Thursday, September 15, 2016

മൊയ്തീൻ മാഷും പോയി.....

ആയിരക്കണക്കിന് ആളുകൾക്ക് വിദ്യയുടെ തിരുമധുരം പകർന്ന, കണക്ക് പേടിക്കേണ്ട വിഷയമല്ല, സരളമായ വിഷയമാണ് എന്ന് പഠിപ്പിച്ച അധ്യാപക അവാർഡ് ജേതാവ് കൂടിയായ, എന്റെ സുഹൃത്ത് അൻവറിന്റെ പിതാവ് മൊയ്തീൻ മാഷ് എന്ന മുഹ്യുദ്ദീൻ മാഷ് റബ്ബിന്റെ വിളിക്കുത്തരമേകി യാത്രയായി....

വിദ്യാർത്ഥിയായിരിക്കേ അധ്യാപകനാകുകയും, അധ്യാപകരില്ലാത്ത വിഷയത്തിൽ ക്ലാസിലെ അധ്യാപകനായി കൂട്ടുകാർക്ക് പാഠങ്ങൾ പഠിപ്പിക്കുകയും, അധ്യാപന കല വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ല, വിദ്യാർത്ഥികളെ അറിഞ്ഞ് മനസിലാക്കി അവരെ കൈ പിടിച്ചുയർത്താനുള്ളതാണെന്നും പ്രവർത്തിയിലൂടെ കാണിച്ച് തന്ന മാതൃകാ ഗുരുനാഥനായിരുന്നു മൊയ്തീൻ മാഷ്...

മാഷിന്റെ ശരീരം ഒരു ഭാഗം വർഷങ്ങൾക്ക് മുന്നേ തളർന്നു പോയി. ഒരു ഭാഗം തളർന്ന മാഷ് വീട്ടിൽ തന്നെ കിടക്കേണ്ട സ്ഥിതി വന്നുവെങ്കിലും, ഈദുൽ മസാക്കീൻ ആയ വെള്ളിയാഴ്ചകളിൽ താൻ താമസിക്കുന്ന പ്രദേശത്തെ ജുമുഅത്ത് പള്ളിയിൽ എത്തുകയും ആൾക്കാരോട് ബന്ധങ്ങൾ പുതുക്കുകയും ചെയ്തിരുന്നു. ബന്ധങ്ങൾ നട്ടുനനക്കാൻ ഉപദേശിച്ചിരുന്ന മാഷ്, അത് സ്വയം നട്ട് നനച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായപ്പോഴൊന്നും മാഷ് അതെ തൊട്ട് നിരാശനായിരുന്നില്ല, എല്ലാം ദൈവത്തിന്റെ വിധി എന്ന് കരുതി റബ്ബിലേക്ക് തവക്കുൽ ആക്കുകയായിരുന്നു.

മാഷിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടാക്കിയിരിക്കുന്ന വേദനയിൽ പങ്ക് ചേർന്ന്, അവരുടെ മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു.

മരണം നമ്മുടെ കണ്ഡനാഡിക്ക് വളരെ അടുത്താണ്, ഏത് നിമിഷവും നമ്മിലേക്ക് അത് കടന്നു വരാം എന്ന് ഓർമ്മിപ്പിച്ച് കൊണ്ടാണ് ഈയടുത്ത ദിവസങ്ങളിൽ ചെമ്മനാട് നിന്ന് മരണവാർത്തകൾ കേൾക്കുന്നത്‌.. റബ്ബേ, ഞങ്ങളിൽ നിന്ന് വിട്ടു പോയവരെ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ, ഞങ്ങളെയും സ്വർഗ്ഗത്തിലാക്കണമേ.... ആമീൻ

* * * *
കാസർകോട് വാർത്തയിൽ നിന്ന്....
.
.
.


ചെമ്മനാട്: (www.kasargodvartha.com 16/09/2016) സംസ്ഥാന അധ്യാപക അവാര്‍ഡ് ചെമ്മനാട്ടെ ജേതാവ് പി.എം മുഹ് യുദ്ദീന്‍ മാസ്റ്റര്‍ (77) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ കൊരക്കോട് പി. മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകനാണ്. പഴയകാല അധ്യാപക സംഘടനാ നേതാവും വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്നു.

കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്‌നിംഗ് കോളജില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി 1975 ജൂണ്‍ 15ന് ചേരൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും 62 മുതല്‍ 76 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തു. മുസ്ലിം ഹൈസ്‌കൂളില്‍ എ.സി.സി ഓഫീസറായും എന്‍.സി.സി ഓഫീസറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു.

1976 ല്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച മുഹ് യുദ്ദീന്‍ മാസ്റ്ററുടെ ആദ്യ നിയമനം ബെണ്ടിച്ചാല്‍ ജി.യു.പി സ്‌കൂളിലായിരുന്നു.. 82 മുതല്‍ 84 വരെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും 84 മുതല്‍ 94 വരെ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും സേവനമനുഷ്ടിച്ചു. 1992ലാണ് സംസ്ഥാന അധ്യാപക അവാര്‍ഡിര്‍ഹനായത്. തളങ്കര റഫി മഹല്‍ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്റ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സൈനബി (പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍). മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈത്ത്), പി.എം നസ്‌റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ല കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍.

സഹോദരങ്ങള്‍: പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രിന്റേഴ്‌സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊരക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്വിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

2 comments:

mujeeb kaindar said...

"ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.."

മൊയ്തീൻ മാഷിന്റെ (മൊഹിയുദ്ദീൻ മാസ്റ്റർ) വിയോഗം ഒരു ഞെട്ടലോടെ അറിയുന്നു.
മുസ്ലിം ഹൈസ്കൂളിലെ
മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ മനസ്സിൽ ...

ആത്മാർത്ഥമായ അദ്ധ്യാപനത്തിന്റെ,
കറകളഞ്ഞ സാമൂഹിക സേവനത്തിന്റെ,
ഉദാത്തമായ മുഖമായിരുന്നു മാഷ്.
തളങ്കര മുസ്ലിം ഹൈസ്കൂളിന്റെ പഠന വിഷയത്തിലുള്ള നിലവാരത്തകർച്ചയിൽ വല്ലാതെ വേദനിച്ചിരുന്നു മാഷ്.
B.K. മാഷും,
അബ്ദുൽ റഹിമാൻ മാഷും,
മൊയ്തീൻ മാഷും
ചേർന്ന ഒരു നല്ല കൂട്ടം,
സ്കൂളിനെ ഉന്നതമായ നിലയിലെത്തിക്കണമെന്ന ആഗ്രഹത്തോടെ കഠിന
പ്രയത്നം ചെയ്തിരുന്നു.
എന്നാൽ,
മൂന്ന് പേരും മുസ്ലിം ഹൈസ്കൂളിനോട് വിട പറഞ്ഞത് ഖേദത്തോടെ തന്നെയായിരുന്നു.
പോയ ഇടങ്ങളിലൊക്കെ
അദ്ദേഹത്തിന്റെ കഴിവും,
പാഠ്യവിഷയങ്ങളിലെ കറകളഞ്ഞ താല്പര്യവും,
അദ്ദേഹത്തിന് കേരളത്തിലെ
ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡിനാൽ സമ്മാനിക്കപ്പെട്ടു.

മുസ്ലിം ഹൈസ്കൂളിലെ കൊള്ളരുതായ്മക്കെതിരെ ഞങ്ങൾ ഒരു കൂട്ടം കഥാപ്രസംഗ രൂപത്തിൽ പ്രതികരിച്ച സമയത്ത്.
ആരോ ഒരു ദുഷ്ട ബുദ്ധി ഉപ്പാനെ തെറ്റിദ്ധരിപ്പിച്ച സമയത്ത് -
സ്‌റ്റേജിന്റെ സൈഡിൽ നിന്ന് എന്നെ മാടി വിളിക്കുന്ന മാഷിന്റെ രൂപം ഒരിക്കലും മറക്കാൻ വയ്യാത്തത്....
"നീ ഓടിക്കൊ ബാൽദു ഉപ്പാക്ക് ചൊടിവന്ന്ന്..."
ഇന്നും എന്റെ ചെവിയിൽ മുഴങ്ങിയങ്ങനെ....!!

ചെമ്മനാടു ഭാഗത്ത് നിന്ന് ദിവസവും ദു:ഖവാർത്തയാണല്ലൊ-
നാസറിന്റെ ഉമ്മ-
അസീസിന്റെ എളുപ്പ -
മൊയ്തീൻ മാഷ് -
ആർക്കും മാറി നില്ക്കാനാവില്ല...
നിശ്ചയിച്ച സമയത്ത് നമ്മൾ പോയേ തീരൂ....

നമുക്ക് ദുആ ചേയ്യാം
മൊഹിയുദ്ദീൻ മാഷിനു വേണ്ടി.
സ്നേഹനിധിയായ മാഷ്ന്
സർവ്വശക്തനായ പടച്ച തമ്പുരാൻ പൊറുത്തു കൊടുക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കുമാറാകട്ടെ -
ചെറുതും വലുതുമായ അറിഞ്ഞും അറിയാതെയും ചെയ്തു പോയിട്ടുണ്ടാവുന്ന തെറ്റുകുറ്റങ്ങൾ മാപ്പാക്കിക്കൊടുക്കുമാറാകട്ടെ.
ആമീൻ -
By Khalid A.K

mujeeb kaindar said...

അല്ലാഹുമ്മ ഇഹ്ഫിർലഹു