Sunday, May 15, 2016

ചക്ക വിഭവങ്ങള്‍






അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കില്‍ ചക്കയെ പറയാം. ലോകത്തിലെ വലിയ പഴങ്ങളില്‍ ഒന്നായ ചക്കയില്‍ നിന്ന് ഉണ്ടാക്കുവാന്‍ കഴിയുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം.



ചക്ക വറുത്തത്

ചേരുവകള്‍​

ചക്കച്ചുള്ള കനത്തില്‍ അരിഞ്ഞത് ആവശ്യത്തിന്
ഉപ്പുവെള്ളം- ഒരു ഗ്ലാസ്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍ അരിഞ്ഞുവെച്ച ചക്ക ഇതില്‍ ഇടുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചക്ക എണ്ണയില്‍ കിടന്ന് മൂത്ത് തുടങ്ങിയാല്‍ ഒരു സ്പൂണ്‍ ഉപ്പ് വെള്ളം അതിലേക്ക് ഒഴിക്കാം. നന്നായി മുത്ത് കഴിഞ്ഞാല്‍ എണ്ണയില്‍ നിന്നും ചക്കയെടുക്കാം.



ചക്കപ്പുഴുക്ക്
ചേരുവകള്‍

ചക്കച്ചുള്ള അരിഞ്ഞത്
ചക്കക്കുരു- 20 എണ്ണം
തേങ്ങ- വലിയ മുറി
പച്ചമുളക്- 15 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- രണ്ട് എണ്ണം
കറിവേപ്പില - ആവശ്യത്തിന്

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ചക്കക്കുരു അല്‍പം ഉപ്പും മഞ്ഞളും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക. ശേഷം തുറന്ന് അരിഞ്ഞുവെച്ച ചക്കച്ചുളകള്‍ ചേര്‍ത്ത് വീണ്ടും വേവിക്കുക. തേങ്ങ ചിരവി ബാക്കി ചേരുവകളും ചേര്‍ത്ത് അരച്ച് ഇത് ചക്കയില്‍ ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 4 മിനിറ്റ് ചെറിയ തീയില്‍ വെവിക്കുക. ഇതിനു ശേഷം പച്ച വെളിച്ചെള്ള ഒഴിച്ച് ഇളക്കി നന്നായി ഉടയ്ക്കുക.



ചക്ക അട
ചേരുവകള്‍

പഴുത്ത ചക്ക- അരച്ചത് രണ്ട് കപ്പ്
അരിപ്പൊടി- 3 കപ്പ്
തേങ്ങ ചിരവിയത്- ഒരു മുറി
ഏലയ്ക്കപൊടി- ഒരു സ്പൂണ്‍
ഉണക്കമുന്തിരി- 20 എണ്ണം
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

അരിപ്പൊടി തിളപ്പിച്ച വെള്ളത്തില്‍ ഉപ്പ്, ചക്ക അരച്ചതും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ചീനിച്ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഏലയ്ക്ക, മുന്തിരി, രണ്ട് കപ്പ് ചക്കയരച്ചതും ചേര്‍ത്ത് നിര്‍ത്താതെ ഇളക്കുക. പാത്രത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ചൂടാറാന്‍ വെയ്ക്കാം. ചൂടാറിയ ശേഷം ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തി ഇതില്‍ ചക്കക്കൂട്ട് വെച്ച് അട രൂപത്തില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.



ഇടിച്ചക്ക ബോ

ചേരുവകള്‍

ഇടിച്ചക്ക- ഒരു ചക്കയുടെ പകുതി
ചെറുയുള്ളി- 5 എണ്ണം
പച്ചമുളക്- 7 എണ്ണം
ഉരുളക്കിഴങ്ങ്- ഒന്ന്
കറിവേപ്പില
മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടേബിള്‍ സ്പൂണ്‍
കടുക്- 1 ടേബിള്‍ സ്പൂണ്‍
മൈദ- ഒരു കപ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ചക്കച്ചുളകള്‍ കഷ്ണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ശേഷം വെള്ളം വാര്‍ത്ത് കളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങി തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചുവെയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് വറക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദമാവില്‍ മഞ്ഞള്‍പ്പൊടി, മുളക് പൊടി, പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. അതിലേക്ക് ഉരുട്ടിവെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില്‍ പൊരിച്ച് എടുക്കാം.

No comments: