Saturday, February 22, 2014

നിങ്ങള്‍ ഇണയോട് നന്ദി പറയാറുണ്ടോ?

wdf222
മനുഷ്യസമൂഹത്തിലെ ഇടപഴകലുകളില്‍ പരിചിതമായ സവിശേഷതയാണ് നന്ദി പ്രകാശിപ്പിക്കല്‍. നിങ്ങള്‍ക്കൊരാള്‍ നന്മ ചെയ്താല്‍ അയാള്‍ നന്ദിക്കര്‍ഹനാണ്. സല്‍കര്‍മങ്ങളും നല്ല പ്രവര്‍ത്തികളും ചെയ്യുന്നവര്‍ പ്രശംസിക്കപ്പെടേണ്ടതുണ്ട്. ചൊവ്വായ മനസിനെയും ശുദ്ധമായ മനുഷ്യപ്രകൃതിയുടെയും ഭാഗമാണത.് നന്ദി കാണിക്കുന്ന അടിമകളെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. 'നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്.' (അസ്സുമര്‍ : 7)  പ്രവാചക ശ്രേഷ്ഠരുടെ ഉന്നത ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് നന്ദികാണിക്കുക എന്നതാണ്. പ്രവാചകന്‍ നൂഹ്(അ) കുറിച്ച് പറയുന്നത് അല്ലാഹു പറയുന്നത് നോക്കൂ.  'നാം നൂഹിന്റെ കൂടെ കപ്പലില്‍ കയറ്റിയവരുടെ സന്തതികളല്ലോ നിങ്ങള്‍. തീര്‍ച്ചയായും നൂഹ് ഏറെ നന്ദിയുളള ദാസനായിരുന്നു.' (അല്‍ ഇസ്‌റാഅ് : 3)

പ്രവാചകന്‍ ഇബ്രാഹീമിനെക്കുറിച്ച് അല്ലാഹുവിന്റെ പരാമര്‍ശം നോക്കൂ. 'അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്തില്‍ അദ്ദേഹത്തിന് നന്മ നല്‍കി.' (അന്നഹ്ല്‍ : 121) പ്രവാചകന്‍(സ) ഇക്കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. ഞാനൊരു നന്ദിയുള്ള ദാസനാകേണ്ടേ എന്ന പ്രവാചകന്റെ വചനം പ്രശസ്തമാണല്ലോ. പ്രതാപത്തില്‍ ജനങ്ങളില്‍ ഒന്നാമനാണ പ്രവാചകന്‍(സ). അങ്ങേയറ്റം നന്ദിക്ക് അര്‍ഹരായ പലര്‍ക്കും അത് ലഭിക്കാറില്ല എന്നതിനാലാണ് അതിവിടെ സൂചിപ്പിക്കുന്നത്. അര്‍ഹതപ്പെട്ടവരോട് നന്ദി കാണിക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ച അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യമാണ്. തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു : 'ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാത്തവന്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നില്ല.' പ്രിയപ്പെട്ടവരോട് പോലും നന്ദി കാണിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന നിങ്ങള്‍ അല്ലാഹുവിനോട് നന്ദി കാണിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ?

സ്ത്രീയോട് നന്ദി കാണിക്കണം എന്നു ഞാന്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്ന സ്ത്രീ ഉമ്മയല്ല. നമ്മുടെ നന്ദിപ്രകടനത്തിന്റെ വലിയ ഭാഗം അവര്‍ക്കവകാശപ്പെട്ടതാണ്. അത് നിര്‍ബന്ധമാണെന്നതും അതിന്റെ പ്രാധാന്യവും വിസ്മരിക്കുകയോ കുറക്കുകയോ അല്ല ഞാന്‍ ചെയ്യുന്നത്. നമുക്കായി വളരെയധികം കഷ്ടപ്പെടുന്ന ഒരു സ്ത്രീയെയാണ് ഞാനുദ്ദേശിക്കുന്നത്. വീട്ടില്‍ നമുക്കും നമ്മുടെ കുട്ടികള്‍ക്കുമായി സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കുന്നത് അവളാണ്.  ഭക്ഷണം പാകം ചെയ്യുന്നതും, വസ്ത്രം തയ്യാറാക്കി വെക്കുന്നതും, മുറികള്‍ വൃത്തിയാക്കുന്നതും ഒതുക്കി വെക്കുന്നതും, നമ്മുടെ സന്തോഷത്തിനായി രാത്രിയില്‍ ഉറക്കമിളക്കുന്നതും അവള്‍ തന്നെ. സ്ത്രീ വീട്ടില്‍ ഏകദേശം എട്ട് മണിക്കൂറോളം ശമ്പളമില്ലാതെ ജോലിചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതെ ഈ പറയുന്ന സ്ത്രീകള്‍  ഭാര്യമാരാണ്.

ജീവസുറ്റ നന്ദിവാക്കുകള്‍ കൊണ്ട് എപ്പോഴെങ്കിലും അവരെ അഭിസംബോധന ചെയ്യാന്‍ നമുക്കായിട്ടുണ്ടോ? പതിറ്റാണ്ടുകളായി അവര്‍ ചെയ്യുന്ന ഈ നന്മക്ക് നന്ദി പറയേണ്ടതല്ലേ?  നമ്മുടെ ഭാര്യ എന്ന സ്ത്രീ പതിറ്റാണ്ടുകളായി നമുക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് നാം ആലോചിച്ചിട്ടുണ്ടോ? അവള്‍ കൃതജ്ഞത അര്‍ഹിക്കുന്നില്ലേ? നമുക്കും നമ്മുടെ നമ്മുടെ ജീവിതത്തിനും മക്കള്‍ക്കും നമ്മുടെ ഭാര്യയായ ആ സ്ത്രീ നല്‍കുന്ന മഹത്വമുള്ള കാര്യങ്ങളെക്കുറിച്ച് സഹോദരാ നിനക്കെന്തറിയാം? ക്ഷീണിക്കുംവരെ അവര്‍ ചെയ്യുന്ന ഈ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ മൂല്യം നല്‍കാന്‍ നമുക്ക് കഴിയാറുണ്ടോ? അലക്കിവെളുപ്പിച്ച നമ്മുടെ വസ്ത്രം, രുചികരമായ ഭക്ഷണം, അടുക്കി ഒതുക്കി വൃത്തിയായി സംരക്ഷിക്കപ്പെട്ട ഭവനം, സംസ്‌കാര സമ്പന്നരായ നമ്മുടെ മക്കള്‍ ഇതു കൂടാതെയുള്ള മറ്റുപലതും അവളുടെ കൈകള്‍ കാലങ്ങളായി പണിത പണിത്തരങ്ങളല്ലേ! നിങ്ങളെപ്പോഴെങ്കിലും നിങ്ങളുടെ ഭാര്യമാരുടെ അവകാശങ്ങളെക്കുറിച്ച് ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ?  നമുക്കതെല്ലാം നിസാരമാണ്.

അല്ലാഹുവിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് നോക്കൂ. 'അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും  അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.' (അര്‍റൂം : 21)  ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു: ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ ഏറ്റവും നല്ല വിഭവം സദ്‌വൃത്തയായ സ്ത്രീയാകുന്നു. പ്രവാചകന്റെ ഭാഷാനൈപണ്യത്തിന്റെ തെളിവാണ് ഈ ഹദീസ്. രണ്ട് വാക്കുകള്‍ കൊണ്ടാണ് പ്രവാചകന്‍ ദുന്‍യാവിനെ വിശേഷിപ്പിച്ചത്. ഇഹലോകം വിഭവമാകുന്നു എന്നു പറഞ്ഞ ശേഷം സദ്‌വൃത്തയായ ഭാര്യക്ക് ഉന്നതമായ പദവി നല്‍കിക്കൊണ്ടാണ് പ്രവാചകന്‍ വിശദീകരിക്കുന്നത്. ഈ ഹദീസ് മുന്നില്‍ വെച്ച് കൊണ്ട് നമ്മുടെ ഭാര്യമാരെ നമ്മള്‍ വിലയിരുത്തുമ്പോള്‍, വളരെ പ്രയാസപ്പെട്ട് നമ്മള്‍ സമ്പാദിക്കുന്ന ധനത്തേക്കാളും എത്തണമെന്നാഗ്രഹിക്കുന്ന പദവികളേക്കാളും ഉന്നതമാകുകയാണ് ഭാര്യയുടെ മൂല്യം. നമ്മളില്‍ പലരോടും കുട്ടികള്‍ പഠിക്കുന്ന ക്ലാസ് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ നമുക്ക് കഴിയില്ല. പക്ഷെ നമ്മുടെ ഭാര്യമാര്‍ക്ക് അതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. കാരണം അവരാണ് കൂടുതല്‍ സമയം അവരോട് ഇടപഴകുന്നവര്‍.

'സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കുക.' എന്നാണ് നബി(സ) കല്‍പിച്ചിട്ടുള്ളത്. ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ പാപസുരക്ഷിതരായ മാലാഖമാരാണെന്ന് വാദിക്കുകയല്ല. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പിച്ച കാര്യത്തെ കുറിച്ച് ഉണര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. 'നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നതില്‍ അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മനകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം.' (അന്നിസാഅ് : 19) മുകളില്‍ പാരാമര്‍ശിച്ച സൂക്തം ലോക രക്ഷിതാവായ അല്ലാഹുവിന്റെ കല്‍പനയാണ്. എല്ലാ നന്മകളും ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന 'മഅ്‌റൂഫ്' എന്ന പദമാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്. അതായത് സ്ത്രീകളോട് വാക്കിലും കര്‍മത്തിലും സൂചനയിലും തുടങ്ങി എല്ലാ വിധത്തിലുള്ള പെരുമാറ്റത്തിലും നന്മയില്‍ സഹവര്‍ത്തിക്കല്‍ അനിവാര്യമാണ്.

'നിങ്ങള്‍ അവരെ വെറുക്കുന്നുവെങ്കില്‍' എന്നും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ വെറുക്കുന്നത് ന്യായമായ കാരണത്തിന്റെ പേരിലായിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും തെറ്റിധാരണയുടെ അടിസ്ഥാനത്തിലാവാം. എന്നാല്‍ നിങ്ങള്‍ വെറുക്കുന്ന ഒന്നിലായിരിക്കാം അല്ലാഹു നിങ്ങള്‍ക്ക് നന്മകള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ് തുടര്‍ന്ന് പറയുന്നത്. അതായത് നിങ്ങള്‍ ചുറ്റുമുള്ള വെളിച്ചവും പ്രകാശവും കാണാതെ എവിടെയോ കിടക്കുന്ന ഇരുട്ടിലേക്ക് മാത്രം കണ്ണു തുറന്നു വെക്കരുത്. സ്ത്രീകളുടെ തെറ്റിനെ മാത്രം കാണുകയും നന്മ കാണാതിരിക്കുകയും ചെയ്യരുത് എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ആശയത്തെ ഒന്നു കൂടി ശക്തിപ്പെടുത്തുന്നതാണ് പ്രവാചകന്‍(സ) ഈ വാക്കുകള്‍ : 'വിശ്വാസിയായ സ്ത്രീയും പുരുഷനും പിണങ്ങരുത്, അവളില്‍ വെറുപ്പുളവാക്കുന്ന ചില സ്വഭാവങ്ങളുണ്ടെങ്കിലും തൃപ്തിപ്പെടുന്ന മറ്റു ചില ഗുണങ്ങളുണ്ടാകും.'  (മുസ്‌ലിം) നിന്റെ വിശ്വാസിനിയായ ഇണയുടെ ഭാഗത്ത് നിന്ന് വന്ന് പോയ ഒരു തെറ്റിന്റെ പേരില്‍ നീ ഒരിക്കലും അവളെ വെറുക്കരുത്. നീ ഇഷ്ടപ്പെടുന്ന നിരവധി ഗുണങ്ങള്‍ അവളിലുണ്ടാവും. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവനാണ് നിങ്ങളില്‍ ഭാര്യയോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍.' (തിര്‍മിദി) ഒരാള്‍ തന്റെ ഭാരമ്യമാരോട് നല്ല നിലയില്‍ പെരുമാറുന്നില്ലെങ്കില്‍ അവരല്ലാത്തവരോട് അതിലേറെ മോശമായിട്ടായിരിക്കും പെരുമറുക.

ഭാര്യമാരോട് നല്ല ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍ എന്ന് പ്രഖ്യാപിച്ച പ്രവാചകന്‍(സ) മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാണ്. നബി(സ) ഭാര്യമാരോട് കാണിച്ച നന്മകളെ കുറിച്ച് വിശദീകരിക്കാന്‍ ഒരു ലേഖനം പരിമിതമാണ്. രോഷം കൊള്ളുന്നവരും കോപിക്കുന്നവരും പലപ്പോഴും പ്രവാചകനേക്കാള്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുന്നവരുമായിരുന്നു അവര്‍. എന്നാല്‍ അതെല്ലാം അവഗണിച്ചു കൊണ്ട് പ്രവാചക നന്മകള്‍ അവരെ ഉള്‍ക്കൊള്ളുന്നതാണ് നാം കാണുന്നത്. അവക്കെല്ലാം നന്ദിയും അനുകമ്പയും നന്മകളും പ്രകടിപ്പിച്ചാണ് നബി(സ) അവരോട് പകരം വീട്ടിയത്.
by: Dr Ali Omer
വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

ദാമ്പത്യത്തിന്റെ രസതന്ത്രം


famly666666രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാര്‍ഥ ദാമ്പത്യത്തില്‍.
  
എന്ത് കൊണ്ടാണ് മിക്ക ദാമ്പത്യങ്ങളും പരാജയപ്പെടുന്നത് ലളിതമായ മറുപടികള്‍ മാത്രമേയുള്ളൂ. ചിലര്‍ ഇണയുമൊത്തുള്ള ജീവിതം മടുത്ത് ബന്ധം തന്നെ ഒഴിയുമ്പോള്‍ മറ്റു ചിലര്‍ വരണ്ട മരുഭൂമിയില്‍ ഇടക്കെപ്പോഴോ പെയ്‌തേക്കാവുന്ന മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ജീവിക്കുന്നു. പക്ഷേ അപ്പോഴും നാം തിരിച്ചറിയാതെ പോകുന്നത് ഈ ജീവിതത്തിന്റെ കെമിസ്ട്രിയാണ്.
  
ഒരു കഥയുണ്ട്. ഇടത്തരം ജീവിതം നയിക്കുന്ന രണ്ട് ദമ്പതികള്‍ക്കിടയില്‍ നടന്ന കഥയാണ്. ഭര്‍ത്താവിന് ചെറിയ ജോലി. ചെറിയ വരുമാനം. ഭാര്യക്ക് ചെറിയ ചില ആഗ്രഹങ്ങള്‍. പക്ഷേ പരിഭവങ്ങളില്ല. കാരണം അവരുടെ പാരസ്പര്യം അതായിരുന്നു. ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു: 'ഈ ചെമ്പ് മോതിരം മാറ്റി ഞാനൊരു വെള്ളി മോതിരം ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകുമോ?'. അയാളുടെ ഉള്ള് പിടഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ.......അയാള്‍ 'ഉം' എന്ന് പറഞ്ഞ് മൗനിയായി. അപ്പോഴാണ് ദ്രവിച്ച് പൊട്ടാറായ പ്രിയതമന്റെ വാച്ചിന്റെ പട്ട അവള്‍ കണ്ടത്. അന്ന് രാത്രി മുഴുവന്‍ അവരുടെ ചുണ്ടുകള്‍ അധികമൊന്നും മന്ത്രിച്ചില്ലെങ്കിലും മനസ്സ് ഒരുപാട് സംസാരിച്ചു. പിറ്റേന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അയാളുടെ മനസ്സിനെ തലേന്നത്തെ സംഭവം മഥിച്ചു കൊണ്ടിരുന്നു. അയാള്‍ നേരേ ഒരു വാച്ച്കടയില്‍ പോയി അത് വിറ്റു. ആ പണവും പോക്കറ്റിലുള്ള ഒരല്‍പം തുകയും ചേര്‍ത്ത് ഒരു വെള്ളി മോതിരം വാങ്ങി. സ്‌നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ ധൃതിയില്‍ വീട്ടിലെത്തി. പുഞ്ചിരി തൂകി കൊണ്ട് അവള്‍ അയാളെ ആശ്ലേഷിച്ചു. 'നിങ്ങള്‍ക്ക് ഇന്ന് ഞാന്‍ സമ്മാനം വാങ്ങി വെച്ചിട്ടുണ്ട്'. മിടിക്കുന്ന നെഞ്ചിലേക്ക് തല ചേര്‍ത്തു വെച്ച് അവള്‍ പറഞ്ഞു. അയാള്‍ക്ക് കൗതുകമായി. റൂമില്‍ പോയി ഒരു പൊതിയുമായി അവള്‍ തിരിച്ചു വന്നു. അത് അയാള്‍ക്ക് നേരേ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അതഴിച്ചു നോക്കി. ഒരു മനോഹരമായ വാച്ച്!! നിറകണ്ണുകളോടെ ഇതെങ്ങെനെ വാങ്ങിച്ചു എന്നയാള്‍ ചോദിച്ചു. 'എന്റെ പാദസരം ഞാന്‍ വിറ്റു.' അവള്‍ പറഞ്ഞു. പോക്കറ്റില്‍ പതിയെ കൈയിട്ട് അയാള്‍ വെള്ളി മോതിരം എടുത്തു. അത് അവളുടെ കൈവിരലിലണിയിച്ചു. അവളുടെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ തുടച്ചു.'
  
ഈ കഥ ദാമ്പത്യത്തിന്റെ രസതന്ത്രം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മള്‍ കാണിക്കുന്ന ചില അശ്രദ്ധയും അവഗണനയും അവസാനിപ്പിക്കുകയും; ഏറ്റവും സൂക്ഷ്മമായ കാര്യങ്ങള്‍ പോലും ഹൃദയത്തില്‍ തൊടും വിധം സമീപിക്കുകയുമാണെങ്കില്‍ ഈ ദാമ്പത്യം എത്ര സുന്ദരമാണ്. സ്‌നേഹവും അനുരാഗവുമെല്ലാം നമ്മുടെ ചാരത്ത് തന്നെയുണ്ട്. പക്ഷേ നമ്മിലധികം പേരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.

By: AP Shamseer

ഭാര്യക്കു വേണ്ടി രണ്ടു സായാഹ്നങ്ങള്‍


evengkkkജോലിയും പൊതു പ്രവര്‍ത്തനവുമുള്ള ഭര്‍ത്താക്കന്‍മാര്‍ ധാരാളമുള്ള ഒരു കാലമാണിത്. രാഷ്ട്രീയ സംഘടനകളും മതസംഘടനകളും സാംസ്‌കാരിക സംഘടനകളും സജീവമായ കാലമായതിനാല്‍ യുവാക്കള്‍ ജോലി സമയം കഴിഞ്ഞാല്‍ പൊതു പ്രവര്‍ത്തനത്തില്‍ മുഴുകും. പലരും വീട്ടിലെത്താന്‍ രാത്രി പത്തു മണിയെങ്കിലുമാകും. വൈകാതെ എന്നും ഉറങ്ങാന്‍ വീട്ടിലെത്തുന്നുണ്ടല്ലോ എന്ന ആശ്വാസമാണ് അവരുടെ വാക്കുകളിലുണ്ടാവുക. ചിലപ്പോള്‍ അവര്‍ ഭാര്യമാരോട് ഇങ്ങനെ പറയും : 'എത്ര ഭര്‍ത്താക്കന്‍മാരുണ്ട് ആഴ്ച്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ വീട്ടില്‍ വരുന്നവരായിട്ട്. അന്യ ജില്ലകളില്‍ ജോലി ചെയ്യുന്ന അവരുടെ ഭാര്യമാര്‍ ആ അസാന്നിദ്ധ്യം സഹിക്കുന്നു. നിനക്ക് അക്കണക്കിന് വലിയ സുഖമാണ്. ഞാന്‍ എന്നും വീട്ടിലെത്തുന്നുണ്ടല്ലോ.'

അയാള്‍ പറയുന്നത് ശരിയാണ്. വീട്ടിലെത്താന്‍ വൈകുന്നതിനുമുണ്ട് ന്യായീകരണം. നേരം വൈകുന്നത് വേണ്ടാത്ത കാര്യത്തില്‍ ഏര്‍പ്പെട്ടത് കൊണ്ടല്ല. നല്ല കാര്യത്തില്‍ വിനിയോഗിച്ചതു കൊണ്ടാണ് എന്ന്. അതും ശരി തന്നെ. എന്നാല്‍ അതിന്നിടയില്‍ കാണേണ്ട മറ്റൊരു ശരിയുണ്ട്. വൈകുന്നേരങ്ങളില്‍ ഭര്‍ത്താവിനെ വീട്ടില്‍ കാണല്‍ ഭാര്യയുടെ വലിയ ആഗ്രഹമാണ്. കാരണം രണ്ടാണ്. വൈകുന്നേരമാണ് മിക്ക സ്ത്രീകളും പലഹാരമുണ്ടാക്കുക. ഇളം ചൂടുള്ള നെയ്യപ്പമോ ഞെരിഞ്ഞ പരിപ്പു വടയോ മയമുള്ള ഒരു കഷ്ണം കുക്കറപ്പമോ ഭര്‍ത്താവിന്റെ മുന്നില്‍ കൊണ്ടു വെക്കാന്‍ ഭാര്യക്ക് കൊതിയുണ്ടാവും. എന്നും രാത്രി പത്തുമണിക്കെത്തുന്നയാള്‍ക്ക് ചൂടുള്ള പലഹാരം നല്‍കാന്‍ അവള്‍ക്ക് കഴിയില്ലല്ലോ.

രണ്ടാമത്തെ കാരണം വൈകുന്നേരത്തെ ചായയും പലഹാരവും വിളമ്പിക്കഴിഞ്ഞാല്‍ ഭാര്യ സന്ധ്യവരെ സ്വതന്ത്രയാണ്. അപ്പോള്‍ കൂട്ടിനൊരു ഇണ എന്ന മോഹം അവള്‍ക്കുണ്ടാവും.

ഇതു കണക്കിലെടുത്ത് മാസത്തില്‍ രണ്ടു വൈകുന്നേരങ്ങള്‍ ഭാര്യക്കു വേണ്ടി മാറ്റി വെക്കുക. സന്ധ്യയാകുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വീട്ടിലെത്തണം. പിന്നെ നമസ്‌കരിക്കാനല്ലാതെ പുറത്തു പോകരുത്. ഇങ്ങനെ വീട്ടിലുണ്ടാകുന്ന ദിവസം ഭാര്യയെ അറിയിക്കണം. എങ്കിലേ അവള്‍ക്ക് ആ സായാഹ്നം ഭംഗിയുള്ളതാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഈ വരവ് ഭാര്യക്കു മാത്രമല്ല സന്തോഷമുണ്ടാക്കുക. മാതാപിതാക്കളോടൊപ്പമാണ് താമസമെങ്കില്‍ അവര്‍ക്കും ഇത് വിലപ്പെട്ട അനുഭവമാകും. പ്രത്യേകിച്ചും അവര്‍ പ്രായം കൂടിയവരാണെങ്കില്‍. സമയത്തിന്റെ ഒരു ഭാഗം അവര്‍ക്കു വേണ്ടിയും നീക്കിവെക്കണം. അവരുടെ അടുത്തിരുന്ന് ശരീരം സ്പര്‍ശിച്ചു കൊണ്ട് സംസാരിക്കുക. ഉമ്മ കിടക്കുകയാണെങ്കില്‍ തലതടവി കൊണ്ടോ കാല്‍ തിരുമ്മി കൊണ്ടോ കൈ ഉഴിഞ്ഞു കൊണ്ടോ ആകണമത്. അപ്പോള്‍ ഉമ്മയനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുണ്ടാവുകയില്ല. ചെറുപ്പത്തില്‍ നിങ്ങളെ തലോടിയതും ലാളിച്ചതും കൊഞ്ചിച്ചതുമെല്ലാം ഉമ്മയുടെ മനസ്സില്‍ ടി.വി സ്‌ക്രീനിലെന്ന പോലെ ഉയര്‍ന്നു വരും. പിതാവിന് ഈ സ്പര്‍ശനം വേണ്ടി വരില്ല. പ്രായം വളരെ കൂടുമ്പോഴേ അവര്‍ക്കത് വേണ്ടി വരികയുള്ളൂ. ഉമ്മാക്കാകട്ടെ ഇത് ഏത് പ്രായത്തിലും ആവശ്യമായിരിക്കും.

ഭാര്യക്കുവേണ്ടി രണ്ടു സായാഹ്നങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ക്കു കൂടിയുള്ളതാണെന്ന് ഭര്‍ത്താക്കന്‍മാര്‍ മനസ്സിലാക്കണം. ഇതുവരെ ആ ക്രമീകരണം. ശീലിച്ചിട്ടില്ലാത്തവര്‍ ഒന്നു പരിശോധിച്ചു നോക്കൂ. ടെന്‍ഷന്‍ മാറാനും പുതിയ ഉന്മേഷം കൈവരാനും ഈ സായാഹ്നങ്ങള്‍ ഉപകരിക്കും. ഇതെന്തു കൊണ്ട് മുമ്പേ തുടങ്ങിയില്ല എന്ന തോന്നലാകും പിന്നെയുണ്ടാവുക.

ഇതൊന്നും ശ്രദ്ധിക്കാതെ നിങ്ങള്‍ എഴുപതു വയസ്സിലെത്തി എന്നു സങ്കല്‍പിക്കുക. അന്ന് സങ്കടം തീര്‍ത്താല്‍ തീരില്ല. ജീവിതത്തില്‍ കുടുംബ ജീവിതം മധുരിപ്പിക്കാനായി സമയത്തിന്റെ ഒരു ചെറിയ ഭാഗം നീക്കിവെച്ചിരുന്നെങ്കില്‍ എന്ന നഷ്ടചിന്ത നമ്മെ പിടികൂടിയെന്നു വരും. അതിനാല്‍ ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നുവോ എന്ന് ഭാര്യയും ഭര്‍ത്താവും ചിന്തിക്കണം. നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ ഏതെല്ലാം തരത്തില്‍ അത് പ്രയോഗത്തില്‍ വരുത്താം എന്ന് ചര്‍ച്ച ചെയ്യുക. ഇതില്‍ വലിയ റോള്‍ വഹിക്കാനുള്ളത് പുരുഷനാണ്. അധികം കാത്തു നില്‍ക്കേണ്ട. ഈ ആഴ്ച്ച തന്നെ ഒരു സായാഹ്നം അവള്‍ക്കു വേണ്ടി മാറ്റി വെക്കുക. അത് തനിക്കു കൂടിയാണെന്ന് മറക്കാതിരിക്കുകയും ചെയ്യുക. ജീവിതത്തെ മധുരിപ്പിക്കാന്‍ ഇതുപോലെ പല വഴികളും സ്വയം കണ്ടെത്താന്‍ കഴിയും.

By: EKM Pannur, in islamonlive.in

Thursday, February 13, 2014

പ്രവാചകചര്യയിലെ നിയമങ്ങള്‍

മുസ്‌ലിം സമൂഹത്തിന്റെ ജീവിതാവസ്ഥകളില്‍ പ്രകടമാകുന്ന കാര്യങ്ങളില്‍ പ്രവാചകന്‍ (സ) യുടെ പ്രവൃത്തികള്‍, സംസാരങ്ങള്‍, അംഗീകാരങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ (നിയമത്തിന്റെ) ഭാഗമാകുക എന്നത് അടിസ്ഥാനമാണ്. അതിനു വിരുദ്ധമായ എന്തെങ്കിലും കാര്യം വന്നിട്ടില്ലെങ്കില്‍.

സഅ്ദിബ്‌നു അബീവഖാസില്‍ നിന്നുദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. തന്റെ സമ്പത്തിന്റെ മൂന്നിലൊന്നില്‍  കൂടുതല്‍ വസിയ്യത്ത് ചെയ്യരുതെന്ന് തിരുമേനി അദ്ദേഹത്തോടു പറഞ്ഞ വാക്കിനെ പണ്ഡിതന്‍മാര്‍ ഒരു പൊതുവായ നിയമമായി മനസ്സിലാക്കുകയായിരുന്നു. ഒരാള്‍ തന്റെ മരണ ശേഷം തന്റെ സമ്പത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തിലധികം അയാളുടെ അനന്തരവകാശികളുടെ സമ്മതമില്ലാതെ വസിയ്യത്ത് ചെയ്യുകയാണെങ്കില്‍ അത് തള്ളിക്കളയേണ്ടതാണെന്നാണ് മുസ്‌ലിം പണ്ഡിതലോകത്തിന്റെ അഭിപ്രായം., ഇവിടെ സഅദിനോട് മാത്രമുള്ള ഒരു കല്‍പനയായിരുന്നു അതെങ്കിലും അതു പൊതുവായ കല്‍പനയായിട്ടാണ് പണ്ഡിതലോകം അതിനെ മനസ്സിലാക്കിയത്്.
നിന്റെ കീഴിലുള്ളവരെ ദരിദ്രരാക്കി മറ്റുള്ളവര്‍ക്കു മുമ്പില്‍ കൈനീട്ടാന്‍ വിടുന്നതിനേക്കാള്‍ നിനക്ക് നല്ലത് അവരെ സമ്പന്നരാക്കി വിടുന്നതല്ലേ? എന്ന നബിയുടെ സഅ്ദിനോടുള്ള മറുപടിയാണ് പണ്ഡിതന്‍മാര്‍ ആ വിഷയത്തെ അങ്ങനെ മനസ്സിലാക്കാന്‍ ഇടയാക്കിയത്. 
അല്ലാഹുവിന്റെ പ്രവാചകനെ പിന്‍പറ്റുകയും മാതൃകയുമാക്കുകയെന്നതുമാണ് അടിസ്ഥാനം. പ്രവാചകന്‍ ഒരു കാര്യം എങ്ങനെയാണോ അനുഷ്ഠിച്ചു കാണിച്ചു തന്നത്  അപ്രകാരം അനുഷ്ഠിക്കുക എന്നതാണ് അദ്ദേഹത്തെ മാതൃകയാക്കല്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ആരാധനകളല്ലാത്ത പൊതുവായ മര്യാദകളും നിര്‍ദേശങ്ങളിലും തിരുമേനിയുടെ ചെയ്തികളെ അപ്പടി തന്നെ അനുകരിക്കണമെന്നില്ല, ആ നിര്‍ദേശങ്ങളുടെ ലക്ഷ്യം നിറവേറ്റിയാലും മതിയാകുന്നതാണ്. തിരുമേനി (സ) തന്റെ പൗത്രിയായ ഉമാമതു ബിന്‍ത് സൈനബിനെ എടുത്തുകൊണ്ടു നമസ്‌ക്കരിച്ചിരുന്നതായി നാം ഹദീസുകളില്‍ വായിക്കുന്നു. കുഞ്ഞുങ്ങളോടുള്ള തിരുമേനിയുടെ വാത്സല്യവും അവരോടുള്ള പരിഗണനയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവാചകനെ പോലുള്ള ഒരു വ്യക്തിയുടെ വ്യക്തിപ്രഭാവത്തെ ഒട്ടും കുറക്കുന്നതല്ല അത്തരം പ്രവൃത്തി. ആരാധനാ കാര്യത്തില്‍ നബിയുടെ ഈ ചെയ്തിയെ ഒരു പൊതുനിയമമായി ആരും മനസ്സിലാക്കുന്നില്ല.
പ്രവാചക ചര്യയെകുറിച്ച് എഴുതുകയും ചര്‍ച്ചചെയ്യുകയും ചെയ്ത ഉസ്വൂലി പണ്ഡിതന്‍മാരും ഹദീസ് പണ്ഡിതന്‍മാരുമുണ്ട്. ഡോ മുഹമ്മദ് അല്‍ അറൂസി, ഉമര്‍ അല്‍ അശ്കര്‍ എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു.

പ്രവാചക തിരുമേനിയുടെ കര്‍മങ്ങളെ പല വിഭാഗങ്ങളായി തിരിക്കാം.

1) അനുചരന്‍മാരെ പഠിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍; ഉദാഹരണത്തിന് ഇബാദത്തുകള്‍
2) ഖുര്‍ആന്‍ വിശദീകരിക്കുന്നതിനു വേണ്ടിയുള്ള ചര്യ. ഉദാഹരണത്തിന് ഹജ്ജിന്റെയും നമസ്‌കാരത്തിന്റെയും വുദൂഇന്റെയുമൊക്കെ അനുഷ്ഠാനക്രമങ്ങള്‍ ചെയ്തു കാണിച്ചതു പോലെ. ഇവിടെ പ്രവാചകന്റെ ചെയ്തികളില്‍ അനുഷ്ഠാനകര്‍മ്മങ്ങളിലെ റുക്‌നുകളും അനിവാര്യഘടകങ്ങളും വാജിബുകളും അഭിലഷണീയമായതുമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. (തിരുമേനിയുടെ ചെയ്തികളെ റുക്്‌ന്, വാജിബ്, മുസ്തഹബ്ബ്, മുബാഹ് എന്നീ വ്യത്യസ്ത ഇനങ്ങളില്‍ ഏതെങ്കിലുമൊന്നിലാകും അതുള്‍പ്പെടുക)അനുവാദവും മുബാഹുമുള്ള കാര്യങ്ങള്‍ അതിലുണ്ട്. ഉദാഹരണത്തിന് ഹജ്ജില്‍ വാഹനപ്പുറത്തു കയറലും നമസ്‌ക്കാരത്തില്‍ അത്യാവശ്യത്തിന് തിരിഞ്ഞു നോക്കലും നോമ്പില്‍ കുളിക്കലുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു. 
ഇവിടെ മുബാഹ് അനുവദനീയമെന്നതിനാല്‍ ശരീഅത്തിന്റെ നിയമ പരിധിയില്‍ വരുന്നു. പുതിയ ഒരു നിയമം എന്ന നിലയിലല്ല അത് കടന്നു വരുന്നത്. അടിസ്ഥാനപരമായി അത് അനുവദനീയം എന്ന നിയമപരിധിയിലാണ് പെടുന്നത്.
ചില പൊതുവായ കാര്യങ്ങളെ സവിശേഷമാക്കിക്കൊണ്ടുള്ള വിശദീകരണങ്ങള്‍

3) ഒരു നേതാവ്, ഭരണാധികാരി എന്ന നിലയിലുള്ള പ്രവാചകന്റെ കല്‍പ്പനകള്‍. ഉദാഹരണത്തിന് ആരെങ്കിലും ഒരു തരിശു ഭൂമി കൃഷിയോഗ്യമാക്കിയാല്‍ അത് അവനുള്ളതാണ്. എന്നാല്‍ ഇക്കാര്യം എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ബാധകമായ ഒരു നിയമമല്ല.

4) ഫത്‌വ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയുള്ള തിരുമേനിയുടെ കല്‍പ്പനകള്‍. ഉദാഹരണത്തിന് ഹിന്ദ് തന്റെ ഭര്‍ത്താവിന്റെ പിശുക്കിനെപ്പറ്റി നബിയോടു പരാതി പറഞ്ഞപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു 'നിനക്കും നിന്റെ കുട്ടിക്കും വേണ്ടത് നീ മാന്യമായി എടുത്തുകൊള്ളൂക'.

5) ഒരു വിധിയോ തീരുമാനമോ എന്ന നിലയില്‍ കരാര്‍, സാക്ഷ്യം, അമാനത്തുപോലുള്ള കാര്യങ്ങളില്‍ നബി (സ) അറിയിക്കുന്നത്. നിങ്ങളില്‍ ചിലര്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാനും മറ്റുള്ളവരേക്കാള്‍ കേമന്‍മാരാകാനും ഉപയോഗപ്പെടുത്തുന്നു. 

6) മനുഷ്യ പ്രകൃതിയുടെ ഭാഗമായി തിരുമേനി (സ) ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. ശാരീരിക ചലനങ്ങളും അംഗവിക്ഷേപങ്ങളും ഇരുത്തവും നടത്തവുമൊക്കെ ഇതില്‍പെടും. ഇതില്‍ പ്രവാചകന്റെ കല്‍പ്പനയും വിലക്കുമില്ല.
അബ്ദുല്ലാഹുബ്‌നു ഉമര്‍ (റ) പ്രവാചകന്‍ തിരുമേനി (സ) ചെയ്തികള്‍ അതേപോലെ അനുകരിക്കുമായിരുന്നു. തിരുമേനിയോടുള്ള അങ്ങേയറ്റത്തെ സ്‌നേഹവും തിരുമേനിയെ അതുപോലെ അനുകരിക്കാനുള്ള ത്വരയുമായിരുന്നു അദ്ദേഹത്തിന്. നബി തിരുമേനി ധരിച്ചിരുന്നതു പോലെ ഊറക്കിട്ടതോല്‍ ചെരിപ്പാണ് ഇബ്‌നു ഉമറും ധരിച്ചിരുന്നത്. ഇബ്‌നു ഉമര്‍ ഹജ്ജു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ അദ്ദേഹം വെറുതെയിടും. കാരണം തിരുമേനി (സ) ഹജ്ജുചെയ്യാന്‍ വന്നപ്പോള്‍ തിരുമേനി തന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ അഴിച്ചുവിട്ടിരുന്നു.
ഇതു പോലെ അനസ് (റ) ചുരങ്ങ കഴിക്കല്‍ പതിവാക്കിയിരുന്നു. കാരണം തിരുമേനിക്കും അത് വലിയ ഇഷ്ടമായിരുന്നു.

ഇബ്‌നു ഉമറിന്റെയും അനസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. അവരുടെ ഉദ്ദേശ്യശുദ്ധിക്കും അവരുടെ പ്രവാചകസ്‌നേഹത്തിനും തീര്‍ച്ചയായും  പ്രതിഫലം ലഭിക്കപ്പെടുകയും ചെയ്യും. സാക്ഷാല്‍ കര്‍മാനുകരണത്തിനല്ല പ്രതിഫലം. നബി (സ) യുടെ ദൈനംദിന ചര്യകള്‍ തിരുമേനി പതിവാക്കുകയും അതങ്ങനെത്തന്നെ വേണമെന്ന് അവിടുന്ന് ഉദ്ദേശിക്കുകയും ചെയ്ത കാര്യങ്ങള്‍  നിയമമാകുന്നു. തിരുമേനിയുടെ ഇരുത്തവും തീറ്റയും വലതു കൈകൊണ്ടു കുടിക്കലും മൂന്നു തവണയായി കുടിക്കലും പാത്രത്തില്‍ ഊതാതിരിക്കുമെന്നതെല്ലാം ഇങ്ങനെ നിയമമാക്കപ്പെട്ട പ്രവാചകന്റെ ദൈനംദിന ചര്യകളാണ്.

തിരുമേനി തന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ചിട്ടുള്ളതും എന്നാല്‍ തദടിസ്ഥാനത്തില്‍ നിയമമല്ലാതിരിക്കെത്തന്നെ ആ പ്രവൃത്തിയില്‍ ഒരു നല്ല സന്ദേശം അടങ്ങിയിരിക്കുകയും ചെയ്യുന്ന മറ്റു ചില ചര്യകളുമുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന സന്ദേശങ്ങളാകും അത്തരം കാര്യങ്ങളില്‍ അടങ്ങിയിരിക്കുക. ഉദാഹരണം, ആയിശ (റ) പറഞ്ഞ സംഭവം:' ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ വെള്ളം കുടിക്കുമ്പോള്‍ അല്‍പം തിരുമേനിക്കും നല്‍കും. അദ്ദേഹം ഞാന്‍ ചുണ്ടുകള്‍ വച്ച് അതേ ഭാഗത്തു തന്നെ തിരുമേനിയും ചുണ്ടുകള്‍ വച്ചുകുടിക്കും. അതു പോലെ വുദൂഅ് ചെയ്യുമ്പോഴും കുളിക്കുമ്പോഴും ഒരേ പാത്രത്തില്‍ നിന്ന് കോരിക്കുളിക്കുമായിരുന്നു. അങ്ങനെ അവര്‍ കുളിക്കുമ്പോള്‍ പരസ്പരം തൊടുകയും ഇതെനിക്കാണ് എന്ന് നബിയും  ആയിശയും മത്സരിച്ചുപറയുമായിരുന്നു.

മരണഭയം മരണം തന്നെയാണ്

തിരുദൂതര്‍(സ) അരുള്‍ ചെയ്തു: 'അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ വെറുക്കുന്നു. ഇതുകേട്ട ആഇശ(റ) ചോദിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ മരണത്തെ വെറുക്കുന്നതോ? നാമെല്ലാവരും മരണത്തെ വെറുക്കുന്നില്ലേ? അപ്പോള്‍ തിരുമേനി(സ) പറഞ്ഞു 'അത് അപ്രകാരമല്ല. അല്ലാഹുവിന്റെ കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട വിശ്വാസി അവനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുകയും അവന്‍ വിശ്വാസിയെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുയും ചെയ്യുന്നു. അല്ലാഹുവിന്റെ ശിക്ഷയെയും വെറുപ്പിനെയും കുറിച്ച് അറിയിക്കപ്പെട്ട നിഷേധി അവനെ കണ്ടുമുട്ടുന്നത് വെറുക്കുകയും അവന്‍ നിഷേധിയെ  കണ്ടുമുട്ടുന്നത്  വെറുക്കുകയും ചെയ്യുന്നു'. (മുസ്‌ലിം)
എന്നെന്നും ജീവിക്കാന്‍ സാധിക്കുന്ന ഒരു രാസവസ്തു കണ്ടെത്താന്‍ കഴിയുമെന്ന് ബാബിലോണിയക്കാര്‍ വിശ്വസിച്ചിരുന്നുവത്രെ! പക്ഷെ അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: 'നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും അമരത്വം നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നുവരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ? എല്ലാ ജീവികളും മരണം രുചിക്കുക തന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെ അടുത്തേക്കാണ്'(അല്‍അന്‍ബിയാഅ് 34-35)
മറ്റൊരു ആയത്തില്‍ ഇപ്രകാരമാണ് പറയുന്നത് :'തീര്‍ച്ചയായും താങ്കള്‍ മരിക്കാനുള്ളതാണ്. തീര്‍ച്ചയായും അവരും മരിക്കുന്നത് തന്നെയാണ്' (അസ്സുമര്‍ 30). കാര്യങ്ങള്‍ യാതൊരു കുഴപ്പമോ വിഘ്‌നമോ ഇല്ലാതെ അതേപടി നിലനില്‍ക്കണമെന്നാണ് മനുഷ്യന്റെ ആഗ്രഹം. എന്നാല്‍ ദൈവിക നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് അത്. എന്നല്ല വ്യക്തിയെന്ന നിലയില്‍ മനുഷ്യന്റെ തന്നെ താല്‍പര്യങ്ങള്‍ക്കും മാനവ സമൂഹത്തിന്റെ നേട്ടങ്ങള്‍ക്കും അത് എതിരാണ് . 
എന്നാല്‍ മരണത്തെ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അതിനെക്കുറിച്ച് തെറ്റായ സങ്കല്‍പം വെച്ചുപുലര്‍ത്തുന്നവരാണ്. നാശവും, ആത്യന്തികമായ അന്ത്യവുമാണ് മരണമെന്ന് അവര്‍ തെറ്റുധരിച്ചിരിക്കുന്നു. മരണഭയം, മരണത്തിന് മുമ്പുള്ള നാശമാണെന്നാണ് നാം തിരിച്ചറിയേണ്ടതുണ്ട്. മരണത്തെക്കുറിച്ച് ശരിയായ അറിവും അവബോധവും ഇല്ലായ്മ, കുടുംബപരമായ ചിദ്രത, മരണത്തെക്കുറിച്ച് കുഞ്ഞുങ്ങള്‍ക്ക് ശരിയായ വിവരം നല്‍കാതിരിക്കല്‍ തുടങ്ങിയവയാണ് മരണത്തെക്കുറിച്ച ഭയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. 
അത്തരത്തിലുള്ള ഒരാള്‍ എനിക്ക് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: 'ഞാന്‍ എപ്പോഴും മരണത്തെ മുന്നില്‍ കാണുന്നു. ഭക്ഷണം കഴിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍, കുടുംബത്തിലിരിക്കുമ്പോള്‍, ഉറക്കത്തില്‍ എന്നിങ്ങനെ... മരണം മുന്നില്‍ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നു. ഞാന്‍ മരിക്കുന്നതും, എന്റെ പ്രിയപ്പെട്ടവര്‍ മരിക്കുന്നതും ഞാന്‍ ഭയപ്പെടുന്നു'. അദ്ദേഹം നേരിട്ട എന്തെങ്കിലും ദാരുണസംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ടതായിരിക്കാം ഈ ഭയം. അതല്ലെങ്കില്‍ ചെറുപ്രായത്തില്‍ നല്‍കപ്പെട്ട ശിക്ഷണത്തിലെ പോരായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാവുന്നതാണ്. 
മതപ്രഭാഷണങ്ങള്‍ മരണത്തെ ചിത്രീകരിക്കുന്നത് കടുത്ത ഭയവും, ആശങ്കയും വളര്‍ത്തുന്ന വിധത്തിലാണ്. അതിന്റെ ഭീകരമായ വേദനയെയും, മറ്റും വിശദമായി അവയില്‍ പ്രതിപാദിക്കുന്നു. ഇബ്‌നുല്‍ ഖയ്യിം തിരുമേനി(സ)യുടെ പ്രഭാഷണത്തെക്കുറിച്ച് പറയുന്നു:
'അല്ലാഹുവിലും അവന്റെ മാലാഖമാരിലും വേദങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലുമുള്ള വിശ്വാസങ്ങള്‍ തുടങ്ങിയ അടിസ്ഥാനങ്ങളും, സ്വര്‍ഗം നരകം, അല്ലാഹു അവന്റെ വലിയ്യുകള്‍ക്ക് ഒരുക്കിയ പ്രതിഫലം, ശത്രുക്കള്‍ക്ക് ഒരുക്കിയ ശിക്ഷ തുടങ്ങിയവയെല്ലാം പ്രവാചകന്‍(സ)യുടെ പ്രഭാഷണത്തില്‍ വിഷയീഭവിച്ചിരുന്നു. ആ പ്രഭാഷണങ്ങള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ വിശ്വാസം നിറക്കുകയും അല്ലാഹുവിനെക്കുറിച്ച ജ്ഞാനം പകരുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ പ്രഭാഷണത്തിലേതുപോലെ ജീവിതത്തെ ഓര്‍ത്ത് കരയുക, മരണത്തെക്കുറിച്ച് ഭയപ്പെടുത്തുക തുടങ്ങിയവ ആയിരുന്നില്ല അവയുടെ വിഷയം. കാരണം അതുമുഖേനെ ഹൃദയത്തില്‍ വിശ്വാസമുണ്ടാവുകയോ വിജ്ഞാനം വര്‍ധിക്കുകയോ ഇല്ല. അല്ലാഹുവിനെക്കുറിച്ച സ്‌നേഹം ഹൃദയത്തില്‍ വളര്‍ത്താനോ, അവനെ കാണാനുള്ള ആശയുണ്ടാക്കാനോ അതുപകരിക്കുകയില്ല. ഒരു പ്രയോജനവും ലഭിക്കാതെ ശ്രോതാക്കള്‍ പിരിഞ്ഞുപോകുന്നു. അവര്‍ മരണപ്പെടുകയും അവരുടെ സമ്പത്ത് വീതിക്കപ്പെടുകയും മണ്ണ് അവരുടെ ശരീരം തിന്നുകയും ചെയ്യുന്നു'. (സാദുല്‍ മആദ്)
മനസ്സിനെ ശാന്തമാക്കുന്നതിലും ജീവിതത്തെ മനോഹരമാക്കുന്നതിലും വിശ്വാസത്തിന് നിര്‍ണായക പങ്കുണ്ട്. ജീവിതത്തെ ഊഷരമാക്കാനും, നിരാശയോടെ കരഞ്ഞു തീര്‍ക്കാനുമല്ല വിശ്വാസത്തെ ഉപയോഗിക്കേണ്ടത്. 

അഭിപ്രായ ഭിന്നത: സ്വഹാബാക്കളെ മാതൃകയാക്കാം

തിരുനബി (സ)ക്ക് ശേഷം ഇസ് ലാമിക സമൂഹത്തിന് തങ്ങളുടെ കര്‍മരംഗത്ത് വിധികള്‍ തേടാന്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണ് ഏക അവലംബം. സത്യസന്ധരും പ്രവാചകന്റെ അധ്യാപനങ്ങള്‍ നേരിട്ട് ശ്രവിച്ച അദ്ദേഹത്തിന്റെ അനുചരന്‍മാരെയും ഒരു പരിധി വരെ നമുക്ക് മാതൃകയാക്കാനുമാവും. എങ്കില്‍ തന്നെയും ഇസ് ലാമിക വിധികളില്‍ എല്ലാ സ്വാഹാബാക്കളും  പലപ്പോഴും ഏകോപിച്ച അഭിപ്രായം പുലര്‍ത്തിയവരായിരുന്നില്ല.
ഒരേ വിഷയത്തില്‍ തന്നെ സ്വഹാബാക്കള്‍ക്ക് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഖലീഫ ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്ന ഒരു അഭിപ്രായം ഇങ്ങനെ: 'യാത്രക്കാരന് ജനാബത്ത് ഉണ്ടാവുകയും ശൂചീകരണത്തിന് വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ വെള്ളം കാണുന്നത് വരെ അയാള്‍ തയമ്മും ചെയ്യാന്‍ പാടില്ല.' ഇതനുസരിച്ച് വെള്ളം കാണാതിരിക്കുന്നേടത്തോളം അയാള്‍ നമസ്‌കരിക്കേണ്ടതില്ലെന്നാണ് മനസ്സിലാവുന്നത്. ആ അവസ്ഥ പത്ത് വര്‍ഷം തുടര്‍ന്നാലും.
ഇബ്‌നു മസ്ഊദ് (റ) ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു.  എന്നാല്‍ ഈ രണ്ടു പേരുടെയും അഭിപ്രായങ്ങളെ സ്വഹാബികളില്‍ പലരും പിന്തുണച്ചിരുന്നില്ല. സൂറത്തുന്നിസാഇലെ 43-ാം വചനമാണ് തങ്ങളുടെ ന്യായത്തിന് ളിവായി അവരുദ്ധരിച്ചത്: 'നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കിലൊരുവന്‍ വിസര്‍ജിച്ചുവരുകയോ സ്ത്രീയെ സ്പര്‍ശിക്കുകയോ ചെയ്തു, എന്നിട്ട് വെള്ളം കിട്ടിയില്ല, എങ്കില്‍ അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതില്‍ കൈകൊണ്ട് അടിച്ച് മുഖവും കൈകളും തടവുക. അല്ലാഹു നിങ്ങളുടെ ജീവിതം ക്‌ളേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം (അന്നിസാഅ്: 43)
'ലാമസ്തുമുന്നിസാഅ' എന്നതിന് അധിക പണ്ഡിതന്‍മാരും ആശയം പറയുന്നത് അത് സ്ത്രീപുരുഷ സംസര്‍ഗമാണെന്നാണ്. അഥവാ ജനാബത്ത് ഉണ്ടായ സമയത്തും തയ്യമ്മും ചെയ്യാം എന്നാണ് ഖുര്‍ആന്റെ പ്രസ്താവന.
എന്നാല്‍ ഇബ്‌നു മസ്ഊദ് (റ) തന്റെ അഭിപ്രായത്തിന് ന്യായം പറയുന്നത് ഇപ്രകാരമാണ്: ഇക്കാര്യത്തില്‍ നാം ഇളവ് നല്‍കിയാല്‍ ജനങ്ങള്‍ അതിനെ ചൂഷണം ചെയ്യും. കുറച്ച് തണുപ്പ് അനുഭപ്പെടുമ്പോഴേക്കും അവര്‍ തയമ്മും ചെയ്ത് വുദുവില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കും.
അതേസമയം, ഉമര്‍ (റ)വില്‍ നിന്നും ഇബ്‌നുമസ്ഊദി(റ)ല്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ അഭിപ്രായങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് വസ്തുത. മാത്രമല്ല, ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ക്കും പ്രവാചക ഹദീസുകള്‍ക്കും വിരുദ്ധമാണ്.
ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഉമര്‍ (റ)വില്‍ നിന്ന വന്ന ഒരു അഭിപ്രായമായിട്ടുപോലും അധിക സ്വഹാബികളും അതിനെ തള്ളി. എന്നാല്‍ ആ സ്വഹാബികളില്‍ പെട്ട ഇബ്‌നുമസ്ഊദ് (റ) അനന്തരാവകാശത്തിലെ അനന്താരവകാശത്തിലെ ഔല്‍ [1] (അംശവര്‍ധന) വിഷയത്തില്‍ ഉമറിന്റെ അഭിപ്രായത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് എതിര് നിന്നില്ല. മരണ ശേഷം അവ്വിഷയത്തിലെ തന്റെ എതിരഭിപ്രായം ഇബ്‌നുമസ്ഊദ് (റ) പ്രകടിപ്പിക്കുകയും ചെയ്തു. അതിനെക്കുറിച്ച് പീന്നീട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: 'ഖലീഫ ഉമര്‍ (റ) മുസ് ലിം സമൂഹത്തിനെ മാന്യനായ വ്യക്തിയായിരുന്നല്ലോ. ആ ആദരവ് നിലനിര്‍ത്താനാണ് ഞാന്‍ അങ്ങനെ ചെയ്ത്.'
ഇവിടെ നാം ചിന്തിക്കേണ്ടത്, എങ്ങനെ സ്വാഹാബാക്കള്‍ക്ക് ഇപ്രകാരം രണ്ട് വിരുദ്ധ വശങ്ങളില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നാണ്. പറഞ്ഞത് എത്ര ഉയര്‍ന്ന ആളാണെങ്കിലും ഖുര്‍ആനും തിരചര്യക്കും വിരുദ്ധമായ പ്രസ്താവനകളെ തള്ളാനും പണ്ഡിതന്മാരുടെ ദുര്‍ബലവും പ്രബലമല്ലാത്തതുമായ പ്രസ്താവനകളുടെ പേരില്‍ (പണ്ഡിതന്മാര്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നേടത്തോളം കാലം) അവരുടെ പദവിയെ ഇടിച്ച് താഴ്ത്താതിരിക്കാനും സ്വാഹാബാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞു ?
അപ്പോള്‍ മനസ്സിലാക്കേണ്ടത്, പണ്ഡിതന്മാര്‍ അവര്‍ ഏത്ര ശ്രേഷ്ഠരാണെങ്കിലും അവരില്‍നിന്നും ചിലപ്പോള്‍ ദുര്‍ബലമായ അഭിപ്രായങ്ങളും മറ്റും ഉണ്ടായേക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തിന്റെ ഇജിതിഹാദിന്റെ അടിസ്ഥാനത്തിലാണ് ഒരു വിധിയിലേക്കെത്തുന്നത്. എന്നാല്‍, യഥാവിധം പഠിക്കാതെയും മനനം ചെയ്യാതെയും ഒരാള്‍ ദുര്‍ബലമായ ഒരു വിധി പ്രസ്താവിക്കുന്നുവെങ്കില്‍ അത് സ്വീകരിക്കുകയോ അയാളെ മാനിക്കുകയോ ചെയ്യേണ്ടതുമില്ല.
മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. കാഫിറില്‍ നിന്ന് മുസ് ലിം അനന്തരമെടുക്കുമോ എടുക്കുന്ന വിഷയത്തില്‍ മുആവിയ (റ)യുടെ ഇജ്തിഹാദ്, അനന്തരമെടുക്കുമെന്നാണ്. എന്നാല്‍ ഉസാമ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നത് പറയുന്നത് ഇപ്രകാരം: 'കാഫിറില്‍ നിന്ന് മുസ് ലിമോ മുസ് ലിമില്‍ നിന്ന് കാഫിറോ അനന്തരമെടുക്കില്ല.' ഈ ഹദീസും മുആവിയ (റ)യുടെ അഭിപ്രായവും വിരുദ്ധ വശങ്ങളിലാണ് നിലകൊള്ളുന്നത്. എന്നാല്‍ മുആവിയ (റ) തന്റെ അഭിപ്രായത്തിന് ന്യായവും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഒരാളില്‍ വിശ്വാസം എപ്പോഴും ഏറിയും കുറഞ്ഞുമിരിക്കാം.  ഇസ്‌ലാം സ്വീകരിച്ച, മുമ്പ് സത്യനിഷേധിയായ ഒരാള്‍ക്ക് ഇസ്‌ലാമിലേക്ക് എത്താത്ത അയാളുടെ കുടുംബക്കാരില്‍ നിന്ന് അനന്തരം ലഭിക്കില്ലെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ ഇസ്‌ലാം ആശ്ലേഷണം ഒഴിവാക്കിയേക്കും. അല്ലെങ്കില്‍ അനന്തരം കിട്ടുന്ന വരെയെങ്കിലും ഇസ് ലാം സ്വീകരിക്കാതിരിക്കും. ഇസ് ലാമിനെ പുല്‍കാനുള്ള അയാളുടെ ആഗ്രഹത്തെ കെടുത്തി കളയുന്ന ആ നിലപാട് ഉണ്ടാവാന്‍ പാടില്ലെന്നാണ് മുആവിയ ആഗ്രഹിച്ചത്.
ഇങ്ങനെ വിവിധ വിഷയങ്ങളില്‍ സ്വഹാബാക്കള്‍ പരസ്പരവിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായി; അവ പലതും ബാഹ്യമായ വിഷയങ്ങളിലാണെങ്കിലും. അതിലൊന്നാണ് പ്രവാചകന്‍ (സ) അല്ലാഹുവിനെ ദര്‍ശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അവര്‍ക്കിടയിലുണ്ടായ തര്‍ക്കം. ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് പ്രവാചകന്‍ (സ) അല്ലാഹുവിനെ സ്വന്തം കണ്ണ് കൊണ്ട് നേരിട്ട് കണ്ടിട്ടില്ലെന്നാണ്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നും മറ്റു ചിലരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നതനുസരിച്ച്, പ്രവാചകന്‍ അല്ലാഹുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ്.
കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ഖബ്‌റില്‍ ശിക്ഷക്ക് കാരണമാകുമോയെന്ന വിഷയത്തിലും സ്വാഹാബാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്ന ആശയത്തിലുള്ള ഹദീസ് ഉമര്‍ (റ) ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത ഹദീസിനെ എന്നാല്‍ ആയിശ (റ) തിരുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു: പ്രവാചകന്‍ പറഞ്ഞത് ഇത്രമാത്രമാണ്: കാഫിറായ മയ്യിത്തിന് അവന്റെ കുടുംബക്കാരുടെ കരച്ചില്‍ കാരണമായി അല്ലാഹു ശിക്ഷ അധികരിപ്പിക്കും.  ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണല്ലോ : 'യാതൊരുവനും മറ്റൊരുവന്റെ പാപഭാരം ചുമക്കുകയില്ല' (അല്‍അന്‍ആം: 164).
ഈ അഭിപ്രായ വ്യത്യാസം പിന്നീടുള്ള കാലങ്ങളിലും തുടര്‍ന്നു. മാത്രമല്ല, അവയില്‍ പലതിനും അനുബന്ധങ്ങള്‍ ഉണ്ടാവുകയും അവ വീണ്ടും അഭിപ്രായാന്തരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എങ്കില്‍ തന്നെയും ഇതൊന്നും സ്വാഹാബാക്കള്‍ക്കിടയില്‍ ഒരു തരത്തിലുള്ള അസ്വാരസ്യത്തിനും വഴിവെച്ചില്ല. അഭിപ്രായങ്ങള്‍ ശര്‍ഇയായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കുകയോ, ദീനില്‍ പുതുതായി പലതും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാതിരിക്കുകയോ, ഒരാളോട് ശത്രുത പ്രഖ്യാപിക്കാന്‍ അവ കാരണമാവാതിരിക്കുകയോ ചെയ്യാത്ത കാലത്തോളം അവര്‍ക്കിടയില്‍ അത് പ്രയാസം സൃഷ്ടിച്ചില്ല.
ഇങ്ങനെയാണ് അവര്‍ കാര്യങ്ങളില്‍ സന്തുലന സമീപനം സ്വീകരിച്ചത്. അമീറുല്‍ മുഅ്മീനില്‍ ഉമര്‍ (റ) പറഞ്ഞതാണെങ്കില്‍ പോലും ദുര്‍ബലമോ ശര്‍ഇന് വിരുദ്ധമോ ആയ അഭിപ്രായങ്ങളെ സ്വഹാബാക്കള്‍ സ്വീകരിക്കില്ല. അതേ സമയം, അമീര്‍ മുഅ്മീനിനിനെ ജനങ്ങള്‍ അധിക്ഷേപിക്കുന്നത് ഇല്ലാതാക്കാന്‍ അവര്‍ അദ്ദേഹത്തിന്റെ പദവിയെ മാനിക്കുകയും ചെയ്തു.
അഥവാ, താന്‍ അംഗീകരിക്കുന്ന ഒരാളോട്, അല്ലെങ്കില്‍ അയാളുടെ അഭിപ്രായത്തോട് അമിതമായ ചായ്‌വ് പുലര്‍ത്തുന്നത് എതിരഭിപ്രായമുള്ളവരെ അവഗണിക്കാന്‍ ഒരിക്കലും കാരണമായിക്കൂടാ. അഭിപ്രായ വ്യത്യാസം മനുഷ്യസമൂഹത്തിന്റെ സ്വാഭാവികതയുടെ ഭാഗമാണ്. സമുദായത്തില്‍ അനിവാര്യമായും ഉണ്ടാവുന്ന പ്രതിഭാസമായാണ് അതിനെ മനസ്സിലാക്കേണ്ടത്. അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ മുഴുവന്‍ സമൂഹത്തെയും ഒരൊറ്റ നിലപാടില്‍ എത്തിക്കുക അസാധ്യമാണ്.
ഞാനിത് പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അനുബന്ധ വിഷയങ്ങളില്‍ പോലും സമുദായത്തെ മുഴുവന്‍ ഒരഭിപ്രായത്തില്‍ ഏകീകരിക്കാന്‍ കഴിയുമെന്ന്  ചിലര്‍ പറഞ്ഞതായി ഞാന്‍ കേട്ടിരുന്നു. നബിവചനങ്ങളെല്ലാം സൂക്ഷമ പരിശോധന നടത്തി സ്വഹീഹായ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നാവും അവരുദ്ദേശിക്കുന്നത്. എന്നാല്‍ മനസ്സിലാക്കുക, അവിടെയും പ്രശ്‌നം നിലനില്‍ക്കുന്നു. എല്ലാ പണ്ഡിതന്‍മാരും എല്ലാ ഹദീസുകളും സ്വഹീഹായി പരിഗണിച്ചുകൊള്ളണമെന്നില്ല. ഓരോരുത്തരുടെ അടുക്കലും സ്വഹീഹിന്റെ മാനദണ്ഡങ്ങളിലും റിപ്പോര്‍ട്ടുകളെ അംഗീകരിക്കുന്നതിലും മാറ്റം വരാം.  ഹദീസ്‌നിദാന ശാസ്ത്രത്തിന്റെ വിവിധ മാനദണ്ഡങ്ങള്‍ ഓരോ പണ്ഡിതന്‍മാരുടെ അടുക്കലും വ്യത്യസ്തമായിരിക്കും. ഇതൊക്കെ നിലനില്‍ക്കെ എങ്ങനെയാണ് സ്വഹീഹായ ഹദീസുകളെ മാത്രം സമാഹരിക്കുക ?
ചുരുക്കത്തില്‍, സമുദായത്തിന്റെ ഭാവി നന്മയുടെ ഭാഗമായോ പ്രകൃതിയുടെ ഭാഗമായോ അഭിപ്രായ വ്യത്യാസത്തെ മനസ്സിലാക്കുന്നതാവും ഏറ്റവും ഉചിതം. അപ്രകാരം എതിര്‍ നിലപാട് സ്വീകരിക്കുന്നവരെ അടിച്ചിരുത്താനോ അവ തീര്‍ത്തും തള്ളേണ്ടതാണെന്ന് പ്രഖ്യാപിക്കനോ മുതിരാതെ സ്വഹാബാക്കളുടെ മാതൃക പിന്തുടര്‍ന്ന് മുന്നോട്ട് പോവുന്നതാണ്  ഇസ് ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും കൂടുതല്‍ ഗുണകരമാവുക.

[1]. ദായധനത്തിന്റെ സാങ്കേതികഭാഷയില്‍ 'ഔല്‍' എന്ന് പറയുന്നത് നിര്‍ണിത ഓഹരിക്കാരുടെ അംശങ്ങള്‍ വര്‍ധിപ്പിക്കുകയും അവരുടെ വിഹിതത്തിന്റെ പരിമാണത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതിനാണ്. ഖലീഫാ ഉമറി (റ)ന്റെ കാലത്ത് വന്ന ഒരു കേസാണ്, ആദ്യമായി ഇസ് ലാമില്‍ ഔല്‍ സങ്കേതം ഉപയോഗിച്ച് കൈകാര്യം ചെയ്യപ്പെട്ടതെന്ന് ഉദ്ധരിക്കപ്പെടുന്നു ഭര്‍ത്താവും രണ്ടു സഹോദരികളും അനന്തരാവകാശികളായ  ഒരു കേസ് വന്നപ്പോള്‍ അദ്ദേഹം സ്വഹാബത്തിനോട് പറഞ്ഞു: ഞാന്‍ ആദ്യം ഭര്‍ത്താവിന് കൊടുത്താല്‍ സഹോദരികള്‍ക്ക് അവരുടെ അവകാശ വിഹിതം ലഭിക്കുകയില്ല. അതുകൊണ്ട് എന്നെ ഉപദേശിക്കുക. അപ്പോള്‍ അബ്ബാസു ബ്‌നു അബ്ദില്‍ മുത്തലിബ്  ഔല്‍ ഉപദേശിച്ചു. (വിവര്‍ത്തകകുറിപ്പ്)

ഡോ.സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ
വിവ: എസ്. എ ജലീല്‍

പ്രണയത്തെക്കാള്‍...

             ലോകപ്രശസ്‌ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ സഹീര്‍ എന്ന നോവല്‍ അതീവ ഹൃദ്യമാണ്‌. നഷ്‌ടപ്പെട്ട ഭാര്യയെത്തേടിയുള്ള ഒരാളുടെ യാത്രയും അന്വേഷണവുമാണ്‌ നോവലിന്റെ പ്രമേയം. അതിലൊരിടത്ത്‌ അയാള്‍ ഭാര്യയെ ഓര്‍ത്ത്‌ പറയുന്നുണ്ട്‌: ``എനിക്കു നിന്നെ വേണം, നീയെവിടെപ്പോയാലും ഞാന്‍ തേടിയെത്തും. ലോകത്ത്‌ എന്നെ എറ്റവുമധികം സ്‌നേഹിച്ചത്‌ നീയായതു കൊണ്ടല്ല. എന്നെ ഏറ്റവുമധികം മനസ്സിലാക്കിയത്‌ നീയായതുകൊണ്ട്‌.''

             വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമെന്താണ്‌? പരസ്‌പരമുള്ള ഇഷ്‌ടമാണോ? ഇഷ്‌ടത്തിന്‌ പ്രാധാന്യമുണ്ട്‌. ഇഷ്‌ടത്തെക്കാള്‍ പ്രധാനമാണ്‌ അന്യോന്യമുള്ള മനസ്സിലാക്കല്‍. തമ്മില്‍ മനസ്സിലാക്കുന്നവര്‍ക്കിടയിലെ ഇഷ്‌ടവും പ്രണയവുമാണ്‌ ഏറ്റവും ആനന്ദകരമായിത്തീരുന്നത്‌. ചിലര്‍ ഇഷ്‌ടം കൊണ്ട്‌ ഇണയെ വീര്‍പ്പുമുട്ടിക്കുന്നുണ്ടാവാം; തമ്മിലൊന്നു കാണാതിരിക്കാന്‍ പോലുമാവാത്ത ആഴമേറിയ ഇഷ്‌ടം. പക്ഷേ, അങ്ങനെയുള്ളവര്‍ക്ക്‌ പലപ്പോഴും സ്വന്തം ഇണയെ മനസ്സിലാക്കുന്നിടത്ത്‌ വലിയ പരാജയം സംഭവിക്കുന്നു. അവര്‍ ചരിത്രത്തിലെ രണ്ടു വ്യക്തികളെ വീണ്ടും വീണ്ടും പഠിക്കേണ്ടതുണ്ട്‌. ഹാജിറാബീവിയും ഖദീജാ ബീവിയുമാണത്‌.

എന്താണ്‌ ഹാജിറിന്റെ പ്രത്യേകത?

എന്താണ്‌ ഖദീജയുടെ പ്രത്യേകത?

ചരിത്രത്തിന്റെ മുകളില്‍ തിളങ്ങി നില്‌ക്കുന്ന ഈ രണ്ടു വ്യക്തിത്വങ്ങള്‍ എങ്ങനെയാണ്‌ സവിശേഷതയുള്ളവരായത്‌?
കാരണം മറ്റൊന്നുമല്ല, ഇണയെ വേണ്ടുവോളം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക്‌ സാധിച്ചുവെന്നതു തന്നെ.

ആരായിരുന്നു ഹാജിര്‍?
സ്വന്തമായൊരു പേരുപോലുമില്ലാത്ത വെറുമൊരു അടിമ സ്‌ത്രീ. യജമാനന്‍ വിളിക്കുന്നതെന്തോ അതാണ്‌ അടിമയുടെ പേര്‌. യജമാനന്‍ നല്‌കുന്നതാണ്‌ അടിമയുടെ ഭക്ഷണം. സ്വന്തമായ തീരുമാനങ്ങളോ ഇഷ്‌ടാനിഷ്‌ടങ്ങളോ ഇല്ല.

                  മക്കയിലേക്ക്‌ ഹിജ്‌റ വന്നവളായതിനാല്‍ പേര്‌ `ഹാജിര്‍' എന്നായി. ഇസ്‌മാഈലിന്റെ ഉമ്മക്ക്‌ പേര്‌ ആവശ്യമില്ല. കാപ്പിരിക്കൂട്ടത്തില്‍ ജനിച്ചുവളര്‍ന്ന, അടിമക്കമ്പോളത്തില്‍ വില്‌പനച്ചരക്കായിരുന്ന വെറുമൊരു സ്‌ത്രീ, സഹസ്രാബ്‌ദങ്ങള്‍ക്കിപ്പുറത്തും എന്തുകൊണ്ടാണ്‌ നമ്മുടെ ഹൃദയത്തില്‍ അണയാത്ത ആവേശമായി ജ്വലിക്കുന്നത്‌?
ഇസ്‌മാഈല്‍ എന്ന പിഞ്ചോമനയെയും, ആദ്യപ്രസവത്തിന്റെ ആധിയും ക്ഷീണവും വിട്ടുമാറിയിട്ടില്ലാത്ത ആ ഉമ്മയെയും മക്കാ മരുഭൂവില്‍ തനിച്ചാക്കി ഇബ്‌റാഹീം(അ) തിരിച്ചുപോരുന്നു.
ഒന്നിനും എതിരു പറയാതെ, സംശയത്തിന്റെ ഒരു നോട്ടം പോലും ബാക്കിയാക്കാതെ ഹാജിറ എല്ലാത്തിനും ഒപ്പം നില്‌ക്കുന്നു.

കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ആ ഉമ്മ എത്ര കഷ്‌ടപ്പെട്ടിരിക്കും!
കുഞ്ഞ്‌ വളര്‍ന്നുതുടങ്ങുന്നു. 
അന്ന്‌ പോയ പിതാവ്‌ തിരിച്ചുവരുന്നത്‌ വര്‍ഷങ്ങള്‍ക്കു ശേഷം. `മതി, തിരിച്ചുപോകാം' എന്നു പറയാനല്ല.
`മതി, ഇനിയിവനെ ബലിയറുക്കണം' എന്നു പറയാന്‍!

ഹാജിറിന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ കടന്നുപോയിട്ടുണ്ടാവും. ആ കണ്ണില്‍ കടലോളം കണ്ണീര്‍ കനത്തിരിക്കും. എന്നിട്ടും ഒരക്ഷരം പറഞ്ഞില്ല. `വേണോ?' എന്ന ചെറുചോദ്യം പോലും ഉയര്‍ത്തിയില്ല. കുഞ്ഞിനെ അണിയിച്ചൊരുക്കി പിതാവിന്റെ കൈയിലേല്‌പിക്കുന്നു. അതാണ്‌ ഹാജിര്‍.
ഇണയെ അറിയാം. ഇണയുടെ നിയോഗങ്ങളറിയാം. നിര്‍വഹിച്ചു തീര്‍ക്കാനുള്ള ബാധ്യതകളറിയാം. അങ്ങനെയാണ്‌ ആ ഭാര്യ ചരിത്രത്തിന്റെ ഔന്നത്യങ്ങളിലെത്തിയത്‌.

ഖദീജയോ?
ആരായിരുന്നു ഖദീജ? മക്കയിലെ രാജകുമാരിയായിരുന്നു. ഏറ്റവും സമ്പന്നയായ സ്‌ത്രീ. എന്നിട്ടോ?

                 പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക്‌ എത്തിപ്പെടുമെന്ന്‌ ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനലില്‍ സമാധാനത്തിന്റെ പുതുമഴയായി. കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട്‌ കുളിരായി. ശിഅബു അബീത്വാലിബ്‌ എന്ന കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബിയുടെ കൈപിടിച്ച്‌ ഖദീജയുടെ സ്‌നേഹമുണ്ടായിരുന്നു. ഹിറാഗുഹയില്‍ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമനരികില്‍ ആ സ്‌നേഹമെത്തി. അന്‍പത്തിയഞ്ച്‌ വയസ്സുള്ള സ്‌ത്രീ. വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മലയിലേക്ക്‌ കയറിച്ചെല്ലുന്നത്‌ ഒന്നോര്‍ത്തുനോക്കൂ.

മനസ്സിലാക്കല്‍ തന്നെയാണ്‌ പ്രധാനം. 
നമ്മെ വേണ്ടുവോളം സ്‌നേഹിക്കുന്നവര്‍ വേറെയുമുണ്ടാകും. അക്കൂട്ടത്തിലൊരാളാവുന്നതിലല്ല, ആരെക്കാളുമേറെ നമ്മെ മനസ്സിലാക്കുന്നിടത്താണ്‌ ഇണയുടെ വിജയം. എത്ര ദൂരേക്കു പോയ്‌ മറയുമ്പോഴും, പുഞ്ചിരിച്ച്‌ യാത്രയാക്കാന്‍ അങ്ങനെയുള്ള ഇണകള്‍ക്കേ സാധിക്കൂ. ഓരോ വാക്കും നോക്കും സ്‌പര്‍ശവും ഇഷ്‌ടവും അനിഷ്‌ടവും മറ്റാരെക്കാളും അന്യോന്യം തിരിച്ചറിയാന്‍ സാധിക്കുമ്പോള്‍ വിവാഹ ജീവിതത്തിന്റെ സമ്പൂര്‍ണ സൗന്ദര്യം അനുഭവിക്കാം. ഇഷ്‌ടം പോലും ആരംഭിക്കേണ്ടത്‌ തമ്മിലുള്ള മനസ്സിലാക്കലില്‍ നിന്നാണ്‌. 
നോക്കൂ, ലഭിച്ച സ്‌നേഹമെല്ലാം ഖദീജക്ക്‌ തിരുനബി(സ) തിരിച്ചുനല്‍കി. ഖദീജയോടുള്ള സ്‌നേഹം ഹൃദയത്തില്‍ പതിഞ്ഞുവെന്ന്‌ തിരുനബി പലവട്ടം പറഞ്ഞു. ഖദീജക്ക്‌ മുമ്പ്‌ തിരുനബി ആരെയും പ്രണയിച്ചിട്ടില്ല. ഖദീജയുടെ ശേഷം ആ പ്രണയം മറ്റൊരാള്‍ക്കും നല്‌കിയതുമില്ല. ഉമ്മയില്ലാത്ത റസൂലിന്‌ ഉമ്മയുടെ വാത്സല്യവും പെങ്ങളില്ലാത്ത റസൂലിന്‌ പെങ്ങളുടെ അടുപ്പവും പ്രണയിനിയുടെ കുളിരും ഭാര്യയുടെ കാവലും ഉടപ്പിറപ്പിന്റെ വാത്സല്യവും എല്ലാം ഖദീജയാണ്‌ ചൊരിഞ്ഞത്‌. ഉന്നതനായ തിരുദൂതരുടെ പ്രണയം പിടിച്ചുപറ്റാന്‍ ഖദീജാബീവി ഒരു കാര്യം മാത്രമേ ചെയ്‌തിട്ടുള്ളൂ; തന്റെ പ്രിയതമനെ വേണ്ടുവോളം മനസ്സിലാക്കി!

               ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക്‌ ഇണയുടെ പിന്തുണ മറ്റാരെക്കാളും പ്രധാനമാണ്‌. മുഖം കറുപ്പിക്കാതെ ഭര്‍ത്താവിനെ യാത്രയാക്കാനും മുഖം കനപ്പിക്കാതെ കാത്തിരിക്കാനും അവര്‍ക്ക്‌ സാധിക്കണം. ഉന്നതമായൊരു ബാധ്യത നിറവേറ്റാനുള്ള പ്രയത്‌നത്തില്‍ ഭര്‍ത്താവിന്‌ കരുത്തും ആവേശവും പകരുന്ന ഭാര്യമാരാണ്‌ ഇസ്‌ലാമിക ദൗത്യത്തിന്റെ പിന്‍ബലം. പ്രിയതമനു വേണ്ടി പ്രാര്‍ഥിച്ചും പിന്‍തുണച്ചും വീട്ടില്‍ കഴിയുമ്പോഴും മഹത്തായൊരു പ്രസ്ഥാനത്തെയാണ്‌ അവര്‍ ശക്തിപ്പെടുത്തുന്നത്‌. 

              സമരസേനാനികളെ ദഫ്‌ മുട്ടിയും പാട്ടുപാടിയും ആവേശഭരിതരാക്കിയ സ്വഹാബി വനിതകളെപ്പോലെയാണവര്‍. ഹാജിറിന്റെയും ഖദീജയുടെയും മക്കളാണവര്‍.

Courtsey; Yuvatharead.Blogspot.com