Friday, January 23, 2015

മദീനയെ കരയിച്ച ബിലാലിന്റെ ബാങ്കൊലി

അബൂദ്ദര്‍ദാഅ് പറയുന്നു: ബൈത്തുല്‍ മുഖദ്ദിസ് ഫത്ഹായ ശേഷം ഉമര്‍(റ) അവിടെ പ്രവേശിച്ചു. തുടര്‍ന്നദ്ദേഹം ജാബിയയിലേക്ക് പോയി. ബിലാല്‍(റ) അദ്ദേഹത്തോട് ചോദിച്ചു: തന്നെ ശാമില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കുമോ? ഉമര്‍(റ) അതനുവദിച്ചു. തുടര്‍ന്ന് ബിലാല്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബൂറുവൈഹിനെയും ശാമില്‍ താമസിക്കാന്‍ അനുവദിക്കണം. ഇവരെ റസൂല്‍(സ) സഹോദരന്മാരായി കൂട്ടിയിണക്കിയിരുന്നു. അങ്ങനെ അവര്‍ രണ്ടുപേരും ഖൗലാന്‍ എന്ന സ്ഥലത്ത് താമസമാക്കി. രണ്ടുപേരും ഖൗലാന്‍ നിവാസികളിലേക്ക് ചെന്നു. അവരോട് പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും വിവാഹാന്വേഷണവുമായിട്ടാണ് വന്നിട്ടുള്ളത്. ഞങ്ങള്‍ സത്യനിഷേധികളായിരുന്നു. അല്ലാഹു ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കി. ഞങ്ങള്‍ അടിമകളായിരുന്നു. അല്ലാഹു ഞങ്ങളെ മോചിപ്പിച്ചു. ദരിദ്രരായിരുന്നു. അല്ലാഹു ഞങ്ങളെ ഐശ്വര്യവാന്മാരാക്കി. നിങ്ങള്‍ ഞങ്ങള്‍ക്ക് വിവാഹം ചെയ്തുതന്നാല്‍ അല്‍ഹംദുലില്ലാ, ഞങ്ങളെ മടക്കി അയച്ചാല്‍ ലാഹൗല വലാഖുവ്വത്ത ഇല്ലാബില്ലാഹ്. ആ നാട്ടുകാര്‍ അവര്‍ രണ്ടുപേര്‍ക്കും വിവാഹം ചെയ്തുകൊടുത്തു. 
പിന്നീട് ഒരു ദിവസം ബിലാല്‍ നബി(സ)യെ സ്വപ്‌നത്തില്‍ കണ്ടു. നബി(സ) അദ്ദേഹത്തോട് ചോദിച്ചു: ബിലാലേ, എന്തൊരു പിണക്കമാണിത്? നിനക്ക് നമ്മെ സന്ദര്‍ശിക്കാന്‍ സമയമായില്ലേ? അപ്പോള്‍ പേടിച്ചുകൊണ്ട് അദ്ദേഹം ഉണര്‍ന്നു. ഉടനെ ഒരു വാഹനത്തില്‍ മദീനയിലേക്ക് പുറപ്പെട്ടു. നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന് കരയുകയും മുഖം ഖബറിന്മേല്‍ വെച്ചുരയ്ക്കുകയും ചെയ്തു. അപ്പോള്‍ ഹസനും ഹുസൈനും അവിടെ വന്നു. ബിലാല്‍ അവരെ രണ്ടുപേരെയും അണച്ചുകൂട്ടി ഉമ്മവെച്ചു. അവര്‍ ബിലാലിനോട് പറഞ്ഞു: താങ്കള്‍ പള്ളിയില്‍ റസൂലിന്റെ(സ) കാലത്ത് കൊടുത്തിരുന്ന ബാങ്ക് ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ബിലാല്‍ മിനാരത്തില്‍ കയറി നബി(സ)യുടെ കാലത്ത് ബാങ്കിന് നില്ക്കാറുള്ള സ്ഥലത്ത് നിന്നു. ബിലാല്‍ അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞപ്പോള്‍ മദീനയാകെ പ്രകമ്പനം കൊണ്ടു. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞപ്പോള്‍ ആ പ്രകമ്പനം ഒന്നുകൂടി വര്‍ധിച്ചു. അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ ആശ്ചര്യംപൂണ്ടു. റസൂലിനെ(സ) അല്ലാഹു പുനര്‍ജനിപ്പിച്ചോ? 
പിന്നെ മദീനയില്‍ കൂട്ടക്കരച്ചിലുയര്‍ന്നു. നബി(സ) വഫാതായ ശേഷം ഇങ്ങനെ ഒരു കരച്ചില്‍ മദീനയില്‍ ഉണ്ടായിട്ടില്ല. (അല്‍ഖിസസുല്‍ വാഹിയ 291) ****
 ഈ കഥ ഹാഫിള് ഇബ്‌നുഅസാകിര്‍ തന്റെ താരീഖുദിമിശ്ഖ് എന്ന ഗ്രന്ഥത്തില്‍ ബിലാലിന്റെ ചരിത്രം വിവരിച്ചതില്‍ പറഞ്ഞിട്ടുണ്ട്. ഇബ്‌റാഹീമ്ബ്‌നു സുലൈമാനുബ്‌നു ബിലാലുബ്‌നു അബിദ്ദര്‍ദാഉല്‍ അന്‍സാരിയുടെ ചരിത്രത്തിലും വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: എന്നോട് അബീ മുഹമ്മദുബ്‌നു സുലൈമാന്‍ തന്റെ പിതാവ് സുലൈമാനുബ്‌നു ബിലാലില്‍ നിന്ന് അദ്ദേഹം ഉമ്മുദ്ദര്‍ദാഇല്‍ നിന്ന്. അവര്‍ അബിദ്ദര്‍ദാഇല്‍ നിന്ന്. ബിലാല്‍ ഉമറിന്റെ കാലത്ത് ശാമിലേക്ക് വന്ന ചരിത്രവും പിന്നെ നബി(സ)യുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ വേണ്ടി പോയതും വിശദീകരിക്കുന്നുണ്ട്. ഇബ്‌നു അബ്ദില്‍ ഹാജിയുടെ അസ്സാരി മുല്‍മുന്‍കിലും (228) ഈ കഥ വന്നിട്ടുണ്ട്. കഥയുടെ സൂക്ഷ്മപരിശോധന ഹാഫിസുബ്‌നു അബ്ദില്‍ഹാദി സ്വാരിം എന്ന ഗ്രന്ഥത്തില്‍ (പേജ് 230) പറയുന്നു: ഇത് ഗരീബും വെറുക്കപ്പെട്ടതുമായ ഹദീസാണ്. ഇതിന്റെ പരമ്പര അറിയപ്പെടാത്തതും മുറിഞ്ഞതുമാണ്. ഹാഫിസ് വീണ്ടും പറയുന്നു: ഈ ശൈഖ്, വിശ്വസ്തതയും നീതിയും ക്ലിപ്തതയും അമാനത്തും നീതിയും ഉള്ളവനായി അറിയപ്പെട്ടിട്ടില്ല. ഇതിന്റെ ഉദ്ധരണി പ്രസിദ്ധമായതോ അറിയപ്പെടുന്നതോ അല്ല. അദ്ദേഹത്തില്‍ നിന്ന് മുഹമ്മദുബ്‌നുല്‍ ഫൈസി അല്ലാതെ, വെറുക്കപ്പെട്ട ഹദീസ് ഉദ്ധരിച്ചിട്ടില്ല. ഇമാം ദഹബി മീസാനില്‍ (1:64) പറയുന്നു: ഈ റിപ്പോര്‍ട്ടില്‍ അറിയപ്പെടാത്ത ആളുണ്ട്. അദ്ദേഹത്തില്‍ നിന്ന് മുഹമ്മദുബ്‌നുല്‍ ഫൈസി അല്‍ഗസ്സാനി ഉദ്ധരിച്ചു. ഇമാം ഹാഫിസുബ്‌നു ഹജര്‍ തന്റെ അല്ലിസാല്‍ എന്ന ഗ്രന്ഥത്തില്‍ (1:107) പറയുന്നു: ഇബ്‌റാഹീമുബ്‌നു മുഹമ്മദ് സുലൈമാനുബ്‌നു അബിദ്ദര്‍ദാഅ് അറിയപ്പെടാത്ത വ്യക്തിയാണ്. ഇപ്പോള്‍ ഇമാം ദഹബി മീസാനിലും ഇമാം ഹാഫിളുബ്‌നു ഹജര്‍ ലിസാനിലും ഈ ഹദീസ് നിരൂപണത്തില്‍ യോജിച്ചു. ഇബ്‌നുഅസാകിര്‍ ഇദ്ദേഹത്തിന്റെ ചരിത്രം പറഞ്ഞ ശേഷം ഇദ്ദേഹം പിതാവില്‍ നിന്നും അദ്ദേഹം പിതാമഹനില്‍ നിന്നും അദ്ദേഹം ഉമ്മുദ്ദര്‍ദാഇല്‍ നിന്നും അവര്‍ അബീദ്ദര്‍ദാഇല്‍ നിന്നും ഉദ്ധരിക്കുന്നു. 

No comments: