Saturday, August 15, 2020

മുഖങ്ങൾ പ്രകാശപൂരിതമാവട്ടെ!!!!!

 പണ്ട്, എന്ന് വെച്ചാൽ 30 കൊല്ലം മുമ്പ് ഗവ: കോളേജ് കാസർഗോഡിൻ്റെ പ്രധാന ഇടനാഴിയിൽ തൂക്കിയിരിക്കുന്ന ഭീമാകാരനായ നിലവിളക്കിനടിയിൽ നിന്ന് മുഷ്ടി ചുരുട്ടി  നിരവധി തവണ നീട്ടി മുദ്രാവാക്യം  വിളിച്ചിട്ടുണ്ട്..


തോറ്റിറ്റിട്ടില്ലാ, തോറ്റിട്ടില്ലാ

തോറ്റ ചരിത്രം കേട്ടിട്ടില്ലാ

കേട്ട ചരിത്രം തോറ്റതുമല്ലാ


അന്നൊന്നും അതിൻ്റെ വരികൾക്കിടയിലെ അർത്ഥം അറിഞ്ഞിരുന്നില്ല എന്നത് യാഥാർത്ഥ്യം.


കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് മുൻ കാലങ്ങളിൽ നേരിട്ട പരാജയങ്ങളുടെ രുചി എന്താണെന്നറിഞ്ഞതും, തോൽവികൾ ഒന്നിൻ്റെയും അവസാനമല്ല എന്ന് തിരിച്ചറിഞ്ഞതും.


പരാജയങ്ങളുണ്ടാകുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടുപിടിക്കുവാന്‍ നമ്മളിൽ പലരും മിനക്കെടാറില്ല. പലപ്പോഴും ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുവാനാണ് പലരുടെയും ശ്രമങ്ങൾ.


ഒരു ചെറിയ കഥ പറയട്ടെ...

ഒരിക്കല്‍ ഒരു മദ്ധ്യവയസ്കനായ യുവാവ് തെരുവ് വിളക്കിന്‍റെ വെളിച്ചത്തില്‍ തന്‍റെ വീടിന്‍റെ വെളിയിലായി എന്തോ തിരയുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഒരു അപരിചിതന്‍ അയാള്‍ എന്താണ് തിരയുന്നതെന്ന് ചോദിച്ചു.


“തന്‍റെ വീടിന്‍റെ നഷ്ടപ്പെട്ട താക്കോല്‍ തിരയുകയാണ്” എന്നായിരുന്നു ആ യുവാവിൻ്റെ മറുപടി.


ഞാനും സഹായിക്കാൻ കൂടാമെന്നു പറഞ്ഞ് ആ അപരിചിതനും അയാളോടൊപ്പം താക്കോല്‍ തപ്പുവാന്‍ തുടങ്ങി. 

ഏകദേശം അരമണിക്കൂറോളം തപ്പിയിട്ടും താക്കോല്‍ കിട്ടാതെ വന്നപ്പോള്‍ അപരിചിതന്‍ അയോളോട് ചോദിച്ചു.


“എവിടെ വച്ചാണ് നിങ്ങള്‍ക്ക് താക്കോല്‍ നഷ്ടപ്പെട്ടത്”?


"ങേ... അതോ

വീട്ടിനുള്ളില്‍ വച്ച്” ആ യുവാവ് മറുപടി നല്കി.


“പിന്നെയെന്തിനാണ് നിങ്ങള്‍ ഈ തെരുവ് വിളക്കിന് കീഴില്‍ തപ്പുന്നത്?” അപരിചിതന്‍ ദേഷ്യമടക്കി ചോദിച്ചു.


“ങേ അതോ, എന്‍റെ വീട്ടിനുള്ളില്‍ വെളിച്ചമില്ല. അതുകൊണ്ട് ഞാന്‍ വെളിച്ചമുള്ളിടത്ത് തപ്പി നോക്കുന്നു.” 

ആ മദ്ധ്യവയസ്ക യുവാവ് വളരെ കൂളായി മറുപടി നല്കി.

രണ്ടാളും രണ്ട് വഴിക്ക് യാത്ര പോയി.......


പലപ്പോഴും ഈ മദ്ധ്യവയസ്ക യുവാവിനെപ്പോലെയാണ് ജീവിതത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോള്‍ നമ്മളും പെരുമാറുന്നത്.


നമ്മുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ളിലേക്ക് നോക്കാതെ, പ്രശ്നങ്ങള്‍ക്കു വെളിയില്‍ തപ്പിത്തിരിയുന്ന അവസ്ഥയിലാണ് ബഹുഭൂരിപക്ഷം പേരും.


ജീവിതം നമുക്ക് പരാജയങ്ങള്‍ സമ്മാനിക്കുമ്പോള്‍ താഴെ പറയുന്ന ആറ് കാര്യങ്ങളോര്‍മ്മിക്കുക.


1. ഞാന്‍ സമാനതകളില്ലാത്ത വ്യക്തിയാണ്.... എന്നെപ്പോലെ ഈ ലോകത്തില്‍ ഞാന്‍ മാത്രമേയുള്ളൂ....

 (ലോകത്തില്‍ ഒരു വ്യക്തിക്കും നിങ്ങള്‍ നല്കുന്ന അതേ സംഭാവന ലോകത്തിനു നല്കാന്‍ കഴിയില്ല. വ്യത്യസ്തനായ നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.)


2. നിങ്ങളുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുക....

 (ഏതൊരു വ്യക്തിയിലും ഒരുപാട് നല്ല ഗുണങ്ങളുണ്ട്. ചിലര്‍ മികച്ച ഗായകരാകാം, ചിലര്‍ നല്ല എഴുത്തുകാരാകാം. ചിലർ പരിശീലകരാകാം... ഇത്തരത്തില്‍ നമ്മുടെയുള്ളിലെ നാം ഇഷ്ടപ്പെടുന്ന ആ നല്ല ഗുണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വിജയങ്ങള്‍ കൊയ്യുക.)


3. മനസ്സില്‍ ദൃഢപ്രതിജ്ഞ ചെയ്യുക.... പരാജയങ്ങളുണ്ടാകുമ്പോള്‍ നിരാശയില്‍ വീഴാതെ നിങ്ങള്‍ സ്വയം പറയുക. ഞാന്‍ കഴിവുള്ളയാളാണ്, മറ്റുള്ളവര്‍ എന്നെ ഏറെ സ്നേഹിക്കുന്നു. 

(ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കുവാന്‍ എനിക്ക് സാധിക്കുമെന്ന് സ്വയം പ്രതിജ്ഞ ചെയ്യണം, മറ്റുള്ളവർ വിചാരിച്ചാൽ നിങ്ങളുടെ ജീവിതം നന്നാക്കാനാവില്ല)


4. സ്വയം ക്ഷമിക്കുവാന്‍ തയ്യാറാവുക ....

 കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാലത്തില്‍ സംഭവിച്ച തെറ്റുകള്‍ക്ക് സ്വയം കുറ്റപ്പെടുത്തി സമയം നഷ്ടപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് തിരിച്ചറിയുക.


5. പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ വായിക്കുക.. ജീവിതത്തില്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍വെട്ടം മനസ്സില്‍ പ്രകാശിച്ചാല്‍പോലും അതിനെ ഊതിക്കെടുത്തുവാന്‍ നമ്മുടെയുള്ളിലെ നിഷേധാത്മക ചിന്തകള്‍ക്ക് സാധിക്കും. അതിനാല്‍ പ്രചോദനമേകുന്ന പുസ്തകങ്ങള്‍ വായിച്ച് സ്വയം പ്രചോദിതരാകുക.

മത ഗ്രന്ഥങ്ങളിലും പ്രചോദിത വാക്കുകളുണ്ട് എന്നറിയുക.


6. നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തുക....

 നിങ്ങളെ നന്നായി അറിയുന്നത് നിങ്ങള്‍ക്ക് മാത്രമാണ്. പരാജയത്തിന്‍റെ മഞ്ഞുപെയ്യുമ്പോള്‍ സൗജന്യ ഉപദേശം തരാന്‍ ധാരാളം ആളുകളുണ്ടാകാം. അപ്പോള്‍ എവിടെയാണ് അവസരം കണ്ടെത്തേണ്ടതെന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്.


 കടമ്മനിട്ടയുടെ വരികളെ നമ്മളൊന്ന് ഓർത്തെടുക്കുക 

നിങ്ങളോർക്കുക,

 നിങ്ങളെങ്ങനെ

നിങ്ങളായെന്ന്


തോൽവികൾ നിരാശപ്പെടാനുള്ളതല്ല, 

വിജയത്തിൻ്റെ പടവുകൾ ഓരോന്നായി ചാടിക്കയറാനുള്ള നിമിത്തങ്ങളാണ്. നിങ്ങൾക്കും നിങ്ങളെ ആശ്രയിക്കുന്നവർക്കും അതിനാവട്ടെ. 

മുഖങ്ങൾ പ്രകാശപൂരിതമാവട്ടെ.

അറിയുക

 അറിയണം....


പ്രവര്‍ത്തിക്കുന്നവര്‍ക്കേ പരാജയങ്ങളുണ്ടാകൂ.

തന്‍റെ കഴിവുകള്‍ വിനിയോഗിക്കാതെ വെറുതെ വീട്ടിലിരിക്കുന്ന വ്യക്തികള്‍ക്കു പരാജയങ്ങളുണ്ടായി എന്നു വരില്ല.


ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പരാജയം സംഭിച്ചിട്ടില്ല എന്ന് ഏതെങ്കിലുമൊരു വ്യക്തി പറയുകയാണെങ്കില്‍ ലോകത്തില്‍ ഏറ്റവും വലിയ വിഡ്ഢിയായിരിക്കും അയാള്‍.


നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ നാം പലപ്പോഴും വിലയിരുത്തുന്നതു നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യവുമായി ബന്ധപ്പെടുത്തിയാണ്. 


എന്നാല്‍ ഇന്നു നമുക്കു സംഭവിച്ചുവെന്നു നാം കരുതുന്ന പരാജയങ്ങള്‍ നാളെകളില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കേണ്ട മഹാവിജയത്തിന് അനിവാര്യമായിരിക്കാം.


പരാജയം ഒന്നിന്‍റെയും അവസാനമല്ല; 

മറിച്ച് ആരംഭമാണെന്നു മനസ്സിലാക്കുക.


ഇതാണ് ഒരു കരിയർ ഗൈഡ് പറഞ്ഞ് കൊടുക്കേണ്ടത്.

വഴികാട്ടിയാവണം
ഒരു കരിയർ ഗൈഡ്,
വഴിമുടക്കിയാവരുത്.

നിങ്ങളുടെ കരിയർ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലെത്തണമെങ്കിൽ, നിങ്ങൾ SMART ആവണം

 നിങ്ങളുടെ സ്വപ്നം സഫലമാകണമെങ്കില്‍ നിങ്ങളുടെ ലക്ഷ്യവും സ്മാര്‍ട്ടായിരിക്കണം...

S M A R T....


1. SPECIFIC: നേടേണ്ടതെന്തെന്നു (ലക്ഷ്യത്തെ) കൃത്യമായി നിര്‍വചിക്കണം.


2. MEASURABLE: 

ലക്ഷ്യം അളന്നു തിട്ടപ്പെടുത്തുന്നതായിരിക്കണം.


3. ACCOUNTABLE:

 സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിപൂര്‍ണ ഉത്തരവാദിത്വം എന്നിലാണ് എന്ന് സ്വയമറിയണം


4. REALISTIC: 

സ്വപ്ന സാക്ഷാൽക്കാര ലക്ഷ്യങ്ങള്‍ നിങ്ങൾക്ക് നേടിയെടുക്കാനാവുന്നതായിരിക്കണം.


5. TIMEBOUND: സ്വപ്നസാക്ഷാത്കാര ലക്ഷ്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കണം


ഇതിന് ഗൈഡ് ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾക്കാവും, നിങ്ങളുടെ അധ്യാപകർക്കാവും, 


പരിചിത സമ്പന്നനായ കരിയർ ഗൈഡിനാവും. 


അവരുടെ സഹായത്തോടെ ലക്ഷ്യത്തെ പൂർണ്ണതയിലെത്തിക്കാൻ ശ്രമിച്ചാലും.


We can try our best


എന്നോട് പറയാനുള്ളത്.

 പഠിച്ചിറ്റ് ഉയരങ്ങളിലെത്തിയില്ല..

 അതിന്നായ് കൂടുതൽ പഠിച്ചിട്ടുമില്ല

അതിലൊട്ട് നിരാശയുമില്ല.


ചില ജീവിത ഉയർച്ചകളിൽ ഒരു നിമിത്തമാകേണ്ടി വന്നിട്ടുണ്ട്, അവരുടെ വളർച്ചകൾ സന്തോഷം തരുന്നു.


കരിയർ ചോദ്യങ്ങളുമായി പലരും വരുന്നു, അറിയാവുന്നത് പറഞ്ഞ് കൊടുക്കുന്നു, ആരെയും നിരാശനാക്കിയിട്ടില്ല. 

പലരും ഉയരങ്ങളിലെത്തിയത് കാണുമ്പോ സന്തോഷം തോന്നുന്നു...


ആർക്കും ഭാരമാകരുത്

നിന്നെ ചാഞ്ഞവന് നീ താങ്ങാവുക.....

നിനക്കാവുന്നത് നീ ചെയ്യുക.

പറയരുതൊന്നും, എവിടെയും....

കർമ്മഫലം പരലോകത്താണ് കിട്ടുക.

ദൈവദാസനായി ആവത് കാലം കഴിയുക..

ശാന്തനാകുക....

ഇതാണെനിക്ക് എന്നോട് പറയാനുള്ളത്.




✍️മുജീബുല്ല KM

സിജി ഇൻ്റർ നാഷനൽ


സ്‌കൂൾ പരീക്ഷകളിലെ എ പ്ലസുകൾ

 സ്‌കൂൾ പരീക്ഷകളിലെ എ പ്ലസുകൾ മാത്രമല്ല ജീവിതം


ഒരു സ്കൂളില്‍ മോഷണം നടന്നു. മോഷണം ചെയ്തവന്‍ പിടിക്കപ്പെട്ടു. പ്രതിയുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി. പ്രിന്‍സിപ്പല്‍ അടച്ചിട്ടമുറിയില്‍ വിശദീകരിച്ചു. പുത്രന്‍റെ കുറ്റം എന്തെന്ന് കേട്ടുകഴിഞ്ഞപ്പോള്‍  അമ്മ പ്രിന്‍സിപ്പലിനോട്: “എന്തായാലും എന്‍റെ മകന്‍ സ്കൂളിലെ ഫസ്റ്റാണെന്ന് മറക്കണ്ട.”


മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ A+ കിട്ടിയാല്‍ പിന്നെ എന്തുമാകാമെന്ന ഒരു ധാരണ പൊതുവെ കാണുന്നുണ്ട്. അക്കാദമിക് എക്സലെന്‍സ് എന്നു പറയുന്നത് മാര്‍ക്ക് കാര്‍ഡില്‍ ഒതുക്കുന്ന ഒരു ചിന്താഗതി എന്നത് ഇന്നു ശക്തമാണ്. അവന്‍ ഇത്രയും മേടിച്ചില്ലേ? ഇനിയും എന്തു വേണമെന്നാ പറയുന്നത്?


ഒരാൾ നാട്ടിലെ നല്ല സ്കൂളില്‍ ഒരഡ്മിഷന്‍ തരപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടിയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്ന മക്കൾക്ക് സ്കൂളില്‍ ഒന്നാം റാങ്കാണെന്നു പറഞ്ഞാല്‍ എല്ലാമായില്ലേ? ഇനിയെന്തു വേണമെന്നു ചോദിക്കുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം വ്യക്തിയുടെ സമ്പൂര്‍ണ്ണ വികസനമാണ്.


 നല്ല സ്കൂളില്‍ പത്തു വര്‍ഷം പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കി വരുന്നവന് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് പല സ്കൂളുകളിലും ആരംഭകര്‍  എഴുതിവച്ചിരിക്കുന്നുണ്ട്. 


അവര്‍ ഈശ്വരവിശ്വാസം ഉള്ളവരായി വളരണം; അവര്‍ മാതാപിതാക്കളേയും ഗുരുഭൂതരേയും ആദരിക്കണം; അവര്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം; സര്‍വ്വോപരി അവര്‍ സത്യം, നീതി, കാരുണ്യം മുതലായ ഗുണങ്ങളില്‍ തൃപ്തികരമായ വളര്‍ച്ച നേടിയിട്ടുണ്ടാകണം


ഇതെല്ലാം മറന്ന് ഇന്ന്, മക്കളുടെ വിദ്യാഭ്യാസം വിലയിരുത്തുന്ന മാതാപിതാക്കള്‍ അവരുടെ മാര്‍ക്ക് പ്രോഗ്രസ് കാര്‍ഡു മാത്രമാണ് പരിഗണിക്കുന്നത്.


 മാത്സും ഫിസിക്സും കെമിസ്ട്രിയും പഠിച്ചാലും ഒരാള്‍ സത്യസന്ധനാകണമെന്നില്ലല്ലോ. നീതിയോടെ പെരുമാറണമെന്നില്ല. മറ്റുള്ളവരോട് കരുണ കാണിക്കണമെന്നുമില്ല


നിരന്തരമായ ടെസ്റ്റ് പേപ്പറുകള്‍ കൊണ്ട് നേടുന്ന എ പ്ലസില്‍ വലിയ കാര്യമൊന്നുമില്ല. 


സ്വന്തമായി ചിന്തിക്കാനും ശരികളിലേക്ക് എത്താനുമുളള കഴിവാണ് കുട്ടികളില്‍ വളര്‍ത്തപ്പെടേണ്ടത്. ഇതിനാകണം പാഠശാലകൾ. വീട്ടകങ്ങളിലും ഇത് പഠിപ്പിക്കപ്പെടണം.


സ്കൂൾ പാഠ്യവിഷയങ്ങളിൽ മാത്രം എ പ്ലസ് നേടിയിട്ട് കാര്യമില്ല, 


ജീവിത പാഠ്യവിഷയങ്ങളിലും എ പ്ലസ് നേടാനാകുന്നവനാണ് മികച്ച വിദ്യാർത്ഥി.


മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള.....

 മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.


ചരിത്രത്താളുകളിലൂടെ കണ്ണോടിച്ചാൽ നമുക്കൊരുപാട് ചിത്രങ്ങൾ കോറിയിട്ടത് കാണാം.


നാലുവയസ്സുവരെ സംസാരിക്കാതിരുന്ന ബാലനെക്കുറിച്ച് ടീച്ചര്‍ മാര്‍ പറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു: “ഇവന്‍ ജീവിതത്തില്‍ ഒന്നുമാകുവാന്‍ പോകുന്നില്ല.” ഈ വ്യക്തിയാണ് ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭയായി മാറിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.


ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തോല്ക്കുകയും, മണ്ടനെന്നു വിളിച്ച് മറ്റുള്ളവര്‍ ആക്ഷേപിക്കുകയും ചെയ്ത വ്യക്തിയാണ് പില്‍ക്കാലത്ത് പ്രശസ്ത പ്രഭാഷകനും ഇംഗ്ലണ്ടിന്‍റെ പ്രധാനമന്ത്രിയുമായി മാറിയ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍.


സ്കൂള്‍ ബാസ്ക്കറ്റ്ബോള്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കഴിവില്ലെന്നു പറഞ്ഞ് കോച്ച് തിരിച്ചയച്ച വ്യക്തിയാണ് പിന്നീട് ബാസ്ക്കറ്റ്ബോള്‍ രംഗത്തെ രാജാവായി മാറിയ മൈക്കിള്‍ ജോര്‍ഡാന്‍.


ഒരു പുസ്തകം പ്രസാധകര്‍ 140 തവണ തിരസ്ക്കരിച്ചാല്‍ ആ പുസ്തകത്തിന്‍റെ ഭാവിയെന്താകും? ഇന്ന് 800 ലക്ഷം കോപ്പികള്‍ അറുപത് വ്യത്യസ്ത ടൈറ്റിലുകളിലായി ഇറങ്ങിയിട്ടുള്ള ‘ചിക്കന്‍ സൂപ്പ് ഫോള്‍ ദ സോള്‍’ പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കൊള്ളില്ലെന്നു പറഞ്ഞത് ഒന്നും രണ്ടുമല്ല നൂറ്റിനാല്പ്പത് പ്രസാധകരാണ്.


മുകളില്‍ പ്രസ്താവിച്ച സംഭവങ്ങളിൽ പരാമർശിക്കപ്പെട്ട വ്യക്തിത്വങ്ങളെക്കുറിച്ച് പലരും ശരി എന്നു തോന്നി പറഞ്ഞ കാര്യങ്ങളൊക്കെ തികച്ചും തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു.


ഒരാളെ വിലയിരുത്തും മുമ്പ്, അയാളെ ശരിക്കടുത്തറിയണം. അത്തരത്തിൽ അടുത്തറിഞ്ഞ ആൾക്കേ നല്ലൊരു വഴികാട്ടിയാവാനാകൂ. 


ഒരധ്യാപകൻ, ഒരു കരിയർ ഗൈഡ് എന്നും നല്ല വഴികാട്ടിയാവണം.

നല്ലതിലേക്ക് നയിക്കുന്ന വഴികാട്ടി.


സാംവാൾട്ടൻ്റെ ജീവിതം

 സാംവാൾട്ടൻ്റെ ജീവിതം വായിച്ച് തള്ളാനുള്ളതല്ല, കോവിഡ് കാലത്ത് നിങ്ങൾക്ക് ഊർജ്ജം പകരാനുള്ളതാണ്.


ലോകത്തിലെ ഒന്നാം നിര കമ്പനികളുടെ പട്ടികയില്‍ എക്കാലവും സ്ഥാനം പിടിച്ചിട്ടുള്ള പേരാണ് വാള്‍ മാള്‍ട്ടിന്‍റേത്.


ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച് കറവക്കാരനായും ന്യൂസ്പേപ്പര്‍ ബോയ് ആയുമൊക്കെ ജോലി ചെയ്തിട്ടുള്ള സാം വാള്‍ട്ടണ്‍ എന്ന ഇരുപത്തിയാറു വയസ്സുകാരന്‍റ നിശ്ചയദാര്‍ഢ്യമാണ് റീട്ടെയ്ല്‍ ശൃംഖലകളുടെ ലോകത്തെ കുലപതിയാക്കി അദ്ദേഹത്തെ മാറ്റിയത്.


മിസ്സോറി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ഇക്കണോമിക്സ് പാസ്സായി ഇറങ്ങിയ സാംവാള്‍ട്ടണ്‍ കോഴ്സ് കഴിഞ്ഞിറങ്ങിയ മൂന്നാം ദിവസം ജെ.സി. പെനി എന്ന കമ്പനിയില്‍ മാനേജ്മെന്‍റ് ട്രെയ്നിയായി ചേര്‍ന്നു. പ്രതിമാസം എഴുപത്തിയഞ്ച് ഡോളറായിരുന്നു ആദ്യശമ്പളം.


സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ തന്‍റെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ കിട്ടുന്ന ഒരവസരവും വാള്‍ട്ടണ്‍ പാഴാക്കാറില്ലായിരുന്നു.


കൊളംബിയായിലെ ഡേവിഡ് എച്ച്. ഹിക്ക്മാന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ബെസ്റ്റ് സ്റ്റുഡന്‍റ് അവാര്‍ഡും വിഖ്യാതമായ ഈഗിള്‍ സ്കൗട്ട് അവാര്‍ഡും നേടിയ സാം വാള്‍ട്ടണ്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ക്ലാസ്സിന്‍റെ പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ നേടിയെടുത്ത നേതൃത്വപാടവം പില്ക്കാലത്ത് ബിസിനസ്സ് മേഖലയില്‍ തന്നെ വളരെയധികം സഹായിച്ചുണ്ടെന്ന് ഇദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടിരുന്നു.


കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ കൊളംബിയ ഡെയ്ലി ട്രിബ്യൂണ്‍ എന്ന പത്രം വിതരണം ചെയ്തും, പശുവിനെ കറന്ന് പാല്‍ കസ്റ്റമേഴ്സിന്‍റെ വീട്ടിലെത്തിച്ചുമൊക്കെയാണ് സാം വാള്‍ട്ടണ്‍ പണം കണ്ടെത്തിയിരുന്നത്.


1942-ല്‍ ജോലി രാജിവെച്ച് മിലിട്ടറിയില്‍ ചേര്‍ന്ന വാള്‍ട്ടണ്‍ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ യു.എസ്. ആര്‍മിയുടെ ഇന്‍റലിജന്‍സ് കോര്‍പ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.


ഒരു സംരംഭകനാവുക എന്ന ആഗ്രഹം മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരുന്നപ്പോഴും വാള്‍ട്ടനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.


അങ്ങനെയാണ് മിലിട്ടറിയിലെ ക്യാപ്റ്റന്‍ റാങ്കില്‍നിന്നും രാജിവെച്ച് 1945-ല്‍ സാം വാള്‍ട്ടണ്‍ തന്‍റെ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. തന്‍റെ സമ്പാദ്യമായ 5000 ഡോളറും, ഭാര്യാപിതാവില്‍ നിന്നും കടം വാങ്ങിയ 20000 ഡോളറും കൂട്ടിച്ചേര്‍ത്ത് അര്‍ക്കന്‍സാസിലെ ന്യൂ പോര്‍ട്ടില്‍ വാള്‍ട്ടണ്‍ തന്‍റെ ആദ്യത്തെ ഷോപ്പ് വാങ്ങി. ബട്ട്ലര്‍ ബ്രദേഴ്സ് ചെയിനിന്‍റെ ഭാഗമായിരുന്ന ബെന്‍ ഫ്രാങ്ക്ളിന്‍ വെറൈറ്റി സ്റ്റോറായിരുന്നു അത്.


കുറഞ്ഞ വിലയും മികവുറ്റ സേവനവുമാണ് റീട്ടെയ്ല്‍ രംഗത്ത് ജൈത്ര യാത്രയ്ക്ക് തുടക്കമിടുവാന്‍ സാം വാള്‍ട്ടനെ സഹായിച്ചത്. അദ്ദേഹത്തിന്‍റെ ഓരോ ഷോപ്പും കസ്റ്റമേഴ്സിന് ആവശ്യമുള്ള ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. 

ഷോപ്പിംഗ് ഒരു അനുഭവമായി മാറ്റുവാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരിക്കല്‍ വന്ന കസ്റ്റമേഴ്സ് വീണ്ടും വീണ്ടും വരുവാന്‍ ഇത് കാരണമായി.


വെറും 80 ഡോളറിന്‍റെ കച്ചവടം നടന്നിരുന്ന സ്ഥാനത്തുനിന്ന് 2,25,000 ഡോളറിന്‍റെ കച്ചവടത്തിലേക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ തന്‍റെ സ്ഥാപനത്തെ നയിക്കുവാന്‍ വാള്‍ട്ടനെ സഹായിച്ചത് ഇത്തരത്തില്‍ ഉപഭോക്താവിനെ മുന്‍നിര്‍ത്തിയുള്ള ബിസിനസ്സ് തന്ത്രങ്ങളായിരുന്നു.


ഉപഭോക്താവിനെ രാജാവിനെപ്പോലെ കരുതുന്നതിനൊപ്പം ജീവനക്കാരെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതാണ് സാം വാള്‍ട്ടന്‍റെ മറ്റൊരു വിജയരഹസ്യം.


ജീവനക്കാരെ കമ്പനിയുടെ ഓഹരിയെടുക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ലാഭവിഹിതം ഓഹരിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പങ്കുവച്ചു നല്കുകയും ചെയ്തു. ഇത് തങ്ങളുടെ സ്വന്തം സ്ഥാപനത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധം അവരില്‍ വളര്‍ത്തിയെടുക്കുവാന്‍ സഹായകരമായി. 

കമ്പനിയെക്കുറിച്ചുള്ള തന്‍റെ വിഷന്‍ ഓരോ മീറ്റിംഗുകളിലും അദ്ദേഹം ജീവനക്കാരുമായി പങ്കുവെച്ചു.


ഇന്നു കാണുന്ന വളര്‍ച്ചയിലേക്ക് വാള്‍മാര്‍ട്ട് എത്തിയതിനു പിന്നില്‍ കഠിനാധ്വാനത്തിനൊപ്പം കസ്റ്റമേഴ്സിന്‍റെയും, ജീവനക്കാരുടെയും നന്മ മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണവും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


വാള്‍മാര്‍ട്ട് എന്ന പേരിലേക്ക് റീട്ടെയ്ല്‍ ശൃംഖല മാറുന്നത് 1962 ലാണ്.


അര്‍ക്കന്‍സാസിലെ റോജേഴ്സിലാണ് തന്‍റെ നാല്പത്തിനാലാം വയസ്സില്‍ ആദ്യത്തെ വാള്‍മാര്‍ട്ട് ഷോപ്പിന് സാം വാള്‍ട്ടണ്‍ തുടക്കം കുറിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയായ ഫോര്‍ച്യൂണ്‍ 500 റാങ്കിംഗില്‍ പല വര്‍ഷങ്ങളായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന വാള്‍മാര്‍ട്ട് ഇന്ന് അമേരിക്കയുടെ അതിര്‍വരമ്പുകള്‍ പിന്നിട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കടന്നുവരികയാണ്. 


തന്‍റെ സാമീപ്യം ബിസിനസ്സ് ഷോപ്പുകളില്‍ ആവശ്യമാണെന്ന് മനസ്സിലാക്കിയ സാം വാള്‍ട്ടണ്‍ ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ തന്നെ യാത്രാ സമയം ലാഭിക്കുവാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് എയ്റോപ്ലെയിന്‍ വിലയ്ക്കു വാങ്ങിയിരുന്നു.

തുടര്‍ന്ന് മകന്‍ ജോണിനൊപ്പം പൈലറ്റ് ലൈസന്‍സ് എടുത്ത സാം വാള്‍ട്ടണ്‍ ആയിരിക്കണക്കിന് മൈലുകളാണ് കുടുംബബിസിനസ്സ് വ്യാപിപ്പിക്കുന്നതിനു വേണ്ടി വിമാനം പറത്തിയത്.


എതിരാളിയേക്കാള്‍ എന്നും ഒരു പടി മുന്നില്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യങ്ങള്‍ക്ക് കാതോര്‍ത്താല്‍ ബിസിനസ്സില്‍ വിജയം സുനിശ്ചിതമെന്നാണ് സാം വാള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.


പാരമ്പര്യമോ, സാമ്പത്തിക സ്ഥിതിയോ, കുടുംബമഹിമയോ, ഒന്നും ബിസിനസ്സില്‍ വിജയം നേടുന്നതിന് വിഘാതമാവില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്‍റെ സ്ഥാപകന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.


1992 ഏപ്രില്‍ 5-ന് കാന്‍സറിന് കീഴടങ്ങി മരണമടയുമ്പോള്‍ വാള്‍മാര്‍ട്ട് ശൃംഖല 1735 സ്റ്റോറുകളായി വളര്‍ന്നിരുന്നു. 3,80,000 ജീവനക്കാരാണ് അക്കാലത്ത് വാള്‍മാര്‍ട്ടിനുണ്ടായിരുന്നത്.


വാൾമാർട്ട് മുതലാളിയെപ്പോലെ ചരിത്രം നിങ്ങൾക്കും സൃഷ്ടിച്ച് കൂടെ?