രുചിയുടെയും ഔഷധ ഗുണത്തിന്റെയും കാര്യത്തില്‍ ഇലക്കറികള്‍ മുന്നിലാണ്. പോഷകഗുണങ്ങള്‍ ധാരളമുള്ള ഇലക്കറികള്‍ പരിചയപ്പെടാം.

ചേന ഇല തോരന്‍
ചേരുവകള്‍
1. ചേനയുടെ കൂമ്പില ചെറുതായി അരിഞ്ഞത് - 5 കപ്പ്
2. തേങ്ങ ചിരവിയത് - അരമുറി
3. ചെറിയുള്ളി അരിഞ്ഞത് - 8 എണ്ണം
4. പച്ചമുളക് - 6 എണ്ണം
5. മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്പൂണ്‍
6. വറ്റല്‍ മുളക് - 4 എണ്ണം
7. ഉഴുന്ന് പരിപ്പ് - 1 ടേബിള്‍ സ്പൂണ്‍
8. കടുക് - 1 ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
10. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ചേനയില ചെറുതായി അരിഞ്ഞ് ഉള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചമുളക്, തേങ്ങ എന്നിവ ചേര്‍ത്ത് നന്നായി തിരുമി വെക്കുക. എണ്ണ ചൂടാക്കുമ്പോള്‍ കടുക്, ഉഴുന്ന് പരിപ്പ്, വറ്റല്‍ മുളക് എന്നിവ മൂപ്പിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന ചേനയില ഇതിലേക്ക് ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക.

മത്ത ഇല തോരന്‍
ചേരുവകള്‍
1. മത്ത ഇല - 10 എണ്ണം
2. തേങ്ങ ചിരവിയത് - അരമുറി
3. ചെറിയുള്ളി - 5 എണ്ണം
4. മഞ്ഞപ്പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
5. വറ്റല്‍ മുളക് - 4 എണ്ണം
6. കടുക് - അര ടേബിള്‍ സ്പൂണ്‍
7. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിന്
9. വെളുത്തുള്ളി - 4 എണ്ണം
തയ്യാറാക്കുന്ന രീതി
മത്ത ഇല ചെറുതായി അരിഞ്ഞ് തേങ്ങ, ഉള്ളി, മഞ്ഞപ്പൊടി, വറ്റല്‍ മുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വെച്ചതിന് ശേഷം. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം മത്തയില അതിലേക്ക് ചേര്‍ത്ത് നന്നായി വേവിക്കുക.

ഉള്ളി ഇല തോരന്‍
ചേരുവകള്‍
1. ഉള്ളി ഇല - കാല്‍ക്കിലോ
2. പച്ചമുളക് - 7 എണ്ണം
3. തേങ്ങ - കാല്‍ മുറി
4. നാരങ്ങ നാര് - 1 ടേബിള്‍ സ്പൂണ്‍
5. ഉണങ്ങിയ ചെമ്മീന്‍ - ഒരു പിടി
തയ്യാറാക്കുന്ന രീതി
പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഒരു പിടി ചെമ്മീന്‍ ഇട്ടതിന് ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി ഇല, ചിരകിയ തേങ്ങ, പച്ചമുളക്, എന്നിവ ചേര്‍ത്ത് നന്നായി വരട്ടുക. ഇലയുടെ നിറം പോകാതെ സൂക്ഷിക്കണം. ശേഷം നാരങ്ങ നീരും ചേര്‍ത്ത് വേവിക്കുക.
ബീറ്റ്റൂട്ട് ഇല തോരന്‍
ചേരുവകള്‍
1. ബീറ്റ്റൂട്ട് ഇല- 1 കെട്ട്
2. സവാള- 1
3. പച്ചമുളക്- 4 എണ്ണം
4. വെളുത്തുള്ളി- 4 അല്ലി
5. കടുക്- അര ടേബിള്‍ സ്പൂണ്‍
6. മഞ്ഞള്‍പ്പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
7. തേങ്ങ- ചിരണ്ടിയത് അരക്കപ്പ്
8. ജീരകം- രണ്ട് നുള്ള്
9. വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
പാനില്‍ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം പച്ച മുളക്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അതിന് ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന ഇല ചേര്‍ക്കാം.ഇലയില്‍ നിന്നും വെളളം പൂര്‍ണ്ണമായും വറ്റി വരുന്നത് വരെ വേവിക്കുക. ശേഷം തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം,എന്നിവ നല്ലതുപോലെ തിരുമ്മി ചേര്‍ത്ത് വേവിക്കുക.
കൊടിത്തുവ ഇല തോരന്‍
ചേരുവകള്‍
1. കൊടിത്തുവ അരിഞ്ഞത് - ഒരു കപ്പ്
2. തേങ്ങ ചിരവിയത്- അരമുറി
3. വെളുത്തുള്ളി- 4 എണ്ണം
4. ചുവന്നുള്ളി- 8 എണ്ണം
5. ഇഞ്ചി- ചെറിയ കഷ്ണം
6. മുളക്- 5 എണ്ണം
7. കറിവേപ്പില- ഒരു തണ്ട്
8. ഉഴുന്ന്- രണ്ട് ടേബിള്‍ സ്പൂണ്‍
9. എണ്ണ- 2 ടേബിള്‍ സ്പൂണ്‍
10. ഉപ്പ്- ആവശ്യത്തിന്
11. മഞ്ഞള്‍പ്പൊടി- അര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഇല നല്ലതുപോലെ കഴുകി അരിഞ്ഞ് എടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ ഉഴുന്നിട്ട് മൂപ്പിച്ച് അതിലേക്ക് ഇല ഒഴികെ ബാക്കി ചേരുവയെല്ലാം ചേര്‍ത്ത് ചെറുതായി ഒന്ന് വഴറ്റി എടുക്കുക. എന്നിട്ട അരിഞ്ഞു വെച്ചിരിക്കുന്ന ഇലയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. എണ്ണ കുറച്ച് ഉപയോഗിക്കുകയും പാത്രം അടച്ചു വെച്ച് വേവിക്കുകയും വേണം.