ഇനിയുമൊരു ഭൂമുകുലുക്കമുണ്ടായാല്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ഭൂമി കുലുങ്ങുമ്പോള്‍ മുറിക്കുള്ളിലെ മേശയ്ക്കടിയിലോ ബലമുള്ള ഫര്‍ണീച്ചറുകള്‍ക്കടിയിലോ രക്ഷതേടുക. മുറിക്കുള്ളില്‍ മേശയോ മറ്റ് ഫര്‍ണീച്ചറുകളോ ഇല്ലെങ്കില്‍ മുറിയുടെ മൂലയിലേയ്ക്ക് ചേര്‍ന്ന് നില്‍ക്കുക. അതേസമയം മൂലയല്ലാത്ത ഭാഗങ്ങളില്‍ ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നത് അപകടമുണ്ടാക്കും. മുറിയുടെ മൂലകള്‍ ശക്തമായ ഭൂകമ്പങ്ങളിലും പെട്ടെന്ന് തകര്‍ന്ന് വീഴില്ല.
* ഗ്ലാസുകള്‍, ജനാലകള്‍, പുറത്തേയ്ക്കുള്ള വാതിലുകള്‍, തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ എന്നിവയ്ക്ക് സമീപത്തുനിന്നും മാറിനില്‍ക്കുക.
* നിങ്ങള്‍ അടുക്കളയില്‍ പാകം ചെയ്യുകയാണെങ്കില്‍ ഉടനെ സ്റ്റൗ ഓഫാക്കുക. ഗ്യാസ് സിലിണ്ടറും ലോക്ക് ചെയ്യുക.
* കിടക്കയില്‍ കിടക്കുന്ന സമയമാണെങ്കില്‍ തലയണകള്‍ കൊണ്ട് തലമൂടുക. കട്ടിലിനടിയിലേയ്ക്ക് സുരക്ഷിതമായി നീങ്ങി അഭയം തേടുക.
![]() |
| Earth quake: File photo |
* ഭൂമികുലുക്കമുണ്ടായാല്‍ ഉടനെ പുറത്തേയ്ക്ക് ഓടാതിരിക്കുക. ഈ സമയങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും അപകടങ്ങള്‍ സംഭവിക്കുന്നത്. ഭൂമികുലുങ്ങി അവസാനിക്കുന്നതുവരെ മുറിക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് തങ്ങുക.
* കെട്ടിടങ്ങളില്‍ നിന്നും താഴേക്കിറങ്ങാന്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം ഭൂമികുലുക്കങ്ങള്‍ക്ക് പിന്നാലെ ശക്തമായ തുടര്‍ചലനങ്ങള്‍ സാധാരണമാണ്. ലിഫ്റ്റിലെ യാത്ര അപകടം വിളിച്ചുവരുത്തും.
ഭൂമികുലുങ്ങുമ്പോള്‍ നിങ്ങള്‍ പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* തുറസായ സ്ഥലത്തേയ്ക്ക് നീങ്ങുക.
* കെട്ടിടങ്ങള്‍, ഇലക്ട്രിക് ലൈനുകള്‍, തെരുവ് വിളക്കുകള്‍, മരങ്ങള്‍ എന്നിവയ്ക്കരികില്‍ നിന്നും മാറി നില്‍ക്കുക. കെട്ടിടങ്ങള്‍ തകര്‍ന്നുവീണും ഗ്ലാസുകള്‍ തറച്ചും മറ്റ് വസ്തുക്കള്‍ ദേഹത്തുവീണുമാണ് ആളപായങ്ങള്‍ ഉണ്ടാകുന്നത്.
* തുറസായ സ്ഥലത്തെത്തിയാല്‍ ഭൂമികുലുക്കം നിലയ്ക്കുന്നതുവരെ അവിടെ തന്നെ തങ്ങുക.
വാഹനത്തിനുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* വാഹനങ്ങള്‍ റോഡ് സൈഡിലേയ്ക്ക് ഒതുക്കി നിര്‍ത്തുക. കെട്ടിടങ്ങള്‍, മരങ്ങള്‍, ഓവര്‍ പാസുകള്‍, ഇലക്ട്രിക് ലൈനുകള്‍, തെരുവ് വിളക്കുകള്‍ എന്നിവയ്ക്ക് അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വാഹനങ്ങള്‍ നിര്‍ത്തി അതില്‍ തന്നെ ഇരിക്കുക.
* ഭൂമികുലുക്കം മാറിയാലും ജാഗ്രതയോടെ വാഹനമോടിക്കുക. റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ഭൂമികുലുക്കത്തില്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടാകും. പാലങ്ങള്‍ പരമാവധി ഒഴിവാക്കുക.
അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യും?
* തീപ്പെട്ടിയോ ലൈറ്ററോ കത്തിക്കാതിരിക്കുക.
* മുകളിലുള്ള അവശിഷ്ടങ്ങള്‍ മാറ്റി പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുക. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മുകളിലുള്ള അവശിഷ്ടങ്ങള്‍ നിങ്ങളുടെ ദേഹത്തേയ്ക്ക് പതിച്ച് അപകടമുണ്ടാകാം. തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടുക. പൊടിപടലങ്ങള്‍ ശ്വാസകോശങ്ങളില്‍ പ്രവേശിക്കാതിരിക്കാനാണിത്.
* എന്തെങ്കിലും കൊണ്ട് സമീപത്തെ വസ്തുക്കളില്‍ തട്ടി ശബ്ദമുണ്ടാക്കുക. നിലവിളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പൊടിപടലങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കും. ആളുകളുടെ ശബ്ദം കേട്ടാല്‍ മാത്രം ഒച്ചയുണ്ടാക്കി ശ്രദ്ധക്ഷണിക്കുക.
ഭൂമികുലുക്കത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്
* പരിക്കുകള്‍ ശ്രദ്ധിക്കുക. പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം നല്‍കുക.
* നാശനഷ്ടങ്ങള്‍ വിലയിരുത്തുക. നിങ്ങളുടെ കെട്ടിടത്തിന് സാരമായ തകരാറുസംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടനെ കെട്ടിടത്തില്‍ പ്രവേശിക്കാതിരിക്കുക. സേഫ്റ്റി ഓഫീസറുടെ ഉറപ്പ് ലഭിച്ചശേഷം മാത്രം കെട്ടിടത്തില്‍ കടക്കുക. വിള്ളല്‍ വീണ ഭിത്തികള്‍ ചെറുചലനങ്ങളില്‍ തകര്‍ന്നുവീണ് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.
* ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനെ മറ്റുള്ളവരെ വിവരമറിയിച്ച് പുറത്തുകടത്തുക. ഗ്യാസ് ചോര്‍ച്ചയെക്കുറിച്ച് അഗ്‌നിശമന സേനാ വിഭാഗത്തേയോ ഗ്യാസ് കമ്പനിയേയോ അറിയിക്കുക. ഇലക്ട്രിക് വസ്തുക്കള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ചെറിയ ഒരു തീപ്പൊരി പോലും ദുരന്തം വിളിച്ചുവരുത്തുമെന്ന് ഓര്‍ക്കുക.
* വൈദ്യുതി ഇല്ലെങ്കില്‍ ഉടനെ എല്ലാ ഉപകരങ്ങളുടേയും വയറുകള്‍ സ്വിച്ച് ബോര്‍ഡില്‍ നിന്നും വിഛേദിക്കുക. വൈദ്യുതി പുനസ്ഥാപിക്കുമ്പോള്‍ ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുകളുണ്ടാകാം. പ്രധാന ഫ്യൂസ് ബോക്‌സ് ഓഫാക്കി ഇലക്ട്രീഷ്യന്റെ സാമീപ്യത്തില്‍ മാത്രം വൈദ്യുതി പുനസ്ഥാപിക്കുക.
Coursey: Kvartha.COM

No comments:
Post a Comment