Friday, May 31, 2013

ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

എങ്ങനെ പശ്ചാത്തപിക്കണമെന്ന്‌ ഒരു ഗ്രാമീണന്‍ ഖലീഫ അലിയോടു ചോദിച്ചു.

ഉത്തരം ഇങ്ങനെയായിരുന്നു:
`ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ.

(1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക,

(2) നഷ്ടപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുക,

(3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കുക,

(4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക,

(5) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ ലയിപ്പിക്കുക.

(6) അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അതിനെ അനുഭവിപ്പിക്കുക.

സംഭവിച്ച കളങ്കങ്ങളെ തുടച്ചുകളഞ്ഞ്‌, തെളിച്ചം വരുത്തലാണ്‌ തൗബയുടെ വഴി.
സര്‍വ വാതിലുകളും അടഞ്ഞാലും തൗബയുടെ വാതില്‍ തുറന്നുകിടക്കും. നമ്മുടെ പശ്ചാതാപം കാത്ത്‌ കൈനീട്ടിയിരിക്കുകയാണ്‌ ദയാലുവായ അല്ലാഹു.
ഹൃദയത്തിന്റെ അടപ്പുകള്‍ തുറന്ന്‌, എല്ലാം ഏറ്റുപറഞ്ഞ്‌ മടങ്ങാനുള്ള വഴിയാണത്‌. മധ്യസ്ഥന്മാരില്ലാതെ, മനസ്സുതുറക്കാനുള്ള മഹാസന്നിധിയാണ്‌ അല്ലാഹുവിന്റേത്‌. പാപിയേയും പരിശുദ്ധനേയും സ്‌നേഹത്തോടെ ഉള്‍ക്കൊള്ളുന്ന അലിവിന്റെ ആകാശം. ആരെയും അവഗണിക്കുന്നില്ല, ഒന്നും തിരികെ ചോദിക്കുന്നില്ല, പാപങ്ങളുടെ പേരില്‍ ഒന്നു മനസ്സു നൊന്താല്‍ മതി, എല്ലാം മായ്‌ക്കപ്പെടും.
ഒന്ന്‌ കണ്ണു നനഞ്ഞാല്‍ മതി,എല്ലാം മാഞ്ഞുപോകും.
എവിടെ വെച്ചും എപ്പോഴും അടുക്കാന്‍ കഴിയുന്ന ആ സ്‌നേഹനാഥനോടുള്ള നമ്മുടെ ബന്ധം എത്രയുണ്ടെന്ന്‌ നിരന്തരമായി നാം പുനര്‍വിചാരം നടത്തണം.
സുജൂദില്‍ നിന്ന്‌ ഉയരാനാകാത്തത്രയും പാപങ്ങള്‍ ചെയ്‌തുകൂട്ടിയിട്ടും എന്തേ എന്റെയും നിങ്ങളുടേയും പ്രാര്‍ഥനയുടെ സമയമിത്രയും കുറഞ്ഞുപോകുന്നത്‌..?.

ഓരോ ദിവസത്തേയും പ്രാര്‍ഥനാ നേരങ്ങളില്‍ ഒരിക്കലെങ്കിലും മനസ്സൊന്ന്‌ പിടയുന്നുണ്ടോ...

പ്രാര്‍ഥനമാത്രമല്ല, മനുഷ്യോപകാര പ്രവര്‍ത്തനങ്ങളും കരുണയുള്ള ജീവിതവും പശ്ചാതാപത്തിന്റെ വഴികളാണെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌.

Courtsey:tharbiya.blogspot.com

1 comment:

mujeeb kaindar said...
This comment has been removed by the author.