Tuesday, March 4, 2014

ഉമ്മ


ഉമ്മയെ കുറിച്ച ഓര്‍മകള്‍

mom8821വിദ്യാര്‍ഥി ജീവിത കാലത്ത് വായിച്ച ഒരു കൊച്ചു കഥയുണ്ട്. ഒരമ്മയും മകനും, അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. അവര്‍ക്ക് വേര്‍പിരിയാന്‍ കഴിയുമായിരുന്നില്ല. മകന്‍ വളര്‍ന്ന് വലുതായപ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ അവള്‍ ഒരു നിബന്ധന വെച്ചു. അവന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം തന്റെ മുന്നില്‍ കൊണ്ടുവന്നു വെക്കണമെന്നതായിരുന്നു അത്. അതോടെ അവന്റെ ഉറക്കവും ഉന്‍മേഷവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം മനസ്സിലാക്കിയ അമ്മ കാരണമന്വേഷിച്ചു. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും അവസാനം മകന്‍ കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍ ആ അമ്മ പറഞ്ഞു: ' മോനേ അതിനു നീ എന്തിന് പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. നീ എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയമെടുത്ത് അവള്‍ക്കു കൊണ്ടു പോയി കൊടുക്കുക. അവളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുക. നിന്റെ സന്തോഷത്തിലല്ലേ ഈ അമ്മയുടെ സംതൃപ്തി. അങ്ങനെ അമ്മയുടെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകയുടെ അടുത്തേക്ക് ഓടുന്നതിനിടയില്‍ കാല്‍ കല്ലില്‍ തട്ടി വീഴാന്‍ പോയി. അപ്പോള്‍ ആ മാതൃഹൃദയം ചോദിച്ചു പോല്‍ 'മോനേ, നിനക്കെന്തെങ്കിലും പറ്റിയോ?'

ഇത് എന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു കഥയല്ല. എന്റെ ഉമ്മ വാതരോഗത്തിനടിപ്പെട്ട് കഠിനമായ വേദന സഹിച്ചാണ് പത്തു കൊല്ലത്തിലേറെ കാലം ജീവിച്ചത്. ഞാന്‍ പാതിരാവില്‍ വന്ന് വാതില്‍ തുറക്കും. ഉടനെ ചോദിക്കുക: 'ഉമ്മാന്റെ കുട്ടി കൊയങ്ങിയോ? വല്ലതും കഴിച്ചോ? നടന്നാ വന്നത്? പാതിരാവായില്ലേ, പോയി വേഗം കിടന്നോ?'

കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും നിറയൗവ്വനത്തിന്റെ കരുത്തുള്ള എന്നെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വേവലാതിയും ഞങ്ങള്‍ മക്കളുടെ കാര്യത്തിലാണ്.

ഇതാണ് ഉമ്മ. 1983 ജൂലായ് 23-നാണ് ഉമ്മ ഞങ്ങളോട് വിട പറഞ്ഞത്. മൂന്നു പതിറ്റാണ്ടിനു ശേഷവും കിടക്കാന്‍ പോകുമ്പോള്‍ ഉമ്മയുടെ ചോദ്യം കാതുകളില്‍ വന്നലക്കുന്നു. വൈകാതെ അത് പ്രാര്‍ഥനയായി മാറുന്നു. 'നാഥാ വേദനകളില്ലാത്ത ലോകത്ത് ഉന്നത സ്ഥാനം നല്‍കി ഉമ്മയെ നീ അനുഗ്രഹിക്കേണമേ.' ഇതു കൊണ്ടൊക്കെ തന്നെയായിരിക്കുമല്ലോ ഉമ്മക്ക് പ്രവാചക വചനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചത്.
By: Sheikh Mohammad Karakunnu

ഉമ്മാ എന്‍ പൊന്നുമ്മാ

mom98
ഉമ്മയെ കുറിച്ച് എഴുതാത്ത കവികളുണ്ടാവില്ല. ഏതു ഭാഷയിലും 'മാതാവ്' കവിതയുടെ വിഷയമാണ്. മാതൃസങ്കല്‍പം അത്രമാത്രം മഹത്വമേറിയതാണ്. അതു കൊണ്ടാണഅ ആള്‍ ദൈവങ്ങള്‍ അവരുടെ പേരിനോട് മാത ചേര്‍ക്കുന്നത്. മാതാ മധുരാനന്ദമയി, മാതാ ധര്‍മാനന്ദമയി, മാതാ ദിവ്യാനന്ദമയി എന്നെല്ലാം പറുന്നത് ആ വാക്കുമായി ജനമനസിലേക്ക് ഇറങ്ങാന്‍ കഴിയും എന്ന് അവര്‍ വിചാരിക്കുന്നത് കൊണ്ടായിരിക്കാം.

മാതാവിന് ഇസ്‌ലാം കല്‍പിച്ച സ്ഥാനം ഈ പംക്തിയില്‍ വന്നതാണ്. ഇതാ മാതാവിനെ കുറിച്ച് ഈയിടെ ഞാന്‍ കുറിച്ച ഒരു ഗാനം. 'ഒയ്യേയെനിക്കുണ്ട്' എന്ന ഇശലില്‍ ഇതൊന്നു പാടി നോക്കൂ..
ഉമ്മാ എന്‍ പൊന്നുമ്മ
  ഉമ്മകളായിരം
ഉണ്ണിക്കവിളത്ത്
  നല്‍കിയുമ്മ -  എന്നും
ഉറ്റവിചാരത്താല്‍ പോറ്റിയുമ്മ (ഉമ്മ)
കയ്യ് വളരുന്നോ
 കാല് വളരുന്നോ
കൗതുകക്കണ്ണാലെ
 നോക്കിയുമ്മ -  എന്നും
കണ്ണേ കരളേയെ
ന്നോതിയുമ്മ (ഉമ്മാ)
രോഗം വരുന്നേരം
 രാവ് പകലാക്കി
ചാരത്തിരുന്നെന്നെ
  നോക്കിയുമ്മ - എന്നെ
സ്‌നേഹപ്പുതപ്പാല്‍ പൊ
  തിയും ഉമ്മാ (ഉമ്മാ)
ഇല്ലിതു പോലാരും
  അല്ലാന്റെ ഭൂമിയില്‍
എല്ലാം സഹിച്ചീടും
  മക്കള്‍ക്കായി - ഉമ്മാ
ക്കെന്തു കൊടുത്താല്‍
  കടം വീടീടും? (ഉമ്മാ)
വായനക്കാരേ, ഒരു മാതാവും നമുക്ക് കടമായല്ല സ്‌നേഹം തന്നത്. ഒരു സ്വാര്‍ഥതയുമില്ലാതെ നിര്‍മലമായ സ്‌നേഹം അവര്‍ വാരിക്കോരി തന്നു. പക്ഷെ, നാം അത് കടമായി കാണണം. അവര്‍ തന്ന സ്‌നേഹത്തിനും പകരം നാം എന്തു തിരിച്ചു കൊടുത്താലും കടം തീര്‍ക്കാനാവില്ല. 'ഉമ്മായെന്‍ പൊന്നുമ്മാ' എന്ന് വീട്ടില്‍ നിന്നു പാടുമ്പോള്‍ അത് നിങ്ങളുടെ ഉമ്മയെ മാത്രമല്ല ബാധകമാവുക. ഭാര്യക്കും സഹോദരിമാര്‍ക്കും സഹോദരന്റെ ഭാര്യമാര്‍ക്കും എല്ലാം ബാധകമാവും. കാരണം അവര്‍ക്കും മക്കളുണ്ടായി കഴിഞ്ഞിരിക്കുമല്ലോ.

എല്ലാവര്‍ക്കും മനസ്സില്‍ ഒരിടം നല്‍കണം എന്ന് ഈ പംക്തിയില്‍ മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. അമേരിക്കയില്‍ സുഖമായി കഴിയുകയാണ് നിങ്ങളും ഭാര്യയും എന്ന് സങ്കല്‍പിക്കുക. വിദ്യാഭ്യാസമില്ലാത്ത ഉമ്മ കേരളത്തിലെ ഒരു കുഗ്രാമത്തിലും. നിങ്ങള്‍ അമേരിക്കയില്‍ വെച്ച് ഒരു അപകടമോ വലിയ വേദനയോ വന്നാല്‍ അവിടത്തെ പതിവു ഭാഷ വെടിഞ്ഞ് പച്ച മലയാളത്തില്‍ നിങ്ങള്‍ വിളിക്കുക 'എന്റുമ്മാ എന്റുമ്മാ' എന്നായിരിക്കും. കുഞ്ഞുണ്ണി മാഷ് അമ്മയെ പറ്റി പാടിയത് കേട്ടോളൂ.
'അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാല്‍ അമ്മിഞ്ഞക്കല്ല്'
ഈ കവിതക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ഇത് ഒരു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. അമ്മിയും അമ്മിഞ്ഞയും മലയാള ഭാഷയിലേ ഉള്ളൂ. അതിനാല്‍ ലോകഭാഷയില്‍ ഇതു വേറിട്ടു നില്‍ക്കുന്നു.

സന്താനങ്ങളെ സ്‌നേഹിക്കുന്ന കാര്യത്തില്‍ അമ്മയുടെ ഹൃദയം ആഴിയോളം ആഴമുള്ളതും ആകാശം പോലെ വിശാലതയുള്ളതുമാണ്. അമ്മയെ നോവിക്കരുത്. അച്ഛനെയും. അമ്മയെ സ്‌നേഹിക്കുക, അച്ഛനെയും. അമ്മയും ഉമ്മയും മമ്മിയും മദറും മാതാവും എല്ലാം ഒരേ മധുരമുള്ള, ഒരേ നിറമുള്ള ആകൃതിയില്‍ വ്യത്യാസമില്ലാത്ത മിഠായികളാണ്.
By: EKM Pannor

No comments: