Tuesday, February 26, 2013

ഹെന്ത് പാങ്ങ്പ്പാ ...................


നിരവധി മിത്തുകളും മുത്തുകളും നിറഞ്ഞ ഐശ്വര്യസമ്പന്നമായ ഭാഷയാണല്ലോ നമ്മുടെ മലയാളം. ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിന്റെ നാടുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ നാട്ടിന്റെ സംസാര ശൈലികളിലും വ്യത്യാസങ്ങളുണ്ട്. വടക്കുനിന്ന് തെക്കോട്ടേക്കും തെക്കുനിന്നു വടക്കോട്ടേക്കും നീങ്ങുമ്പോള്‍ നമുക്കു ഇതു ശരിക്കും അനുഭവിക്കാനാകുന്നു. വടക്കുള്ളവന്‍ തെക്കു പോകുമ്പോള്‍ അവിടുത്തെ ശൈലി കണ്ട് അമ്പരക്കുന്നു. അതെ പോലെ തിരിച്ചും. ആറു നാട്ടില്‍ ചെല്ലുമ്പോള്‍ നൂറു ഭാഷ എന്നത് മലയാളത്തെ സമ്പന്ധിച്ചിടത്തോളം അന്വര്‍ത്ഥവുമാണ് . അച്ചടി ഭാഷയില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ സംസാര ഭാഷകള്‍ പള്ളിക്കൂടങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും വ്യാപക അധുനിക ശൈലീ പ്രചാരത്തിലൂടെ അന്യം നിന്നു പോകാനിടയുണ്ട്. കാലപ്രവാഹത്തിനിടയില്‍ മറവിയുടെ ഏടുകളിലേക്ക് മുങ്ങിത്താണുപോകുന്നതിനു മുമ്പ് ഉത്തര മലബാറിന്റെ, പ്രത്യേകിച്ച് കാസര്‍കോടിന്റെ തനത് സംസാര ഭാഷയെ ഓര്‍മ്മകളുടെ ഏടുകളിലേക്കു പ്രതിഷ്ടിക്കാന്‍ ശ്രമിക്കുകയാണു ഈ ലേഖനത്തിലൂടെ. അലിഖിത രൂപമുള്ളതും വാമൊഴിയായതുമായ ഈ സംസാര ഭാഷകളിലൂടെ കടന്നു പോകുമ്പോള്‍ ഹരം കൊള്ളുന്നതിനൊപ്പം തനി മലയാള ഗ്രാമത്തനിമകള്‍ അടുത്തറിയാനും വായനക്കാരന്‍ കഴിയും എന്നതില്‍ സംശയമില്ല. അലകടല്‍ പോലെ വിശാലമായ സംസാര ലോകത്ത് നിന്ന് തപ്പിപ്പെറുക്കിയെടുത്ത ചില്ലറ വാക്കുകള്‍ മാത്രമാണ് നിങ്ങള്‍ക്കിതില്‍ കാണാനാവുക.

സംസാര വാക്കുകള്‍ .............. അര്ത്ഥം

ബേം - വേഗം

ജാസ്തി - അധികം
ഓര്ക്ക് - അവര്ക്ക്
ഓര്‍ - ഭര്ത്താവ്
ഓള്‍ - അവള്‍
ഓള് - ഭാര്യ
ജോര്‍ - ഉശാര്‍
പൊരെ - വീട്
അവുത്തു - അകത്തു
അവുത്ത് - പുരയില്‍
ബെരുത്തം - അസുഖം
ബയി - വഴി
തണ്ണി - വെള്ളം
പൊണ്ടം - കരിക്ക്
പൊണ്ടത്തിന്റെ തണ്ണി - ഇളനീര്‍
ലാക്കിട്ടര്‍ - ഡോക്റ്റര്‍
ബെയ്ച്ചാ - കഴിച്ചോ
കത്തല്‍ - വിശപ്പ്
തീ കത്തി - തീ പിടിച്ച്
പാങ്ങ് - ഭംഗി
ബീത്തീനാ - ഒഴിച്ചോ
ബീത്തിയാ -മൂത്രമൊഴിച്ചോ
മീത്തെ - മേലെ, മുകളില്‍
പെരപ്പ് - അമ്പരപ്പ്
പരതന്നേ - തപ്പുന്നേ
ജാകെ - സ്ഥലം
ബള്പ്പ് - പറമ്പ്
അതിസ്യം - അതിശയം
ബര്ത്താനം - വര്ത്ത്മാനം
പയക്കം - വര്ത്ത്മാനം
ഒക്കും - അതേ
ഒക്കുവോലും - അതേ പോലും
ബേണ്ടാന്ന് - വേണ്ടാ എന്ന്
ന്താ ബേണ്ട്യ -എന്താണു വേണ്ടത്
ബെയ്യ - വല്ല്യുമ്മ, മാമ
കയ്ന്നില്ല -വയ്യ, കഴിയുന്നില്ല
കയ്യ ലെ -വരമ്പ് , വേലി
കുച്ചില്പൊ റം - അടുക്കള പുറത്ത്
കുച്ചില്ല് - അടുക്കള
മാച്ചി - ചൂല്‍
നാസ്ത - പ്രഭാത ഭക്ഷണം
മോന്തി -സന്ധ്യ
ബെളി ബരുമ്പം - വെളിച്ചം വരുമ്പോള്‍, നേരം പുലരുമ്പോള്‍
ബെടക്ക് - ചീത്ത
കച്ചറ - മാലിന്യം
നായി - നായ
കോയി -കോഴി
കാലി എരുത് - മൂരി , കാള
കാലിയായി - തീര്ന്നു
ബെര്സം - മഴക്കാലം
പിര്സം -ഇഷ്ടം
അങ്ങന്നെ - അങ്ങിനെ തന്നെ
കാശി - സ്ത്രീധനം
പൌത്ത കായി -പഴുത്ത പഴം
പൂങ്ങിയത് -പുഴുങ്ങിയത്
മയെ ബെള്ളം -മഴ വെള്ളം
പൊയെ - പുഴ
പൊയ്യെ - പൂഴി, മണല്‍
മേല്‍ - ശരീരം
കയ്യീനാ - കഴുകിയോ
കൂട്ടീനാ -കൂട്ടിയിരുന്നോ
പോയീനാ - പോയിരുന്നോ
ബന്നീനാ - വന്നിരുന്നോ
കേട്ടീനാ - കേട്ടിരുന്നോ
ആടെ ഈടെ - അവിടെ ഇവിടെ
അപ്രം ഇപ്രം - അപ്പുറത്തും ഇപ്പുറത്തും
ആട്ക്ക് - അവിടെക്ക്
ഈട്ക്ക് - ഇവിടെക്ക്
ബായിച്ചാ - വായിച്ചുവോ
ന്റെ മോളെ ബായിച്ചാ - നിന്റെ മകളെ കല്ല്യാണം കഴിപ്പിച്ചോ
ബല്ല്യെ - വലിയ
പൈസക്കാര്‍ - പണക്കാര്‍
അലമ്പ് - പ്രശ്നം
കൊട്ടെ - സഞ്ചി...... വട്ടി
കൊട്ടെ - കശുവണ്ടി
മാങ്ങാന്റെ കൊട്ടെ - മാങ്ങയുടെ അണ്ടി
ചാട് - കളയുക
പര്ക്കു്ക - പെറുക്കുക
മേങ്ങീറ്റ് ബാ -വാങ്ങിയിട്ട് വരൂ
ചെല്ലണം - പറയണം
പ്രാഅ്ന്ന് -പിരാകുന്നു ...........പിറുപിറുക്കുന്നു
പൊരേന്റെ ബാല് - വീടിന്റെ വാതില്‍
കാട്ടം - അവശിഷ്ടം
ബാരി - വാരുക
പയി - പശു
കര്ത്ത പയിന്റെ ബെള്ത്ത പാല്‍ - കറുത്ത പശുവിന്റെ വെളുത്ത പാല്‍
പയ്ക്ക്ന്ന് - വിശക്കുന്നു
നട്ക്ക്........... നടൂല്‍ - നടുവില്‍
ലാറ്റ്നി - ലാമ്പ്
ലാഅ് - രാത്രി
പോല്‍ - പകല്‍
പോമ്പം - പോകുമ്പോള്‍
പുള്ളമ്മാര്‍ - കുട്ടികള്‍
ബാല്ല്യക്കാര്‍ - യുവാക്കള്‍
തൊണ്ടന്മാര്‍ - വയസ്സന്മാര്‍
തൊണ്ടി - വൃദ്ധ
കെനം - കിണര്‍
ബീണു - വീണു
ബായക്ക കാച്ചീത് - പഴം പൊരിച്ചത്
ബായന്റെ ബള്ളി - വാഴയുടെ വള്ളി
ബിസ്സ്യം - വിഷയം
സമ്മന്തക്കാര്‍ - ബന്ധുക്കള്‍
ഞങ്ങൊ - ഞങ്ങള്‍
നിങ്ങൊ - നിങ്ങള്‍
ബയര്‍ പള്ള - വയര്‍
മൊയ്ല്യാര്‍ - മുസല്യാര്‍
തങ്ങൊ - തങ്ങള്‍
ആങ്കാരം - അഹങ്കാരം
ഏസികെ -നാണക്കേട്
ബജാര്‍ - അങ്ങാടി
ബെനെ - ക്ഷീണം, മടി , അലസത
(എനക്ക് ബെനെ ആന്ന്.............. ഓന്‍ എന്തൊര ബെനേന്നു നോക്കറൊ)
കണ്ടം -വയല്‍
ഒരു കണ്ടം - ഒരു കഷണം
പൊയ്യക്കണ്ടം - മണല്‍ വയല്‍
പറങ്കിയാങ്ങ - കശുമാങ്ങ
ബട്ടം - ഭക്ഷണം കഴിക്കുന്ന വട്ടത്തിലുള്ള സ്റ്റീല്‍ അലൂമിനിയം പാത്രം
ചക്കന്റെ മരം - പ്ളാവ്
കാക്ക - അമ്മാവന്‍
കാക്കെ - കാക്ക
പൊരെക്കാര്‍ - വീട്ടുകാര്‍
ബൌസ് - ചൊങ്ക് അലങ്കാരം
കര്ച്ചകപ്പ്ല - കറിവേപ്പില
പുയ്നാട്ടി - പുതു നാരി
പുയ്യാപ്ളെ - പുതുമാരന്‍
എന്ക്കെന്തും കയ്ന്നില്ല - എനിക്ക് ഒന്നും തന്നെ സുഖമില്ല
അഡ്ഡം - കുറുകെ
കേക്ക് - കിഴക്ക്
കേക്ക് - ശ്രദ്ധിക്ക്
ബായി പറയ്ന്ന് - വഴക്ക് പറയുന്നു
ബായി - വായ
നാഅ് - നാവ്
നൊര്ച്ചും - നിറച്ചും
മയന്റെ മൂടം - കാര്‍ മേഘം
ആസ - ആശ
ലക്കൊട്ട് - കവര്‍
പഞ്ചാരത്തണ്ണി - പഞ്ചസാര വെള്ളം
ബറ്റ് - കഞ്ഞിയിലെ വറ്റ്
പച്ചോള്‍ - പച്ച മുളക്
മൊള് - മുളക്
കൊത്തമ്പാരി - മല്ലി
ബല്ലാണ്ട് - വല്ലാതെ
എടങ്ങേര്‍ - ബുദ്ധിമുട്ട്
ചെള്ളം - അരി ദോശ
അസറാങ്ക് - അസര്‍ ബാങ്ക്
മന്തട്ടെ - വീട്ടിന്റെ ഉള്ളില്‍ ഉയര്ത്തി ക്കെട്ടിയുണ്ടാക്കിയ തിട്ട
പുള്ളി - മകന്റെ മകന്‍
പഞ്ചാത്യെ - പഞ്ചായത്ത്, മീറ്റിങ്ങ്
തലങ്ങാണി - തലയിണ
ബെത്തലെ - വെറ്റില
ബണ്ടി - വണ്ടി
വണ്ടീന്റെ ഉരുള്‍ - വണ്ടിയുടെ ടയര്‍
കെളെ - തോട് ഇടവഴി
തിരീന്നില്ലാ  - മനസ്സിലാവുന്നില്ല
ഒട്ടെ - ദ്വാരം, വൃത്തം
ബട്ടത്തില്‍ - വൃത്തത്തില്‍
മാര്ക്കം - സുന്നത്ത്
കാഅ് - ചെവി
കാഊത്ത് മങ്ങലം - കാത് കുത്ത് കല്യാണം
കൊങ്കാട്ടം - അഹങ്കാരം
നല്ല ചേലായിനു - നല്ല ഭംഗിയുണ്ട്
പൊന്തീനാ - ഉയര്ന്നു വോ
ഓളെ ബയര്‍ പൊന്തീനോലു - അവള്‍ ഗര്ഭിണിയായി പോലും
കീഞ്ഞിറ്റ് പാഞ്ഞി - ഇറങ്ങി ഓടി
പ്ളാഅന്റെ
ചപ്പില  - പ്ളാവിന്റെ ഇല
തോല്‍ - പച്ചില വളം
തെന്ത് ജാതീപ്പാ - ഇതേത് ഇനത്തില്‍ പെട്ടെതാ
തത്തറം - തിരക്ക്
തത്തറപ്പാട് - പെടാപ്പാട്
കൊര്ച്ച് കാക്ക്പ്പാ - കുറച്ച് കൂടി കാത്തിരിക്കൂ
കാക്കണെ റബ്ബെ - ദൈവമേ രക്ഷിക്കണെ
ചുട്ടണ്ണി - ചൂട് വെള്ളം
എന്തിന്റ്രാ - എന്താണെടാ
റജെ - അവധി
പായി ഒലത്തീനാ - പായ വിടര്ത്തി യോ
ങട്ട് ബര്ലോ - ഇങ്ങോട്ട് വരൂ
സുയിപ്പാക്കന്റ്രാ - ഇന്സ-ള്ട്ട്ങ ചെയ്യരുതെ
നോക്കെറൊപ്പാ - ഇതൊന്ന് നോക്കിയെ
ഒണ്ക്കിന്റെ കറി - ഉണക്ക മത്സ്യം കറി
കടയങ്കല്ല് - അര കല്ല്
ബന്ന്ര്ന്ന് - വരൂ എന്ന്
ബന്നേ - വരൂ
ചോയിക്കറൊ - ചോദിക്കരുതോ
മുണ്ടാണ്ടിരിക്കറൊ - മിണ്ടാതെ ഇരിക്കരുതോ
ചൊറെ ആക്കല്ലാപ്പാ - ബുദ്ധിമുട്ടിക്കരുതെ
കരക്കെ - കാലിത്തൊഴുത്ത്
കരക്കരെ ആന്ന് - സങ്കടം വരുന്നു
തുണി ഒണ്ങ്ങീനാ - തുണി ഉണങ്ങിയോ
കുഞ്ഞൊര്ങ്ങി യ - കുഞ്ഞുറങ്ങീയോ
അപ്പ്യ ഇപ്പ്യ - അവര്‍ , ഇവര്‍
അരക്കര്‍ - അരയില്‍ കെട്ടുന്ന കയര്‍
കട്ട്ല്‍ - കട്ടില്‍
ഇട്ടി - ചെമ്മീന്‍
ചുമ്മ്ണിയെണ്ണ - മണ്ണെണ്ണ
നട്ടിക്കായി - നട്ടു വളര്ത്തി യ പച്ചക്കറികള്‍
കടയം -                      കുടം
ബലത്തെ ബാഗം -    വലതു ഭാഗം
കുണ്ട് -                        കുഴി
പോണ്‍ -                     ഫോണ്‍
പൊരെക്കാറും നെരെക്കാറും - ബന്ധുക്കളും സ്വന്തക്കാരും
ബട്ടി -                             വട്ടി, കുട്ട
ഒര്‍ സാത്ത് കയ്ഞ്ഞിറ്റ് - അല്പ്പ സമയം കൂടി കഴിഞ്ഞ്
ബാര്ന്ന് -                     വാര്ന്ന്
മാട് -                             പുഴക്കരയില്‍ തെങ്ങിന്തോപ്പുകള്ക്കി ടയിലെ സ്ഥലം
ചര്ട്ടി -                          തേങ്ങാ ചിരട്ട
തക്കാരം -                    സല്ക്കാരം
ബെണ്ണൂര്‍ -                   വെണ്ണീര്‍
അല്മ്പാക്കി -              അലങ്കോലമാക്കി
ചറ്റെ -                           മെടെഞ്ഞ ഓലകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്
മാദികന്മാര്‍ -               ചെരുപ്പ് കുത്തികള്‍
ആട്ട് പുട്ടെ -                 ആട്ടിന്‍ കാഷ്ടം
നിരിയനെ -                 ചിന്ത
നിരീച്ചത് -                    മനസ്സിലായോ
ബേജാര്‍ -                    സങ്കടം
ആബെ -                       ആവുമോ
ആബ ആബ -             അരുതെ ചെയ്യരുതെ
മുപ്പട്ടെ , നുപ്പട്ടെ -        മുമ്പെ, നേരത്തെ തന്നെ
തന്താര്‍ -                       ബന്ധുക്കള്‍
ഒര്പ്പിടി കയ്ഞ്ഞ് -      കുറച്ച് സമയം കൂടി കഴിഞ്ഞ്
എപ്പോങ്കും -                  എപ്പോഴെങ്കിലും
ബയ്യെ -                         വഴിയെ , പിന്നെ
ബയ്യെപ
റ്യാം  -           പിന്നീട് പറയാം
മൂട് -                              
മുഖം
 കുപ്പീന്റെ മൂട് -               കുപ്പിയുടെ അടപ്പ്
ജാഹുക്ക് ജാഹ് -          രാത്രിക്ക് രാത്രി
അട്ടം -                           വീടിന്റെ മച്ച്
പോരം -                        പകരം
കുത്തനേ , കുത്തെ -    കൂടുതല്‍ ഉയരത്തില്‍
ചെണ്ട് -                        പന്ത്





ഇങ്ങനെ നിരവധി നിരവധി വാക്കുകളാല്‍ സമ്പന്നമായ ഈ അത്യുത്തര ദേശത്ത്നിന്ന് തന്നെയാണു മലയാളത്തിലെ പ്രഗല്ഭരായ
ടി ഉബൈദും, തിരു മുമ്പും, പി കുഞ്ഞിരാമന്‍ നായരും, ഗോവിന്ദ പൈയും ...
പിന്നെ ആധുനികന്മാരായ രാഘവന്‍ മാഷും, ഇബ്രാഹിം ബേവിഞ്ചയും  ബാലകൃഷ്ണന്‍  മങ്ങാടും അംബികാസുതന്‍ മാങ്ങാടും തുടങ്ങിയ
സാഹിത്യകാരന്മാര്‍ പിറവിയെടുത്തതും പ്രശസ്ത സാഹിത്യ കൃതികള്‍ ഉണ്ടായതും. നിഷ്കളങ്കമായ ഗ്രാമത്തനിമ വിളിച്ചോതുന്ന ഈ തനതു ഭാഷാ ശൈലി അന്ന്യം നിന്നുപോവാതിരിക്കാന്‍ ഈ രചന ഒരു പ്രചോദനമാകട്ടെ



(സമാഹരണം മുജീബ് കൈന്താര്‍ പരവനടുക്കം  on 2007)

ഇത് മലബാറിന്റെ സ്വന്തം അവില്‍ മില്‍ക്ക്

ഇത് ഒരു മലബാര്‍ സ്പെഷ്യല്‍ ആണ്.പ്രത്യേകിച്ചും മലപ്പുറം കോഴിക്കോട്  സ്പെഷ്യല്‍ .
 ഇപ്പൊ കാസറഗോടിന്റെ വഴിയോരങ്ങളിലും , വീടുകളിലെ അകത്തളങ്ങളിലും നിത്യ കാഴ്ചയായി മാറിയിരിക്കുന്നു..ഒരു ഗ്ലാസ് കഴിച്ചാല്‍ രണ്ടുണ്ട് കാര്യം.... വിഷപ്പുമടങ്ങും ...ദാഹവും മാറും.... ജ്യൂസായും ലഘു ഭക്ഷണമായും  ഇതിനെ മാറ്റാം.


ആവശ്യമായ സാധനങ്ങള്‍

അവില്‍ (കുത്തരി പോലെ ഉരുണ്ട അവില്‍ ആവു വേണ്ടത് ) -     4 tbs
പഴം - 1 (മൈസൂര്‍ പഴം. പാളയന്‍ കോടന്‍ പഴമെന്നും പറയുന്നു.)
പഞ്ചസാര - 2 tbs
നെയ്യ് - കാല്‍ tbs
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
പാല്‍ 1 കപ്പ്‌




(ഇത് സ്പെഷ്യല്‍ അവില്‍ മില്‍ക്ക് ആണേ)

തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അവില്‍ വറുക്കുക . 4 - 5 min ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതി . എടുത്തു വച്ചിരിക്കുന്ന പാല്‍ തിളപിച്ചു തണുപിക്കുക.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതാണ്  എങ്കില്‍  പഷ്ട്ട് ....
 വലിയ ഗ്ലാസ് എടുത്ത് അതില്‍ തൊലി കളഞ്ഞ  പഴം ഇട്ടു നന്നായി ഉടക്കുക, തുടര്‍ന്ന് പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ്  ചെയ്യുക, അതിലേക്കു പാല്‍ പകുതി കണ്ട്  ഒഴിക്കുക അതിനു മീതെ അവില്‍ വിതറുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി  പഴവും  ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം... അവില്‍ മില്‍ക്ക് റെഡി... കഴിക്കുമ്പോള്‍ വലിയ സ്പൂണ്‍ കൊണ്ട് അടി മുതല്‍ മുടി വരെ ഇളക്കി വേണം കഴിക്കാന്‍...
എന്ത് പറയുന്നു.... ഉഗ്രന്‍ അല്ലെ...
തികച്ചും പോഷക സമ്പന്നമായ പലഹാരമാണ് ഇത്.... കുട്ടികള്‍ക്ക് നല്‍കി നോക്കൂ .... മുതിന്നവര്‍ക്കും... ഒരിക്കല്‍ രുചി അറിഞ്ഞവര്‍ വീണ്ടും വീണ്ടും കഴിക്കും...

പാല്‍, പാലുല്‍പന്നങ്ങള്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പാലും പാലുല്‍പന്നങ്ങളും വളരുന്ന കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.  എന്നാല്‍, മുതിര്‍ന്നവര്‍ നിയന്ത്രിത അളവില്‍ മാത്രമേ പാല് ഉപയോഗിക്കാവൂ.  

പാല്‍ മധുരമുള്ളതും ആരോഗ്യം വര്‍ധിപ്പിക്കുന്നതും ശരീരത്തിന് കൊഴുപ്പ് പ്രദാനം ചെയ്യുന്നതുമാണ്.  കൂടാതെ സപ്തവിധധാതുക്കള്‍ക്ക് ബലം നല്കുന്നതും വാതപിത്തങ്ങളെ ശമിപ്പിക്കുന്നതുമാണ്.  ഗുരുത്വമുള്ളതും ശുക്ലത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയും കഫവര്‍ധനവും ശീതവീര്യവുമാണ്.  പച്ചപ്പാല്‍ കഫത്തെ വര്‍ധിപ്പിക്കും.  ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാല്‍ അതാത് ഔഷധങ്ങളുടെ ഗുണത്തെ വര്‍ധിപ്പിക്കും.  അധികം വറ്റിച്ച് കുറുക്കിയ പാല്‍ കൂടുതല്‍ ഗുരുത്വമുള്ളതാണ്.  കറന്ന ഉടനെയുള്ള പാല്‍ അമൃതിന് തുല്യമാണ്.  

തൈര് അമ്ലസ്വഭാവിയാണ്.  വിപാകരസം പുളിരസമാണ്.  തൈര് മലബന്ധം ഉണ്ടാക്കും. വാതത്തെ ശമിപ്പിക്കുകയും മേദസിനെയും ശുക്ലത്തെയും ഉണ്ടാക്കുകയും ചെയ്യും.  ശരീരബലത്തെ പുനര്‍ജനിപ്പിക്കും,  മൂത്രം പോകാന്‍ വിഷമമുള്ള സന്ദര്‍ഭത്തില്‍ തൈര് കഴിച്ചാല്‍ നല്ലതാണ്.  പാട നീക്കിയ തൈര് ഗ്രഹണീരോഗത്തിന് നല്ല ഫലം ചെയ്യും.   തൈര് രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കരുത്.  അതുപോലെ തൈര് ചൂടാക്കി ഉപയോഗിക്കരുത്.  വസന്തം, ശരത്, ഉഷ്ണം െന്നി കാലങ്ങളില്‍ തൈര് ഉപയോഗിക്കരുത്.  ചെറുപയറിന്‍പരിപ്പ് ഇല്ലാതെയും തേന്‍ കൂടാതെയും പഞ്ചസാര ചേര്‍ക്കാതെയും നെല്ലിക്കയില്ലാതെയും തൈര് ഉപയോഗിക്കരുത്.  മന്ദമായ തൈരും ഉപയോഗിക്കരുത്.  പാലെന്നും തൈരെന്നും പറയാന്‍ പറ്റാത്തവിധത്തിലുള്ള തൈരിനെയാണ് മന്ദതൈര് എന്ന് വിളിക്കുന്നത്.‌  

മോര് ദഹിക്കുവാന്‍ എളുപ്പമുള്ളതാണ്.  ചവര്‍പ്പുരസവും പുളിരസവുമുള്ളതാണ്.  ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫവാതങ്ങളെ ശമിപ്പിക്കുകയും ചെയ്യും.  നീര്, മഹോദരം, കരള്‍രോഗങ്ങള്‍, അര്‍ശസ്, ഗ്രഹണി, മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നല്കം.  ഗുല്‍മം, പ്ലീഹാവീക്കം, നെയ്സേവയിലുള്ള വ്യാപത്തുകള്‍, വിഷം, രക്തക്കുറവ് എന്നിവയ്ക്കും മോരിന്റെ നിത്യോപയോഗം ഫലം ചെയ്യും.  തൈരിന്റ തെളിവെള്ളം മോരിന്റെ അതേ ഗുണമുള്ളതാണ്.  വയറിളക്കം, സ്രോതോശുദ്ധി, വയര്‍ വീര്‍ത്തുണ്ടാകുന്ന വിഷമം, മലബന്ധം എന്നിവയ്ക്ക് ശമനം കിട്ടും.  ലഘുഭക്ഷണമായ മോര്  ഭൂരിഭാഗം രോഗങ്ങള്‍ക്കും പഥ്യാഹാരമാണ്. 
പുതിയ വെണ്ണ ശീതമാണ്.  നിറത്തെയും ബലത്തെയും ദഹനത്തെയും ശുക്ലത്തെയും വര്‍ധിപ്പിക്കും.  മലബന്ധം ഉണ്ടാക്കുകയും വാതം, രക്തപിത്തം, ക്ഷയം, അര്‍ശസ്, അര്‍ദിതം, ചുമ എന്നിവയെ ശമിപ്പിക്കുകയും ചെയ്യും.  കണ്ണിന് വളരെ നല്ലതാണ് വെണ്ണ.  കുട്ടികള്‍‌ക്കും പ്രായം ചെന്നവര്‍ക്കും വളരെ ഗുണപ്രദമാണ്.  ജരയെ മാറ്റുകയും ശരീര മാര്‍ദ്ദവമുണ്ടാക്കുകയും ചെയ്യും.  രക്തപിത്തത്തെയും നേത്രരോഗത്തെയും ശമിപ്പിക്കുകയും ചെയ്യും. 
നെയ്യ്   ബുദ്ധി, ഓര്‍മ്മശക്തി, ധാരണാശക്തി, അജീര്‍ണം, ബലം, ആയുസ്,  ശുക്ലം, ദൃഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കും.  വാതപിത്തങ്ങള്‍, ഉന്മാദം, ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കും.  സ്നേഹദ്രവ്യങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് പശുവിന്‍ നെയ്യാണ്.  യൗവ്വനത്തെ നിലനിര്‍ത്താന്‍ കഴിവുള്ള നെയ്യ് വിധിപ്രകാരം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ വളരെ ഔഷധമേന്മയുള്ളതും പലരോഗങ്ങളെയും ഉന്മൂലനാശം ചെയ്യുന്നതുമാണ്.  അപസ്മാരാദി മാനസിക രോഗങ്ങള്‍ക്കും കുറവ് വരുത്തും.  നേത്രരോഗത്തിനും യോനീരോഗങ്ങള്‍ക്കും അതീവഫലം ചെയ്യുകയും വ്രണത്തെ ശുദ്ധമാക്കി ഉണക്കുകയും ചെയ്യും.   ഗര്‍ഭിണികള്‍ നെയ്യ്, വെണ്ണ, പാല്‍ എന്നിവ ഉപയോഗിച്ചാല്‍ ആരോഗ്യവും ബുദ്ധിയും നിറവും ഭംഗിയുമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ്.  


പാലിന്‍ നിന്നുള്ള ഉത്പന്നങ്ങളെ കുറിച്ച് അറിയുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം...
http://kantharikkutty.blogspot.ae/2008/05/blog-post_26.html 

ഡയറിഫാമിങ്ങ് ലാഭകരമാക്കാന്‍ ..............


 CO4 Hybrid Napier grass from Tamil Nadu Agriculture University Coimbatore

തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ദ്രുത ഗതിയിലുള്ള വളര്‍ച്ച, മാംസളമായ തണ്ടുകള്‍ എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്. യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് നന്നായി വളരും. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താല്‍ പ്രതിവര്‍ഷം 67000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ ലാഭം ലഭിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും പാരഗ്രാസ് വളര്‍ത്താം.

ഡയറിഫാമിങ്ങ് ലാഭകരമാകണമെങ്കില്‍ തീറ്റച്ചെലവ് കുറയ്ക്കണം. പ്രസ്തുത സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷിയ്ക്ക് സാധ്യതയേറെയാണ്.

സ്ഥലലഭ്യത വിലയിരുത്തി തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലോ കൃഷിയിറക്കാത്ത പാടങ്ങളിലോ തീറ്റപ്പുല്‍കൃഷി ചെയ്ത് വില്‍പന നടത്തിയാല്‍ മികച്ച ആദായം ലഭിക്കും. കേരളത്തില്‍ ഇന്ന് ആവശ്യത്തിന്റെ 1.7% മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോത്പന്നങ്ങള്‍, വൈക്കോല്‍ എന്നിവ ആവശ്യകതയുടെ 12.2% ലഭ്യമാണ്. ആവശ്യമായി വരുന്ന മൊത്തം പരിഷാഹാരത്തിന്റെ 14% മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ ദിനംപ്രതി 3750 മെട്രിക്ടണ്‍ വൈക്കോല്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഏതാണ്ട് ഇത്രയും അളവ് വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും പ്രതിദിനം കേരളത്തിലെത്തുന്നു.

തീറ്റപ്പുല്‍കൃഷിയ്ക്ക് ജലസേചനസൗകര്യം അത്യാവശ്യമാണ.് Co-3, KKM-1 പുല്‍ പയര്‍ മിശ്രിതം, സുബാബുള്‍, ശീമക്കൊന്ന മുതലായവ കൃഷി ചെയ്യാം. വിപണനത്തിനുള്ള സൗകര്യം അടുത്തുതന്നെ ഉണ്ടായിരിക്കണം.

ചെറുകിടഫാമുകളില്‍ ഒരു കി.ഗ്രാം തീറ്റപ്പുല്ലിന്റെ ഉത്പാദനച്ചെലവ് 16-24 പൈസ വരുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇത് വില്‍പന നടത്തുന്നത് കിലോയ്ക്ക് 1.1.9 രൂപ നിരക്കിലാണ്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ ആദായം പ്രധാനം ചെയ്യുന്ന മേഖലയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോള്‍ കിലോയ്ക്ക് 70-90 പൈസ ചെലവ് വരും. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് പ്രതിദിനം 835-1000 കി.ഗ്രാം തീറ്റപ്പുല്ല് ലഭിക്കും. കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖല കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. വ്യാവസായികാടിസ്ഥാനത്തിലെ തീറ്റപ്പുല്‍കൃഷി ഫാമുകള്‍ സംസ്ഥാനത്ത് കന്നുകാലി വളര്‍ത്തലിനാവശ്യമായ പരുഷാഹാരങ്ങളുടെ കുറവ് നികത്തുന്നതോടൊപ്പം സ്ഥായിയായ ക്ഷീരോത്പാദനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.



 
 
 

Monday, February 25, 2013

ഉമ്മയോളം വരില്ല, മറ്റൊന്നും






പഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.

അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''

പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.

മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)

മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)

ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''

സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)


മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

Courtsey: tharbiya.blogspot.com

Sunday, February 24, 2013

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം

ചില സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.



ഇങ്ങനെയുള്ള സുഹൃത്തുക്കളെ ആരും കൊതിച്ചുപോകും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹിക്കും. അവരെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആരാണീ സുഹൃത്തുക്കള്‍ എന്നറിയുമോ? നല്ല പുസ്‌തകങ്ങള്‍.

അറിവിന്റെ അക്ഷയഖനികളാണ്‌ പുസ്‌തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക്‌ അവ നമ്മെ നയിക്കുന്നു.

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്‌ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്‌തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ജീവിതത്തിന്‌ പുതിയ വെളിച്ചമേകും.

വിശ്രമ സമയങ്ങള്‍ നിരര്‍ഥകമായ വിനോദങ്ങളിലൂടെ കഴിച്ചുകൂട്ടുന്നവരാണ്‌ പലരും. വെറുതെ സംസാരിച്ചും അമിതമായി ഉറങ്ങിയും സമയം നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ തിരിച്ചുകിട്ടാത്ത മൂല്യവത്തായ നിമിഷങ്ങളാണ്‌.

പുസ്‌തകങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമായിത്തീരണമെങ്കില്‍ അതൊരു ശീലമായി വളരണം. ഓരോ നല്ല പുസ്‌തകവും സ്വന്തമാക്കാനും വായിക്കാനുമുള്ള മോഹമുണ്ടാകുന്നത്‌ അത്തരക്കാര്‍ക്ക്‌ മാത്രമായിരിക്കും.

സത്യവിശ്വാസി പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്‌ടാന്തമായി അല്ലാഹു നല്‌കിയത്‌ ഒരു ഗ്രന്ഥമാണ്‌. നിത്യ വിസ്‌മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്‍ആന്‍! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട്‌ `വായിക്കുക!' എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന്‌ അല്ലാഹു പറഞ്ഞതാണല്ലോ.

നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട്‌ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്‌ടപ്പെട്ടില്ലേ?
എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്‍ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്‌മയ ലോകം ബാക്കിയാണ്‌. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.


പുസ്‌തകങ്ങള്‍ വാങ്ങുമ്പോഴും വായിക്കുമ്പോഴും വിശ്വാസികള്‍ പുലര്‍ത്തേണ്ട ചില ചിട്ടകളുണ്ട്‌. വെറുതെ സമയം കളയുന്നതുപോലെ തന്നെയാണ്‌ ആവശ്യമില്ലാത്ത പുസ്‌തകങ്ങള്‍ വായിക്കുന്നതും. നന്മ നിറഞ്ഞ ജീവിതത്തിനും നേരുനിറയുന്ന ചിന്തകള്‍ക്കും നമ്മുടെ വായന നിമിത്തമായിത്തീരണം. കാല്‌പനികവും അയഥാര്‍ഥവുമായ യക്ഷിക്കഥകളും അശ്ലീലസാഹിത്യങ്ങളും വാങ്ങി വായിക്കുന്നത്‌ സമയ നഷ്‌ടമെന്നുമാത്രമല്ല, തിന്മകളിലേക്കുള്ള പ്രോത്സാഹനമായതിനാല്‍ ശിക്ഷാര്‍ഹവുമാണ്‌. പ്രപഞ്ച സൗന്ദര്യത്തെ ആവിഷ്‌കരിക്കുകയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളും കവിതകളും യാത്രാവിവരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിക്കൂടാ.

ചരിത്രം വായിക്കാനും സൂക്ഷിക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ്‌. ഇസ്‌ലാമിക ചരിത്രവും ലോക ചരിത്രവും വായിക്കുന്നതിലൂടെ ഇന്ന്‌ നമ്മളിലെത്തി നില്‌ക്കുന്ന കാലം എന്ന യാഥാര്‍ഥ്യത്തിന്റെ ശരിയും തെറ്റും നിറഞ്ഞ പാഠങ്ങള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാനാവും.
ഇസ്‌ലാമിക വിജ്ഞാന സാഹിത്യം ഇന്ന്‌ വളരെ വിപുലമാണ്‌. കൈയ്യെത്തും ദൂരത്ത്‌ അവയെല്ലാം ലഭ്യമാണ്‌. എന്നിട്ടും വായന വളരെ കുറഞ്ഞിരിക്കുന്നു. ആര്‍ഭാടത്തിനോ പെരുമ കാണിക്കാനോ സ്വീകരണ മുറിയില്‍ കട്ടിയുള്ള പുസ്‌തകങ്ങള്‍ അടുക്കിവെക്കുന്നവരില്‍ പലരും അവയുടെ പേജുകളിലൂടെ കണ്ണോടിച്ചിട്ടുപോലുമുണ്ടാവില്ല.


അന്തസ്സാരം അനുഭവിച്ചുകൊണ്ടുള്ള വായന ഹൃദ്യമാണ്‌. ഓരോ അക്ഷരവും ഓരോ വരിയും പുതിയ അറിവിന്റെ നക്ഷത്രമായിത്തീരണം. അവസാന പുറവും വായിച്ചവസാനിപ്പിക്കുന്നതോടെ നമ്മുടെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും അത്‌ സാരമമായ പ്രതിഫലനം സൃഷ്‌ടിക്കണം.

പണം സമ്പാദിച്ചത്‌ എവിടെനിന്നാണെന്നും അത്‌ എങ്ങനെയാണ്‌ ചെലവഴിച്ചതെന്നും പരലോകത്ത്‌ ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത്‌ പുസ്‌തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌.

സൂറതുലുഖ്‌മാനിലെ ആറാം വചനം ഓര്‍ക്കുക: ``യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണുള്ളത്‌.''

Saturday, February 23, 2013

ഫലിതബിന്ദുക്കള്‍

1  തിലകം എന്നാല്‍ പൊട്ട്‌, അപ്പോള്‍ തിലകനെന്നാല്‍ പൊട്ടനാണോ?

2  ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു തടയാന്‍? അതിന്റെ വാലിലൊരു കെട്ടിടുക

3  പൂച്ചയെ കണ്ടാല്‍ എലി ഓടുന്നത്‌ എന്തുകൊണ്ട്‌? കാലുകൊണ്ട്‌

4 വിമാനം കണ്ടുപിടിച്ചത്‌ റൈറ്റ്‌ സഹോദരന്മാര്‍. കണ്ടു പിടിക്കാത്തത്‌? ലെഫ്റ്റ്‌ സഹോദരന്മാര്‍

5  ഗൊറില്ലകള്‍ക്ക്‌ വലിയ നാസാരന്ധ്രങ്ങള്‍ നല്‍കിയിരിക്കുന്നത്‌? വിരലുകള്‍ വലുതായതുകൊണ്ട്‌.

6  ഒരുപാട്‌ ഗോപാലന്മാരുടെ പേര്‌ ഫോണ്‍ ബുക്കിലുള്ളത്‌ എന്തുകൊണ്ട്‌? ആ ഗോപാലന്മാര്‍ക്കെല്ലാം ഫോണ്‍ ഉള്ളതുകൊണ്ട്‌!

7 ഒരു വീട്‌ ധരിക്കുന്ന ഡ്രസ്‌? അഡ്രസ്‌!

8  ഒരു കാന്തം മറ്റൊന്നിനോട്‌ പറയുന്നത്‌? എന്നെ ഇങ്ങനെ ആകര്‍ഷിക്കാതെ!

9  ടൈ തൊപ്പിയോട്‌ പറയുന്നത്‌? നീ കുറച്ചുകാലം മുകളില്‍ പോയിരിക്ക്‌, ഞാന്‍ ഇവിടൊന്ന്‌ തൂങ്ങിക്കിടക്കട്ടെ!

10  ജനിച്ച്‌ ആറു മാസം കഴിഞ്ഞ കന്നുക്കുട്ടിയെ എന്തു വിളക്കും? ഏഴു മാസം പ്രായമുള്ള കന്നുക്കുട്ടിയെന്ന്‌!

11 മത്സ്യങ്ങള്‍ക്ക്‌ കരയില്‍ ജീവിക്കാന്‍ കഴിയാത്തത്‌? കരയില്‍ വെള്ളമില്ലാത്തതുകൊണ്ട്‌!

12. ഒരു പ്രേതം മറ്റൊരു പ്രേതത്തോട് - നീ മനുഷ്യരില്‍ വിശ്വസിക്കുന്നുണ്ടോ?

12 പറന്നുപോവുന്നതിനിടെ പക്ഷി മുട്ടയിട്ടെങ്കിലും താഴെ വീണില്ല. കാരണം? പക്ഷി അടിവസ്ത്രം ധരിച്ചിരുന്നു!

13 തവളയുടെ വായെവിടെ? നടുക്ക്‌!

14 ഏറ്റവും വലിയ ജില്ല? വോള്‍ട്ടേജില്ല!

15 ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്ന്‌ പിന്‍വാങ്ങാന്‍ കാരണം? ഇംഗ്ലണ്ടില്‍ പിന്‍ ഇല്ലായിരുന്നു.

16 വാസ്കോഡഗാമ കാപ്പാട്‌ കാലുകുത്താന്‍ കാരണം? കൈ കുത്താന്‍ വയ്യാത്തതിനാല്‍!

17 മഴ പെയ്യുന്നതെങ്ങിനെ? ചറപറ ചറപറ!

18 ഏറ്റവും കൂടുതല്‍ ചെക്ക്‌ കൊടുക്കുന്ന ഇന്ത്യാക്കാരന്‍? വിശ്വനാഥന്‍ ആനന്ദ്‌!

19 വക്കീലന്മാര്‍ രാഷ്‌ട്രീയ നേതാക്കന്മാരാകുന്നത്‌? പട്ടിണി കിടന്ന്‌ ചാവാതിരിക്കാന്‍!

20 ഒറ്റയ്ക്ക്‌ സംഘഗാനം പാടിയ വ്യക്തി? രാവണന്‍!

21 ടെലിവിഷനില്‍ വാര്‍ത്തകള്‍ കഴിഞ്ഞാല്‍? നമസ്കാരം!

22 ആനയും ആപ്പിളും തമ്മിലുള്ള വ്യത്യാസം? ആന കറുത്തതാണ്‌!

23 ആനയെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്‌ എങ്ങനെ? ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുക, ആനയെ എടുത്തു വയ്ക്കുക, വാതില്‍ അടയ്ക്കുക!

24 കോഴി റോഡ്‌ ക്രോസ്‌ ചെയ്തുപോവുന്നത്‌ എന്തിന്‌? അപ്പുറത്തെത്താന്‍!

25 പാടുകയും ആടുകയും ചെയ്യുന്ന മാന്‍? വാക്‌മാന്‍!

26 എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഗ്രഹം? ആഗ്രഹം!

27 കേക്കില്‍ ആദ്യം ഇടേണ്ട വസ്തു? കത്തി!

28 അയ വെട്ടുന്ന മൃഗം? എലി!

29 അമേരിക്കന്‍ സമയം നമ്മുടെ സമയത്തേക്കാള്‍ പുറകിലായിരിക്കുന്നത്‌? കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചത്‌ താമസിച്ചായതുകൊണ്ട്‌!

30 ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനി ഇന്ത്യയില്‍ ആരംഭിച്ചത്‌? വന്‍തോതില്‍ ഈസ്റ്റ്‌ ഉല്‍പാദിപ്പിക്കാന്‍!

31 പതിവായി കോടതിയില്‍ കയറിയിട്ടും നാണം തോന്നാത്തത്‌? ജഡ്ജിക്ക്‌!

32 അച്ഛന്‍ അധികം സംസാരിക്കാത്തതു കൊണ്ട് മാതൃഭാഷ എന്ന പ്രയോഗമുണ്ടായി!

33. ഭാര്യ ഊട്ടി മുമ്പു കണ്ടിട്ടുള്ളതു കൊണ്ട് ഞാനൊറ്റക്ക് ഹണിമൂണിന് പോയി.

34. കാന്‍‌വാസ് പെയിന്റ് തുടച്ച തുണി വിറ്റ് കാശാക്കുന്നയാള്‍ പോസ്റ്റ് മോഡേണ്‍ ആര്‍ട്ടിസ്റ്റ്!

35. രമ - പാത്രം കഴുകാന്‍ എന്താ ഉപയോഗിക്കുന്നേ? ഉമ - ഭര്‍ത്താവിനെ!

36. സമകാലിക സാഹിത്യം ഉണ്ടോ? കടയുടമ - പിന്നില്ലാതെ? സമകാലിക മലയാളം ഉണ്ട്!



[ഈ ഫലിതബിന്ദുക്കള്‍ മറ്റ് പല പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചവയാകാം. ചിലതൊക്കെ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഫലിതങ്ങളാണ്. ഈ ഫലിതങ്ങളില്‍ നിങ്ങളാരെങ്കിലും രചിച്ചവ ഉണ്ടെങ്കിലും അവ ഇവിടെ പ്രസിദ്ധീകരിക്കുന്നതില്‍ നിങ്ങള്‍‌ക്ക് എതിര്‍പ്പ് ഉണ്ടെങ്കിലും ദയവായി എന്നെ അറിയിക്കുക.]