Thursday, March 12, 2015

സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍)




മുസ്‌ലിം സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായിരുന്നു ഖാലിദ്ബ്‌നു വലീദ്. സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ധീര യോദ്ധാവ്.
ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് മഹത്തരമാണ്. അബൂബക്കര്‍(റ)ന് താങ്ങും തണലുമായി നിന്ന വ്യക്തി. അനേകം യുദ്ധങ്ങള്‍ ജയിച്ച പടനായകന്‍.
ഖാലിദിനെ സര്‍വസൈന്യാധിപ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഉമറിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അബൂബക്കര്‍(റ) ഉള്ള കാലത്ത് അദ്ദേഹം അതിനു സമ്മതിച്ചതേ ഇല്ല. ഖാലിദിനെ സൈനിക നേതൃത്വം ഏല്പിച്ചത് പ്രവാചകനായിരുന്നു. പ്രവാചകന്‍ ചെയ്ത ഒരു പ്രവൃത്തി എതിര്‍ക്കാന്‍ അബൂബക്കര്‍(റ) തയ്യാറായില്ല.
ഖലീഫയായതോടെ ഖാലിദിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഉമര്‍(റ) തീരുമാനിച്ചു.
അതിന് ചില കാരണങ്ങളും ഉണ്ടായി. ഖാലിദ് മനുഷ്യസഹജമായ ചില വൈകല്യങ്ങളുടെ അടിമയായിരുന്നു. റിപ്പോര്‍ട്ടുകളും കണക്കുകളും കണിശമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നിരവധി യുദ്ധങ്ങളില്‍ നിന്നും കിട്ടിയ യുദ്ധ മുതലുകള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടെന്ന് ഉമര്‍(റ) കരുതി. അതൊക്കെ പൊതു ഖജനാവിലേക്ക് എത്തേണ്ടതാണ്.
ഉമര്‍(റ)നെ പ്രകോപിപ്പിക്കാന്‍ മറ്റൊരു സംഭവവും പിന്നീടുണ്ടായി. ഖാലിദിനെ പ്രശംസിച്ച് കവിത രചിച്ച് പാടിയ ഒരു ഇറാഖി കവിക്ക് അദ്ദേഹം പതിനായിരം ദിര്‍ഹം സമ്മാനമായി നല്കി.
മുസ്‌ലിംകളുടെ യുദ്ധ വിജയങ്ങള്‍ക്കെല്ലാം കാരണം ഖാലിദാണെന്ന ഒരു ധാരണയും മുസ്‌ലിംകളുടെ ഇടയില്‍ പരന്നിരുന്നു.
ഉമര്‍(റ)നു ഇതൊന്നും ഇഷ്ടപ്പെട്ടില്ല.
അല്ലാഹുവാണ് ഇസ്‌ലാമിനെ ശക്തിപ്പെടുത്തുന്നതെന്ന് വിശ്വസിക്കുന്നതിനു പകരം ഖാലിദാണ് എല്ലാറ്റിനും കാരണമെന്ന വിശ്വാസം ആപത്തുണ്ടാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഉമര്‍(റ) സര്‍വസൈന്യാധിപ സ്ഥാനത്തു നിന്ന് ഖാലിദിനെ മാറ്റി പകരം അബൂഉബൈദയെ നിയമിച്ചു.
വിജ്ഞാപനവുമായി ഖലീഫയുടെ ദൂതന്‍ യുദ്ധമുന്നണിയില്‍ എത്തി.
ഖാലിദ് ഖലീഫയുടെ കല്പന യാതൊരു മടിയും കൂടാതെ സ്വീകരിച്ചു. നേതൃത്വം അബൂഉബൈദക്കു കൈമാറി.
അതുകൊണ്ടൊന്നും ഉമര്‍(റ) തൃപ്തനായില്ല.
തെറ്റുകള്‍ ചെയ്ത ഖാലിദിനെ വിചാരണ ചെയ്യേണ്ടതുണ്ട്. സത്യാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കര്‍ക്കശക്കാരനായ ഉമര്‍ തന്റെ സൈന്യാധിപന് ഇളവുകള്‍ കൊടുത്തു എന്ന് ജനം പറഞ്ഞുനടക്കും. അതുണ്ടാകാന്‍ പാടില്ല.
ഖാലിദിനെ വിചാരണ ചെയ്യാന്‍ പുതിയ സര്‍വ സൈന്യാധിപനായ അബൂഉബൈദയെ ഏല്പിച്ചു.
അബൂഉബൈദ ജനങ്ങളെ വിളിച്ചുകൂട്ടി.
ഖലീഫയുടെ ദൂതന്‍ എഴുന്നേറ്റുനിന്നു. വിചാരണ തുടങ്ങി.
”ഇറാഖി കവിക്ക് പതിനായിരം ദിര്‍ഹം കൊടുത്തത് സ്വന്തം സ്വത്തില്‍ നിന്നോ പൊതു മുതലില്‍ നിന്നോ?”
ചോദ്യം കേട്ട് ഖാലിദ് ഞെട്ടിപ്പോയി.
അദ്ദേഹം ഒന്നും മിണ്ടിയില്ല.
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ഉത്തരം ലഭിച്ചില്ല.
ഉടനെ ബിലാല്‍ എഴുന്നറ്റ് ഖാലിദിന്റെ തൊപ്പി എടുത്തുമാറ്റി. തലപ്പാവുകൊണ്ട് കൈകള്‍ ബന്ധിച്ചു.
ജനത്തിന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഖാലിദ് ഇസ്‌ലാമിനുവേണ്ടി പടപൊരുതിയ സേനാനായകന്‍. സിറിയയും ഇറാഖും കീഴ്‌പ്പെടുത്തിയ പടനായകന്‍. ഇസ്‌ലാമിനു വേണ്ടി ത്യാഗങ്ങള്‍ ചെയ്ത പോരാളിയെ പതിനായിരം ദിര്‍ഹത്തിന്റെ പേരില്‍ അപമാനിക്കുകയോ?
പക്ഷേ, ഉമര്‍(റ) നീതിമാനായിരുന്നു.
അഭിനന്ദിക്കേണ്ട സന്ദര്‍ഭത്തില്‍ ഖാലിദിനെ അഭിനന്ദിച്ചിട്ടുണ്ട്.
ഖാലിദിന്റെ ഹൃദയം പിടയുകയായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരും സദസ്സിലുണ്ട്.അവരുടെ മുമ്പില്‍ ഒരു കുറ്റവാളിയാകാന്‍ ഖാലിദ് ഇഷ്ടപ്പെട്ടില്ല.
”എന്റെ സ്വത്തില്‍ നിന്നാണ് ഞാനത് നല്കയത്.” ശാന്തനായി ഖാലിദ് ബോധിപ്പിച്ചു.
ജനത്തിന് ആശ്വാസമായി.
മറുപടി കേട്ടതോടെ ബിലാല്‍ തൊപ്പി തിരിച്ചുനല്കി. കൈകള്‍ മോചിപ്പിച്ചു.
സ്ഥാനം നഷ്ടപ്പെട്ട ഖാലിദ് മദീനയിലെത്തി. ഉമറിനെ മുഖം കാണിച്ചു. അദ്ദേഹം ഏറെ ഖിന്നനായിരുന്നു.
”എന്തിന് എന്നെ അങ്ങനെ അപമാനിച്ചു?”
ഖാലിദ് നടന്ന കാര്യങ്ങള്‍ ദു:ഖത്തോടെ ഖലീഫയോട് ബോധിപ്പിച്ചു.
”ഞാന്‍ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ രഹസ്യമായി ചോദ്യം ചെയ്താല്‍ മതിയായിരുന്നല്ലോ?”
ഖാലിദിന് ഒരിക്കലും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല നടന്നതൊക്കെയും.
”താങ്കള്‍ ഇറാഖി കവിക്ക് രഹസ്യമായാണോ സമ്മാനം നല്കിയത്?”
”അല്ല. പരസ്യമായാണ് നല്കിയത്.”
”പരസ്യമായി ചെയ്തതുകൊണ്ട് വിചാരണയും പരസ്യമായി നടത്തി. മറിച്ചായിരുന്നുവെങ്കില്‍ രഹസ്യമായി വിചാരണ ചെയ്യുമായിരുന്നു. 
ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്.” ഉമര്‍(റ) കാര്യം വ്യക്തമാക്കി.
”ഒന്നു ചോദിക്കട്ടെ.


ഈ സമ്പത്തെല്ലാം താങ്കള്‍ക്ക് എവിടെ നിന്നു കിട്ടി? ഒരാള്‍ക്ക് പതിനായിരം ദിര്‍ഹം സമ്മാനം കൊടുക്കാന്‍ മാത്രം.” ഉമര്‍(റ) വീണ്ടും ചോദിച്ചു.
 തനിക്ക് ലഭിച്ച യുദ്ധമുതലുകളുടെ കണക്ക് ഖാലിദ് നിരത്തി. തന്റെ കൈവശം ഇനിയും എണ്‍പതിനായിരം ദിര്‍ഹമുണ്ട് എന്ന് വെളിപ്പെടുത്തുകയും ചെയ്തു.
 ”വേണമെങ്കില്‍ ആ പണം പൊതു ഖജനാവില്‍ അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്.” അതും പറഞ്ഞ് ഖാലിദ് തന്റെ സമ്പാദ്യം ഖലീഫക്കു മുമ്പില്‍ വച്ചു. 
ഉമര്‍(റ) കണക്കുകള്‍ പരിശോധിച്ചു. കൂടുതലുണ്ടായിരുന്ന പതിനായിരം ദിര്‍ഹം മാത്രമെടുത്ത് അറുപതിനായിരം ദിര്‍ഹം തിരിച്ചെടുക്കാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടു. 
വിചാരണയിലും ചോദ്യം ചെയ്യലിലുമെല്ലാം ഖാലിദിന് മനോവിഷമമുണ്ടെന്ന് ഉമര്‍(റ) മനസ്സിലാക്കി. അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കണമെന്ന് ഉമര്‍(റ) തീരുമാനിച്ചു.

 ”അല്ലാഹുവാണ് താങ്കള്‍ എനിക്ക് പ്രിയപ്പെട്ടവന്‍ തന്നെയാണ്.” 

ഉമര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കിടയില്‍ ഖാലിദിനെ സംബന്ധിച്ച് മോശം അഭിപ്രായം ഉണ്ടാകരുതെന്ന് ഉമര്‍(റ) ന് നിര്‍ബന്ധമുണ്ടായിരുന്നു. തെറ്റിദ്ധാരണകള്‍ നീക്കണമെന്ന് ഖലീഫ തീരുമാനിച്ചു. 
അദ്ദേഹം ജനങ്ങളെ വിളിച്ചുകൂട്ടി. അവരുടെ മുമ്പില്‍ ഖലീഫ പ്രഖ്യാപിച്ചു. ”ഞാന്‍ ഖാലിദിനെ ഉദ്യോഗത്തില്‍ നിന്ന് നീക്കിയത് അദ്ദേഹത്തോട് എനിക്ക് വെറുപ്പ് ഉണ്ടായതുകൊണ്ടല്ല. അദ്ദേഹം കാരണം ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാകാതിരിക്കാന്‍ വേണ്ടിയാണ്. എല്ലാ വിജയത്തിനും കാരണക്കാരന്‍ അദ്ദേഹമാണെന്ന് ജനം കരുതിയാല്‍ അത് ആപത്താണ്. അല്ലാഹുവാണ് എല്ലാ വിജയത്തിനും കാരണക്കാരന്‍. നിങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ വേറൊരു മാര്‍ഗവും എന്റെ മുമ്പിലുണ്ടായിരുന്നില്ല.” 
ഖാലിദിന്റെ ഉള്ളിലെ മുറിവുകള്‍ ഉണങ്ങിയില്ല. കുറേക്കാലം അദ്ദേഹം ശാന്തനായി ജീവിച്ചു. യുദ്ധക്കളത്തില്‍ ഇറങ്ങാന്‍ പറ്റാത്ത വേദന അദ്ദേഹത്തെ ബാധിച്ചു. ഖാലിദ് രോഗബാധിതനായി. രോഗസമയത്ത് അദ്ദേഹത്തിന്റെ ഉള്ളിലെ വേദന വാക്കുകളായി പുറത്തേക്കുവന്നു. 
”നൂറോ അതിലധികമോ യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തു. വെട്ടോ കുത്തോ ഏല്ക്കാത്ത ഒരിടവും എന്റെ ശരീരത്തിലില്ല. എന്നിട്ടും എനിക്ക് ഇങ്ങനെ ശാന്തനായി വിരിപ്പില്‍ കിടന്ന് മരിക്കേണ്ടി വന്നല്ലോ. കഴുത ചാവുന്നതുപോലെ.”

 ഉമറിന്റെ കര്‍ശനമായ നിലപാടിലെ ന്യായം അവസാനഘട്ടത്തില്‍ ഖാലിദിനു ബോധ്യമായി. രോഗശയ്യയിലായിരിക്കെ അദ്ദേഹം പറഞ്ഞു. ”എനിക്ക് ഖത്താബിന്റെ മകനോട് ചിലതൊക്കെ തോന്നിയിരുന്നു. എന്നോട് ചെയ്തതുപോലെ അദ്ദേഹം പലരോടും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉമര്‍ ചെയ്തതെല്ലാം അല്ലാഹുവിനെ മുന്‍നിര്‍ത്തിയായിരുന്നു.” 

രോഗത്തില്‍ നിന്നും ഖാലിദ് രക്ഷപ്പെട്ടില്ല. ഏറെ താമസിയാതെ അദ്ദേഹം മരിച്ചു. ഖാലിദിനെയോര്‍ത്തു മദീന നിവാസികള്‍ പൊട്ടിക്കരഞ്ഞു. മരിച്ചവരെയോര്‍ത്തു വിലപിക്കുന്നത് മതം വിരോധിച്ച കാര്യമായിരുന്നു. ഉമര്‍(റ) തീരെ ഇഷ്ടപ്പെടാത്ത കാര്യം. എന്നാല്‍ ഇവിടെ ഉമര്‍(റ)വും എതിര്‍ത്തു പറഞ്ഞില്ല. പകരം ഇത്രയും കൂടി പറയുകയും ചെയ്തു.
”ജനങ്ങള്‍ കരയട്ടെ. കരയുന്നവര്‍ അത്തരം ധീരന്മാരെ ഓര്‍ത്തു കരയട്ടെ.” 
ഖാലിദിന്റെ വിയോഗത്തില്‍ ഉമറിനും ദു:ഖമുണ്ടായിരുന്നു എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. 
മരണവിവരം അറിഞ്ഞ ഉടനെ ഉമര്‍(റ) പ്രതികരണം ഇങ്ങനെയായിരുന്നു. ”അല്ലാഹു ഖാലിദിനെ അനുഗ്രഹിക്കട്ടെ. അദ്ദേഹം നാം മനസ്സിലാക്കിയതിനേക്കാള്‍ ഉന്നതനായിരുന്നു.”
ഖാലിദിനെ കുറിച്ചുള്ള ദു:ഖം ഉമര്‍(റ) ന്റെ മനസ്സില്‍ എക്കാലത്തും ഉണങ്ങാത്ത ഒരു മുറിവായി നിലകൊണ്ടു. അക്രമിയുടെ കുത്തേറ്റ് ആസന്ന മരണനായി കിടക്കുമ്പോഴും ഉമറിന്റെ ഓര്‍മയില്‍ ഖാലിദുണ്ടായിരുന്നു
. ”ഖാലിദുബ്‌നു വലീദ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അധികാരം ഏല്പിക്കാമായിരുന്നു.” നിരാശ നിറഞ്ഞ വാക്കുകള്‍ ഖാലിദിന്റെ ധീരതയ്ക്കുള്ള അംഗീകാരമായിരുന്നു.

No comments: