Showing posts with label Information. Show all posts
Showing posts with label Information. Show all posts

Saturday, August 15, 2020

ഗ്യാരന്‍റിയുണ്ടോ?

 ഡോക്ടർമാർ ദൈവമല്ല, എങ്കിലും അവർ പറയുന്നത് കേൾക്കാൻ തയാറാകണം.

ഡോക്ടര്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ‘ദൈവവാക്യ’മായെടുക്കുന്ന രോഗികളും ബന്ധുക്കളും. രോഗികള്‍ക്കുവേണ്ടി ഏതറ്റവും പോകാന്‍ തയ്യാറുള്ള ഡോക്ടര്‍ മാരും.. മുൻ കാലങ്ങളിൽ ഇത് സർവത്രയായിരുന്നു..

 ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ഇന്നത്തെ കാലത്ത് വിള്ളല്‍ വീണിരിക്കുന്നു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പുതന്നെ ‘ഗ്യാരന്‍റിയുണ്ടോ’ എന്നു ചോദിക്കുന്ന രോഗികളും രോഗീബന്ധുക്കളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.

 ആര്‍ത്തി മൂത്ത ഡോക്ടര്‍മാരുടെ എണ്ണവും ആനുപാതികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം. ഡോക്ടറുടേതല്ലാത്ത കുറ്റംകൊണ്ടു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ആശുപത്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വാര്‍ത്തകളായി പത്രങ്ങളില്‍ നിറയുന്നതും നമ്മൾ കാണുന്നു.

എൻ്റെ ഉറ്റ സുഹൃത്ത് പറഞ്ഞ ഒരു സംഭവം.

ഗൈനക്കോളജിസ്റ്റായ എന്‍റെ സുഹൃത്തിൻ്റെ അമ്മ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത്. അവരുടെ ക്ലിനിക്കിലേക്ക്, വേദനകൊണ്ടു പുളയുന്ന ഒരു ഗര്‍ഭിണിയെ ബന്ധുക്കള്‍ കൊണ്ടുവന്നു. ഭക്ഷണം പാതി വഴിയില്‍ നിര്‍ത്തി ഡോക്ടര്‍ വേഗം ക്ലിനിക്കിലെത്തി. രോഗിയെ പരിശോധിച്ചു. നാഡിമിടിപ്പു വര്‍ദ്ധിച്ചതായും രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കുറഞ്ഞതായും കണ്ടു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ (USG) Ruptured Ectopic Pregnancy (ഗര്‍ഭധാരണം, ഗര്‍ഭപാത്രത്തിനു പുറത്ത് നടന്ന് അതു പൊട്ടി അമിതമായ അന്തര്‍ രക്തസ്രാവമുണ്ടാകുന്ന അവസ്ഥ) എന്നും മനസ്സിലായി. ഉടന്‍ ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ രോഗിക്ക് അപകടം സംഭവിക്കാന്‍ നൂറു ശതമാനവും സാദ്ധ്യതയുള്ള ഒരവസ്ഥയാണിത്.

ഡോക്ടര്‍ പെട്ടെന്ന് തന്നെ രോഗിയുടെ ബന്ധുക്കളെ വിളിച്ച്, രോഗത്തിന്‍റെ വിവരവും ഗൗരവവും വിശദീകരിച്ചുകൊടുത്തു. അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി.

യാതൊരു മടിയും കൂടാതെ രോഗിയുടെ ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു നല്കി. ഡോക്ടര്‍ തിയ്യറ്റര്‍ സിസ്റ്ററെ വിളിച്ച്, ഒരു അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാനും അനസ്തേഷ്യ ഡോക്ടറെ വിവരമറിയിക്കാനും പറഞ്ഞു.

ആ സമയത്താണു ഖദര്‍ ധാരിയായ ഒരാള്‍ ആ വഴി കടന്നുപോയതും ക്ലിനിക്കിന്‍റെ വരാന്തയില്‍ തനിക്കു പരിചയമുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളെ കണ്ടതും. അയാള്‍ ക്ലിനിക്കിലേക്കു കയറി വന്നു കാര്യമന്വേഷിച്ചു. ബന്ധുക്കള്‍ കാര്യം പറഞ്ഞു.

മറ്റൊരു രോഗിയെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ പരിശോധനാമുറിയിലേക്കു യാതൊരു മര്യാദയുമില്ലാതെ അയാൾ കയറി വന്നു. അയാള്‍ മദ്യപിച്ചിരുന്നുവെന്നു ഡോക്ടര്‍ക്കു മനസ്സിലായി. താന്‍ ഗര്‍ഭിണിയുടെ അടുത്ത ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തി. ഡോക്ടര്‍ അയാളോടു ഞാനൊരു രോഗിയെ പരിശോധിക്കുകയാണെന്നും അല്പനേരം കഴിഞ്ഞു വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാമെന്നും പറഞ്ഞു.

 “അതു പോരാ, എനിക്കിപ്പോള്‍ വിവരം അറിയണം” എന്നായിരുന്നു അയാളുടെ ധാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണം. പരിശോധിച്ചുകൊണ്ടിരുന്ന രോഗിയോട് അല്പനേരം പുറത്തിരിക്കാന്‍ പറഞ്ഞ്, ഡോക്ടര്‍ ആ മനുഷ്യനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഒരു അടിയന്തിര ശസ്ത്രക്രിയ അനിവാര്യമാണെന്നും അല്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞു.


ഗ്യാരന്‍റിയുണ്ടോ?’ അയാളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഡോക്ടര്‍ സമനില തെറ്റാതെ പറഞ്ഞു: “ഞാന്‍ എന്‍റെ കഴിവതു ശ്രമിക്കാം. ഗ്യാരന്‍റി തരാന്‍ ദൈവത്തിനു മാത്രമേ കഴിയൂ.”

‘അതുപോരാ ഞങ്ങള്‍ക്കു ഗ്യാരന്‍റി വേണം. തരാന്‍ പറ്റില്ലെങ്കില്‍ ഞങ്ങള്‍ രോഗിയെ മംഗലാപുരത്തേയ്ക്കു കൊണ്ടുപോകുകയാണ്.’

(ഡോക്ടറുടെ ക്ലിനിക്കില്‍ നിന്നു മംഗലാപുരത്തേയ്ക്ക് പത്തിരുന്നൂറ്റിഅമ്പത് കിലോമീറ്ററോളം പോകണം). ഇത്രയും ദൂരം രോഗിയെ കൊണ്ടുപോകുന്നത് ആപത്താണ് എന്നു പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അയാള്‍ ഉടനെതന്നെ പുറത്തിറങ്ങി കാര്യങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. രോഗിയുടെ ഭര്‍ത്താവിനോടു ടാക്സി വിളിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ പുറത്തുവന്നു സ്ത്രീയുടെ ഭര്‍ത്താവിനോടു കാര്യത്തിന്‍റെ ഗൗരവം ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതിയ ‘അവതാര’ത്തിന്‍റെ മുമ്പില്‍ ആ പാവം മനുഷ്യന്‍ നിസ്സഹായനായിരുന്നു. അല്പസമയത്തിനുള്ളില്‍ വേദനകൊണ്ടു തളര്‍ന്ന രോഗിയെയും വലിച്ചിഴച്ചു ടാക്സിയില്‍ കയറ്റി. ക്ലിനിക്കിന്‍റെ വരാന്തയില്‍നിന്ന് മംഗലാപുരത്തേയ്ക്കു നീങ്ങുന്ന ടാക്സി കാറിനെ ഡോക്ടര്‍ വേദനയോടെ നോക്കിനിന്നു. 

ഡോക്ടര്‍ തന്‍റെ കണ്‍സള്‍ട്ടിങ്ങ് മുറിയിലേക്കു കയറി മറ്റു രോഗികളെ പരിശോധിക്കുന്നതിനിടയിലാണ്, ഒരു സിസ്റ്റര്‍ വന്നു പറഞ്ഞത് – ‘സര്‍, മംഗലാപുരത്തേയ്ക്കു കൊണ്ടുപോയ സ്ത്രീ പാതിവഴിയില്‍ വച്ചു മരിച്ചു!’ ഡോക്ടറുടെ മനസ്സിലേക്ക് ആ ചോദ്യം വീണ്ടും കടന്നുവന്നു – ‘ഗ്യാരന്‍റിയുണ്ടോ?’

ചികിത്സിക്കാൻ ഡോക്ടറെ കാണുന്നവർ ഡോക്ടർമാരെ ദൈവമായി കണ്ടില്ലേലും, അവരുടെ ഒബ്സർവ്വേഷൻ നടത്തിയുള്ള വാക്കുകൾക്ക് വില കൽപ്പിക്കണം. ഒരു ഡോക്ടർക്കും ഗ്യാരണ്ടി തരാനാവില്ല, ദൈവം നിശ്ചയിച്ചാലല്ലാതെ. അതാണ് നൻമവഴി, നൻമവഴികൾ മറക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നതും.


Wednesday, April 17, 2013

മയ്യിത്ത് സംസ്കരണ രീതി


രോഗിയെ സന്ദർശിക്കൽ സുന്നത്താണ്‌.
 സന്ദർശിക്കപ്പെടുന്ന രോഗി സുഖപ്പെടുമെന്നു കണ്ടാൽ അവരുടെ രോഗശമനത്തിനായി പ്രാർഥിക്കുകയും പിരിഞ്ഞു പോരുകയും ചെയ്യണം. ആ രോഗത്തിൽ നിന്നും രക്ഷപ്പെടില്ലെന്നു തോന്നിയാൽ തൗബ ചെയ്യാൻ പ്രേരിപ്പിക്കണം. മരണം ആസന്നമായ വ്യക്തിയുടെ ചെവിയിൽ “ ലാ ഇലാഹ ഇല്ലല്ലാ” എന്നു ചൊല്ലിക്കൊടുക്കണം. അങ്ങിനെ ചൊല്ലുവാൻ നിർബന്ധിക്കരുത്. ഒരു പ്രാവശ്യം അവർ ചൊല്ലിയാൽ പിന്നീട് മറ്റു വല്ലതും സംസാരിച്ചാൽ മാത്രം ചൊല്ലിക്കൊടുത്താൽ മതി. ചൊല്ലിക്കൊടുക്കേണ്ടതു അനന്തരാവകാശികൾ അല്ലാത്തവർ ആയിരിക്കണം.

ഒരാൾ മരിച്ചു കഴിഞ്ഞാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങ:
മയ്യിത്തിന്റെ രണ്ടു കണ്ണുകളും തിരുമ്മി അടക്കുക. താടിയെ തലയോട് ചേർത്ത് കെട്ടുക. 
ഘനമുള്ള എന്തെങ്കിലും വസ്തു വയറിന്മേൽ വെക്കുക. മരണപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന വസ്ത്രം അഴിച്ചു മാറ്റുക. കനം കുറഞ്ഞ ഒരു വസ്ത്രം കൊണ്ടു ശരീരം മുഴുവൻ മറയ്ക്കുക. കട്ടിലിന്മേലോ, ഉയരമുള്ള മറ്റു വസ്തുവിന്മേലോ കിടത്തുക.
 കിടത്തുമ്പോൾ രണ്ടു രീതി സ്വീകരിക്കാവുന്നതാണു.
1- മുഖം ഖിബ്‌ലയുടെ നേരെ ആകുന്ന വിധം വലതു ഭാഗത്തേക്കു ചെരിച്ചു കിടത്തുക
2- മുഖവും രണ്ടു പാദങ്ങളും ഖിബ്‌ലയുടെ നേരെയാവുന്ന വിധം മലർത്തിക്കിടത്തുക. ( തല കിഴക്കോട്ടും കാലുകൾ പടിഞ്ഞാറോട്ടുമാകുന്ന വിധം) ഇങ്ങനെ കിടത്തുമ്പോൾ തല അല്പം ഉയർത്തി വെക്കേണ്ടതാണു.

മരണപ്പെട്ട വ്യക്തിയുടെ കടം വീട്ടുന്നതിൽ വേഗത കാണിക്കുക. അപ്പോൾ തന്നെ കൊടുത്തു വീട്ടുകയോ, അല്ലെങ്കിൽ കടത്തെ ഏറ്റെടുക്കുകയോ ചെയ്യാവുന്നതാണു. മയ്യിത്തിന്റെ വസ്വിയ്യത്തുകൾ നിറവേറ്റുക.

മയ്യിത്ത് കുളിപ്പിക്കുന്ന രീതി
മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി പ്രത്യേകം സ്ഥലം തയ്യാറാക്കണം. സാധാരണവീടുകളിലുള്ള മുറികളിൽ ഏതെങ്കിലുമൊന്നു അതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇല്ലെങ്കിൽ പ്രത്യേക സ്ഥലം ഒരുക്കണം. അഞ്ച് ഭാഗത്തിലൂടെയും മറയുള്ള ഒരു സ്ഥലം തയ്യാറാക്കണം. അതിനുള്ളിൽ ബെഞ്ചോളം ഉയരമുള്ള, മയ്യിത്ത് അങ്ങോട്ടുമിങ്ങോട്ടും ചരിച്ചു കിടത്താൻ സൗകര്യപ്പെടുന്ന വീതിയുമുള്ള ഒരു പടി അതിൽ ഇടുകയും തലഭാഗം ഒരുചാൺ ഉയർത്തി വെക്കുകയും വേണം. കുളിപ്പിക്കുന്ന വെള്ളം പുറത്തേക്കു പരന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥലം തയ്യാറായിക്കഴിഞ്ഞാൽ മയ്യിത്തിനെ എടുത്തു കൊണ്ടു പോകുമ്പോൾ “ ബിസ്മില്ലാഹി അലാ മില്ലത്തി റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം” എന്നു ചൊല്ലണം. പടിയുടെ മേൽ മയ്യിത്തിനെ മലർത്തിക്കിടത്തുകയും മുഴുവൻ മൂടുന്ന വിധം ഒരു തുണി കൊണ്ടു മറയ്ക്കുകയും ചെയ്യണം.

കുളിപ്പിക്കുവാൻ ഒരാളും അദ്ധേഹത്തെ സഹായിക്കാൻ മറ്റൊരാളും രക്ഷാകർത്തവുമുണ്ടെങ്കിൽ അദ്ധേഹവും മാത്രമേ ആ സ്ഥലത്ത് പാടുള്ളൂ. കുളിപ്പിക്കുന്ന ആൾ പടിയുടെ ഇടതു ഭാഗത്തു നില്ക്കണം. അതിനു ശേഷം മയ്യിത്തിനെ എഴുന്നേല്പിച്ചു തന്റെ വലതു കാൽ പടിയുടെ മേൽ ചവുട്ടി ആ കാലിലേക്ക് മയ്യിത്തിനെ ചാരി ഇരുത്തണം. വലതു കൈ കൊണ്ടു പിരടിയും തലയും പിടിക്കുകയും ഇടതു കൈ കൊണ്ടു മൂന്ന് പ്രാവശ്യം മയ്യിത്തിന്റെ വയർ അമർത്തി തടവുകയും ചെയ്യണം. പ്രസ്തുത സമയം കയ്യിൽ തുണി ചുറ്റുകയൊ, ഉറ ധരിക്കുകയോ ചെയ്യണം. അതിനു ശേഷം സഹായി വെള്ളം ഒഴിച്ചു കൊടുക്കുകയും കുളിപ്പിക്കുന്നവൻ മയ്യിത്തിന്റെ മലദ്വാരവും, മുൻ ദ്വാരവും നല്ല പോലെ കഴുകണം. ( അതിലേക്കു നോക്കാൻ പാടില്ല) പിന്നിട് ഇടതു കൈയുടെ ചൂണ്ടു വിരലിൽ തുണിക്കഷ്ണം ചുറ്റി വെള്ളത്തിൽ നനച്ച് അതു കൊണ്ടു മയ്യിത്തിന്റെ പല്ലുകൾ തേച്ച് വൃത്തിയാക്കണം. അതിനു ശേഷം മറ്റൊരു തുണിക്കഷ്ണമെടുത്ത് ചെറുവിരലിൽ ചുറ്റി മൂക്കിന്റെ രണ്ടു ദ്വാരങ്ങളും വൃത്തിയാക്കണം.

പിന്നീട് ഒരു വുളൂ ചെയ്തു കൊടുക്കണം. അതിനു ശേഷം തല, കഴുത്ത്, ചെവി ഇവയെല്ലാം നന്നായി കഴുകണം. അഴുക്കുകൾ ശരിക്കു നീങ്ങിക്കിട്ടുവാൻ വേണ്ടി സോപ്പോ മറ്റോ ഉപയോഗിക്കാവുന്നതാണു. മുടികൾ കട്ടി കൂടിയതാണെങ്കിൽ പല്ലുകൾ അകന്ന ചീർപ്പു കൊണ്ടു അവ വിടർത്തി കഴുകേണ്ടതാണു. പ്രസ്തുത സമയം മുടികൾ പറിഞ്ഞു വരുന്നുണ്ടെങ്കിൽ അവ കഴുകി ഒരു സ്ഥ്ലത്തു സൂക്ഷിച്ച് വെക്കേണ്ടതും കഫൻ ചെയ്യുമ്പോൾ ആ പുടയിൽ ഇടുകയും വേണം. തല കഴുകിയ ശേഷം മയ്യിത്തിനെ ഇടതു ഭാഗത്തേക്കു ചരിച്ചു കിടത്തി പുറത്തിന്റെയും ഉൾഭാഗത്തിന്റെയും പകുതി വീതം വലത്തെ തോൾ മുതൽ വലതു കാലിന്റെ പദം വരെ നന്നയി കഴുകണം അതിനു ശേഷം വലഭാഗത്തേക്കു ചെരിച്ചു കിടത്തി മേൽ പരഞ്ഞ വിധം നെഞ്ചിന്റെയും വയറിന്റെയും പകുതി ഭാഗം ഉൾപ്പെടെ ഇടത്തെ തോൾ മുതൽ ഇടതു കാലിന്റെ പാദം വരെ കഴുകണം. അഴുക്കുകൾ നീങ്ങിക്കിട്ടുന്നതിനു വേണ്ടി സോപ്പ്, താളി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാവുന്നതും ഉരച്ചു കഴുകാൻ പറ്റുന്നതു കൊണ്ടു ഉരച്ചു കഴുകുകയും ചെയ്യേണ്ടതാണു. അതിനു ശേഷം മയ്യിത്തിനെ മലർത്തിക്കിടത്തി ശുദ്ധമായ വെള്ളം ഒഴുക്കുക. ഇത്രയും ആയാൽ ഒരു കുളി ആകുന്നതാണു. അതിനു ശേശ്ഷം ആദ്യം മുതൽ ചെയ്ത മുഴുവൻ കാര്യങ്ങൾ രണ്ടു പ്രാവശ്യം കൂടി ചെയ്യണം. ഇതാണു പരിപൂർണ്ണമായ കുളിയുടെ സ്വ്വഭാവം.

ഏറ്റവും ഒടുവിൽ അല്പം കർപ്പൂരം കലർത്തിയ വെള്ളത്തെ മയ്യിത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധം ഒഴുക്കേണ്ടതും ഒരു വുളൂഅ് ചെയ്തു കൊടുക്കേണ്ടതുമാണു. ഇതെല്ലാം ചെയ്ത ശേഷം അല്പം പോലും ഈർപ്പമില്ലാത്ത വിധം നല്ലതുപോലെ മയ്യിത്തിനെ തുടച്ചു വൃത്തിയാക്കണം. കുളിപ്പിക്കുന്ന സ്ഥലത്ത് കുളിപ്പിക്കാൻ തുടങ്ങുന്നതു മുതൽ സുഗന്ധം പുകച്ചു കൊണ്ടിരിക്കണം. കുളിപ്പിക്കുന്ന ആൾ വിശ്വസ്ഥനാകണം. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു പുരുഷന്മാരും, സ്ത്രീകളുടെ മയ്യിത്ത് കിളിപ്പിക്കേണ്ടതു സ്ത്രീകളുമാണു. പുരുഷന്റെ മയ്യിത്ത് കുളിപ്പിക്കാൻ അന്യസ്ത്രീകളും, സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാൻ അന്യ പുരുഷന്മാരും ആകുന്ന അവസ്ഥയിൽ കുളിപ്പിക്കേണ്ടതില്ല. പകരം തയമ്മും ചെയ്താൽ മതി. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു അവനുമായി ഏറ്റവും അടുത്ത രക്തബന്ധമുള്ളവരും, സ്ത്രീക്ക് അവളുമായി ഏറ്റവും അടുത്ത രക്ത ബന്ധമുള്ള സ്ത്രീകളുമാണു.

മയ്യിത്ത് കഫൻ ചെയ്യൽ
മയ്യിത്തു കഫൻ ചെയ്യൽ നിർബന്ധമാണ്‌. നിർബന്ധത്തിന്റെ ഏറ്റവും ചുരുങ്ങിയ രീതി ശരീരം മുഴുവനും മറയുന്ന ഒരു തുണികൊണ്ടു പൊതിയലാണു. ഹജ്ജിനു ഇഹ്‌റാം കെട്ടിയ വ്യക്തിയാണു മരണപ്പെട്ടതെങ്കിൽ പുരുഷനാണെങ്കിൽ തലയും, സ്ത്രീകളാണെങ്കിൽ മുഖവും മറയ്ക്കുവാൻ പാടുള്ളതല്ല.

പുരുഷന്റെ മയ്യിത്തു കഫൻ ചെയ്യുന്ന രീതി:
മയ്യിത്തിനെ മുഴുവൻ മറയത്തക്ക വിധമുള്ള മൂന്ന് തുണികൊണ്ടു പൊതിയലാണു. (ഒരോ തുണിയും 2 1/2 മീറ്റർ വീതം നീളം ഉണ്ടായിരിക്കണം). തലപ്പാവും, കുപ്പായവും ധരിപ്പിക്കുന്നതു കൊണ്ടു വിരോധമില്ല. എങ്കിലും 3 തുണികൾ മാത്രമായിരിക്കലാണു നല്ലത്. ആദ്യമായി പായയോ മറ്റോ വിരിച്ച ശേഷം 3 തുണികളിൽ ഒർണ്ണം എടുത്തു അതിന്റെ എല്ലാ ഭാഗത്തും സാമ്പ്രാണി പുകച്ച് ആ പുക എത്തിക്കുക. അതിനു ശേഷം നേരത്തേ വിരിച്ചിട്ടുള്ള പായയിൽ വിരിക്കുകയും സുഗന്ധം പുരട്ടുകയും ചെയ്യുക. മൈലാഞ്ചി ഇലകൾ വിതറുന്ന രീതിയും സ്വീകരിക്കവുന്നതാണ്‌. പിന്നീട് മറ്റു രണ്ടു തുണികളും മേൽ പരഞ്ഞ പോലെ സമ്പ്രാണി പുകയിൽ കാണിച്ച ശേഷം വിരിക്കുക. അതിനു ശേഷം കുളിപ്പിച്ച സ്ഥലത്തു നിന്നും ഒരു തുണി ഇട്ടുകൊണ്ടു മയ്യിത്തിനെ കൊണ്ടു വന്നു പ്രസ്തുത കഫൻ പുടകളുടെ മുകളിൽ മലർത്തിക്കിടത്തുക.

മയ്യിത്തിന്റെ ദ്വാരങ്ങളിലും, സുജൂദിന്റെ അവയവങ്ങളിലും, കൈകാൽ വിരലുകൾക്കിടയിലും സുഗന്ധം പുരട്ടിയ പഞ്ഞിക്കഷ്ണങ്ങൾ വെക്കേണ്ടതാണു. പിന്നീട് മയ്യിത്തിന്റെ ഇടഭാഗത്ത് നിന്നും ഏറ്റവും മേലെ വിരിച്ചിട്ടുള്ള തുണി വലതു ഭാഗത്തേക്കു പൊതിയുകയും, വലഭാഗത്തു നിന്നും ഇടതു ഭാഗത്തേക്കു പൊതിയുകയും ചെയ്യേണ്ടതാണ്‌. തുണിയുടെ രണ്ട് അഗ്രങ്ങൾ കാലിന്റെയും, തലയുടെയും ഭാഗത്ത് ഭദ്രമായി കറക്കി എടുക്കേണ്ടതാണ്‌. പിന്നീട് മറ്റ് രണ്ട് തുണികളും മേൽ പറഞ്ഞതു പോലെത്തന്നെ പൊതിയുക. ഒന്നാമത്തെ തുണികൊണ്ടു പൊതിയുന്നതോടൊപ്പം മയ്യിത്തിന്റെ മുകളിൽ വിരിച്ചിട്ടുള്ള തുണിയെ പതുക്കെ വലിച്ചെടുക്കുക.മൂന്നമത്തെ തുണിയും പൊതിഞ്ഞു കഴിഞ്ഞാൽ രണ്ടഗ്രങ്ങളും മദ്ധ്യഭാഗവും തുണിക്കഷ്ണം കൊണ്ടു തന്നെ കെട്ടണം.


കുപ്പായവും, തലപ്പാവും ഉണ്ടെങ്കിൽ ആദ്യത്തെ തുണികൊണ്ടു പൊതിയുന്നതിനു മുൻപ് തെന്നെ കുപ്പയം ധരിപ്പിക്കേണ്ടതാണു. ഒരാൾ ജീവിത കാലത്തു ധരിച്ചിരുന്നതു പോലുള്ള കുപ്പായമാണു ധരിപ്പിക്കേണ്ടതു. കഫൻ ചെയ്യുന്ന സമയത്ത് മയ്യിത്തിന്റെ രണ്ടു കൈകളും രണ്ടു പാർശ്വങ്ങളിലേക്ക് ചേർത്ത് നീട്ടി വെക്കുകയോ, നമസ്കാരത്തിൽ കെട്ടി വെക്കുന്നത് പോലെ ചെയ്യാവുന്നതാണ്‌.

മയ്യിത്ത് സ്ത്രീ ആകുമ്പോൾ അതിന്റെ കഫൻ പുടയുടെ ഏറ്റവും ശ്രേഷ്ഠമായ രീതി ഉടുക്കുവാനുള്ള ഒരു തുണിയും, കുപ്പായം, മക്കന, മുഴുവൻ മറയുന്ന വിധത്തിലുള്ള രണ്ട് വസ്ത്രങ്ങളുമാണു. അവയെല്ലാം സുഗന്ധം പുകയിച്ചിരിക്കണം. അവരുടെ മയ്യിത്ത് കുളിപ്പിച്ച് കഴിഞ്ഞാൽ മുൻദ്വാരത്തിലും പിൻദ്വാരത്തിലും പഞ്ഞി വെച്ച് ആർത്തവക്കാരി കെട്ടുന്നതു പോലെ കെട്ടുക. അതിനു ശേഷം തുണി ഉടുപ്പിക്കുകയും കുപ്പായം (നമസ്കാരക്കുപ്പായം പോലുള്ള) ധരിപ്പിക്കുകയും ചെയ്യുക. ധരിപ്പിക്കുന്നതിനു മുമ്പ് രണ്ട് മാറുകളും ഉല്കൊള്ളുന്ന അത്രയും വീതിയിൽ തുണിക്കഷ്ണമുപയോഗിച്ച് പിന്നിലേക്കു കെട്ടണം. പുരുഷന്മാരാകുമ്പോൾ ആ കെട്ട് തുടകൾക്കു മുകളിലായിട്ടാണു കെട്ടേണ്ടത്.

ഭൂമി കുലുങ്ങിയാൽ

ദുബൈ: 448 ആകാശഗോപുരങ്ങള്‍. 909 അംബരചുംബികള്‍. കോണ്‍ക്രീറ്റ് ഭീമന്മാരുടെ നഗരമായ ദുബൈയെ പേടിപ്പെടുത്തി ഏപ്രിലില്‍ രണ്ട് ഭൂമികുലുക്കങ്ങള്‍. ഏപ്രില്‍ 9നും 16നും. ഭൂകമ്പങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന തുടര്‍ചലനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. യുഎഇയിലെ പ്രമുഖ നഗരങ്ങള്‍ ഭ്രംശനമേഖലയിലാണ് എന്ന തിരിച്ചറിവ് വീണ്ടും ഭൂമികുലുക്കമുണ്ടാകുമെന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്. ഭൂകമ്പങ്ങള്‍ മുന്‍ കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ ഇതുവരെ മനുഷ്യന്‍ സ്വായത്തമാക്കിയിട്ടില്ല. സംഭവിക്കുന്ന ദുരന്തത്തിന്റെ തീവ്രത മാത്രമാണ് സാങ്കേതിക വിദ്യയിലൂടെ അറിയാന്‍ കഴിയുക.

ഇനിയുമൊരു ഭൂമുകുലുക്കമുണ്ടായാല്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ഭൂമി കുലുങ്ങുമ്പോള്‍ മുറിക്കുള്ളിലെ മേശയ്ക്കടിയിലോ ബലമുള്ള ഫര്‍ണീച്ചറുകള്‍ക്കടിയിലോ രക്ഷതേടുക. മുറിക്കുള്ളില്‍ മേശയോ മറ്റ് ഫര്‍ണീച്ചറുകളോ ഇല്ലെങ്കില്‍ മുറിയുടെ മൂലയിലേയ്ക്ക് ചേര്‍ന്ന് നില്‍ക്കുക. അതേസമയം മൂലയല്ലാത്ത ഭാഗങ്ങളില്‍ ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നത് അപകടമുണ്ടാക്കും. മുറിയുടെ മൂലകള്‍ ശക്തമായ ഭൂകമ്പങ്ങളിലും പെട്ടെന്ന് തകര്‍ന്ന് വീഴില്ല.

* ഗ്ലാസുകള്‍, ജനാലകള്‍, പുറത്തേയ്ക്കുള്ള വാതിലുകള്‍, തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ എന്നിവയ്ക്ക് സമീപത്തുനിന്നും മാറിനില്‍ക്കുക.

* നിങ്ങള്‍ അടുക്കളയില്‍ പാകം ചെയ്യുകയാണെങ്കില്‍ ഉടനെ സ്റ്റൗ ഓഫാക്കുക. ഗ്യാസ് സിലിണ്ടറും ലോക്ക് ചെയ്യുക.

* കിടക്കയില്‍ കിടക്കുന്ന സമയമാണെങ്കില്‍ തലയണകള്‍ കൊണ്ട് തലമൂടുക. കട്ടിലിനടിയിലേയ്ക്ക് സുരക്ഷിതമായി നീങ്ങി അഭയം തേടുക.

earth-quake
Earth quake: File photo

* ഭൂമികുലുക്കമുണ്ടായാല്‍ ഉടനെ പുറത്തേയ്ക്ക് ഓടാതിരിക്കുക. ഈ സമയങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നത്. ഭൂമികുലുങ്ങി അവസാനിക്കുന്നതുവരെ മുറിക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് തങ്ങുക.

* കെട്ടിടങ്ങളില്‍ നിന്നും താഴേക്കിറങ്ങാന്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം ഭൂമികുലുക്കങ്ങള്‍ക്ക് പിന്നാലെ ശക്തമായ തുടര്‍ചലനങ്ങള്‍ സാധാരണമാണ്. ലിഫ്റ്റിലെ യാത്ര അപകടം വിളിച്ചുവരുത്തും.

ഭൂമികുലുങ്ങുമ്പോള്‍ നിങ്ങള്‍ പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* തുറസായ സ്ഥലത്തേയ്ക്ക് നീങ്ങുക.

* കെട്ടിടങ്ങള്‍, ഇലക്ട്രിക് ലൈനുകള്‍, തെരുവ് വിളക്കുകള്‍, മരങ്ങള്‍ എന്നിവയ്ക്കരികില്‍ നിന്നും മാറി നില്‍ക്കുക. കെട്ടിടങ്ങള്‍ തകര്‍ന്നുവീണും ഗ്ലാസുകള്‍ തറച്ചും മറ്റ് വസ്തുക്കള്‍ ദേഹത്തുവീണുമാണ് ആളപായങ്ങള്‍ ഉണ്ടാകുന്നത്.

* തുറസായ സ്ഥലത്തെത്തിയാല്‍ ഭൂമികുലുക്കം നിലയ്ക്കുന്നതുവരെ അവിടെ തന്നെ തങ്ങുക.

വാഹനത്തിനുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* വാഹനങ്ങള്‍ റോഡ് സൈഡിലേയ്ക്ക് ഒതുക്കി നിര്‍ത്തുക. കെട്ടിടങ്ങള്‍, മരങ്ങള്‍, ഓവര്‍ പാസുകള്‍, ഇലക്ട്രിക് ലൈനുകള്‍, തെരുവ് വിളക്കുകള്‍ എന്നിവയ്ക്ക് അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വാഹനങ്ങള്‍ നിര്‍ത്തി അതില്‍ തന്നെ ഇരിക്കുക.

* ഭൂമികുലുക്കം മാറിയാലും ജാഗ്രതയോടെ വാഹനമോടിക്കുക. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ഭൂമികുലുക്കത്തില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടാകും. പാലങ്ങള്‍ പരമാവധി ഒഴിവാക്കുക.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യും?

* തീപ്പെട്ടിയോ ലൈറ്ററോ കത്തിക്കാതിരിക്കുക.

* മുകളിലുള്ള അവശിഷ്ടങ്ങള്‍ മാറ്റി പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മുകളിലുള്ള അവശിഷ്ടങ്ങള്‍ നിങ്ങളുടെ ദേഹത്തേയ്ക്ക് പതിച്ച് അപകടമുണ്ടാകാം. തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടുക. പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളില്‍ പ്രവേശിക്കാതിരിക്കാനാണിത്.

* എന്തെങ്കിലും കൊണ്ട് സമീപത്തെ വസ്തുക്കളില്‍ തട്ടി ശബ്ദമുണ്ടാക്കുക. നിലവിളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പൊടിപടലങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കും. ആളുകളുടെ ശബ്ദം കേട്ടാല്‍ മാത്രം ഒച്ചയുണ്ടാക്കി ശ്രദ്ധക്ഷണിക്കുക.

ഭൂമികുലുക്കത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്

* പരിക്കുകള്‍ ശ്രദ്ധിക്കുക. പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം നല്‍കുക.

* നാശനഷ്ടങ്ങള്‍ വിലയിരുത്തുക. നിങ്ങളുടെ കെട്ടിടത്തിന് സാരമായ തകരാറുസംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടനെ കെട്ടിടത്തില്‍ പ്രവേശിക്കാതിരിക്കുക. സേഫ്റ്റി ഓഫീസറുടെ ഉറപ്പ് ലഭിച്ചശേഷം മാത്രം കെട്ടിടത്തില്‍ കടക്കുക. വിള്ളല്‍ വീണ ഭിത്തികള്‍ ചെറുചലനങ്ങളില്‍ തകര്‍ന്നുവീണ് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.

* ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനെ മറ്റുള്ളവരെ വിവരമറിയിച്ച് പുറത്തുകടത്തുക. ഗ്യാസ് ചോര്‍ച്ചയെക്കുറിച്ച് അഗ്‌നിശമന സേനാ വിഭാഗത്തേയോ ഗ്യാസ് കമ്പനിയേയോ അറിയിക്കുക. ഇലക്ട്രിക് വസ്തുക്കള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ചെറിയ ഒരു തീപ്പൊരി പോലും ദുരന്തം വിളിച്ചുവരുത്തുമെന്ന് ഓര്‍ക്കുക.

* വൈദ്യുതി ഇല്ലെങ്കില്‍ ഉടനെ എല്ലാ ഉപകരങ്ങളുടേയും വയറുകള്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നും വിഛേദിക്കുക. വൈദ്യുതി പുനസ്ഥാപിക്കുമ്പോള്‍ ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുകളുണ്ടാകാം. പ്രധാന ഫ്യൂസ് ബോക്‌സ് ഓഫാക്കി ഇലക്ട്രീഷ്യന്റെ സാമീപ്യത്തില്‍ മാത്രം വൈദ്യുതി പുനസ്ഥാപിക്കുക.

Coursey: Kvartha.COM