Showing posts with label Memory. Show all posts
Showing posts with label Memory. Show all posts

Wednesday, September 14, 2016

കുനിയിൽ ഇസ്മാലിച്ചായും യാത്രയായി....




കുനീല് ഇസ്മാലിച്ച....


ശുഭ്രവസ്ത്ര ധാരിയായ, തലയിൽ കറുത്ത തൊപ്പി, കട്ടി കണ്ണട എന്നിവ ധരിച്ച് ഒരുവശത്തേക്ക് അല്പം ചെരിഞ്ഞു മണ്ണിനെപ്പോലും നോവിപ്പിക്കാതെ നടന്നിരുന്ന ഒരു മനുഷ്യൻ. നന്മയുടെ നേരിന്റെ പ്രതീകമായിരുന്നു അവർ... പടച്ചോനെ പേടിയുള്ള, പടച്ചോന്റെ തൃപ്തി മാത്രമാഗ്രഹിച്ച് ജീവിച്ച പച്ചയായ മനുഷ്യൻ...

മനുഷ്യപ്പറ്റ് വേണ്ടുവോളം ഉണ്ടായിരുന്ന കരുണയുടെ നിറകുടം... ചെമ്മനാട് ജമാഅത്ത് പള്ളിയുടെ ഖത്തീബിന്റെ മിമ്പറിന് താഴെ മുഅദ്ദിന്റെ സ്ഥാനത്തിന് തൊട്ടരികത്ത് ജുമുഅ നമസ്കരിക്കാൻ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഹാജരായ വ്യക്തി. മിമ്പറിന്റെ അടുത്ത് നിന്ന് മാറി ഒരു ജുമുഅ പോലും കൂടിയിട്ടുണ്ടാവില്ല...

ഒരിക്കലും ഒരാളോടും കയർക്കുന്നതായി കണ്ടിട്ടില്ല... എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ അഭിമുഖീകരിക്കും.. സലാം പറയും... സലാമിന് മറുപടി കിട്ടുവോളം സലാം പറയും...

ഇനി ആ നിഷ്കളങ്ക മുഖം ഓർമ്മ മാത്രം.... 1985 ൽ തനിക്കൊപ്പം കൂട്ട് കച്ചവടം നടത്തിയിരുന്ന ഖാലിദുച്ച ഒരു അപകട മരണത്തെ തുടർന്ന് നാഥന്റെ സന്നിധിയിലേക്ക് യാത്ര പോയപ്പോ, ഒറ്റക്കായിരുന്നു ഇസ്മാലിച്ച പരവനടുക്കത്തെ അന്നത്തെ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നത്... ആ കടയിൽ ഹലാലായ എല്ലാ വസ്തുക്കളും കിട്ടുമാരുന്നു. ഒരു സൂപ്പർ മാർക്കറ്റ് തന്നെയായിരുന്നു അത്. പീടിയക്ക് മുകളിലുള്ള കുഞ്ഞമ്പു ഡാക്ടറുടെ ക്ലിനിക്കിൽ നിന്ന് ഇഞ്ചക്ഷൻ വെച്ച രോഗിക്ക് ഒന്ന് പെട്ടെന്ന് താഴെക്കിറങ്ങാൻ തോന്നും... താഴെ ഇസ്മാലിച്ചാന്റെ പീടിയ ആണ്, അവിടുന്ന് നാലണ കൊടുത്താൽ കിട്ടുന്ന നാരങ്ങ മിട്ടായി വാങ്ങി വായിലിട്ടാൽ ഇഞ്ചക്ഷന്റെ വേദന താനെ മാറും... പഴയ പഞ്ചായത്താഫീസ് നിലനിന്ന കാലത്തും ഇസ്മാലിച്ച കട നടത്തിയിരുന്നു എന്നാണറിവ്...

ഇസ്മാലിച്ചാന്റെ പീടിയ ഒരു വായനശാലയായിരുന്നു ... 
സോവിയറ്റ് യൂണിയൻ മലയാളം പതിപ്പ്, മനോരമ, ചന്ദ്രിക എന്നിവയും ഉത്തരദേശവും വായിക്കാൻ പറ്റുന്ന ഇടം, വായനക്ക് വരുന്നവരോട് ഒരിക്കലും മുഷിവ് കാട്ടിയിരുന്നില്ല... കച്ചവടം നടന്ന് കൊണ്ടിരിക്കേ പളളിയിൽ നമസ്കാരത്തിന് വിളിവന്നാൽ പീടിയയിൽ വായനക്ക് വന്നവരാരോ അവരോട് വായിച്ചിരിക്ക് , ഞാൻ നിസ്കരിച്ച് വരാന്ന് പറഞ്ഞ് പോയി നിസ്കരിച്ചിട്ട് വരും..
വക്ത് ഒരിക്കലും തെറ്റിച്ചതായി കണ്ടിട്ടില്ല.. പരവനടുക്കത്തെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്നു ആ ഷോപ്പ്..മായം ചേരാത്ത സാധനങ്ങൾ മാത്രം വിറ്റിരുന്ന ആ സൂപ്പർ മാർക്കറ്റു പരവനടുക്കക്കാരുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. 
ആ ഷോപ്പ് നിലനിന്നിരുന്ന കെട്ടിടം അതിന്റെ ഉടമാവകാശം വിറ്റപ്പോ, ഇസ്മാലിച്ചാന്റെ സൂപ്പർ മാർക്കറ്റും സ്റ്റോപ്പായി... അപ്പോഴേക്കും മക്കളൊക്കെ വളർന്ന് സ്വന്തം കാലിൽ നിൽക്കാൻ പരുവത്തിലായി... തുടർന്ന് ഇസ്മാലിച്ച വിശ്രമ ജീവിതത്തിൽ പോയി... 
ആരോഗ്യം അനുവദിക്കപ്പെടുന്നിടത്തോളം കാലം പള്ളിക്കമ്മിറ്റികളിൽ ഇസ്മാൽച്ച ഒരു ഭാഗമായിരുന്നു... ദീർഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു... 
ആ മനുഷ്യസ്നേഹി ഇനി ഇല്ല... 14-9-2016 ന് അയ്യാമുത്തശ്രീഖിന്റെ സായന്തന വേളയിൽ നാഥന്റെ വിളിക്കുത്തരമേകി ഇസ്മാലിച്ചായും പോയി... അല്ലാഹുമ്മ ഇഹ്ഫിർലഹു, അല്ലാഹുമ്മ ഇർഹംഹു...
 മഗ്ഫിറത്തിനും മർഹമത്തിനുമായി ദുആ ചെയ്യുന്നു... സജ്ജനങ്ങളുടെ കൂട്ടത്തിൽ സർവ്വശക്തൻ നമ്മെയും നമുക്ക് മുൻ കഴിഞ്ഞ് പോയവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ

Friday, February 13, 2015

പറന്നു പോയ്‌ അനന്തതയിലേക്ക്...

കൂട്ടം തെറ്റിയ പറവകൾ പറന്നു പോയ്‌ അനന്തതയിലേക്ക്...
.

ഈ ലോകത്തേക്ക് വന്ന വ്യത്യസ്തരായ കൂട്ടുകാരിൽ പെട്ടവരായിരുന്നു മിഥുൻ മേരി റാഫിയും ,ഡോക്ടർ  ഷാനവാസ് പി സി യും.
യുവത്വത്തിന്റെ പ്രസരിപ്പുള്ള സേവന കർമ്മികൾ ആയ ചെറുപ്പക്കാർ.
സോഷ്യൽ മീഡിയകളിൽ നന്മ നിറഞ്ഞ കൂട്ടുകാരായിരുന്നു ഇവർ, ഇവരുടെ കൂട്ടുകെട്ടുകളും അങ്ങിനെ തന്നെ.

സമൂഹത്തിലെ അനീതികള്ക്കെതിരെ പട പൊരുതിയിരുന്നവർ, സമൂഹത്തിലെ വേദനിക്കുന്നവർക്കൊപ്പം ചിലവഴിചിരുന്നവർ ,
അവരുടെ ആത്മാക്കൾ പരമകാരുണികന്റെ വിളിക്കുത്തരമേകി ഈ നശ്വരലോകത്തോട് വിടപറഞ്ഞു...

നാലഞ്ചുനാളുകൾക്ക് മുന്നേ ബൈക്ക് അപകടത്തിൽ മിഥുൻ പോയപ്പോ,
ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നുള്ള മടക്ക യാത്രക്കിടയിൽ, കാറിലെ ബാക്ക് സീറ്റ് യാത്രക്കാരനായ ഷാനവാസിന് സൈലന്റ് അറ്റാക്ക് ഉണ്ടാവുകയായിരുന്നു.

മിഥുൻ എഫ് ബി യിൽ എഴുതിയ വരികൾ
  • ഞാന്‍ ശരിയായിരിക്കാം ..പക്ഷെ ഞാന്‍ മാത്രമല്ല ശരി ....സൂര്യനിലേക്ക് വളഞ്ഞും നിവര്‍ന്നും ഒരായിരം വഴികള്‍ ... എന്‍റെ ശരികളിലൂടെ നിന്നെ ഞാന്‍ വിലയിരുത്തുന്നതിനെക്കാള്‍ എന്‍റെ വഴികളിലൂടെ നടക്കാന്‍ നിന്നെ നിര്‍ബന്ധിക്കുന്നതിനെക്കാള്‍ വലിയൊരു മണ്ടത്തരം ഇല്ല !!!
  • സ്വന്തം ഫോട്ടൊ ഇടുന്നതിൽ അകലം പാലിച്ച ഒരു സുഹൃത്തായിരുന്നു മിഥുൻ 
.
ചെയ്തു കൂട്ടിയ നന്മകൾ ഒരുപാടുണ്ട് ഇരുവർക്കും ,ആ പ്രായത്തിൽ ചെയ്തു തീർക്കാവുന്നതിന്റെ പതിൻമടങ്ങ്‌.
ഡോക്ടർ ആയാൽ മരുന്ന് മാഫിയകൾക്കനുസരിച്ച് പ്രവർത്തിക്കണം എന്ന അലിഖിത നിയമം ലംഘിച്ച് പാവങ്ങൾക്കും , ആദിവാസികൾക്കും വേണ്ടി ജീവിതം സ്വയം സമർപിച്ച ഷാനവാസ് ഡോക്ടർ മരുന്ന് മാഫിയകളുടെ കുഴലൂത്തുകാരായ പത്ര മുതലാളിമാർക്കും മാഫിയകൾക്കും ഒരു പേടി സ്വപ്നമായിരുന്നു. ഡോക്ടറെ ദ്രോഹിക്കാൻ അധികാരത്തിന്റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചിരുന്നു അവർ, മാനസികമായും ശാരീരികമായും തകർത്ത് ഈ ലോകത്ത് നിന്നു തന്നെ ഇല്ലായ്മ ചെയ്യാൻ അവർ ശ്രമിച്ചിരുന്നു.
ശരീരത്തിൽ ജീവനുണ്ടാവുവോളം അനീതിക്കെതിരെ പട പൊരുതാൻ ഉറച്ച ഡോക്ടറുടെ ചേതനയറ്റ ശരീരമാണ് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്രയിൽ സുഹൃത്തുക്കൾക്ക് കാണേണ്ടി വന്നത് . നിശബ്ദ മരണം വരിച്ച് അനന്തതയിലേക്ക് ആ ആത്മാവ് പറന്നകന്നു.
ചെയ്ത കർമ്മങ്ങൾ പരലോകത്ത് ഇരുവർക്കും തുണയാകും.
.
എന്റെ മനസ്സ് പതറുന്നു .... സുഹൃത്ത് ബന്ധങ്ങളിൽ നിന്ന് മൂന്നു പേരാണ് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ ഈ ലോകത്തോട്‌ വിട പറഞ്ഞത്

ശിവദാസ് എം ജി,മിഥുൻ, ഷാനവാസ് ......
.
ഇനി ആരൊക്കെ .... എനിക്കറിയില്ല .... ദൈവ വിളിക്കുത്തരം യേകി യത്രക്കായ് റെഡി ആയവർ ...
നാഥാ ....
ഹിദായത്തിൽ ആയിക്കൊണ്ടുള്ള ഒരു മരണം ...
ആർക്കും ബാധ്യതയില്ലാത്ത ഒരു മരണം ...
സജ്ജനങ്ങൾക്കൊപ്പം എത്തിച്ചേരാനുള്ള ഒരു മരണം
അതാകണേ ഞങ്ങൾക്ക് ,കുടുംബങ്ങൾക്ക് നീ വിധിക്കെണ്ടത് .... ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കണമേ ...

Saturday, November 15, 2014

ആദരാഞ്ജലികൾ

ഇന്നെനിക്കു വല്ലാത്ത ഷോക്കിന്റെ നിമിഷങ്ങൾ ആയിപ്പോയി 

ഒന്നിച്ചു ജോലി ചെയ്തിരുന്ന,ജ്യേഷ്ഠ സഹോദരനെ പോലെ ആയിരുന്ന എന്റെ ശിവദാസ്‌ സർ ,ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കി ഈ ലോകത്തോട്‌ രണ്ടാഴ്ച മുമ്പ് യാത്ര പോയി എന്ന് കേട്ടപ്പോൾ.

ജോലിയിൽ ആത്മാർഥതയും കൃത്യനിഷ്ടയും കാണിച്ചിരുന്ന പ്രിയ സർ , ഇടപഴകുന്നവർക്കെല്ലാം പ്രിയങ്കരനായ ശിവദാസ്ജി , ജീവിതത്തിന്റെ മധ്യ വയസ്സിൽ വിട പറയും എന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.
.
അമ്പിളി ചേച്ചിക്കും മക്കൾക്കും നഷ്ടപ്പെട്ടത് ജീവിതത്തിന്റെ തണലാണ്‌ , അവരുടെ ജീവിതത്തിലെ ശൂന്യതക്ക് മുന്നിൽ ഞാനൊന്ന് പതറി പോവുന്നു.
.
നീലേശ്വരം ക്ഷീര ബ്ലോക്കിലേക്ക് ഓഫീസറായി പോസ്റ്റിംഗ് കിട്ടിയപ്പോൾ വന്നതും, അവിടുത്തെ സഹകാരികളെയും കർഷകരെയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് കയ്യിലെടുത്തതും, സഹജീവനക്കാരോടൊക്കെ മാന്യതയോടെ പെരുമാറിയതും, ഒന്നിച്ചു കൊണ്ട് പോയതും, സർക്കാർ ,ത്രിതല പഞ്ചായത്ത് പദ്ധതികൾ ഒക്കെ സമയ ബന്ധിതമായി പൂർത്തീകരിചതും, ക്ഷീര കർഷകർക്കായി സംഘങ്ങൾ ഉണ്ടാക്കാനായി ഓടിച്ചാടി അധ്വാനിച്ചതും ഒക്കെ ഞാനിവിടെ ഓർത്തു പോവുന്നു.പരിശീലന പരിപാടികൾ തൻറേതായ രീതിയിൽ ആർക്കും മടുപ്പില്ലാതെ നടത്തിയതും സ്മരണീയമാണ്.
.
മരണം എന്ന മൂന്നക്ഷര പദം, നാം ഓരോരുത്തരും അനുഭവിക്കേണ്ട യാധാർത്ഥ്യം ആണ് , പെട്ടെന്ന് വിളിച്ചു കൊണ്ട് പൊകുമ്പോൾ അത് വല്ലാത്തൊരു ഷോക്കായി മാറുന്നു,....
.
സാറിൻറെ സ്മരണക്ക് മുന്നിൽ അശ്രു പൂജയർപ്പിച്ചു കൊണ്ട് ......

Tuesday, March 4, 2014

ഉമ്മ


ഉമ്മയെ കുറിച്ച ഓര്‍മകള്‍

mom8821വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചു കഥയുണ്ട്. ഒരമ്മയും മകനും, അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. അവര്‍ക്ക് വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. മകന്‍ വളര്‍ന്ന് വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കണമെന്നതായിരുന്നു അത്. അതോടെ അവന്റെ ഉറക്കവും ഉന്‍മേഷവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ അമ്മ കാരണമന്വേഷിച്ചു. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും അവസാനം മകന്‍ കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍ ആ അമ്മ പറഞ്ഞു: ' മോനേ അതിനു നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. നീ എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയമെടുത്ത് അവള്‍ക്കു കൊണ്ടു പോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി. അങ്ങനെ അമ്മയുടെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകയുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കാല്‍ കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചു പോല്‍ 'മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?'

ഇത് എന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു കഥയല്ല. എന്റെ ഉമ്മ വാതരോഗത്തിനടിപ്പെട്ട് കഠിനമായ വേദന സഹിച്ചാണ് പത്തു കൊല്ലത്തിലേറെ കാലം ജീവിച്ചത്. ഞാന്‍ പാതിരാവില്‍ വന്ന് വാതില്‍ തുറക്കും. ഉടനെ ചോദിക്കുക: 'ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? നടന്നാ വന്നത്? പാതിരാവായില്ലേ, പോയി വേഗം കിടന്നോ?'

കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും നിറയൗവ്വനത്തിന്റെ കരുത്തുള്ള എന്നെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വേവലാതിയും ഞങ്ങള്‍ മക്കളുടെ കാര്യത്തിലാണ്.

ഇതാണ് ഉമ്മ. 1983 ജൂലായ് 23-നാണ് ഉമ്മ ഞങ്ങളോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടിനു ശേഷവും കിടക്കാന്‍ പോകുമ്പോള്‍ ഉമ്മയുടെ ചോദ്യം കാതുകളില്‍ വന്നലക്കുന്നു. വൈകാതെ അത് പ്രാര്‍ഥനയായി മാറുന്നു. 'നാഥാ വേദനകളില്ലാത്ത ലോകത്ത് ഉന്നത സ്ഥാനം നല്‍കി ഉമ്മയെ നീ അനുഗ്രഹിക്കേണമേ.' ഇതു കൊണ്ടൊക്കെ തന്നെയായിരിക്കുമല്ലോ ഉമ്മക്ക് പ്രവാചക വചനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്.
By: Sheikh Mohammad Karakunnu

ഉമ്മാ എന്‍ പൊന്നുമ്മാ

mom98
ഉമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടാവില്ല. ഏതു ഭാഷയിലും 'മാതാവ്' കവിതയുടെ വിഷയമാണ്. മാതൃസങ്കല്‍പം അത്രമാത്രം മഹത്വമേറിയതാണ്. അതു കൊണ്ടാണഅ ആള്‍ ദൈവങ്ങള്‍ അവരുടെ പേരിനോട് മാത ചേര്‍ക്കുന്നത്. മാതാ മധുരാനന്ദമയി, മാതാ ധര്‍മാനന്ദമയി, മാതാ ദിവ്യാനന്ദമയി എന്നെല്ലാം പറുന്നത് ആ വാക്കുമായി ജനമനസിലേക്ക് ഇറങ്ങാന്‍ കഴിയും എന്ന് അവര്‍ വിചാരിക്കുന്നത് കൊണ്ടായിരിക്കാം.

മാതാവിന് ഇസ്‌ലാം കല്‍പിച്ച സ്ഥാനം ഈ പംക്തിയില്‍ വന്നതാണ്. ഇതാ മാതാവിനെ കുറിച്ച് ഈയിടെ ഞാന്‍ കുറിച്ച ഒരു ഗാനം. 'ഒയ്യേയെനിക്കുണ്ട്' എന്ന ഇശലില്‍ ഇതൊന്നു പാടി നോക്കൂ..
ഉമ്മാ എന്‍ പൊന്നുമ്മ
  ഉമ്മകളായിരം
ഉണ്ണിക്കവിളത്ത്
  നല്‍കിയുമ്മ -  എന്നും
ഉറ്റവിചാരത്താല്‍ പോറ്റിയുമ്മ (ഉമ്മ)
കയ്യ് വളരുന്നോ
 കാല് വളരുന്നോ
കൗതുകക്കണ്ണാലെ
 നോക്കിയുമ്മ -  എന്നും
കണ്ണേ കരളേയെ
ന്നോതിയുമ്മ (ഉമ്മാ)
രോഗം വരുന്നേരം
 രാവ് പകലാക്കി
ചാരത്തിരുന്നെന്നെ
  നോക്കിയുമ്മ - എന്നെ
സ്‌നേഹപ്പുതപ്പാല്‍ പൊ
  തിയും ഉമ്മാ (ഉമ്മാ)
ഇല്ലിതു പോലാരും
  അല്ലാന്റെ ഭൂമിയില്‍
എല്ലാം സഹിച്ചീടും
  മക്കള്‍ക്കായി - ഉമ്മാ
ക്കെന്തു കൊടുത്താല്‍
  കടം വീടീടും? (ഉമ്മാ)
വായനക്കാരേ, ഒരു മാതാവും നമുക്ക് കടമായല്ല സ്‌നേഹം തന്നത്. ഒരു സ്വാര്‍ഥതയുമില്ലാതെ നിര്‍മലമായ സ്‌നേഹം അവര്‍ വാരിക്കോരി തന്നു. പക്ഷെ, നാം അത് കടമായി കാണണം. അവര്‍ തന്ന സ്‌നേഹത്തിനും പകരം നാം എന്തു തിരിച്ചു കൊടുത്താലും കടം തീര്‍ക്കാനാവില്ല. 'ഉമ്മായെന്‍ പൊന്നുമ്മാ' എന്ന് വീട്ടില്‍ നിന്നു പാടുമ്പോള്‍ അത് നിങ്ങളുടെ ഉമ്മയെ മാത്രമല്ല ബാധകമാവുക. ഭാര്യക്കും സഹോദരിമാര്‍ക്കും സഹോദരന്റെ ഭാര്യമാര്‍ക്കും എല്ലാം ബാധകമാവും. കാരണം അവര്‍ക്കും മക്കളുണ്ടായി കഴിഞ്ഞിരിക്കുമല്ലോ.

എല്ലാവര്‍ക്കും മനസ്സില്‍ ഒരിടം നല്‍കണം എന്ന് ഈ പംക്തിയില്‍ മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. അമേരിക്കയില്‍ സുഖമായി കഴിയുകയാണ് നിങ്ങളും ഭാര്യയും എന്ന് സങ്കല്‍പിക്കുക. വിദ്യാഭ്യാസമില്ലാത്ത ഉമ്മ കേരളത്തിലെ ഒരു കുഗ്രാമത്തിലും. നിങ്ങള്‍ അമേരിക്കയില്‍ വെച്ച് ഒരു അപകടമോ വലിയ വേദനയോ വന്നാല്‍ അവിടത്തെ പതിവു ഭാഷ വെടിഞ്ഞ് പച്ച മലയാളത്തില്‍ നിങ്ങള്‍ വിളിക്കുക 'എന്റുമ്മാ എന്റുമ്മാ' എന്നായിരിക്കും. കുഞ്ഞുണ്ണി മാഷ് അമ്മയെ പറ്റി പാടിയത് കേട്ടോളൂ.
'അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാല്‍ അമ്മിഞ്ഞക്കല്ല്'
ഈ കവിതക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഇത് ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. അമ്മിയും അമ്മിഞ്ഞയും മലയാള ഭാഷയിലേ ഉള്ളൂ. അതിനാല്‍ ലോകഭാഷയില്‍ ഇതു വേറിട്ടു നില്‍ക്കുന്നു.

സന്താനങ്ങളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ അമ്മയുടെ ഹൃദയം ആഴിയോളം ആഴമുള്ളതും ആകാശം പോലെ വിശാലതയുള്ളതുമാണ്. അമ്മയെ നോവിക്കരുത്. അച്ഛനെയും. അമ്മയെ സ്‌നേഹിക്കുക, അച്ഛനെയും. അമ്മയും ഉമ്മയും മമ്മിയും മദറും മാതാവും എല്ലാം ഒരേ മധുരമുള്ള, ഒരേ നിറമുള്ള ആകൃതിയില്‍ വ്യത്യാസമില്ലാത്ത മിഠായികളാണ്.
By: EKM Pannor

Thursday, January 16, 2014

എന്താണ് ഐ.ക്യു ? എങ്ങനെ വര്‍ദ്ധിപ്പിക്കാം ?

മനുഷ്യബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി ( Intelligence Quotient). ഇതിനെ ചുരുക്കി ഐ ക്യു  എന്ന് പറയുന്നു. ജെര്‍മന്‍ മനഃശാസ്ത്രജ്ഞനായ വില്ല്യം സ്‌റ്റേണാണ് ഇന്റലിജന്‍സ് കോഷ്യന്റ് എന്ന വാക്ക് ബുദ്ധിശക്തിയുടെ അളവ്‌കോലിനുപയോഗിച്ചത്. ഒരു പ്രായപരിധിയിലുള്ളവരുടെ  ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോള്‍ ശരാശരി (average) സ്‌കോര്‍ 100 ആയിരിക്കും. ഇതില്‍ നിന്ന് വ്യതിയാനമുള്ള സ്‌കോര്‍ ലഭിക്കുന്നവര്‍ ശരാശരിയില്‍ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും. ബുദ്ധിശക്തിയുടെ അളവ് പഠിക്കാനും, ചില ജോലികള്‍ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാനും ഇത്  ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ഗവേഷകരുടെ നിഗമനം.
ബുദ്ധി ശക്തി പരീക്ഷകളിലെ ശേഷിയും, ഭാഷാ പരിജ്ഞാനവും (language ability) തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഭാഷാപരിജ്ഞാനം കുറവായരുടെ IQ സ്‌കോര്‍ പൊതുവെ കുറവായിരിക്കും. ഇരുപതാം നൂറ്റാണ്ട് മുതല്‍ ലോക ജനതയുടെ  ബുദ്ധിശക്തിയുടെ തോത് ഒരോ പത്തുവര്‍ഷം കൂടുമ്പോഴും മൂന്നെന്ന നിലയില്‍ പോയിന്റ് വര്‍ദ്ധിക്കുന്നു. ഈ വര്‍ധനയെ ഫ്‌ലിന്‍ എഫക്റ്റ് എന്ന് പറയും.

മാനസികമായ പരിശീലനത്തിലൂടെയും മാനസിക വ്യായാമങ്ങളിലൂടെയും ഐ. ക്യു നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ അഭിപ്രായം. ഇങ്ങനെ ഐ. ക്യു ഉയര്‍ത്താനാവുന്ന ചില നിര്‍ദ്ദേശങ്ങളാണ് താഴെ കൊടുക്കുന്നത്.

1. ബുദ്ധിപരവും കായിക ക്ഷമതയുള്ളതുമായ വിനോദങ്ങളില്‍ ഏര്‍പ്പെടുക
 പ്രവാചക (സ) കാലത്ത് അദ്ദേഹത്തിന്റെ അനുചരര്‍ക്ക് ഉയര്‍ന്ന ഐ. ക്യു വിതാനമാണ് ഉണ്ടായിരുന്നതെന്ന് ഹദീസുകളില്‍ കാണാം ഒരു പ്രമുഖ സ്വഹാബി സുറിയാനിഭാഷ പഠിച്ചത് ഏതാനും മാസങ്ങള്‍ കൊണ്ടാണെന്ന് ഹദീസില്‍ കാണാം. ഇത് പ്രവാചക പാഠശാലയിലെ പരിശീലനത്തിലൂടെ അവര്‍ നേടിയെടുത്ത പരിശീലനം കൊണ്ടായിരുന്നു. തന്റെ അനുയായികളുടെ കായികവും മാനസികവുമായ ശേഷി വര്‍ധിപ്പിക്കാനായി പ്രവാചകന്‍ തന്നെ വ്യത്യസ്തമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. പ്രവാചകനില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് നോക്കൂ... അല്ലാഹുവിനെ സ്മരിക്കാത്ത എല്ല കാര്യങ്ങളും നിഷിദ്ധമായ കളി തമാശകളില്‍ പെടുന്നു, നാലു കാര്യങ്ങള്‍ അതില്‍ നിന്ന് ഒഴിവാകുന്നു. ഭാര്യയുമായി സല്ലപിക്കുക,കുതിരയെ പരിശീലിപ്പിക്കുക, ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് അവക്കിടയില്‍ മല്‍സരിച്ച് നടക്കുക(പന്തയം), നീന്തല്‍ അഭ്യസിക്കുക. (മുനാവി-ഫൈളുല്‍ ഖദീര്‍ 5/23)

2. ടെലിവിഷന്‍ ഉപയോഗം ചുരുക്കുക
ടെലിവിഷന്‍ കാണുന്നതിലെ കണ്ണിന്റെ അധ്വാനം വര്‍ധിക്കുന്നുവെങ്കിലും ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്ക് അധ്വാനം ലഭിക്കുന്നില്ല. വായിക്കുമ്പോള്‍ ടെലിവിഷനെ അപേക്ഷിച്ച് കണ്ണിന് അധ്വാനം കുറവാണ്. അതുപോലെ തന്നെ ടെലിവിഷനിലൂടെ ബൗദ്ധിക നിലവാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ കുറവാണെത്ര. അതിനാല്‍ തന്നെ ടെലിവിഷന്‍ മാത്രം ആശ്രയിക്കുന്നതിന് പകരം വൈജ്ഞാനിക വര്‍ധനവിനായി വായന പോലുള്ള മറ്റു മാര്‍ഗങ്ങളും ഉപയോഗിക്കുക.  മണിക്കൂറുകളോളം ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കരുത്.

3. ബൗദ്ധിക പ്രാധാന്യമുള്ള പുസ്തകങ്ങള്‍ വായനക്ക് തെരെഞ്ഞടുക്കുക
ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്ന പൈങ്കിളി നോവലുകളേക്കാള്‍ നല്ലത് അന്വേഷണപരവും വൈജ്ഞാനികവുമായ പുസ്തകങ്ങളാണ്. അതാണ് വായനാശേഷിയും ഭാഷ നിലവാരവും ഉയര്‍ത്തുക. ക്ലാസിക് സാഹിത്യങ്ങളുടെ വായന നമ്മള്‍ നിലനില്‍ക്കുന്ന ലോകത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നതും നമ്മുടെ വൈജ്ഞാനിക നിലവാരം ഉയര്‍ത്തുന്നവയുമാണ്.

4. നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേല്‍ക്കുക
ശരീരത്തിന് വേണ്ടത്ര വ്യായാമം ആവശ്യമാണ് എന്നതുപോലെതന്നെ വിശ്രമവും ആവശ്യമാണ്. വിശ്രമമല്ലേ എന്നുകരുതി,എട്ടുമണിക്കൂറിലധികം ഉറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ് .പ്രവാചകന്‍ രാത്രിയിലെ ഇശാ നമസ്‌കാരത്തിന് ശേഷം സംസാരിച്ചിരിക്കുന്നത് വിലക്കിയതായി ചില ഹദീസുകളില്‍ കാണാം.

5. പുനര്‍വിചിന്തനം നടത്തുക
കേട്ടതും അറിഞ്ഞതുമായ കാര്യങ്ങളെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തുകയും പഠിച്ച കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും വേണം. പഠിക്കുകയും മനസിലാക്കുകയും ചെയ്ത കാര്യങ്ങളില്‍ തെറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം പുതിയ കാര്യങ്ങള്‍ പഠിക്കുന്നതാണ് നല്ലത്. അത് വ്യത്യസ്ത വിഷയങ്ങളില്‍ ആഴത്തിലും ഉറച്ചതുമായ അറിവ് പ്രധാനം ചെയ്യും.

Saturday, November 16, 2013

നന്ദി.. ക്രിക്കറ്റിന്, കുടുംബത്തിന്‌






മുംബൈ: ക്രീസില്‍ എന്നും അക്ഷോഭ്യനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ . പക്ഷേ, അവസാന ടെസ്റ്റ് കഴിഞ്ഞ് വിടവാങ്ങല്‍ പ്രസംഗത്തിനായി മൈക്ക് കൈയിലെടുത്തപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വികാരനിര്‍ഭരനായി. റണ്ണൊഴുകും പോലെ ഒഴുകിയെത്തിയ നാലു പതിറ്റാണ്ടുകാലത്തെ ഓര്‍മകളുടെ തള്ളലില്‍ ശബ്ദമിടറി. തന്റെ ക്രിക്കറ്റ് കരിയറിന് പൂര്‍ണതയേകിയ അച്ഛനും അമ്മയും അചരേക്കറും മുതല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി സച്ചിന്‍ സച്ചിന്‍ എന്നു ആര്‍ത്തുവിളിച്ച എണ്ണമറ്റ ആരാധകര്‍ വരെയുള്ളവര്‍ക്ക് ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നു നന്ദി പറഞ്ഞാണ് സച്ചിന്‍ ക്രിക്കറ്റിനോടും കളിത്തൊട്ടിലായ വാംഖഡേയുടെ പുല്‍ത്തകിടിയോടും വിട പറഞ്ഞത്.

സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം:





സുഹൃത്തുക്കളെ ശാന്തരാവുക... നിങ്ങളെന്നെ കൂടുതല്‍ വികാരഭരിതനാക്കുകയാണ്. എന്റെ വര്‍ണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാന്‍ . ആദ്യം 1999ല്‍ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛന്‍ തന്നെ. അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഇന്നിങ്ങനെ നിങ്ങളുടെ മുന്നില്‍ എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്.

ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാന്‍ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍ . കളിച്ചു തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം ഞാന്‍ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരന്‍ നിഥിന്‍ . പക്ഷേ ഏട്ടന്‍ പറയുമായിരുന്നു-എനിക്കറിയാം. നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയര്‍ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങള്‍ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാര്‍ . അവരുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി.

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അചരേക്കള്‍ സാറിനെ ഗ്യാലറിയില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാന്‍ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാന്‍ ഒരിക്കല്‍പ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സര്‍, ഞാന്‍ കളിക്കാത്തതിനാല്‍ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.


മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്. എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന കളിക്കാര്‍ക്കും. ഇപ്പോള്‍ ഇവിടെയില്ലാത്ത രാഹുല്‍ , വി.വി.എസ്, സൗരവ്, അനില്‍ തുടങ്ങിയവരെയെല്ലാം ഇപ്പോള്‍ സ്‌ക്രീനില്‍ കാണാം. എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടര്‍ന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥ സത്തയില്‍ തന്നെ നിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്.

എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവര്‍ .

എന്റെ സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്‌കരേനസിന്റെ അഭാവം ഞാന്‍ അനുഭവിക്കുന്നു. മാര്‍ക്കിന്റെ ജോലി തുടര്‍ന്നും നിര്‍വഹിച്ച ഇപ്പോഴത്തെ മാര്‍ക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വര്‍ഷമായി എനിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരാളാണ് വിനയ് നായിഡു.

സ്‌കൂള്‍ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങള്‍ എനിക്കും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നന്ദിയുണ്ട്.

പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാന്‍ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിന്‍, സച്ചിന്‍ എന്ന ആരവും എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടേയിരിക്കും.