Thursday, April 18, 2013

നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ (2)

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘന ശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ
പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ

പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ
വരുമെന്നു ചൊല്ലി നീ ഘടികാരസൂചി തൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതും
പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ
പറയൂ മനോഹരീ സന്ധ്യേ


അറിയുന്നു ഞാനിന്നു നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നു എങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ ഒരു സൗഹൃദത്തിന്റെ മൃതി മുദ്ര നീയതിൽ കാണും
നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങൾ ഇതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ മഞ്ഞിൽ ഉറയാത്ത മലകാറ്റിൽ
ഉലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടുകൈപ്പു വായിലെന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെ എരിയുന്നു പുകയുന്നു
മറയൂ‍  നിശാഗന്ധീ സന്ധ്യേ
മറയൂ‍  നിശാഗന്ധീ സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേ
നീ തന്ന  ജീവിതം  നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
നീ തന്ന  ജീവിതം  നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ

അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ.....

***************
 About Poet:
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം.മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയായിരുന്നു അദ്ദേഹത്തിന്റെ അക്ഷര സഞ്ചാരം.പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
സന്ധ്യയെ പ്രണയവുമായി കൂട്ടിച്ചേര്‍ത് കവി നമുക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഈ കവിതയില്‍.

No comments: