Showing posts with label SELF HELP. Show all posts
Showing posts with label SELF HELP. Show all posts

Sunday, May 15, 2016

അടുത്ത മണിക്കൂറില്‍ ചെയ്യാന്‍ പത്ത് കാര്യങ്ങള്‍



എന്ത് ജോലി ചെയ്താലും എത്ര തിരക്കുണ്ടെങ്കിലും എപ്പോഴും മനസുമായി കണക്റ്റ് ചെയ്യണം എന്ന് നമ്മളെ ഓര്‍മപ്പെടുത്തുന്നതാണ് ഗോപി കല്ലായിലിന്റെ 'The internet to the inner-net' എന്ന പുസ്തകം. മനസിന്റെ അപാരമായ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഗൂഗിളിന്റെ ചീഫ് ഇവാഞ്ചലിസ്റ്റ് (ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ്) ആയ ഈ മലയാളി സ്വന്തം ജീവിതയാത്രയിലൂടെ വിശദീകരിക്കുന്ന ഈ പുസ്തകത്തിലെ 'Ten things to do with the next hour' എന്ന അധ്യായം വായിക്കാം, ഒരു വ്യത്യസ്ത വിജയകഥ അറിയാം.

പറയുന്നത് പലരാകാം, പക്ഷേ പരാതി ഒന്ന് തന്നെ. കമ്പനികളുടെ സിഇഒ പറയും അവര്‍ അമിതമായി ജോലി ചെയ്യുന്നവരാണെന്ന്. സൗത്ത് ഇന്ത്യയിലെ എന്റെ ഗ്രാമത്തിലെ കൃഷിക്കാരും പറയും ഒന്നിനും സമയമില്ലെന്ന്. നമുക്ക് എല്ലാവര്‍ക്കും പരാതിപ്പെടാം, ഷെഡ്യൂളുകളുടെ മുഷ്ടിക്കുള്ളിലാണ് നമ്മുടെ ജീവിതം എന്ന്, ഒരു ദിവസം ഇത്രയും സമയം പോര എന്ന്. നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍, നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തുടങ്ങി മറ്റാരോ നിശ്ചയിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയോ ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയോ ആണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്നതെന്ന് നമുക്ക് ഓരോരുത്തര്‍ക്കും പറയാവുന്നതാണ്.

ബിസിനസ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ജോലി തുടങ്ങിയ നാളുകളില്‍ ഓരോ ദിവസത്തെയും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി മാത്രമായിരുന്നു എന്റെ ചിന്ത. നേട്ടങ്ങള്‍ വല്ലാതെ ലഹരി പിടിപ്പിച്ചിരുന്നു എന്നെ. എപ്പോഴും മീറ്റിംഗുകളിലേക്കും എയര്‍പോര്‍ട്ടുകളിലേക്കുമുള്ള പരക്കംപാച്ചിലുകള്‍. ഫ്‌ളൈറ്റുകളിലും കോണ്‍ഫറന്‍സുകളിലും കിട്ടുന്ന എത്ര മോശം ഭക്ഷണവും ഞാന്‍ കഴിക്കും. എന്റെ വീട്ടുകാര്യങ്ങള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയായിരുന്നു തുറന്നു നോക്കുക പോലും ചെയ്യാത്ത ബില്ലുകളുടെ കൂമ്പാരം, കഴിഞ്ഞ യാത്രയ്ക്ക് കൊണ്ടുപോയ സൂട്ട് കെയ്‌സുകള്‍, അടുത്ത ട്രിപ്പിനായി പകുതി പായ്ക്ക് ചെയ്തവ വേറെ. പല പ്രാവശ്യം എന്റെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്യപ്പെട്ടു, എന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. പണം ഇല്ല എന്നതായിരുന്നില്ല പ്രശ്‌നം, ശ്രദ്ധ മുഴുവന്‍ ജോലിയിലും യാത്രകളിലും മാത്രമായപ്പോള്‍ ബില്‍ അടയ്ക്കാനുള്ള സമയം പോലും എനിക്കില്ലാതെ വന്നു.

എന്റെ ജീവിതം പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന, നാണക്കേടുണ്ടാക്കുന്ന അവസ്ഥ. ഒരു വര്‍ഷത്തോളം ഇത് നീണ്ടുനിന്നു, ഒരു ബ്രേക്കിംഗ് പോയ്ന്റ് എത്തുന്നത് വരെ. ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങി ഞാന്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്? എന്താണ് ഇതുകൊണ്ടുള്ള നേട്ടം? ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത്? ഇതിന് ഞാന്‍ എന്ത് വിലയാണ് നല്‍കുന്നത്? യാത്ര, മോശമായ ഭക്ഷണം, വ്യായാമത്തിനും മെഡിറ്റേഷനും സമയമില്ലായ്മ... ഇതൊക്കെയായി മാറിയിരുന്നു എന്റെ ജീവിതം. എന്തിനെല്ലാം പ്രാധാന്യം നല്‍കണം എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നു എനിക്ക് മനസിലായി. ഏതാനും വര്‍ഷം മുന്‍പ് ന്യൂയോര്‍ക്കില്‍ മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കിയ ചില പ്രോഗ്രാമുകളില്‍ പങ്കെടുക്കുമ്പോഴാണ് ഞാന്‍ ഇതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രമേ ലഭിക്കുന്നുള്ളു. ആ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ. അങ്ങനെയാണ് ഒരു മണിക്കൂര്‍ ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ എനിക്ക് സാധ്യമാണ്? പത്ത് കാര്യങ്ങള്‍ എനിക്ക് ലിസ്റ്റ് ചെയ്യാന്‍ പറ്റി. വെറും ഒരു തോന്നലില്‍ നിന്ന് എന്റെ ദിവസങ്ങള്‍ ഏറെ മികവുറ്റതാക്കാന്‍ കഴിയുന്ന ഒരു പ്ലാനായി ഇത് മാറി. ഒരു ദിവസം നിങ്ങള്‍ക്ക് ലഭിക്കുന്നസമയം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ ഉണ്ടാക്കുന്ന ലിസ്റ്റില്‍ ഒട്ടേറെ വ്യതസ്ത കാര്യങ്ങളും കാരണങ്ങളുമുണ്ടാകും. ഇവിടെ, എന്റെ ജീവിതം മാറ്റിമറിച്ച എന്റെ ലിസ്റ്റ് ഞാന്‍ പങ്കുവെക്കുന്നു.

ഉറക്കം: എനിക്കിഷ്ടമുള്ള രീതിയില്‍ ചെലവഴിക്കാന്‍ ഏതാനും മണിക്കൂര്‍ കിട്ടിയാല്‍ അത് ഞാന്‍ ഉറങ്ങിത്തീര്‍ക്കും. കഴിയുമെങ്കില്‍ എട്ട് മണിക്കൂര്‍. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. നമ്മുടെ സന്തോഷത്തിന്റെ അളവും ഇതിനെ ആശ്രയിച്ചിരിക്കും. വളരെ ലളിതമായ ഈ കാര്യം തെറ്റിച്ചാല്‍ പ്രകൃതിയുടെ നിയമങ്ങള്‍ തിരിച്ചടിക്കുന്നത് രൂക്ഷമായിട്ടായിരിക്കും.

ഭക്ഷണം: ആരോഗ്യം മികച്ചതാക്കാനും തകര്‍ക്കാനും കഴിയുന്നതാണ് നാം കഴിക്കുന്ന ഭക്ഷണം. നമ്മുടെ എനര്‍ജി, ചിന്താശക്തി, ക്രിയേറ്റിവിറ്റി, മാനസികമായ ഉല്ലാസം എന്നിവയെ എല്ലാം ബാധിക്കുന്ന ഒന്നാണു പോഷകസമൃദ്ധമായ ആഹാരം. അതുകൊണ്ട് എന്താണു കഴിക്കുന്നതെന്നും എന്ത് ഒഴിവാക്കണമെന്നും മനസിലാക്കുക. സ്വന്തമായി കൃഷി ചെയ്‌തോ പാചകം ചെയ്‌തോ കഴിക്കുമ്പോഴും മറ്റൊരാളുണ്ടാക്കി തരുന്നത് കഴിക്കുമ്പോഴും ഈ നിയമം തെറ്റിക്കാതിരിക്കുക. 30 മിനിറ്റ് എനിക്ക് കിട്ടിയാല്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും തെരഞ്ഞെടുക്കാനും ഞാന്‍ ശ്രമിക്കും.

വ്യായാമം: ഒരു മണിക്കൂറോ അതില്‍ കുറവോ സമയം ലഭിച്ചാല്‍ അത് ഞാന്‍ വ്യായാമത്തിനായി നീക്കിവെക്കും. എന്റെ ശാരീരികവും മാനസികവുമായ എനര്‍ജി വര്‍ധിപ്പിക്കുന്നത് എക്‌സര്‍സൈസാണ്. യാത്രകളിലും യോഗയ്‌ക്കോ നീന്തലിനോ സമയം കണ്ടെത്താന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നടക്കാം, ഓടാം, ഡാന്‍സ് ചെയ്യാം, ടെന്നീസ് കളിക്കാം. നിങ്ങള്‍ക്ക് ഉല്ലാസം തരുന്ന ഒരു ആക്റ്റിവിറ്റി എപ്പോഴും ചെയ്യാന്‍ ശ്രമിക്കുക 

മെഡിറ്റേഷന്‍: 20 മിനിറ്റ് എനിക്ക് കിട്ടിയിട്ടുണ്ട്, എന്ത് ചെയ്യും? ഞാന്‍ ആ സമയം ധ്യാനത്തിന് വേണ്ടി മാറ്റിവെക്കും. എന്റെ ഒരു ദിവസത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് മെഡിറ്റേഷനാണ്. എല്ലാ ശബ്ദകോലാഹലങ്ങളും അലങ്കോലങ്ങളും ഒഴിവാക്കി മനസ് വൃത്തിയാക്കി സന്തോഷം പകര്‍ന്ന് എന്റെ ചിന്തകള്‍ക്ക് വ്യക്തത നല്‍കി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്നെ സഹായിക്കുന്നു ധ്യാനം. ചിലപ്പോള്‍, ഫ്‌ളൈറ്റില്‍, എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഓഫ് ചെയ്ത് ടേക്കോഫിനു തയാറാകുന്ന 15 മിനിറ്റായിരിക്കും ഞാന്‍ മെഡിറ്റേഷനു വേണ്ടി ഉപയോഗിക്കുന്നത്.

സ്‌നേഹം: എന്റെ ലിസ്റ്റില്‍ അടുത്തത് സ്‌നേഹമാണ് എന്നില്‍ സ്‌നേഹം നിറയ്ക്കുന്ന ചിന്തകളും, പ്രവൃത്തികളും, ഒപ്പം എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള സമയവും. ഇതിനു ഒന്നാം സ്ഥാനം നല്‍കേണ്ടേ എന്ന് പലരും ചോദിക്കാം. പക്ഷേ, ഞാന്‍ ആദ്യം പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് സ്വയം സന്തോഷിക്കാനോ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനോ കഴിയില്ല, എന്റെ പോളിസി എയര്‍ലൈനുകളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 'മറ്റുള്ളവരെ സഹായിക്കും മുന്‍പ് ഓക്‌സിജന്‍ മാസ്‌ക് ധരിക്കുക.'

കൊച്ചു കൊച്ച് കാര്യങ്ങള്‍: ഇനി ഞാന്‍ എന്ത് കാര്യമാണ് ചെയ്യുക? ഓരോ ദിവസവും ചെയ്യേണ്ട ചില ചെറിയ കാര്യങ്ങള്‍ തീര്‍ക്കും. 'സ്റ്റഫ്' എന്ന് പറയുന്ന ഇക്കാര്യങ്ങളൊന്നും അത്യാവശ്യ സംഭവങ്ങളല്ല. പക്ഷേ, അവ കൂടിക്കിടന്നാല്‍ നമ്മുടെ ജോലിയെയും മനസമാധാനത്തെയും ബാധിക്കും എന്ന് ഉറപ്പ്. മെയ്‌ലുകള്‍, വീട്ടുജോലികള്‍ എന്നിവയെല്ലാം ഇതില്‍ പെടും. 

ജോലി: പലരുടെയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരിക്കും ജോലി. പക്ഷേ, ഞാന്‍ നല്‍കുന്നത് ഏഴാം സ്ഥാനമാണ്. കാരണം, ഒന്ന് മുതല്‍ ആറ് വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാലേ എനിക്ക് നന്നായി ജോലി ചെയ്യാന്‍ കഴിയൂ. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എറ്റവും മികച്ച രീതിയില്‍ എന്റെ ജോലി തീര്‍ക്കുകയും അതെന്നെ ഏറെ തൃപ്തിപ്പെടുത്തുകയും ചെയ്യണമെങ്കില്‍ ഇവയെല്ലാം ഞാന്‍ പ്രാധാന്യത്തോടെ ചെയ്യണം. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. എല്ലാവര്‍ക്കും നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു. നിങ്ങളും, കമ്പനിയും, സഹപ്രവര്‍ത്തകരും എല്ലാം. നിങ്ങളുടെ ബോസ് സൂപ്പര്‍ ഹാപ്പിയുമാകും.

പ്രിയപ്പെട്ട ഇഷ്ടങ്ങള്‍: ഒരു മണിക്കൂര്‍ കിട്ടിയാല്‍ മനസിന് ഏറ്റവും പ്രിയപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്‍പ്പര്യം. എന്റെ പാഷനായ, വളരെ ഇഷ്ടമുള്ളത് കൊണ്ട് മാത്രം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍, എന്റെ മനസിനെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍. നിര്‍ബന്ധിതമായി ചെയ്യേണ്ടതല്ല ഇതൊന്നും. ജീവിതമാര്‍ഗമായതു കൊണ്ട് ചെയ്യുന്നതുമല്ല. (പക്ഷെ, ജോലി എന്റെ ഒരു പാഷന്‍ തന്നെയാണ്.) പബ്ലിക് സ്പീക്കിംഗ്, യോഗ പഠിപ്പിക്കുക, കീര്‍ത്തനങ്ങള്‍ പാടുക എന്നിങ്ങനെ പല ഇഷ്ടങ്ങളും എനിക്കുണ്ട്. അതുകൊണ്ട് എന്റെ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ വീണുകിട്ടിയാല്‍ ഞാന്‍ ഇതെല്ലാമാണ് ചെയ്യുക. 

പുതിയ പാഠങ്ങള്‍: എപ്പോഴും എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുക. ഹാര്‍മോണിയം വായിക്കുന്നതും, ടിവി ഷോ ചെയ്യുന്നതും വെജിറ്റേറിയന്‍ ഭക്ഷണമുണ്ടാക്കുന്നതും തുടങ്ങി പുതുതായി പഠിക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് പുതിയ അവസരങ്ങളാണ് മനസിലാക്കി തരുന്നത്. എന്റെ ലോകം കൂടുതല്‍ വിശാലമാകുകയും ചെയ്യും.

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍: എന്റെ മനസിന്റെ എനര്‍ജി പുറത്ത് കൊണ്ടു വരുന്ന എന്ത് കാര്യവും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ഞാന്‍ ഈ സമയം ഉപയോഗിക്കും. ചിലപ്പോഴത് ഒരു യോഗ ക്ലാസ് നടത്തുന്നതാകാം, അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ചായയോ ഡിന്നറോ നല്‍കുന്നതാകാം. നിങ്ങള്‍ക്ക് ഇത് പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരുന്നതോ, കുട്ടികളുടെ സ്‌കൂളില്‍ സഹായിക്കുന്നതോ ഒരു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി വോളന്റിയര്‍ ആകുന്നതോ ആകാം. പ്ലാന്‍ ചെയ്യാത്ത കാര്യങ്ങളും ചെയ്യാം. കുറെ കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്തിനെ ഫോണ്‍ ചെയ്യാം, നേരിട്ട് കാണാം. ചെറിയ കാരുണ്യ പ്രവൃത്തികള്‍. സമൂഹവുമായി ചേര്‍ത്ത് നിരത്തുന്ന ഇത്തരം ചില കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താം.

ഈ ലിസ്റ്റ് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ ഒരു മനുഷ്യജീവി എന്ന നിലയിലുള്ള എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും പുതിയ രൂപമായി. എന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും കൂടുതല്‍ വ്യക്തവുമായി. എന്റെ എനര്‍ജി ഏറ്റവും നന്നായി ഉപയോഗിക്കുന്ന രീതിയില്‍ സമയം പ്രയോജനപ്പെടുത്താന്‍ എനിക്ക് ഇപ്പോള്‍ അറിയാം. നിങ്ങളും സ്വന്തമായി ഒരു ലിസ്റ്റ് ഉണ്ടാക്കി അത് പിന്തുടരുമ്പോള്‍ മനസിലാകും, 24 മണിക്കൂര്‍ എങ്ങനെ കൂടുതല്‍ മികച്ച രീതിയില്‍ ചെലവഴിക്കാം എന്ന്. 

Sunday, November 22, 2015

ജീവിതത്തില്‍ താങ്ങാവുന്ന തവക്കുല്‍



പുതുനൂറ്റാണ്ടില്‍ നമ്മെപ്പോലെ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ പുതിയപുതിയ വെല്ലുവിളികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു.നമുക്ക് കഴിക്കാന്‍ മതിയായത്ര ഭക്ഷണവും താമസിക്കാന്‍ നല്ല ഭവനവും ചെറിയതെങ്കിലും തെറ്റില്ലാത്ത ആഡംബരസൗകര്യങ്ങളുമുണ്ട്. ഇത്രയും ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും നാം അന്തഃരംഗങ്ങളില്‍ സംഘര്‍ഷം അനുഭവിക്കുന്നു. ഹൃദയാന്തരാളങ്ങളില്‍ ഒരു തരം ശൂന്യത. മനസ്സില്‍ സദാ വിങ്ങല്‍ മാത്രം. ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും ഏറിവരുന്നു. സമ്പാദിച്ചുകൂട്ടുന്തോറും സന്തോഷം അകന്നകന്നുപോകുന്നതുപോലെയാണ് നമുക്ക് തോന്നുന്നത്. ഇതില്‍നിന്നെല്ലാം മുക്തമാകാമല്ലോ എന്നുകരുതി വിനോദയാത്രസംഘടിപ്പിച്ചാല്‍ അവിടെയും ഏകാന്തത നമ്മെ പിന്തുടരുന്നു.

അല്ലാഹുവില്‍നിന്നകന്നാല്‍ ജീവിതം നിരാശാജനകമായിരിക്കുമെന്നതാണ് വസ്തുത. എത്രമാത്രം പൈസ കയ്യിലുണ്ടായിട്ടും കാര്യമില്ല. പടച്ചവനെക്കുറിച്ച സ്മരണ ഇല്ലാതായാല്‍ വമ്പന്‍ മണിമാളികയുണ്ടാക്കി അതില്‍ കിടന്നാലും നിദ്രലഭിക്കില്ല. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കി അത് പൂര്‍ത്തീകരിക്കാനുള്ള ശ്രമമെങ്കിലും നന്നെക്കുറഞ്ഞത് നമ്മുടെ ഭാഗത്തുനിന്നുണ്ടായാല്‍ മാത്രമേ സന്തോഷം കണ്ടെത്താനാകൂ.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ജീവിക്കേണ്ടവരാണ് മനുഷ്യര്‍. മനുഷ്യരെ സന്തുഷ്ടരായി കാണാനാണ് അല്ലാഹു അങ്ങനെ കല്‍പിച്ചതുതന്നെ. ഇഹത്തിലും പരത്തിലും നാം ആഹ്ലാദത്തിലായിരിക്കുമെന്നതാണ് അതിന്റെ ഗുണഫലം. ശരിയായ സന്തോഷം കണ്ടെത്താനുള്ള താക്കോല്‍ നമ്മെ ഏല്‍പിച്ചിട്ടുണ്ട്. അത് നാം നഷ്ടപ്പെടുത്തരുത്. അല്ലാഹുവിനെ അനുസരിക്കുകയെന്നത് പ്രയാസമുള്ള കാര്യമൊന്നുമല്ലല്ലോ.ഖുര്‍ആന്‍ പറയുന്നത് കാണുക:'ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(അദ്ദാരിയാത് : 56)

ഇസ്‌ലാം ഇഹലോകജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കാനുള്ള വഴികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുവഴി നമുക്ക് എളുപ്പത്തില്‍ സന്തോഷം കണ്ടെത്താം. ഖുര്‍ആനും നബിചര്യയും നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെയും പ്രയാസങ്ങളെയും ദൂരീകരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പ്രശ്‌നമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. കാരണം എല്ലാ മനുഷ്യരും പരീക്ഷിക്കപ്പെടുമെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിലേക്ക് തിരിയാനും അവനെ ആശ്രയിക്കാനും നമ്മെ പ്രേരിപ്പിക്കുമാറ് ഒട്ടേറെ അവസരങ്ങളുള്ളതാക്കി ജീവിതത്തെ അവന്‍ മാറ്റിയിരിക്കുന്നു. ആ അവസരങ്ങളിലുള്ള ക്ഷമയ്ക്കും നന്ദിപ്രകടനത്തിനും അവന്‍ പ്രതിഫലം വാഗ്ദാനംചെയ്തിരിക്കുകയാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ അവന്‍ അതിയായി സ്‌നേഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

'അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'(ആലുഇംറാന്‍ 159)

'അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.'(അല്‍ അന്‍ഫാല്‍ 2)

ജീവിതം പരീക്ഷണങ്ങളും പ്രയാസങ്ങളും വിജയങ്ങളും നിറഞ്ഞതാണ്. പലപ്പോഴും ഉയര്‍ച്ച-താഴ്ചകളുടേതാണ് അതിലെ ദിനങ്ങള്‍. ഒരു ദിനം നിങ്ങളുടെ ഈമാന്‍ ഉന്നതവും മധുരതരവുമാണെങ്കില്‍ അടുത്തദിവസം അത് നിരാശയും സങ്കടവും നിറഞ്ഞ് ഈമാനിന്ന് മങ്ങലേല്‍പിക്കുംവിധമായിരിക്കും.

അത്തരം ജീവിതയാത്രയില്‍ എല്ലാം അറിയുന്ന ദൈവത്തില്‍ സര്‍വവും ഭരമേല്‍പിക്കുന്നതാണ് നമുക്കുത്തമം. തുടരെത്തുടരെയുണ്ടാകുന്ന പ്രതിസന്ധികള്‍ നമുക്ക് കുരുക്കുതീര്‍ക്കുകയും അതുവഴി സമാധാനം നഷ്ടപ്പെടുകയുംചെയ്യുമ്പോള്‍ അവയ്ക്കു പിന്നില്‍ കൃത്യമായ കാരണവും യുക്തിയും ഉണ്ടെന്ന് തിരിച്ചറിയണം. പലപ്പോഴും അതിന്റെ യുക്തി അല്ലാഹുവിനുമാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

അല്ലാഹുവല്ലാത്ത ഇതരശക്തിയോ പരമാധികാരിയോ ഇല്ലെന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് സമാധാനം ലഭിക്കുന്നു. അല്ലാഹു സര്‍വശക്തനും സര്‍വജ്ഞാനിയും ആണെന്നും അവന്റെ അനുമതിയോടെയല്ലാതെ യാതൊന്നും സംഭവിക്കുന്നില്ലെന്നും തന്റെ അനുചരനോട് മുഹമ്മദ് നബി ഒരു സന്ദര്‍ഭത്തില്‍ ഉണര്‍ത്തുകയുണ്ടായി.

'അല്ലയോ ചെറുപ്പക്കാരാ, അല്ലാഹുവിന്റെ കല്‍പനകള്‍ നീ മുറുകെപ്പിടിക്കുക. അവന്‍ നിന്നെ ഇഹലോകത്തും പരലോകത്തും സംരക്ഷിക്കും. അവന്റെ ആജ്ഞകള്‍ പാലിക്കുക അവന്‍ നിന്നെ സഹായിക്കും. നിനക്കെന്തെങ്കിലും ആവശ്യമുണ്ടായാല്‍ അതവനോട് മാത്രം ചോദിക്കുക. സഹായംതേടുന്നുവെങ്കില്‍ അവന്റെ സഹായംതേടുക.

അറിയുക.. ജനം നിനക്കെന്തെങ്കിലും പ്രയോജനംലഭിക്കാന്‍വേണ്ടി സംഘടിക്കുകയാണെങ്കില്‍ പോലും അല്ലാഹു നിനക്കായി അത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലല്ലാതെ നിനക്കത് പ്രയോജനംചെയ്യില്ല. അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിലല്ലാതെ അവര്‍ക്ക് നിന്നെ ഉപദ്രവിക്കാനുമാകില്ല. പേനകള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ലിഖിതങ്ങള്‍ ഉണങ്ങിയിരിക്കുന്നു.'(തിര്‍മിദി 2516)

അല്ലാഹുവില്‍ ഭരമേല്‍പിക്കുക

എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം അല്ലാഹുവിങ്കലാണെന്നും മനുഷ്യരെ സ്വര്‍ഗവാസികളാക്കുകയാണ് അവന്റെ ആഗ്രഹമെന്നും നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതത്തിലുണ്ടാകുന്ന സകലപ്രയാസങ്ങളും നമുക്ക് മറക്കാനാകും. അല്ലാഹു നമ്മെ സ്‌നേഹിക്കുന്നു. നമുക്കുത്തമമായത് മാത്രം അവന്‍ നടപ്പില്‍വരുത്തുന്നു. അങ്ങേയറ്റം കാരുണ്യവാനും പൊറുക്കുന്നവനും ആണ് അവനെന്ന് നമ്മെ അറിയിച്ചിട്ടുണ്ടല്ലോ അവന്‍.

നമ്മുടെ ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുകയും അതിന് വിപരീതമായി സംഭവിക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ ജീവിതനേട്ടത്തിനുള്ളതാണെന്ന് മനസ്സിലാക്കാതെ വരികയും ചെയ്താല്‍ ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ പ്രയാസമാകും. കടുത്ത ഉത്കണ്ഠയും വിഷാദവുമായിരിക്കും അതിന്റെ ഫലം. അതിനാല്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ പഠിക്കേണ്ടതുണ്ട്.

അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.'(ആലുഇംറാന്‍ 160)

'അവനാണെന്റെ നാഥന്‍! അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെ തിരിച്ചുപോക്കും അവനിലേക്കുതന്നെ.'(അര്‍റഅ്ദ് 30)

'ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.'(ഇബ്‌റാഹീം 12)

മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസം, ഐശ്വര്യത്തിലും പ്രയാസത്തിലും സ്ഥിരതയുള്ളതായിരിക്കണം. ഇവിടെ എന്തുസംഭവിക്കുന്നതും അല്ലാഹുവിന്റെ അനുമതിയോടെ മാത്രമാണ്.

ഉപജീവനത്തിനും നിലനില്‍പിനും ആവശ്യമായത് നല്‍കുന്ന അവന്‍ അത് പിന്‍വലിക്കുന്നതിനും കഴിവുറ്റവനാണ്. നാം ധനികനോ ദരിദ്രനോ ആരോഗ്യവാനോ രോഗിയോ ആയിരിക്കണമെന്നുള്ളത് അവന്‍ തീരുമാനിക്കുന്നു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവു നല്‍കുക വഴി അവന്‍ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതിന് നാം നന്ദിപ്രകാശിപ്പിക്കണം. ഏതവസ്ഥയിലും നന്ദിയുള്ളവനായിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നമുക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുന്നതോടൊപ്പം അതിനേക്കാളുമുപരി അവനെ സ്‌നേഹിക്കുകയും അവനില്‍ വിശ്വാസമര്‍പ്പിക്കുകയും വേണം. ജീവിതം ഇരുളടഞ്ഞതാകുകയും വിഷമസന്ധിയിലകപ്പെടുകയും ചെയ്താലും നാം അല്ലാഹുവിനെ സ്‌നേഹിക്കണം. ദുഃഖവും പ്രയാസവും നമ്മെ അതിജയിക്കുകയാണെങ്കിലും നാം അതിലേറെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകതന്നെ വേണം.

Saturday, May 25, 2013

സുവര്‍ണാവസരങ്ങള്‍




തെക്കേ ആഫ്രിക്കയില്‍ പണ്ട് സ്വര്‍ണം കണ്ടുപിടിച്ച വിവരം കാട്ടുതീപോലെ പരന്നു. സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്തേക്ക് എല്ലാവരും വെച്ചുപിടിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പങ്ക് എങ്ങനെയെങ്കിലും ഉറപ്പിക്കണമെന്ന വാശിമാത്രം. മോഹാന്ധരായി ഓടുന്നതിനിടയില്‍ ആളുകള്‍ പരസ്പരം കൂട്ടിയിടിച്ച് താഴെവീഴുന്ന അവസ്ഥ.

ഈ തിരക്കില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് അകലെ ഒരു ചെറുപ്പക്കാരന്‍ ഇരുമ്പില്‍നിന്ന് ശ്രദ്ധയോടെ നല്ല മണ്‍വെട്ടികളുണ്ടാക്കുകയാണ്. എല്ലാവരും സ്വര്‍ണം ചിള്ളിപ്പെറുക്കാന്‍ നോക്കുമ്പോള്‍ അകലെ മാറിയിരുന്നു ഒരുവന്‍ കഷ്ടപ്പെട്ട് ഇരുമ്പുരുക്കി മണ്‍വെട്ടിയുണ്ടാക്കുന്നു. കാണുന്ന ആര്‍ക്കും അയാള്‍ക്ക് ചില്ലറ തകരാറുണ്ടെന്ന് തോന്നിപ്പോവുക സ്വാഭാവികം. ലോകനീതി അതാണ്. സ്വര്‍ണത്തെപ്പറ്റിയുള്ള ചിന്തയോ മോഹാന്ധതയോ ഒന്നും ബാധിക്കാതെ തന്റെ പണിയില്‍ ദത്തശ്രദ്ധനായിരിക്കുന്ന അയാളോട് സംസാരിക്കാന്‍ പൊന്നിന് പിറകേയോടുന്നവരുടെ കൂട്ടത്തില്‍ ഒരാളുണ്ടായതുതന്നെ ഒരത്ഭുതമാണ്. അയാള്‍ ചെറുപ്പക്കാരനോട് ചോദിച്ചു. അല്ല, മനസ്സിലാവാത്തതുകൊണ്ട് ചോദിക്കുകയാണ്, ഇത്രയും മണ്‍വെട്ടികള്‍ എന്തിനുവേണ്ടിയാണ് താങ്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്?

ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു- 'നിങ്ങള്‍ സ്വര്‍ണത്തിന് പിന്നാലെയോടുകയാണ്. ഞാന്‍ ഒരു സുവര്‍ണാവസരത്തിന്‍മേല്‍ ഇരിക്കുകയാണ്. ഇളകിയ മണ്ണ് നിങ്ങള്‍ മാന്തിയിട്ടെങ്കിലും മാറ്റും. അതെനിക്കറിയാം. അതിനപ്പുറം മണ്ണുനീങ്ങണമെങ്കില്‍, പിന്നെയും കുഴിക്കണമെങ്കില്‍ മണ്‍വെട്ടിതന്നെ വേണ്ടിവരും. അപ്പോഴേക്കും വില്പനയ്ക്കായി ആവശ്യത്തിന് മണ്‍വെട്ടികള്‍ തയ്യാറായിരിക്കണം'.

ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലീഡര്‍ഷിപ്പ് എന്ന ആശയത്തിന്റെ പ്രാവര്‍ത്തികരൂപമാണ് മുകളിലെ ഉദാഹരണം. വികസനം വരുന്നത് അവസരത്തിന്റെ രൂപത്തിലാണ്. ഒരോരുത്തരും അവരുടേതായ ഒരിടം കണ്ടെത്തുകയാണ്. അവിടെ കാലുറപ്പിച്ചുകൊണ്ട് നൈസര്‍ഗികമായി, സര്‍ഗപരമായി കര്‍മനിരതരാവുകയാണ്. ആധുനിക ലോകക്രമത്തില്‍ പരിവര്‍ത്തനമെന്നത് ഒരാള്‍ ഉന്നത പദവിയിലിരുന്നുകൊണ്ട് നടത്തുന്ന കാര്യങ്ങളുടെ പരിണിതഫലമല്ല. മറിച്ച് അപരന്‍ സ്വയം കണ്ടെത്തുന്ന മേഖലയില്‍ സാധ്യമാക്കുന്ന വിപ്ലവകരമായ ചലനങ്ങളാണ് യഥാര്‍ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ അഥവാ പരിവര്‍ത്തനം.

പഴയ ലോകക്രമത്തില്‍ ബിസിനസ്സിന്റെ വളര്‍ച്ചയെന്നാല്‍ ഭൗതികമായ വളര്‍ച്ചയായിരുന്നു. എത്രരാജ്യങ്ങളില്‍ സ്ഥാപനങ്ങളുണ്ട്, ഏതെല്ലാം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്, എത്ര പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട് എന്നിത്യാദി വലുപ്പം വെച്ചളക്കല്‍. ആധുനിക ലോകക്രമത്തില്‍ ബിസിനസ്‌ലോകത്ത് നടക്കുന്ന വന്‍പരിവര്‍ത്തനങ്ങളൊന്നും ഭൗതികാന്തരീക്ഷത്തിലല്ല, മാനസിക വ്യാപാരങ്ങളിലാണ്. ഇന്നലെവരെ അസാധ്യമായതെന്ന് തോന്നുന്നത് ഇന്ന് സാധ്യമാവുകയും പഴയ വളര്‍ച്ചയുടെ സമവാക്യങ്ങള്‍ മാറി പുതിയതുവരുന്നതും അതുകൊണ്ടാണ്.

ഭൗതികലോകത്ത് തപ്പിത്തടയുകയല്ല വേണ്ടത് മാനസികലോകത്ത് പറന്നുയരുകയാണ്. കാലാനുസൃതമായി മാറാത്ത സ്ഥാപനങ്ങള്‍ ഇന്നും പഴയ ഹജൂര്‍ക്കച്ചേരി പോലെത്തന്നെ പോയിക്കൊണ്ടിരിക്കും. ജീവനക്കാരെ ഓരോ പദവിയില്‍ തളച്ചിട്ട് അവിടുത്തെ അനുഷ്ഠാനകലകളെക്കുറിച്ചുള്ള ഒരുത്തരവും നല്കും.

By: ദേബശിഷ് ചാറ്റര്‍ജി (Mathrubhumi.com)

Friday, May 24, 2013

നമ്മളോ?!

ലോകം കണ്ട ദരിദ്രരിലൊരാളാണ്‌ ലോകാനുഗ്രഹിയായ തിരുനബി(സ).
 
മാസങ്ങളോളം പച്ചയിലയും പച്ചവെള്ളവും മാത്രം കഴിച്ചുജീവിച്ചിട്ടുണ്ട്‌.

 അക്കാലത്ത്‌ അവരുടെ വിസര്‍ജ്യംപോലും മൃഗങ്ങളുടെ വിസര്‍ജ്യം പോലെയായിരുന്നുവെന്ന്‌ സ്വഹാബികള്‍ അനുസ്‌മരിക്കുന്നുണ്ട്‌.. 

അത്രയും ദാരിദ്ര്യം! 

കീറപ്പായയില്‍ വലതുകൈ തലയിണയാക്കി കിടന്നുറങ്ങിയത്‌ ഏറ്റവു മികച്ച ദൈവസൃഷ്‌ടിയായ അന്ത്യദൂതനാണ്‌. . എന്നിട്ടും ആ റസൂല്‍ കരഞ്ഞിട്ടില്ല. 


എന്നാല്‍ അനാഥയായ ഒരു കുഞ്ഞിനെക്കണ്ടപ്പോള്‍ സ്‌നേഹത്തിന്റെ പ്രവാചകന്‍ വിതുമ്പിപ്പോയി. 

പട്ടിണി കിടന്ന്‌ വയറൊട്ടിയവരെക്കണ്ടപ്പോള്‍ കണ്ണുപൊത്തിക്കരഞ്ഞുപോയി.


സ്വന്തം ദു:ഖങ്ങളെ നിസ്സാരമാക്കി അന്യന്റെ ദു:ഖങ്ങളെ സ്വന്തമാക്കുന്ന ഈ മനസ്സാണ്‌ റസൂല്‍ നമുക്ക്‌ നല്‍കിയ സമ്മാനം.


ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടും റസൂല്‍ ഏറ്റവും മികച്ച സന്തോഷവാനായിരുന്നു;


നമ്മളോ?!

Sunday, March 3, 2013

ഇമോഷണല്‍ ഇന്റലിജന്‍സ്

തന്റെയും മറ്റുള്ളവരുടെയും വികാരങ്ങള്‍ തിരിച്ചറിയുന്നതിനും അവയെ കൈകാര്യം ചെയ്യുന്നതിനുമുള്ള കഴിവാണ് ഇമോഷണല്‍ ഇന്റലിജന്‍സ്. ഒരാളുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിത ഘടകമായ ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇതാ:

1. ആത്മാര്‍ത്ഥമായ ആത്മപരിശോധന: നിങ്ങളുടെ ശക്തി, ദൗര്‍ബല്യം, പരിമിതി, അവസരം എന്നിവയെ വിശകലനം നടത്തുക. ശക്തി വര്‍ധിപ്പിക്കാനും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള വഴി തേടുക.

2. വികാരങ്ങളെ തിരിച്ചറിയുക: ഉള്ളിലുള്ള കോപത്തെ തിരിച്ചറിയുമ്പോള്‍ തന്നെ അത് നിയന്ത്രണ വിധേയമാവുന്നു. ദുര്‍വികാരങ്ങളെ പുറംതള്ളുകയും സദ്‌വികാരങ്ങളെ താലോലിക്കുകയും ചെയ്യുക. അത് ഉന്മേഷവും മാനസിക സന്തോഷവും തരും.

3. നെഗറ്റീവ് ചിന്തകള്‍ വേണ്ട: ഭയം, ശത്രുത, നിരാശ, ആത്മനിന്ദ, വിദ്വേഷം, പ്രതികാരമോഹം തുടങ്ങിയവ നിങ്ങളുടെ പ്രവൃത്തികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുന്നു. വ്യക്തിത്വത്തെയും ബന്ധങ്ങളെയും വികലമാക്കുന്നു.

4. മനസ് ശാന്തമാക്കാം: മനസ് കലുഷിതമാവുമ്പോള്‍ നടത്തം, ഡാന്‍സ് തുടങ്ങിയവയിലൂടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ കൈവരിക്കാം. ധ്യാനം, പ്രാണായാമം, സംഗീതം, നര്‍മ്മ സല്ലാപം, പ്രകൃതിഭംഗി ആസ്വദിക്കല്‍, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയവയും ഗുണം ചെയ്യും.

5. പ്രതികരണങ്ങളെ നിരീക്ഷിക്കുക:
സംഘര്‍ഷപൂരിതമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണങ്ങള നിരീക്ഷിക്കുകയും അവയുടെ അനന്തര ഫലങ്ങളെ വിലയിരുത്തുകയും ചെയ്യുക.

6. സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക

7. പ്രതിസന്ധികളെ നര്‍മ്മബോധത്തോടെ വീക്ഷിക്കുക: ചിരിയും പുഞ്ചിരിയുമൊക്കെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റി മനസിനെ വേഗം ശാന്തമാക്കുന്നു.

8. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക:
മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളും വിഷമതകളും ശരിയായി മനസിലാക്കുകയും അവ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുക.
(ജോണ്‍ മുഴുത്തേറ്റിന്റെ 'ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്' എന്ന ഗ്രന്ഥത്തില്‍ നിന്ന്. വിവരങ്ങള്‍ക്ക്: 9447314309)