Showing posts with label Writings. Show all posts
Showing posts with label Writings. Show all posts

Thursday, September 19, 2013

കുഞ്ചന്‍ നമ്പ്യാരുടെ സൂക്തങ്ങള്‍


1. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം.

2. കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില്‍ സുലഭം.

3. കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം.

4. എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെക്കക്കും.

5. കുറുനരി ലക്ഷം കൂടുകിലും ഒരു
ചെറു പുലിയോടു ഫലിക്കില്ലേതും.

6. കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം.

7. നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍
കല്ലിനു ഭാവവികാരമതുണ്ടോ?

8. ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്.

9. പോത്തുകള്‍ വെട്ടുവാനോടി വരുന്നേരം
ഓത്തു കേള്‍പ്പിച്ചാലൊഴിഞ്ഞു മാറീടുമോ?

10. പണമെന്നുള്ളതു കൈയില്‍ വരുമ്പോള്‍
ഗുണമെന്നുള്ളതു ദൂരത്താകും.
പണവും ഗുണവും കൂടിയിരിപ്പാന്‍
പണിയെന്നുള്ളതു ബോധിക്കേണം.

11. വീട്ടിലുണ്ടെങ്കില്‍ വിരുന്നുചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം.

12. നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ട്
കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.

13. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍
കൊണ്ടാലറിയുമതിനില്ല സംശയം.

14. കണ്ണടച്ചിരുട്ടാക്കി നടന്നാല്‍ മറ്റു ലോകര്‍ക്കു-
കണ്ണുകാണാതാകയില്ല, താന്‍ മറിഞ്ഞു കുണ്ടില്‍ വീഴും.

15. അണ്ടിയോടങ്ങടുക്കുമ്പോള്‍
പുളിക്കുമെന്നു ബോധിപ്പിന്‍.

16. ഈറ്റുപാമ്പു കടിപ്പാനായ്
ചീറ്റി വന്നങ്ങടുക്കുമ്പോള്‍
ഏറ്റുനിന്നു നല്ല വാക്കു
പറഞ്ഞാല്‍ പറ്റുകില്ലേതും.

17. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും
രണ്ടുപേര്‍ക്കും മനക്കാമ്പിലാ ഭോഷനെ
കണ്ടുകൂടാതെയാം ഇല്ലൊരു സംശയം.

18. മാനിനിമാരില്‍ വലഞ്ഞൊരു പുരുഷനു
ഹാനികള്‍ പലവക വന്നു ഭവിക്കും
മാനക്ഷയവും ദ്രവ്യക്ഷയവും
സ്ഥാനക്ഷയവും ദേഹക്ഷയവും
ധര്‍മക്ഷയവും കര്‍മക്ഷയവും
ധൈര്യക്ഷയവും കാര്യക്ഷയവും.

19. ധനമെന്നുള്ളതു മോഹിക്കുമ്പോള്‍
വിനയമൊരുത്തനുമില്ലിഹ നൂനം.

20. എലികളൊരായിരമുണ്ടെന്നാലൊരു
പുലിയൊടു കലഹിക്കാനെളുതാമോ?

21. കടുതായ് ശബ്ദിക്കും കുറുനരിയെ
കടുവയതുണ്ടോ പേടിക്കുന്നു?

22. കൈയില്‍കിട്ടിയ കനകമുപേക്ഷി-
ച്ചിയ്യം കൊള്‍വാനിച്ഛിക്കുന്നു.

23. അങ്ങാടീന്നൊരു തോല്‌വി പിണഞ്ഞാല്‍
തങ്ങടെയമ്മയൊടെന്നുണ്ടല്ലൊ.

24. ചൊട്ടച്ചാണ്‍ വഴിവട്ടം മാത്രം
കഷ്ടിച്ചങ്ങു പറക്കും കോഴികള്‍
ഗരുഡനു പിറകെ ചിറകും വീശി
ഗഗനേ ഗമനം വാഞ്ഛിക്കുന്നു.

25. പണമെന്നുള്ളതിനോടിടപെട്ടാല്‍
പ്രണയം കൊണ്ടൊരു ഫലമില്ലേതും.

26. യഷ്ടികളെ! ഭയമില്ല കുരയ്ക്കും
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.

27. തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്‍മാര്‍ക്ക്.

28. മണമുള്ളൊരു കുസുമങ്ങള്‍ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെല്ലാം.

29. ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും.

30. പെണ്ണിന്റെ ചൊല്‍കേട്ടു ചാടിപ്പുറപ്പെട്ട
പൊണ്ണന്‍ മഹാഭോഷനയ്യോ! മഹാജളന്‍!

31. അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം.

32. കല്പവൃക്ഷത്തെക്കൊതിക്കുന്ന ഭൃംഗിക്കു
കാഞ്ഞിരവൃക്ഷത്തിലാശയുണ്ടാകുമോ?

33. ചൊല്ലുന്ന കേള്‍ക്കുമിപ്പാമ്പെന്നുറച്ചിട്ടു
പല്ലുതൊട്ടെണ്ണുവാനിച്ഛ തുടങ്ങൊലാ.

34. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം.

35. കാലമടുത്താലെവിടെയിരുന്നെ-
ന്നാലും വരുവതു വന്നേ പോവൂ.

36. വേലികള്‍ തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു?

37. തന്നെത്താനറിയുന്നതിനെക്കാള്‍
പിന്നെ വിശേഷിച്ചൊരു ഗുണമില്ല.

38. കാലത്തു തുഴയാഞ്ഞാല്‍
കടവില്‍ച്ചെന്നടുക്കില്ല
കാലന്‍വന്നടുക്കുമ്പോള്‍
കടാക്ഷിച്ചാല്‍ ഫലമില്ല.

39. ഞാഞ്ഞൂലെന്നൊരുകൂട്ടം ഭൂമിയി-
ലഞ്ഞൂറായിരമെണ്ണം കൂടി
സ്വരുപിച്ചെങ്കിലനന്തനെടുക്കും
ധരണിയെടുപ്പാനാളായ് വരുമോ?

40. ഉപ്പു പിടിച്ച പദാര്‍ഥത്തെക്കാള്‍
ഉപ്പിനു പുളി കുറയും പറയുമ്പോള്‍.

41. പാമ്പിനു പാലു കൊടുത്തെന്നാകില്‍
കമ്പിരിയേറിവരാറേയുള്ളൂ.

42. കുവലയമലരിന്‍ പരിമളസാരം
തവളകളറിവാന്‍ സംഗതി വരുമോ?

43. കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നില്ക്കുമതല്ലാതുണ്ടോ?

44. ദുര്‍ല്ലഭമായുള്ള വസ്തുലഭിപ്പതി-
നെല്ലാജനങ്ങള്‍ക്കുമാഗ്രഹമില്ലയോ.

45. പച്ചമാംസം തിന്നുതിന്നേ വളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

46. തള്ളയ്ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ.

47. കിട്ടും പണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്ക്
ദുഷ്ടതകാട്ടുവാനൊട്ടും മടിയില്ല.

48. ജ്ഞാനം മനസ്സിലുറയ്ക്കുന്ന നേരത്തു
ഞാനെന്ന ഭാവം നശിക്കും കുമാരക!

49. ഗോക്കളെ വിറ്റു ലഭിക്കും പണത്തിനു
ശ്വാക്കളെക്കൊണ്ടു വളര്‍ത്തുന്നവരില്ല.

50. ഏകത ബുദ്ധിക്കുള്ളവരോടേ
ശോകസുഖാദികളുരചെയ്യാവൂ.

നമ്പ്യാരുടെ ഇത്തരം സൂക്തങ്ങള്‍ സാധാരണക്കാരന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നവയാണ്. ജീവിതത്തെക്കുറിച്ച് തനതായ കാഴ്ചപ്പാടുള്ള കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍.