Saturday, August 27, 2016

സ്ത്രീകളുടെ കുറവുകളെ ബുദ്ധിപരമായി സമീപിക്കാം



ഭാര്യമാര്‍ പല പ്രകൃതക്കാരുണ്ടാവും. ചടുലമായി കാര്യങ്ങള്‍ ചെയ്ത് എല്ലാറ്റിലും ഇടപെടുന്നവരായിരിക്കും ചിലര്‍. ഒഴിവു സമയത്തെ കുറിച്ച് ആവലാതിപ്പെടുന്നവരാണ് മറ്റു ചിലര്‍. അമിതവാശിയാണ് ചിലരുടെ പ്രശ്‌നമെങ്കില്‍ വാതോരാതെയുള്ള സംസാരമാണ് മറ്റു ചിലരുടെ പ്രശ്‌നം. ദമ്പതികള്‍ക്കിരുവര്‍ക്കും പ്രയാസമില്ലാതെ എങ്ങനെ അവയെ സമീപിക്കാം?

ഈ വിഷയവുമായി ബന്ധപ്പെട്ട നാല് സംഭവ കഥകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. 
ചടുലമായി ജോലികളെല്ലാം ചെയ്യുകയും അല്‍പം മാത്രം വിശ്രമിക്കുകയും ചെയ്യുന്ന ഭാര്യയുടേതാണ് ഒന്നാമത്തേത്. വീട്ടുജോലികളും തന്റെ ഉത്തരവാദിത്വങ്ങളും കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം തുടങ്ങിയ കാര്യങ്ങളും വിജയകരമായി ചെയ്തു തീര്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം തന്നെ ഭര്‍ത്താവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഒന്നുകില്‍ ഫോണ്‍ ചെയ്‌തോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളിലൂടെയോ അത് ചെയ്യുന്നു. അതേ സമയം അവളുടെ ഭര്‍ത്താവ് സംസാരത്തിലും ചലനങ്ങളിലുമെല്ലാം തണുപ്പന്‍ പ്രകൃതക്കാരനും വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. കുട്ടികളോടും വീട്ടുകാരോടും കൂട്ടുകാരികളോടുമുള്ള അവളുടെ വേഗത്തിലുള്ള ഇടപെടലും നിരന്തരം അവരുമായും തന്നോടും സമ്പര്‍ക്കം പുലര്‍ത്തുന്നതും വീടിനെയും കുട്ടികളെയും നശിപ്പിച്ചു കളയുമോ എന്ന തോന്നലിലേക്ക് അതയാളെ എത്തിക്കുകയാണ്. അങ്ങനെ അവളുടെ ഇടപഴകലിന്റെ ശൈലി മാറ്റാന്‍ അയാള്‍ തീരുമാനിച്ചു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളും ഹോബികളും എന്താണെന്ന് അയാള്‍ പഠിച്ചു. വസ്ത്രങ്ങള്‍ അവള്‍ക്ക് ഏറെ ഇഷ്ടമാണെന്ന് അയാള്‍ കണ്ടെത്തി. തനിക്ക് മേലുള്ള സമ്മര്‍ദം കുറക്കുന്നതിന് ഒരു കച്ചവട സ്ഥാപനം തുടങ്ങാള്‍ അയാള്‍ അവളെ പ്രേരിപ്പിച്ചു. അവളുടെ ശ്രദ്ധ തന്നില്‍ നിന്നും കച്ചവട കാര്യങ്ങളില്‍ വ്യാപൃതമാക്കുന്നതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന ഒരാളുടേതാണ് രണ്ടാമത്തെ അനുഭവം.
 അയാളും ഭാര്യയും വിദേശത്താണ്. അവര്‍ക്ക് മക്കളില്ല. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഒഴിവു സമയത്തെ കുറിച്ച് ഏറെ പരാതിപ്പെടുന്നവളാണ് അവള്‍. ഭര്‍ത്താവ് തന്റെ പഠനവുമായി ബന്ധപ്പെട്ട തിരിക്കിലാണ് എപ്പോഴും. അയാള്‍ തുടര്‍പഠനം നടത്താനോ മറ്റേതെങ്കിലും കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനോ അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് പഠിക്കുന്നതിനോടൊന്നും താല്‍പര്യമില്ല. പഠനത്തെക്കാളും വായനയേക്കാളും അവള്‍ക്കിഷ്ടം കായികമായ പ്രവര്‍ത്തനങ്ങളോടാണ്. എന്നാല്‍ അയാള്‍ അത് ബുദ്ധിപരമായി പരിഹരിച്ചു. തന്നോടൊപ്പം പഠിക്കുന്ന ആ പ്രദേശത്തെ പ്രവാസി കുടുംബങ്ങളെ ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അത്. തന്റെ ഭാര്യക്കും മറ്റ് പ്രവാസി ഭാര്യമാര്‍ക്കും ഇടയില്‍ നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ ശ്രമിച്ചു. അവര്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങി. അതിലൂടെ നിത്യവും കേട്ടിരുന്ന ആവലാതിക്ക് പകരം കൂട്ടുകാരികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അവള്‍ പറഞ്ഞു.

വളരെ രസകരമാണ് മൂന്നാമത്തെ കഥ. 
ഒരാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, അയാളുടെ ഭാര്യ നല്ല സ്‌നേഹവതിയാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ നിരന്തരം അതിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന അവളുടെ സ്വഭാവത്തെ ചികിത്സിച്ചത് കൂടുതല്‍ പ്രജനനം നടത്തിയാണ്. ഇതുകേട്ട് ചിരിച്ചു കൊണ്ട് അതെങ്ങനെയാണെന്ന് ഞാന്‍ അന്വേഷിച്ചു. അയാള്‍ പറഞ്ഞു: കൂടുതല്‍ പ്രജനനം നടത്തി എന്റെ വീട്ടിലെ രണ്ട് പ്രശ്‌നങ്ങളാണ് ഞാന്‍ പരിഹരിച്ചത്. ഒന്ന്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെങ്കില്‍ അതാവശ്യപ്പെട്ട് അതിന് നിര്‍ബന്ധിച്ച് കൊണ്ടേയിരിക്കുന്ന ഭാര്യയുടെ സ്വഭാവം. രണ്ട്, കുട്ടികളോടുള്ള എന്റെ സ്‌നേഹം. കുട്ടികളുടെ പരിചരണം, പഠനം, ചികിത്സ തുടങ്ങിയ തിരക്കുകളില്‍ ഭാര്യ വ്യാപൃതയായപ്പോള്‍ അയാള്‍ക്ക് മേലുള്ള സമ്മര്‍ദം കുറഞ്ഞു.

സ്ത്രീകളുടെ പ്രധാന പത്ത് ന്യൂനതകളെ കുറിച്ച് പറയുന്ന ഒരു പഠനം ഞാന്‍ വായിച്ചതോര്‍ക്കുന്നു. അതില്‍ ഒന്നാമതായി പറയുന്നത് അമിതവാശിയാണ്. സ്‌ത്രൈണ ഭാവത്തെ പരിഗണിക്കാതിരിക്കല്‍, ധൂര്‍ത്ത്, വീടിനെ അവഗണിക്കല്‍, അധികാര മോഹം, അമിത സംസാരം, മാതാവില്‍ നിന്ന് സ്വതന്ത്രയാവാതിരിക്കല്‍, അലങ്കാരങ്ങളിലെ അമിതത്വം, സംശയവും അസൂയയും, വെറും വര്‍ത്തമാനം പറയല്‍ തുടങ്ങിയവയാണവ. ഗവേഷക സംഘം ആളുകളെ കണ്ട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ മറുപടികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനമാണിത് പറയുന്നത്.

പുരുഷന്‍മാരുടെ പത്ത് പ്രധാന ന്യൂനതകളെ കുറിച്ച് ഏതെങ്കിലും സംഘം പഠനം നടത്തിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്. ഒരു ന്യൂനതയും ഇല്ലാത്ത ഒരു മനുഷ്യനും ഇല്ലെന്നുള്ളത് പ്രധാന വസ്തുതയാണ്. എന്നാല്‍ മറ്റുള്ളവരുടെ ന്യൂനതകളോടും കുറവുകളോടും ബുദ്ധിപരമായി സമീപിക്കാനുള്ള കഴിവാണ് നാം നേടിയെടുക്കേണ്ടത്. അത് ഭാര്യയാവാം, കൂട്ടുകാരനാവാം സഹോദരനാവാം. നാലാമത്തെ ഒരു സംഭവം കൂടി ഞാന്‍ വിവരിക്കാം. ഭാര്യയുടെ അമിതമായ സംസാരത്തിന് ചികിത്സ നല്‍കാന്‍ അവളെ അധ്യാപന രംഗത്തേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച ഒരാളെ എനിക്കറിയാം. അവളുടെ സംസാരത്തിന്റെ ആധിക്യം കാരണം എനിക്ക് തലപെരുക്കുമായിരുന്നു. അവളുടെ മാനേജ്‌മെന്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സ്‌കൂളില്‍ പഠിപ്പിപ്പിക്കുന്ന ജോലിക്ക് പോകാന്‍ ഞാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അധ്യാപന ജോലി ചെയ്യാന്‍ തുടങ്ങിയ അവള്‍ വളരെ ശാന്തമായിട്ടായിരുന്നു പിന്നീട് വീട്ടില്‍ പെരുമാറിയിരുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ പിന്നീട് അവള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കാരണം മനസ്സിലാകാത്ത കുട്ടികള്‍ക്ക് വേണ്ടി ആയിരം തവണ ക്ലാസുകള്‍ ആവര്‍ത്തിക്കാന്‍ തയ്യാറായിരുന്ന അവളുടെ സംസാരത്തോടുള്ള താല്‍പര്യം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ പൂര്‍ത്തീകരിച്ചു.

By: Jasim Muthawwa വിവ: നസീഫ്‌

No comments: