത്ത് ആരെങ്കിലും കാസര്‍കോട് പോകുമോയെന്ന് ചോദിച്ച് പലരും കളിയാക്കി. പക്ഷേ, ആള്‍ക്ക് അതൊന്നും വിഷയമേയല്ല. എന്റെ അപേക്ഷ അയയ്ക്കാഞ്ഞതും ദുരുദ്ദേശമായിരുന്നില്ല. ഞാന്‍ അടുത്തു വേണം. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ സ്‌നേഹം കാട്ടുമായിരുന്നു. കല്യാണസമയത്ത് ഹൗസ് സര്‍ജന്‍സിക്കായി മൂന്നാഴ്ചകൂടി കോട്ടയ്ക്കലില്‍ പോകണമായിരുന്നു. രാത്രി ജോലി കഴിഞ്ഞു കോട്ടയ്ക്കലിലേക്ക് ബസ് കയറി വരും. എന്നെയൊന്ന് കാണാന്‍ വേണ്ടി മാത്രം. രാവിലെ ഏഴുമണിക്കാണ് വരിക. എനിക്ക് എട്ടുമണിക്ക് ഡ്യൂട്ടിക്ക് പോകണം. വെറും ഒരു മണിക്കൂര്‍. ഞാന്‍ ചോദിക്കും ''അപ്പുവേട്ടന് വട്ടാണോ?'' അടുത്ത ബസ്സിന് മടങ്ങിയാലേ വൈകിട്ട് ഓഫീസില്‍ കയറാന്‍ പറ്റൂ. ഒരു ഭ്രാന്തമായ സ്‌നേഹം. മനുഷ്യരെ സ്‌നേഹിച്ചു കൊല്ലുന്ന അവസ്ഥ. കൂത്തുപറമ്പിലെ സ്വന്തം വീട്ടിലേക്കു പോലും പോകാതെയാണ് കോട്ടയ്ക്കലിലേക്കുള്ള ഈ യാത്രകള്‍.

യാത്രകളോട് വല്ലാത്ത ഒരിഷ്ടമുണ്ടായിരുന്നു. കുടജാദ്രിയിലേക്ക് എത്ര തവണ പോയിട്ടുണ്ടെന്ന് അറിയില്ല. മൂകാംബികയില്‍ പോയാല്‍ തൊഴാനൊന്നും ശ്രമിക്കില്ല. ഒരിക്കല്‍ എന്നെയും കൂട്ടി. മഴ നനഞ്ഞു കാട്ടിലൂടെ കുടജാദ്രിയിലേക്ക്. കുടജാദ്രിയിലെ മഴയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കണമെന്നു പോലും ആശിച്ചിരുന്നു.

മോന്‍ ജനിച്ചശേഷം നേരെ പോയത് കാസര്‍കോട്ടേയ്ക്ക്. ആ സമയത്താണ് മനസ്സിന്റെ ധൈര്യത്തിനെന്നോണം അല്പം മദ്യപിച്ചു തുടങ്ങിയത്. രോഗിയാണെന്ന തോന്നലായിരുന്നു മറ്റൊരു പ്രശ്‌നം. ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനാവാത്ത കുറേ അസുഖങ്ങളുടെ അസ്വസ്ഥതകള്‍. ചിലപ്പോള്‍ ഭയങ്കര വയറുവേദന. കടുത്ത വേദനയില്‍ കിടന്നു പുളയും. പിടലിവേദനയാകും ചിലനേരം. കോളറൊക്കെയിട്ട് നടക്കും. എന്റെ ഒരു വശം തളര്‍ന്നുപോയി എന്നു പറഞ്ഞിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് കിട്ടാനുള്ള 'സൈക്കോ സൈമാറ്റിക് ഇഫക്ടായിരുന്നു' എന്ന് ഇപ്പോള്‍ തോന്നും. ഇടയ്ക്ക് പനി വരുമ്പോള്‍ എന്നോട് പറയും ''എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഇങ്ങനെ പനിച്ചു കിടക്കുന്നതാണ്. എന്നിട്ട് നീ ഇങ്ങനെ കഥകള്‍ വായിച്ചുതരണം.'' പനി പിടിക്കുമ്പോഴൊക്കെ കഥകള്‍ ഉറക്കെ വായിച്ചു കൊടുക്കലായിരുന്നു എന്റെ ജോലി. സുമംഗലയുടെ 'മിഠായിപൊതിയും' ബാലപ്രസിദ്ധീകരണങ്ങളുമാണ് ഏറെ ഇഷ്ടം.

കാസര്‍കോട് ഞങ്ങള്‍ താമസിക്കുന്ന വാടകവീട് വില്‍ക്കുന്നുവെന്നറിഞ്ഞു അതു വാങ്ങാമെന്നു പറഞ്ഞു ഞാന്‍. ''എന്തിനാ വീട്, മലയാളിയുടെ അങ്ങേയറ്റത്തെ വിഡ്ഢിത്തമാണ് വീടുംസ്ഥലവുമെന്ന ചിന്ത. പറവകളെ നോക്കൂ.... അവ വിതയ്ക്കുന്നില്ല... കൊയ്യുന്നില്ല..'' എന്ന രീതിയില്‍ ഒരു മറുപടി. മോനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോഴും ഇതായിരുന്നു മനസ്സ്. വലിയ സ്‌കൂളിലൊന്നും വേണ്ടായെന്നു പറഞ്ഞു അംഗന്‍വാടിയില്‍ ചേര്‍ത്തു. എറണാകുളത്ത് മനോരമ ചാനലിലേക്ക് മാറിയ സമയം. ആ നഗരം എനിക്കത്ര പരിചയമില്ലാത്തതിനാല്‍ അതനുസരിക്കുകയേ മാര്‍ഗമുണ്ടായുള്ളൂ. അതു കാരണം പിന്നീട് അവന്റെ ഒരുസ്‌കൂള്‍ വര്‍ഷം നഷ്ടപ്പെട്ടു.

കരിയറിലെ സംഘര്‍ഷം എളുപ്പം പിടികൂടുന്ന മനസ്സായിരുന്നു ആള്‍ക്ക്. ടെന്‍ഷന്‍ നീക്കാന്‍ മദ്യം വേണമെന്നു ശഠിച്ച നാളുകള്‍. അന്നു ഞാന്‍ കണ്ണൂര്‍ പരിയാരം ആയുര്‍വേദ കോളേജില്‍ അധ്യാപികയായി ചേര്‍ന്നിരുന്നു. പക്ഷേ, ഞാനില്ലാതെ എറണാകുളത്ത് നില്‍ക്കാന്‍ വയ്യെന്ന വാശിപ്പുറത്ത് ഞാനെന്റെ ജോലി ഉപേക്ഷിച്ച് എറണാകുളത്ത് എത്തി. പിന്നീട് ഒന്നരവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജോലിക്ക് പോയിത്തുടങ്ങിയത്.

ഒപ്പം കഴിഞ്ഞ നാളിലൊന്നും എന്നോട് ശരിയായ സ്‌നേഹമില്ലായിരുന്നോയെന്ന് ഇപ്പോള്‍ സംശയിക്കാറുണ്ട്. സ്‌നേഹമുണ്ടെങ്കില്‍ ഉത്തരവാദിത്വമുണ്ടാകില്ലേ. ചിലനേരം നല്ല ദേഷ്യം വരും. എത്ര നിസ്സാരമായിട്ടാണ് കത്തില്‍ എഴുതിയിരിക്കുന്നത്. 'ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കരുത്. ആരുടെ മുന്നിലും തലകുനിക്കരുതെന്ന്.

മദ്യപിക്കുമായിരുന്നെങ്കിലും മദ്യപിക്കുന്നവരോട് തോന്നുന്ന വെറുപ്പ് തോന്നില്ല. എന്തോ നിസ്സഹായാവസ്ഥയിലാണ് മദ്യം കഴിക്കുന്നതെന്ന് വിചാരിക്കും. മദ്യപിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് വിവാഹം കഴിഞ്ഞതോടെ ശീലം മാറ്റി. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു 'കഴിഞ്ഞ ദിവസം അവള്‍ വാതില്‍ തുറന്നില്ല. പുറത്തുകിടത്തി.'
ഞാന്‍ പറഞ്ഞു. 'ഞാനും ആ അടവ് എടുക്കാന്‍ പോവുകയാണ്.'

'എങ്കില്‍ ഈ വീടിന് മുന്‍വശത്തെ വാതിലുണ്ടാവില്ല. ചവിട്ടിപ്പൊളിക്കും.' പല ദിവസവും വെളുപ്പിനെയാണ് ജോലി കഴിഞ്ഞ് വരുക. ജോലിത്തിരക്കെന്നു പറയും. എന്നിട്ട് പത്രപ്രവര്‍ത്തകന്റെ അതിഭയങ്കരസാധ്യതകള്‍ വര്‍ണിക്കും.

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ഫോണ്‍ എടുക്കില്ല. ആ സമയം മുതല്‍ എന്റെ ശരീരത്ത് ഓടുന്നത് ചോരയല്ല. തീയാണ്. മക്കളെയും കൊണ്ടുള്ള ആ കാത്തിരിപ്പ് അവസാനിക്കാന്‍ നേരം പുലരണം. (ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി സീമ. പിന്നെ സ്വയം ആശ്വസിപ്പിക്കാന്‍ കഴിയാതെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു.)

''അതിലും എത്രയോ ഭേദമാണ് ഇപ്പോള്‍. ഒരു വലിയ കാത്തിരിപ്പുണ്ടെങ്കിലും എല്ലാ ദിവസവും കാത്തിരിപ്പില്‍ അവസാനിക്കുന്നില്ലല്ലോ.''
മാധ്യമപ്രവര്‍ത്തകനായതില്‍ വലിയ സന്തോഷമായിരുന്നു ആള്‍ക്ക്. ഇന്ത്യാവിഷനില്‍ സ്വന്തമായി കുറേ കാര്യങ്ങള്‍ ചെയ്യാനാവുന്നുണ്ടെണ്ടന്ന സന്തോഷമുണ്ടായിരുന്നു. ആ സന്തോഷം വീട്ടിലും അറിയാം. എറണാകുളത്തെ അവസാന എട്ടുമാസം വലിയ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ആ സമയത്ത് മദ്യപാനം പാടേ ഉപേക്ഷിച്ചു. ഇടയ്ക്കു കുട്ടികളെയും കൊണ്ടു പുറത്തുപോകും. ആ സന്തോഷങ്ങള്‍ക്കിടയില്‍ ഗോവന്‍ യാത്ര വന്നപ്പോഴാണ് ഭയന്നത്. അവിടെപോയാല്‍ എന്തെങ്കിലും മോശം കാര്യം സംഭവിക്കുമെന്ന തോന്നല്‍ തെറ്റിയില്ല.

കൂടുതല്‍ ആലോചിച്ചാല്‍ സോണിയോട് കടുത്ത അമര്‍ഷം തോന്നും. അടുത്ത നിമിഷം വെറുക്കാന്‍ പറ്റാതെ വരും. സ്വമേധയോ എന്നോട് സ്‌നേഹമില്ലാതെയോ ചെയ്യുന്നതാവില്ല. ബൈപോളാര്‍ എന്ന രോഗാവസ്ഥകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നതാവാം. രണ്ടു ധ്രുവങ്ങളിലായിട്ടാണ് അവരുടെ മനസ്സ്. അതിനിടയിലായി ഒഴുകി നടക്കുന്ന ജീവിതം. ചില സമയം കടുത്ത മാനസിക പിരിമുറുക്കം. അതു തരണംചെയ്യാന്‍ മദ്യം ഉപയോഗിക്കും. മനസ്സ് സാധാരണ നിലയിലാകുമ്പോള്‍ ജോലി ചെയ്യാനാകും. അല്ലെങ്കില്‍ ജോലിയോട് പോലും വിരക്തി. ഹൈപ്പര്‍ ആക്ടീവായിരിക്കുന്ന സമയം കൂടുതല്‍ മികവ് പ്രകടിപ്പിക്കും. ശരിയായ ചികിത്സ ഫലം തന്നേനെ. പക്ഷേ, ചികിത്സ പൂര്‍ണമാക്കില്ല. രോഗം കടുത്താല്‍ പിന്നെ നാടുവിടും.


ബൈപോളാര്‍ രോഗമെന്നു സ്വയം തിരിച്ചറിഞ്ഞ നാളിലൊന്നില്‍ പറഞ്ഞു: വടക്കുംനാഥന്‍ സിനിമയില്‍ ഒരു സംന്യാസി കഥാപാത്രം പത്മപ്രിയയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ''ഒരു പൂവിനെ കൈവെള്ളയില്‍ വെച്ചു നടക്കും പോലെ നിങ്ങളുടെ ഭര്‍ത്താവിനെ കൊണ്ടു നടക്കാന്‍ പറ്റുമോ കുട്ടിക്ക്. എങ്കിലേ അയാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വരാന്‍ പറ്റൂ.'' എന്നേയും പൂവ് പോലെ കൊണ്ടു നടക്കാന്‍ പറ്റുമോ നിനക്ക്. പലപ്പോഴും ഒരു കൊച്ചുകുട്ടിയെ പോലെ തോന്നും. രാവിലെ ആശുപത്രിയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ എന്നോട് പറയും: ''നീ അഞ്ചു മിനുട്ട് എന്റെ കൂടെ കിടന്നു എന്നെയൊന്ന് ഉറക്കാമോ?'' ഔദ്യോഗിക വിദേശയാത്രകളില്‍ സന്തോഷിക്കുന്ന... ഇടിയും മിന്നലും കണ്ടാല്‍ പേടിച്ചു എനിക്കു പിന്നില്‍ ഒളിക്കുന്ന കൊച്ചുകുട്ടി. മിന്നലും ഇടിയും വരുമ്പോള്‍ ഈശ്വരാ ഇപ്പോള്‍ എവിടെയായിരിക്കുമെന്നു ഓര്‍ത്തു എനിക്ക് ഭയങ്കര പേടിയായിരുന്നു. മഴയത്ത് നനഞ്ഞിരിക്കുകയാണോ... പേടിച്ചിരിക്കുകയാണോ. ഇപ്പോള്‍ ആ പേടിയും എനിക്കില്ല.

അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും സോണി ഒപ്പമില്ലെന്നു തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ ഇത്ര ധൈര്യത്തോടെ ജീവിക്കാന്‍ പറ്റില്ല. മക്കളെ കാണുമ്പോഴാണ് ആധി. അവര്‍ ഒരു സങ്കടവും പറയില്ല. ഒരു ദിവസം മകള്‍ ബുക്കില്‍ എഴുതിയത് കണ്ടു.
''മൈ ഫ്രണ്ട് ചാരുതാസ് മദര്‍ ഈസ് എ ഡോക്ടര്‍. ഫാദര്‍ ഈസ് ആന്‍ എന്‍ജിനിയര്‍. മൈ മദര്‍ ഈസ് എ ഡോക്ടര്‍. മൈ ഫാദര്‍ ഈസ് ...''

''അതെന്താ മോള്‍ പിന്നെയൊന്നും എഴുതാത്തത്. മൈ ഫാദര്‍ ഈസ് എ ജേണലിസ്റ്റ് എന്ന് എഴുതണ്ടേ.'' അതു കേട്ടതും കട്ടിലില്‍നിന്ന് ഒരൊറ്റ ചാട്ടം.
''ചേട്ടാ നമ്മുടെ അച്ഛന്‍ ജേണലിസ്റ്റാണെന്ന്.''

സോണി പോകുന്ന സമയത്ത് മോള്‍ക്ക് ആറ് വയസ്സ്. മോന് എട്ടും. ചില ടീച്ചര്‍മാരോട് അവള്‍ പറയും ''അച്ഛന്‍ റഷ്യയിലാണ്. മൂന്നു മാസം കൂടുമ്പോള്‍ അച്ഛന്‍ വരും. എനിക്ക് ഉടുപ്പും കളിപ്പാട്ടവുമൊക്കെ കൊണ്ടുവരും.''

ഗോവയില്‍നിന്നൊരു മെസ്സേജും മോളെക്കുറിച്ചായിരുന്നു. ''മോളെ നന്നായി നോക്കണം. നിന്നെപ്പോലെ ധൈര്യമില്ലാത്തവളാക്കരുത്. വെറുതെയല്ല അവള്‍ക്ക് ഞാന്‍ ഇന്ദുലേഖയെന്ന് പേരിട്ടതെന്ന്.

'ഞങ്ങളുടെ അച്ഛന്‍ എവിടെ?' എന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല. മകന്‍ അനന്തപത്മനാഭനോട് ഞങ്ങളുടെ ബന്ധത്തിലെ അവന്റെ സമപ്രായക്കാരന്‍ ചോദിച്ചു. ''എപ്പഴാ നിന്റെ അച്ഛന്‍ വരിക?''

''ആ എവിടാന്നറിയില്ല. എപ്പോഴാണാവോ വരുവാന്നറിയില്ല.'' ആ മറുപടി എന്റെ നെഞ്ചില്‍ തറച്ചിട്ട വേദനയെത്രയെന്നു പറയുക വയ്യ.
എന്റെ അനിയന്‍ കലാതിലകമൊക്കെയായിരുന്ന ശ്രീഹരി (കുട്ടന്‍)യുടെ കലാപാടവമൊക്കെ മോനും കിട്ടിയിട്ടുണ്ട്. നൃത്തം ചെയ്യാനും അഭിനയിക്കാനും പാടാനുമൊക്കെയുള്ള കഴിവുണ്ട്. കഴിഞ്ഞവര്‍ഷം അവന്റെ ഉപനയനം നടന്നു. ജീവിതത്തിലെ സുന്ദരമായ കാലം ദൂരെ നിന്നു കൂടി കാണാന്‍ അച്ഛനില്ലല്ലോയെന്നതു അവരെ വേദനിപ്പിക്കുന്നുണ്ടാവും. പക്ഷേ, അവര്‍ അതേക്കുറിച്ച് ഒന്നും പറയാറില്ല.

ഞാനെന്റെ സങ്കടങ്ങള്‍ മറക്കുന്നത് രോഗികള്‍ക്കൊപ്പമാകുമ്പോഴാണ്. എറണാകുളത്ത് ജീവിക്കുമ്പോള്‍ ഞാനെന്തൊക്കെയോ ആണെന്ന ഭാവമുണ്ടെനിക്ക്. പഴയതിനേക്കാള്‍ ധൈര്യത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു. ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കു പുറമേ രണ്ട് ക്ലിനിക്കുകള്‍ നോക്കി നടത്തുന്നു. പക്ഷേ, ഈ വര്‍ഷം അതൊക്കെ നിര്‍ത്തി നീലേശ്വരത്തെ എന്റെ വീട്ടിലേക്ക് പോവുകയാണ്. മക്കളെ അവിടെ സ്‌കൂളില്‍ ചേര്‍ത്തു. ഇനി ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കായി മാത്രം എറണാകുളത്തു വന്നു പോകണം.

സോണി പറയുന്ന കഥകളിലെ നായികമാരെപ്പോലെ കാത്തിരിക്കുന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍. ആ കഥകളിലെ നായകന്മാര്‍ വീടു വിട്ടിറങ്ങിപ്പോകുന്നവരായിരുന്നു. ഞങ്ങളുടെ ജീവിതത്തിലും സോണി അതാവും സ്വപ്‌നം കണ്ടിരിക്കുക. വരുവാന്‍ ഒരാളുണ്ടെന്ന കാത്തിരിപ്പു തരുന്ന ധൈര്യത്തിലാണ് ഞാനും. അത് സോണി തന്ന വാക്കാണ്. ''പടി കടന്നു ഞാന്‍ വരും. നിന്റെ ഭര്‍ത്താവായി. കുട്ടികളുടെ അച്ഛനായി.'' ഞാന്‍ മരിക്കും വരെ മടങ്ങി വന്നില്ലെങ്കിലും സുമംഗലിയായി മരിക്കാന്‍ ഭാഗ്യമുണ്ടല്ലോയെന്നു ആശ്വസിക്കാറുണ്ട്. പക്ഷേ, ഇനി ഇല്ല... എന്നറിഞ്ഞാല്‍ ഈ ധൈര്യമൊന്നും എനിക്കു കണ്ടെന്നു വരില്ല. അതെന്റെ സീമന്തരേഖയിലെ കുങ്കുമം മായ്ച്ചു കളയില്ലേ. അതോര്‍ക്കാന്‍ കൂടി വയ്യെനിക്ക്.

വളരെ പെട്ടെന്ന് കരച്ചിലിന്റെ നീരൊഴുക്കിലേക്ക് സീമ വീണുപോയി.


സീമയ്ക്ക് അവസാനമായി സോണി അയച്ച കത്ത്


എന്റെ പ്രിയതമയ്ക്ക്,

വളരെ സമചിത്തതയോടെ വേണം ഇത് വായിക്കുവാന്‍. ജീവിതമാണ്- പെട്ടെന്ന് വരുന്ന സന്തോഷം. അതുപോലെ മായിക്കുന്ന ഒരു വിചിത്ര സാധനം. അതുകൊണ്ട് ക്ഷമയോടെ, സമചിത്തതയോടെ വായിക്കുക.

എന്റെ മനസ്സ് അതിസങ്കീര്‍ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എനിക്ക് കുടുംബാംഗങ്ങളെ ക്ഷമിക്കാനാവുന്നില്ല. സഹിക്കാനാവുന്നില്ല. ആടിയുലയുന്ന പെന്‍ഡുലം. കുട്ടന്‍ പറയുന്നതുപോലെ ആറുമാസത്തെ കൗണ്‍സലിങ്‌കൊണ്ട് മാറ്റാവുന്ന ഒന്നല്ല അത്. ഇതൊക്കെ നിന്നെ നേരില്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പരാജയപ്പെടുകയേ ഉള്ളൂ. വീട്ടുകാരെ ഒട്ടും പറ്റില്ല. അവരെ സംബന്ധിച്ച് മദ്യത്തിന് അടിമ മാത്രമാണ് ഞാന്‍.

വടക്കുംനാഥനിലെ മോഹന്‍ലാലിന്റെ അതേ അവസ്ഥയിലാണ് ഞാന്‍. ശരിക്കും ബൈപോളാര്‍. വളരെ കടിച്ചുപിടിച്ചാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ചിരിച്ചുകാട്ടുന്നത്. ആവുന്നില്ല. ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം.

ഒന്നാമതായി, തത്കാലം ഞാന്‍ പോകുകയാണ്... ചോറ്റാനിക്കരയിലോ അടുത്തുള്ള ഏതെങ്കിലും അമ്പലത്തിലോ പോയി ഭജനമിരിക്കണം. നാലോ പത്തോ ദിവസമോ രണ്ടാഴ്ചയോ, മനസ്സ് അല്‍പ്പമെങ്കിലും നോര്‍മലായി തിരിച്ചെത്തണം. നിങ്ങളുടെ സന്തോഷത്തിനായി ഇവിടെ നില്‍ക്കുകയും ജോലിക്കു പോവുകയും ചെയ്താല്‍ ഞാനൊരു മുഴുക്കുടിയനാകും. എനിക്കത് ഓര്‍ക്കാന്‍ പോലുമാവുന്നില്ല. ഓഫീസില്‍ പോകണമല്ലോ എന്നോര്‍ത്തിട്ടാണ് അന്ന് ഞാന്‍ കാസര്‍കോട് ഇറങ്ങിയതും കുടിച്ചതും. ഇപ്പോള്‍, ഓഫീസില്‍ പോകാത്ത അവസ്ഥയില്‍ ഒരു തുള്ളി മദ്യംപോലും എനിക്ക് വേണ്ട, സത്യം.

രണ്ടാമതായി പലരും കുറ്റപ്പെടുത്തിയേക്കാം- ഞാന്‍ പോയത് നിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന്. ഒരിക്കലുമല്ല. ഭംഗിവാക്കു പറയുകയല്ല. എത്രമാത്രം നീ അനുഭവിച്ചു. എന്നിട്ടും നീ പിടിച്ചുനിന്നു. പക്ഷേ, അനുഭവങ്ങളില്‍നിന്ന് കരുത്താര്‍ജിച്ചില്ലെന്ന് മാത്രം. ഞാന്‍ പോയെങ്കില്‍ അത് എന്റെ കുറ്റംകൊണ്ടുമാത്രം. കുട്ടനോട് പറയുക. ഡോക്ടറുടെ ചിന്തകള്‍ക്കും മരുന്നുകള്‍ക്കും അപ്പുറത്ത് ചിലതുണ്ട്. ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്തത് ചിലത്. ഒന്നും നിന്റെ പിടിപ്പുകേടോ കുറ്റമോ അല്ല. നിവര്‍ന്നുനില്‍ക്കുക, കരുത്തോടെ.

മൂന്നാമതായി. പാനിക് situation create ചെയ്യാതിരിക്കുക, ഞാന്‍ പറഞ്ഞല്ലോ. എന്റെ മനസ്സിന്റെ പെന്‍ഡുലം ഒന്ന് ശരിയാവുന്നത് വരെ ഞാന്‍ ഒന്ന് മാറിനില്‍ക്കും. അത്രയേ ഉള്ളൂ. പോലീസിലറിയിച്ചും ഓഫീസിലറിയിച്ചും എന്നെ അന്വേഷിക്കാന്‍ നോക്കിയും പിടിച്ചുകൊണ്ടുപോകാന്‍ നോക്കിയും ഒക്കെ- അതൊക്കെ എന്റെ വാശിയും ദുഃഖവും വര്‍ധിപ്പിക്കുകയേ ഉള്ളൂ.

നാലാമതായി, നാളെ അമ്മായിയും അമ്മയും വരും. ഞാനെവിടെ എന്നു ചോദിക്കും. അവരെ ധൈര്യമായി ഈ കത്ത് കാണിക്കുക. എവിടെയും പോയിട്ടില്ല. കണ്‍വെട്ടത്തുതന്നെയുണ്ട്. ഈ ഗതി വന്നല്ലോ എന്ന പ്രകടനത്തിന്റെ ഒന്നും ആവശ്യമില്ല. ഇപ്പോള്‍ ഞാന്‍ ജീവിച്ചിരിക്കണമെങ്കില്‍ എനിക്ക് സ്വസ്ഥമായ ഒരു ധ്യാനം വേണം. കാഴ്ചയുള്ളവനോട് പൊട്ടക്കണ്ണന്‍ വിഷമങ്ങള്‍ എത്രപറഞ്ഞാലും മനസ്സിലാകില്ല. അതുപോലെ വളരെ നോര്‍മല്‍ ആയിരിക്കുന്ന അവര്‍ക്കാര്‍ക്കും- നിങ്ങള്‍ക്കുമിപ്പോള്‍ എന്റെ മാനസികാവസ്ഥ മനസ്സിലാകില്ല. ഞാന്‍ വെറുക്കപ്പെട്ടവന്‍ മാത്രമായിരിക്കും.

അഞ്ചാമതായി പലരും ഫോണില്‍ വിളിക്കും. വല്ല വിവരവുമുണ്ടോ എന്നൊക്കെ ചോദിക്കും. അവരോട് ധൈര്യമായി പറയുക. വിവരമുണ്ട്, നിന്നെ വിളിക്കാറുണ്ടെന്നും. ഒരു ചോദ്യങ്ങള്‍ക്കു മുന്നിലും പതറേണ്ട കാര്യമില്ല. ജീവിതം ഇങ്ങനെയൊക്കെയാണ്. എന്നിലൂടെ ദൈവം നിനക്കും ചില ട്രെയിനിങ്ങുകള്‍ തരികയാവാം.

ആറാമതായി, ഞാന്‍ മംഗലാപുരത്തുവെച്ചു പറഞ്ഞത് ഓര്‍മയുണ്ടല്ലോ. ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കരുത്. പടികടന്ന് ഞാന്‍ വരും. നിന്റെ ഭര്‍ത്താവായി. കുട്ടികളുടെ അച്ഛനായി. നിനക്കറിയാം ഒരു ജലദോഷം വന്നാല്‍പോലും നീ കൂടെയില്ലാതെ- കൂടെയില്ലാതെ എനിക്കൊന്നുമാകില്ലെന്ന്. വിശ്വസിക്കുക നാം ഒന്നിച്ചുതന്നെ ജീവിതാവസാനം വരെ ജീവിക്കും.

ഏഴാമതായി അച്ഛനെ ഈ കത്ത് കാണിക്കുക. അവിടെ അല്‍പ്പമെങ്കിലും ബോധമുള്ളത് അച്ഛനു മാത്രമാണ്. അച്ഛനോടും പറയുക, ക്ഷമയോടെ കാത്തിരിക്കുക. അച്ഛന് ശാസ്ത്രമറിയാമല്ലോ. ഇതൊരു ജനിതക തകരാര്‍ മാത്രമാവാം.
ഞാന്‍ ഇടയ്ക്ക് തോന്നുമ്പോഴൊക്കെ വിളിക്കാം.

നിന്റെ മാത്രം അപ്പുവേട്ടന്‍. 
 
article by : രശ്മി രഘുനാഥ്‌

Tuesday, October 22, 2013

ഒരു കട്ടന്‍ ചായ

കാസര്‍ഗോഡ്‌ LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ…




Monday, October 21, 2013

ഒരു ഉമ്മയുടെ കഥ ..... തമാശ അല്ലിത്

ഡോ. ഖാലിദ് ജുബൈര്‍, ഒരു കണ്‍സള്‍ട്ടിംഗ് കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജനാണ്. തന്റെ സുദീര്‍ഘ കാലത്തെ ആതുരസേവന രംഗത്തിലെ, അവിസ്മരണീയവും ചിന്താര്‍ഹവുമായൊരു സംഭവം അദ്ദേഹം ഒരു പ്രഭാഷണത്തിലൂടെ പങ്കുവെക്കുകയുണ്ടായി. സമൂഹത്തിലെ ഓരോ സ്ത്രീ പുരുഷന്മാരും ഗൗരവമായി കണക്കിലെടുക്കേണ്ട ഈ സംഭവം, കഴിവതും വായനക്കാരിലെത്തിക്കുക അദ്ദേഹത്തിന്റെ ആഗ്രഹമാണ്. പ്രിയ വായനക്കാര്‍ ഈ വസ്തുത കണക്കിലെടുക്കുമെന്ന വിശ്വാസത്തോടെയാണതിവിടെ അവതരിപ്പിക്കുന്നത്:

ഒരിക്കല്‍, ഒരു ചൊവ്വാഴ്ച, രണ്ടര വയസ്സു് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ഡോ. ഖാലിദ് ഓപറേറ്റ് ചെയ്തു. ബുധനാഴ്ച കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നു. പക്ഷെ, തൊട്ടടുത്ത വ്യാഴാഴ്ച രാവിലെ 11. 15. സ്ഥാപനത്തിലെ, ഒരു നേഴ്‌സ് അദ്ദേഹത്തിന്നടുത്തേക്ക് ഓടിയെത്തി. കുട്ടിയുടെ ഹൃദയവും ശ്വാസവും നിലച്ചതായി അവര്‍ അറിയിക്കുന്നു. അദ്ദേഹം ഞെട്ടി. കുട്ടിയുടെ അടുത്തേക്ക് കുതിച്ചു. 45 മിനിറ്റോളം കാര്‍ഡിയാക് മസാജ് നടത്തി നോക്കി.  ഈ സമയമത്രയും ഹൃദയം നിശ്ചലമായിരുന്നു.

പിന്നെ, ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ഡോക്ടര്‍ അല്ലാഹുവിന്ന് നന്ദി പറഞ്ഞു. പക്ഷെ, കുടുംബത്തെ വിവരമറിയിക്കണമല്ലോ. കുട്ടിയുടെ മോശമായ അവസ്ഥ കുടുംബത്തെ അറിയിക്കുക, ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം, ഏറ്റവും വിഷമം പിടിച്ച കാര്യമാണെന്നത് സുവിദിതമാണല്ലോ. എന്നാല്‍ അറിയിക്കുക നിര്‍ബന്ധമാണ് താനും. പിതാവിനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. അതിനാല്‍ മാതാവിനെയാണ് കണ്ടത്. തൊണ്ടയിലെ രക്തസ്രാവം കാരണമായി കുട്ടിയിലുണ്ടായ കാര്‍ഡിയാക് അറസ്റ്റിനെ കുറിച്ച് അദ്ദേഹം അവരെ അറിയിച്ചു. മാത്രമല്ല, ഇതിന്റെ കാരണം അജ്ഞാതമാണെന്നും, തലച്ചോറ് മരിച്ചുവോ എന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം തുറന്നറിയിച്ചു. പക്ഷെ, ആ മാതാവ് കരഞ്ഞില്ല! ഡോക്ടറെ അധിക്ഷേപിച്ചില്ല! 'അല്‍ ഹംദു ലില്ലാഹ്' എന്ന പറഞ്ഞു കൊണ്ട് മാറി നില്‍ക്കുകയായിരുന്നു അവര്‍!

പിന്നീട് ദിവസങ്ങള്‍ പത്ത് കഴിഞ്ഞു. കുട്ടിയുടെ സ്ഥിതിയില്‍ അല്‍പം പുരോഗതി കാണാന്‍ തുടങ്ങി. അവന്‍ ചലിക്കാന്‍ തുടങ്ങി. എല്ലാവരും അല്ലാഹുവെ സ്തുതിച്ചു. തലച്ചോറിന്റെ അവസ്ഥ തികച്ചും അനുകൂലം. പക്ഷെ, 12 ദിവസങ്ങള്‍ കഴിഞ്ഞതോടെ, മുമ്പത്തെ അതേ രക്തസ്രാവം കാരണം, ഹൃദയം വീണ്ടും നിലച്ചു. 45 മിനിറ്റോളം നടത്തിയ കാര്‍ഡിയാക് മസാജ് കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. അവസാനം, പ്രതീക്ഷയില്ലെന്ന്, ദുഖപൂര്‍വം അദ്ദേഹം മാതാവിനെ അറിയിക്കുകയായിരുന്നു. പ്രതികരണം? 'അല്‍ ഹംദു ലില്ലാഹ്! എന്റെ നാഥാ, അവന്‍ സുഖം പ്രാപിക്കുന്നതില്‍ നന്മയുണ്ടങ്കില്‍, അവനെ സുഖപ്പെടുത്തേണമേ!' ഇത്രയും പ്രാര്‍ത്ഥിച്ചു കൊണ്ട്, അവര്‍ മാറി നില്‍ക്കുകയായിരുന്നു.

ദൈവാനുഗ്രഹത്താല്‍, വീണ്ടും ഹൃദയം പ്രവര്‍ത്തനമാരംഭിച്ചു. ഒരു ശ്വാസനാള വിദഗ്ദ്ധന്ന് രക്തസ്രാവം നിറുത്താന്‍ കഴിയുന്നത് വരെ, ഈ കുട്ടി ആറ് കാര്‍ഡിയാക് അറസ്റ്റിന്ന് വിധേയമായിരുന്നു. അതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. മൂന്നര മാസം കഴിഞ്ഞു. കുട്ടി സുഖം പ്രാപിച്ചു വരികയാണ്. പക്ഷെ, ചലനമില്ല.

ചലനം തുടങ്ങിയപ്പോഴേക്കും മാരകമായൊരു കുരു തലയെ ബാധിച്ചു. നിറയെ ചലമുള്ള വലിയൊരു കുരു! ഡോക്ടറെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കുരു കാണുന്നത്. അപകടകരമായ ഈ സംഭവ വികാസം അദ്ദേഹം കുട്ടിയുടെ മാതാവിനെ അറിയിച്ചു. 'അല്‍ ഹംദു ലില്ലാഹ്' എന്നു പറഞ്ഞു മാറി നില്‍ക്കയാണ് ഇത്തവണയും അവര്‍ ചെയ്തത്!

തലച്ചോറും നാഡീവ്യൂഹവും കൈകാര്യം ചെയ്യുന്ന സര്‍ജിക്കല്‍ യൂനിറ്റിലേക്ക് കുട്ടിയെ ഉടനെ മാറ്റി. മൂന്നാഴ്ചകള്‍ക്ക് ശേഷം, ഈ കുരുവില്‍ നിന്നും കുട്ടി സുഖം പ്രാപിച്ചു. അവന്ന് അനങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രം. രണ്ടു മാസം കഴിഞ്ഞു. അപ്പോഴേക്കും മറ്റൊരു രോഗം അവനെ ബാധിച്ചു കഴിഞ്ഞു. രക്തദൂഷണം! പനി 41. 2 ്C (106 ് F) വരെ എത്തി കഴിഞ്ഞു! ഗുരുതരമായ സംഭവവികാസം! ഇതും മാതാവിനെ അറിയിച്ചു. 'അല്‍ ഹംദു ലില്ലാഹ്! എന്റെ നാഥാ, അവന്‍ സുഖം പ്രാപിക്കുന്നതില്‍ നന്മയുണ്ടങ്കില്‍, അവനെ സുഖപ്പെടുത്തേണമേ!' ഇത് തന്നെയായിരുന്നു അവരുടെ അപ്പോഴത്തെയും പ്രതികരണം.

ബെഡ് 5 ല്‍ കിടക്കുന്ന ഈ കുട്ടിയുടെ അടുക്കല്‍ നിന്ന്, ബെഡ് 6 ല്‍  കിടക്കുന്ന മറ്റൊരു കുട്ടിയുടെ അടുത്ത് ഇദ്ദേഹം പോയി. 'ഡോക്ടര്‍, ഡോക്ടര്‍, എന്തെങ്കിലുമൊന്ന് ചെയ്യൂ! കുട്ടിയുടെ പനി 37. 6 ്C (99. 68 ് F) ആയിരിക്കുന്നു. അവന്‍ മരിക്കാന്‍ പോവുകയാണ്. ' ആ കുട്ടിയുടെ മാതാവ് കരഞ്ഞു ആര്‍ത്തു വിളിക്കുകയാണ്. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: 'ബെഡ് 5 ലെ കുട്ടിയുടെ മാതാവിനെ നോക്കു. അതിന്റെ പനി 41. 2 ്C (106 ് F) ആയിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ ക്ഷമിക്കുന്നു. അല്ലാഹുവെ സ്തുതിക്കുന്നു!'  സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ആ സ്ത്രീക്ക് ബോധമില്ല.

'23 വര്‍ഷത്തെ ആശുപത്രി സേവനത്തിനിടക്ക്, ഇത്രയും സഹനശക്തിയുള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല.' ഡോക്ടര്‍ പറയുകയാണ്.

ഇപ്പോള്‍ ആറര മാസം കഴിഞ്ഞു. റീക്കവറി യൂനിറ്റില്‍ നിന്നും അവസാനമായി അവന്‍ പുറത്തു വന്നു. പക്ഷെ, സംസാരമില്ല,  കാഴ്ചയില്ല, കേള്‍വിയില്ല, ചലനമില്ല, ചിരിയില്ല. ഒരു തുറന്ന മാറിടം. അതില്‍ മിടിക്കുന്ന ഒരു ഹൃദയം! അത്രമാത്രം. എന്നും വസ്ത്രം മാറ്റിക്കൊടുത്തു കൊണ്ട്, സഹനത്തോടും പ്രത്യാശയോടും കൂടി മാതാവ് നിലകൊണ്ടു.

പിന്നെയെന്താണ് സംഭവിച്ചത്? വീണ്ടും രണ്ടരമാസം കഴിഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഭക്തയായ ഈ മാതാവിന്റെ പ്രതിഫലമെന്ന നിലയില്‍, കുട്ടി പൂര്‍ണമായി സുഖം പ്രാപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍, അവനിപ്പോള്‍ സ്വന്തം കാലുകള്‍ കൊണ്ട്, മാതാവിനോട് മത്സരിച്ചോടുന്നു. മുമ്പത്തെ പോലെ, പൂര്‍ണ ആരോഗ്യവാനായി കഴിഞ്ഞിരിക്കുന്നു.

കഥ ഇത് കൊണ്ട് അവസാനിച്ചില്ല. അദ്ദേഹത്തെ കണ്ണീരൊലിപ്പിച്ചതും അമ്പരപ്പിച്ചതും മറ്റൊന്നായിരുന്നു.

അവന്‍ ആശുപത്രി വിട്ടു ഒന്നര വര്‍ഷം കഴിഞ്ഞു. ഓപറേഷന്‍ യൂനിറ്റിലെ ഒരു സഹോദരന്‍ വന്നു അദ്ദേഹത്തോട് പറഞ്ഞു: 'ഒരാളും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും താങ്കളെ കാണണമെന്ന് പറയുന്നു.' ആരാണെന്ന് അയാള്‍ക്ക് അറിയില്ല. അദ്ദേഹം ചെന്നപ്പോള്‍, ആ കുട്ടിയുടെ മാതാപിതാക്കള്‍!

കുട്ടിക്കിപ്പോള്‍ വയസ്സ് അഞ്ച്. പൂര്‍ണ ആരോഗ്യവാന്‍! ഒന്നും സംഭവിക്കാത്തത് പോലെ. നാലു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും കൂടെയുണ്ട്. അദ്ദേഹം സഹര്‍ഷം അവരെ സ്വാഗതം ചെയ്തു. 'ഈ കുട്ടി പതിമൂന്നാമത്തേതോ, പതിനാലാമത്തേതോ ആയിരിക്കും?' തമാശയോടെ അദ്ദേഹം ചോദിച്ചു. അല്‍പം ദയയോടെ അദ്ദേഹത്തെ നോക്കി, പുഞ്ചിരി തൂകിക്കൊണ്ട് അയാള്‍ പറഞ്ഞു: ഇത് രണ്ടാമത്തെ കുട്ടിയാണ്. താങ്കള്‍ ഓപറേഷന്‍ നടത്തിയത് ഒന്നാമത്തെ കുട്ടിയും! 17 വര്‍ഷത്തോളം സന്താനഭാഗ്യമില്ലാതെ കഴിഞ്ഞ ഞങ്ങള്‍ക്ക്  അല്ലാഹു കനിഞ്ഞേകിയതായിരുന്നു അവനെ. അവന്റെ കാര്യം താങ്കള്‍ക്കറിയുമല്ലോ.

ഇത് കേട്ട ഡോക്ടര്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.  വിചാരിക്കാതെ, സ്വന്തം മുറിയിലേക്ക് അയാളെ വലിച്ചു കൊണ്ടു പോയി, ഭാര്യയെ കുറിച്ച് അദ്ദേഹം ചോദിച്ചു. 17 വര്‍ഷം സന്താനഭാഗ്യമില്ലാതെ കഴിയുകയും  അവസാനം കിട്ടിയ കുട്ടിയില്‍ അത്തരം ഭീകരാവസ്ഥകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍, ഇത്രമാത്രം സഹനം കൈകൊള്ളാന്‍ കഴിഞ്ഞ ഈ ഭാര്യ ആരാണ്?

അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു:  ഈ സ്ത്രീയെ, ഞാന്‍ വിവാഹം കഴിച്ചിട്ട് 19 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും, ഹേതു കൂടാതെ, അവര്‍ തഹജ്ജുദ് ഉപേക്ഷിച്ചതായി ഞാന്‍ കണ്ടിട്ടില്ല. പരദൂഷണം പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. കിംവദന്തികളോ നുണകളോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല.  ഞാന്‍ വീടു വിടുമ്പോള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തിരിച്ചു വരുമ്പോള്‍ വാതില്‍ തുറന്നു തരുന്നു. സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തികഞ്ഞ സ്‌നേഹവും ശ്രദ്ധയും അനുകമ്പയും മര്യാദയും കാണാം.'

അയാള്‍ ഇങ്ങനെ പറഞ്ഞു അവസാനിപ്പിച്ചു: ഡോക്ടര്‍, ഒരു കാര്യം തീര്‍ച്ചയാണ്. അവള്‍ എന്നോട് കാണിച്ച കുലീനവും സ്‌നേഹമസൃണവുമായ പെരുമാറ്റം കാരണം, അവളെ കണ്ണുയര്‍ത്തി നോക്കാന്‍ എനിക്ക് ലജ്ജയാണ്.

വിവ: കെ.എ ഖാദര്‍ ഫൈസി

Saturday, October 19, 2013

വെളുത്ത ഭര്‍ത്താവും കറുത്ത ഭാര്യയും

തൊലി കറുത്താലും
കരള്‍ വെളുക്കണം
കരള്‍ വെളുത്താലോ
കദനം മാറീടും'
ഈ പദ്യം ഭാര്യക്കും ഭര്‍ത്താവിന്നും ബാധകമാണ്. മനസ്സു വെളുത്ത ഒരിണയുണ്ടെങ്കില്‍ അതാണ് ജീവിതത്തിലെ ഏറ്റവും മധുരമുള്ള അനുഭവം. മനസ്സിന് വെളുപ്പില്ലെങ്കില്‍ ഇരുവര്‍ക്കും സൗന്ദര്യത്തില്‍ എ. പ്ലസ് ഉണ്ടായിട്ടു കാര്യമില്ല. ജീവിതം ദുഖ പൂര്‍ണമായിരിക്കും.
നിറത്തിലും സൗന്ദര്യത്തിലും രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന എത്രയോ ഇണകള്‍
പൂര്‍ണസംതൃപ്തിയോടെ ദാമ്പത്യജീവിതം നയിച്ചുവരുന്നുണ്ട്. കാരണമെന്താണ്? ഇരുവര്‍ക്കും ഓരോ വെളുത്ത മനസ്സുണ്ട് എന്നതു തന്നെ. മനസ്സിന്റെ വെളുപ്പാണ് സ്‌നേഹം. മനസ്സിന്റെ കറുപ്പാണ് കോപം. മനസ്സ് സ്‌നേഹധന്യമായാല്‍ അന്യന്ന് സൗന്ദര്യമില്ലെന്ന് തോന്നുന്ന ആളും ഇണക്ക് സുന്ദരനോ സുന്ദരിയോ ആയി അനുഭവപ്പെടും. കവി ജി. ശങ്കരക്കുറുപ്പ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

'പ്രേമത്തിന്‍ കണ്ണില്‍ക്കൂടി
നോക്കുമ്പോളേതും കാണാം
കാമനീയകത്തിന്റെ
കളിവീടായിത്തന്നെ'

ഭാര്യയെ തൊട്ടതിനൊക്കെ കുറ്റം പറയുന്ന ഭര്‍ത്താവ് എത്ര സുന്ദരനായാലും അവള്‍ക്കദ്ദേഹത്തെ സ്‌നേഹിക്കാന്‍ കഴിയില്ല. ഭാര്യ എന്തു തെറ്റു ചെയ്താലും ഒന്നും വിമര്‍ശിക്കാത്ത, പ്രതികരിക്കാത്ത ഭര്‍ത്താവിനെ ഭാര്യ ഭര്‍ത്താവായി കാണുകയുമില്ല. ശാസിക്കേണ്ട സമയത്ത് ശാസിക്കും, കണ്ണുരുട്ടേണ്ട സമയത്ത് കണ്ണുരുട്ടും. പുഞ്ചിരിക്കേണ്ട സമയത്ത് പുഞ്ചിരിക്കും. അബദ്ധങ്ങള്‍ക്ക് ശിക്ഷിക്കില്ല, അബദ്ധങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ശിക്ഷിക്കും എന്ന് ഭാര്യക്ക് തോന്നുംവിധം പെരുമാറുമ്പോഴാണ് ഭര്‍ത്താവില്‍ അവള്‍ വ്യക്തിത്വം കാണുക. അഥവാ തന്റേടമുള്ളവനാണ് ഭര്‍ത്താവ് എന്ന് അവള്‍ മനസ്സിലാക്കുക.

ഭര്‍ത്താവിന്റെ ഇഷ്ടം നേടാനുള്ള മാര്‍ഗമെന്ത് എന്ന് ഭാര്യ സദാ ചിന്തിക്കണം. ഒന്നാമതായി താന്‍ ഭര്‍ത്താവിന്റെ സാന്നിദ്ധ്യം വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഭര്‍ത്താവില്‍ തോന്നലുണ്ടാക്കണം. ഉദ്യോഗസ്ഥനും എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ഭര്‍ത്താവിനോട് റിട്ടയര്‍മെന്റ് അടുത്തപ്പോള്‍ ഭാര്യ പറഞ്ഞു. ' പെന്‍ഷന്‍ പറ്റാറായല്ലോ. ഇനി ദൂരെ ജോലിക്കു ചേരാന്‍ ആര്‍ക്കും വാക്ക് കൊടുക്കരുത്. ഉച്ചയൂണിന് വീട്ടിലെത്താന്‍ പറ്റിയ സ്ഥലത്ത് വല്ല ചെറിയ ജോലി വേണമെങ്കില്‍ സ്വീകരിച്ചോളൂ, വരുമാനം കുറഞ്ഞാലും നമുക്ക് അഡ്ജസ്റ്റ്‌മെന്റ് ചെയ്തു ജീവിക്കാം '

ഈ ഭാര്യ സമര്‍ഥയല്ലേ? അതെ, താന്‍ ഭര്‍ത്താവിന്റെ സാമീപ്യത്തിന്ന് ദാഹിക്കുന്നു എന്ന് അവള്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അവളുടെ നിറം അപ്പോളദ്ദേഹത്തിന് അയോഗ്യതയായിത്തോന്നുകയില്ല. അവളുടെ മനസ്സിന് വെളുപ്പും സൗന്ദര്യവുമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് അവളോട് സ്‌നേഹം വര്‍ധിക്കും.
നല്ല പാചകക്കാരിയാവുക, വൃത്തിയുള്ളവളാവുക, ഭര്‍ത്താവിന്ന് കോപം വരാനുള്ള കാര്യങ്ങള്‍ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കി അത് വെടിയുക ഇവയും സ്‌നേഹം നേടാനുള്ള മാര്‍ഗങ്ങളാണ്.

ഒരു നല്ല കേള്‍വിക്കാരിയാവുക എന്നതും ഭര്‍ത്താവിനെ ഇഷ്ടപ്പെടുത്തും. ഭര്‍ത്താവ് ദീര്‍ഘയാത്ര ചെയ്ത് ഒരുദിവസം രാത്രി പന്ത്രണ്ട് മണിക്കെത്തുന്നു. യാത്രയില്‍ രസകരമായ ചില അനുഭവങ്ങളുണ്ടായിട്ടുണ്ട് അദ്ദേഹത്തിന്ന്. ഒരു ചെറിയ വിവരണം നടത്തണമെന്ന് അദ്ദേഹത്തിന്നാഗ്രഹമുണ്ട്. ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലെത്തിയപ്പോള്‍ അദ്ദേഹം പറയാന്‍ തുടങ്ങുന്നു. ഭാര്യയുടെ പ്രതികരണം. 'ഹോ നട്ടപ്പാതിരക്കാ കഥപറച്ചില്‍ ? അതു നാളെയാക്കാം'.
ഈ ഭാര്യ വലിയ അബദ്ധമാണ് ചെയ്തത്. അവള്‍ക്കിങ്ങനെ ചെയ്യാമായിരുന്നു. സംസാരപ്രിയനായ ഭര്‍ത്താവ് യാത്രകഴിഞ്ഞ് വരിക അര്‍ധരാത്രിയായിരിക്കുമെന്നൂഹിച്ച് ഉച്ച ഭക്ഷണം കഴിഞ്ഞ് അല്‍പം ഉറങ്ങി ക്ഷീണം തീര്‍ക്കുക. അല്ലെങ്കില്‍ രാത്രി നേരത്തെയുറങ്ങി ഭര്‍ത്താവിന്റെ കാളിംഗ് ബെല്‍ കേട്ടു പെട്ടെന്നുണര്‍ന്ന് മുഖം കഴുകി ഉന്മേഷം വരുത്തി വാതില്‍ തുറക്കുക, താന്‍ നേരത്തേ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും ഭര്‍ത്താവിനൊപ്പം അല്‍പം കഴിക്കുക. യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന് അന്വേഷിക്കുക. അദ്ദേഹത്തിന്റെ വിവരണം ശ്രദ്ധാപൂര്‍വം കേള്‍ക്കുക.

ഭര്‍ത്താവ് അധികനേരം സംസാരിച്ച് ഭാര്യയെ ബുദ്ധിമുട്ടിക്കില്ല, കാരണം അദ്ദേഹത്തിന് ക്ഷീണവും ഉറക്കും ഉണ്ടാകുമല്ലോ. നമ്മുടെ ചെറിയ ശ്രദ്ധ വിലയ ലാഭവും ചെറിയ അശ്രദ്ധ വലിയ നഷ്ടവുമുണ്ടാക്കും എന്ന് ഇത്തരം കാര്യങ്ങള്‍ മുന്നില്‍ വച്ച് ചിന്തിച്ചാല്‍ മനസ്സിലാവും. ഈ ചിന്തയുടെ അഭാവം വാര്‍ധക്യകാല ജീവിതം ഇരുവര്‍ക്കും വിരസമാകും. ശാരീരിക ബന്ധം കൂടുതല്‍ ആവശ്യമുള്ള കാലത്തെ സ്‌നേഹം അതു കുറഞ്ഞ വാര്‍ധക്യകാലത്ത് ഇല്ലാതെ വരുന്നത് ഇങ്ങനെ ചിന്തിച്ചു പെരുമാറാത്തത് കൊണ്ടാണ്. പ്രായം കൂടുന്നതിനനുസരിച്ച് സ്‌നേഹം വര്‍ധിച്ചുവരണം. അത് ശരീരത്തിന്റെ നിറം കൊണ്ടോ അഴകുകൊണ്ടോ ഉണ്ടാകുന്നതല്ല, മനസ്സിന്റെ വെണ്മകൊണ്ടേ അത് കൈവരികയുള്ളൂ.

By EKM Pannur, islamonlive.in

നന്ദിയുള്ളവനായിരുന്നു ഇബ്‌റാഹീം

ഇബ്‌റാഹീം പ്രവാചകനെക്കുറിച്ച്‌ അല്ലാഹു പറയുന്ന മനോഹരമായ ഒരു വിശേഷണം, `അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ളവന്‍' എന്നാണ്‌. അതിനുമാത്രം അനുഗ്രഹങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? ഒന്നെണ്ണിനോക്കൂ, വളരെക്കുറച്ച്‌ സന്തോഷങ്ങള്‍ മാത്രമല്ലേ ലഭിച്ചിട്ടുള്ളൂ. നല്ലൊരു പിതാവിനെ, സഹോദരനെ, കുടുംബത്തെ, സുഹൃത്തിനെ, സമാധാനമുള്ളൊരു വീട്‌, സമൃദ്ധിയുള്ളൊരു സമ്പാദ്യം... ഇതൊന്നും ലഭിച്ചിട്ടില്ല. 

ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഇസ്‌മാഈല്‍ എന്ന കുഞ്ഞിന്റെ ജന്മമായിരിക്കും. പക്ഷേ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ ലഭിച്ചതും ആ കുഞ്ഞ്‌ വന്നതിനു ശേഷമായിരുന്നു. ഹാജറ എന്ന പ്രിയതമയെ ലഭിച്ചത്‌ തീര്‍ച്ചയായും ഒരു മഹാനുഗ്രഹമായിരുന്നു. പ്രതിസന്ധികളുടെ പൊരിവെയിലില്‍ തണലേകിയ സ്‌നേഹത്തിന്റെ തണല്‍മരമായിരുന്നു ഹാജറ. 

ആദ്യപ്രസവത്തിന്റെ എല്ലാ ആകുലതകളും പേറിയപ്പോഴും, പ്രിയതമന്റെ കൂടെ മക്കയിലേക്ക്‌ നടക്കാനൊരുങ്ങിയ കനിവിന്റെ കടലായ ആ ഭാര്യയെ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.
`അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി'യുള്ളൊരു ജീവിതം നമുക്ക്‌ സമ്പാദ്യമായുണ്ടോ എന്ന പുനര്‍വിചാരം, തീര്‍ച്ചയായും ഉയരേണ്ടതുണ്ട്‌. ദയാലുവായ രക്ഷിതാവ്‌ സ്‌നേഹത്തോടെ സമ്മാനിച്ച അനുഗ്രഹങ്ങള്‍ കൊണ്ട്‌ അവനെ മറന്നുപോകുന്നവരാണോ, അതോ ഓര്‍ത്തെടുക്കുന്നവരാണോ നമ്മള്‍? പലപ്പോഴും അനുഗ്രഹങ്ങളുടെ കല്ലില്‍ തട്ടി വീണു പോകുന്നവരായിപ്പോകുന്നു നമ്മളെല്ലാം. കിട്ടിയതിലൊന്നും മതി വരാതെ, മനസ്സൊരിക്കലും സംതൃപ്‌തമാകാതെ, അപ്പുറത്തുള്ളവനോട്‌ അസൂയ തീരാതെ, പരിഭവങ്ങളുടെ മഴ തോരാതെ, ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാനാകാതെ, വലിയ സന്തോഷങ്ങള്‍ പോലും മതിയാകാതെ.... ഇങ്ങനെയൊരു ജീവിതം നയിക്കുന്ന നമ്മള്‍ എങ്ങനെയാണ്‌ ഇബ്‌റാഹീം മില്ലത്തിന്റെ സ്വന്തക്കാരായി മാറുക? 

വൈകല്യമുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ന്യൂയോര്‍ക്കിലെ ഒരു കേന്ദ്രത്തിന്റെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന കവിതയൊന്ന്‌ നോക്കൂ;
നേട്ടങ്ങള്‍ വാരിക്കുട്ടാന്‍ ശക്തി തരണമെന്ന്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചു. പക്ഷേ അനുസരണം പഠിക്കാനായി കരുണാലുവായ ദൈവം എനിക്ക്‌ ബലക്കുറവാണ്‌ തന്നത്‌.

വലിയ കാര്യങ്ങള്‍ ചെയ്‌തുകൂട്ടാന്‍ ആരോഗ്യം തരണമെന്ന്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചു. കൂടുതല്‍ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ അംഗവൈകല്യമാണ്‌ അവന്‍ സമ്മാനിച്ചത്‌.
സന്തോഷത്തോടെ ജീവിക്കാന്‍ സമ്പത്ത്‌ തരണമേയെന്ന്‌ ഞാന്‍ അവനോട്‌ ചോദിച്ചു. വിവേകവും അനുഭവപാഠവും വര്‍ധിക്കാന്‍ അവന്‍ എനിക്ക്‌ ദാരിദ്ര്യമാണ്‌ തന്നത്‌.
പെരുമ കിട്ടാന്‍ അധികാരം നല്‍കണേയെന്ന്‌ പ്രാര്‍ഥിച്ചു. ദൈവത്തെയോര്‍ത്ത്‌ ജീവിക്കാന്‍ എനിക്ക്‌ ശക്തിയില്ലായ്‌മയാണ്‌ ലഭിച്ചത്‌.
ജീവിതത്തിലെപ്പോഴും ജയിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ അവനോട്‌ ചോദിച്ചു. അവന്‍ ജീവിതം മാത്രമേ തന്നതുള്ളൂ, ജയങ്ങള്‍ തന്നില്ല.
ഞാന്‍ ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും, അതിലൂടെയെല്ലാം ഞാന്‍ മോഹിച്ചതെന്തോ അതെനിക്ക്‌ കിട്ടി.
ചൊല്ലിയതും ചൊല്ലാന്‍ കൊതിച്ചതുമായ പ്രാര്‍ഥനകള്‍ കൊണ്ട്‌ അവനെന്നെ അനുഗ്രഹിച്ചു.
എല്ലാം വാരിക്കൂട്ടിയവരെക്കാളും അനുഗൃഹീതനും സന്തോഷവാനുമാണ്‌ ഞാനിപ്പോള്‍; ദയാലുവായ എന്റെ ദൈവമേ നിനക്ക്‌ നന്ദി!�
പ്രാര്‍ഥനയുടെ അന്തസ്സാരം പഠിപ്പിക്കുന്ന മനോഹരമായ വരികള്‍. 

ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്‌ച പകരുന്ന തത്വങ്ങള്‍. ചോദിച്ചതൊന്നും ദൈവമെനിക്ക്‌ നല്‍കിയില്ലെന്ന്‌ കരയുന്നവരുണ്ട്‌. എത്ര ശ്രമിച്ചിട്ടും കൊതിച്ചിട്ടും കൈവരിക്കാനാകാതെ പോയതില്‍ മനോദുഖമനുഭവിക്കുന്നവരുണ്ട്‌. പ്രാര്‍ഥന മതിയാക്കി പാതിവഴിയില്‍ പിന്തിരിഞ്ഞവരുമുണ്ട്‌. അവരോടൊക്കെയാണ്‌ ഈ പ്രാര്‍ഥന സംസാരിക്കുന്നത്‌. ചോദിച്ചത്‌ ലഭിച്ചില്ലെങ്കിലും, ലഭിച്ചവയുടെ പേരില്‍ കരുണാമയനായ നാഥനോട്‌ നന്ദി ചൊല്ലുന്ന ഈ മനോഭാവമാണ്‌ മഹാഭാഗ്യം. ആ മനോഭാവത്തെ ജീവിതം കൊണ്ട്‌ പരിഭാഷപ്പെടുത്തുകയായിരുന്നു ഇബ്‌റാഹീം നബി.

എന്റെ പ്രാര്‍ഥനകള്‍ സ്വികരിക്കപ്പെട്ടാലും ഇല്ലെങ്കിലും കരുണാമയനായ അല്ലാഹുവേ, പ്രാര്‍ഥിക്കാനുള്ള മനസ്സ്‌ നീയെനിക്ക്‌ നിലനിര്‍ത്തി തരേണമേ എന്ന്‌ ഖലീഫ ഉമര്‍ പ്രാര്‍ഥിച്ചിരുന്നു.
സ്‌നേഹാലുവായ സ്രഷ്‌ടാവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വം കൊണ്ട്‌ കുനിഞ്ഞവര്‍ക്ക്‌ മാത്രമേ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കഴിയൂ. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മെ സംരക്ഷിക്കുക മാത്രം ചെയ്യുന്നവനാണ്‌ നമ്മുടെ നാഥന്‍. എല്ലാ വാതിലുകളും അടഞ്ഞാലും നമുക്ക്‌ വേണ്ടി ഒരു കിളിവാതില്‍ തുറന്നുവെക്കുന്ന ജീവനാഥനാണവന്‍. സങ്കല്‍പ്പിക്കാനാകാത്ത വിധം നമുക്ക്‌ വേണ്ടതെല്ലാം കാത്തുവെക്കുന്നവനാണവന്‍.
ത്വലാഖ്‌ അധ്യായത്തിലെ ആദ്യവചനങ്ങളില്‍ ഖുര്‍ആന്‍ നല്‍കുന്ന ആഹ്ലാദവാര്‍ത്തകളാണിത്‌. ഇങ്ങനെയൊരു മഹാനുഗ്രഹം ലഭിക്കാന്‍ അവന്‍ ഒരേയൊരു നിബന്ധന മാത്രമേ വെക്കുന്നുള്ളൂ;�

അല്ലാഹുവിനോട്‌ ശരിയായ വിധം ഭക്തി കാണിക്കുക. എത്ര പ്രയാസപ്പെടേണ്ടി വന്നാലും എന്തൊക്കെ നഷ്‌ടപ്പെടേണ്ടി വന്നാലും ജീവിതത്തിലേക്കായി അവന്‍ സമ്മാനിച്ച കല്‍പ്പനകളെ പരിപാലിക്കുക എന്നതാണ്‌ ഭക്തി. അങ്ങനെയുള്ളവരുടെ കൂടെയാണ്‌ അല്ലാഹു. അവന്‍ ആജ്ഞാപിച്ചത്‌ പാലിച്ചവരുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കുന്നു. ചിലപ്പോള്‍ കൂടുതല്‍ മികച്ചത്‌ സമ്മാനിക്കുന്നു. ഒരിക്കലും കൈവിടില്ലെന്ന്‌ വാക്ക്‌ തരുന്നു. നിങ്ങളെവിടെയും കുടുങ്ങില്ലെന്ന്‌ കരാര്‍ ചെയ്യുന്നു. ശത്രുക്കളൊരുക്കിയ തീകുണ്ഡാരത്തില്‍ നിന്ന്‌ തണുപ്പ്‌ നുകര്‍ന്ന്‌ കയറിപ്പോരാന്‍ ഇബ്‌റാഹീം പ്രവാചകനു കഴിഞ്ഞത്‌ അതുകൊണ്ട്‌ തന്നെയല്ലേ? അപേക്ഷിക്കുന്നവരെ അല്ലാഹു പലപ്പോഴും പരീക്ഷിക്കും, പക്ഷേ ഉപേക്ഷിക്കില്ല.
സന്തോഷം നല്‍കുന്ന ദൈവവിധികളില്‍ മാത്രമേ മനുഷ്യര്‍ സംതൃപ്‌തരാകാറുള്ളൂ. സങ്കടപ്പെടുത്തുന്നതാണെങ്കില്‍ പഴിപറഞ്ഞും കോപിച്ചും ശാപവാക്കുകള്‍ പറഞ്ഞും അസ്വസ്ഥരായി നടക്കും.

 `എനിക്ക്‌ മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്‌!' എന്ന്‌ നമ്മള്‍ പറയാറുള്ളത്‌ വേദനകളില്‍ മാത്രമാണല്ലോ. ചുറ്റുമുള്ള അനേകം മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ എന്നെയോ താങ്കളെയോ മാത്രം തെരഞ്ഞെടുത്ത്‌ ഒരു മഹാഭാഗ്യം ആ സ്‌നേഹനാഥന്‍ നല്‍കിയാല്‍ `എനിക്ക്‌ മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്‌' എന്ന്‌ പറയാറില്ല.
കാരുണ്യവാനായ സ്രഷ്‌ടാവിനെ തിരിച്ചറിയുക മാത്രമാണ്‌ പോംവഴി. നമ്മുടെ കാര്യത്തില്‍ നന്മയല്ലാതെ മറ്റൊന്നും വിധിക്കാത്ത പരമ കാരുണ്യവാനാണ്‌ അല്ലാഹു. ഒറ്റനോട്ടത്തില്‍ നന്മയല്ലെന്ന്‌ നമുക്ക്‌ തോന്നുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ അറിവിന്റെയും അനുഭവ പരിജ്ഞാനത്തിന്റെയും പോരായ്‌മയാണെന്ന്‌ മനസ്സിലാക്കാം. ആര്‍ക്കും വേണ്ടാത്ത മണല്‍ത്തരിയെ വിലയേറിയ മുത്തുകളാക്കുന്ന അതേ രാസവിദ്യയാണ്‌ നമ്മുടെ ഓരോ അനുഭവത്തിലും അല്ലാഹു ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നത്‌.

രണ്ടാം അധ്യായത്തിലെ 216-ാം വചനത്തില്‍ എല്ലാമുണ്ട്‌; ``നിങ്ങളൊരു കാര്യം വെറുക്കുമെങ്കിലും ചിലപ്പോഴത്‌ ഗുണകരമായിരിക്കാം. നിങ്ങള്‍ക്കൊരു കാര്യം ഇഷ്‌ടപ്പെടുമെങ്കിലും അത്‌ ചിലപ്പോള്‍ ദോഷകരമാകാം. അല്ലാഹു അറിയുന്നു, നിങ്ങളറിയുന്നില്ല.''

പരമദയാലുവായ സ്‌നേഹനാഥന്‍ കൃത്യമായി സംവിധാനിച്ച കാര്യങ്ങള്‍ മാത്രമാണ്‌ നമുക്ക്‌ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയുമ്പോള്‍ മനശ്ശക്തിയോടെ ജീവിക്കാന്‍ സാധിക്കും. ഒരു കാര്യവും വെറുതെയല്ല, എല്ലാം മറ്റൊരു കാര്യത്തിന്റെ കാരണങ്ങളോ പൂര്‍ത്തീകരണമോ ആണ്‌. സങ്കടവും വേദനയും ജീവിതഭാരവും രോഗവും തോല്‍വിയുമെല്ലാം അങ്ങനെതന്നെ. നമുക്ക്‌ മാത്രമായി ഒരുക്കിവെച്ചിരിക്കുന്ന ഏതോ സൗഭാഗ്യത്തിന്റെ മുന്നൊരുക്കങ്ങളാണവ. 

നമ്മുടെ ചുറ്റുമൊന്ന്‌ നോക്കൂ, മഴ പെയ്യുന്നു, മഴ തോരുന്നു, ചെടി വളരുന്നു, പൂ വിടരുന്നു, പൂ കൊഴിയുന്നു, ഇല പൊഴിയുന്നു, ചെടി വാടുന്നു.... അങ്ങനെ എന്തെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും നമ്മള്‍ അസ്വസ്ഥരാകാറില്ല. കാരണം അവയൊക്കെ പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്നതാണെന്ന്‌ നമ്മള്‍ക്കറിയാം. എന്നാല്‍ അതേ സ്വാഭാവികത തന്നെയാണ്‌ നമ്മുടെയും ജീവിതത്തിലെ സംഭവങ്ങളെന്ന്‌ പക്ഷേ ഉള്‍ക്കൊള്ളാന്‍ അധികപേര്‍ക്കും സാധിക്കാറില്ല. ഒരു ചെടിയുടെ ആയുസ്സില്‍ സംഭവിക്കുന്നതൊക്കെ തന്നെയാണ്‌ മറ്റൊരു വിധത്തില്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്‌. അതോടൊപ്പം അവസാനം മികച്ചൊരു പര്യവസാനം കൂടി നമുക്ക്‌ ലഭിക്കുന്നു. 

`യാദൃച്ഛികമായി സംഭവിച്ചു' എന്ന്‌ നമ്മള്‍ പറയാറുണ്ട്‌. യഥാര്‍ഥത്തില്‍ ഒന്നും അങ്ങനെ സംഭവിക്കുന്നില്ല. നമ്മളീ ലോകത്ത്‌ ജനിച്ചതും ഇത്രകാലം ജീവിക്കുന്നതും യാദൃച്ഛികമല്ലാത്തതു പോലെ ഇതിനിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകാര്യം പോലും യാദൃച്ഛികമല്ല. നമുക്കേതാണ്‌ കൂടുതല്‍ നല്ലതെന്ന്‌ നമ്മേക്കാള്‍ അറിയുന്ന ഉന്നതനായൊരു കാരുണ്യവാന്റെ നിശ്ചിതമായ തീരുമാനങ്ങളാണവയെല്ലാം. ഒട്ടും ആകുലതയില്ലാതെ, യാതൊരു എടുത്തുചാട്ടവുമില്ലാതെ, പ്രാര്‍ഥിച്ചും പ്രതീക്ഷിച്ചും സങ്കടങ്ങളോടെല്ലാം പുഞ്ചിരിച്ചും നല്ലതേ വരൂവെന്ന്‌ സമാധാനിച്ചും കഴിഞ്ഞാല്‍ അവസാനത്തെ സൗഭാഗ്യം നമുക്കുള്ളതായിരിക്കും. 

ആ സന്തോഷവാര്‍ത്ത ഖുര്‍ആന്‍ മൊഴിയുന്നു: കാലം എന്ന അധ്യായത്തിലെ പന്ത്രണ്ടാം വചനം; ``സഹനം ശീലിച്ചവര്‍ക്കുള്ള പ്രതിഫലം നല്ല പട്ടുടുപ്പുകളും പൂന്തോപ്പുകളുമാണ്‌.''

From : Shababweekly.net 

കാതുകളില്‍ ഉണരുന്നത്‌ ബിലാലിന്റെ തക്‌ബീര്‍



മറക്കാനൊക്കുമോ നമുക്ക്‌ ബിലാലിനെക്കുറിച്ചുള്ള ഓര്‍മകള്‍? ഈ എത്യോപ്യന്‍ കാപ്പിരി, നമ്മുടെ വര്‍ത്തമാനകാല സൗന്ദര്യ സങ്കല്‌പങ്ങളുടെ പുറമ്പോക്കിലുള്ളയാളാവും. എന്നാല്‍, ഉരുകിപ്പതച്ച മക്കാ മണലാരണ്യത്തിന്റെ അസഹ്യമായ ചൂടില്‍കിടന്ന്‌ തിളച്ചുമറിഞ്ഞ്‌ വിമലമാക്കിയ വിശ്വാസം കൊണ്ട്‌ കറുപ്പിന്‌ ഏഴഴക്‌ തീര്‍ത്തു പുണ്യബിലാല്‍.
`ബിലാല്‍, താങ്കള്‍ സ്വര്‍ഗത്തില്‍ എന്റെ മുമ്പിലായി നടന്നുപോകുന്നത്‌ ഞാന്‍ കണ്ടു' എന്നു തിരുനബി ഒരിക്കല്‍ പറഞ്ഞു. ബിലാലിനെ പൊന്നുംവില നല്‌കി മോചിപ്പിച്ചത്‌ അബൂബക്കര്‍(റ) ആയിരുന്നു. ``ഇതാ, എന്റെ നേതാവ്‌ വന്നിരിക്കുന്നു.' എന്ന്‌ ഉമര്‍(റ) പറഞ്ഞത്‌ ഇതേ ബിലാലിനെക്കുറിച്ചുതന്നെ.

ഇസ്‌ലാമില്‍ ബാങ്ക്‌ നിയമമായപ്പോള്‍ തിരുനബി തന്റെ മുഅദ്ദിനായി നിശ്ചയിച്ചതും മറ്റൊരാളെയല്ല. അങ്ങനെ, മര്‍ദകരുടെ പീഡനപര്‍വം സര്‍വസീമകളും വിടുമ്പോള്‍ വേദനയില്‍ പുളഞ്ഞ്‌ `അഹദ്‌, അഹദ്‌' എന്ന്‌ ദീനരോദനമുതിര്‍ത്ത ബിലാലിന്റെ `അല്ലാഹു അക്‌ബര്‍' എന്ന സ്വരമാധുരി തിരുനബിയുടെ കര്‍ണങ്ങള്‍ക്ക്‌ ആനന്ദവും നയനങ്ങള്‍ക്ക്‌ നനവുമായി.
മക്ക വിജയദിനത്തില്‍ വിഗ്രഹങ്ങളെ തകര്‍ത്തെറിഞ്ഞ്‌ പവിത്രത പുനസ്ഥാപിച്ച്‌ വിശുദ്ധ കഅ്‌ബയുടെ വാതില്‍ക്കല്‍ നിന്ന്‌ തിരുനബി ആദ്യം മാടിവിളിച്ചതും ഈ ബിലാലിനെ: ``കയറൂ ബിലാലേ, ആ സുന്ദരനാദം മക്കയൊന്നു കേള്‍ക്കട്ടെ.'' ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ഇടത്ത്‌ നിറം കറുത്ത ബിലാലിനെ കണ്ടത്‌ നവാഗത മുസ്‌ലിംകളില്‍ പലര്‍ക്കും സഹിച്ചില്ല. മഹത്വത്തിന്റെ യഥാര്‍ഥ മാനദണ്ഡം അവരെ പഠിപ്പിക്കുക കൂടിയായിരുന്നു പ്രിയനബി. പക്ഷെ, ആ ബാങ്കൊലിയില്‍ എല്ലാം അലിഞ്ഞു. മുഖം ചുളിച്ചവര്‍ പോലും ആ സുന്ദര ശബ്‌ദം അവസാനിപ്പിക്കാതിരിക്കട്ടെ എന്ന്‌ മനസ്സാ ആശിച്ചു. ബാങ്ക്‌ കഴിഞ്ഞിറങ്ങിയ ബിലാലിനെ അവിടുന്ന്‌ ആലിംഗനം ചെയ്‌തു. ബിലാലിന്റെ ആനന്ദക്കണ്ണീരില്‍ കഅ്‌ബയുടെ നിലം നനഞ്ഞു.
തിരുനബി യാത്രയായി. ദൂതരില്ലാത്ത മദീന മനസ്സിന്‌ വിങ്ങലായപ്പോള്‍ ഖലീഫയുടെ അനുവാദത്തോടെ ബിലാല്‍ മദീന വിട്ടു. ശാമിലേക്കാണ്‌ അദ്ദേഹം പോയത്‌. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ബിലാല്‍ ഖലീഫ ഉമറിനെ കാണാന്‍ മദീനയിലെത്തി.
നമസ്‌കാര സമയമായി. മസ്‌ജിദുന്നബവിയിലെത്തിയ ബിലാലിനോട്‌ ബാങ്ക്‌ വിളിക്കാന്‍ പലരും ആവശ്യപ്പെട്ടു. തിരുനബിയില്ലാത്ത പള്ളിയില്‍ ബാങ്ക്‌ വിളിക്കാന്‍ തനിക്കാവില്ലെന്ന്‌ ബിലാല്‍ ആവതു പറഞ്ഞു. ഒടുവില്‍ ഖലീഫ ഉമറും നിര്‍ബന്ധിച്ചു: ``കാതിനും മനസ്സിനും കുളിര്‍മ പകരുന്ന നാദവിസ്‌മയത്തിലൂടെ ഞങ്ങളെ പ്രിയദൂതരുടെ കാലത്തേക്കൊന്നു കൊണ്ടുപോകൂ ബിലാല്‍.''
ബിലാലിന്‌ അത്‌ തിരസ്‌കരിക്കാനായില്ല. പ്രിയനബിയുടെ സ്‌മരണകള്‍ സ്‌ഫുരിച്ചു നില്‌ക്കുന്ന മസ്‌ജിദുന്നബിയുടെ മച്ചില്‍ കയറി ബിലാല്‍ കൈവിരലുകള്‍ ചെവിയോടടുപ്പിച്ചു. പിന്നെ സ്വരമാധുരി ഉയര്‍ന്നു. അല്ലാഹു അക്‌ബര്‍. അല്ലാഹു അക്‌ബര്‍... കച്ചവടത്തിലലിഞ്ഞ മദീന നഗരം നിമിഷാര്‍ധം കൊണ്ട്‌ നിശ്ചലമായി. കേട്ടത്‌ സത്യമോയെന്നറിയാന്‍ ഒരു നിമിഷം കൂടി അവര്‍ കാതുകള്‍ വട്ടം പിടിച്ചു. അവരുടെ കൃഷ്‌ണമണികള്‍ പോലും അപ്പോള്‍ അനങ്ങിയില്ല. നാദവിസ്‌മയം തുടര്‍ന്നു:
അല്ലാഹു അക്‌ബര്‍... അല്ലാഹു അക്‌ബര്‍...
അവര്‍ ഉറപ്പിച്ചു. ബിലാല്‍ തന്നെ. ``ബിലാല്‍ വീണ്ടും ബാങ്ക്‌ വിളിച്ചിരിക്കുന്നു. ഞങ്ങളുടെ പുണ്യറസൂല്‍ തിരിച്ചുവന്നിരിക്കുന്നു.' അകമേ അല തല്ലിയ ആഹ്ലാദം അവര്‍ പറഞ്ഞറിയിച്ചു.
കച്ചവടം ഇട്ടെറിഞ്ഞ്‌ അവര്‍ പള്ളിയിലേക്കോടി; പ്രിയ ബിലാലിനെ കാണാന്‍. നിമിഷ നേരം കൊണ്ട്‌ മദീന വിജനമായി. മസ്‌ജിദുന്നബവി വിശ്വാസികളാല്‍ വീര്‍പ്പുമുട്ടുകയും ചെയ്‌തു.
അതെ, ബിലാലിന്റെ ബാങ്കൊലി കേവലം നമസ്‌കാരത്തിലേക്കുള്ള വിളിയാളത്തിനപ്പുറം ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു. മസ്‌ജിദുന്നബവിയില്‍ നിന്ന്‌ ദിവസം അഞ്ചുനേരം ബാങ്കൊലിയുയരുമ്പോഴും ഭൗതിക വ്യവഹാരത്തിരക്കിലമര്‍ന്ന മദീന നഗരം സ്‌തബ്‌ധിച്ചിട്ടില്ല. എന്നാല്‍ ബിലാലിന്റെ ബാങ്കിലെ ആദ്യ വാചകം തന്നെ മദീനയെ നിശ്ചലമാക്കി. തങ്ങളിപ്പോഴും തിരുനബിയുടെ കാലത്താണെന്ന്‌ സംശയിക്കാന്‍ മാത്രം ആ വിളിക്ക്‌ കരുത്തുണ്ടായിരുന്നു.
*********************************
ഹിജ്‌റ വര്‍ഷത്തിലെ 12-ാം അമ്പിളിക്കീറ്‌ ചക്രവാളത്തില്‍ പിറവിയെടുക്കുമ്പോള്‍ നാം ഉയര്‍ത്തുന്ന പ്രഖ്യാപനമുണ്ട്‌. ``അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ ഹംദ്‌.'' പെരുന്നാളിനും തശ്‌രീഖ്‌ ദിനങ്ങളിലും ഈ വാക്യങ്ങള്‍ നാം നിരന്തരം ഉരുവിടുന്നു. ബിലാലിന്റെ ബാങ്കൊലിപോലെ ഈ തക്‌ബീറും ഒരു കാലഘട്ടത്തിന്റെ പ്രതീകമല്ലേ? ചോരയും നീരും വാര്‍ന്നൊഴുകിയും ഉള്‍ക്കാമ്പും ചൈതന്യവും നഷ്‌ടപ്പെട്ടും അക്ഷരങ്ങള്‍ മാത്രമായിത്തീരുമ്പോള്‍ തക്‌ബീറുകള്‍ ദൈവത്തെ മഹത്വപ്പെടുത്തകയല്ല ചെയ്യുക. കണ്‌ഠനാളം മുറിഞ്ഞ്‌ ബലിക്കല്ലില്‍ക്കിടന്നു പിടയുന്ന ഉരുവിന്റെ ചീറ്റുന്ന ചുടുചോരയും തുടിക്കുന്ന പച്ചമാംസവുമല്ലല്ലോ അല്ലാഹുവിലേക്കെത്തുക. മറിച്ച്‌, കഴുത്തില്‍ കത്തിവെക്കുന്നവന്റെ ഹൃദയതന്തുവിലെ തേട്ടമാണ്‌. തക്‌ബീറിന്റെ ആധിക്യത്താല്‍ വരണ്ടുണങ്ങിയ തൊണ്ടകള്‍ പടച്ചവന്റെ കണക്കു പുസ്‌തകത്തിലുണ്ടാവില്ല. ഇബ്‌റാഹീം, ഇസ്‌മാഈല്‍ പ്രവാചകന്മാരുടെ ത്യാഗം ഹൃദയത്തിലാവാഹിച്ച്‌ മനസ്സറിഞ്ഞ്‌ ഉരുവിടുന്ന എണ്ണം പറഞ്ഞ തക്‌ബീറുകളാണ്‌ ആ ഏടുകളില്‍ ഇടം പിടിക്കുക.
തിരിഞ്ഞുനോക്കൂ നിങ്ങള്‍, ഇബ്‌റാഹീം(അ) എന്ന ദൈവത്തിന്റെ കൂട്ടുകാരന്റെ ജീവിത വഴിയിലേക്ക്‌ ഹാജറെന്ന അടിമ സ്‌ത്രീയെ, ഭൂമിയില്‍ പിറകൊള്ളാനാരിക്കുന്ന ജനകോടികള്‍ക്ക്‌ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാക്കിയത്‌ അവരുന്നയിച്ച രണ്ടേ രണ്ട്‌ ചോദ്യങ്ങള്‍കൊണ്ടായിരുന്നല്ലോ. ജന-ജല-ഫലരഹിതമായ മക്ക താഴ്‌വരയില്‍ പറക്കമുറ്റാത്ത പൈതലിനെയും തന്നെയും തനിച്ചാക്കി ഇബ്‌റാഹീം(അ) തിരിഞ്ഞുനടക്കുമ്പോഴായിരുന്നു വ്യാകുലചിത്തയായ ഹാജറിന്റെ ഒന്നാം ചോദ്യം: ``ഞങ്ങളെ തനിച്ചാക്കി അങ്ങ്‌ യാത്ര തുടരുകയാണോ?'' ഉത്തരം ഹ്രസ്വമായിരുന്നു: ``അതെ.'' ആധിയൊഴിഞ്ഞ മനസ്സോടെ രണ്ടാം ചോദ്യം: ``ഇതിന്‌ ദൈവിക കല്‌പനയുണ്ടോ?'' ഇത്തരം ആവര്‍ത്തനമായിരുന്നു: ``അതെ.'' ഇബ്‌റാഹീമിന്റെ രണ്ട്‌ ചെറിയ ഉത്തരങ്ങള്‍ ഹാജറിന്റെ മനസ്സിലുണ്ടാക്കിയത്‌ ആര്‍ക്കും അതിയജിക്കാനാവാത്ത വിശ്വാസ ദാര്‍ഢ്യം. അത്‌ തെളിഞ്ഞത്‌ അവരുടെ ഈ പ്രതികരണത്തിലൂടെയും: `എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല.''
ഫിര്‍ഔന്‍ സേനയുടെയും ചെങ്കടലിന്റെയും ഇടയിലകപ്പെട്ട മൂസാ(അ) പറഞ്ഞതും, മാലാഖയെ കണ്ട്‌ പനിച്ചു വിറച്ചെത്തി മൂടിപ്പുതച്ചു കിടന്ന മുഹമ്മദി(റ)നോട്‌ പ്രിയതമ ഉണര്‍ത്തിയതും ഹാജറിന്റെ ആത്മത്യാഗത്തിന്റെ വകഭേദങ്ങളായിരുന്നുവല്ലോ.
പെരുന്നാളിന്റെ തക്‌ബീര്‍ മന്ത്രങ്ങളുയരുമ്പോള്‍ ഈ ഹാജര്‍ തിരിച്ചുവന്നതായി നമുക്ക്‌ തോന്നാറുണ്ടോ? ജീവിത സന്ധ്യയിലും തുടരുന്ന ഹൃദയത്തിന്റെ ഉള്‍വിളിയും കണ്ണീരും ദൈവം സ്വീകരിച്ചു. ഉയര്‍ത്തി നിവര്‍ത്തിയ ഇബ്‌റാഹീമീ(അ)ന്റെ കരളിലേക്ക്‌ ഇസ്‌മാഈലിനെ നല്‌കുമ്പോള്‍ പരീക്ഷണത്തിനുള്ള രംഗവേദി ഒരുക്കുകയായിരുന്നു അല്ലാഹു. ജീവജലത്തിനായി കാലിട്ടടിച്ച അരുമപ്പൈതലിന്‌ സംസമെന്ന നിലയ്‌ക്കാത്ത നിര്‍ഝരിയൊഴുക്കി നല്‌കിയത്‌ ഈ പരീക്ഷണത്തിന്‌ അവനെ ബാക്കിവെക്കാനായിരുന്നു.
ഇറാഖില്‍ നിന്നും തിരിച്ചെത്തി, പൊന്നുമകനെ നെഞ്ചിലമര്‍ത്തി ആശ്വാസത്തോടെ ഉറങ്ങുമ്പോഴാണല്ലോ ഇബ്‌റാഹീം ആ സ്വപ്‌നം കാണുന്നത്‌. കണ്ടു കൊതിതീരാത്ത പ്രിയ പുത്രന്റെ മുഖത്തുനോക്കി വത്സല പിതാവ്‌ പറഞ്ഞു: ``അല്ലാഹു ആവശ്യപ്പെടുന്നു, നിന്നെ ബലി നല്‌കണമെന്ന്‌.'' കണ്ണീര്‍ മറയ്‌ക്കാന്‍ മിഴികളടച്ച പിതാവിന്റെ മുഖത്തേക്ക്‌ നോക്കി ആ ബാലന്‍ പറഞ്ഞു: ``ദൈവ കല്‌പന അങ്ങ്‌ നടപ്പാക്കുക. ഞാന്‍ ക്ഷമയോടെ കിടന്നുതരാം.'' ഇബ്‌റാഹീമിന്റെയും ഹാജറിന്റെയും രക്തത്തില്‍ പിറന്ന ഇസ്‌മാഈലെന്ന ബാലന്റെ നെഞ്ചുറപ്പിന്‌്‌ ചരിത്രത്തില്‍ സമാനത കാണാനാവുമോ?
ഒരു കൈയില്‍ കത്തിയും കയറും പിടിച്ചുനില്‌ക്കുന്ന പിതാ വിന്റെ മറുകൈയില്‍ ബാല്യചാപല്യത്തോടെയല്ല ഇസ്‌മാഈല്‍ പിടിച്ചത്‌. പിതാവിന്റെ കരങ്ങളാല്‍ താന്‍ ബലിനല്‍കപ്പെടാന്‍ പോവുകയാണെന്ന ബോധ്യത്തോടെ തന്നെയായിരുന്നു.
താന്‍ ചെയ്യേണ്ട കൃത്യമോര്‍ത്ത്‌ ഇബ്‌റാഹീം നബി(അ)യുടെ അകം വേപഥുകൊള്ളുമ്പോഴും ഇസ്‌മാഈല്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ബലി നടത്തുമ്പോള്‍ എന്റെ വസ്‌ത്രം അഴിച്ചുവെക്കണം. അല്ലെങ്കില്‍ ചോരയണിഞ്ഞ വസ്‌ത്രം കണ്ട്‌ ഉമ്മാക്ക്‌ വേദനയുണ്ടാവും. എന്റെ കൈകാലുകള്‍ ബന്ധിക്കണം. കാരണം, കണ്‌ഠനാളം മുറിയുമ്പോള്‍ വേദനയേറ്റ്‌ ഞാന്‍ പിടഞ്ഞെന്നുവരും. മലര്‍ന്നുകിടക്കുന്ന എന്റെ മുഖത്തുനോക്കി കഴുത്തില്‍ കത്തിവെക്കാന്‍ താങ്കള്‍ക്ക്‌ കഴിയുന്നില്ലെങ്കില്‍ എന്നെ കമിഴ്‌ത്തിക്കിടത്തണം...'' എല്ലാം കേള്‍ക്കുകയായിരുന്നു ഇബ്‌റാഹീം (അ). നിരവധി പരീക്ഷണങ്ങളിലൂടെ താന്‍ നേടിയെടുത്ത ഉള്‍ക്കരുത്തിനെ വെല്ലുന്ന വിശ്വാസദാര്‍ഢ്യം ബാല്യം വിടാത്ത ഇസ്‌മാഈല്‍ എങ്ങനെ കൈവരിച്ചുവെന്ന്‌ വിസ്‌മയം കൊണ്ടിരിക്കും ഒരുപക്ഷേ, ആ ആദര്‍ശപിതാവ്‌.
പുല്ലും വെള്ളവും നല്‍കി നാം വളര്‍ത്തിയ ഉരുവിനെ കൈകാലുകള്‍ കെട്ടി മറിച്ചിട്ട്‌ കുനിഞ്ഞുനിന്ന്‌ മൂര്‍ച്ചയേറിയ കത്തിയുടെ വായ്‌ത്തലകൊണ്ട്‌ അതിന്റെ കണ്‌ഠത്തെ ഭേദിക്കുമ്പോള്‍ നാമുയര്‍ത്തുന്ന തക്‌ബീര്‍ അലകളില്‍ ഇസ്‌മാഈലിന്റെ തിരിച്ചുവരവ്‌ നമുക്ക്‌ അനുഭവപ്പെടാറുണ്ടോ? ത്യാഗത്തിന്റെ ബലി പീഠത്തില്‍ മകനെക്കിടത്തി ഇബ്‌റാഹീം ഉരുവിട്ട തക്‌ബീറാണ്‌ നാം കേള്‍ക്കുന്നതെന്ന്‌ തിരിച്ചറിയാറുണ്ടോ?
ത്യാഗത്തിന്റെ ഓര്‍മ പുതുക്കലാണല്ലോ ബലിപെരുന്നാള്‍. ത്യാഗഭരിതമായ ഇബ്‌റാഹീം (അ) കുടുംബത്തിന്റെ ഓര്‍മകള്‍ അയവിറക്കി നമുക്കെങ്ങനെ ആമോദപ്പെരുന്നാളാഘോഷിക്കാനാവുമെന്ന്‌ സന്ദേഹിക്കുന്നുണ്ടോ നാം?
*********************************
അഗ്നിയിലെറിയപ്പെട്ടു ഇബ്‌റാഹീം. ഇതിലും വലിയ പരീക്ഷണമുണ്ടോ? എന്നാല്‍ ചാരക്കൂനയില്‍ നിന്ന്‌ വീരജേതാവിനെപ്പോലെയല്ലേ ദൈവമിത്രം എഴുന്നേറ്റുവന്നത്‌. വരണ്ട്‌ താഴ്‌വാരത്തില്‍ ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കിപ്പോകുമ്പോള്‍ ഇബ്‌റാഹീം അനുഭവിച്ച മനോവേദന ആരറിഞ്ഞു. എന്നാല്‍ തിരിച്ചുവരുമ്പോള്‍ ചാലിട്ടൊഴുകുന്ന സംസം കണ്‍കുളിര്‍മയായില്ലേ ആ കുടുംബനാഥന്‌. ബലിനല്‍കാനായി മകനെയും കൊണ്ട്‌ മലകയറുമ്പോഴത്തെ ആ വൃദ്ധപിതാവിന്റെ മനോനില വായിച്ചെടുക്കാന്‍ ആര്‍ക്ക്‌ കഴിയും? വിജയസ്‌മിതം തൂകി മകനെ മാറോടണച്ച്‌ മലയിറങ്ങുന്ന പിതാവിനെയല്ലേ ചരിത്രം പിന്നീട്‌ കാണിച്ചുതന്നത്‌.
സമ്പൂര്‍ണ സമര്‍പ്പണമാണ്‌ ത്യാഗത്തിന്റെ വഴി. സര്‍വം ത്യജിക്കാന്‍ സര്‍വാത്മനാ സന്നദ്ധനായതുകൊണ്ടാണ്‌ ഇബ്‌റാഹീമിനു ജീവിതവിജയം നേടാനായത്‌. ചിലത്‌ ത്യജിക്കുമ്പോഴാണ്‌ പലതും നേടാനാവുക. ബലിപെരുന്നാളിനെ ആഹ്ലാദ വേളയാക്കുന്നതും ഇതത്രെ.
പെരുന്നാളുകള്‍ അല്ലാഹു വിശ്വാസികള്‍ക്ക്‌ നല്‍കിയ സമ്മാനങ്ങളാണ്‌. നോക്കൂ നിങ്ങള്‍, പെരുന്നാള്‍ ദിനത്തിലെ സ്വുബ്‌ഹി ബാങ്കൊലി പോലും നമ്മുടെ മനസ്സില്‍ കുളിരു കോരിയിടാറില്ലേ. വല്ലാത്തൊരാമോദത്തോടെയല്ലേ അന്ന്‌ നാം സ്വുബ്‌ഹ്‌ നമസ്‌കരിക്കുന്നത്‌. നമസ്‌കാരാനന്തരം നാം ഉരുവിടുന്ന തക്‌ബീറുകള്‍ ഹൃദയത്തില്‍ നിന്നാവും വരുന്നത്‌.
കുളിച്ച്‌ ശുദ്ധിവരുത്തി പുതുവസ്‌ത്രമണിഞ്ഞ്‌ സുഗന്ധം പൂശി കുടുംബസമേതം ഈദ്‌ഗാഹിലേക്ക്‌ പുറപ്പെടുമ്പോള്‍ പ്രസന്നഭാവം വിടരുക കുരുന്നുകളുടെ മുഖങ്ങളില്‍ മാത്രമല്ല. തോളോട്‌ തോള്‍ ചേര്‍ത്തി ഒത്തുചേരല്‍, ഒരേ മന്ത്രം ഒരുമിച്ചുരുവിടല്‍, അണിയണിയായി നിന്ന്‌ നമസ്‌കരിക്കല്‍-സാഹോദര്യം പൂത്തലയുന്ന അസുലഭവേള, തീര്‍ന്നില്ല, നമസ്‌കാരം കഴിഞ്ഞാല്‍ ഹൃദയമറിഞ്ഞുള്ള പുഞ്ചിരി, പ്രാര്‍ഥനയോടെ ഹസ്‌തദാനം, ഹൃദയം ഹൃദയത്തോട്‌ ചേര്‍ത്തുവെച്ചുള്ള ആലിംഗനം, സൗഹൃദത്തിന്റെ സൗന്ദര്യം പൂര്‍ണത പ്രാപിക്കുന്ന മറ്റൊരുവേള എവിടെ കാണാനാവും. എത്രപേരെ കണ്ട്‌ സൗഹൃദം പുതുക്കിയാലും ഈദ്‌ഗാഹ്‌ വിട്ടിറങ്ങുമ്പോള്‍ നമ്മുടെ മനം മറ്റൊരാളെ പരതുകയാവും, അദ്ദേഹത്തിനും ദൈവാനുഗ്രഹം നേരാന്‍.
ആത്മീയമായ ആഹ്ലാദം വിരുന്നെത്തുന്ന വേളകൂടിയാണ്‌ പെരുന്നാള്‍. 

നറുമണം വിതറുന്ന പുതുവസ്‌ത്രമണിഞ്ഞും വിഭവധന്യമായ ഭക്ഷണം രുചിച്ചും അതിരുവിടാത്ത ആഘോഷങ്ങളില്‍ വിശ്വാസികള്‍ അലിയുന്നു. അതേസമയം, നിയന്ത്രണമില്ലാതെ പടര്‍ന്നുകയറുന്നവയുടെ അടിവേരറുക്കുകയും ചെയ്യുന്നു ഇസ്‌ലാം. നമസ്‌കാരം പള്ളിയില്‍ നിന്ന്‌ പൊതുസ്ഥലത്തേക്ക്‌ മാറ്റല്‍, ഈദ്‌ഗാഹിലേക്ക്‌ പോകുമ്പോള്‍ വഴിമാറി സഞ്ചരിക്കല്‍, കുടുംബം-രോഗി-അയല്‍പക്ക സന്ദര്‍ശനം തുടങ്ങിയവ സുന്നത്താക്കുക വഴി പെരുന്നാള്‍ ദിനം കൊണ്ട്‌ ഇസ്‌ലാം ലക്ഷ്യംവെക്കുന്നതെന്താണ്‌? കൂടുതല്‍ പേരെ കാണുമ്പോള്‍, അവരുമായി സൗഹൃദം പുതുക്കുമ്പോള്‍, അവര്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍, അവരുടെ പ്രാര്‍ഥന കേള്‍ക്കുമ്പോള്‍, രോഗിയെ ആശ്വസിപ്പിക്കുമ്പോള്‍ എന്തൊരാനന്ദമായിരിക്കും നമ്മുടെ മനസ്സില്‍ നിറയുക. 

പിണങ്ങിയവരുമായി ഇണങ്ങുമ്പോള്‍, ശത്രുത അകറ്റി കുടുംബങ്ങളെ ഒന്നിപ്പിക്കുമ്പോള്‍, അവരില്‍ സ്‌നേഹമസൃണഭാവങ്ങള്‍ വിരിയുമ്പോള്‍ എന്തൊരു ആശ്വാസമാവും നമുക്കനുഭവപ്പെടുക. പെരുന്നാള്‍, ശരീരത്തെ ആമോദിപ്പിക്കുന്ന ഭൗതികമായ ആഘോഷം മാത്രമല്ല, മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന ആത്മീയ വേള കൂടിയാണ്‌. അല്ലാഹു അക്‌ബര്‍.... വലില്ലാഹില്‍ഹംദ്‌. 

Copied From: shababweekly.net... author: v s m kabeer

Saturday, October 5, 2013

ഭാര്യ = ഭാരം കുറക്കുന്നവള്‍

ഭാര്യമാര്‍ പലതരമുണ്ട്. ഭര്‍ത്താവിനെ ഭരിക്കുന്നവള്‍, ഭര്‍ത്താവിന്ന് ഭാരമാകുന്നവര്‍, ഭര്‍ത്താവിന്റെ ഭാരം കുറക്കുന്നവള്‍ അങ്ങനെ പലയിനങ്ങള്‍. യഥാര്‍ഥ ഭാര്യ ഭര്‍ത്താവിന്റെ ഭാരം കുറക്കുന്നവളാണ്. മറ്റൊന്ന്, ഭര്‍ത്താവ് അവള്‍ക്ക് ഭാരമായി തോന്നരുത്. താന്‍ ഭാര്യക്ക് ഭാരമല്ലെന്നും തന്റെ ഭാരം അവള്‍ ലഘൂകരിക്കുന്നുവെന്നും തോന്നുന്ന ഭര്‍ത്താവാണ് മനശ്ശാന്തിയുള്ളവന്‍. ആ മനശാന്തി ഭാര്യ ശ്രദ്ധാപൂര്‍വം സൃഷ്ടിച്ച ഒരു ഉല്‍പന്നമാണ്. ഇതേപോലെ ഭര്‍ത്താവ് ഭാര്യക്കും മനശ്ശാന്തി സൃഷ്ടിച്ചുകൊടുക്കണം.

നിങ്ങള്‍ നാട്ടില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ ശ്രദ്ദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ശ്രദ്ധിക്കണം. അതില്‍ നിന്ന് നമുക്ക് പാഠമുള്‍ക്കൊള്ളാനുണ്ടാകും. ഇരുവരും പരസ്പരം ഭാരമാകുന്നതാണ് പ്രശ്‌നകാരണം. ഒരുദാഹരണം. ഗസ്റ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവ്. സുന്ദരന്‍, അയാളുടെ ഭാര്യ ഡോക്ടര്‍. സുന്ദരി ; രണ്ട് കുട്ടികള്‍. പ്രതാപമുള്ള കുടുംബങ്ങള്‍. അവര്‍ വിവാഹമോചനം നടത്തി എന്നറിഞ്ഞ് ഈ കുറിപ്പുകാരന്‍ ഞെട്ടിപ്പോയി. എന്തിനിവര്‍ പിരിഞ്ഞു? എന്തിന്ന്? എന്തിന്ന്? മനുഷ്യന്ന് അനിവാര്യമെന്ന് പ്രവാചകന്‍ പഠിപ്പിച്ച ഒന്നിന്റെ അഭാവമാണ് കാരണം. 'വിഭവങ്ങളുടെ ആധിക്യമല്ല സമ്പന്നത. മറിച്ച് മനസ്സിന്റെ ഐശര്യമാണ്' (ബുഖാരി). ഇക്കാര്യം സ്ത്രീയും പുരുഷനും ഒരേ പോലെ മനസ്സിലാക്കണം. എങ്കില്‍ ഇരുവരും നല്ലപാതികള്‍(better half) ആയിത്തീരും. ഒരു പകുതി നല്ലതും മറ്റേ പകുതി ചീത്തയുമായാല്‍ ജീവിതം ഭാരമായി മാറും.

'ഇരു ശരീരത്തി ന്നൊരു കരള്‍,
ഒരു തലയണിക്കിരു ശിരസ്സുകള്‍ നമ്മള്‍,
ഈ കവിത ജീവിതത്തില്‍ പുലരുമപ്പോള്‍, ഓര്‍ത്തുനോക്കൂ ആ അവസ്ഥ. രണ്ട് ശരീരങ്ങള്‍ക്ക് ഒരു കരള്‍! ഒരു തലയണക്ക് രണ്ട് ശിരസ്സുകള്‍! ഇത് മധുവിധു ഘട്ടത്തില്‍ മാത്രമല്ല, വൃദ്ധാവസ്ഥയിലും സത്യമാകണം. അതിന്ന് മനസ്സിന്റെ ഐശര്യം കൂടിയേ തീരൂ.
എന്റെ ഭാര്യക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നതിന്ന് ഞാന്‍ കാരണക്കാരനാണോ? ഭര്‍ത്താവിന്ന് എന്നെ സ്‌നേഹിക്കാന്‍ കഴിയാതിരിക്കുന്നതിന്ന് എന്റെ ഭാഗത്തു നിന്ന് എന്തു സംഭവിച്ചു? ഈ ചോദ്യങ്ങള്‍ക്ക് ഇരുവരും സത്യസന്ധമായി ഉത്തരം കാണുന്നതിലൂടെ മനസ്സിന്റെ ഇരുളുകളില്‍ പരിഹാരത്തിന്റെ സൂര്യനുദിക്കും. ആ അവസ്ഥ കൈവരാനാണ് വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മൂന്നുമാസം ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിക ബന്ധമൊഴികെ മറ്റെല്ലാ ബന്ധങ്ങളും പുലര്‍ത്തിക്കൊണ്ട് താമസിക്കണം എന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം പുരുഷന്നാണ്. പക്ഷെ മുസ്‌ലിം സമൂഹത്തില്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായേ നടക്കുന്നുള്ളൂ. എന്നാല്‍ എടുത്തുപറയേണ്ട ഒരു നല്ല കാര്യമുണ്ട്. മുസ്‌ലിംകളില്‍ വിവാഹമോചനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഈ നല്ല അവസ്ഥക്കു കാരണം മതപരവും ഭൗതികവുമായ വിദ്യാഭ്യാസം തന്നെ. പക്ഷെ അവരിലും ത്വലാഖ് സംഭവിച്ചാല്‍ രണ്ടുപേരും രണ്ടു വീടുകളില്‍ തന്നെയാണവര്‍.

നല്ല മനസ്സും നല്ല വാക്കുമായി സന്ധ്യക്കെങ്കിലും ഭര്‍ത്താവ് എത്തും എന്ന ചിന്തയാല്‍ പൂമുഖവാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്ന ഭാര്യയെ പുരുഷന്മാരെ നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. അവള്‍ക്കാ മനസ്സുണ്ടാകണമെങ്കില്‍ ഞാനെങ്ങനെയാവണം എന്നു കൂടി ചിന്തിക്കണം പുരുഷന്മാര്‍. ചുരുക്കത്തില്‍ ഇരുവരും ആത്മപരിശോധനക്ക് ധാരാളം സമയം കണ്ടെത്തണം. സ്വയം തിരുത്തുക. അത് മറുപാതിയില്‍ ഒരു തിരുത്തോ ഭേദപ്പെടലോ ആയിമാറും. കുടുംബജീവിതത്തില്‍ സംതൃപ്തിയില്ലെങ്കില്‍ നാം ഇടപെടുന്ന ഏതു രംഗത്തും അത് മോശമായ സ്വാധീനം ഉണ്ടാക്കും. അതിനാല്‍ നമ്മുടെ ഒന്നാമത്തെ അജണ്ട തനിക്കെങ്ങനെ ഒരു നല്ല ഇണയാകാന്‍ കഴിയും എന്ന് കണ്ടെത്തലാണ്.



By:
ഇ.കെ.എം പന്നൂര്

നമ്മുടെ നാട്ടിലെ എട്ടു മണ്ണിനങ്ങള്‍




കേരളത്തിലെ പ്രധാന മണ്ണ് ലാറ്ററൈറ്റാണ്. എന്നാല്‍ ഇതല്ലാതെ വേറെ ചില മണ്ണിനങ്ങളും ഇവിടെയുണ്ട്. തീരദേശമണ്ണ്, എക്കല്‍മണ്ണ്, കരിമണ്ണ്, വെട്ടുകല്‍ മണ്ണ് (ലാറ്ററൈറ്റ്), ചെമന്ന മണ്ണ്, മലയോരമണ്ണ്, കനത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിലെ മുഖ്യമണ്ണിനങ്ങള്‍. 
ഇവയുടെ ശരിയായ തിരിച്ചറിവും സംരക്ഷണവും കേരളത്തിന്റെ നിലനില്‍പ്പിന് അടിത്തറയാണ്. മണ്ണിന്റെ അശാസ്ത്രീയമായവിനിയോഗം അപകടമാണെന്ന് എല്ലാവരും തിരിച്ചറിയണം.

മണ്ണുകള്‍ പലയിനമാണല്ലോ ഇതല്ലാതെ വിവിധ മണ്‍ശ്രേണിയകള്‍ (സോയില്‍ സീരീസുകള്‍), വിവിധ ജില്ലകളിലുണ്ട്. ഇവയില്‍ തൃശൂര്‍ ജില്ലയിലെ ചില സീരീസുകളാണ്. കൂട്ടാല സീരീസ്, കൊഴുക്കുള്ളി, വെളപ്പായ, കൊരട്ടി ആഞ്ഞൂര്‍, സീരീസുകള്‍. പാടത്തെ മണ്‍സീരീസുകളായ കോഞ്ചീര, കോലഴി, മാരായ്ക്കല്‍, കീഴ്പ്പുള്ളിക്കര എന്നിവയും തൃശൂരിലെ പ്രത്യേകതകളാണ്. വിശദമായ മണ്ണുസര്‍വ്വേയുടെയാവശ്യത്തിന് ഇവയെപ്പറ്റി മണ്ണു പര്യവേഷണ ഓഫീസര്‍മാര്‍ ഉപയോഗപ്പെടുത്തി വരുന്നു.

തീരദേശമണ്ണ്:

കേരളത്തിലെ പടിഞ്ഞാറന്‍ സമുദ്ര തീരത്തും അതിനോട് ചേര്‍ന്ന് കിടക്കുന്ന സമതലപ്രദേശത്തും കാണപ്പെടുന്ന മണ്ണ്. ഫലപുഷ്ടി കുറഞ്ഞയിനം മണ്ണാണിത്. മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള തീരദേശമണ്ണില്‍ 80% മുകളില്‍ മണലാണ്. ഈ മണ്ണിന് ഈര്‍പ്പം (നനവ്) നിലനിര്‍ത്താനുള്ള കഴിവ് വളരെ കുറവാണ്. എന്നിരുന്നാലും ജൈവവളങ്ങള്‍, ജൈവവസ്തുക്കള്‍, എന്നിവ ധാരാളമായി ഇതില്‍ ചേര്‍ക്കാം. ഇതില്‍, രാസവളപ്രയോഗം പല തവണകളായി ചേര്‍ക്കുന്നതാണ് നല്ലത്.

തീരദേശമണ്ണില്‍ തെങ്ങ്, കശുമാവ്, വിവിധ പഴവിളകള്‍ എന്നിവ നടാന്‍ പറ്റും. ജൈവവളങ്ങള്‍, രാസവളങ്ങള്‍ എന്നിവ സമീകൃതമായി ചേര്‍ക്കാന്‍ നോക്കാം.

മലയോരമണ്ണ്

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണിത്. നല്ല താഴ്ചയുണ്ട്. കറുത്ത തവിട് മുതല്‍ മഞ്ഞകലര്‍ന്ന തവിട്ടുനിറം വരെ കാണാറുണ്ട്.

കറുത്ത പരുത്തിമണ്ണ്

നല്ല ക്ഷാരമുള്ള മണ്ണ്, പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രധാനമണ്ണ്. പരുത്തി, നിലക്കടല, കരിമ്പ്, നെല്ല് എന്നിവയ്ക്ക് നല്ലത്.

വനമണ്ണ്

കേരളത്തിലെ വനപ്രദേശങ്ങളിലെ മുഖ്യമണ്ണാണിത്. പശ്ചിമ രാശി മുതല്‍ നല്ല കളിമണ്ണുവരെയുണ്ട്. നിറം, ഇളം തവിട്ടുനിറം മുതല്‍ നല്ല തവിട്ടുനിറം വരെയാണ്.

നല്ല ഫലപുഷ്ടിയുള്ള വനമണ്ണിന് നല്ല താഴ്ച, നല്ലനീര്‍വാര്‍ച്ച ഇവയുണ്ട്. വനനശീകരണംവഴി, മണ്ണൊലിപ്പിന് വിധേയപ്പെടാന്‍ കാരണമാവും.
 കേരളത്തിലെ മണ്ണുകളെപ്പറ്റി പഠിക്കാനും വായിച്ചറിയാനും കേരളത്തിലെ ബെഞ്ചുമാര്‍ക്ക് മണ്ണിനങ്ങളെപ്പറ്റിയുള്ള പുസ്തകം ലഭ്യമാണ്. മണ്ണുപര്യവേഷണ സംരക്ഷണവകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റില്‍ നിന്നും ഇത് വാങ്ങിക്കാന്‍ ലഭിക്കും. കൂടുതലറിയാന്‍

ഡയറക്ടര്‍ മണ്ണുപര്യവേഷണസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ്, സെന്റര്‍ പ്ലാസ ബില്‍ഡിംഗ്, വഴുതക്കാട്, തിരുവനന്തപുരം.
ഫോണ്‍ - 8086861023