Wednesday, September 14, 2016

കുനിയിൽ ഇസ്മാലിച്ചായും യാത്രയായി....




കുനീല് ഇസ്മാലിച്ച....


ശുഭ്രവസ്ത്ര ധാരിയായ, തലയിൽ കറുത്ത തൊപ്പി, കട്ടി കണ്ണട എന്നിവ ധരിച്ച് ഒരുവശത്തേക്ക് അല്പം ചെരിഞ്ഞു മണ്ണിനെപ്പോലും നോവിപ്പിക്കാതെ നടന്നിരുന്ന ഒരു മനുഷ്യൻ. നന്മയുടെ നേരിന്റെ പ്രതീകമായിരുന്നു അവർ... പടച്ചോനെ പേടിയുള്ള, പടച്ചോന്റെ തൃപ്തി മാത്രമാഗ്രഹിച്ച് ജീവിച്ച പച്ചയായ മനുഷ്യൻ...

മനുഷ്യപ്പറ്റ് വേണ്ടുവോളം ഉണ്ടായിരുന്ന കരുണയുടെ നിറകുടം... ചെമ്മനാട് ജമാഅത്ത് പള്ളിയുടെ ഖത്തീബിന്റെ മിമ്പറിന് താഴെ മുഅദ്ദിന്റെ സ്ഥാനത്തിന് തൊട്ടരികത്ത് ജുമുഅ നമസ്കരിക്കാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഹാജരായ വ്യക്തി. മിമ്പറിന്റെ അടുത്ത് നിന്ന് മാറി ഒരു ജുമുഅ പോലും കൂടിയിട്ടുണ്ടാവില്ല...

ഒരിക്കലും ഒരാളോടും കയർക്കുന്നതായി കണ്ടിട്ടില്ല... എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ അഭിമുഖീകരിക്കും.. സലാം പറയും... സലാമിന് മറുപടി കിട്ടുവോളം സലാം പറയും...

ഇനി ആ നിഷ്കളങ്ക മുഖം ഓർമ്മ മാത്രം.... 1985 ൽ തനിക്കൊപ്പം കൂട്ട് കച്ചവടം നടത്തിയിരുന്ന ഖാലിദുച്ച ഒരു അപകട മരണത്തെ തുടർന്ന് നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയപ്പോ, ഒറ്റക്കായിരുന്നു ഇസ്മാലിച്ച പരവനടുക്കത്തെ അന്നത്തെ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നത്... ആ കടയിൽ ഹലാലായ എല്ലാ വസ്തുക്കളും കിട്ടുമാരുന്നു. ഒരു സൂപ്പർ മാർക്കറ്റ് തന്നെയായിരുന്നു അത്. പീടിയക്ക് മുകളിലുള്ള കുഞ്ഞമ്പു ഡാക്ടറുടെ ക്ലിനിക്കിൽ നിന്ന് ഇഞ്ചക്ഷൻ വെച്ച രോഗിക്ക് ഒന്ന് പെട്ടെന്ന് താഴെക്കിറങ്ങാൻ തോന്നും... താഴെ ഇസ്മാലിച്ചാന്റെ പീടിയ ആണ്, അവിടുന്ന് നാലണ കൊടുത്താൽ കിട്ടുന്ന നാരങ്ങ മിട്ടായി വാങ്ങി വായിലിട്ടാൽ ഇഞ്ചക്ഷന്റെ വേദന താനെ മാറും... പഴയ പഞ്ചായത്താഫീസ് നിലനിന്ന കാലത്തും ഇസ്മാലിച്ച കട നടത്തിയിരുന്നു എന്നാണറിവ്...

ഇസ്മാലിച്ചാന്റെ പീടിയ ഒരു വായനശാലയായിരുന്നു ... 
സോവിയറ്റ് യൂണിയൻ മലയാളം പതിപ്പ്, മനോരമ, ചന്ദ്രിക എന്നിവയും ഉത്തരദേശവും വായിക്കാൻ പറ്റുന്ന ഇടം, വായനക്ക് വരുന്നവരോട് ഒരിക്കലും മുഷിവ് കാട്ടിയിരുന്നില്ല... കച്ചവടം നടന്ന് കൊണ്ടിരിക്കേ പളളിയിൽ നമസ്കാരത്തിന് വിളിവന്നാൽ പീടിയയിൽ വായനക്ക് വന്നവരാരോ അവരോട് വായിച്ചിരിക്ക് , ഞാൻ നിസ്കരിച്ച് വരാന്ന് പറഞ്ഞ് പോയി നിസ്കരിച്ചിട്ട് വരും..
വക്ത് ഒരിക്കലും തെറ്റിച്ചതായി കണ്ടിട്ടില്ല.. പരവനടുക്കത്തെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്നു ആ ഷോപ്പ്..മായം ചേരാത്ത സാധനങ്ങൾ മാത്രം വിറ്റിരുന്ന ആ സൂപ്പർ മാർക്കറ്റു പരവനടുക്കക്കാരുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. 
ആ ഷോപ്പ് നിലനിന്നിരുന്ന കെട്ടിടം അതിന്റെ ഉടമാവകാശം വിറ്റപ്പോ, ഇസ്മാലിച്ചാന്റെ സൂപ്പർ മാർക്കറ്റും സ്റ്റോപ്പായി... അപ്പോഴേക്കും മക്കളൊക്കെ വളർന്ന് സ്വന്തം കാലിൽ നിൽക്കാൻ പരുവത്തിലായി... തുടർന്ന് ഇസ്മാലിച്ച വിശ്രമ ജീവിതത്തിൽ പോയി... 
ആരോഗ്യം അനുവദിക്കപ്പെടുന്നിടത്തോളം കാലം പള്ളിക്കമ്മിറ്റികളിൽ ഇസ്മാൽച്ച ഒരു ഭാഗമായിരുന്നു... ദീർഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു... 
ആ മനുഷ്യസ്നേഹി ഇനി ഇല്ല... 14-9-2016 ന് അയ്യാമുത്തശ്രീഖിന്റെ സായന്തന വേളയിൽ നാഥന്റെ വിളിക്കുത്തരമേകി ഇസ്മാലിച്ചായും പോയി... അല്ലാഹുമ്മ ഇഹ്ഫിർലഹു, അല്ലാഹുമ്മ ഇർഹംഹു...
 മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു... സജ്ജനങ്ങളുടെ കൂട്ടത്തിൽ സർവ്വശക്തൻ നമ്മെയും നമുക്ക് മുൻ കഴിഞ്ഞ് പോയവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ

No comments: