Tuesday, May 13, 2014

പാഠം ഒന്ന് ; വെറുപ്പിക്കല്‍




shuuppp
ക്ഷണിക്കാത്ത വീട്ടിലേക്കു കയറിവന്ന പരിചിതന്‍ വീട്ടുകാരനോട് 'ഹോ പെയിന്റിംഗ് കഴിഞ്ഞു അല്ലേ, നിങ്ങള്‍ക്ക് ഇതല്ലാതെ വേറെ പെയിന്റൊന്നും കിട്ടിയില്ലേ?'
പെയിന്റിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഈ വര്‍ത്തമാനം. ഇതുകൊണ്ട് സംസാരിക്കുന്നവനോ വീട്ടുടമക്കോ ഒരു പ്രയോജനവുമില്ല. വീട്ടുകാരന്‍ ഈ സംസാരം കേട്ട് വീണ്ടും പെയിന്റിംഗ് നടത്താന്‍ പോകുന്നില്ലല്ലോ. വിവിധി വീടുകളുടെ പെയിന്റിംഗ് നോക്കി, കമ്പ്യൂട്ടറില്‍ കളര്‍ മിക്‌സിംഗ് കണ്ട് തൃപ്തിപ്പെട്ടാണ് ഈ കളര്‍ തെരെഞ്ഞെടുത്തത്. അതില്‍ പൂര്‍ണ സംതൃപ്തനുമാണ്. തന്റെ അഭിപ്രായം മാനിച്ച് വീട്ടുകാരന്‍ പെയിന്റിംഗ് മാറ്റുമെന്ന് വിചാരിച്ചു കൊണ്ടല്ല മേല്‍പരഞ്ഞ 'വിദഗ്ദ അഭിപ്രായം' പരിചയക്കാരന്‍ പ്രകടിപ്പിച്ചത്. അതുകൊണ്ട് ഇഹലോകത്തോ പരലോകത്തോ അയാള്‍ക്ക് നേട്ടമില്ല. പക്ഷെ, ചിലര്‍ക്ക് ഇങ്ങനെ കുറ്റം പറഞ്ഞാല്‍ മനസ്സിന് വല്ലാത്ത സുഖമാണ്.

വീട്ടുകാരന്‍ ഒന്നും പ്രതികരിക്കാതിരിക്കുന്നത് കണ്ട് അയാള്‍ വീണ്ടും നാവനക്കി. 'അല്ലാ, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ മറ്റൊരു കളര്‍ ആകാമായിരുന്നുവെന്ന്.'
'ചങ്ങാതീ, നിന്റെ ഭാര്യയെ നീ തെരെഞ്ഞെടുത്തത് നീ പോയി കണ്ട്, തൃപ്തിപ്പെട്ടിട്ടല്ലേ? അവളെക്കണ്ട് ഞാന്‍ ഇങ്ങനെ ചോദിച്ചാലോ? 'ഈ നാട്ടില്‍ വേറെ പെണ്ണില്ലായിരുന്നോ? എന്തെ ഭംഗിയില്ലാത്ത ഇവളെ തെരെഞ്ഞെടുത്തു?' എന്റെ കുറ്റം പറച്ചില്‍ കേട്ട് നീ നിന്റെ ഭാര്യയെ തലാഖുചൊല്ലി മറ്റൊരുവളെ കല്ല്യാണം കഴിക്കുമോ?'
ഇത്തരം വെറുപ്പിക്കല്‍ കലാകാരന്‍മാര്‍ക്കുള്ള ചികിത്സ ഈ രീതിയില്‍ തന്നെയായിരിക്കണം. നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടക്കാന്‍ വന്നവനോട്, അവന്റെ സ്ഥിരം പണിയാണിതെന്ന് മനസ്സിലാക്കിയ പിതാവ് പ്രതിശ്രുത വരനെ കുറിച്ചുള്ള എല്ലാ കുറ്റങ്ങളും ശ്രദ്ധിച്ചു കേട്ട ശേഷം ചോദിച്ചു: 'അല്ലാ, ചെറുക്കന് ലൈംഗികാവയവം ഇല്ലേ? അതന്വേഷിച്ചു വാ... അതുണ്ടെങ്കില്‍ ഞാന്‍ കല്യാണം നടത്തും. ഇല്ലെങ്കിലേ മറിച്ച് ആലോചിക്കുകയുള്ളൂ.'

ഇങ്ങനെ മുഖത്തടിക്കുന്ന നാലു പ്രതികരണങ്ങള്‍ വിവിധ വ്യക്തികളില്‍ നിന്ന് കിട്ടിയാല്‍ ഇത്തരം വെറുപ്പിക്കല്‍ കലാകാരന്‍മാര്‍ അല്‍പം പത്തിമടക്കിയെന്ന് വരും.

വീട്ടില്‍ വിരുന്നിനെത്തുന്ന സ്ത്രീകള്‍ വിവഭവങ്ങല്‍ വയറുനിറയെ തിന്ന ശേഷം, അതില്‍ ഏതെങ്കിലും ഒന്നിന് അല്‍പം രുചിക്കുറവുണ്ടെന്ന് തോന്നിയാല്‍ അതുമാത്രം എടുത്തു പറയും. ഉദാഹരണം: 'ചമ്മന്തി തീരെ നന്നായില്ല.'

നന്നായ പലതും അവള്‍ വേണ്ടതിലധികം കഴിച്ചിട്ടുണ്ട്. അവയെ കുറിച്ച് ഒരു പ്രശംസയും പറഞ്ഞില്ല. അവളുടെ രോഗം മനസ്സിലാക്കി ഗൃഹനായിക ഒന്നു ചികിത്സിച്ചു. അത് ഇങ്ങനെ, 'അയ്യോ, കഷ്ടം. നിങ്ങള്‍ക്ക് ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ലല്ലോ. ഞാന്‍ വേഗം കുറച്ചു കഞ്ഞിവെച്ചു തരാം.' വെറുപ്പിക്കുന്നവര്‍ക്ക് ആത്മപരിശോധന നടത്താന്‍ ഈ പ്രതികരണം തന്നെ ധാരാളം.

ഇതെന്തിന് ഇവിടെ കുറിക്കുന്നു? നമുക്ക് നമ്മെ മനസ്സിലാക്കാന്‍ തന്നെ. തന്റെ വാക്ക് അന്യരില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന് സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കണം. മനുഷ്യര്‍ ഭിന്ന താല്‍പര്യക്കാരാണ്, വസ്ത്രത്തിന്റെ നിറം, വീടിന്റ നിറം, ഇണയുടെ രൂപം, ഭക്ഷണത്തിന്റ രുചി, വാഹനത്തിന്റെ നിറവും വലുപ്പവും - അങ്ങനെ എല്ലാറ്റിലും താല്‍പര്യങ്ങള്‍ വ്യത്യാസപ്പെടുന്നു. അതില്‍ നാം ഇടപെടരുത്. ഇടപെടുന്നതുകൊണ്ട് പ്രയോജനമില്ല. നഷ്ടമുണ്ട് താനും. അപരന്റെ വെറുപ്പ് ഒരു കാര്യവുമില്ലാതെ നേടുക എന്ന നഷ്ടം.

നേരത്തെ സല്‍ക്കാരത്തിലെ ചമ്മന്തിയെ കുറ്റം പറഞ്ഞവള്‍ക്ക് നല്ലത് പറയാന്‍ ഒരുപാടുണ്ടായിരുന്നു. ബിരിയാണി വളരെ നന്നായി, ഇറച്ചി വരട്ടിയത് സൂപ്പര്‍, ആവോലി പൊരിച്ചത് ഗംഭീരം എന്നിങ്ങനെ. ഒരു ചമ്മന്തിയെ കുറിച്ചുള്ള കുറ്റമേ അവള്‍ക്ക് പറയാനുള്ളൂ, കഷ്ടം!

പ്രശംസിക്കേണ്ടതിനെ പ്രശംസിക്കല്‍ സല്‍ക്കര്‍മമാണ്. സല്‍ക്കാരം നടത്തുമ്പോള്‍ വീട്ടുകാരിക്കാണ് ഏറ്റവും വലിയ ടെന്‍ഷനുണ്ടാവുക. വലിയ തുകമുടക്കി കാലത്ത് മൂന്നുമണിക്കെഴുന്നേറ്റ് ഉച്ചവരെ അവള്‍ കഠിന ജോലിയെടുത്താണ് വിഭവങ്ങള്‍ തയ്യാറാക്കിയതും ഒരുക്കിയതും. അത് ഭക്ഷിച്ച് ആളുകള്‍ സംതൃപ്തിയോടെ എഴുന്നേല്‍ക്കുമ്പോഴേ അവളുടെ ടെന്‍ഷന്‍ മാറുകയുള്ളൂ. ഇതെല്ലാം ചിന്തിച്ചിട്ടു വേണം നാം പ്രതികരിക്കാന്‍. നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റം പറയുമായിരുന്നില്ല. അനാവശ്യമായ വര്‍ത്തമാനം ഒരു വിഷയത്തിലും ആ തിരുനാവില്‍ നിന്ന് ആരും കേട്ടിട്ടില്ല. നാം നാവിനെ നിയന്ത്രിക്കുക. അതു സാധ്യമാകണമെങ്കില്‍ മനസ്സിനെ നിയന്ത്രിക്കണം.


BY: ഇ.കെ.എം പന്നൂര്

No comments: