Friday, March 28, 2014

ഒഴിവുകിട്ടിയാല്‍ അധ്വാനിക്കുക


നാട്ടിന്‍പുറത്തെ ഒരു ചായക്കട. ഉച്ചതിരിഞ്ഞാല്‍ പത്തിരുപതുപേര്‍ സ്ഥിരമായി ഒത്തുകൂടുന്ന നാട്ടുകേന്ദ്രം. ഉച്ച വരെ പാടത്തും പറമ്പിലും വെയിലിലും മഴയിലും പണിയെടുത്ത്‌ ഉച്ചയ്‌ക്ക്‌ വല്ലതും കഴിച്ച്‌ അല്‌പം വിശ്രമിച്ച ശേഷമാണിവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്‌. ഓരോ ചുടുചായ കഴിച്ച്‌ മൂന്ന്‌ നാലുപേര്‍ ഒരു മൂലയിലേക്ക്‌ മാറിയിരിക്കുന്നു. അവര്‍ ഒരു വല ഉണ്ടാക്കുകയാണ്‌. നൂല്‍വല. മീന്‍പിടിക്കുന്ന വല. എല്ലാ ദിവസവും കുറേശ്ശെ പണി. വെടി പറഞ്ഞിരിക്കുന്നതിനിടയില്‍ ഒരാഴ്‌ച കൊണ്ട്‌ ഒരു മീന്‍വല തയ്യാര്‍. ഏകദേശം അന്‍പത്‌ വര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു നാട്ടിന്‍പുറ ദൃശ്യം. ഇതില്‍ നമുക്ക്‌ ഒരുപാട്‌ പാഠങ്ങളുണ്ട്‌.


എല്ലു മുറിയെ പണിചെയ്‌ത്‌ ക്ഷീണിച്ചശേഷം ഒരല്‌പം `എന്റര്‍ടെയ്‌മെന്റിന്‌' വേണ്ടിയുള്ള ഒത്തുചേരല്‍. തികച്ചും മാനുഷികമായ ഒരാവശ്യത്തില്‍ ഒരു തലമുറയിലെ സുഹൃത്തുക്കളുടെ പങ്കുചേരല്‍. വിശ്രമവേള ഒട്ടും കളയാതെ, തമാശ കലര്‍ന്ന വെടിവട്ടവും കാര്യമാത്ര പ്രസക്തമായ നാട്ടുവര്‍ത്തമാനങ്ങളും എല്ലാം ഉള്‍ക്കൊണ്ടുതന്നെ അവരുടെ കൈകള്‍ ചലിക്കുന്നു. അവരുടെ വിശ്രമവേള സാര്‍ഥകമാവുന്നു. വിശ്രമം എന്നു പറഞ്ഞാല്‍ വെറുതെയിരിക്കലല്ല, നിഷ്‌ക്രിയത്വമല്ല, കര്‍മരംഗത്ത്‌ നിന്ന്‌ ഒഴിഞ്ഞുനില്‌ക്കലല്ല. മറിച്ച്‌, അധ്വാനം കുറഞ്ഞ, സന്തോഷദായകമായ, താല്‌പര്യമുള്ള, എന്നാല്‍ പ്രയോജനപ്രദമായ രൂപത്തില്‍ സമയം ചെലവഴിക്കുക എന്ന ഗുണപാഠമാണ്‌ മേല്‍ സംഭവത്തില്‍ നിന്ന്‌ നമുക്ക്‌ ഉള്‍ക്കൊള്ളാവുന്നത്‌.
കാലവും സമൂഹവും മാറി. ജീവിതരീതിയും തൊഴില്‍ സ്വഭാവവും മാറി. നാടും സാഹചര്യവും മാറി. സര്‍വത്രമാറ്റം. ശാസ്‌ത്രയുഗം സാങ്കേതികതയുടെ കാലഘട്ടം, ഐടി സമൂഹം... ഇന്ന്‌ നാം ഒഴിവുസമയം അനുഭവിക്കുന്നുണ്ടോ? ലിഷര്‍ ടൈം ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്ന്‌ ആലോചിക്കുക. പണ്ടെന്നപോലെ ഇന്നും പലര്‍ക്കും പല തരത്തിലുള്ള ഉത്തരമാണ്‌ ലഭിക്കുക. പക്ഷേ, ഒരു കാര്യം നാം ഉറപ്പിച്ചു വയ്‌ക്കേണ്ടതുണ്ട്‌. ഒഴിവു വന്നാല്‍ വെറുതെയിരിക്കലല്ല; സമയം പാഴാക്കലല്ല. വിശുദ്ധ ഖുര്‍ആന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു: ``ആകയാല്‍ നിനക്ക്‌ ഒഴിവുകിട്ടിയാല്‍ നീ അധ്വാനിക്കുക'' (94:7). വിശുദ്ധ ഖുര്‍ആന്‍ നമ്മിലേക്കെത്തിച്ചുതന്ന മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു: ``രണ്ട്‌ മഹാ അനുഗ്രഹങ്ങള്‍; അവയുടെ കാര്യത്തില്‍ മിക്ക ആളുകളും നഷ്‌ടം സംഭവിക്കുന്നവരാണ്‌. ആരോഗ്യവും ഒഴിവുമത്രെ ആ രണ്ട്‌ അനുഗ്രഹങ്ങള്‍.''
ജീവിതത്തെ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന തത്ത്വശാസ്‌ത്രമാണ്‌ ഉപരിസൂചിത ആയത്തും പ്രവാചക വചനവും സൂചിപ്പിക്കുന്നത്‌. ഒരു പുരുഷായുസ്സില്‍ ലഭിക്കുന്ന തിരക്കും ഒഴിവും നിര്‍ധാരണം ചെയ്‌താല്‍ പലതരത്തിലും തലത്തിലും അതിനെ കാണാന്‍ കഴിയും. തിരക്കുപിടിച്ച ജീവിതം വിശ്രമജീവിതം, ബാധ്യതകളില്ലാത്ത കാലം തുടങ്ങിയ ഘട്ടങ്ങളെപ്പറ്റി ആലോചിച്ചുനോക്കൂ. ഒരോ ദിവസത്തെയും വിശ്രമവേള, ആഴ്‌ചയിലെ അവധി, വാര്‍ഷികാവധി തുടങ്ങിയ അളവുകോലിലേക്കും അതിനെ മാറ്റിനോക്കാം. ഒരു കര്‍ഷകജീവിതത്തിലെ തിരക്കുപിടിച്ച കൃഷിയിറക്കുകാലം, അല്‌പം ആശ്വാസം ലഭിക്കുന്ന വിളവെടുപ്പുകാലം എന്നിങ്ങനെയും അത്‌ മാറിവരുന്നു. ഒരു ഉദ്യോഗസ്ഥന്റെ സേവനകാലവും വിശ്രമജീവിതവും മറ്റൊരു തലമാണ്‌. അഥവാ ജോലിത്തിരക്കും, ഒഴിവുവേളയും മൂര്‍ത്തമായ ഒരു സാധനമല്ല എന്നര്‍ഥം. `നിനക്ക്‌ ഒഴിവുകിട്ടിയാല്‍ നീ അധ്വാനിക്കുക' എന്ന ഖുര്‍ആന്‍ വചനത്തിന്റെ പൊരുളും ഇതുതന്നെ. നബി(സ) ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു: അഞ്ചുകാര്യങ്ങള്‍ വരുന്നതിനു മുമ്പ്‌ അഞ്ചുകാര്യങ്ങള്‍ കൊണ്ട്‌ നിങ്ങള്‍ ധന്യരാവുക. തിരക്കുപിടിച്ച കാലത്തിനു മുന്‍പായി നിനക്ക്‌ ലഭിക്കുന്ന ഒഴിവുകാലമാണ്‌ അവയിലൊന്നായി പ്രവാചകന്‍ തെര്യപ്പെടുത്തിയത്‌. വിശ്വാസിയുടെ ജീവിതം കര്‍മനിരതമായിരിക്കുമെന്നര്‍ഥം.
ഈയൊരു പരിപ്രേക്ഷ്യത്തില്‍ നമ്മുടെ ഇളംതലമുറയെപ്പറ്റി ആലോചിച്ചു നോക്കേണ്ട സമയമാണിത്‌. ഇളംതലമുറ ഇന്ന്‌ വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ്‌. മനശ്ശാസ്‌ത്രപരമായി അവര്‍ക്ക്‌ ലഭിക്കുന്ന ഒഴിവുവേളയാണ്‌ നമ്മുടെ മുന്നിലുള്ള മാസങ്ങള്‍. പ്രത്യേകിച്ചും ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ളവര്‍. അഥവാ അഞ്ച്‌ മുതല്‍ പതിനേഴ്‌ വയസ്സുവരെയുള്ള ബാലകൗമാരങ്ങള്‍. വിദ്യാഭ്യാസമെന്നത്‌ ജീവിതത്തിന്റെ അനിവാര്യഘടകമാണെങ്കിലും ഇന്ന്‌ അത്‌ മികവിന്റെയും മത്സരത്തിന്റെയും ഒരുവേള പൊങ്ങച്ചത്തിന്റെയും വേദിയായി മാറിയിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികള്‍ പോലും ടെന്‍ഷനിലാണ്‌. കുട്ടികളെ ടെന്‍ഷനില്‍ പെടുത്തരുത്‌ എന്നത്‌ ഒരു സിദ്ധാന്തമാക്കി പ്രയോഗവത്‌കരിച്ചുകൊണ്ടാണ്‌ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളം പയറ്റിനോക്കിയ പാഠ്യപദ്ധതിയും പഠനപ്രക്രിയകളും. 
പക്ഷേ അതില്‍ സംതൃപ്‌തി കണ്ടെത്താതെ തികഞ്ഞ ടെന്‍ഷനുകളുടെ ലോകത്തേക്ക്‌ -ഇംഗ്ലീഷ്‌ മീഡിയം മത്സരരംഗത്തേക്ക്‌- തങ്ങളുടെ മക്കളെ കൈപിടിച്ചാനയിക്കാനാണ്‌ പുരോഗമനേച്ഛുക്കളായ രക്ഷിതാക്കള്‍ തയ്യാറായത്‌. അതിനവരെ കുറ്റം പറഞ്ഞുകൂടാ. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച എന്നാരോപിക്കപ്പെടുന്ന അവസ്ഥയും അപ്പുറത്ത്‌ കാണുന്ന നിലവാരമെന്ന അക്കരപ്പച്ചയും തമ്മിലാണ്‌ മത്സരം. ഫലമോ കുട്ടികള്‍ ടെന്‍ഷനില്‍ തന്നെ. പുസ്‌തകസ്സഞ്ചി ഒരു മൂലയിലേക്കിട്ട്‌ കൂട്ടുകാരോടൊത്ത്‌ ഒഴിഞ്ഞു പാടത്തേക്കോ മറ്റോ ചേക്കാറാന്‍ വെമ്പുന്ന ബാല്യത്തെപ്പോലും പിടിച്ചുകെട്ടി ട്യൂഷനില്‍ തളച്ചിടുന്ന തരത്തിലുള്ള പരിവര്‍ത്തനത്തിലേക്കാണ്‌ സമൂഹം ആപതിച്ചത്‌. മതപഠനത്തിന്‌ പ്രാധാന്യം കല്‌പിക്കുന്ന മുസ്‌ലിംകളുടെ മക്കള്‍ ഇരട്ടിഭാരം പേറേണ്ട ദുരന്തവും നാം കാണുന്നു.
ഒരു പ്രത്യേക ചട്ടക്കൂടില്‍ ഞെരുങ്ങി ജീവിക്കുകയും ബുദ്ധിപരമായി അധ്വാനിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ നമ്മുടെ മക്കള്‍ (വിദ്യാര്‍ഥികള്‍). തീര്‍ച്ചയായും അവര്‍ക്ക്‌ വിശ്രമം വേണം. അതുതന്നെയാണ്‌ അവധിക്കാലം. ഈ വിശ്രമവേളകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ്‌ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്‌. ബാല്യകൗമാരങ്ങളുടെ ജീവിതത്തിന്റെ അനിവാര്യതയായ കളിയും വിനോദവും പരമാവധി കുറച്ചുകൊണ്ടാണ്‌ നാമവരെ വിദ്യാലയങ്ങളിലേക്കു നയിച്ചത്‌. ആയതിനാല്‍ നഷ്‌ടപ്പെട്ടത്‌ അവധിക്കാലത്ത്‌ ഒരു പരിധിവരെ തിരിച്ചുനല്‍കാനാവണം. തുടര്‍പഠനത്തിന്‌ ഊര്‍ജം പകരാന്‍ അത്‌ അത്യാവശ്യമാണ്‌. എന്നാല്‍ പത്തുമാസം പഠനവും രണ്ടുമാസം കളിയും എന്ന സമവാക്യം ബുദ്ധിപരമല്ല. പഠനകാലത്ത്‌ കുറച്ചൊക്കെ കളിച്ചിട്ടുണ്ടല്ലോ. ആയതിനാല്‍ ഒഴിവുകാലത്ത്‌ കുറച്ചൊക്കെ കാര്യവും ആവാം.
തുടര്‍പഠനത്തിനായി ഒരുക്കങ്ങള്‍ നടത്തുന്നവരുണ്ട്‌. അത്‌ ആവശ്യമാണ്‌. താല്‌പര്യമുള്ള വിഷയത്തില്‍ ഹ്രസ്വകാല കോഴ്‌സില്‍ ഏര്‍പ്പെടുന്നവരുണ്ട്‌. തോട്ടവിളകള്‍ക്കൊപ്പം ഇടവിള എന്ന പോലെ. അത്‌ വിശ്രമവും ഫലദായകവുമാണ്‌. പലപ്പോഴും വിസ്‌മരിക്കപ്പെടുന്ന ഒരു കാര്യമുണ്ട്‌. വളര്‍ന്നുവരുന്ന തലമുറയെ, ആണായാലും പെണ്ണായാലും വീട്ടുകാര്യങ്ങളില്‍ തല്‌പരരാക്കുക. സാധാരണക്കാരായ കുടുംബങ്ങളില്‍ പോലും കുട്ടികള്‍ വീട്ടുകാര്യങ്ങളില്‍ മാതാപിതാക്കളെ സഹായിക്കുക എന്നത്‌ കുറഞ്ഞുവരുന്നു. അച്ഛനമ്മമാര്‍ക്ക്‌ വിശ്രമം കൊടുക്കുകയോ ഒരു കൈത്താങ്ങ്‌ നല്‌കുകയോ ചെയ്യുക എന്നതിലുപരി വളരുന്ന തലമുറയ്‌ക്ക്‌ ജീവിതം പരിശീലിപ്പിക്കുക എന്ന മഹാദൗത്യം അതിലടങ്ങിയിട്ടുണ്ട്‌. കുടുംബ വീടുകളില്‍ വിരുന്നുപോവുകയും വിരുന്നുവരികയും ചെയ്യുക എന്നത്‌ ഇല്ലാതാവുന്ന കാലമാണ്‌. സമയമില്ലാഞ്ഞിട്ടല്ല, വേണ്ടെന്നു വച്ചിട്ടുമല്ല. നാമൊരുക്കിയ വലിയ വീടുകളും നമ്മുടെ ജീവിത സങ്കല്‌പങ്ങളും നമുക്ക്‌ സംഭാവനയായി നല്‌കിയ ഗൃഹാതുരത്വം നമ്മെ നമ്മില്‍ തന്നെ തളച്ചിടുന്നു എന്നതാണത്‌. ഈയൊരു ബന്ധവിശുദ്ധിയുടെയും പാരസ്‌പര്യത്തിന്റെയും അഭാവമാണ്‌ ഇളംതലമുറയിലെ പെരുകിവരുന്ന കുറ്റവാസനകള്‍ക്ക്‌ കാരണം. സ്വന്തം കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും കൂടുതല്‍ ഇടപഴകി ജീവിക്കാന്‍ കുട്ടികള്‍ക്കവസരമൊരുക്കാന്‍ അവധിക്കാലം പ്രയോജനപ്പെടുത്താം.
ഇന്നത്തെ സമൂഹത്തിന്റെ വിദ്യാഭ്യാസ താല്‌പര്യത്തിന്റെ ഫലമായി കുറഞ്ഞുവരുന്നതാണ്‌ മതപഠനവും ധര്‍മചിന്തയും. സകല ദുരന്തങ്ങളുടെയും നാരായ വേരുകള്‍ കിടക്കുന്നതും ഇവിടെത്തന്നെ. എട്ടോ പത്തോ വയസ്സില്‍ അവസാനിക്കുന്ന മതപഠനം കൈമുതലാക്കി വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിത്തിരിച്ചവര്‍ പ്രഫഷണലുകളായി പുറത്തിറങ്ങുന്നത്‌ ധര്‍മബോധം എന്തെന്നറിയാതെയാണ്‌. ഇവരെ വീശിപ്പിടിക്കാന്‍ വൈവിധ്യമാര്‍ന്ന വലകള്‍ നെയ്‌ത്‌ കാത്തിരിക്കുന്ന നിരവധി ലോബികളുണ്ടിവിടെ. അതിനാല്‍ ഇസ്‌ലാമിക ബോധം നല്‍കാനും നല്ല കൂട്ടുകാരെ സമ്പാദിക്കാനും ക്രിയാത്മകമായ കൂട്ടായ്‌മകളില്‍ പങ്കാളികളാവാനും നമ്മുടെ കുട്ടികള്‍ക്ക്‌ ഈ ഒഴിവുകാലത്ത്‌ അവസരം നല്‍കാന്‍ രക്ഷിതാക്കള്‍ ബോധപൂര്‍വം ശ്രമം നടത്തണം.
മതനിയമങ്ങള്‍ പഠിപ്പിക്കുക എന്നതല്ല ഇപ്പോള്‍ വേണ്ടത്‌. മതത്തിന്റെ പൊരുളറിയുക, ധാര്‍മിക മൂല്യങ്ങളുടെ വിലയറിയുക, മാനവികതയെ തിരിച്ചറിയുക, സമൂഹക്ഷേമ തല്‍പരത ഊട്ടിയുറപ്പിക്കുക, വിശ്വാസത്തിന്റെ കരുത്തിലൂടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ പരിശീലിക്കുക, നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിലകല്‌പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ നവതലമുറയ്‌ക്ക്‌ പരിശീലനം ലഭിക്കേണ്ടതുണ്ട്‌. മുതിര്‍ന്ന തലമുറ ബോധപൂര്‍വം ശ്രമിച്ചാല്‍ സാധിക്കും.
വേനലവധി നേരിന്റെ വഴിയില്‍ എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

Courtsey: Shabab Weekly

മക്കളിലൂടെ രക്ഷിതാക്കള്‍ വായിക്കപ്പെടുന്നു


മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവവേദ്യമാക്കി കൊണ്ടിരിക്കുന്നത്.


രക്ഷിതാക്കളും അധ്യാപകരും എന്ന രണ്ട് സുരക്ഷിതമായ കരകള്‍കിടയിലൂടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേയ്ക്ക് പ്രവഹിക്കാന്‍ സന്താനങ്ങള്‍ക്ക് അവസരമുണ്ടാകണം. മക്കളുടെ അഭിരുചികള്‍ പഠനത്തിലായാലും പാഠ്യേതരത്തിലായാലും അംഗീകരിക്കപ്പെടണം. ശിക്ഷയും ശിക്ഷണവും പോലെത്തന്നെ പ്രാധാന്യമുള്ളവയാണ് പ്രോത്സാഹനവും പ്രശംസയും. വ്യക്തി എന്ന വിവക്ഷ പ്രായഭേദങ്ങള്‍ക്ക് വിധേയമാകരുത്. അനുവദനീയമായ വ്യക്തിസ്വാതന്ത്ര്യം രക്ഷിതാക്കളുടെ ഔദാര്യമല്ല മറിച്ച് സന്താനങ്ങളുടെ അവകാശമാണ്. പറയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കും കേള്‍ക്കാനുള്ള ബാധ്യത മക്കള്‍ക്കും എന്നതിനേക്കാള്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലെ സംഭാഷണമാണ് അഭികാമ്യം. കുട്ടികളുടെ ലോകത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അജ്ഞത വളര്‍ന്നുവരുന്ന തലമുറയെ അധാര്‍മികതയുടെ ചതുപ്പ് നിലങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകരുത്.

മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ഉണ്ടായിരിക്കണമെന്ന് ആശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളാല്‍ വായിക്കപ്പെടുന്നു എന്നത് വിസ്മരിച്ചുകൊണ്ടുള്ള സദുപദേശങ്ങളാണ് സന്താനങ്ങള്‍ പരിതിയ്ക്ക് പുറത്താകുന്നതിന്റെ മുഖ്യഹേതു.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വളരെ ശാസ്ത്രിയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സന്താന പരിപാലനം. എന്തിനും ഏതിനും അരുതായ്മകളുടെ കല്പനകള്‍കൊണ്ട് കുട്ടികളെ അനുസരിപ്പിക്കാനുള്ള പോലീസ് മുറകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വിപരിത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ദൗത്യവും ധര്‍മ്മവും ഗൗരവബുദ്ധ്യാ ഉള്‍കൊള്ളുകയും സര്‍ഗാത്മകമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ഒരു നല്ല നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും.

Tuesday, March 4, 2014

ഉമ്മ


ഉമ്മയെ കുറിച്ച ഓര്‍മകള്‍

mom8821വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചു കഥയുണ്ട്. ഒരമ്മയും മകനും, അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. അവര്‍ക്ക് വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. മകന്‍ വളര്‍ന്ന് വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കണമെന്നതായിരുന്നു അത്. അതോടെ അവന്റെ ഉറക്കവും ഉന്‍മേഷവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ അമ്മ കാരണമന്വേഷിച്ചു. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും അവസാനം മകന്‍ കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍ ആ അമ്മ പറഞ്ഞു: ' മോനേ അതിനു നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. നീ എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയമെടുത്ത് അവള്‍ക്കു കൊണ്ടു പോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി. അങ്ങനെ അമ്മയുടെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകയുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കാല്‍ കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചു പോല്‍ 'മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?'

ഇത് എന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു കഥയല്ല. എന്റെ ഉമ്മ വാതരോഗത്തിനടിപ്പെട്ട് കഠിനമായ വേദന സഹിച്ചാണ് പത്തു കൊല്ലത്തിലേറെ കാലം ജീവിച്ചത്. ഞാന്‍ പാതിരാവില്‍ വന്ന് വാതില്‍ തുറക്കും. ഉടനെ ചോദിക്കുക: 'ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? നടന്നാ വന്നത്? പാതിരാവായില്ലേ, പോയി വേഗം കിടന്നോ?'

കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും നിറയൗവ്വനത്തിന്റെ കരുത്തുള്ള എന്നെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വേവലാതിയും ഞങ്ങള്‍ മക്കളുടെ കാര്യത്തിലാണ്.

ഇതാണ് ഉമ്മ. 1983 ജൂലായ് 23-നാണ് ഉമ്മ ഞങ്ങളോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടിനു ശേഷവും കിടക്കാന്‍ പോകുമ്പോള്‍ ഉമ്മയുടെ ചോദ്യം കാതുകളില്‍ വന്നലക്കുന്നു. വൈകാതെ അത് പ്രാര്‍ഥനയായി മാറുന്നു. 'നാഥാ വേദനകളില്ലാത്ത ലോകത്ത് ഉന്നത സ്ഥാനം നല്‍കി ഉമ്മയെ നീ അനുഗ്രഹിക്കേണമേ.' ഇതു കൊണ്ടൊക്കെ തന്നെയായിരിക്കുമല്ലോ ഉമ്മക്ക് പ്രവാചക വചനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്.
By: Sheikh Mohammad Karakunnu

ഉമ്മാ എന്‍ പൊന്നുമ്മാ

mom98
ഉമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടാവില്ല. ഏതു ഭാഷയിലും 'മാതാവ്' കവിതയുടെ വിഷയമാണ്. മാതൃസങ്കല്‍പം അത്രമാത്രം മഹത്വമേറിയതാണ്. അതു കൊണ്ടാണഅ ആള്‍ ദൈവങ്ങള്‍ അവരുടെ പേരിനോട് മാത ചേര്‍ക്കുന്നത്. മാതാ മധുരാനന്ദമയി, മാതാ ധര്‍മാനന്ദമയി, മാതാ ദിവ്യാനന്ദമയി എന്നെല്ലാം പറുന്നത് ആ വാക്കുമായി ജനമനസിലേക്ക് ഇറങ്ങാന്‍ കഴിയും എന്ന് അവര്‍ വിചാരിക്കുന്നത് കൊണ്ടായിരിക്കാം.

മാതാവിന് ഇസ്‌ലാം കല്‍പിച്ച സ്ഥാനം ഈ പംക്തിയില്‍ വന്നതാണ്. ഇതാ മാതാവിനെ കുറിച്ച് ഈയിടെ ഞാന്‍ കുറിച്ച ഒരു ഗാനം. 'ഒയ്യേയെനിക്കുണ്ട്' എന്ന ഇശലില്‍ ഇതൊന്നു പാടി നോക്കൂ..
ഉമ്മാ എന്‍ പൊന്നുമ്മ
  ഉമ്മകളായിരം
ഉണ്ണിക്കവിളത്ത്
  നല്‍കിയുമ്മ -  എന്നും
ഉറ്റവിചാരത്താല്‍ പോറ്റിയുമ്മ (ഉമ്മ)
കയ്യ് വളരുന്നോ
 കാല് വളരുന്നോ
കൗതുകക്കണ്ണാലെ
 നോക്കിയുമ്മ -  എന്നും
കണ്ണേ കരളേയെ
ന്നോതിയുമ്മ (ഉമ്മാ)
രോഗം വരുന്നേരം
 രാവ് പകലാക്കി
ചാരത്തിരുന്നെന്നെ
  നോക്കിയുമ്മ - എന്നെ
സ്‌നേഹപ്പുതപ്പാല്‍ പൊ
  തിയും ഉമ്മാ (ഉമ്മാ)
ഇല്ലിതു പോലാരും
  അല്ലാന്റെ ഭൂമിയില്‍
എല്ലാം സഹിച്ചീടും
  മക്കള്‍ക്കായി - ഉമ്മാ
ക്കെന്തു കൊടുത്താല്‍
  കടം വീടീടും? (ഉമ്മാ)
വായനക്കാരേ, ഒരു മാതാവും നമുക്ക് കടമായല്ല സ്‌നേഹം തന്നത്. ഒരു സ്വാര്‍ഥതയുമില്ലാതെ നിര്‍മലമായ സ്‌നേഹം അവര്‍ വാരിക്കോരി തന്നു. പക്ഷെ, നാം അത് കടമായി കാണണം. അവര്‍ തന്ന സ്‌നേഹത്തിനും പകരം നാം എന്തു തിരിച്ചു കൊടുത്താലും കടം തീര്‍ക്കാനാവില്ല. 'ഉമ്മായെന്‍ പൊന്നുമ്മാ' എന്ന് വീട്ടില്‍ നിന്നു പാടുമ്പോള്‍ അത് നിങ്ങളുടെ ഉമ്മയെ മാത്രമല്ല ബാധകമാവുക. ഭാര്യക്കും സഹോദരിമാര്‍ക്കും സഹോദരന്റെ ഭാര്യമാര്‍ക്കും എല്ലാം ബാധകമാവും. കാരണം അവര്‍ക്കും മക്കളുണ്ടായി കഴിഞ്ഞിരിക്കുമല്ലോ.

എല്ലാവര്‍ക്കും മനസ്സില്‍ ഒരിടം നല്‍കണം എന്ന് ഈ പംക്തിയില്‍ മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. അമേരിക്കയില്‍ സുഖമായി കഴിയുകയാണ് നിങ്ങളും ഭാര്യയും എന്ന് സങ്കല്‍പിക്കുക. വിദ്യാഭ്യാസമില്ലാത്ത ഉമ്മ കേരളത്തിലെ ഒരു കുഗ്രാമത്തിലും. നിങ്ങള്‍ അമേരിക്കയില്‍ വെച്ച് ഒരു അപകടമോ വലിയ വേദനയോ വന്നാല്‍ അവിടത്തെ പതിവു ഭാഷ വെടിഞ്ഞ് പച്ച മലയാളത്തില്‍ നിങ്ങള്‍ വിളിക്കുക 'എന്റുമ്മാ എന്റുമ്മാ' എന്നായിരിക്കും. കുഞ്ഞുണ്ണി മാഷ് അമ്മയെ പറ്റി പാടിയത് കേട്ടോളൂ.
'അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാല്‍ അമ്മിഞ്ഞക്കല്ല്'
ഈ കവിതക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഇത് ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. അമ്മിയും അമ്മിഞ്ഞയും മലയാള ഭാഷയിലേ ഉള്ളൂ. അതിനാല്‍ ലോകഭാഷയില്‍ ഇതു വേറിട്ടു നില്‍ക്കുന്നു.

സന്താനങ്ങളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ അമ്മയുടെ ഹൃദയം ആഴിയോളം ആഴമുള്ളതും ആകാശം പോലെ വിശാലതയുള്ളതുമാണ്. അമ്മയെ നോവിക്കരുത്. അച്ഛനെയും. അമ്മയെ സ്‌നേഹിക്കുക, അച്ഛനെയും. അമ്മയും ഉമ്മയും മമ്മിയും മദറും മാതാവും എല്ലാം ഒരേ മധുരമുള്ള, ഒരേ നിറമുള്ള ആകൃതിയില്‍ വ്യത്യാസമില്ലാത്ത മിഠായികളാണ്.
By: EKM Pannor