പണ്ട്, എന്ന് വെച്ചാൽ 30 കൊല്ലം മുമ്പ് ഗവ: കോളേജ് കാസർഗോഡിൻ്റെ പ്രധാന ഇടനാഴിയിൽ തൂക്കിയിരിക്കുന്ന ഭീമാകാരനായ നിലവിളക്കിനടിയിൽ നിന്ന് മുഷ്ടി ചുരുട്ടി നിരവധി തവണ നീട്ടി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്..
തോറ്റിറ്റിട്ടില്ലാ, തോറ്റിട്ടില്ലാ
തോറ്റ ചരിത്രം കേട്ടിട്ടില്ലാ
കേട്ട ചരിത്രം തോറ്റതുമല്ലാ
അന്നൊന്നും അതിൻ്റെ വരികൾക്കിടയിലെ അർത്ഥം അറിഞ്ഞിരുന്നില്ല എന്നത് യാഥാർത്ഥ്യം.
കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് മുൻ കാലങ്ങളിൽ നേരിട്ട പരാജയങ്ങളുടെ രുചി എന്താണെന്നറിഞ്ഞതും, തോൽവികൾ ഒന്നിൻ്റെയും അവസാനമല്ല എന്ന് തിരിച്ചറിഞ്ഞതും.
പരാജയങ്ങളുണ്ടാകുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടുപിടിക്കുവാന്‍ നമ്മളിൽ പലരും മിനക്കെടാറില്ല. പലപ്പോഴും ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുവാനാണ് പലരുടെയും ശ്രമങ്ങൾ.
ഒരു ചെറിയ കഥ പറയട്ടെ...
ഒരിക്കല്‍ ഒരു മദ്ധ്യവയസ്കനായ യുവാവ് തെരുവ് വിളക്കിന്‍റെ വെളിച്ചത്തില്‍ തന്‍റെ വീടിന്‍റെ വെളിയിലായി എന്തോ തിരയുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഒരു അപരിചിതന്‍ അയാള്‍ എന്താണ് തിരയുന്നതെന്ന് ചോദിച്ചു.
“തന്‍റെ വീടിന്‍റെ നഷ്ടപ്പെട്ട താക്കോല്‍ തിരയുകയാണ്” എന്നായിരുന്നു ആ യുവാവിൻ്റെ മറുപടി.
ഞാനും സഹായിക്കാൻ കൂടാമെന്നു പറഞ്ഞ് ആ അപരിചിതനും അയാളോടൊപ്പം താക്കോല്‍ തപ്പുവാന്‍ തുടങ്ങി.
ഏകദേശം അരമണിക്കൂറോളം തപ്പിയിട്ടും താക്കോല്‍ കിട്ടാതെ വന്നപ്പോള്‍ അപരിചിതന്‍ അയോളോട് ചോദിച്ചു.
“എവിടെ വച്ചാണ് നിങ്ങള്‍ക്ക് താക്കോല്‍ നഷ്ടപ്പെട്ടത്”?
"ങേ... അതോ
വീട്ടിനുള്ളില്‍ വച്ച്” ആ യുവാവ് മറുപടി നല്കി.
“പിന്നെയെന്തിനാണ് നിങ്ങള്‍ ഈ തെരുവ് വിളക്കിന് കീഴില്‍ തപ്പുന്നത്?” അപരിചിതന്‍ ദേഷ്യമടക്കി ചോദിച്ചു.
“ങേ അതോ, എന്‍റെ വീട്ടിനുള്ളില്‍ വെളിച്ചമില്ല. അതുകൊണ്ട് ഞാന്‍ വെളിച്ചമുള്ളിടത്ത് തപ്പി നോക്കുന്നു.”
ആ മദ്ധ്യവയസ്ക യുവാവ് വളരെ കൂളായി മറുപടി നല്കി.
രണ്ടാളും രണ്ട് വഴിക്ക് യാത്ര പോയി.......
പലപ്പോഴും ഈ മദ്ധ്യവയസ്ക യുവാവിനെപ്പോലെയാണ് ജീവിതത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോള്‍ നമ്മളും പെരുമാറുന്നത്.
നമ്മുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ളിലേക്ക് നോക്കാതെ, പ്രശ്നങ്ങള്‍ക്കു വെളിയില്‍ തപ്പിത്തിരിയുന്ന അവസ്ഥയിലാണ് ബഹുഭൂരിപക്ഷം പേരും.
ജീവിതം നമുക്ക് പരാജയങ്ങള്‍ സമ്മാനിക്കുമ്പോള്‍ താഴെ പറയുന്ന ആറ് കാര്യങ്ങളോര്‍മ്മിക്കുക.
1. ഞാന്‍ സമാനതകളില്ലാത്ത വ്യക്തിയാണ്.... എന്നെപ്പോലെ ഈ ലോകത്തില്‍ ഞാന്‍ മാത്രമേയുള്ളൂ....
(ലോകത്തില്‍ ഒരു വ്യക്തിക്കും നിങ്ങള്‍ നല്കുന്ന അതേ സംഭാവന ലോകത്തിനു നല്കാന്‍ കഴിയില്ല. വ്യത്യസ്തനായ നിങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.)
2. നിങ്ങളുടെ നല്ല ഗുണങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുക....
(ഏതൊരു വ്യക്തിയിലും ഒരുപാട് നല്ല ഗുണങ്ങളുണ്ട്. ചിലര്‍ മികച്ച ഗായകരാകാം, ചിലര്‍ നല്ല എഴുത്തുകാരാകാം. ചിലർ പരിശീലകരാകാം... ഇത്തരത്തില്‍ നമ്മുടെയുള്ളിലെ നാം ഇഷ്ടപ്പെടുന്ന ആ നല്ല ഗുണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വിജയങ്ങള്‍ കൊയ്യുക.)
3. മനസ്സില്‍ ദൃഢപ്രതിജ്ഞ ചെയ്യുക.... പരാജയങ്ങളുണ്ടാകുമ്പോള്‍ നിരാശയില്‍ വീഴാതെ നിങ്ങള്‍ സ്വയം പറയുക. ഞാന്‍ കഴിവുള്ളയാളാണ്, മറ്റുള്ളവര്‍ എന്നെ ഏറെ സ്നേഹിക്കുന്നു.
(ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കുവാന്‍ എനിക്ക് സാധിക്കുമെന്ന് സ്വയം പ്രതിജ്ഞ ചെയ്യണം, മറ്റുള്ളവർ വിചാരിച്ചാൽ നിങ്ങളുടെ ജീവിതം നന്നാക്കാനാവില്ല)
4. സ്വയം ക്ഷമിക്കുവാന്‍ തയ്യാറാവുക ....
കഴിഞ്ഞത് കഴിഞ്ഞു. കഴിഞ്ഞ കാലത്തില്‍ സംഭവിച്ച തെറ്റുകള്‍ക്ക് സ്വയം കുറ്റപ്പെടുത്തി സമയം നഷ്ടപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് തിരിച്ചറിയുക.
5. പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ വായിക്കുക.. ജീവിതത്തില്‍ പരാജയങ്ങളുണ്ടാകുമ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍വെട്ടം മനസ്സില്‍ പ്രകാശിച്ചാല്‍പോലും അതിനെ ഊതിക്കെടുത്തുവാന്‍ നമ്മുടെയുള്ളിലെ നിഷേധാത്മക ചിന്തകള്‍ക്ക് സാധിക്കും. അതിനാല്‍ പ്രചോദനമേകുന്ന പുസ്തകങ്ങള്‍ വായിച്ച് സ്വയം പ്രചോദിതരാകുക.
മത ഗ്രന്ഥങ്ങളിലും പ്രചോദിത വാക്കുകളുണ്ട് എന്നറിയുക.
6. നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്തുക....
നിങ്ങളെ നന്നായി അറിയുന്നത് നിങ്ങള്‍ക്ക് മാത്രമാണ്. പരാജയത്തിന്‍റെ മഞ്ഞുപെയ്യുമ്പോള്‍ സൗജന്യ ഉപദേശം തരാന്‍ ധാരാളം ആളുകളുണ്ടാകാം. അപ്പോള്‍ എവിടെയാണ് അവസരം കണ്ടെത്തേണ്ടതെന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണ്.
കടമ്മനിട്ടയുടെ വരികളെ നമ്മളൊന്ന് ഓർത്തെടുക്കുക
നിങ്ങളോർക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്
തോൽവികൾ നിരാശപ്പെടാനുള്ളതല്ല,
വിജയത്തിൻ്റെ പടവുകൾ ഓരോന്നായി ചാടിക്കയറാനുള്ള നിമിത്തങ്ങളാണ്. നിങ്ങൾക്കും നിങ്ങളെ ആശ്രയിക്കുന്നവർക്കും അതിനാവട്ടെ.
മുഖങ്ങൾ പ്രകാശപൂരിതമാവട്ടെ.
No comments:
Post a Comment