ekm432
'ഇന്നാലില്ലാഹി.... ഹസ്സന്‍കുട്ടി മരിച്ചു. നമ്മുടെ അടുത്ത ബന്ധുവാണ്. ആരെങ്കിലും ഒരാള്‍ പോകേണ്ടേ. വീട് കുഗ്രാമത്തിലാണ്. ഞാനൊന്ന് പോയിവരട്ടെ.' ഒരു ഗൃഹനാഥന്‍ ഭാര്യയോട് പറയുന്ന വാക്കുകളാണിത്. ഭാര്യയെയോ മക്കളെയോ കൂട്ടാതെ അയാള്‍ ഒറ്റക്ക് യാത്ര പോകുന്നു. ഹസ്സന്‍കുട്ടി മൂന്നുവര്‍ഷമായി പ്രായാധിക്യവും രോഗവുമായി കഷ്ടപ്പെടുന്നു, പുറമെ ദാരിദ്യവും. ഈ കാലയളവില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഒറ്റത്തവണ പോലും പോകാത്ത ആളാണ് സമ്പന്നനായ ഈ ഗൃഹനാഥന്‍. ഇദ്ദേഹത്തെ കാണാന്‍ ഹസ്സന്‍കുട്ടി വളരെയധികം ആഗ്രഹിച്ചിട്ടുണ്ടാകാം. സാമ്പത്തികമായി സഹായം കിട്ടിയെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ടാവും. അതൊന്നും ചെയ്യാതെ മരണപ്പെട്ടപ്പോള്‍ ഒന്ന് മുഖം കാണിച്ച് തിരിച്ചു പോരുന്നത് ഇസ്‌ലാം വിഭാവന ചെയ്യുന്ന ബന്ധമല്ല. അടുത്ത ബന്ധുവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ഇടക്കിടെ സന്ദര്‍ശിക്കുകയും ബുദ്ധിമുട്ടുള്ള അവസരത്തില്‍ സഹായിക്കുകയും ചെയ്ത്, ഒടുവില്‍ കബറിടം വരെ അനുഗമിക്കുകയും ചെയ്യുന്ന ബന്ധവിശുദ്ധിയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്.

ഒരു യുവതിക്ക് അപകടം പറ്റുന്നു, എല്ലു പൊട്ടി, ഓപറേഷന്‍ കഴിഞ്ഞ് വീട്ടില്‍ കിടക്കുകയാണ്. സംഭവം നടന്ന ദിവസം സഹോദരിമാര്‍, നാത്തൂന്‍മാര്‍, ഇളയച്ചി മൂത്തച്ചിമാര്‍...... അങ്ങനെ നിരവധി പേര്‍ ആശുപത്രിയിലെത്തി. വീട്ടില്‍ കൊണ്ടുവന്ന ദിവസവും കുറേപേര്‍ വന്നു. ചെറിയ കുട്ടികളും ഭര്‍ത്താവുമല്ലാതെ മറ്റാരും വീട്ടിലില്ല. ഭര്‍ത്താവ് ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ പരമാവധി സഹായിക്കും. പകല്‍സമയത്ത് ഈ യുവതി ഒറ്റക്കാണ്. മുകളില്‍ പറഞ്ഞ ബന്ധുക്കളില്‍ പലരും സര്‍ക്കാര്‍ ജോലിക്കാര്‍. അക്കാരണം പറഞ്ഞ് അവരാരും ഇവളുടെ അടുത്ത് പരിചരിക്കാന്‍ വരുന്നില്ല. പരിക്കു പറ്റിയ ഈ യുവതിയെയും അവളുടെ മാതൃ-പിതൃ കുടുംബങ്ങളെയും അമ്മാവന്‍മാരെ വരെ പല കല്ല്യാണങ്ങള്‍ക്കും ക്ഷണിച്ചവരാണ് അവരില്‍ പലരും. എന്താ കാരണം? ബന്ധുക്കളല്ലേ, അവരുടെ കുടുംബങ്ങളെയെല്ലാം കല്ല്യാണത്തിന് വിളിക്കലല്ലേ സ്‌നേഹം, എന്നാണ് അവര്‍ കാരണം പറയാറ്. അങ്ങനെ ക്ഷണിച്ച് സ്‌നേഹം കാണിച്ചവര്‍ ബുദ്ധിമുട്ടിന്റെ അവസരത്തില്‍, സഹായത്തിന് ദാഹിച്ച സമയത്ത് എന്തു ചെയ്യേണ്ടിയിരുന്നു?

അടുത്ത ബന്ധത്തില്‍ പെട്ട സ്ത്രീകള്‍ ഒന്ന് കൂടിയിരിക്കുക. ഇവള്‍ക്കു വേണ്ടി രണ്ട് ലീവ് ഓരോരുത്തരും എടുക്കുമെന്ന് തീരുമാനിക്കുക. പത്തു പേരുണ്ടെങ്കില്‍ ഇവള്‍ക്ക് ഇരുപത് ദിവസത്തെ പരിചരണം കിട്ടും. ഒഴിവു ദിവസങ്ങളും ഇതേ പോലെ ഊഴമിടുക. ഇതാണ് സ്‌നേഹം. കല്ല്യാണക്ഷണം ബന്ധുക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നല്ല. ബന്ധത്തില്‍ പെടാത്ത പരിചിതരെയും നാം ക്ഷണിക്കും. ബന്ധുവിനും ബന്ധുവല്ലാത്തവനും അവിടെ ഭക്ഷണത്തിലോ സ്വീകരണത്തിലോ വ്യത്യാസമില്ല. ആയിരത്തിലെയോ രണ്ടായിരത്തിലെയോ ഒരാളാണ് പങ്കെടുക്കുന്ന ഈ ബന്ധു. സ്‌നേഹം ആ ക്ഷണത്തിലല്ല കാണേണ്ടത്. പരിക്കുപറ്റി ടോയ്‌ലെറ്റില്‍ പോകാന്‍ പോലും പരസഹായം ആവശ്യമായ ആ ഘട്ടത്തില്‍ ഊഴം നിശ്ചയിച്ച് സേവനം ചെയ്യുന്നിടത്തെക്ക് വളരണം.

വിളിപ്പാടകലെയുള്ള വീട്ടില്‍ മൂത്ത സഹോദരിയോ അമ്മായിയോ നാത്തൂനോ ഉണ്ടെന്നും അവിടെ രണ്ടോ മൂന്നോ മരുമക്കളുണ്ടെന്നും സങ്കല്‍പിക്കുക. എങ്കില്‍ ഗൃഹനാഥക്ക് രണ്ടാലൊന്ന് ചെയ്യാം. മരുമക്കള്‍ വീട്ടിലുള്ളതിനാല്‍ വീട്ടുജോലി അവരെ ഏല്‍പിച്ച്, പരിക്കു പറ്റിയ ബന്ധുവിനെ പരിചരിക്കാന്‍ പോവുക. അല്ലെങ്കില്‍ മരുമക്കളെ മാറിമാറി പരിചരണത്തിനയക്കുക.

ബന്ധുവിന്റെ വേദന നമ്മുടെ വേദനയാവണം. ഇപ്പറഞ്ഞ രീതികയില്‍ സേവനം ചെയ്യുമ്പോഴേ ആ വേദന നമ്മുടെ വേദനായാവുകയുള്ളൂ. നബി(സ) ഇതിന് ഒരുദാഹരണം പറഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ ഒരു ഭാഗത്ത് മുള്ളുതറക്കുകയോ കുരു ഉണ്ടാവുകയോ ചെയ്താല്‍ ആ വേദന സഹിക്കാന്‍ ശരീരം മൊത്തമുണ്ടാകും. അതുപോലെ ബന്ധുവിന്റെ വേദന ബന്ധുക്കളുടെ വേദനയായിത്തീരണം.
By: 

ഇ.കെ.എം പന്നൂര്