Sunday, November 22, 2015

സംസമിന്റെ ശ്രേഷ്ഠതകള്‍



ചോദ്യം: സംസം വെള്ളത്തിന് മറ്റ് ജലത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? സംസം വെള്ളം കുടിച്ചാല്‍ രോഗ ശമനമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും നബി വചനമുണ്ടോ? സംസം വെള്ളം കുടിക്കുന്നതിന് മുമ്പ് പ്രത്യേക നിയ്യത്ത് എന്തെങ്കിലും ആവശ്യമുണ്ടോ?



മസ്ജിദുല്‍ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയില്‍ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു വലഞ്ഞ ഇസ്മാഈലിനെ ഈ കിണറ്റില്‍ നിന്നാണ് അല്ലാഹു കുടിപ്പിച്ചത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്രാഹീം (അ) പ്രിയ പത്‌നി ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചു. ദാഹിച്ച് കരയുന്ന കുഞ്ഞിന് ഒരിറ്റ് വെള്ളം നല്‍കാന്‍, വെള്ളമന്വേഷിച്ച് നാലുപാടും ഓടിയ ഹാജറാ ബീവിക്ക് അല്ലാഹുവിന്റെ സഹായമെത്തിയത് സംസം ഉറവ പൊട്ടിയൊലിച്ചാണ്. സംസത്തിന്റെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്.



സംസം വെള്ളം കുടിക്കല്‍

ഹജ്ജും ഉംറയും നിര്‍വ്വഹിക്കാനെത്തുന്നവര്‍ സംസം വെള്ളം കുടിക്കുന്നത് അഭിലഷണീയമാണെന്നാണ് അധിക പണ്ഡിതന്‍മാരുടെയും അഭിപ്രായം. മാത്രമല്ല മുസ് ലിംകള്‍ക്ക് പൊതുവായും, ഏതു സന്ദര്‍ഭത്തിലും സംസം വെള്ളം കുടിക്കുന്നത് നല്ലതാണെന്നും നബി (സ) പറഞ്ഞിട്ടുണ്ട്. 'സംസം വെള്ളം കുടിക്കൂ' (ബുഖാരി) എന്ന ഹദീസാണതിന് തെളിവ്. അബൂ ദര്‍റുല്‍ ഗിഫാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) സംസം ജലത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതായി കാണാം:'അനുഗ്രഹീത ജലമാണത്. രുചിയുള്ള ഭക്ഷണവുമാണത്'. മറ്റൊരു നിവേദനത്തില്‍ 'രോഗ ശമനമവുമാണത്' എന്നുമുണ്ട്. അഥവാ ആ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് തുല്യവും രോഗ ശമനത്തിനുള്ള ഔഷധവുമാണ്. ഈ ഹദീസിനെ സത്യപ്പെടുത്തുന്ന കാര്യമാണ് അബൂ ദര്‍റില്‍ ഗിഫാരിയുടെ പ്രസ്താവന. അദ്ദേഹം ഒരു മാസക്കാലം മക്കയില്‍ താമസിച്ചു. അന്ന് സംസം വെള്ളമല്ലാതെ മറ്റൊന്നും അദ്ദേഹം അക്കാലയളവില്‍ ഭക്ഷിച്ചിട്ടില്ല. അബ്ബാസ് (റ) പറയുകയാണ്. ജാഹിലിയ്യാ കാലത്ത് സംസമിന്റെ കാര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ മേനി നടിക്കുമായിരുന്നു.

അല്ലാമാ ഉബയ്യ് (റ) പറയുന്ന: 'ഇസ്മാഈല്‍ നബിക്കും അദ്ദേഹത്തിന്റെ മാതാവ് ഹാജറക്കും സംസമിനും അല്ലാഹു ഭക്ഷണവും പാനീയവമാക്കി കൊടുത്തിരിക്കുന്നു.'

നബി (സ) യുടെ ബാല്യത്തില്‍ രണ്ട് മലക്കുകള്‍ തിരുമേനിയുടെ ഹൃദയം പുറത്തെടുത്ത് സംസം വെള്ളം കൊണ്ട് കഴുകി തിരികെ തല്‍സ്ഥാനത്ത് തന്നെ വെച്ചു. ആകാശ ഭൂമികളുടെ ഭരണസംവിധാനവും നരകവും സ്വര്‍ഗവും കാണാന്‍ കഴിയുമാറ് നബിയെ പ്രാപ്തനാക്കുകയിരുന്നു ഇത് വഴി. ഭയത്തെ അകറ്റി ഹൃദയത്തെ ശക്തിപ്പെടുത്തുന്ന ഒരു സവിശേഷ പ്രത്യേകത കൂടിയുണ്ട് സംസമിന്. നബി (സ) യുടെ ഹൃദയം കഴുകിയ സംഭവം അബൂ ദര്‍റുല്‍ ഗിഫാരി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: നബി (സ) പറയുന്നു:. ഞാന്‍ മക്കയിലായിരിക്കേ, ജിബ് രീല്‍ (അ) ഇറങ്ങി എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്ത്, സംസം വെള്ളം കൊണ്ട് കഴുകി. എന്നിട്ട് എന്റെ ഹൃദയത്തില്‍ സത്യവിശ്വാസവും യുക്തിജ്ഞാനവും നിറച്ചു, നെഞ്ച് അടച്ച് പൂട്ടി. പിന്നീട് എന്റെ കൈ പിടിച്ച് ഒന്നാനാകാശത്തേക്കുയര്‍ന്നു.

സംസം വെള്ളം വയറ് നിറയെ കുടിക്കുകയെന്നത് സുന്നത്തായി ഗണിക്കപ്പെടുന്നു. സംസം വെള്ളം കുടിക്കുന്നത് ആ വെള്ളത്തോടുള്ള ആദരവ് കൂടിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്‍മാരുണ്ട്. കഅ്ബയെ അഭിമുഖീകരിക്കുമ്പോഴും, അതിന്റെ പേര് ഉച്ചരിക്കുമ്പോഴും ഓരോ സന്ദര്‍ഭത്തിലും വെള്ളം കുടിക്കാം. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന 'ഞാന്‍ നബി (സ) യെ സംസം വെള്ളം കുടിപ്പിച്ചു. അപ്പോള്‍ അദ്ദേഹം നില്‍ക്കുകയായിരുന്നു' എന്ന ഹദീസ് ഉദ്ധരിച്ച് സംസം വെള്ളം നിന്നു കുടിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുണ്ട്.

സംസം വെള്ളം കുടിക്കുന്നതിനിടയില്‍ തലയിലും മുഖത്തും നെഞ്ചിലും ഒഴിക്കുന്നത് അഭിലഷണീയമാണെന്ന് പല പണ്ഡിതന്‍മാരും അഭിപ്രയാപ്പെട്ടിട്ടുണ്ട്. സംസം വെള്ളം കുടിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്നതും നല്ലതാണ്. സംസം ഇഹലോകത്തേക്കും പരലോകത്തേക്കും വേണ്ടിയാണ് കുടിക്കുന്നത്.

ഇബ്‌നു അബ്ബാസ് സംസം വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: 'പ്രയോജനകരമായ വിജ്ഞാനത്തെയും മതിയായ ഭക്ഷണത്തെയും എല്ലാവിധ രോഗങ്ങളില്‍ നിന്നുള്ള ശമനത്തെയും അല്ലാഹുവേ നിന്നോട് ഞാന്‍ ചോദിക്കുന്നു.'

ദീന്‍വരി അല്‍ ഹുമൈദിയില്‍ നിന്ന് ഉദ്ധരിക്കുന്നു. 'ഞങ്ങള്‍ സുഫ് യാനുബ്‌നു ഉയയ്‌നയുടെ അരികിലിരിക്കെ, 'കുടിപ്പിക്കപ്പെടുന്ന വെള്ളമാണ് സംസം' എന്ന ഹദീസ് ഞങ്ങള്‍ ഉദ്ധരിച്ചു. അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. സംസം വെള്ളത്തെ കുറിച്ച് പറയപ്പെടുന്ന ആ ഹദീസ് ശരിയാണോ? അപ്പോള്‍ ഉയയ്‌ന പറഞ്ഞു: തീര്‍ച്ചയായും ശരിയാണ്. അപ്പോള്‍ ചോദിച്ചയാള്‍ പറഞ്ഞു: ഞാനിപ്പോള്‍ തന്നെ ഒരു ബക്കറ്റ് സംസം വെള്ളം കുടിക്കുകയാണ്, നൂറ് ഹദീസുകള്‍ നിങ്ങള്‍ പഠിപ്പിച്ച് തരുന്നതിന് പകരമായി. അപ്പോള്‍ സുഫ് യാന്‍ പറഞ്ഞു: നീ അവിടെ ഇരിക്കുക. അയാള്‍ ഇരുന്നു. സുഫ് യാന്‍ ബ്‌നു ഉയയ്‌ന അദ്ദേഹത്തിന് നൂറ് ഹദീസുകള്‍ പറഞ്ഞു കൊടുത്തു.

ഹാജിമാര്‍ സംസം വെള്ളം കുടിക്കുക മാത്രമല്ല, തങ്ങളുടെ നാടുകളിലേക്ക് കൊണ്ടു പോവുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതും അഭിലഷണീയമാണന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. സംസം വെള്ളം ശേഖരിച്ച് ആയിശ (റ) രോഗികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നവെന്ന റിപ്പോര്‍ട്ടാണ് അതിന് തെളിവ്.

സംസം വെള്ളം സംശുദ്ധമാണന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സംസം കൊണ്ട് നജസുകള്‍ നീക്കി ശുദ്ധമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 'കശാഫുല്‍ ഖിനാഅ്' എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ബഹൂതി പറയുന്നത്, സംസം വെള്ളം നജസ് നീക്കാന്‍ വേണ്ടി (ഒരു വസ്തുവിനെ ശുദ്ധീകരിക്കാന്‍ വേണ്ടി) മാത്രം ഉപയോഗിക്കുന്നത് കറാഹത്താണ് എന്നാണ്. എന്നാല്‍ ചെറിയ അശുദ്ധികളില്‍ നിന്ന് മുക്തമാകാന്‍ സംസം വെള്ളം ഉപയോഗിക്കാം. കാരണം അലി (റ) പറഞ്ഞിട്ടുണ്ട്. 'നബി (സ) ഹജ്ജില്‍ നിന്ന് വിരിമിച്ച ശേഷം ഒരു തോല്‍ പാത്രത്തില്‍ സംസം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ നിന്ന് അല്‍പ്പം കുടിക്കുകയും ബാക്കികൊണ്ട് വുളുഅ് എടുക്കുകയും ചെയ്തു'.

മഖാസിദുല്‍ ഹസനാതില്‍ ഹാഫിള് സഹാവി പറയുന്നു. 'സംസം വെള്ളം ആ പ്രദേശത്ത് അതിന്റെ സ്ഥാനത്ത് ആയിരിക്കുമ്പോള്‍ മാത്രമേ അതിന് ശ്രേഷ്ഠതയുള്ളൂ. അതവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കിയാല്‍ അതിനു യാതൊരു ശ്രേഷ്ഠതയുമില്ല. മറ്റേതൊരു വെള്ളം പോലെതന്നെയാണ് സംസവും'. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന അഭിപ്രായവും ഉണ്ട്. നബി (സ) സുഹൈലുബ്‌നു അംറിന് എഴുതിയ കത്തില്‍ കാണാം. 'എന്റെ ഈ എഴുത്ത് രാത്രിയാണ് നിങ്ങളുടെ അടുത്ത് എത്തുന്നതെങ്കില്‍, നിങ്ങള്‍ പ്രഭാതമാകാന്‍ കാത്തിരിക്കരുത്. പ്രഭാതത്തിലാണെങ്കില്‍ സായാഹ്നത്തിനും കാത്ത് നില്‍ക്കരുത്. ഈ എഴുത്ത് കിട്ടിയാലുടന്‍ എനിക്ക് സംസം വെള്ളം കൊടുത്ത് വിടുക.' മക്കാ വിജയത്തിന് മുമ്പ് നബി (സ) മദീനയിലായിരിക്കുമ്പോഴാണ് ഈ കത്തുമായി പ്രവാചകന്‍ ദൂതനെ അയക്കുന്നത്. നബി (സ) മരുന്നായും ഔഷധമായും സംസം വെള്ളം കൊണ്ടു പോയിരുന്നുവെന്നും അവിടുന്ന് രോഗികളെ കുടിപ്പിക്കുകയും അവരില്‍ പുരട്ടുകയും ചെയ്തിരുന്നതായും ആയിശ (റ) പറയുന്നുണ്ട്.

ഒരിക്കല്‍ ഇബ്‌നു അബ്ബാസ് (റ) മക്കയില്‍ അതിഥിയായി എത്തിയപ്പോള്‍ സംസം വെള്ളം കൊണ്ടുപോകാന്‍ ചോദിച്ചു. എന്തിനാണ് സംസം വെള്ളം കൊണ്ട് പോകുന്നതെന്ന് അത്വാഅ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നബി (സ) അങ്ങനെ ചെയ്തിട്ടുണ്ട്. നബിയുടെ പൗത്രന്‍മാരായ ഹസനും ഹുസൈനും അങ്ങനെ ചെയ്തിട്ടുണ്ട്'.


ശൈഖ് മുഹമ്മദ് സാലിഹ് അല്‍ മുനജ്ജദ്‌

ജീവിതത്തില്‍ താങ്ങാവുന്ന തവക്കുല്‍



പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും നാം അന്തഃരംഗങ്ങളില്‍ സംഘര്‍ഷം അനുഭവിക്കുന്നു. ഹൃദയാന്തരാളങ്ങളില്‍ ഒരു തരം ശൂന്യത. മനസ്സില്‍ സദാ വിങ്ങല്‍ മാത്രം. ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും ഏറിവരുന്നു. സമ്പാദിച്ചുകൂട്ടുന്തോറും സന്തോഷം അകന്നകന്നുപോകുന്നതുപോലെയാണ് നമുക്ക് തോന്നുന്നത്. ഇതില്‍നിന്നെല്ലാം മുക്തമാകാമല്ലോ എന്നുകരുതി വിനോദയാത്രസംഘടിപ്പിച്ചാല്‍ അവിടെയും ഏകാന്തത നമ്മെ പിന്തുടരുന്നു.

അല്ലാഹുവില്‍നിന്നകന്നാല്‍ ജീവിതം നിരാശാജനകമായിരിക്കുമെന്നതാണ് വസ്തുത. എത്രമാത്രം പൈസ കയ്യിലുണ്ടായിട്ടും കാര്യമില്ല. പടച്ചവനെക്കുറിച്ച സ്മരണ ഇല്ലാതായാല്‍ വമ്പന്‍ മണിമാളികയുണ്ടാക്കി അതില്‍ കിടന്നാലും നിദ്രലഭിക്കില്ല. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കി അത് പൂര്‍ത്തീകരിക്കാനുള്ള ശ്രമമെങ്കിലും നന്നെക്കുറഞ്ഞത് നമ്മുടെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ സന്തോഷം കണ്ടെത്താനാകൂ.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ജീവിക്കേണ്ടവരാണ് മനുഷ്യര്‍. മനുഷ്യരെ സന്തുഷ്ടരായി കാണാനാണ് അല്ലാഹു അങ്ങനെ കല്‍പിച്ചതുതന്നെ. ഇഹത്തിലും പരത്തിലും നാം ആഹ്ലാദത്തിലായിരിക്കുമെന്നതാണ് അതിന്റെ ഗുണഫലം. ശരിയായ സന്തോഷം കണ്ടെത്താനുള്ള താക്കോല്‍ നമ്മെ ഏല്‍പിച്ചിട്ടുണ്ട്. അത് നാം നഷ്ടപ്പെടുത്തരുത്. അല്ലാഹുവിനെ അനുസരിക്കുകയെന്നത് പ്രയാസമുള്ള കാര്യമൊന്നുമല്ലല്ലോ.ഖുര്‍ആന്‍ പറയുന്നത് കാണുക:'ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(അദ്ദാരിയാത് : 56)

ഇസ്‌ലാം ഇഹലോകജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കാനുള്ള വഴികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവഴി നമുക്ക് എളുപ്പത്തില്‍ സന്തോഷം കണ്ടെത്താം. ഖുര്‍ആനും നബിചര്യയും നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും പ്രയാസങ്ങളെയും ദൂരീകരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പ്രശ്‌നമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. കാരണം എല്ലാ മനുഷ്യരും പരീക്ഷിക്കപ്പെടുമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിലേക്ക് തിരിയാനും അവനെ ആശ്രയിക്കാനും നമ്മെ പ്രേരിപ്പിക്കുമാറ് ഒട്ടേറെ അവസരങ്ങളുള്ളതാക്കി ജീവിതത്തെ അവന്‍ മാറ്റിയിരിക്കുന്നു. ആ അവസരങ്ങളിലുള്ള ക്ഷമയ്ക്കും നന്ദിപ്രകടനത്തിനും അവന്‍ പ്രതിഫലം വാഗ്ദാനംചെയ്തിരിക്കുകയാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ അവന്‍ അതിയായി സ്‌നേഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

'അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'(ആലുഇംറാന്‍ 159)

'അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.'(അല്‍ അന്‍ഫാല്‍ 2)

ജീവിതം പരീക്ഷണങ്ങളും പ്രയാസങ്ങളും വിജയങ്ങളും നിറഞ്ഞതാണ്. പലപ്പോഴും ഉയര്‍ച്ച-താഴ്ചകളുടേതാണ് അതിലെ ദിനങ്ങള്‍. ഒരു ദിനം നിങ്ങളുടെ ഈമാന്‍ ഉന്നതവും മധുരതരവുമാണെങ്കില്‍ അടുത്തദിവസം അത് നിരാശയും സങ്കടവും നിറഞ്ഞ് ഈമാനിന്ന് മങ്ങലേല്‍പിക്കുംവിധമായിരിക്കും.

അത്തരം ജീവിതയാത്രയില്‍ എല്ലാം അറിയുന്ന ദൈവത്തില്‍ സര്‍വവും ഭരമേല്‍പിക്കുന്നതാണ് നമുക്കുത്തമം. തുടരെത്തുടരെയുണ്ടാകുന്ന പ്രതിസന്ധികള്‍ നമുക്ക് കുരുക്കുതീര്‍ക്കുകയും അതുവഴി സമാധാനം നഷ്ടപ്പെടുകയുംചെയ്യുമ്പോള്‍ അവയ്ക്കു പിന്നില്‍ കൃത്യമായ കാരണവും യുക്തിയും ഉണ്ടെന്ന് തിരിച്ചറിയണം. പലപ്പോഴും അതിന്റെ യുക്തി അല്ലാഹുവിനുമാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

അല്ലാഹുവല്ലാത്ത ഇതരശക്തിയോ പരമാധികാരിയോ ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് സമാധാനം ലഭിക്കുന്നു. അല്ലാഹു സര്‍വശക്തനും സര്‍വജ്ഞാനിയും ആണെന്നും അവന്റെ അനുമതിയോടെയല്ലാതെ യാതൊന്നും സംഭവിക്കുന്നില്ലെന്നും തന്റെ അനുചരനോട് മുഹമ്മദ് നബി ഒരു സന്ദര്‍ഭത്തില്‍ ഉണര്‍ത്തുകയുണ്ടായി.

'അല്ലയോ ചെറുപ്പക്കാരാ, അല്ലാഹുവിന്റെ കല്‍പനകള്‍ നീ മുറുകെപ്പിടിക്കുക. അവന്‍ നിന്നെ ഇഹലോകത്തും പരലോകത്തും സംരക്ഷിക്കും. അവന്റെ ആജ്ഞകള്‍ പാലിക്കുക അവന്‍ നിന്നെ സഹായിക്കും. നിനക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ അതവനോട് മാത്രം ചോദിക്കുക. സഹായംതേടുന്നുവെങ്കില്‍ അവന്റെ സഹായംതേടുക.

അറിയുക.. ജനം നിനക്കെന്തെങ്കിലും പ്രയോജനംലഭിക്കാന്‍വേണ്ടി സംഘടിക്കുകയാണെങ്കില്‍ പോലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലല്ലാതെ നിനക്കത് പ്രയോജനംചെയ്യില്ല. അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിലല്ലാതെ അവര്‍ക്ക് നിന്നെ ഉപദ്രവിക്കാനുമാകില്ല. പേനകള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ലിഖിതങ്ങള്‍ ഉണങ്ങിയിരിക്കുന്നു.'(തിര്‍മിദി 2516)

അല്ലാഹുവില്‍ ഭരമേല്‍പിക്കുക

എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിങ്കലാണെന്നും മനുഷ്യരെ സ്വര്‍ഗവാസികളാക്കുകയാണ് അവന്റെ ആഗ്രഹമെന്നും നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതത്തിലുണ്ടാകുന്ന സകലപ്രയാസങ്ങളും നമുക്ക് മറക്കാനാകും. അല്ലാഹു നമ്മെ സ്‌നേഹിക്കുന്നു. നമുക്കുത്തമമായത് മാത്രം അവന്‍ നടപ്പില്‍വരുത്തുന്നു. അങ്ങേയറ്റം കാരുണ്യവാനും പൊറുക്കുന്നവനും ആണ് അവനെന്ന് നമ്മെ അറിയിച്ചിട്ടുണ്ടല്ലോ അവന്‍.

നമ്മുടെ ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുകയും അതിന് വിപരീതമായി സംഭവിക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ ജീവിതനേട്ടത്തിനുള്ളതാണെന്ന് മനസ്സിലാക്കാതെ വരികയും ചെയ്താല്‍ ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പ്രയാസമാകും. കടുത്ത ഉത്കണ്ഠയും വിഷാദവുമായിരിക്കും അതിന്റെ ഫലം. അതിനാല്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ പഠിക്കേണ്ടതുണ്ട്.

അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.'(ആലുഇംറാന്‍ 160)

'അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.'(അര്‍റഅ്ദ് 30)

'ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.'(ഇബ്‌റാഹീം 12)

മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസം, ഐശ്വര്യത്തിലും പ്രയാസത്തിലും സ്ഥിരതയുള്ളതായിരിക്കണം. ഇവിടെ എന്തുസംഭവിക്കുന്നതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രമാണ്.

ഉപജീവനത്തിനും നിലനില്‍പിനും ആവശ്യമായത് നല്‍കുന്ന അവന്‍ അത് പിന്‍വലിക്കുന്നതിനും കഴിവുറ്റവനാണ്. നാം ധനികനോ ദരിദ്രനോ ആരോഗ്യവാനോ രോഗിയോ ആയിരിക്കണമെന്നുള്ളത് അവന്‍ തീരുമാനിക്കുന്നു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവു നല്‍കുക വഴി അവന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതിന് നാം നന്ദിപ്രകാശിപ്പിക്കണം. ഏതവസ്ഥയിലും നന്ദിയുള്ളവനായിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നമുക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുന്നതോടൊപ്പം അതിനേക്കാളുമുപരി അവനെ സ്‌നേഹിക്കുകയും അവനില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. ജീവിതം ഇരുളടഞ്ഞതാകുകയും വിഷമസന്ധിയിലകപ്പെടുകയും ചെയ്താലും നാം അല്ലാഹുവിനെ സ്‌നേഹിക്കണം. ദുഃഖവും പ്രയാസവും നമ്മെ അതിജയിക്കുകയാണെങ്കിലും നാം അതിലേറെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകതന്നെ വേണം.

ചക്കസംസ്‌കാരം



മലയാളഭാഷയുടെ ആദിമകാലത്ത് പ്ലാവിലെ കായയെ പ്ലാക്ക എന്നാണ് വിളിച്ചിരുന്നത്. പിന്നീടെപ്പോഴാണ് പ്ലാക്ക ചക്കയായതെന്ന് ആര്‍ക്കും വ്യക്തമായ നിശ്ചയമില്ല. എങ്കിലും ഇപ്പോഴും ചില ഗോത്രഭാഷകളില്‍ ചക്കയെ പ്ലാക്ക എന്നുതന്നെ വിളിച്ചുപോരുന്നുണ്ട്. പ്ലാവ് മനുഷ്യകുലത്തിന് തരുന്ന അമൂല്യമായ ഒരു ഫലമാണ് ചക്ക.



ഏതു ദേശത്തിനും അതിന്റെ തനതു ഫലവൃക്ഷങ്ങളുണ്ട്. അതാത് ദേശത്തെ ജനങ്ങളുടെ ആരോഗ്യം അവയെ ആശ്രയിച്ചിരിക്കുന്നു. മലയാളികളുടെ ആരോഗ്യത്തിന്റെ രഹസ്യത്തില്‍ ചക്കയെ ഒരിക്കലും മാറ്റിനിര്‍ത്താനാവുകയില്ല.



'ചക്കേം മാങ്ങേം മൂമാസം.' കേരളീയരുടെ ഭക്ഷണക്രമത്തിന്റെ വൃത്തചിത്രത്തില്‍ മൂന്നു മാസം കടന്നുപോയിരുന്നത് ചക്ക ഭക്ഷിച്ചുകൊണ്ടുതന്നെയായിരുന്നു.

'പുര നിറയെ പിള്ളേരും പ്ലാവു നിറയെ ചക്കേം' എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിന് രണ്ട് അര്‍ഥതലങ്ങളാണുള്ളത്. പുരയില്‍ എത്ര കുഞ്ഞുങ്ങളുണ്ടായാലും അവരുടെ വയറു നിറയ്ക്കുവാന്‍ തൊടിയിലെ പ്ലാവു മതിയെന്നും ചക്ക തിന്നാല്‍ വന്ധ്യത ഉണ്ടാകില്ലെന്നുമുള്ള ധ്വനികളാണുള്ളത്.

എന്നാല്‍ പരിഷ്‌കാരിയാണെന്ന ഭാവത്തില്‍ മലയാളി ചക്കയ്ക്ക് ഭ്രഷ്ട് കല്പിച്ച് മുഴുവന്‍ അന്യനാട്ടിലേക്ക് അയയ്ക്കുന്നു. പകരം ആഴ്ചകളും മാസങ്ങളും കഴിഞ്ഞ ആപ്പിള്‍, ഓറഞ്ച് എന്നിവ അമിതവിലകൊടുത്ത് വാങ്ങി കഴിക്കുകയും ചെയ്യുന്നു. നല്ലതെന്തുണ്ടായാലും മലയാളി കയറ്റി അയയ്ക്കും എന്ന് ആരോ പറഞ്ഞത് എത്രയോ ശരി.

ചക്ക തിന്നാല്‍ ഗ്യാസാണെന്നാണു പരാതി. മൂന്നു നേരവും വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ഇടയ്ക്ക് ചക്ക ഭക്ഷിക്കുന്നതാണ് അതിനു കാരണം. ചക്ക പഴമായാലും വേവിച്ചതായാലും അതുമാത്രം ഒരു നേരത്തെ ആഹാരമാക്കിയാല്‍ ഒരിക്കലും ഗ്യാസ് ഉണ്ടാകുകയില്ല. വെറുംവയറ്റില്‍ പ്രഭാതഭക്ഷണമായി ചക്ക കഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. കൂഴച്ചക്കപ്പഴം നല്ല ഒരു പ്രാതല്‍ ആണ്. ചക്കയുടെ കൂടെ മറ്റൊന്നും കഴിക്കരുത്.



ധാരാളം പോഷകങ്ങളും നാരുമടങ്ങിയ ചക്കപ്പഴവും ചക്കക്കുരുവും പഴമായും പച്ചക്കറിയായും കഴിക്കുന്നത് പല ഉദരരോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഭീകരരോഗങ്ങളുടെ കാരണം തേടി ശാസ്ത്രം നടത്തുന്ന അന്വേഷണങ്ങളില്‍നിന്ന് മനുഷ്യര്‍ ഫലഭുക്കുകളാണെന്നും വേണ്ട അളവില്‍ അവ ആഹരിക്കാത്തതുകൊണ്ടാണ് അത്തരം രോഗങ്ങള്‍ വര്‍ധിക്കുന്നതെന്നും കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. ഇത്തരം കണ്ടെത്തലുകളെല്ലാം ചക്ക ധാരാളം ഭക്ഷിക്കേണ്ടതിന്റെയും പ്ലാവുകള്‍ ധാരാളം നട്ടുപിടിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.

ചക്കപ്പഴസംസ്‌കരണം ഇപ്പോള്‍ ചിലയിടങ്ങളില്‍ കുടുംബശ്രീകളുടെയും മറ്റും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഇതിന് നല്ല സാധ്യതകള്‍ ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പലയിടങ്ങളിലും സംഘടിപ്പിക്കുന്ന ചക്കോത്സവങ്ങളില്‍ ചക്ക ഉപയോഗിച്ചു നിര്‍മിക്കുന്ന വിവിധ ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആവശ്യക്കാരുള്ളതായി കണ്ടിട്ടുണ്ട്. സ്‌ക്വാഷ്, ഹല്‍വ, ജാം എന്നിങ്ങനെ നൂറില്‍പ്പരം വിഭവങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാം.

ചക്കയുടെ രുചിഭേദങ്ങളിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ നമുക്കു സാധിക്കും. മാത്രവുമല്ല, ചക്ക ഒരു സീസണില്‍ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരം വിഭവങ്ങളിലൂടെ, അതായത് ചക്കോത്പന്നങ്ങളിലൂടെ ചക്ക കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുവാനും കഴിയും.

ഇത്തരം ചക്കോത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഔഷധങ്ങള്‍ക്കുമെല്ലാമായി വലിയ വിദേശകമ്പനികള്‍ ചക്കകള്‍ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്ന കാലം വിദൂരത്തല്ല. എന്നാല്‍, നമ്മുടെ നാട്ടിലെ ചക്കകള്‍ മൊത്തത്തില്‍ അടിച്ചുകൂട്ടി കയറ്റിപ്പോകുന്നതില്‍ എനിക്ക് യോജിപ്പില്ല. പ്രകൃതിയുടെ വിശപ്പുമാറ്റാന്‍ ചക്കകള്‍ ഇവിടെ ഉണ്ടായേ മതിയാവൂ.

പാവപ്പെട്ടവരും ഇടത്തരക്കാരും ധാരാളം ഉപയോഗിച്ചുവരുന്ന ഒന്നാണ് ചക്ക. കേരളീയര്‍ക്ക് ചക്കയോട് കുറച്ചുകാലമായി അത്ര പ്രിയം കാണുന്നില്ല. എന്നാല്‍, ഗള്‍ഫുനാടുകളില്‍നിന്നുള്ള പണം ഇങ്ങോട്ടൊഴുകുന്നതിന് മുന്‍പുള്ള കാലഘട്ടങ്ങളില്‍ ചക്കയും അതിന്റെ കുരുവും മടലുമൊക്കെ ധാരാളം ഭക്ഷിച്ച് പശിയടക്കിയിട്ടുണ്ടെന്നുള്ള കാര്യം പലരും വിസ്മരിക്കുന്നു. എന്തായാലും സഹ്യാദ്രി കടന്ന് മദിരാശി എത്തുമ്പോഴേക്കും അതിനുണ്ടാകുന്ന മൂല്യം ഒന്നറിയുകതന്നെ വേണം.


സ്വര്‍ണവര്‍ണവും തേനിന്റെ മധുരിമയും ഹരംപിടിപ്പിക്കുന്ന സുഗന്ധവുമുള്ള ചക്കപ്പഴം എത്ര കഴിച്ചാലും മതിവരില്ല. പുഴുക്കേടില്ലാത്ത ആരോഗ്യദായകമായ ചക്ക ഒരുകാലത്ത് കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുതന്നെയായിരുന്നു. ഇന്ന് നമ്മുടെയെല്ലാം മനസ്സുകളില്‍ പൊങ്ങച്ചസംസ്‌കാരം സ്ഥാനംപിടിച്ചതോടുകൂടി ചക്ക ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായി മാറി. പിന്നീട് ചക്ക പതിയേ നമ്മുടെയെല്ലാം ഭക്ഷണശീലങ്ങളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. അത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും വഴിവെച്ചു. ആയുസ്സും പ്രതിരോധശക്തിയും വര്‍ധിപ്പിക്കുന്നതിന് ചക്ക വളരെയധികം സഹായിക്കുന്നുണ്ട്.

നമുക്കുള്ള പല ആരോഗ്യപ്രശ്‌നങ്ങളും ഭക്ഷ്യക്ഷാമവും പരിഹരിക്കുന്നതിന് കളഞ്ഞുപോയ 'ചക്കസംസ്‌കാരം' തിരിച്ചുപിടിക്കുകതന്നെവേണം. ചുരുക്കിപ്പറഞ്ഞാല്‍ കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ചക്കയ്ക്കുണ്ടായിരുന്ന സ്ഥാനം കുറഞ്ഞത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം. അതു മാത്രമല്ല, രൂക്ഷമായ ഭക്ഷ്യധാന്യക്ഷാമം അനുഭവിക്കാന്‍ പോകുന്ന ഇനിയുള്ള കാലങ്ങളില്‍ ചക്കയുടെ പ്രസക്തി നാം തിരിച്ചറിയുകതന്നെ വേണം.

പോഷകപ്രദമായ നല്ലൊരു ആഹാരമെന്ന രീതിയില്‍ പ്ലാവില്‍നിന്നും തേന്‍വരിക്കകള്‍ വീണടിയുമ്പോള്‍ ഹോര്‍മോണ്‍ ബോംബുകളായ കോഴിമുട്ടകള്‍ നാം ഒഴിവാക്കണം. അകത്തും പുറത്തും കൊടിയ വിഷവുമായെത്തുന്ന വരവുപച്ചക്കറികള്‍ വേണ്ടെന്നു വെക്കണം. പഴുത്ത ചക്ക വീട്ടിലുള്ളപ്പോള്‍ നമ്മള്‍ എന്തിന് വിഷദ്രാവകങ്ങളില്‍ മുങ്ങിക്കുളിച്ച ആപ്പിളും മുന്തിരിയും തേടി പോകണം.

ഏറ്റവും വലിയ വൃക്ഷഫലമാണ് ചക്ക. മൂന്നടിവരെ നീളവും ഇരുപത്തിയഞ്ചുവരെ വ്യാസവുമുള്ള ചക്കകളുണ്ടാകാറുണ്ട്. 
ചക്ക ഒരു ഒറ്റപ്പഴമല്ല. നിരവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ഒരു പ്ലാവില്‍നിന്ന് ശരാശരി ഇരുപതു മുതല്‍ മുന്നൂറു ചക്കകള്‍ വരെ ഒരാണ്ടില്‍ കിട്ടുന്നു. ആദ്യമായി കായ്ക്കുന്ന പ്ലാവില്‍നിന്നും നാലോ അഞ്ചോ ചക്കകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പിന്നീട് വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുതല്‍ ചക്കകള്‍ കായ്ച്ചുലയാന്‍തുടങ്ങും.



കേരളത്തില്‍ 42 കിലോ തൂക്കമുള്ള ചക്കവരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആസാമിലാണ് ഏറ്റവും തൂക്കമുള്ള ചക്ക കണ്ടെത്തിയിട്ടുള്ളത്. 70 കിലോ തൂക്കം വരുന്ന ചക്കയായിരുന്നു അത്.


ചക്കയില്‍നിന്ന് കൂടുതല്‍ കാലം സൂക്ഷിക്കാവുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടായാല്‍ അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കുവരെ ചെറിയ പരിഹാരമുണ്ടായേക്കാവുന്നതാണ്.


വിശിഷ്ടഭോജ്യവസ്തു എന്നതിലുപരി ചക്ക ഔഷധവും പോഷകങ്ങളുടെ കലവറയുമാണ്. പഴവര്‍ഗങ്ങളുടെ ത്രിമൂര്‍ത്തികളില്‍ ഒന്ന് എന്നു പ്രസിദ്ധമായ ചക്കപ്പഴത്തിലെ ശരാശരി 100 ഗ്രാം തൂക്കംവരുന്ന വിളഞ്ഞ മാംസളമായ പഴത്തില്‍ 98 കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു. മറ്റുള്ളവ ഇപ്രകാരമാണ്.


Moisture-മോയ്‌സ്ച്ചര്‍ -72.0-77.2 ഗ്രാം

Protein-പ്രോട്ടീന്‍-1.3-1.9ഗ്രാം

എമേഫാറ്റ്-0.1-0.3ഗ്രാം

Carbohydrates-കാര്‍ബോഹൈഡ്രേറ്റ്‌സ്-18.9-25.4ഗ്രാം

Fibre-ഫൈബര്‍-1.0-1.1ഗ്രാം

Calcium-കാത്സ്യം-22മി.ഗ്രാം

Phosphorousഫോസ്ഫറസ്-38 ഗ്രാം

Iron-അയേണ്‍-0.5ഗ്രാം

Sodium-സോഡിയം-2 മി.ഗ്രാം

Potassiumപൊട്ടാസ്യം-407 ഗ്രാം

Vitamin Aവൈറ്റമിന്‍ എ-540ഐ.യു.

Thiamineവൈറ്റമിന്‍ ബി1-0.03മി.ഗ്രാം

Niacin-വൈറ്റമിന്‍ ബി2-4മി.ഗ്രാം

Ascorbic Acidവൈറ്റമിന്‍ സി-8-10മി.ഗ്രാം

മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവയുടെ കലവറയാണ് ചക്ക. ചക്കയിലെ ജീവകം സി പ്രതിരോധശേഷി നല്കുന്നു. മാംഗനീസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. മഗ്നീഷ്യം എല്ലുകളിലെ കാത്സ്യത്തിന്റെ ആഗിരണത്തെ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുന്നു. നാരുകള്‍ മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. ജീവകം എ നിശാന്ധത ബാധിക്കാതെ സംരക്ഷിക്കുന്നു. ജീവകം ബി രക്തത്തിലെ അപകടകാരിയായ ഹോര്‍മോസിസ്റ്ററിന്റെ അളവു കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. ഇരുമ്പ് വിളര്‍ച്ച തടയുന്നു. അള്‍സറുകള്‍ (കുടല്‍പ്പുണ്ണ്) ശമിപ്പിക്കുവാന്‍ ശേഷിയുള്ളവയുമാണ് ചക്ക. ശരീരകലകളുടെ നാശത്തെ തടഞ്ഞ് വാര്‍ധക്യത്തെ തടയുവാന്‍ ചക്കയ്ക്കു കഴിയും. മാത്രമല്ല, ചക്കപ്പഴത്തില്‍ കാരറ്റിലുള്ളതിന്റെ പത്തിരട്ടി വിറ്റാമിന്‍ 'എ'യുടെ പൂര്‍വരൂപമായ ബീറ്റാകരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇതിനും പുറമേ ചക്കയിലെ ഫൈറ്റോന്യൂട്രിയസ് അര്‍ബുദത്തെ ചെറുക്കാനും പ്രാപ്തിയുള്ളതാണ്.

ലളിതമായ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ ഇവ കേടുകൂടാതെ സൂക്ഷിച്ചുവെക്കുകയാണെങ്കില്‍ പോഷകസമ്പുഷ്ടമായ ഈ പ്രകൃതിവിഭവത്തിന്റെ നാശനഷ്ടം ഒഴിവാക്കാന്‍ കഴിയുകയും വര്‍ഷംതോറും വിവിധ രൂപത്തിലുള്ള ഉത്പന്നങ്ങളുടെ രൂപത്തില്‍ ചക്ക ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും കഴിയും.

കേരളത്തില്‍ വിവിധ ജില്ലകളിലായി എത്ര ഹെക്ടര്‍ സ്ഥലത്ത് പ്ലാവുകളുണ്ടെന്നും അതില്‍നിന്നെല്ലാം എത്രമാത്രം ചക്കകള്‍ ലഭിക്കുന്നുവെന്നുമുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പറയുന്നവരും എഴുതുന്നവരുമെല്ലാം ഏകദേശ കണക്കുവെച്ച് തട്ടിവിടുന്നുവെന്നുമാത്രം.

ചക്ക മലയാളഭാഷയിലും സാഹിത്യത്തിലും

മുട്ടംവരിക്ക എന്നത് വലിയ ഇനത്തില്‍പ്പെട്ട ചക്കയാണെങ്കിലും വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതല്ല ആ പേര്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം എന്ന ഗ്രാമത്തില്‍ ധാരാളം കണ്ടുവരുന്ന വലിയ ഇനത്തില്‍പ്പെട്ട ചക്കയായതുകൊണ്ടാണ് മുട്ടംവരിക്ക എന്ന പേര് ചക്കയ്ക്കു കൈവന്നത്.

'ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ' എന്നൊരു പഴമൊഴിയുണ്ട്. ചക്കക്കൂട്ടാന്റെ പ്രസക്തിയെ അത് വിളിച്ചോതുന്നു.

ഉത്സവപ്പറമ്പുകളില്‍ അറയുന്ന ചെണ്ടകള്‍ പറയുന്നത്:

'ചക്കപ്പട്ടര് ചത്തേപ്പിന്നെ

ചക്കപ്രഥമന്‍ വെച്ചിട്ടില്ല' എന്നല്ലേ.

അല്ലെങ്കിലും നമുക്ക് ചക്കപ്രഥമനൊക്കെ വെക്കാന്‍ എപ്പോഴാണു നേരം.

'പ്രഥമനമൃതിനെക്കാള്‍

വിശേഷം വിശേഷഃ'

എന്നാണ് ചക്കപ്രഥമന്‍ കഴിച്ച് അതിന്റെ രുചിയെക്കുറിച്ച് ഇരയിമ്മന്‍തമ്പി പ്രകീര്‍ത്തിച്ചിട്ടുള്ളത്.

തുള്ളല്‍ക്കൃതിയിലെ നമ്പ്യാരുടെ 'ഹിഡിംബവധ'ത്തില്‍ ദുര്യോധനന്‍ പാണ്ഡവരെപ്പറ്റി ധൃതരാഷ്ട്രരോടു പറയുന്ന സന്ദര്‍ഭത്തിലുള്ള പരാമര്‍ശം ഇങ്ങനെയാണ്:

ചക്കപ്പഴമാരാന്‍ കൊണ്ട്വന്നാ-

ലൊക്കെ മുറിച്ചു ചെലുത്തും ഭീമന്‍

ചക്കച്ചോറും കാളന്‍ കറിയും

ചക്കച്ചകിണിയുമെന്നിവയല്ലാ-

തിക്കുഞ്ഞുങ്ങള്‍ക്കൊരു സുഖഭോജന-

മിക്കാലങ്ങളില്ലിഹ താത

മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി

ചേന വറുത്തും പയറു വറുത്തും

ചക്കപ്രഥമനടപ്രഥമന്‍ വിധ-

മൊക്കെപ്പറവാന്‍ നേരം പോരാ

(രുക്മിണീസ്വയംവരം)

പച്ചടികിച്ചടി വേപ്പില മാങ്ങ

ചക്കപ്രഥമനടപ്രഥമനും പുനഃ

(സീതാസ്വയംവരം)

എന്നിങ്ങനെയെല്ലാമാണ് മറ്റു കഥകളിലെ കുഞ്ചന്‍നമ്പ്യാരുടെ സദ്യാവര്‍ണനകള്‍.


സീതയ്ക്കു രാമനാര്?

ഒരു നാട്ടുപാട്ടിന്‍പ്രകാരം ശ്രീരാമനും സീതയും ചക്ക തിന്നിട്ടുണ്ട്. വനവാസകാലത്തെ അനുഭവമാണിതെങ്കില്‍ സ്വാഭാവികം മാത്രം. എന്നാല്‍ തുടര്‍ന്നുള്ള വരികളില്‍ ആ പാട്ടിനുചിതമായ കഥാസന്ദര്‍ഭം രാമായണം മുഴുവന്‍ പരതിയാലും നമുക്കു കണ്ടെത്താനാകില്ല. ഒരുപക്ഷേ, സീതയ്ക്കു രാമനാര്? എന്നു ചോദിച്ചയാള്‍തന്നെയാകാം ഇതിന്റെയും കര്‍ത്താവ്. പാട്ടിങ്ങനെ തുടങ്ങുന്നു,



നേരം വെളുത്തെന്നു സീത

ഒന്നും തിന്നാനുമില്ലെന്നു രാമന്‍

അപ്പോള്‍ വിഭീഷണന്‍ ചൊന്നാന്‍

രണ്ടു ചക്ക പറിച്ചങ്ങുതിന്നാന്‍.


ബ്രസീലില്‍ ചക്ക പുഴുങ്ങുന്ന രീതി വളരെ രസകരമാണ്. വലിയ ആഴമുള്ളതായ പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചക്ക മുഴുവനായി താഴ്ത്തിവെക്കുന്നു. അര മണിക്കൂറിനുശേഷം ചക്ക പുറത്തെടുത്ത് തോടു പൊളിച്ചുകളഞ്ഞ് ഭക്ഷിക്കുന്നു.



മലയാളനാടകവേദിയിലെ ആചാര്യന്മാരായ വി.ടിയും ജി. ശങ്കരപ്പിള്ളയും പ്രേംജിയും തോപ്പില്‍ ഭാസിയുമെല്ലാം അരങ്ങും അണിയറയും അടക്കിവാണിരുന്ന കാലത്ത് മലയാളനാടകത്തിന്റെ നാട്ടുമൂപ്പന്‍ എന്നറിയപ്പെട്ടിരുന്ന തുപ്പേട്ടന്‍ രചിച്ച് പൊന്നാനി കലാസമിതി അവതരിപ്പിച്ചിരുന്ന ചക്ക എന്ന നാടകം ജനഹൃദയങ്ങളില്‍ അക്കാലത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.

ഒരു കര്‍ഷക കഥാപാത്രം വലിയ ചക്ക കൊണ്ടുവന്ന് രംഗവേദിയില്‍ വെക്കുകയും പിന്നീട് ആ ചക്കയെ ചുറ്റിപ്പറ്റി കഥയും കൂടുതല്‍ കഥാപാത്രങ്ങളും വികസിച്ചുവരികയും പ്രകൃതിയും കൃഷിക്കാരനും പരിസ്ഥിതിയുമെല്ലാം സമന്വയിച്ചുകൊണ്ട് ചക്ക ഒരു ചോദ്യചിഹ്നമായി നാടകാന്ത്യംവരെ രംഗത്ത് വാഴുകയും ചെയ്യുന്നു. അതിമനോഹരമായ ആ നാടകം പഴയ ആളുകളുടെ സ്മരണകളില്‍ ഇന്നും നിലനില്ക്കുന്നു.

മരങ്ങളൊന്നുംതന്നെ വെറും മരങ്ങളല്ല. അവയ്ക്ക് സൂക്ഷ്മമായ സംവേദനക്ഷമതയുണ്ട്. അവകള്‍ക്കും ആത്മാവുണ്ട്.

ജൈവ കീടനാശിനികള്‍



വിഷാംശം കുറവുള്ളതും അപകടരഹിതവും പരിസര മലിനീകരണം ഉണ്ടാക്കാത്തതുമാണ് ജൈവ കീടനാശിനികള്‍.ഓരോ കീടനാശിനിയും തയ്യാറാക്കുന്നതും അവയുടെ പ്രയോജനവും വ്യത്യസ്തമാണ്.

വേപ്പെണ്ണ എമള്‍ഷന്‍

വേപ്പെണ്ണയും ബാര്‍സോപ്പുമാണ് പ്രധാന ചേരുവകള്‍.പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്.

ചാണകപ്പാല്‍

200 ഗ്രാം പുതുചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്ത് തളിച്ചാല്‍ ചെടികളിലെ ബാക്ടീരിയ കൊണ്ടുള്ള രോഗങ്ങളെ നിയന്ത്രിക്കാം.

തുളസിക്കെണി
കായീച്ചക്കെതിരെ ഫലപ്രദം. ഒരു പിടി തുളസിയില നല്ലതുപോലെ അരച്ച് നീര് കളയാതെ ചിരട്ടക്കുളളില്‍ വെക്കുക. തുളസിച്ചാര്‍ ഉണങ്ങിപോകാതിരിക്കാന്‍ കുറച്ചു വെളളം ചിരട്ടക്കുളളില്‍ ഒഴിക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ഒപ്പം ഒരു നുളള് കാര്‍ബോ ഫുറാന്‍ തരികൂടി ചിരട്ടയില്‍ ഇട്ട് ഇളക്കുക. ഇപ്രകാരം തയ്യര്‍ ചെയ്ത കെണികള്‍ കയറുപയോഗിച്ച് പന്തലില്‍ ഉറി കെട്ടിയിടുക.


പഴക്കെണി

തൊലിയുരിയാത്ത പാളയംകോടന്‍ പഴം മൂന്ന് നാല് കഷണങ്ങളായി ചരിച്ച് മുറിക്കുക. എന്നിട്ട് മുറിപ്പാടില്‍ അല്‍പം ഫ്യൂറഡാന്‍ തരികള്‍ വിതറണം. ഫ്യൂറഡാന്‍്റെ തരി പതിഞ്ഞിരിക്കുന്ന ഭാഗം മുകളിലാക്കി ചിരട്ടക്കുളളില്‍ വച്ച് പന്തലില്‍ ഉറിക്കെട്ടി തൂക്കുക.ഇതും കായീച്ചകള്‍ക്കെതിരെ ഫലപ്രദമാണ്.

കഞ്ഞിവെളളക്കെണി

ഒരു ചിരട്ടയുടെ കാല്‍ ഭാഗം തണുത്ത കഞ്ഞിവെളളം എടുക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരയും അരഗ്രാം ഫ്യൂറഡാന്‍ തരികളുമിട്ട് നല്ലവണ്ണം ഇളക്കി വയ്ക്കുക. കായീച്ചക്കെതിരെ ഫലപ്രദം.

ശര്‍ക്കരക്കെണി

വെണ്ട, വഴുതന, പയര്‍, എന്നീ ചെടികളിലെ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന നെയ്യറുമ്പുകളെ നശിപ്പിക്കാനാണ് ശര്‍ക്കരക്കെണി . ഒരു ചെറു കഷണം ശര്‍ക്കര ( 10 ഗ്രാം) വെളളത്തില്‍ മുക്കിയെടുക്കുക. ഒരു ചിരട്ടയ്ക്കുളളില്‍ ഈ ശര്‍ക്കര കഷണം വിരല്‍ കൊണ്ട് അമര്‍ത്തി തേച്ച് പിടിപ്പിക്കുക. ചിരട്ടക്കുളളില്‍ തേച്ചു പിടിപ്പിച്ച ശര്‍ക്കരയുടെ മുകളില്‍ ഒരു നുളള് കാര്‍ബോ ഫുറാന്‍ തരി വിതറുക. ഇപ്രകാരം തയ്യര്‍ ചെയ്ത ശര്‍ക്കരക്കെണി ഉറുമ്പുകളുടെ കൂടിനരുകില്‍ വയ്ക്കുക. ചുവന്ന പുളിയുറുമ്പുകള്‍ കൂടിളകി ശര്‍ക്കരക്കെണിയില്‍ വരും. വിഷലിപ്തമായ ശര്‍ക്കര തിന്ന് ചാകുകയും ചെയ്യം.






നാറ്റപൂച്ചെടി എമള്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ചതച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചടെുത്ത ലായനി 1 ലിറ്റര്‍ ടാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം.വിധ വിളകളുടെ പ്രധാന ശത്രുവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്.

വേപ്പിന്‍ കഷായം

ഒരു ലിറ്റര്‍ കഷായം തയ്യറാക്കാന്‍ 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്ത് വെളളത്തില്‍ കലര്‍ത്തണം. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.ആര്യ വേപ്പിന്‍്റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പമ്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യം.

പുകയില കഷായം
വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചടെുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചടെുക്കുക. ഈ സോപ്പ് ലായനി അരിച്ചടെുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം.

വെളുത്തുളളി മിശ്രിതം
20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചടെുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്‍്റെയും പടവലത്തിന്‍്റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം.

എല്ലാ നടുവേദനയും ഡിസ്കിന്‍െറ തകരാറല്ല



രണ്ട് മാസം മുമ്പ് നടുവേദനയുമായി ഒരാള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. ‘ഡിസ്കിന് തകരാറാണ് ഡോക്ടര്‍, ‘ശസ്ത്രക്രിയ വേണ്ടി വരുമോ?’ ഇതാണ് അദ്ദേഹത്തിന്‍റെ സംശയം. എം. ആര്‍. ഐ സ്കാനില്‍ ഡിസ്കിന്‍െറ ഒരു ചെറിയ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. പക്ഷെ അതു സാധാരണമായ ഒന്ന് മാത്രമാണ്. അതുകൊണ്ട് വലിയ വേദനയുണ്ടാവാന്‍ സാധ്യതയില്ല. വീണ്ടും വിശദമായി പരിശോധിച്ചപ്പോള്‍ ഡിസ്കിനല്ല അസുഖം, മറിച്ച് പേശികളെ ബാധിക്കുന്ന വ്യാപകമായി കണ്ടുവരുന്ന ‘മയോഫേഷ്യല്‍ പെയിന്‍’ എന്ന അവസ്ഥയാണെന്ന് മനസ്സിലായി. അത്ര സങ്കീര്‍ണ്ണമായ അവസ്ഥയൊന്നുമല്ല ഇത്. ശസ്ത്രക്രിയയുടെ ആവശ്യവുമില്ല. ചെറിയ ഇന്‍ജക്ഷനും വ്യായാമവും ഉണ്ടെങ്കില്‍ മാറാവുന്നതേയുള്ളൂ. രോഗിയോട് കാര്യം പറഞ്ഞു.
പക്ഷെ, അദ്ദേഹത്തിനത് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. നേരത്തെ സന്ദര്‍ശിച്ച മറ്റേതോ ഡോക്ടര്‍ ഡിസ്കിനുള്ള ചെറിയ തകരാറിനെ പെരുപ്പിച്ച് കാണിച്ച് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെടുക്കാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. ഒടുവില്‍ ഒരു പരീക്ഷണം എ നിലയില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ട് മാസത്തെ മരുന്നും വ്യായാമവും കൃത്യമായി പിന്‍തുടര്‍ന്ന ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു. ‘വേദന പൂര്‍ണ്ണമായും മാറിയിരിക്കുന്നു. സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ വെറുതെ ശരീരം കീറി മുറിക്കേണ്ടി വന്നേനേ...’അദ്ദേഹം പറഞ്ഞു.

നടുവേദനയെല്ലാം ഡിസ്ക് തകരാറുകളല്ല
എത്രത്തോളം വികലമാണ് നമ്മുടെ അറിവുകളുടെ അവസ്ഥ എന്ന് നോക്കൂ. നടുവേദന ബാധിച്ചു എന്നു തോന്നിയാല്‍ അത് ഡിസ്ക് സംബന്ധമായ അസുഖമാണെന്ന് സ്വയം ഉറപ്പിക്കുകയാണ്. പിന്നീട് ശസ്ത്രക്രിയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കുകയായി. എന്തെല്ലാം കഷ്ടതകളാണ് പിന്നാലെ വരുന്നത്. ശരീരം കീറിമുറിക്കേണ്ടി വരുന്നു, തെറ്റായ ചികിത്സ ചെയ്യുന്നത് മൂലം ആരോഗ്യം നഷ്ടപ്പെടുന്നു. ഇതിനെല്ലാം പുറമെ ഭീമമായ സാമ്പത്തിക ബാധ്യതയും മാനസികമായ അസ്വസ്ഥതയും ബാക്കിയാവുകയും ചെയ്യുന്നു.
യഥാര്‍ഥത്തില്‍ നിലവില്‍ വ്യാപകമായി കാണപ്പെടുന്ന നടുവേദനകളില്‍ വെറും നാലു ശതമാനം മാത്രമേ ഡിസ്കിനെ തള്ളുതുമൂലം മൂലം ഉണ്ടാവുന്നുള്ളൂ. ഏകദേശം 60 മുതല്‍ 70 ശതമാനം വരെ നടുവേദനകള്‍ക്ക് കാരണം പേശികളെ ബാധിക്കു മയോഫാഷ്യല്‍ പെയിന്‍ ആണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഇതില്‍ 70 ശതമാനം വരെ നടുവേദനയും ആറാഴ്ചകൊണ്ട് മാറുന്നവയാണ്. പരമാവധി മൂന്ന് മാസം കൊണ്ട് 90 ശതമാനം നടുവേദനയും മാറുകയാണ് പതിവ്. ബാക്കി വരുന്ന 10 ശതമാനത്തിനാണ് പ്രധാനമായും സങ്കീര്‍ണ്ണമായ ചികിത്സകള്‍ വേണ്ടി വരുന്നത്.

വിവിധ തരം നടുവേദനകളും ചികിത്സകളും
മയോഫാഷ്യല്‍ പെയിന്‍ (Myofascial pain)

നടുവേദനയ്ക്ക് കാരണമാകുന്ന അവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മയോഫാഷ്യല്‍ പെയിന്‍. പുറം ഭാഗത്തെ ചില പ്രത്യേക പേശികളിലുണ്ടാകുന്ന പരിക്കുകള്‍, ചതവുകള്‍ മുതലായവയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. പൊതുവെ അതീവ സങ്കീര്‍ണ്ണമായ നടുവേദനകളുടെ ഗണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താറില്ല.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും വ്യായാമവുമാണ് പ്രധാനമായും ഇതിന് നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ഇവ കൊണ്ട് വേദനയ്ക്ക് കുറവില്ളെങ്കില്‍ വേദനയുള്ള പേശികളുടെ ഉള്ളിലേക്ക് ട്രിഗര്‍ പോയിന്‍റ് ഇഞ്ചക്ഷന്‍ അല്ളെങ്കില്‍ ഡീപ് മയോ മയോഫാഷ്യല്‍ ഇഞ്ചക്ഷന്‍ എിവയിലെതെങ്കിലും ഒന്ന് ചെയ്യും. സാധാരണഗതിയില്‍ ഇവ രണ്ടും കൊണ്ട് തന്നെ വേദന പൂര്‍ണ്ണമായും മാറേണ്ടതാണ്.

ഡിസ്ക് സംബന്ധമായ വേദന

ഡിസ്ക് തള്ളുത് മൂലമോ, ഡിസ്കിന്‍െറ തേയ്മാനം മൂലമോ ഉണ്ടാകുന്ന വേദനയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. നടുഭാഗത്ത് ആരംഭിച്ച് കാലിലേക്ക് പടരുന്ന തരത്തിലാണ് പ്രധാനമായും ഈ വിഭാഗം വേദന കാണപ്പെടുത്. ഡിസ്ക് തള്ളുത് മൂലം കാലിലേക്കുള്ള ഞരമ്പ് അമര്‍ന്ന് പോവുന്നതിനാലാണ് ഇത്തരം വേദന ഉണ്ടാകുന്നത്.
മരുന്ന് കൊണ്ടും വ്യായാമം കൊണ്ടും വേദന കുറയ്ക്കുവാന്‍ സാധിച്ചില്ളെങ്കില്‍ ആവശ്യമാണെങ്കില്‍ ‘ട്രാന്‍സ്ഫെറോമിനല്‍ എപ്പിഡ്യൂറല്‍ സ്റ്റിറോയിഡ് ഇഞ്ചക്ഷന്‍’ നല്‍കാവുതാണ്. എന്നാല്‍ ഇത് ശാശ്വതമായ ചികിത്സാ രീതിയല്ല. ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഗതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാ രീതികളിലൂടെ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഡിസ്ക് തള്ളല്‍ ഭേദപ്പെടുത്തുവാന്‍ സാധിക്കാറുണ്ട്.
ന്യൂക്ളിയോ പ്ളാസ്റ്റി, പെര്‍ക്യൂട്ടേനിയസ് ഡിസ്ക് ഡി കംപ്രഷന്‍, ഹൈഡ്രോ ഡിസ്ട്രക്ടമി, ന്യൂക്ളിയോടമി തുടങ്ങിയ ചികിത്സാ രീതികളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഇവയില്‍ ഏത് രീതിയാണ് അനുവര്‍ത്തിക്കേണ്ടതെന്ന് വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.
വളരെ കുറഞ്ഞ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരികയുള്ളൂ എന്നതും വിശ്രമം ആവശ്യമില്ല എന്നതുമാണ് ഈ രീതികളുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിന് പുറമെ അനസ്തേഷ്യ ആവശ്യമില്ല, ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാവില്ല, താരതമ്യേന ചെലവ് കുറവാണ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

ഫാസെറ്റ് ജോയിന്‍റ് പെയിന്‍ (Facet Joint Pain), സാക്രോ ഇലിയാക് പെയിന്‍ (Sacro Iliac Pain) എന്നിവ
ശസ്ത്രക്രിയയോ മരുന്ന് ചികിത്സയോ ഫലപ്രദമാവാന്‍ ഇടയില്ലാത്ത അവസ്ഥയാണ് ഫാസെറ്റ് ജോയിന്‍റ് പെയിന്‍. ഫാസെറ്റ് ജോയിന്‍റ് ഇഞ്ചക്ഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍ എന്നിവയാണ് ഇതിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകള്‍. സാക്രോ ഇലിയാക് ജോയിന്‍റ് ഇഞ്ചക്ഷന്‍ (Sacro Iliac joint Injection) ആണ് സാക്രോ ഇലിയാക് പെയിനിനുള്ള പ്രധാന ചികിത്സ.

അസ്ഥിക്ഷതങ്ങള്‍ (Vertibral Fractures)
അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളാണ് നടുവേദനകളിലെ മറ്റൊരു പ്രധാന വിഭാഗം. അസ്ഥി ബലക്ഷയം (ഓസ്റ്റിയോ പൊറോസിസ്), പ്രായത്തിന്‍്റെ അവശത തുടങ്ങിയവയാണ് ഇവയ്ക്കുള്ള പ്രധാന കാരണങ്ങള്‍. ഇത്തരം ഘട്ടങ്ങളില്‍ വെര്‍ട്ടിബ്രോ പ്ളാസ്റ്റി (Vertibro Plasty) നിര്‍വഹിക്കാവുന്നതാണ്. ക്ഷതം സംഭവിച്ച വെര്‍ട്ടിബ്രയിലേക്ക് കൃത്രിമമായ ഒരു സിമന്‍റ് കുത്തിവെക്കു രീതിയാണിത്. വളരെ വേഗം തന്നെ ഈ രീതിയില്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുതാണ്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന മാറാത്തവര്‍ക്കുള്ള ചികിത്സ
അസ്ഥിരോഗ ചികിത്സാ രംഗത്ത് അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദനമാറാതിരിക്കുന്ന അവസ്ഥ. പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആ ഭാഗം കൂടിച്ചേരുമ്പോള്‍ ആ ഭാഗത്ത് നാഡികള്‍ കൂടി ഉള്‍പ്പെട്ട് പോകുന്നതാണ് ഈ വേദനയ്ക്കുള്ള കാരണം. ഈ നാഡിയെ സ്വതന്ത്രമാക്കണമെങ്കില്‍ ആ ഭാഗത്ത് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും. ഇത് കൂടുതല്‍ ദുഷ്കരമാണ്.
ഇത്തരം സാഹചര്യത്തില്‍ ചികിത്സയ്ക്കായി ആശ്രയിക്കാവുന്ന പ്രധാന ചികിത്സാ രീതിയാണ് കോഡല്‍ ന്യൂറോപ്ളാസ്റ്റി എന്നത്. ശരീരം കീറി മുറിക്കാതെ തന്നെ കോഡല്‍ ന്യൂറോപ്ളാസ്റ്റി ഉപയോഗിച്ച് മുറിവിന്‍െറ കല ഇല്ലാതാക്കുകയാണ് ഇതില്‍ ചെയ്യുത്.

അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവര്‍

സാധാരണ നടുവേദനകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ എല്ലാ നടുവേദനകളെയും ഇങ്ങനെ കണക്കിലെടുക്കാന്‍ സാധിക്കില്ല. രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടവയുണ്ട്. ചികിത്സ വൈകിയാല്‍ ചിലപ്പോള്‍ ഇവയുടെ പ്രത്യാഘാതവും ഗുരുതരമായേക്കും. നട്ടെല്ലിനുള്ള പൊട്ടല്‍, ഇന്‍ഫക്ഷന്‍, കാന്‍സര്‍, കോഡ ഇക്വിന സിന്‍ഡ്രോം (Cauda Equina Syndrome) തുടങ്ങിയവയാണ് ഇത്തരത്തില്‍ അടിയന്തരമായി ചികിത്സ തേടേണ്ട നട്ടെല്ലിനെ ബാധിക്കു അസുഖങ്ങള്‍. ഈ അസുഖങ്ങള്‍ തിരിച്ചറിയണമെങ്കില്‍ റെഡ് ഫ്ളാഗ് (Red Flag) തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് സഹായകരമാകുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നു:
20 വയസ്സിന് തോഴെയോ, 50 വയസ്സിന് മുകളിലോ ഉള്ളവരില്‍ ഉണ്ടാകുന്ന ശക്തമായ നടുവേദന, രാത്രി കിടക്കുമ്പോള്‍ ഉണ്ടാകുന്ന അസഹനീയമായ വേദന, നടുവേദനയോടൊപ്പം പനിയും കുളിരും പ്രത്യക്ഷപ്പെടുക, മറ്റ് കാന്‍സര്‍ വന്നവരില്‍ കാണപ്പെടുന്ന നടുവേദന, പ്രതിരോധ ശേഷി കുറഞ്ഞവരിലെ നടുവേദന, നടുവേദനയോടൊപ്പം കാലിന് തളര്‍ച്ച ബാധിക്കുക, നടുവേദനയോടൊപ്പം മൂത്ര തടസ്സം അനുഭവിക്കുക, നടുവേദനയോടൊപ്പം അറിയാതെ വയറ്റില്‍ നിന്ന് മലം പോവുക. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.

(ലേഖകൻ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്വാന്‍സ്ഡ് പെയിന്‍ ക്ലിനിക്കിലെ ഫിസിഷ്യനാണ്)