
കേരളത്തിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും സിവില്‍ സര്‍വീസസ് പരീക്ഷയെഴുതി ഐ.എ.എസ്./ഐ.പി.എസ്. ഉദ്യോഗസ്ഥനാവണമെന്നുണ്ട്. ഇതിനായി സ്വയം തയ്യാറെടുപ്പു നടത്താന്‍ ചിലര്‍ തുനിയുമ്പോള്‍ മറ്റുചിലര്‍ കോച്ചിങ് സെന്ററുകളില്‍ പോയി പരിശീലനം തേടുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മ നമ്മുടെ കോളേജുകളില്‍ ഇല്ലാത്തതിനാല്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ടി എങ്ങനെ പഠിക്കണമെന്നും ഏതു രീതിയില്‍ തയ്യാറെടുക്കണമെന്നും പലര്‍ക്കും അറിയില്ല. 'സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?' എന്നും പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ വിജയിക്കാന്‍ ഏതു രീതിയിലുള്ള പഠനം നടത്തണമെന്നുമുള്ള വിശദമായ ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഈ മൂന്നാംഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഞാന്‍ പഠിച്ച രീതി അടിസ്ഥാനപ്പെടുത്തിയാണ് വിശകലനവും വിശദീകരണവും നടത്തിയിട്ടുള്ളത് എന്നുകൂടി ഇവിടെ കുറിക്കട്ടെ.
ആദ്യചുവട്
ഏകദേശം ഒരു വര്‍ഷം മുന്‍പ് ഒരു പ്രശസ്ത സ്‌കൂള്‍ സംഘടിപ്പിച്ച 'സിവില്‍ സര്‍വീസ് മാര്‍ഗനിര്‍ദേശക്യാമ്പി'ല്‍ ക്ലാസ്സെടുക്കാന്‍ വേണ്ടി എന്നെ ക്ഷണിച്ചിരുന്നു. മൂന്ന് അവധി ദിവസങ്ങള്‍ ഒരുമിച്ചു വന്ന ദിവസങ്ങളിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുപതോളം കുട്ടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. എല്ലാവരും എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. രണ്ടു മണിക്കൂറാണ് എനിക്ക് ക്ലാസ്സെടുക്കാന്‍ വേണ്ടി അനുവദിച്ചുതന്നിട്ടുള്ള സമയം.
എട്ടാംതരത്തിലും ഒന്‍പതാംതരത്തിലും പഠിക്കുന്ന കുട്ടികളോട് സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി എന്താണ് രണ്ടു മണിക്കൂര്‍ സംസാരിക്കുക എന്ന് ആശങ്കപ്പെട്ട എനിക്ക് 'ഭാവിയില്‍ ആരായിത്തീരണമെന്നാണ് നിങ്ങളുടെ ആഗ്രഹം?' എന്ന ചോദ്യം എല്ലാവരോടും ചോദിക്കാനാണ് ആദ്യം തോന്നിയത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ 'സിവില്‍ സര്‍വീസ് എന്താണ്?' എന്നറിയാനുള്ള ആഗ്രഹവും 'ഈ സേവനമേഖലയില്‍ ജോലി ചെയ്യണം' എന്ന ചിന്തയും ഈ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ലഭിച്ചു എന്നറിയാനുള്ള ആകാംക്ഷയില്‍നിന്നായിരുന്നു എന്റെ ചോദ്യം.
'കരിയറില്‍ ആരാവാനാണ്/ഏതു ജോലി നേടാനാണ് ഇഷ്ടം?' എന്ന ചോദ്യം എഴുപതു പേരോടും ഞാന്‍ ചോദിച്ചു. എല്ലാവരും ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ കണക്കെടുത്തു. ആറുപേര്‍ക്ക് ഐ.എ.എസ.് നേടണം. രണ്ടുപേര്‍ക്ക് ഐ.പി.എസ്. മറ്റുള്ളവരെല്ലാം ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ്, ശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍ തുടങ്ങിയ മറ്റു പല തൊഴില്‍മേഖലകളില്‍ ഉയര്‍ന്ന ജോലി സ്വപ്‌നം കാണുന്നവരാണ്. 'പിന്നെ എന്തിന് ഈ ക്ലാസ്സില്‍ വന്ന് മൂന്ന് അവധിദിവസങ്ങള്‍ പാഴാക്കുന്നു?' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരു കുട്ടി വളരെ നിഷ്‌കളങ്കമായ മറുപടി നല്കി, 'സര്‍, സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പില്‍ വന്നാല്‍ കുറച്ച് പൊതുവിജ്ഞാനം ലഭിക്കുമല്ലോ എന്നു കരുതി വന്നതാണ്.' മറ്റൊരു കുട്ടി പറഞ്ഞത്, 'അച്ഛനുമമ്മയും നിര്‍ബന്ധിച്ചതുകൊണ്ട് വന്നതാണ്,' എന്നാണ്.
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആദ്യചുവട് സ്വന്തം മനസ്സില്‍നിന്നും മുളപൊട്ടുന്ന 'ഒരു ഐ.എ.എസ്./ഐ.പി.എസ്സുകാരനാവണം' എന്ന ചിന്തതന്നെയായിരിക്കണമെന്ന് അടിവരയിട്ടു പറയാനാണ് മുകളില്‍ എഴുതിയ അനുഭവം ഇവിടെ പങ്കുവെച്ചത്. മാതാപിതാക്കളുടെ പ്രേരണകൊണ്ടോ, വലിയ അധികാരങ്ങള്‍ ലഭിക്കുമെന്ന ചിന്തകൊണ്ടോ ഈ തൊഴില്‍മേഖല തിരഞ്ഞെടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.
ഡോക്ടര്‍, ടീച്ചര്‍, നഴ്‌സ്, പോലീസ് തുടങ്ങിയവരുമായി നിരന്തരം ഇടപഴകുന്നതിനാല്‍ ഈ ജോലികള്‍ എന്താണെന്ന ഒരു ഏകദേശധാരണ നമ്മുടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകും. എന്നാല്‍ ജില്ലാ കളക്ടറെയോ, സിറ്റി പോലീസ് കമ്മീഷണറെയോ, ഗവ. സെക്രട്ടറിയെയോ നേരിട്ട് കാണാത്തതിനാല്‍ എന്താണ് സിവില്‍ സര്‍വീസ് എന്ന് പലര്‍ക്കും അറിയില്ലായിരിക്കാം. (ദ കിങ്, കമ്മീഷണര്‍ തുടങ്ങിയ സിനിമകളിലൂടെ ലഭിക്കുന്ന അറിവ് ഇവിടെ വിസ്മരിക്കുന്നില്ല!) സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുന്നതും, വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കുന്ന സിവില്‍ സര്‍വീസ് റാങ്കുജേതാക്കളുമായുള്ള അഭിമുഖങ്ങള്‍ വായിക്കുന്നതും സിവില്‍ സര്‍വീസസ് എന്ന മേഖലയെക്കുറിച്ചും, പരീക്ഷ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ചും അറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. കൂടാതെ, പല സ്ഥാപനങ്ങളും വിദ്യാലയങ്ങളും നടത്തുന്ന സിവില്‍ സര്‍വീസ് ക്യാമ്പുകളില്‍ പങ്കെടുത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത് 'ഐ.എ.എസ്. ജോലി' എന്താണെന്നറിയാനും എന്റെ ആഗ്രഹം ഇതുതന്നെയാണ് എന്ന് ഊട്ടിയുറപ്പിക്കാനും സഹായിക്കും.
ഇന്ത്യയുടെ 'ഉരുക്കുചട്ടക്കൂ'ടാണ് സിവില്‍ സര്‍വീസ്. പൊതുഭരണമാണ് ഐ.എ.എസ്. നേടിയാല്‍ പ്രവര്‍ത്തിക്കേണ്ട മേഖല. നിയമപരിപാലനം ഉറപ്പാക്കലാണ് ഐ.പി.എസ്സുകാരുടെ ജോലി. പൊതുവേ പറഞ്ഞാല്‍ മാനേജ്‌മെന്റ്, ഭരണനിര്‍വഹണം എന്നീ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്കും; സമൂഹത്തില്‍ കാലൂന്നിക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും; സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന ഇച്ഛാശക്തിയുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഉന്നതമായ ജോലിയാണ് സിവില്‍ സര്‍വീസ്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും നൂതനാശയങ്ങള്‍ നടപ്പിലാക്കി സാമൂഹികപുരോഗതി കൈവരുത്താനും മറ്റുമായി ധാരാളം അവസരങ്ങളാണ് 'സിവില്‍ സര്‍വീസ്' വാഗ്ദാനം ചെയ്യുന്നത്. ഈ അവസരങ്ങള്‍ മുന്നില്‍ക്കണ്ട് സ്വന്തം ഇഷ്ടപ്രകാരം 'എനിക്ക് ഐ.എ.എസ്. വേണം' എന്ന ഉറച്ചതീരുമാനം എടുക്കുക എന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ വേണ്ട 'ആദ്യചുവട്.'
ലക്ഷ്യം ഉറപ്പിച്ച് ആദ്യചുവടു കഴിഞ്ഞാല്‍ അടുത്തപടി പരീക്ഷയെപ്പറ്റി മനസ്സിലാക്കുക എന്നതാണ്. സിവില്‍ സര്‍വീസസ് പരീക്ഷ എന്ത്? എങ്ങനെ? എന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും പരീക്ഷയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കുകയും വേണം. പരീക്ഷയുടെ ഘടന, സിലബസ്, പരീക്ഷയെഴുതാനുള്ള അടിസ്ഥാനയോഗ്യതയും ഇളവുകളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ എന്നിങ്ങനെയുള്ള സിവില്‍ സര്‍വീസസ് പരീക്ഷാസംബന്ധിയായ എല്ലാ വിവരങ്ങളും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതിന്റെ ഒരു സംക്ഷിപ്തരൂപം ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു നല്കിയിട്ടുമുണ്ട്. ലക്ഷ്യത്തില്‍ മനസ്സൂന്നി പരീക്ഷാസംബന്ധിയായ കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പഠനം ആരംഭിക്കാം.
പഠനം എപ്പോള്‍ തുടങ്ങണം?
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുതുടങ്ങിയവര്‍ക്കും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം മാത്രം പഠനം ആരംഭിച്ചവര്‍ക്കും, ഒരു ജോലി ചെയ്തുകൊണ്ട് പരിശീലനം നേടിയവര്‍ക്കും എല്ലാം ഐ.എ.എസ്. ലഭിച്ചിട്ടുണ്ട്. അപ്പോള്‍ ഏതു ക്ലാസ്സില്‍ പഠിക്കുമ്പോള്‍/ കോളേജ് പഠനകാലത്ത്/ അതിനുശേഷം പഠനം തുടങ്ങണമെന്ന ആശയക്കുഴപ്പം ഉണ്ടാവുക സ്വാഭാവികമാണ്.
സിവില്‍ സര്‍വീസസ് പരീക്ഷ പാസായ ശേഷം ഒരു ചാനലില്‍ നടന്ന അഭിമുഖത്തില്‍ 'സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കു പഠിക്കുമ്പോള്‍ നിങ്ങള്‍ വരുത്തിയ ഏറ്റവും വലിയ തെറ്റ് എന്താണ്?' എന്നു ചോദിച്ചപ്പോള്‍ എനിക്ക് ഒരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ - 'പഠനം തുടങ്ങാന്‍ വൈകി എന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്!' ഡിഗ്രി കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തതിനുശേഷം ഒരു വര്‍ഷം ജോലി ചെയ്തതിനും ശേഷമാണ് ഞാന്‍ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പു തുടങ്ങിയത്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ 'ഇതു സാരമില്ല' എന്നും 'എന്റെ സിവില്‍ സര്‍വീസിലേക്കുള്ള വഴി ഇതായിരുന്നു' എന്നുമുള്ള തിരിച്ചറിവിലൂടെ പഠനം വൈകി എന്ന തെറ്റിനെ സാധൂകരിക്കുന്നുണ്ടെങ്കിലും, ചെറുപ്പത്തില്‍ത്തന്നെ ഐ.എ.എസ്. നേടാന്‍ ആഗ്രഹമുള്ളവര്‍ തയ്യാറെടുപ്പും നേരത്തേ ആരംഭിക്കുന്നത് അഭികാമ്യമായിരിക്കും.
നേരത്തേ തുടങ്ങണം എന്നു പറയുമ്പോള്‍ 10-ാം തരം കഴിഞ്ഞയുടനെ തയ്യാറെടുപ്പു തുടങ്ങണോ, അതോ ഡിഗ്രി പഠനകാലം മുതല്‍ മതിയോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകാം. കൂടാതെ ഡിഗ്രി/ പ്ലസ് ടു പഠനശാഖ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നും ചിന്തിച്ചേക്കാം. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും സിവില്‍ സര്‍വീസ് തയ്യാറെടുപ്പിനുള്ള അടിത്തറ പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയും താഴെക്കൊടുക്കുന്നു:
1. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്. (ഒരു വര്‍ഷം പഠനം; ഒരു വര്‍ഷം പരീക്ഷ.) ഈ രണ്ടു വര്‍ഷക്കാലം പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെയും സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. അതായത് 2015-ല്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 2013 മുതലുള്ള പത്രവാര്‍ത്തകള്‍ വായിച്ച് നോട്ടെഴുതിയാല്‍ മതിയാകും.
2. വായനശീലവും എഴുത്തും ചിന്താശേഷിയും അപഗ്രഥനപാടവവും പൊതുവിജ്ഞാനവുമൊക്കെ രണ്ടു വര്‍ഷംകൊണ്ട് പെട്ടെന്നുണ്ടാക്കാന്‍ സാധിക്കുന്ന കാര്യമല്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കാനും പൊതുവിഷയങ്ങളില്‍ വിശകലനം ചെയ്ത് സംസാരിക്കാനും സാധിക്കൂ. അതിനാല്‍ പരീക്ഷയെഴുതുന്നതിനു രണ്ടു വര്‍ഷം മുന്‍പുമാത്രം ചിട്ടയോടെ വാര്‍ത്തകള്‍ എഴുതിയെടുക്കാനും, നോട്ടുകള്‍ തയ്യാറാക്കാനും തുടങ്ങിയാല്‍ മതിയെങ്കിലും വായന ഡിഗ്രി ഒന്നാംവര്‍ഷം മുതലെങ്കിലും തുടങ്ങണം.
3. രണ്ടു വര്‍ഷം ചിട്ടയോടെയുള്ള പഠനം; ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍ ലക്ഷ്യബോധത്തോടെയുള്ള വായനയും പഠനവും. ഇതു മതിയോ? അതോ ഡിഗ്രി പഠിക്കുന്ന വിഷയം തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണോ? ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി എനിക്കു പറയാനുള്ളത് സിവില്‍ സര്‍വീസസ് പരീക്ഷ എളുപ്പമാക്കാന്‍ ഏതെങ്കിലും പ്രത്യേക വിഷയം എടുത്തുപഠിക്കേണ്ട ആവശ്യമില്ല എന്നു മാത്രമാണ്. ഏതു വിഷയം പഠിച്ചാലും സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടാം.
4. പ്ലസ് ടുവിന് സയന്‍സ് പഠിച്ച് എഞ്ചിനീയറിങ,് മെഡിസിന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നത് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനെ ദോഷകരമായി ഒരിക്കലും ബാധിക്കില്ല. ഇത്തരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നാല്‍ ഡിഗ്രി പഠിക്കുന്ന സമയത്ത് സിവില്‍ സര്‍വീസിനായി പ്രത്യേക തയ്യാറെടുപ്പു നടത്താന്‍ സമയം കിട്ടിയില്ല എന്നുവരാം. എന്നാല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വളരെ എളുപ്പമായിരിക്കും. കൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ തരുന്ന ആത്മവിശ്വാസവും; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മറ്റൊരു തൊഴില്‍ നേടാനുള്ള കഴിവുണ്ടെന്ന ചിന്തയും കൈമുതലായുണ്ടാകും. ബി.എ., ബി.കോം തുടങ്ങിയ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് കോളേജിലെ ക്ലാസ്സുകള്‍ കഴിഞ്ഞ് സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ സമയം ലഭിച്ചേക്കാം. കൂടാതെ ഉത്തരങ്ങള്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവും കൂടുതലായി ലഭിച്ചേക്കാം. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഏതു കോഴ്‌സ് പഠിച്ചാലും അതിന് അതിന്റേതായ ഗുണവും ദോഷവും ഉള്ളതായി കാണാം.
അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് ഉദ്യോഗാര്‍ഥിക്കു താത്പര്യമുള്ള ബിരുദകോഴ്‌സിനു ചേരാനും, ഒന്നാംവര്‍ഷ ബിരുദക്ലാസ്സുകളുടെ കൂടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു വേണ്ട തയ്യാറെടുപ്പ് തുടങ്ങാനും സാധിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായി മറ്റൊന്നില്ല. ഇപ്രകാരം പഠിക്കാന്‍ സാധിച്ചാല്‍ ഡിഗ്രി കഴിയുമ്പോഴേക്കും നല്ലൊരു വൈജ്ഞാനിക അടിത്തറ ലഭിക്കും. പിന്നീട് ഒന്നോരണ്ടോ വര്‍ഷംകൊണ്ട് പരീക്ഷയെഴുതി വിജയിക്കാം.
കോച്ചിങ് വേണോ?
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ 'ഉണ്ട്' എന്നും 'ഇല്ല' എന്നും ഉത്തരം പറയേണ്ടിവരും. ഡല്‍ഹിയിലെ ജെ.എന്‍.യുപോലെ സിവില്‍ സര്‍വീസ് പഠനസംസ്‌കാരമുള്ള ഒരു കലാശാലയില്‍ തനിക്ക് ഏറ്റവും താത്പര്യമുള്ള ഒരു വിഷയത്തില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥിക്ക് ഒരുപക്ഷേ, കോച്ചിങ് ആവശ്യമായി വരില്ല. എങ്ങനെ പഠിക്കണം, ഏതു പുസ്തകങ്ങള്‍ വായിക്കണം എന്നൊക്കെയുള്ള വിവരങ്ങള്‍ കൂട്ടുകാരില്‍നിന്നും ലഭിക്കും. ഒന്നാം ഐച്ഛികവിഷയം ബിരുദവിഷയം തന്നെയാകുമ്പോള്‍ പ്രത്യേക പരിശീലനം ആവശ്യമില്ലായിരിക്കും. രണ്ടാമത്തെ ഐച്ഛികവിഷയം കൂട്ടുകാരുടെയും മറ്റും നോട്ടില്‍നിന്നും അനായാസം പഠിച്ചെടുക്കാവുന്നതേ ഉള്ളൂ എന്നും തോന്നല്‍ വരാം. ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ എഴുതാന്‍ നല്ല പരന്നവായന മതി. ഇത്തരം സാഹചര്യങ്ങളില്‍ കോച്ചിങ്ങിന്റെ സഹായമില്ലാതെതന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുക്കാം.
മറിച്ച്, സിവില്‍ സര്‍വീസസ് പരീക്ഷയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കാത്ത, എന്തു പഠിക്കണം, എങ്ങനെ പഠിക്കണം തുടങ്ങിയ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ ആരുമില്ലാത്ത ഒരു സാഹചര്യത്തിലാണ് ബിരുദപഠനമെങ്കില്‍ കോച്ചിങ് ഉപകാരപ്രദമായേക്കും. കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് അഞ്ചാറുമാസം പഠിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ഏതു രീതിയില്‍ പഠിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നേടാനും സാധിക്കും. പഠനത്തിന് നല്ലൊരു അടിത്തറയിടാനും, ഒരു തുടക്കം നല്കാനും കോച്ചിങ് സെന്ററിലെ അന്തരീക്ഷം സഹായകമാവും. (പഠനത്തിന് ഒരു ദിശ നല്കാനും പരീക്ഷയെപ്പറ്റി മനസ്സിലാക്കാനും പ്രധാന അടിസ്ഥാനവിവരങ്ങള്‍ ലഭിക്കാനുമാണ് കോച്ചിങ് സെന്ററില്‍ ചേര്‍ന്നു പരിശീലനം നേടേണ്ടത് എന്ന കാര്യം ഒരിക്കലും മറക്കരുത്. കാരണം, ഉദ്യോഗാര്‍ഥിയുടെ സ്വപ്രയത്‌നവും ചിട്ടയോടെയുള്ള പഠനവുംകൊണ്ടു മാത്രമേ പരീക്ഷയില്‍ വിജയം കൈവരിക്കാനാവൂ. വിജയത്തിനാവശ്യമായ ക്യാപ്‌സ്യൂളുകള്‍ പ്രതീക്ഷിച്ച് ആരും കോച്ചിങ്ങിന് ചേരരുത്)
നല്ലൊരു അടിത്തറയും പഠനത്തിന് തുടക്കവും നല്കുന്നത് കൂടാതെ ഐച്ഛികവിഷയങ്ങള്‍ പഠിക്കാനും കോച്ചിങ് ആവശ്യമാണ്. എഞ്ചിനീയറിങ് ബിരുദധാരികളും മറ്റും ഡിഗ്രിതലത്തില്‍ പഠിക്കാത്ത വിഷയമായിരിക്കും മിക്കപ്പോഴും ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാറ്. സാധാരണയായി, രണ്ടു പുതിയ വിഷയങ്ങള്‍ ഡിഗ്രി തലത്തില്‍ പഠിച്ചെടുക്കാന്‍ അധ്യാപകരുടെ സഹായം കൂടിയേതീരൂ. ഗുരുമുഖത്തുനിന്നും പകര്‍ന്നുകിട്ടുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തിയാല്‍ ഐച്ഛികവിഷയങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് ബുദ്ധിമുട്ടില്ലാതെ നടത്താം. മറിച്ച്, യാതൊരു ബന്ധവുമില്ലാത്ത ഐച്ഛികവിഷയങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ സ്വയം വായിച്ച് പഠിച്ചെടുക്കാന്‍ സമയമെടുക്കും. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി ധാരണയില്ലാത്തവര്‍ക്ക് നല്ലൊരു അടിത്തറ കെട്ടിയെടുക്കാനും ഐച്ഛികവിഷയങ്ങളില്‍ പ്രാവീണ്യം നേടാനും കോച്ചിങ് ആവശ്യമാണ് എന്നു പറയാം. കോച്ചിങ് സെന്ററുകളില്‍നിന്നും 10% മാത്രമേ ലഭിക്കൂ എന്നും ബാക്കി 90% വും സ്വന്തം പ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറിയാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നാണ് എന്റെ അനുഭവം.
ഐച്ഛികവിഷയം തിരഞ്ഞെടുക്കല്‍
സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവര്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച തീരുമാനം. ചില വിഷയങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും ചിലവ പഠിച്ചാല്‍ മാര്‍ക്കു കിട്ടാന്‍ വിഷമമാണെന്നും മറ്റും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കൂടാതെ, സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍ എന്നിവയും അനുബന്ധവിഷയങ്ങളും എടുത്തുപഠിച്ചാല്‍ വിജയസാധ്യത തീരേയില്ല എന്നും എപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഏതൊക്കെ വിഷയങ്ങള്‍ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണം എന്ന ആശങ്ക സ്വാഭാവികമാണ്. കൂടാതെ റാങ്കു നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മെയിന്‍ പരീക്ഷയില്‍ 2000 മാര്‍ക്കില്‍ 1200 മാര്‍ക്ക് ഐച്ഛികവിഷയങ്ങള്‍ക്കാണ്. ആയതിനാല്‍ വളരെ ശ്രദ്ധയോടെ വിശകലനം ചെയ്തുമാത്രം എടുക്കേണ്ട ഒരു തീരുമാനമാണ് ഐച്ഛികവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു:
1. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളായിരിക്കണം ഓപ്ഷന്‍ ആയി എടുത്തു പഠിക്കേണ്ടത്. ഏകദേശം രണ്ടോ മൂന്നോ വര്‍ഷം ഈ വിഷയങ്ങള്‍ പഠിക്കേണ്ടതായി വന്നേക്കാം. താത്പര്യമില്ലാത്ത വിഷയമാണെങ്കില്‍ ആഴത്തിലുള്ള പഠനം സാധ്യമാവില്ല. കൂടാതെ, സര്‍ഗാത്മകമായി ഉത്തരമെഴുതി ഉയര്‍ന്ന മാര്‍ക്കു നേടാന്‍ വിഷയത്തില്‍ നല്ല താത്പര്യം കൂടിയേ തീരൂ. ഡിഗ്രിതലത്തില്‍ പഠിച്ച വിഷയത്തില്‍ താത്പര്യമില്ല എങ്കില്‍ ആ വിഷയം ഉപേക്ഷിച്ച് മറ്റൊരു വിഷയം ഓപ്ഷണലായി സ്വീകരിക്കുന്നതിന് മടി വേണ്ട. പുതിയൊരു വിഷയം പരീക്ഷയ്ക്കാവശ്യമുള്ള തലത്തില്‍ പഠിച്ചെടുക്കാന്‍ ഏകദേശം ഒരു വര്‍ഷം മതി.
2. സിലബസ്സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുമാണല്ലോ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ ഗുരുക്കന്മാര്‍. ആയതിനാല്‍ താത്പര്യമുള്ള വിഷയങ്ങളുടെ മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സിലബസ്സും ചോദ്യപേപ്പറുകളും വായിച്ചുനോക്കി, സ്വന്തം മനസ്സിന് ഏറ്റവും താത്പര്യവും ആത്മവിശ്വാസവും തോന്നിപ്പിക്കുന്ന വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. ഇപ്രകാരം പഴയ ചോദ്യപേപ്പറുകളിലൂടെ കണ്ണോടിച്ച് പല വിഷയങ്ങളുടെ ചോദ്യങ്ങള്‍ താരതമ്യപ്പെടുത്തി നോക്കിയതിനുശേഷം തീരുമാനമെടുത്താല്‍ മാത്രമേ ഏതു വിഷയമെടുത്താലാണ് എളുപ്പത്തില്‍ പഠിക്കാനും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാനും സാധിക്കുക എന്നു മനസ്സിലാവൂ.
3. സ്വന്തം താത്പര്യവും സിലബസ്സും ചോദ്യപേപ്പറും വിശകലനം ചെയ്ത ശേഷം എടുത്ത തീരുമാനവും അടിസ്ഥാനപ്പെടുത്തിയാണ് ഐച്ഛികവിഷയം തിരഞ്ഞെടുക്കേണ്ടത്. ഈ വിഷയം പഠിച്ച് പരീക്ഷയെഴുതിയാല്‍ നല്ല മാര്‍ക്കു കിട്ടാനുള്ള സാധ്യതകൂടി അന്വേഷിച്ചശേഷം തീരുമാനം ഉറപ്പിക്കാം. എന്റെ അഭിപ്രായത്തില്‍ ഏതു വിഷയം തിരഞ്ഞെടുത്താലും നല്ല മാര്‍ക്കു ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും മുന്‍വര്‍ഷങ്ങളില്‍ ഈ വിഷയം തിരഞ്ഞെടുത്ത് പരീക്ഷയെഴുതി വിജയിച്ചവരോടുകൂടി ചോദിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഭാവിയില്‍ വന്നേക്കാവുന്ന ആശങ്കകള്‍ ദൂരീകരിക്കാനും സഹായിക്കും.
4. കോച്ചിങ്ങിന്റെ ലഭ്യതയും ഐച്ഛികവിഷയം തിരഞ്ഞെടുക്കുന്നതില്‍ ഒരു ചെറിയ ഘടകമായി വന്നേക്കാം. ഉദാഹരണമായി, സംസ്‌കൃതസാഹിത്യമാണ് ഒരു വിദ്യാര്‍ഥിക്ക് ഏറ്റവും താത്പര്യമുള്ള വിഷയങ്ങളിലൊന്ന് എന്നു കരുതുക. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ സംസ്‌കൃതസാഹിത്യത്തിന്റെ സിലബസ് പഠിപ്പിക്കാന്‍ തയ്യാറുള്ള അധ്യാപകര്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ പഠനം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരാം. അപ്പോള്‍, ഒരു നല്ല അധ്യാപകന്റെ ലഭ്യതയും ഐച്ഛികവിഷയത്തിന്റെ തിരഞ്ഞെടുപ്പില്‍ ഒരു വളരെ ചെറിയ സ്വാധീനഘടകമായി വന്നേക്കാം.
കൂടുതലായി വിശദീകരിക്കാന്‍, ഞാന്‍ 'മലയാളസാഹിത്യം' ഒരു ഐച്ഛികവിഷയമായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഇവിടെ പറയാം. 'ഭൂമിശാസ്ത്രം' ഒന്നാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തെ ഓപ്ഷന്‍ 'സോഷ്യോളജി' വേണോ 'പൊളിറ്റിക്കല്‍ സയന്‍സ്' വേണോ അതോ 'മലയാളം' വേണോ എന്ന സംശയം മനസ്സില്‍ നിറഞ്ഞു. സിലബസ് വിശദമായി നോക്കിയപ്പോള്‍ ഇവ മൂന്നിലും താത്പര്യം ജനിച്ചു. ജനറല്‍ സ്റ്റഡീസ് പേപ്പറിനുവേണ്ടി പഠിക്കുന്ന ചരിത്രവും ഭരണഘടനയും രാഷ്ട്രതന്ത്രവുമൊക്കെ 'പൊളിറ്റിക്കല്‍ സയന്‍സി'ല്‍ ഉണ്ട്. അപ്പോള്‍ കൂടുതല്‍ പഠിക്കേണ്ടിവരില്ല എന്നും തോന്നി. കൂടാതെ മെയിന്‍ പരീക്ഷയുടെ ജനറല്‍ സ്റ്റഡിസ് പേപ്പറിനുവേണ്ടി പഠിക്കേണ്ട വിഷയമായ 'മറ്റു രാജ്യങ്ങളുമായി ഉള്ള ഇന്ത്യയുടെ ബന്ധം' പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിക്ക് എളുപ്പമാണ്. 'സോഷ്യോളജി' എന്നെ സംബന്ധിച്ച് പുതിയ വിഷയമാണെങ്കിലും പഠിക്കാന്‍ എളുപ്പവും താത്പര്യം ജനിപ്പിക്കുന്നതുമാണെന്നും തോന്നി. 'മലയാളസാഹിത്യ'ത്തില്‍ സ്വഭാവിക താത്പര്യവും ഉണ്ട്. ഏതു വിഷയം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാന്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വാങ്ങുകയാണ് ഞാന്‍ ആദ്യമായി ചെയ്തത്.
കഴിഞ്ഞ പത്തു വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ പുസ്തകരൂപത്തില്‍ ബുക്സ്റ്റാളുകളില്‍ ലഭ്യമാണ്. 30 രൂപയാണ് ഓരോ ചോദ്യബാങ്കിന്റെയും വില (ഇന്ന് ചോദ്യപേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്). സോഷ്യോളജി, മലയാളസാഹിത്യം, പൊളിറ്റിക്കല്‍ സയന്‍സ്- ഈ മൂന്നു വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ ഞാന്‍ വാങ്ങി. ഇന്റര്‍നെറ്റില്‍നിന്നും സിലബസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു. ചോദ്യങ്ങളും സിലബസ്സും വിശദമായി വിശകലനം ചെയ്തപ്പോള്‍ സംശയങ്ങള്‍ ഓരോന്നായി മാറി. ഏറ്റവും ചെറിയ സിലബസ് മലയാളസാഹിത്യത്തിന്റേതാണ് എന്നും, മറ്റു രണ്ടു വിഷയങ്ങളെക്കാള്‍ എനിക്കേറ്റവും ചേരുന്ന വിഷയം ഇതുതന്നെയാണെന്നും, പഠിച്ചാല്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാന്‍ സാധിക്കുക 'മലയാളസാഹിത്യ'ത്തിലെ ചോദ്യങ്ങള്‍ക്കായിരിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മറ്റു രണ്ടു വിഷയങ്ങള്‍ വേണോ എന്ന ചിന്ത മാറി.
ഇതിനുശേഷം 'മലയാളസാഹിത്യം' ഐച്ഛികവിഷയമായി എടുത്തുപഠിച്ച് പരീക്ഷയെഴുതിയ ഒന്നുരണ്ട് കൂട്ടുകാരോട് ഈ വിഷയത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. സിലബസ് ചെറുതാണെന്നും, ക്രിയേറ്റീവായി ഉത്തരമെഴുതിയാല്‍ വളരെ നല്ല മാര്‍ക്ക് ലഭിക്കുമെന്നും താത്പര്യമുണ്ടെങ്കില്‍ തിരഞ്ഞെടുക്കാമെന്നും അവര്‍ ഉപദേശം നല്കി. തിരുവനന്തപുരത്ത് ഡോ. മിനി നായരും കോട്ടയത്ത് പാലയില്‍ സെന്റ് തോമസ് കോളേജിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയിലും 'മലയാളസാഹിത്യം' പഠിപ്പിക്കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ അറിഞ്ഞപ്പോള്‍ കൂടുതല്‍ ചിന്തിച്ചില്ല, 'മലയാളസാഹിത്യം' എന്റെ രണ്ടാമത്തെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു.
ചില പ്രത്യേക വിഷയങ്ങള്‍ പഠിച്ചാല്‍ മാത്രമേ ഉയര്‍ന്ന റാങ്ക് നേടാന്‍ സാധിക്കൂ എന്ന ധാരണ തെറ്റാണ്. ഉദ്യോഗാര്‍ഥിയുടെ താത്പര്യമായിരിക്കണം വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. താത്പര്യമുള്ള വിഷയം ഓപ്ഷണലായി പഠിച്ചാല്‍ ഉയര്‍ന്ന റാങ്കു നേടാമെന്ന് കാണാന്‍ എന്റെ ബാച്ചിലെ (ഐ.എ.എസ് 2008 ബാച്ച്) ആദ്യ ഇരുപതു റാങ്കുകാര്‍ പഠിച്ച വിഷയങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.
2008ലെ സിവില്‍ സര്‍വീസസ് പരീക്ഷ എഴുതി വിജയിച്ച ആദ്യ ഇരുപത് റാങ്കുകാര്‍ തിരഞ്ഞെടുത്ത ഐച്ഛികവിഷയങ്ങള്‍ താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നല്കിയതു നോക്കുക:


സ്വപ്രേരണയാല്‍ 'സിവില്‍ സര്‍വീസ്' എന്ന ലക്ഷ്യം ഉറപ്പിക്കുകയും പരീക്ഷയെപ്പറ്റി വിശദമായി മനസ്സിലാക്കുകയും ചെയ്താല്‍ പഠനത്തിന്റെ ആദ്യപടി പൂര്‍ത്തിയാകും. ഇഷ്ടമുള്ള വിഷയത്തില്‍ ബിരുദപഠനം നടത്തുകയും ഡിഗ്രി ഒന്നാംവര്‍ഷം മുതല്‍തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുകയുമാണ് പിന്നീടു ചെയ്യേണ്ടത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഓരോ ഘട്ടത്തിനും (ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ) എങ്ങനെ തയ്യാറെടുക്കണമെന്നും ഏതു രീതിയില്‍ നോട്ട് തയ്യാറാക്കണമെന്നും ഏതു പഠനരീതി അവലംബിക്കണമെന്നും മറ്റുമുള്ള വിശദമായ കാര്യങ്ങള്‍ ഇനി വിവരിക്കാം.
എസ്. ഹരികിഷോര്‍ ഐ.എ.എസ്.: 1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. സെന്റ് മേരീസ് കോണ്‍വെന്റ്, പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്‌കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍നിന്നും ഒന്നാം റാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നും ജി. ഇ. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ലക്ചററായി ജോലി ചെയ്തു. 2007-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 14-ാം റാങ്കോടെ വിജയിച്ചു. ഐ.എ.എസ്. തിരഞ്ഞെടുത്ത് കേരള കേഡറില്‍ നിയമനം ലഭിച്ചു. കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍ (ട്രെയിനിങ്), ചെങ്ങന്നൂരില്‍ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വയനാട്ടില്‍ മാനന്തവാടി സബ് കളക്ടര്‍. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍. മാതാവ്: പി.കെ. സരള. സഹോദരന്‍: ഡോ. ശ്രീകിരണ്‍ എസ്. ഭാര്യ: ഗൗരി സരിത ബി. വിലാസം: 'ഹരികിരണം', ഒദയമ്മാടം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍- 670301.
(നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment