ചിട്ടയോടുകൂടിയ
ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്ന
മുഖ്യഘടകങ്ങളായി ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ആഹാരം എന്നത് പ്രപഞ്ചത്തിലെ
ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം ജീവവായുവിനോളംതന്നെ പ്രാധാന്യമുള്ള
ഒന്നാണ്. ശാസ്ത്രീയവും ചിട്ടയോടുകൂടിയതുമായ ആഹാരരീതിയെ ശരീരത്തെ
താങ്ങിനിര്‍ത്തുന്ന ഘടകങ്ങളിലൊന്നായി (ത്രയോപസ്തംഭങ്ങള്‍) ആയുര്‍വേദ
ഗ്രന്ഥങ്ങളെല്ലാംതന്നെ വളരെ പ്രാധാന്യത്തോടുകൂടി പ്രതിപാദിച്ചിരിക്കുന്നു.
ശരീരത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ആഹാരം. എന്തു
കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ ആഹാരത്തെക്കുറിച്ച്
ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് കാരണമറിയില്ലെന്നു തോന്നുന്ന
മിക്കവാറും രോഗങ്ങള്‍ക്ക് പശ്ചാത്തലമായിരിക്കുന്നത് ശീലിക്കപ്പെടുന്ന
വിരുദ്ധാഹാരവിഹാരങ്ങളാണെന്നു കാണാം. ശാരീരികവും ബുദ്ധിപരവും മാനസികവുമായ പല
വൈകല്യങ്ങളുടെയും മൂലകാരണമായി ഇതു മാറുന്നു. ത്വക്‌രോഗങ്ങള്‍, വിവിധ
അലര്‍ജികള്‍, ബലക്ഷയം, ഓര്‍മക്കുറവ്, സന്താനദോഷം... തുടങ്ങിയ
അവസ്ഥകള്‍ക്ക്, വിരുദ്ധമായ ആഹാരവിഹാരങ്ങള്‍ കാരണമാകുന്നു.
എന്താണ് വിരുദ്ധം?
വിരുദ്ധം എന്ന വാക്കിന്റെ അര്‍ഥംതന്നെ 'ചേരാത്തത്' എന്നാണ്.
ആഹാരവിഹാരങ്ങളില്‍ ഈ ചേര്‍ച്ചയില്ലായ്മ പ്രധാനമായും സംഭവിക്കാവുന്നത്
സംയോഗത്താലും സംസ്‌കാരത്താലും (ആഹാരം തയ്യാറാക്കുന്ന രീതി) ആണ്. ഏതെങ്കിലും
ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ
ശരീരത്തിനുള്ളില്‍തന്നെ നിലനിന്ന് സ്വാഭാവികപ്രര്‍ത്തനങ്ങള്‍ക്ക്
വിഘാതമാകുന്നുവെങ്കില്‍ അത് വിരുദ്ധം എന്നു പറയാം.
വിരുദ്ധാഹാരവിഹാരങ്ങള്‍ വിഷംപോലെയോ കൈവിഷംപോലെയോ അനേകവിധത്തിലുള്ള
രോഗങ്ങള്‍ക്ക് കാരണമാകുന്നു. അത് ഓജസ്സിനെ ക്ഷയിപ്പിച്ച് രോഗശമനത്തിനും രോഗ
പ്രതിരോധത്തിനും ഹാനികരമായിത്തീരുന്നു. ആധുനികലോകത്തില്‍ പല രോഗങ്ങളുടെയും
കാരണമായി ഈ വിരുദ്ധതയെ കണക്കാക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള
വിരുദ്ധാന്നവിഹാരത്തിന്റെ ദോഷഫലങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍
പെട്ടെന്നുതന്നെ പ്രകടമാകും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ ദോഷങ്ങള്‍
ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്
വഴിതെളിക്കും. ഇത് ഭാവിതലമുറയുടെ ആരോഗ്യത്തിനുപോലും ഭീഷണിയായേക്കാം.
ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കുപോലും കാരണമായിത്തീരുന്ന
വിരുദ്ധാഹാരവിഹാരങ്ങളെ യുക്തിപൂര്‍വം ജീവിതത്തില്‍ നിന്നു
മാറ്റിനിര്‍ത്തേണ്ടതാണ്.
ചില പ്രധാന വിരുദ്ധാഹാരവിഹാരങ്ങള്‍
*പാലിനോടൊപ്പം പഴങ്ങള്‍, ചക്കപ്പഴം, മുതിര, ഉഴുന്ന്, അമരയ്ക്ക, തേന്‍,
ഉപ്പ്, മത്സ്യം, മാംസം, തൈര്, ചെറി, നാരങ്ങ, മത്തങ്ങ, മുള്ളങ്കി, യീസ്റ്റ്
ചേര്‍ത്ത ബ്രെഡ് തുടങ്ങിയവ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
* തൈരിനോടൊപ്പം വാഴപ്പഴം മത്സ്യമാംസങ്ങള്‍, മുട്ട, മാങ്ങ, പാല്‍ക്കട്ടി, ചൂടുപാനീയങ്ങള്‍, പാല്‍, ഉരുളക്കിഴങ്ങ് എന്നിവ വിരുദ്ധമാണ്.
* ഒരേ അളവില്‍ ചേര്‍ത്ത തേനും നെയ്യും വിരുദ്ധമാകുന്നു.
* ജലജീവികളുടെ മാംസത്തോടൊപ്പം തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്,
മുള്ളങ്കി, മുളപ്പിച്ച ധാന്യങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു.
* അയിനിച്ചക്കയോടുകൂടി തേന്‍, ശര്‍ക്കര, തൈര്, നെയ്യ്, ഉഴുന്ന്
* വാഴപ്പഴത്തോടുകൂടി തൈര്, മോര്, മത്സ്യം, മാംസം, മത്തങ്ങ, പുലിപ്പുള്ള പഴങ്ങള്‍, യീസ്റ്റ് ചേര്‍ത്ത ബ്രെഡ്, ചെറി.
* ഇലക്കറികളോടൊപ്പം വെണ്ണ.
* മത്തങ്ങയോടുകൂടി പാല്‍, പാല്‍ക്കട്ടി, മുട്ട, ധാന്യങ്ങള്‍
* തുല്യഅളവില്‍ തേനും വെള്ളവും
* മുട്ടയോടൊപ്പം പഴങ്ങള്‍, മത്തങ്ങ, പയറുവര്‍ഗങ്ങള്‍, പാല്‍ക്കട്ടി, മത്സ്യമാംസാദികള്‍, പാല്‍, തൈര്.
* പയറുവര്‍ഗങ്ങളോടൊത്ത് പഴങ്ങള്‍, പാല്‍ക്കട്ടി, പാല്‍, മുട്ട, മീന്‍, മാംസം, തൈര്
* ചൂടുപാനീയത്തോടൊപ്പം മാങ്ങ, പാല്‍ക്കട്ടി, മദ്യം, തൈര്, തേന്‍.
* ചെറുനാരങ്ങയോടൊപ്പം കുമ്പളങ്ങ, പാല്‍, തക്കാളി, തൈര്.
* ഉരുളക്കിഴങ്ങിനോടൊപ്പം മത്തങ്ങ, കുമ്പളങ്ങ, പാലുത്പന്നങ്ങള്‍
* മുള്ളങ്കിയോടൊപ്പം വാഴപ്പഴം, പാല്‍, ഉണക്കമുന്തിരി
*മരച്ചീനിയോടൊപ്പം പഴങ്ങള്‍, വാഴപ്പഴം, മാങ്ങ, ഉണക്കമുന്തിരി, പയര്‍, ശര്‍ക്കര.
* മാങ്ങയോടൊപ്പം തൈര്, പാല്‍ക്കട്ടി, കുമ്പളങ്ങ, ഈന്തപ്പഴം, വാഴപ്പഴം, ഉണക്കമുന്തിരി.
* പായസത്തിനു മീതെ മോരുവെള്ളം കുടിക്കുന്നത് വിരുദ്ധമാണ്.
* കടുകെണ്ണയില്‍ വറുത്ത മത്സ്യം, പന്നിമാംസം, പ്രാവിന്‍ മാംസം.
* ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ്.
* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്.
* തൈര് ചൂടാക്കി ഉപയോഗിക്കുന്നത്.
* തേന്‍ കഴിച്ചതിനു മീതെ ചൂടുവെള്ളം കുടിക്കുന്നത്.
* തൈര് കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കുന്നത്.
* നെയ്യ് കഴിച്ചതിനുശേഷം തണുത്ത വെള്ളം കുടിക്കുന്നത്.
* ശരീരം ചുട്ടുപഴുത്തിരിക്കുമ്പോള്‍ പെട്ടെന്ന് തണുത്ത അന്തരീക്ഷത്തിലേക്ക് മാറുന്നത്. ഇതുതന്നെ തിരിച്ചും.
* ശരീരം വല്ലാതെ ചൂടായിരിക്കുമ്പോള്‍ പാല്‍ കുടിക്കുന്നത്.
* ശരീരംകൊണ്ട് ആയാസപ്പെട്ടിരിക്കുമ്പോള്‍ പെട്ടെന്നു ഭക്ഷണം കഴിക്കുന്നത്.
* സംസാരിച്ചു ക്ഷീണിച്ചതിനുശേഷം പെട്ടെന്നു ഭക്ഷണം കഴിക്കുന്നത്.
* രാത്രിയില്‍ മലര്‍പ്പൊടി, തൈര് എന്നിവ ഉപയോഗിക്കുന്നത്
* മലര്‍പ്പൊടി കഴിച്ചതിനു മുമ്പും പിമ്പും വെള്ളം കുടിക്കുന്നത് വിരുദ്ധമാകുന്നു.
ചികിത്സ
വിരുദ്ധാഹാരങ്ങള്‍ കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അതിന്റെ കാഠിന്യമനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്.
ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശോധനചികിത്സകളായ പഞ്ചകര്‍മങ്ങള്‍ ഇതിന് ഫലപ്രദമായ പരിഹാരമായി കണ്ടുവരുന്നു.
കാലങ്ങളായി ശീലിച്ചുവരുന്ന വിരുദ്ധങ്ങളെ പടിപടിയായി ഉപേക്ഷിക്കുകയും
അതോടൊപ്പം യുക്തിസഹമായ ഔഷധസേവയും ശോധനചികിത്സകളും ആരോഗ്യകരമായ ഒരു
പുതുജീവിതത്തിലേക്ക് വഴി തുറക്കും.
By:ഡോ.ജിനേഷ്.കെ.എസ്.
No comments:
Post a Comment