Monday, May 6, 2013

മുസ്‌ലിംകള്‍ തമ്മിലുള്ള കടമകള്‍

വിശ്വാസികളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതിനും അവര്‍ക്കിടയില്‍ സ്‌നേഹവും പരസ്പര ബഹുമാനവും വളര്‍ത്തിയെടുക്കുന്നതിനും ഇസ്‌ലാം വളരെയധികം പ്രാധാന്യം കല്‍‌പ്പിക്കുന്നു. നന്മയിലും സന്‍‌മാര്‍ഗ്ഗത്തിലും വിശ്വാസികള്‍ പരസ്‌പരം സഹകരിച്ചു കഴിയണമെന്ന് ഇസ്‌ലാം ലക്ഷ്യമിടുന്നു. ഇതിനായി വിശ്വാസികള്‍ പരസ്പരം ചില കടമകള്‍ നിറവേറ്റണമെന്ന് നബി(സ) പഠിപ്പിക്കുകയുണ്ടായി.
അബുഹുറൈ(റ) പറയുന്നു: 'നബി(സ) പറഞ്ഞു, 'ഒരു മുസ്‌ലിമിന് മറ്റു മുസ്‌ലിംകളോട് ആറ് കടമകളുണ്ട്.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, അവ ഏതൊക്കെയാണ്?' അദ്ദേഹം പറഞ്ഞു: 'അവനെ കണ്ടാല്‍ സലാം പറയുക, അവന്‍ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഗുണകാംക്ഷ തേടിയാല്‍ ഗുണകാംക്ഷിയാവുക, അവന്‍ തുമ്മി അല്ലാഹുവിനെ സ്തുതിച്ചാല്‍ അവന് കരുണക്കായി പ്രാര്‍ത്ഥിക്കുക, അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ പിന്തുടരുക.' (മുസ്‌ലിം)
വിശ്വാസികള്‍ പരസ്പരം പാലിക്കേണ്ട നിരവധി കടമകളില്‍ പ്രത്യേകം എണ്ണപ്പെട്ട ആറെണ്ണമാണിവ. ഓരോ മുസ്‌ലിമും ഈ കടമകള്‍ പാലിക്കാന്‍ നിര്‍ബന്ധമായും ശ്രമിക്കേണ്ടതാണ്. വിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ സലാം പറഞ്ഞുകൊണ്ട് അഭിവാദനം ചെയ്യുകയെന്നതാണ് ഒന്നാമത്തെ കടമ. സലാം (സമാധാനം) എന്നത് അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളില്‍ ഒന്നാണ്. ദൈവിക സമാധാനമുണ്ടാകാനുള്ള പ്രാര്‍ത്ഥനയാണ് സലാം പറയുന്നതിലൂടെ നടത്തുന്നത്. ഇത് മുസ്‌ലിംകളുടെ അഭിവാദനമാക്കി നിശ്ചയിച്ചത് അല്ലാഹുവാണ്. ഖുര്‍‌ആന്‍ പറയുന്നു: എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം.' (നൂര്‍-61)
നബി(സ) പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കൈകളിലാണ് അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ വിശ്വാസികളാകുന്നതുവരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു വരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല. നിങ്ങള്‍ക്ക് പരസ്പരം സ്നേഹിക്കാന്‍ ഉപകരിക്കുന്ന ഒരു കാര്യം ഞാന്‍ അറിയിച്ചു തരട്ടെ. നിങ്ങള്‍ക്കിടയില്‍ സലാം പറയുന്നത് വ്യാപിപ്പിക്കുക.' (അബു ദാവൂദ്)
മനസ്സിന് സമാധാനവും ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കവുമുണ്ടാക്കാന്‍ സലാം പറയുന്നത് കൊണ്ടാവുന്നു.
കുട്ടികള്‍ മുതി‌ര്‍‌ന്നവര്‍ക്കും നടന്നുപോകുന്നവന്‍ ഇരിക്കുന്നവര്‍ക്കും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയണമെന്ന് നബി(സ) പഠിപ്പിച്ചു. സമൂഹത്തിലെ വ്യക്തികള്‍ക്കിടയില്‍ സ്നേഹവും ബഹുമാനവുമുണ്ടാക്കാന്‍ സലാം പറയുന്നത് വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുന്നു.
തന്റെ സഹോദരന്‍ ക്ഷണിച്ചാല്‍ ക്ഷണംസ്വീകരിക്കുകയെന്നതാണ് മുസ്‌ലിംകള്‍ തമ്മിലുള്ള കടമകളില്‍ മറ്റൊന്ന്. ക്ഷണിക്കുന്നത് തിന്മയിലേക്കല്ലെങ്കില്‍ അത് സ്വീകരിക്കേണ്ടതാണ്. കാരണം ക്ഷണം സ്വീകരിക്കുമ്പോള്‍ അത് ക്ഷണിക്കുന്നവന്റെ മനസ്സില്‍ സന്തോഷവും ആഹ്ലാദവുമുണ്ടാക്കുന്നു. പ്രത്യേകിച്ചും ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും. നബി(സ) പറഞ്ഞു: 'ക്ഷണം സ്വീകരിക്കാത്തവ‌ര്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചിരിക്കുന്നു.' (മുസ്‌ലിം). ക്ഷണം സ്വീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ക്ഷമാപണത്തോടെ കാരണം ബോധിപ്പിക്കുന്നതാണ് ക്ഷണത്തെ അവഗണിക്കുന്നതിനെക്കാള്‍ അഭികാമ്യം.
തന്റെ സഹോദരനായ വിശ്വാസിക്ക് ഉപദേശവും ഗുണകാംക്ഷയും ആവശ്യമുള്ളപ്പോള്‍ അത് നല്‍കല്‍ മുസ്ലിമിന്റെ ബാധ്യതയാണ്. ഒരു കാര്യത്തെക്കുറിച്ച് നമ്മോട് അഭിപ്രായം പറഞ്ഞുകൊടുക്കല്‍ നമ്മുടെ ഉത്തരവാദിത്തമാണ്. ഉപദേശം നല്‍കുമ്പോള്‍ നാം നമുക്ക് വേണ്ടി ഇഷ്ടപ്പെടുന്നതാവണം നമ്മുടെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടേണ്ടതെന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. നമുക്ക് നന്മയായി തോന്നാത്ത കാര്യം സഹോദരനെ ഉപദേശിക്കരുത്. അത് അവനോട് വഞ്ചന കാണിക്കലാണ്. ജരീര്‍ ബിന്‍ അബ്ദുല്ല (റ) പറഞ്ഞു: 'നമസ്കാരം നിലനിര്‍ത്തുമെന്നും സക്കാത്ത് കൊടുക്കുമെന്നും എല്ലാം മുസ്‌ലിംകളോടും ഗുണകാംക്ഷ കാണിക്കുമെന്നും ഞാന്‍ നബി(സ)യോട് ബൈഅത്ത് ചെയ്തു.' (ബുഖാരി, മുസ്‌ലിം)
ഒരു മുസ്‌ലിം തുമ്മുകയും അവന്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും (അല്‍ഹംദുലില്ലാഹ് എന്ന് പറയല്‍ ) ചെയ്താല്‍ കേള്‍ക്കുന്ന മുസ്‌ലിം അവനുവേണ്ടി കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കണം. (യര്‍ഹമുക്കല്ലാഹ് എന്നു പറയണം) അപ്പോള്‍ തുമ്മിയയാള്‍ അപരന് മാര്‍ഗ്ഗദര്‍ശനം ലഭിക്കാനയി പ്രാര്‍‌ത്ഥിക്കുകയും വേണം. ഇതല്ലാം മുസ്‌ലിംകള്‍ പരസ്പരമുള്ള സ്നേഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.
രോഗിയായാല്‍ സന്ദര്‍ശിക്കുയെന്നതാണ് ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള അടുത്ത ബാധ്യത. രോഗാവസ്ഥയില്‍ ആശ്വസമേകാനും രോഗശമനത്തിന് വേണ്ടി പ്രാര്‍‌ത്ഥിക്കാനുമാണിത്. മുസ്‌ലിംകള്‍ സന്തോഷവും ആഹ്ലാദവും പങ്കുവെക്കുന്നതുപൊലെ ദു:ഖവും വേദനയും പങ്കുവെക്കേണ്ടതാണല്ലോ.
മരണപ്പെട്ട മുസ്‌ലിമിന്റെ ജനാസ പിന്തുടരുകയും അയാള്‍ക്കുവേണ്ടി നമസ്കരിക്കുയും ചെയ്യല്‍ മറ്റു മുസ്‌ലിംകളുടെ ബാധ്യതയാണ്. കാരണം മരണപ്പെട്ടായാള്‍ക്ക് നമ്മുടെ ആത്മാര്‍‌ത്ഥമായ പ്രാര്‍ത്ഥന ആവശ്യമുള്ള സമയമാണത്. നബി(സ) പറഞ്ഞു: 'ഒരാള്‍ മരണപ്പെടുകയും അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്ത നാല്‍‌പത് പേര്‍ അയാക്കുവേണ്ടി മയ്യത്ത് നമസ്കരിക്കുകയും ചെയ്താല്‍ അല്ലാഹു അയാള്‍ക്കുവേണ്ടിയുള്ള അവരുടെ ശുപാര്‍ശ കേള്‍ക്കുന്നതാണ്.' (മുസ്‌ലിം). മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് മരണപ്പെട്ടയാളുടെ ബന്ധുകള്‍ക്ക് ആശ്വാസമേകാനും സഹായമാകുന്നു.
ഇത്തരം കടമകളെല്ലാം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു തന്നുകൊണ്ടായിരുന്നു നബി(സ) ജീവിച്ചിരുന്നത്. ആ പാത പിന്തുടര്‍ന്ന് ജീവിക്കാന്‍ ഒരോ മുസ്‌ലിംകളും ശ്രമിക്കേണ്ടതാണ്. കെട്ടുറപ്പും ഭദ്രതയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അതുവഴി സാധിക്കും.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

1 comment:

Unknown said...

It is too usefull👍