Wednesday, July 22, 2015

പെരുന്നാളിന്റെ നറുമണം

eid Smell
പെരുന്നാളിന്ന് ഒരു നറുമണം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം വിശ്വാസികളില്‍ നിന്ന് താല്‍പര്യപ്പെടുന്നു. മറ്റുദിവസങ്ങളില്‍ നിന്ന് പെരുന്നാള്‍ വ്യത്യസ്തമാകുന്നത് ഈ നറുമണം കൊണ്ടാണ്. അതിന്റെ പ്രത്യേകത വ്രതശുദ്ധി കാരണം വിശ്വാസിയുടെ അകവസ്ത്രത്തില്‍ നറുമണം പുരളുന്നു എന്നതാണ്. അകവസ്ത്രം എന്നതുകൊണ്ടുദ്ദേശ്യം ഭക്തിയുടെ വസ്ത്രമാണ്. ഖുര്‍ആന്‍ ഭക്തിയുടെ വസ്ത്രം നേടാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഉത്തമമായ വസ്ത്രം എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

രണ്ട് ആഘോഷങ്ങള്‍ -പെരുന്നാളുകള്‍- നിശ്ചയിക്കുക വഴി ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന മതമാണ് എന്ന് തെളിയിക്കുകയാണ്. ഒരു മാസം പകല്‍പ്പട്ടിണി പിറ്റേന്ന്- ശവ്വാല്‍ ഒന്നിന് പട്ടിണി നിഷിദ്ധമാക്കിയിരിക്കുന്നു. നല്ലത് ഭക്ഷിക്കണം, പുതുവസ്ത്രമണിയണം. പുതുവസ്ത്രത്തില്‍ സുഗന്ധം പുരട്ടുന്നതിന് മുമ്പ് മനസ്സില്‍ സുഗന്ധം പുരട്ടിയിരിക്കണം അതിനാണ് നിഷ്‌കര്‍ഷം. ചുരുക്കിപ്പറഞ്ഞാല്‍ വ്രതമാസത്തെ പരിഗണിച്ചവനേ പെരുന്നാളിന്റെ സന്തോഷമുള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

ഒരു സമ്പൂര്‍ണ മഹല്ലുസംഗമമായിരിക്കണം രണ്ടുപെരുന്നാളുകളും എന്നാണ് നബി(സ) അഭിലഷിച്ചത്. അവിടുന്ന് ആര്‍ത്തവകാരികളെ വരെ ഈദ്ഗാഹിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാം. 'ഉമ്മു അത്വിയ്യ(റ) പറയുന്നു. കന്യകമാരേയും ആര്‍ത്തവകാരികളേയും രണ്ട് പെരുന്നാളുകളിലും മുസ്‌ലിംകളുടെ സംഗമസ്ഥലത്തേക്ക് (ഈദ്ഗാഹിലേക്ക്) കൊണ്ടുവരാന്‍ നബി(സ) കല്‍പ്പിച്ചു. ആര്‍ത്തവകാരികള്‍ നമസ്‌കാര സ്ഥലത്തുനിന്ന് വിട്ടുനില്‍ക്കുകയും മുസ്‌ലിംകളുടെ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കുകൊള്ളുകയും ചെയ്യട്ടെ. (അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു) ഞങ്ങളിലൊരുവള്‍ക്ക് മേല്‍വസ്ത്രം (ജില്‍ബാബ്) ഇല്ലെങ്കിലോ? തന്റെ കൂട്ടുകാരി അവളുടെ ജില്‍ബാബില്‍ നിന്ന് ഒന്ന് അവളെ അണിയിക്കട്ടെ എന്നായിരുന്നു നബി(സ)യുടെ മറുപടി. (ബുഖാരി, മുസ്‌ലിം)

കുട്ടികളും യുവാക്കളും വൃദ്ധരും മാത്രമല്ല ആര്‍ത്തവകാരികളായ സ്ത്രീകള്‍ പോലും പങ്കെടുക്കുന്ന ഒരു സമ്പൂര്‍ണ്ണ സംഗമം തന്നെയാണ് പെരുന്നാളാഘോഷത്തിലെ ഏറ്റവും പ്രധാന ഘടകം. അതിലെ പ്രഘോഷണം അല്ലാഹു അക്ബര്‍ എന്നും. ഏറ്റവും സുന്ദരവും ഏറ്റവും മഹാനുമായ അല്ലാഹുവെ വാഴ്ത്തുകയാണ് ആ പ്രഖ്യാപനത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. അതിനാല്‍ ആഹ്ലാദ പ്രകടനം ആ തക്ബീറിന്ന് (മഹത്വപ്രഖ്യാപനത്തിന്) അനുഗുണമായേ ആകാവൂ.

വര്‍ത്തമാന കാലത്തെ ആഘോഷങ്ങളില്ലെല്ലാം മദ്യം സാന്നിധ്യമുറപ്പിക്കാറുണ്ട്. പരീക്ഷയില്‍ റാങ്ക് നേടിയാല്‍, കുഞ്ഞു പിറന്നാല്‍, ഉദ്യോഗക്കയറ്റം ലഭിച്ചാല്‍ എന്നിങ്ങനെ ഏതു സന്തോഷത്തിലും മദ്യത്തിന്റെ സഹായം തേടുന്ന സ്വഭാവം പ്രചാരം നേടിവരികയാണ്. ഇസ്‌ലാം ഒരു സാഹചര്യത്തിലും മദ്യം അനുവദിക്കുന്നില്ല. ആ പൈശാചികതയോട് ഇസ്‌ലാം തുറന്ന സംഘട്ടനത്തിലാണ്. അതിനാല്‍ പെരുന്നാളാഘോഷത്തില്‍ മദ്യം കടന്നുവരരുത്.

പുതിയ കാലം സംസ്‌കാരങ്ങളുടെ കടം വാങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇസ്‌ലാമിക സംസ്‌കാരം പരിപൂര്‍ണ്ണവും സമ്പന്നവുമാണ്. മദ്യപാനം കടംവാങ്ങുന്ന സംസ്‌കാരമാണ്. അല്ലാഹു അക്ബര്‍ കൊണ്ട് ആരംഭിച്ച് അതിന്റെ സ്വാധീനതയിലൂടെ മുന്നോട്ടുപോയി അതുകൊണ്ട് തന്നെ അവസാനിക്കുന്ന പെരുന്നാളാഘോഷത്തില്‍ ശ്രദ്ധിക്കേണ്ടത് ആ ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല ഭക്തിയുടെ വസ്ത്രം എന്നതാണ്. അഴുക്കുപുരളാതെ സൂക്ഷിക്കണമത്. വ്രതം ഒരു പരിചയായിരുന്നുവല്ലോ. നമുക്ക് ആ മാസത്തില്‍ യുദ്ധത്തിലെ വെട്ടുകള്‍ തടുത്ത് ശരീരത്തെ രക്ഷിക്കുന്ന ധര്‍മ്മമാണ് പരിചക്കു നിര്‍വഹിക്കാനുള്ളത്. റമദാനിലേതു പോലെ തന്നെ പുണ്യം ചെയ്യാന്‍ മറ്റു മാസങ്ങളില്‍ കഴിഞ്ഞില്ലെങ്കിലും തിന്മയുടെ പ്രഹരം ഏല്‍ക്കുന്നത് നമുക്ക് ഒഴിവാക്കാന്‍ എപ്പോഴും കഴിയണം. അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ നമസ്‌കരിച്ചിട്ടില്ല എന്നാണര്‍ത്ഥം. നമസ്‌കാരം മ്ലേച്ഛമായ കാര്യങ്ങളില്‍ നിന്ന് തടയും എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. നോമ്പിനുനേടിയ പരിചയും അഞ്ചുനേരത്തെ നമസ്‌കാരവും ചേര്‍ന്ന് നമ്മെ വിശുദ്ധരാക്കുമ്പോള്‍ അഥവാ സമൂഹത്തിന് മാതൃകയായി വര്‍ത്തിക്കാന്‍ നമ്മെ പരുവപ്പെടുത്തുമ്പോള്‍ നാം വിജയികളാകും. പെരുന്നാളാഘോഷം ഭക്തിമയമായാല്‍ തുടര്‍ന്നുള്ള നാളുകള്‍ ധന്യമാവും. പ്രപഞ്ചകര്‍ത്താവ് നമുക്കുതന്ന അനുഗ്രഹങ്ങള്‍ ഓരോന്നിന്നും നന്ദി പ്രകടിപ്പിക്കാന്‍ പാകപ്പെട്ട ഒരു മനസ്സ് നാം ആര്‍ജിക്കുക.

സ്വര്‍ഗം വാങ്ങാന്‍ വേണ്ട പണം

Real Estate
ഇന്ന് വീട് പൂവണിയാത്ത സ്വപ്‌നമാണ്. വീടുണ്ടാക്കുന്നതിനേക്കാള്‍ പണം വീടിന്റെ ഭൂമിക്ക് വേണം. എന്നാല്‍ സ്വര്‍ഗത്തില്‍ ഇത്തിരി സ്ഥലം കിട്ടാന്‍ എത്ര തുക വേണ്ടിവരും?

ഇഹലോകത്ത് ഭൂമിയുടെ വില എല്ലാവര്‍ക്കും ഒരുപോലെയാണ്. പരലോകത്തെ സ്ഥിതി അങ്ങനെയല്ല. വ്യക്തിക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. ഒരു ലക്ഷം രൂപക്ക് ചിലര്‍ക്ക് കിട്ടാത്തത് മറ്റുചിലര്‍ക്ക് നൂറു രൂപക്ക് കിട്ടിയെന്ന് വരും. സ്വര്‍ഗത്തില്‍ സ്ഥലം പതിച്ചു കിട്ടുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അനന്തരാവകാശം കിട്ടുന്നവര്‍ എന്നാണ് ഖുര്‍ആന്റെ പ്രയോഗം. 'അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.' (ഖുര്‍ആന്‍: 23: 10-34) അത് വിജയികള്‍ക്കുള്ളതാണ്. നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുക, അനാവശ്യ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക, സകാത്ത് നല്‍കുക, ലൈംഗികാവയവങ്ങളെ സൂക്ഷിക്കുക, അമാനത്തുകളും കരാറുകളും പാലിക്കുക, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുക എന്നിവയാണ് വിജയിക്കുന്നവരുടെ സ്വഭാവം.

എങ്ങനെയാണ് വില വ്യക്തികള്‍ക്കനുസരിച്ച് മാറുക എന്നു നോക്കാം. അമ്പതിനായിരം രൂപ മാസം തോറും വാടക കിട്ടുന്നവന്‍ ഒരു ദരിദ്രന് അഞ്ഞൂറ് രൂപ ദാനം നല്‍കുന്നു. കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്ന ഒരാള്‍ തന്റെ നിത്യകൂലിയായ മുന്നൂറ് രൂപയില്‍ നിന്ന് നൂറ് രൂപ ദാനം ചെയ്യുന്നു. രണ്ടു പേര്‍ നല്‍കിയ നൂറ് രൂപക്കും മാര്‍ക്കറ്റില്‍ ഒരേ വിലയാണ്. രണ്ടു നൂറു രൂപകൊണ്ടും ഓരോ കിലോ മത്തി ലഭിക്കും. അല്ലാഹുവിന്റെയടുക്കല്‍ ഇപ്പറഞ്ഞ അഞ്ഞൂറിനേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും പലചരക്കു കടയിലെ തൊഴിലാളിയുടെ നൂറിന് ലഭിക്കുക. നന്മയുടെ തുലാസില്‍ നൂറ് രൂപ വീഴുമ്പോള്‍ അത് അത്ഭുതകരമായി താഴുന്നത് മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം നാം ദാനം ചെയ്യേണ്ടത്. ഇത്തരം ദാനക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് സകാത്തും സദഖയുമായി ലഭിക്കുന്ന പണം കൊണ്ട് ദാനം ചെയ്യുന്നവരെയും കാണാന്‍ കഴിയും. തനിക്കും തന്റെ അയല്‍ക്കാരനും ഒരേ തുക സകാത്ത് ലഭിച്ചപ്പോള്‍ തന്നെക്കാള്‍ ദരിദ്രനാണ് അയല്‍വാസി എന്നു മനസ്സിലാക്കി അതില്‍ നിന്ന് അയാള്‍ക്ക് കൊടുക്കുന്നവര്‍ ! ആ ഹൃദയവിശാലത പരലോക സൗഖ്യം ലക്ഷ്യം വെക്കുന്നവര്‍ക്കേ ഉണ്ടാവുകയുള്ളൂ. അല്ലാഹു പറയുന്നു: 'ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായി കൊണ്ട് അതിന്നുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.' (ഖുര്‍ആന്‍: 17: 19)

പരലോക സൗഖ്യത്തിന് വേണ്ടിയുള്ള പരിശ്രമത്തിന് നിയതമായ രീതികളുണ്ട്. കോടികള്‍ ദാനം ചെയ്താലും ഒരു പ്രതിഫലവും ലഭിക്കാത്തവരുണ്ടാകാം. ഒരു കാരക്കയുടെ കീറുകൊണ്ട് നരകത്തില്‍ നിന്നു രക്ഷപ്പെടുന്നവരുമുണ്ടാകാം. അല്ലാഹുവിലും പരലോക ജീവിതത്തിലും അചഞ്ചലമായി വിശ്വാസം പുലര്‍ത്തികൊണ്ട് സല്‍ക്കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് സ്വീകാര്യതക്കുള്ള പ്രഥമ നിബന്ധന. പ്രകടനപരതയില്ലാതെ പൂര്‍ണമായ ആത്മാര്‍ഥതയോട് കൂടിയും പ്രവാചക മാതൃകക്കനുസൃതമായിരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത നിബന്ധന. അതിന്റേതായ പരിശ്രമം എന്ന പ്രയോഗത്തിന്റെ ഉദ്ദേശ്യം അതാണ്. ഇതുവരെ ചെയ്ത കച്ചവടം നഷ്ടത്തിലാണെന്ന് ബോധ്യമായാല്‍ നഷ്ടകാരണങ്ങള്‍ ഒഴിവാക്കി ലാഭസാധ്യത കൂട്ടുന്ന മാര്‍ഗങ്ങള്‍ തെരെഞ്ഞെടുത്ത് കച്ചവടം തുടരുകയാണല്ലോ വേണ്ടത്. അപ്പോള്‍ കുറഞ്ഞകാലം കൊണ്ട് എല്ലാ നഷ്ടവും നികന്ന് ലാഭത്തിലേക്ക് നീങ്ങും. റമദാന്‍ അതിനു പറ്റിയ സമയമാണ്.

വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ മുന്‍ഗാമികള്‍ ഐശ്ചികമായ വ്രതങ്ങള്‍ ധാരാളം അനുഷ്ഠിക്കുമായിരുന്നു. അതിന്ന് നബി(സ) മാതൃകയായി പരിചയപ്പെടുത്തിയത് ദാവൂദ് നബി(അ)നെയാണ്. അബ്ദുല്ലാഹ് ബിന്‍ അംറില്‍ നിന്ന്: നബി(സ) പറഞ്ഞു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്‌കാരം ദാവൂദ് നബി(അ)ന്റെ നമസ്‌കാരമാണ്. അല്ലാഹുവാണ് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബിയുടെ നോമ്പും. രാവിന്റെ പകുതി ഭാഗം അദ്ദേഹം ഉറങ്ങും. മൂന്നില്‍ ഒരു ഭാഗം നമസ്‌കരിക്കും. വീണ്ടും ആറിലൊരു ഭാഗം ഉറങ്ങും. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. (ബുഖാരി, മുസ്‌ലിം)

ഇതാണ് സ്വര്‍ഗത്തിന്റെ വില. ആരാധനാ കര്‍മങ്ങള്‍ ആത്മപീഢനമാകരുത് എന്ന് ഇസ്‌ലാമിന്ന് നിര്‍ബന്ധമുണ്ട്. അതു തെളിയിക്കാനാണ് യാത്രയില്‍ ക്ഷീണം തോന്നിയപ്പോള്‍ ജനങ്ങള്‍ കാണെ നബി(സ) നോമ്പ് മുറിച്ചത്. ദാവൂദ് നബിയുടെ ആരാധനാ കര്‍മത്തെ അവിടുന്ന് വാഴ്ത്തിയതും ആ തത്വം പഠിപ്പിക്കാനാണ്. ഈ അറിവ് അവിടുന്നിന്ന് മറ്റൊരു വേദഗ്രന്ഥത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ലഭിച്ചതല്ല. അല്ലാഹു അറിയിച്ചു കൊടുത്തതാണ്. ജനങ്ങള്‍ മധ്യമ നിലപാടുകാരാകാന്‍ വേണ്ടി. രാത്രി നമസ്‌കാരം റമദാനിന്നു ശേഷവും തുടരണം എന്ന ചിന്ത നമുക്കുണ്ടാവണം. ഐശ്ചിക നോമ്പിനെയും പരിഗണിക്കണം.

മഹാനായവന്റെ സല്‍ക്കാരം

reception salkkaram


നാട്ടിലെ വേണ്ടപ്പെട്ട ഒരാള്‍, പ്രശസ്തനും മഹാനുമായ ഒരാള്‍, പലരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ അയല്‍പക്കത്തു താമസിക്കുന്ന പരിചിതനായ നിങ്ങളെമാത്രം ക്ഷണിച്ചില്ല. എങ്കില്‍ വലിയ വിഷമമല്ലേ നിങ്ങള്‍ക്കുണ്ടാവുക? അതെ. അവഗണന ആരില്‍നിന്നുണ്ടായാലും നമുക്ക് വിഷമമാണ്. അത് ഉന്നതനും പ്രശസ്തനുമായ ഒരാളില്‍ നിന്നായാല്‍ വിഷമം കൂടുതലായിരിക്കും. ഇങ്ങനെ അവഗണിക്കപ്പെടുമ്പോള്‍ നമുക്ക് പ്രത്യേകമായ ഒരു ബാധ്യതയുണ്ട്. അവഗണിക്കപ്പെടത്തക്ക വല്ല ദുസ്വഭാവവും നമ്മിലുണ്ടോ എന്ന പരിശോധനയാണ് നമ്മുടെ ബാധ്യത.

ഏറ്റവും വലിയ മഹാന്‍ അല്ലാഹുവാണ്. അല്ലാഹുവിനാല്‍ അവഗണിക്കപ്പെടുന്നതിനേക്കാള്‍ വലിയ മറ്റൊരു നഷ്ടം മനുഷ്യര്‍ക്ക് സംഭവിക്കാനില്ല. അല്ലാഹു ആരെയും വെറുതെ അവഗണിക്കുകയില്ല. അല്ലാഹുവെ അവഗണിച്ചവരെ മാത്രമെ അവന്‍ അവഗണിക്കുകയുള്ളു. അല്ലാഹുവെ ഓര്‍ക്കുന്നവനെ അല്ലാഹു ഓര്‍ക്കും. അല്ലാഹുവെ അവഗണിച്ചവന് അല്ലാഹു ഒരു പരിഗണനയും നല്‍കുകയില്ല. ശാന്തിഭവനമായ സ്വര്‍ഗത്തിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത് ഇഷ്ടം പോലെ വിഭവങ്ങള്‍ ഒരുക്കിവെച്ചുകൊണ്ടാണ്. നമുക്ക് ആ സല്‍ക്കാര ക്ഷണവും സല്‍ക്കാരവും ഖുര്‍ആനില്‍ നിന്ന് പരിചയപ്പെടാം. 'അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍.' (വി.ഖു 10: 25-26)

ക്ഷണിക്കപ്പെട്ടവരൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. നോമ്പ് നോറ്റവര്‍ക്ക് പ്രത്യേകമായ ഒരു സ്വര്‍ഗവാതിലുണ്ടെന്നും അവര്‍ക്കുമാത്രമേ അതിലൂടെ പ്രവേശനമുളളൂ എന്നും ഓര്‍ത്തുകൊണ്ട് നോമ്പനുഷ്ഠിക്കണം. എല്ലാ സ്വര്‍ഗവാതിലുകളും ചിലര്‍ക്ക് കൊട്ടിയടക്കപ്പെടും. ഒന്നിനും അവര്‍ അര്‍ഹത നേടിയില്ല എന്നതായിരിക്കും അതിന്റെ കാരണം.' തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ക്കാകട്ടെ തിന്മക്കുള്ള പ്രതിഫലം അതിനു തുല്യമായതായിരിക്കും...' (10: 27) എന്ന ഇളവുകൂടി പ്രഖ്യാപിച്ച് സ്വര്‍ഗത്തിലെത്താന്‍ പരമാവധി സൗകര്യം അല്ലാഹു ചെയ്തുതന്നിട്ടുണ്ട്.

അതെല്ലാം അവഗണിച്ച വരെ മാത്രമെ അല്ലാഹു അവഗണിക്കുകയുള്ളൂ. തിന്മ ചെയ്തവന് ശിക്ഷവര്‍ധിപ്പിക്കാതിരിക്കുകയും നന്മ ചെയ്തവന് പ്രതിഫലം പല ഇരട്ടികളായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടും സ്വര്‍ഗത്തിലേക്കുളള സല്‍ക്കാരത്തിന് അര്‍ഹത നേടാത്തവന്‍ പുറംതളളപ്പെടുക തന്നെ വേണം. സല്‍ക്കാരം ലഭിക്കാനുളള നിബന്ധന അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. ' തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍' (18: 107)

സ്വര്‍ഗമുണ്ട് എന്നുറച്ചുവിശ്വസിച്ചു കൊണ്ട് സല്‍ക്കര്‍മം ചെയ്തവനേ തന്റെ പ്രയത്‌നം ഫലപ്പെടുകയുള്ളൂ. സ്വര്‍ഗം സൃഷ്ടിച്ച അല്ലാഹുവില്‍ ആരെയും പങ്കുചേര്‍ക്കരുത് എന്നതാണ് ഒന്നാമത്തെ നിബന്ധന. അവര്‍ക്കായി ആയിരംമാസത്തെ കര്‍മങ്ങള്‍ക്ക് തുല്യമായ ഒരു രാത്രി റമദാനില്‍ അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഖുര്‍ആന്‍ ഇറങ്ങിയ രാത്രിയാണ്. അതിന്റെ വാര്‍ഷിക ദിനത്തില്‍ ആ പ്രതിഫലം അതാഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും. 'തീര്‍ച്ചയായും ഇതിനെ നാം ലൈലത്തുല്‍ഖദ്‌റില്‍ (നിര്‍ണയരാവില്‍) ഇറക്കിയിരിക്കുന്നു. നിര്‍ണയരാവിനെക്കുറിച്ച് നിനക്ക് എന്തറിയാം. നിര്‍ണയരാവ് ആയിരംമാസത്തേക്കാള്‍ ഉത്തമമാവുന്നു.' (97: 1-3)

ആ രാത്രി റമദാനിലെ ഇന്ന ദിനമാണെന്ന് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞു തന്നിട്ടില്ല. റമദാനിലെ അവസാനത്തെ പത്തു ദിനങ്ങളില്‍ നിങ്ങളത് തേടിക്കൊള്ളുക എന്നാണ് നബി(സ) പറഞ്ഞത്. അല്ലാഹുവിന്റെ സല്‍ക്കാരം ലഭിക്കാനുളള മാര്‍ഗങ്ങളിലൊന്നാണ് റമദാനിലെ അവസാനത്തെ പത്തിലെ പ്രയത്‌നങ്ങള്‍.

അവസാനത്തെ പത്തിലേക്കെത്തുമ്പോഴേക്കു തന്നെ സ്വര്‍ഗാവകാശികളുടെ പട്ടികയില്‍ വിശ്വാസികള്‍ ഉള്‍പ്പെട്ടിരിക്കണം. വല്ല കമ്മിയും അതില്‍ വന്നുപോയെങ്കില്‍ അതു നികത്തി സ്വര്‍ഗം ഉറപ്പാക്കാനുളളതാണ് തുടര്‍ന്നുള്ള നാളുകള്‍. അത് പ്രാധാന്യം നല്‍കപ്പെടേണ്ട ധന്യ മുഹൂര്‍ത്തങ്ങളാണെന്ന് റസൂല്‍(സ)യുടെ വാക്കുകള്‍കൊണ്ടും കര്‍മങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്. മറ്റു ദിനങ്ങളിലേക്കാള്‍ കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ അവിടുന്ന് റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. ഭജനയിരുന്നതും (ഇഅ്തികാഫ്) ഈ ദിനങ്ങളില്‍ തന്നെ. മനോവിശുദ്ധിയും കര്‍മവിശുദ്ധിയും കൊണ്ട് സ്വര്‍ഗത്തിലെ വിരുന്നു തേടുക.

Friday, July 17, 2015

സങ്കട പെരുന്നാളുകൾ



വാത്സല്യ നിധിയായ ഉമ്മ അരികിലില്ലാത്ത പതിനഞ്ചാമത് ചെറിയ പെരുന്നാൾ...


യേത് നീറുന്ന പ്രശ്നങ്ങളിലും തണലും ആശ്വാസവും ആകുന്ന ഉമ്മ

മക്കൾക്ക് വേണ്ടി സദാ അല്ലാഹുവിനോട് കയ്യുയർത്തി ദുആ ചെയ്യുന്ന ഉമ്മ


15 കൊല്ലം മുന്നേ ഒരു ചെറിയ പെരുന്നാൾ ദിനത്തിൽ ഉമ്മ ഞങ്ങളിൽ നിന്ന് വിടപറഞ്ഞു നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയത്.


ആ സ്നേഹനിധിയായ ഉമ്മ അരികിൽ ഇല്ലാത്തത് നല്ലൊണും ഫീൽ ചെയ്യുന്നു


പെരുന്നാൾ സന്തോഷത്തിലും

ശരീരവും മനസ്സും കൊണ്ട് സങ്കടപ്പെടുന്നു.


അല്ലാഹുവിനോട് ദുആ ചെയ്യുന്നു.

ഉമ്മയ്ക്കായി

ഉമ്മയുടെ ബർസഖീ ജീവിതം എളുപ്പമാകാനും

മഗ്ഫിരത്തിനും മർഹമതിനും

സ്വർഗ്ഗത്തിൽ സജ്ജനങ്ങൾക്കൊപ്പം ഒരുമിച്ചു കൂട്ടാനും.

ഞങ്ങളുടെ ദുആ നീ കൈവിടല്ലേ രക്ഷകാ.....

Tuesday, May 26, 2015

റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍

ramadan


റമദാന്‍ മാസം വന്നണയുന്നതിന് ആറ് മാസം മുമ്പേ അതിന്റെ അനുഗ്രഹത്തിനായി അല്ലാഹുവോട് തേടുന്നവരായിരുന്നു നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. റമദാനിന്‌ശേഷം, തങ്ങള്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ സീകരിക്കുവാന്‍ വേണ്ടിയായിരുന്നു അടുത്ത ആറ് മാസത്തോളം അവരുടെ പ്രാര്‍ത്ഥന. വര്‍ഷത്തിലൊരിക്കല്‍ ആഗതനാവുന്ന അല്ലാഹുവിന്റെ അതിഥയാണ് റമദാന്‍. മുപ്പത് അല്ലെങ്കില്‍ ഇരുപത്തൊന്‍പത് ദിനരാത്രങ്ങള്‍ നമ്മോടൊപ്പം സഹവസിക്കുന്ന അതിഥി. ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ അല്ലാഹുവിന്റെ അതിഥിയെ ആദരിക്കട്ടെ.

ഈ അതിഥിയെ വരവേല്‍ക്കുന്നതിലും സ്വീകരിക്കുന്നതിലും നാം ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ട്. വ്യക്തികള്‍ക്കും, സമൂഹങ്ങള്‍ക്കും, നാടുകള്‍ക്കും, നാട്ടുകാര്‍ക്കും, രാജ്യങ്ങള്‍ക്കും അവരുടേതായ നിലവാരത്തിനനുസിച്ച രീതികള്‍. ഖേദകരമെന്ന് പറയട്ടെ - മിക്ക തയ്യാറെടുപ്പുകളും ഭക്ഷണ- പാനീയങ്ങളിലും ആഘോഷങ്ങളിലും ടി.വി. സീരിയല്‍ കാഴ്ചകളിലും മറ്റും വരുത്തുന്ന മാറ്റങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു.

എന്നാല്‍ അല്ലാഹുവിനെ രക്ഷാധികാരിയും ഇസ്‌ലാമിനെ ദീനും മുഹമ്മദ്(സ)യെ നബിയും, പ്രവാചകനും, ആയി തൃപ്തിപ്പെടുന്നവന്റെ രീതി മറ്റൊന്നാണ്; അവര്‍ നോമ്പിനു വേണ്ടി തയ്യാറെടുക്കുന്നതും റമദാനെ വരവേല്‍ക്കുന്നതും സവിശേഷമായ രീതിയിലാണ്. 

പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി അറിവ് നേടുക:
നോമ്പിന്റെ കര്‍മ്മശാസ്ത്ര നിയമങ്ങളും വിധികളും പുനര്‍വായനക്കും, മനനത്തിനും വിധേയമാക്കികൊണ്ടാണ് സത്യവിശ്വാസി റമദാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ശരിയായതും സ്വീകാര്യവുമായ വ്രതാനുഷ്ടാനത്തിന്റെ നിയമങ്ങളും, നിയന്ത്രണങ്ങളും, വ്യവസ്ഥകളും അവന്‍ വീണ്ടും സ്മരിക്കുന്നു എന്തുകൊണ്ടെന്നാല്‍, റമദാനിന്റെ അന്തസ്സത്ത നിലകൊള്ളുന്നത് വക്രതയില്ലാത്ത നേരെ ചൊവ്വെയുള്ള ആരാധനകര്‍മ്മങ്ങളിലും അവ അധികരിപ്പിക്കുന്നതിലും അതിനായി പൂര്‍ണ്ണമായും ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍ കൂടിയാണ്. 

നിര്‍ബന്ധം, ഐശ്ചികം എന്നിങ്ങനെയുള്ള കര്‍മ്മശാസ്ത്രപരമായ വിധികളെ കുറിച്ച അറിവിലുപരിയായി ഖുര്‍ആനും സുന്നത്തും മുന്നോട്ട് വെക്കുന്ന ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കല്‍ അവ ഗ്രഹിക്കാന്‍ ശേഷിയുള്ള എല്ലാവരുടെയും നിര്‍ബന്ധ ബാധ്യതയാണ്. നബി(സ) പറയുന്നു: അറിവ് തേടല്‍/ കരസ്ഥമാക്കല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബ്ബന്ധ ബാധ്യതയാണ്. (മുസ്‌ലിം)

ചില ഇനങ്ങളില്‍പ്പെട്ട അറിവുകള്‍ കരസ്ഥമാക്കല്‍ മുസ്‌ലിമിന്റെ നിര്‍ബ്ബന്ധ ബാധ്യതകളില്‍പ്പെട്ടതാണ്. ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കേണ്ട നിര്‍ബ്ബന്ധ അനുഷ്ഠാന കര്‍മ്മങ്ങള്‍ പോലുള്ളവയിലുള്ള അറിവ് അക്കൂട്ടത്തില്‍ പെട്ടതാണ്. അവ കേവലം അഭികാമ്യം എന്നതില്‍ പരിമിതപ്പെടുത്താനാവില്ല.

അല്ലാഹു തന്റെ പ്രവാചകനോട്, പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതിനു മുമ്പ് അറിവ് നേടാന്‍ ആവശ്യപ്പെടുന്നത് സൂറത്ത് മുഹമ്മദില്‍ നിന്നും വായിച്ചെടുക്കാം.
'അതിനാല്‍ അറിയുക, അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് മാപ്പിരക്കുക.' (മുഹമ്മദ്:19) ഇവിടെ അറിവ് തേടുന്നതിനെ തൗഹീദുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് അതിനെ ആധാരമാക്കി പ്രവര്‍ത്തിക്കാന്‍ ആജ്ഞാപിക്കുന്നു; അതാണ് പാപങ്ങള്‍ക്ക് വേണ്ടി മാപ്പിരക്കല്‍.

ഇമാം ബുഖാരി ഈ ആയത്തിനെ 'കര്‍മ്മത്തിന് മുമ്പുള്ള അറിവ്' എന്ന അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമാം മാലിക്(റ) റമദാന്‍ മാസം ആഗതമായാല്‍ പ്രഭാഷണങ്ങളും അധ്യാപനങ്ങളും നിറുത്തിവെച്ച് ഇബാദത്തില്‍ മുഴുകുമായിരുന്നു.

കര്‍മ്മങ്ങള്‍ സ്വീകരിക്കാനുള്ള രണ്ട് നിബന്ധനകള്‍:
നോമ്പിന്റെ കര്‍മ്മശാസ്ത്രപരമായ വിഷയത്തില്‍ ശറഈയായ അറിവ് നേടുന്നതിനെ സാധൂകരിക്കുന്ന മറ്റൊന്നാണ്, രണ്ട് നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത കര്‍മ്മങ്ങള്‍ അല്ലാഹു സീകരിക്കുകയില്ല എന്നത്. കര്‍മ്മങ്ങള്‍ നിഷകളങ്കവും (അല്‍ഇഖ്‌ലാസ്) നിരന്തരവും (അല്‍മുതാബഅ) ആയിരിക്കണം. പ്രവാചകന്‍(സ) അനുഷ്ടിച്ചതും നിര്‍വ്വഹിച്ചതും പോലെ കര്‍മ്മങ്ങള്‍ ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കുകയും വേണം.

'ഭൂമുഖത്തുള്ളതൊക്കെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല കര്‍മങ്ങളിലേര്‍പ്പെടുന്നതെന്ന് പരീക്ഷിക്കാനാണിത്.' (അല്‍-കഹഫ്: 7) 
ഇമാം അല്‍ ഫുദൈല്‍ ബിന്‍ അയ്യാദ്(റ) നോട് ചോദിക്കപ്പെട്ടു, ഈ ആയത്തില്‍ പരാമര്‍ശിക്കുന്ന എറ്റവും ഉത്തമമായ കര്‍മ്മം എന്താണ? നിഷ്‌കളങ്കവും കുറ്റമറ്റതും ചൊവ്വായതും-അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും കര്‍മ്മങ്ങള്‍ നിഷ്‌കളങ്കമായിരിക്കുകയും, എന്നല്‍ ശരിയായ നിലയില്‍ നിര്‍വ്വഹിക്കപ്പെടാതിരിക്കുകയ്യും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുകയില്ല. ഇനി ശരിയായ രീതിയില്‍ നിര്‍വ്വഹിക്കുകയും എന്നാല്‍ നിഷ്‌കളങ്കമല്ലാതിരിക്കുകയും ചെയ്താല്‍ അതും സ്വീകരിക്കപ്പെടുകയില്ല, നിഷ്‌കളങ്കമവുന്നതുവരെ. നിഷ്‌കളങ്കത അല്ലാഹുവിനുള്ളതും, ശരി പ്രവാചകചര്യയേയും ആശ്രയിച്ചു നില്‍ക്കുന്നതുമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. 
'കളങ്കിതരോട് പറയുക വെറുതെ പ്രയാസപ്പെടേണ്ട.'

നിഷ്‌കളങ്കത ഹൃദയ സംശുദ്ധിയുടെയും, അര്‍പ്പണബോധത്തിന്റെയും പ്രതിഫലനമാണ്. അതു നീയും അല്ലാഹുവും തമ്മിലുള്ള ഇടപാടാണ്. അത് നാം മറ്റുള്ളവരുമായി പങ്കിടുകയോ, മറ്റുള്ളവര്‍ നമ്മോട് ചോദിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ കര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്നതിനെക്കുറിച്ച് നമുക്ക് ചോദിച്ചറിയാവുന്നതാണ്. നിന്റെ നോമ്പ്, രാത്രി നമസ്‌കാരം, ദാനധര്‍മങ്ങള്‍ പോലുള്ള കര്‍മ്മങ്ങള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിധേയവും, പ്രവാചക ജീവിതത്തിന്റെ അനുകരണവുമാണെന്ന് നീ എങ്ങിനെ മനസ്സിലാക്കി? എന്ന അന്വേഷണത്തിലൂടെ. ഒന്നുകില്‍ വായനയിലൂടെ, അല്ലെങ്കില്‍ പ്രഭാഷകരുടെ സദുപദേശങ്ങള്‍ കേള്‍ക്കുന്നതിലൂടെയും, കാണുന്നതിലൂടെയും, അതുമല്ലെങ്കില്‍ പണ്ഡിതന്മാരോട് വിധികള്‍ തേടുന്നതിലൂടെയുമാണോ എന്ന അന്വേഷണത്തിലൂടെ.
അറവില്ലായ്മയിലും അജ്ഞതയിലും ചെയ്യുന്ന കര്‍മ്മങ്ങളും, ആരാധനകളും വ്യര്‍ത്ഥമാണ്. അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ക്കിടയില്‍ വിധിക്കപ്പെടുന്ന വിധിന്യായങ്ങളെകുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധിന്യായ കര്‍മം എന്നതുപോലെ ഇബാദത്തുമാണ്. 

നബി (സ) പറയുന്നു: 'അജ്ഞതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിധി നടത്തിയവന്‍ നരകാവകാശിയാണ്.' (അബുദാവൂദ്) കര്‍മ്മങ്ങള്‍ ചെറുതെങ്കിലും അറിവിലധിഷ്ടിതമെങ്കില്‍ നിനക്ക് ഉപകാരപ്പെടും. കര്‍മ്മങ്ങള്‍ ധാരാളമുണ്ടെങ്കിലും അജ്ഞതയിലധിഷ്ടിതമെങ്കില്‍ നിനക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.

അറിവ് തേടുന്നതിന് ലജ്ജ തടസ്സമാകരുത്‌:
റമദാനിനെ കുറിച്ചുള്ള ശറഈയായ വിധികളുമായി ബന്ധപ്പെട്ട അറിവ് നേടാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ് നോമ്പിനെ കുറിച്ചുള്ള നമ്മുടെ സംശയങ്ങളും ഫത്‌വകളും ചോദിക്കാനും മനസ്സിലാക്കാനും നമ്മുടെ ലജ്ജ അനുവദിക്കുന്നില്ലെന്നുള്ളത. പ്രത്യേകിച്ചും ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടവ. അത്‌പോലെ സ്ത്രീകളുമായി ബന്ധപ്പെട്ട ആര്‍ത്തവം, പ്രസവം എന്നിവയിലുള്ള വിധികള്‍. അന്‍സാരികളായ സ്ത്രീകള്‍ക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന നിലവാരം ആയിശ(റ)യുടെ വാക്കുകളില്‍ ഇങ്ങിനെ വായിച്ചെടുക്കാം: 'സ്ത്രീകളില്‍ ഉത്തമര്‍ അന്‍സാരി സ്ത്രീകളാണ് ദീനിന്റെ കാര്യത്തില്‍ അറിവ് ഗ്രഹിക്കുന്നതില്‍ നിന്നും ലജ്ജ അവരെ തടയുന്നില്ല.' (ബുഖാരി)
അന്‍സാരികളല്ലാത്ത സ്ത്രീകളെ അവരുടെ ലജ്ജാശീലം ഫത്‌വകള്‍ തേടുന്നതിലും വിധികള്‍ അന്വേഷിക്കുന്നതിലും തടഞ്ഞിരുന്നുവെന്നാണ് ഇതര്‍ത്ഥമാക്കുന്നത്. 
നീ അറിയുക: ക്ലേശകരമായ ചോദ്യങ്ങള്‍ നിനക്ക് മതിയായ അറിവ് നല്‍കുന്നു, വിഷമാവസ്ഥയില്‍ നിന്നും വിമുക്തനാക്കുന്നു.
ഹസന്‍ അല്‍-ബസരി പറയുന്നു: (അറിവ് കൂടാതെയുള്ള പ്രവര്‍ത്തനം നന്മയേക്കാള്‍ വിനാശമാണ് വിതക്കുക.)

(വ്രതാനുഷ്ടാനത്തിന്റെയും, റമദാനിലെ അനുഷ്ടാന കര്‍മ്മങ്ങളുടെയും രഹസ്യങ്ങള്‍ തന്റെ അനുഭവങ്ങളെ ആധാരമാക്കി വളരെ ലളിതമായി വിവരിക്കുന്ന ഡോ.ത്വാരിഖ് സുവൈദാന്റെ പുസ്തകമാണ് 'വ്രതത്തിന്റെ രഹസ്യങ്ങളും, നാല് മദ്ഹബുകളിലെ കര്‍മ്മശാസ്ത്ര വിധികളും'. പ്രസ്തുത പുസ്തകത്തില്‍ നിന്നുള്ള പ്രസക്തമായ ചില ഭാഗങ്ങളാണ് ഈ ലേഖനം)


മൊഴിമാറ്റം: അബ്ദുസ്സമദ് പാലായില്‍

English... Manglish Fish Names


I have composed a  list of Fishes which are commonly found in Kerala and their corresponding English Names.
  • Aiyla – Mackerel
  • Mathi/Chaala – Sardine
  • Avoli – Pomfret
  • Aakoli – Silver Moony
  • Choora – Tuna
  • Kora / Kaala – Salmon
  • Ney Meen – Seer Fish / Queen Fish
  • Kari Meen – Pearl Spot/ Green Chromide
  • Nangu – Sole Fish
  • Aiykoora – King Fish / Wahoo / King Mackarel
  • Thilopia/Kerala Karimeen – Tilapia
  • Thirandi – Stingray
  • Vatta –  Bluefin trevally
  • Killi Meen – Threadfin bream
  • Parava –  False trevally
  • Sheelavu – Barracuda
  • Vaalla – Wallago / Knife Fish
  • Varaal – Snake Head
  • Netholi – Anchovy
  • Kozhuva – Indian Anchovy
  • Kolaan – Garfish or Pipefish
  • Rohu – Reba
  • PooMeen – Milk Fish
  • Paalla – Surgeon Fish
  • Kadal Kuthira –  Sword Fish
  • Koori/Vaari – Mystus
  • Kaari – Catfish
  • Mushi – Silurus/Cat Fish
  • Kannava – Squid
  • Kannambu – Mullet

Monday, April 20, 2015

മക്കള്‍ നിങ്ങളെ വെറുക്കാതിരിക്കാന്‍

                           തങ്ങളുടെ ഉള്ളില്‍ മക്കളോട് വലിയ സ്‌നേഹമുള്ളവരാണ് നല്ല മാതാപിതാക്കള്‍. മക്കള്‍ വളര്‍ന്ന് വലുതായി ജീവിതത്തെ മനസ്സിലാക്കുകയും സമര്‍പണം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ആ സ്‌നേഹം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മിക്ക ആളുകളും അവഗണിക്കുന്ന ഒരു മറുവശവുമുണ്ട്. തങ്ങളറിയാതെ മക്കളാല്‍ വെറുക്കപ്പെടലാണത്. സ്വന്തം മക്കള്‍ തന്നെ വെറുക്കുകയെന്നത് വലിയ ദുരന്തമാണത്. അതിന് വഴിവെക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്.


മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പിശുക്ക് കാണിക്കലാണ് അതില്‍ ഒന്നാമത്തേത്. സ്വന്തത്തിന് വേണ്ടി ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാതെ മക്കള്‍ക്ക് വിലക്കുന്ന കാര്യങ്ങള്‍ പോലും സ്വയം ആസ്വദിക്കുന്ന പിതാവ് അവരില്‍ തന്നോടുള്ള വെറുപ്പാണ് ഉണ്ടാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി ചെലവഴിക്കല്‍ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നബി തിരുമേനി(സ) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ച ദീനാര്‍, അടിമയെ മോചിപ്പിക്കാന്‍ നീ ചെലവഴിച്ച ദീനാര്‍, അഗതിക്ക് നീ ദാനമായി നല്‍കിയ ദീനാര്‍, നിന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിച്ച ദീനാര്‍ അവയില്‍ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിനാണ് ഏറ്റവുമധികം പ്രതിഫലമുള്ളത്.'

യാതൊരു സൗമ്യതയുമില്ലാതെ പരുഷമായി മക്കളോട് പെരുമാറലാണ് മറ്റൊരു കാരണം. സ്‌നേഹവും അനുകമ്പയുമൊന്നും പ്രകടിപ്പിക്കാതെ പരുക്കന്‍ രീതിയിലാണ് അവരെ വളര്‍ത്തേണ്ടതെന്നത് തെറ്റിധാരണയാണ്. എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ വ്യക്തിയോട് നബി(സ) പറഞ്ഞത് 'കരുണ കാണിക്കാത്തവരോട് കരുണ കാണിക്കപ്പെടുകയില്ല' എന്നാണ്. ഇബ്‌നു ബത്വാല്‍ പറയുന്നു: ചെറിയ കുട്ടികളോട് കാരുണ്യം കാണിക്കലും അവരെ കെട്ടിപ്പിടിക്കലും ചുംബിക്കലും അനുകമ്പ കാണിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന പ്രതിഫലാര്‍ഹമായ കര്‍മങ്ങളില്‍ പെട്ടതാണ്.

അടിയും പീഡനവുമാണ് മൂന്നാമത്തെ കാരണം. പരുഷതയേക്കാള്‍ ഗൗരവപ്പെട്ട കാര്യമാണിത്. അമിതമായ രീതിയിലുള്ള അടിയും മര്‍ദനവും പ്രതിഫലിക്കുക കോപവും വിദ്വേഷവുമായിട്ടാണ്. പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവുമൊന്നും കുട്ടികള്‍ മനസ്സിലാക്കി കൊള്ളണമെന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അടിക്കുന്ന പിതാവിനെ വെറുക്കുന്നു എന്നതായിരിക്കും അവന്റെ ന്യായം. ക്രൂരമായ മര്‍ദനങ്ങളാണെങ്കില്‍ കാലങ്ങള്‍ തന്നെ പിന്നിട്ടാലും പലര്‍ക്കും അത് മറക്കാന്‍ സാധിക്കാറില്ല.

ഉപ്പ ഉമ്മയെ മര്‍ദിക്കുന്നത് മക്കളുടെ വെറുപ്പിന് കാരണമാകുന്ന നാലാമത്തെ കാര്യമാണ്. മക്കള്‍ ഉമ്മയെ സ്‌നേഹിക്കുകയെന്നത് പ്രകൃത്യാലുള്ള കാര്യമാണ്. അവരുടെ വാത്സല്യവും സ്വഭാവത്തിലെ നൈര്‍മല്യവുമെല്ലാം ആണതിന് കാരണം. അതുകൊണ്ട് തന്നെ അവരോട് പിതാവ് പരുഷമായി പെരുമാറുന്നത് മക്കളുടെ ഉള്ളില്‍ പിതാവിനോട് വെറുപ്പും അകല്‍ച്ചയുമാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും മാതാവിനെതിരെയുള്ള ദ്രോഹം തടയാനുള്ള കഴിവ് അവര്‍ക്കില്ലാത്ത അവസ്ഥയിലത് കൂടുതലായിരിക്കും.

പിതാവിന്റെ വഴിവിട്ട ജീവിതമാണ് മറ്റൊരു കാരണം. പിതാവിനെ ഒരു മാതൃകായി കണ്ടാണ് മക്കള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാനാണ് എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും അവരിലേക്ക് ചേര്‍ത്ത് പറയാനും അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള ചിത്രമാണ് തകര്‍ന്നു പോകുന്നത്. അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധം ചെലുത്തുന്നത് അവരുടെ ഉള്ളില്‍ പിതാവിനോടുള്ള വെറുപ്പായി മാറാറുണ്ട്. പലപ്പോഴു വീടുവിട്ട് പോകാന്‍ വരെ അവരെയത് പ്രേരിപ്പിക്കുന്നു. ദീനുമായി ബന്ധപ്പെട്ട നിര്‍ബന്ധ ശാസനകളുടെ കാര്യത്തിലല്ല ഇത് എന്നതും പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്.

പരിഹാസവും കളിയാക്കലുമാണ് മറ്റൊരു കാരണം. എല്ലാം ശേഖരിച്ചു വെക്കുന്ന ഒരു പാത്രം പോലെയാണ് ചെറിയ കുട്ടികള്‍. പിന്നീട് വലുതാകുമ്പോഴാണ് അതിലുള്ളത് മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ ചൊരിയുക. കുട്ടിയായിരിക്കുമ്പോഴുള്ള ചുറ്റുപാടില്‍ നിന്നും അതിലെ അനുഭവങ്ങളില്‍ നിന്നുമാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. പിതാവ് മക്കളുടെ ശേഷികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതും ചീത്തപേരുകള്‍ വിളിക്കുന്നതും അവരുടെ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുക. നിരന്തരം അതാവര്‍ത്തിക്കപ്പെടുമ്പോള്‍ പകയും വെറുപ്പുമായിട്ടത് മാറുകയും മക്കളുടെ വ്യക്തിത്വത്തെ ദോഷകരമായ തരത്തിലത് ബാധിക്കുകയും ചെയ്യുന്നു.

മക്കളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കാതെ അവഗണിക്കലാണ് മറ്റൊന്ന്. പിതാവ് മക്കളെയും അവരുടെ ജീവിതത്തെയും ശ്രദ്ധിക്കാതെ പോകുമ്പോള്‍ അനാഥരെ പോലെ അവരെ വിട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അതവരുടെ മനസ്സിനെ വേദനിപ്പിക്കുകയും വെറുപ്പായി പ്രതിഫലിക്കുകയും പിതാവിനോടുള്ള സ്‌നേഹത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.

പിതാവിന്റെ ദീനിനിഷ്ഠയും മക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. വിശ്വാസിയായ മകന്‍ തന്റെ പിതാവിനെ ദീനിനിഷ്ഠപുലര്‍ത്തുന്ന സല്‍കര്‍മിയായി കാണാനാണ് താല്‍പര്യപ്പെടുക. അപ്പോഴാണ് അവര്‍ക്ക് നന്മ ചെയ്യണമെന്ന ചിന്ത അവനിലുണ്ടാവുക. എന്നാല്‍ പിതാവ് പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന ഒരു തെമ്മാടിയാകുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം വെറുപ്പായി മാറുന്നു.

മക്കള്‍ക്കിടയില്‍ സമത്വം കാണിക്കുക എന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി കാണിക്കുക.' മക്കള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ നീതി കാണിക്കുക എന്നത് മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ നീതി. പിതാവ് അനീതി കാണിക്കുന്നുണ്ടെന്ന് ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അനുഭവപ്പെട്ടാല്‍ അവരുടെ മനസ്സില്‍ പകയും വിദ്വേഷവും ജനിപ്പിക്കുന്നതിനത് കാരണമാകും. അനീതി ഹൃദയങ്ങളില്‍ നിന്നും സ്‌നേഹത്തെ തുടച്ചു നീക്കുന്നുവെന്ന് നാം ഓര്‍ക്കുക.

By: Khalid Rousa