Friday, January 30, 2015

മാപ്പിളപ്പാട്ടിനോട് നമ്മള്‍ നീതി കാണിച്ചോ?




മാപ്പിളപ്പാട്ടെഴുത്തിലെ പാല്‍നിലാപുഞ്ചിരിയായ ഒ എം കരുവാരകുണ്ട് എഴുത്തിന്റെ മൂന്നരപ്പതിറ്റാണ്ട് പിന്നിടുകയാണ്. മാപ്പിളപ്പാട്ട് ചക്രവര്‍ത്തി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ കഴിഞ്ഞാല്‍, മാപ്പിളപ്പാട്ടിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ടാവുക ഒരു പക്ഷേ ഒ എമ്മായിരിക്കും. വൈദ്യര്‍ കൃതികളെ ഗുരുവായി സ്വീകരിച്ചും അതെല്ലാം അരിച്ചുപെറുക്കി വായിച്ചും പാട്ടെഴുത്ത് തുടങ്ങിയ ഒ എം ഈ രംഗത്തേക്ക് കാലെടുത്തുവെച്ചത് ഏറനാടിന്റെ പ്രിയ കവി പുലിക്കോട്ടില്‍ ഹൈദറിനെക്കുറിച്ച് പാട്ടെഴുതിക്കൊണ്ടാണ്. തിരുനബിയും ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടുമിക്ക സംഭവങ്ങളും മുതല്‍ മോയിന്‍കുട്ടി വൈദ്യരും കേരളവും ഓണവുമെല്ലാം ആ തൂലികയിലൂടെ ഇശല്‍ രൂപം പ്രാപിച്ചിട്ടുണ്ട്.

മാപ്പിള സാഹിത്യത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒ എമ്മിന് പാട്ടെഴുത്തിന്റെ കമ്പിയും കഴുത്തുമറിയാം. ലക്ഷണമൊത്ത മാപ്പിളപ്പാട്ട് ഏതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തിന്റെ രചനകള്‍. വൃത്ത-പ്രാസ നിയമങ്ങള്‍ അണു ഇട തെറ്റാതെയും ഇശല്‍ മാത്രം സ്വീകരിച്ചും ഒ എം മാപ്പിളപ്പാട്ടെഴുതും. എന്നാല്‍ കച്ചവടവല്‍കൃത ഗാനരചനക്ക് ഇദ്ദേഹം ഒരുക്കമല്ലെന്നു മാത്രമല്ല, അതിനെ വിമര്‍ശിക്കാന്‍ ആര്‍ജവം കാണിക്കുകയും ചെയ്യുന്നു. പാട്ടെഴുത്തിന്റെ കാരണങ്ങള്‍ ‘ശബാബി’നോട് സംസാരിക്കുന്നു:





മാപ്പിളപ്പാട്ടെഴുത്തിലേക്ക് വരാനിടയായ സാഹചര്യം?


ബാല്യം മുതല്‍ തന്നെ വായനയായിരുന്നു എന്റെ വിനോദം. എന്തു കിട്ടിയാലും വായിക്കും. കുടുംബം ദരിദ്രാവസ്ഥയിലായിരുന്നതിനാല്‍ പുസ്തകങ്ങളോ പത്രമോ പോലും പണം കൊടുത്തു വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും വായനാകമ്പം ഞാന്‍ നിലനിര്‍ത്തി. മദ്‌റസയില്‍ പോകുന്നതിനു മുമ്പ്, പുലര്‍ച്ചെ ഞാന്‍ പുന്നക്കാട്ടേക്കിറങ്ങും. എല്ലാ പത്രങ്ങളും വില്പന നടത്തിയിരുന്ന ‘പത്രപ്പാപ്പ’യുമായി ഞാന്‍ ചങ്ങാത്തം കൂടി. അദ്ദേഹം എല്ലാ പാത്രങ്ങളും വായിക്കാന്‍ എന്നെ അനുവദിച്ചു. സ്‌കൂള്‍ പഠനകാലത്തുതന്നെ കത്തുകള്‍, കുറിപ്പുകള്‍, മിനിക്കഥകള്‍, ചെറുകഥകള്‍ എന്നിവയെഴുതാന്‍ ഈ വായനാശീലം എനിക്ക് സഹായകമായി.

ചിത്രനേത്രം എന്ന വാരികയില്‍ ഒരു നോവലും ഞാന്‍ അക്കാലത്തെഴുതി. അക്കാലത്ത് അറബി മലയാളം സാഹിത്യവും എന്നെ ആകര്‍ഷിച്ചിരുന്നു. എന്റെ വായനാലോകത്ത് അറബി മലയാളത്തിലെഴുതപ്പെട്ട പാട്ടുകളും ഉണ്ടായിരുന്നു. അക്കാലത്ത് പ്രസിദ്ധമായിരുന്നു കരുവാരകുണ്ടിലെ വ്യാഴാഴ്ചച്ചന്ത. ഈ ചന്തയെക്കുറിച്ച് പുലിക്കോട്ടില്‍ ഹൈദര്‍ എഴുതുകയും അത് പിന്നീട് മാപ്പിളപ്പാട്ടിലെ ഒരു ഇശലായി മാറുകയും ചെയ്തിട്ടുണ്ട്.


അതിന്റെ ആദ്യവരികളിങ്ങനെ:

കരുവാരക്കുണ്ടതിന്ന്
കഴിഞ്ഞെ ചന്തന്റെയന്ന്
കൈമല്‍ കല്ലുവളയിട്ടുള്ളൊ രു പെണ്ണ് വന്ന്
ഒരു തുണക്കാരുമില്ലാതെയു ണ്ടിങ്ങോട്ടു പോരുന്ന്

ഇതുപോലുള്ള പുലിക്കോട്ടിലിന്റെ തനി ഗ്രാമഭാഷയിലുള്ള രചനകള്‍ എനിക്ക് ആവേശമായി. ചന്തപ്രദേശത്തേക്കുള്ള കവാടമായിരുന്നു ആനവാതില്‍. ഇത് ചന്ത ദിവസമാണ് തുറക്കുക. ഈ വാതിലിനടുത്തായിരുന്നു മുഹമ്മദ് മുസ്‌ല്യാരുടെ പുസ്തകക്കച്ചവടം. ഇവിടെ അക്കാലത്തെ അറബി മലയാള ‘ക്ലാസ്സിക്കു’കളായിരുന്ന കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, വലിയ ഉമര്‍ ഖിസ്സ, ബദ്‌റുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍, ഉഹ്ദ് പടപ്പാട്ട്, കര്‍ബല തുടങ്ങിയവ അദ്ദേഹം വില്പനക്കായി നിരത്തിവെക്കും. വാങ്ങി വായിക്കാന്‍ പണമില്ലാത്തതിനാല്‍ ഞാന്‍ മുഹമ്മദ് മുസ്‌ലിയാരുമായും ചങ്ങാത്തം കൂടി. അദ്ദേഹം എന്നെ സ്‌നേഹപൂര്‍വം സ്വീകരിക്കും. അവിടെയിരുന്ന് രാത്രി വരെ വായിക്കും. മടങ്ങുമ്പോള്‍ ഒരു പുസ്തകം വിലകൊടുത്തു വാങ്ങുകയും ചെയ്യും. ഈ വായന എന്നിലെ മാപ്പിളപ്പാട്ടുകാരനെ ഉണര്‍ത്തി. അറബി മലയാളത്തിലെ പദാവലികള്‍ ഞാന്‍ ഹൃദിസ്ഥമാക്കി. ഈ കൃതികളും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളുമാണ് എന്റെ ഗുരു എന്നു പറയാം. അങ്ങനെ പാട്ടെഴുത്തു തുടങ്ങി.

മാപ്പിളപ്പാട്ടെഴുത്ത് രംഗത്തേക്കുള്ള അരങ്ങേറ്റം എങ്ങനെയായിരുന്നു?

1979-ന്റെ അവസാനത്തിലാണെന്നാണ് എന്റെ ഓര്‍മ. പുലിക്കോട്ടില്‍ ഹൈദറിന്റെ പേരില്‍ മാപ്പിളപ്പാട്ട് രചനാമത്സരം സംഘടിപ്പിച്ചിരുന്നു. പുലിക്കോട്ടില്‍ ഹൈദറാവട്ടെ, എന്റെ ആവേശവും പ്രചോദനവുമെല്ലാമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷാലാളിത്യവും ശൈലിയും ഞാന്‍ അടുത്തറിയുകയും ചെയ്തിരുന്നു. അന്ന് ഞാനൊരു പാട്ടെഴുതി. ഗുരു തുല്യനായി കണ്ടിരുന്ന കെ ടി മാനു മുസ്‌ലിയാരെ കാണിച്ചു. അദ്ദേഹം ഒന്നുരണ്ട് നിര്‍ദേശങ്ങള്‍ പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു.
മത്സരത്തിലേക്ക് ആ പാട്ട് അയച്ചുകൊടുത്തു. ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം എനിക്കായിരുന്നു.

സമ്മാനദാനച്ചടങ്ങിന് എത്തിയപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. അക്കാലത്തെ മാപ്പിളപ്പാട്ടു വേദികളിലെ താരങ്ങളായിരുന്ന പീര്‍ മുഹമ്മദ്, വി എം കുട്ടി, ഉമര്‍കുട്ടി, എരഞ്ഞോളി മൂസ, റംലാബീഗം, ആഇശ ബീഗം തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ഞാനെഴുതിയ ആ പാട്ട് എം പി ഉമ്മര്‍കുട്ടിയും സംഘവും ഹൃദയഹാരിയായി ആലപിക്കുകയും ചെയ്തു:

പുരി വണ്ടൂരില്‍ ജനിച്ചു
പുളകം വാരി വിതച്ചു പൊരുതും
പടവാളതായ് ഖമലും പ്രയോഗിച്ചു
മര്‍ഹൂം പുലിക്കോട്ടില്‍ ഹൈദറിക്കാക്ക വിരാജിച്ചു.

മാപ്പിളപ്പാട്ടെഴുത്തിലെ കമ്പി, കഴുത്ത്, വാല്‍ക്കമ്പി തുടങ്ങിയ നിയമങ്ങളെല്ലാം പാലിച്ച് പുലിക്കോട്ടിലെന്ന ഏറനാടന്‍ കവിയെക്കുറിച്ചെഴുതിയ പാട്ടിനെ അവിടെയെത്തിയവരെല്ലാം മുക്തകണ്ഠം പ്രശംസിച്ചു. പാട്ടുകാരെല്ലാം എന്നെ പരിചയപ്പെടുകയും എന്റെ വിലാസം വാങ്ങുകയും ചെയ്തു. മാത്രമല്ല, അന്നെനിക്ക് സമ്മാനം നല്കിയത് മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറായിരുന്നു. അതും മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സാന്നിധ്യത്തില്‍. ഇതെല്ലാം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഇവരില്‍ പലരും എന്നെ വിളിക്കുകയും പാട്ടെഴുതിക്കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ കൂടി ഞാന്‍ പങ്കെടുത്തു. തൃശൂര്‍ സാഹിത്യ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് ഓണാഘോഷത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട് രചനാ മത്സരം നടത്തിയിരുന്നു. 

ഓണമായിരുന്നു വിഷയം. തികച്ചും വ്യത്യസ്തമായ ഒരവതരണം വഴി ഞാനന്ന് ഓണത്തെ മാപ്പിളപ്പാട്ടിലൂടെ വരച്ചിട്ടു.

കവി മെഹര്‍ എഴുതുന്നതുപോലെ ഭാവനാത്മകമായാണ് ഞാന്‍ പാട്ടെഴുതിയത്.

പൊയ്കയില്‍ വിടര്‍ന്നു നില്ക്കും
താമര പറഞ്ഞു പൊന്നൊളി ചിതറിടും
പൊന്നോണമിങ്ങണഞ്ഞു.
പൊയ്മുഖം അണിഞ്ഞു നാടൊന്നായ് ചമഞ്ഞിരുന്നു
പൊട്ടിയ കരച്ചിലടക്കി ചിരി തുറന്നു.
പാര്‍ട്ടിയായ് മതങ്ങളായ് ജാതിയായ്
പിരിഞ്ഞു പോരടിക്കയാണ്
മര്‍ത്യന്‍ അങ്ങയെന്തറിഞ്ഞു
പട്ടിണിയില്‍ പെട്ടുഴന്ന് വിറ്റു ഞങ്ങള്‍
കാണം പൊന്നു തിരുമേനിക്കു മാത്രം
തീര്‍ത്തതാണീ ഓണം


അക്കിത്തം, വൈലോപ്പിള്ളി, ഗുപ്തന്‍നായര്‍ എന്നീ പ്രഗത്ഭരായിരുന്നു വിധികര്‍ത്താക്കള്‍. തികച്ചും വ്യത്യസ്തമായിക്കണ്ട എന്റെ മാപ്പിളപ്പാട്ട് വൈലോപ്പിള്ളിക്ക് നന്നേ പിടിച്ചു. അദ്ദേഹം എന്നെ പരിചയപ്പടുകയും സമ്മാനം നല്കുകയും എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പാട്ടെഴുത്തില്‍ ഉറച്ചു നില്ക്കാനും ഇന്ന് ഈ നിലയിലെത്താനും എനിക്കായത് ഇവരുടെ സ്‌നേഹമസൃണമായ പ്രോത്സാഹനം കൊണ്ടു തന്നെയായിരുന്നു.

മാപ്പിളപ്പാട്ടിന്റെ തനതായ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഇത് ഇപ്പോഴത്തെ എഴുത്തുകാരും ഗായകരും അറിയുകയും പാലിക്കുകയും ചെയ്യുന്നുണ്ടോ?

മാപ്പിളപ്പാട്ടിന് മാത്രം അവകാശപ്പെടാനുള്ള നിരവധി സവിശേഷതകള്‍ ഉണ്ട്. ഒന്ന് അതിന്റെ ഈണം തന്നെയാണ്. മാപ്പിളപ്പാട്ടിന്റെ ഈണം മാത്രമെടുത്ത് ഭാസ്‌ക്കരന്‍ മാഷ് എഴുതിയതാണ്
‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരി’

എന്ന ഗാനം. ഈണത്തിനു പുറമെ ചില ഏറനാടന്‍ പദങ്ങളും ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതുപക്ഷെ, പൂര്‍ണ രൂപത്തിലുള്ള മാപ്പിളപ്പാട്ടല്ല. വൈദ്യരെഴുതിയ പ്രസിദ്ധമായ ഒരു പാട്ടിന്റെ ഇശലിലാണ് ‘കായലരികത്തി’ന്റെ രചനയും.
അറബി- മലയാള സാഹിത്യവും മാപ്പിളപ്പാട്ടിന്റെ അനിവാര്യഘടകമാണ്. ഇത് മലയാള ഭാഷയിലെ പദാവലികളെ വരെ പരിപോഷിപ്പിച്ചിട്ടുണ്ട്. ശബ്ദതാരാവലിയില്‍ നൂറു കണക്കിന് മാപ്പിള സാഹിത്യപദങ്ങള്‍ കാണാം. മാപ്പിളപ്പാട്ടുകളിലെ മൊഞ്ചത്തി, ശുജാഈ തുടങ്ങിയ പ്രയോഗങ്ങള്‍ എത്ര വശ്യവും അര്‍ഥവത്തുമാണ്. ഇതിനുപകരം സുന്ദരി, ധൈര്യശാലി എന്നിങ്ങനെ പ്രയോഗിച്ചാല്‍ വശ്യതയും ഗാംഭീര്യവും ലഭിക്കുമോ? പഴയകാല മാപ്പിളപ്പാട്ടെഴുത്തുകാര്‍ കണക്കൊപ്പിച്ചാണ് എഴുതിയിരുന്നത്. കണക്കൊക്കാത്ത പാട്ടുകള്‍ അറംപറ്റും എന്നൊരു വിശ്വാസവും ഉണ്ടായിരുന്നത്രെ.

കമ്പി, കഴുത്ത്, വാല്‍കമ്പി, വാലിന്മേല്‍ കമ്പി തുടങ്ങിയ പ്രാസനിയമങ്ങള്‍ (കണക്ക്) പാലിക്കുമ്പോള്‍ മാത്രമേ ലക്ഷണമൊത്ത മാപ്പിളപ്പാട്ട് ജനിക്കുകയുള്ളൂ. ഇവക്കു പുറമെ മറ്റു പാട്ടുകള്‍ക്കു വേണ്ട ചേരുവകളും വേണം. സിനിമാഗാനം മുതല്‍ നാടന്‍പാട്ടുകള്‍ വരെ അതിന്റെ ആദ്യവരികളില്‍ നിന്നുതന്നെ നമുക്ക് തിരിച്ചറിയാനാവും. എന്നാല്‍ മാപ്പിളപ്പാട്ട് തിരിച്ചറിയണമെങ്കില്‍ അതിന്റെ പല്ലവി, അനുപല്ലവി, ചരണം, അനുചരണം എന്നീ ഘടകങ്ങള്‍ കേള്‍ക്കണം. ലക്ഷണമൊത്ത ഇത്തരം പാട്ടുകളാണ് മോയിന്‍കുട്ടി വൈദ്യരുടേത്.

ഇശലും സാഹിത്യവും പ്രാസ നിയമങ്ങളും പരമാവധി പാലിച്ചുള്ള മാപ്പിളപ്പാട്ടെഴുത്ത് അത്യന്തം ശ്രമകരമാണ്. എന്നാല്‍ മിക്കവരും ഇന്ന് ഇതൊന്നും പാലിക്കാതെ വളയമില്ലാതെ ചാടുകയാണ്.

മാപ്പിളപ്പാട്ടുകള്‍ക്ക് ഈ നിയമങ്ങളൊന്നും പാലിക്കണമെന്നില്ലെന്ന് ചിലര്‍ വാദിക്കുകയും ചെയ്യുന്നുവെന്നതാണ് അത്ഭുതകരം. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത് യഥാര്‍ഥത്തില്‍ ആരാണ്? അതിന് ആധാരമായ രേഖകളുണ്ടോ?

നിയമങ്ങള്‍ ആര് ഉണ്ടാക്കി എന്നതിന് വ്യക്തമായ രേഖകളില്ല. മോയിന്‍കുട്ടി വൈദ്യര്‍, പടപ്പാട്ടുകളെഴുതാന്‍ അനുകരിച്ച ഒരു കാര്യമുണ്ട്. അത് ‘സകൂം’ പടപ്പാട്ടാണ്. മാപ്പിളപ്പാട്ടില്‍ കണ്ടുകിട്ടിയതില്‍ ആദ്യ കൃതി മുഹ്‌യിദ്ദീന്‍ മാലയാണ്.


ഇത് പക്ഷെ, കമ്പിയും കഴുത്തുമില്ലാതെ കേവലം ഒരു മാലപ്പാട്ടു മാത്രമാണ്. എന്നാല്‍ പില്ക്കാലത്ത് രചിക്കപ്പെട്ട നൂല്‍ മദ്ഹ്, കപ്പപ്പാട്ട് എന്നിവയിലെല്ലാം ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ട്. ഇതിന്റെ ഉപജ്ഞാതാവ് ആരെന്നത് അജ്ഞാതമാണ്.

മാപ്പിളപ്പാട്ടില്‍ മലയാള ഭാഷക്കു പുറത്തുള്ള പദങ്ങള്‍ പ്രയോഗിക്കേണ്ടതില്ലെന്ന ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. താങ്കള്‍ ഇതംഗീകരിക്കുന്നുണ്ടോ?

ഇല്ല. മലയാള ഭാഷ വേണ്ടത്ര വികസിക്കാത്ത കാലത്താണ് മറ്റു ഭാഷകള്‍ കടമെടുത്തിരിക്കുന്നത്, ഇന്നിപ്പോള്‍ മറ്റു ഭാഷാപദങ്ങള്‍ തെരഞ്ഞലയേണ്ടതില്ല എന്ന് ഈ രംഗത്തെ ചില പണ്ഡിതന്മാര്‍ വരെ വാദിക്കുന്നുണ്ട്. എന്നാല്‍ വൈദ്യര്‍ മുതല്‍ ടി ഉബൈദ് വരെയുള്ള കുലപതികളുടെ രചനകള്‍ നമ്മുടെ മുന്നിലുണ്ട്. കോഴിക്കോടിന് ‘മുര്‍ഗിക്കോട്’ എന്ന് പ്രയോഗിച്ചിട്ടുണ്ട് വൈദ്യര്‍.

കുഴിയാനക്ക് ‘ഹുഫ്‌റത്താന’ എന്നാണ് ചേറ്റുവ പരീക്കുട്ടി തന്റെ രചനയില്‍ ഉപയോഗിച്ചത്.

രണ്ടു ഭാഷകള്‍ കൊണ്ട് ഒരു പദം എന്നത് അവരുടെ രചനാ കൗശലത്തെയാണ് ദ്യോതിപ്പിക്കുന്നത്. അല്ലാതെ കോഴി എന്ന് വൈദ്യര്‍ക്കും കുഴി എന്ന് ചേറ്റുവക്കും അറിയാത്തതുകൊണ്ടല്ലല്ലോ. ഇതുപോലെ ടി ഉബൈദ് ചാക്കീരി മൊയ്തീന്‍കുട്ടി, പി ടി അബ്ദുറഹ്മാന്‍ തുടങ്ങിയവരെല്ലാം ആവശ്യത്തിന് അറബി, സംസ്‌കൃതം പദങ്ങള്‍ ചേരുവ ചേര്‍ത്ത കവികളാണ്.
ഞാനും ഈ പക്ഷക്കാരന്‍ തന്നെ. മാപ്പിളപ്പാട്ടെഴുത്ത് നിരൂപണ രംഗത്തെ ഗുരുതുല്യരായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, ആലിക്കുട്ടി ഗുരുക്കള്‍, എം എ റസാഖ്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെല്ലാം ഈ വിഷയത്തില്‍ എനിക്ക് പിന്തുണ നില്ക്കുന്നവരാണ്. യേശുദാസ് മുതല്‍ റിമി ടോമി, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ വരെ എന്റെ പാട്ടുകള്‍ പാടിയിട്ടുണ്ട്. കലോത്സവ ഒപ്പനകളില്‍ 90 ശതമാനവും ഞാനെഴുതിയ പാട്ടുകളാണ് പാടുന്നത് എന്നതും മാപ്പിളപ്പാട്ടുകളാവട്ടെ, ഏറ്റവും കൂടുതല്‍ കലോത്സവവേദികളില്‍ ആലപിക്കപ്പെടുന്നതും സമ്മാനാര്‍ഹമാകുന്നതും 15 വര്‍ഷമായി എന്റെ പാട്ടുകളാണ് എന്നത് സന്തോഷകരമാണ്.

മലബാര്‍ മുസ്‌ലിംകള്‍ മാപ്പിളപ്പാട്ടുകളെ നെഞ്ചേറ്റിയവരാണ്. പഴയ കാലത്തെ അപേക്ഷിച്ച് പുതിയ കാലത്ത് ഇക്കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാനാവുമോ? പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും മാപ്പിളപ്പാട്ട് ഇഷ്ടമാണ്.

പഴയ കാലത്തുള്ളവര്‍ ഗ്രാമഫോണ്‍ വഴിയായിരുന്നു മാപ്പിളപ്പാട്ട് കേട്ടിരുന്നത്. ഗുല്‍ മുഹമ്മദാണ് ഗ്രാമഫോണില്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത്. ഇദ്ദേഹത്തിന്റെ മകന്‍ കെ ജി സത്താര്‍, ആലപ്പുഴയിലെ എം എ അസീസ് തുടങ്ങിയവരെല്ലാം പഴയ തലമുറയിലെ ഗായകരാണ്. തനത് പാട്ടുകളെ നെഞ്ചേറ്റിയിരുന്ന പഴയ തലമുറയില്‍ നിന്ന് വ്യത്യസ്തമായി ഈണത്തിന് പ്രാധാന്യം നല്കുകയും മാപ്പിളപ്പാട്ടിന്റെ കാമ്പിനെ അവഗണിക്കുകയും ചെയ്തു ഇടക്കാല തലമുറ.

അങ്ങനെയാണ് ആല്‍ബം പാട്ടുകളുണ്ടായത്. പാട്ടെഴുത്തും പാടലും സംഗീതവും അഭിനയവും എല്ലാം ഒരാള്‍ തന്നെ. ഈ പാട്ടുകളെല്ലാം പക്ഷെ അബദ്ധങ്ങളുടെ കൂമ്പാരങ്ങളായിരുന്നു. എങ്കിലും ഇവയില്‍ ചിലതെല്ലാം വന്‍ ഹിറ്റുകളാവുകയും ചെയ്തു.

ദൈവ വിശേഷണങ്ങള്‍ തെറ്റായി ഉച്ചരിക്കുക, സ്ത്രീകളെ വര്‍ണിക്കുക, പദങ്ങള്‍ അനവസരത്തില്‍ മുറിച്ച് ഈണമിടുക തുടങ്ങിയ പ്രവണതകള്‍ ഇക്കാലത്താണുണ്ടായത്. എന്നാല്‍ റിയാലിറ്റി ഷോകള്‍ വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് കുറെ മാറ്റങ്ങളുണ്ടായി.


മോയിന്‍കുട്ടി വൈദ്യരുടെ പാട്ടിന്റെ മേന്മകള്‍ വിശദീകരിക്കാമോ? അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം എന്താണ്?

വൈദ്യര്‍ സാഹിത്യങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് മാപ്പിളപ്പാട്ട് രംഗത്ത് മറ്റൊരു ഗുരുവിന്റെ ആവശ്യമില്ല. പാട്ടെഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് വൈദ്യരുടെ രചന. പടപ്പാട്ടുകള്‍ വായിക്കുമ്പോള്‍ ഈ രചനാ വിസ്മയം ബോധ്യപ്പെടും. ബദ്‌റുല്‍ മുനീര്‍, ഹുസ്‌നുല്‍ ജമാല്‍ എന്ന വൈദ്യരുടെ രചനയോട് കിടപിടിക്കാവുന്ന സാഹിത്യകൃതി മലയാളത്തില്‍ അപൂര്‍വമാവും

താമര പൂക്കും വദനം കണ്ടാല്‍
തേനാര്‍ ചിറക്കും പഴക്കം കേട്ടാല്‍
താമര സൂര്യന്റെ പ്രേയസിയാണെന്ന

കവി സങ്കല്പം എത്ര മനോഹരമാണ്. മലയാള കവിത്രയത്തോട് കിടിപിടിക്കാവുന്ന കവിതയാണ് വൈദ്യരെന്ന് ജി ശങ്കരക്കുറുപ്പിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ സംഗീതമുണ്ടെന്ന് ദ്യോതിപ്പിക്കുന്ന വരികളാണ് വൈദ്യരുടെ മിക്ക രചനകളിലുമുള്ളതെന്നാണ് ശൂരനാട് കുഞ്ഞന്‍പിള്ള സാക്ഷ്യപ്പെടുത്തിയത്. വൈദ്യരുടെ പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യരും കവിയായിരുന്നു.


പ്രസിദ്ധമായ ‘ഹിജ്‌റ’ 26 ഇശല്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് 40-ാം വയസ്സില്‍ മോയിന്‍കുട്ടി വൈദ്യര്‍ മരിക്കുന്നത്. പിന്നീട് ‘ഹിജ്‌റ’യുടെ പകുതിയിലേറെ എഴുതിയത് പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യരാണ്. പുലിക്കോട്ടില്‍ ഹൈദര്‍, ടി ഉബൈദ് എന്നിവര്‍ മാപ്പിളപ്പാട്ടിനെ സാമൂഹിക നവോത്ഥാനത്തിനുള്ള മാധ്യമമാക്കിയ കവികളായിരുന്നില്ലേ? എളിയ മലയാളം കൊണ്ട് സാധാരണക്കാരന്റെ മനസ്സില്‍ ഇടം നേടിയ ഏറനാടിന്റെ ശക്തനായ മാപ്പിള കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ പുലിക്കോട്ടിലിന്റെ ഭാഷ തികച്ചും ഗ്രാമീണ ഭാഷയായിരുന്നു.
നരിനായാട്ട്, തിരൂര്‍ യാത്ര, അഞ്ചല്‍ക്കാരന്‍ എന്നീ രചനകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് ബീഡി തെറുക്കുന്നവരുടെയും കാളവണ്ടിക്കാരുടെയും പാട്ടുകള്‍ പുലിക്കോട്ടിലിന്റേതായിരുന്നു.

മുജാഹിദ് ആശയക്കാരനായിരുന്ന പുലിക്കോട്ടിലിന്റെ കാത് കുത്ത് മാല, പരിഷ്‌ക്കാര മാല തുടങ്ങിയവ സമൂഹത്തില്‍ നിലനിന്നിരുന്ന വികല ധാരണകളെ വിമര്‍ശിച്ചുള്ളവയാണ്.

കാത് കുത്തും ബിദ്അത്ത് കൊണ്ടുള്ള ചേതം ഇതാ ഒഴിവാക്കുവിന്‍ കാലച്ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ കോലക്കേടാക്കാതെ നോക്കുവിന്‍ തുടങ്ങിയ വരികള്‍ കാത് കുത്ത് കല്യാണമെന്ന ദുരാചാരത്തിനെതിരെയുള്ളതായിരുന്നു. ടി ഉബൈദ് കൂടുതല്‍ മാപ്പിളപ്പാട്ടുകളെഴുതിയിട്ടില്ലെങ്കിലും മാപ്പിളപ്പാട്ട് വെറും ഒരു കെസ്സ് മാത്രമാണെന്ന് ധരിച്ചുവെച്ചിരുന്ന മലയാള സാഹിത്യ ലോകത്തിന്റെ ധാരണകളെ തിരുത്തിയത് ഉബൈദ് മാഷായിരുന്നു. മാപ്പിളപ്പാട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ മലയാള സാഹിത്യം അപൂര്‍ണമായിരിക്കും എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.

കേരളത്തെക്കുറിച്ചുള്ള
‘ജയിച്ചിടുന്നത് മാമക ജനനി’

എന്നതും


‘ദുനിയാവിതെന്തു പുതുമപ്പറമ്പാണ്’
എന്നതും

ഉബൈദ് മാഷിന്റെ അസാധ്യ രചനകളാണ്.

സ്ത്രീധനത്തിനെതിരെയുള്ള കെ ജി സത്താറിനെപ്പോലുള്ളവരുടെ പാട്ടുകളും പരാമര്‍ശിക്കപ്പെടേണ്ടവയാണ്.


മാപ്പിളപ്പാട്ടെഴുത്തിലെ അവിസ്മരണീയ നാമങ്ങളായി താങ്കള്‍ കാണുന്നതാരൊക്കെയാണ്?

മോയിന്‍ കുട്ടി വൈദ്യര്‍ തന്നെ ഈ ഗണത്തിലെ കുലപതി.
ശുജാഈ മൊയ്തു, ടി ഉബൈദ്, പുലിക്കോട്ടില്‍ ഹൈദര്‍, പി ടി അബ്ദുറഹ്മാന്‍, പ്രേം സൂറത്ത്, കെ ടി മാനു മുസ്‌ലിയാര്‍ എന്നിവരും മറക്കാനാവാത്തവരാണ്.

കാനേഷ് പൂനൂര്, ബാപ്പു വെള്ളിപറമ്പ് എന്നിവരെല്ലാം എന്നെ ഒരേ സമയം പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത കവികളാണ്.


താങ്കളുടെ ജനപ്രിയ പാട്ടുകളില്‍ ചിലത് അനുസ്മരിക്കാമോ?
അവ ആരാണ് പാടിയത്?


മാര്‍ക്കോസും രഹ്‌നയും വെവ്വേറെയായി പാടിയ
‘മിദാദ്’ ആല്‍ബത്തിലെ

‘പാല്‍ നിലാ പുഞ്ചിരി തൂകുമാ സുന്ദരി’ എന്നതു തന്നെയാണ് ഏറ്റവും ജനപ്രിയമായത്.

ഈയിടെ ചിത്ര പാടിയ ‘മസ്ജിദുല്‍ ഹറമിന്റെ പടിവാതിലില്‍ ഞാന്‍ ഒരു ദിവസം പോകും’

, യേശുദാസ് ആലപിച്ച ‘ഖബറാണ് മുന്നില്‍ യാത്രക്കു നേരമായ്’,

തമിഴ് പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന്‍ പാടിയ ‘റൂഹിന് പറയാനാകുമോ അസ്‌റാഈലിങ്ങെത്തുമ്പോള്‍ ഞാന്‍ വരുന്നില്ലെന്ന്’,

എം ജി ശ്രീകുമാര്‍ പാടിയ ‘അഹദെന്ന സുമധുര മന്ത്രം’,

സുജാത പാടിയ ‘പിരിശപ്പുന്നാരേ എന്നാറ്റക്കരളേ ഈ ഖല്‍ബൊന്നു കണ്ടോളിന്‍’ എന്നിവ കേരളം ഹൃദയം കൊണ്ട് സ്വീകരിച്ചവയാണ്.

വൈദ്യരെക്കുറിച്ചെഴുതിയ ‘കവിപുകളേ തുടര്‍കവി ഇശലുകള്‍’,

കേരളത്തെ വര്‍ണിക്കുന്ന ‘തുഞ്ചന്റെ പൈങ്കിളി പാടിയുണരുന്ന നാട്’ എന്നിവയും ജനപ്രിയമായി.

റിയാലിറ്റി ഷോകളെ എങ്ങനെ വിലയിരുത്തുന്നു?

റിയാലിറ്റി ഷോകള്‍ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മാപ്പിളപ്പാട്ടിനെ പൊതു സമൂഹത്തില്‍ സജീവമായി നിലനിര്‍ത്തിയത് റിയാലിറ്റി ഷോകളാണ്. മുസ്‌ലിംകളുടേതുള്‍പ്പെടെ നിരവധി പത്രപ്രസിദ്ധീകരണങ്ങളുണ്ട്. അവയിലൊന്നും പക്ഷെ, മാപ്പിളപ്പാട്ടുകള്‍ക്കായി പംക്തികളില്ല. രചിക്കപ്പെടുന്ന ഒരു സാഹിത്യ വിഭാഗത്തെ പ്രസിദ്ധീകരണങ്ങള്‍ അവഗണിക്കുമ്പോള്‍ ചാനലുകള്‍ അവയെ പ്രോത്സാഹിപ്പിക്കുന്നു. ചാനലുകള്‍ക്ക് കച്ചവടക്കണ്ണുണ്ടാകാം എന്നത് മറക്കുന്നില്ല. എന്നാല്‍ ഈ ഷോകളിലെ വിധിനിര്‍ണയ രീതി ശരിയല്ലെന്ന് ഞാന്‍ കരുതുന്നു

മാപ്പിളപ്പാട്ട് ഷോകളില്‍ സംഗീതജ്ഞരെയോ ഗായകരേയോ മാത്രം ജഡ്ജ്മാരാക്കിയാല്‍ പോരാ. മാപ്പിളസാഹിത്യം അറിയുന്നവരെക്കൂടി ആക്കണം. ഗ്ലാമറുള്ള പെണ്‍പാട്ടുകാരെ ജഡ്ജുമാരാക്കുകയാണ് ചാനലുകാര്‍. ഇവര്‍ പാട്ടുകാര്‍ മാത്രമാവും. സാഹിത്യമറിയില്ല.

ഒരിക്കല്‍ മോയിന്‍കുട്ടി വൈദ്യരുടെ രചനയിലെ ‘ഹറബ് നരര്‍ അമര സുരര്‍’ എന്നത് ഒരു കുട്ടി ‘അറബ് നടര്‍’ എന്നു ചൊല്ലി.

ഈ കുട്ടിക്ക് 95 മാര്‍ക്കും നല്കി ജഡ്ജുമാര്‍! ഹറബ് നരര്‍ എന്നാല്‍ യുദ്ധപ്പടയാളികള്‍ എന്നാണര്‍ഥം. ഇത് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാവാം വിധി കര്‍ത്താക്കള്‍. ഒരു ചാനലില്‍ പ്രസിദ്ധനായ സംഗീതജ്ഞനാണ് വിധി കര്‍ത്താവ്. മോയിന്‍കുട്ടി വൈദ്യരുടെ പാട്ട് ഹൃദ്യമായി ആലപിച്ച ഒരു മത്സരാര്‍ഥിയോട് ഇദ്ദേഹം പറഞ്ഞു: ”മോന്‍ നന്നായി പാടി. പക്ഷെ, ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല.” ഞാന്‍ അന്ന് അതിഥിയായി ഉണ്ടായിരുന്നു. ഞാന്‍ അത് തിരുത്തി: ”ഇത് മാഷിന് മനസ്സിലായിക്കാണില്ല. എന്നാല്‍ ആര്‍ക്കും മനസ്സിലായിട്ടില്ലെന്നത് അബദ്ധമാണ്. മാപ്പിള സാഹിത്യമറിയുന്ന ലക്ഷോപലക്ഷങ്ങള്‍ക്ക് ഈ പാട്ട് മനസ്സിലായിട്ടുണ്ട്.”

മത്സരാര്‍ഥികള്‍ ചിലപ്പോള്‍ അബദ്ധം പാടും. സ്വാഭാവികമാണ്. എന്നാല്‍ ഈണത്തിലും താളത്തിലും മാത്രം ശ്രദ്ധിക്കുന്ന സംഗീതജ്ഞരും ഗായകരുമായ ജഡ്ജുമാര്‍ ഇത് തിരുത്തില്ല. കാരണം, അവര്‍ക്കറിയില്ല. ഇത് മാപ്പിളഗാനശാഖക്കും സാഹിത്യത്തിനും മോശമാണ്. ഇത് ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക.

ഞാന്‍ നബിയുടെ ഹിജ്‌റയെക്കുറിച്ചും യൂസുഫ് ഖിസ്സയെക്കുറിച്ചും ഒരേ ഇശലില്‍ പാട്ടെഴുതിയിട്ടുണ്ട്.

ഒരു കുട്ടി ഹിജ്‌റയെക്കുറിച്ച പാട്ടിലെ

‘യസ്‌രിബിനെക്കുറിച്ചു പറയുന്ന ഭാഗം യൂസുഫ് ഖിസ്സയിലെ ‘മിസ്‌റ്’ന്റെ സ്ഥാനത്ത് തെറ്റിപ്പാടി. എങ്ങനെ ഇത് സംഭവിച്ചു എന്നറിയില്ല. യൂസുഫ് ഖിസ്സയും യസ്‌രിബും തമ്മില്‍ ബന്ധമില്ലല്ലോ. എന്നാല്‍ ഈ പാട്ടിന് കലോത്സവ വിധികര്‍ത്താക്കള്‍ സമ്മാനം നല്കി. കാരണം അവര്‍ സാഹിത്യം നോക്കിയിട്ടില്ല. ഇത് രചയിതാവിന്റെ തെറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം.

മാപ്പിളപ്പാട്ട് ഗാനശാഖയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സര്‍ക്കാരും പൊതു സമൂഹവും അര്‍ഹിക്കുന്ന പിന്തുണ നല്കുന്നുണ്ടോ?

മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആകെയുള്ളത് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി മാത്രമാണ്. അവിടെ വൈദ്യരുടെ കൃതികള്‍ സമാഹരിക്കലും അച്ചടിയും നടക്കുന്നു. ചാനലുകാര്‍ ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. എന്നാല്‍ സ ര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്കുന്നില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മാപ്പിള കവികളെയോ പാട്ടുകളെയോ കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ചിന്തപോലും ഇതുവരെ ഉണ്ടായിട്ടില്ല. മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുകയും കൊണ്ടാടുകയും ചെയ്യുന്ന പൊതു സമൂഹവും ഇത്തരമൊരാവശ്യം ഉയര്‍ത്തുന്നില്ല. പത്രപ്രസിദ്ധീകരണങ്ങളില്‍ മാപ്പിളപ്പാട്ട് പംക്തികള്‍ വരുന്നുമില്ല.

സുന്നി- മുജാഹിദ്- ജമാഅത്ത് വിഭാഗങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. എന്നാല്‍, ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ ചില കൂട്ടായ്മകള്‍ മാപ്പിള കലാപ്രോത്സാഹനത്തിന് പലതും ചെയ്യുന്നുവെന്നത് ശുഭോദര്‍ക്കമാണ്



Interview: എം കരുവാരകുണ്ട്/ വി എസ് എം കബീര്

2 comments:

Unknown said...

GOOD PLS INCLUDE ARTICLE ABOUT MAPPILA ARTS OF KASARGOD

Dr Hasbulla E said...

Informative Indeed