Wednesday, March 11, 2015

ബ്രഹ്മത്തോളം......



ബ്രഹ്മത്തോളം വളരണമെന്നേ

നിങ്ങളെയമ്മ പഠിപ്പിച്ചൂ

ബ്രഹ്മമുരുട്ടി ചെപ്പിലൊതുക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ..

ആരു പിഴപ്പിച്ചുണ്ണികളേ....




ഇരുളിൽനിന്നു വെളിച്ചം തേടാൻ

നിങ്ങളെയമ്മ പഠിപ്പിച്ചു

കരളിലെയന്തിത്തിരിയുമണയ്ക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ?

ആരു പിഴപ്പിച്ചുണ്ണികളേ...?


അവനും നീയും ഒരു പൊരുളെന്നേ

നിങ്ങളെയമ്മ പഠിപ്പിച്ചൂ

അവനവനെന്നതു പൊരുളിൻ മറയെ

ന്നാരു പഠിപ്പിച്ചുണ്ണികളേ...

ആരു പിഴപ്പിച്ചുണ്ണികളേ...?


സർവ്വനിറങ്ങളുമൊത്തു വിരിഞ്ഞാൽ

പൂന്തോപ്പെന്നു പഠിപ്പിച്ചു

നിറഭേദങ്ങളെയൊരുനിറമാക്കി

മെരുക്കാൻ ആരു പഠിപ്പിച്ചൂ?

ആരു പിഴപ്പിച്ചുണ്ണികളേ...?


സർവ്വമതങ്ങളുമൊത്തുപൊറുത്താൽ

ഭാരതമെന്നു പഠിപ്പിച്ചൂ

ഞങ്ങടെ മതമീമണ്ണിൻ മതമെ

ന്നാരു പഠിപ്പിച്ചുണ്ണികളേ....?

ആരു പിഴപ്പിച്ചുണ്ണികളേ...?


പുഴയിലൊഴുക്കിയ മരണത്തിന്നും

സൽഗ്ഗതിയെന്നു പഠിപ്പിച്ചൂ

പുഴവറ്റിച്ചും പുണ്യമൊടുക്കാൻ

ആരു പഠിപ്പിച്ചുണ്ണികളേ..?

ആരു പിഴപ്പിച്ചുണ്ണികളേ...?


നിണമൊന്നെന്നു പഠിപ്പിച്ചു മക്കളൊഴുക്കിയ

ചോരപ്പുഴയിൽ നിത്യവുമമ്മ കുളിക്കുന്നു

അരുതേ...യെന്നു കരഞ്ഞുവിളിച്ചു വിലക്കാൻ

ഓടിയണയ്ക്കുന്നു.. ഓരോ തെരുവിലും

അമ്മയ്ക്കിനിയും ഓടാൻ വയ്യെൻറുണ്ണികളേ.

No comments: