സ്‌കൂൾ പരീക്ഷകളിലെ എ പ്ലസുകൾ മാത്രമല്ല ജീവിതം
ഒരു സ്കൂളില്‍ മോഷണം നടന്നു. മോഷണം ചെയ്തവന്‍ പിടിക്കപ്പെട്ടു. പ്രതിയുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി. പ്രിന്‍സിപ്പല്‍ അടച്ചിട്ടമുറിയില്‍ വിശദീകരിച്ചു. പുത്രന്‍റെ കുറ്റം എന്തെന്ന് കേട്ടുകഴിഞ്ഞപ്പോള്‍ അമ്മ പ്രിന്‍സിപ്പലിനോട്: “എന്തായാലും എന്‍റെ മകന്‍ സ്കൂളിലെ ഫസ്റ്റാണെന്ന് മറക്കണ്ട.”
മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ A+ കിട്ടിയാല്‍ പിന്നെ എന്തുമാകാമെന്ന ഒരു ധാരണ പൊതുവെ കാണുന്നുണ്ട്. അക്കാദമിക് എക്സലെന്‍സ് എന്നു പറയുന്നത് മാര്‍ക്ക് കാര്‍ഡില്‍ ഒതുക്കുന്ന ഒരു ചിന്താഗതി എന്നത് ഇന്നു ശക്തമാണ്. അവന്‍ ഇത്രയും മേടിച്ചില്ലേ? ഇനിയും എന്തു വേണമെന്നാ പറയുന്നത്?
ഒരാൾ നാട്ടിലെ നല്ല സ്കൂളില്‍ ഒരഡ്മിഷന്‍ തരപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടിയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്ന മക്കൾക്ക് സ്കൂളില്‍ ഒന്നാം റാങ്കാണെന്നു പറഞ്ഞാല്‍ എല്ലാമായില്ലേ? ഇനിയെന്തു വേണമെന്നു ചോദിക്കുന്നവര്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം വ്യക്തിയുടെ സമ്പൂര്‍ണ്ണ വികസനമാണ്.
നല്ല സ്കൂളില്‍ പത്തു വര്‍ഷം പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കി വരുന്നവന് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് പല സ്കൂളുകളിലും ആരംഭകര്‍ എഴുതിവച്ചിരിക്കുന്നുണ്ട്.
അവര്‍ ഈശ്വരവിശ്വാസം ഉള്ളവരായി വളരണം; അവര്‍ മാതാപിതാക്കളേയും ഗുരുഭൂതരേയും ആദരിക്കണം; അവര്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം; സര്‍വ്വോപരി അവര്‍ സത്യം, നീതി, കാരുണ്യം മുതലായ ഗുണങ്ങളില്‍ തൃപ്തികരമായ വളര്‍ച്ച നേടിയിട്ടുണ്ടാകണം
ഇതെല്ലാം മറന്ന് ഇന്ന്, മക്കളുടെ വിദ്യാഭ്യാസം വിലയിരുത്തുന്ന മാതാപിതാക്കള്‍ അവരുടെ മാര്‍ക്ക് പ്രോഗ്രസ് കാര്‍ഡു മാത്രമാണ് പരിഗണിക്കുന്നത്.
മാത്സും ഫിസിക്സും കെമിസ്ട്രിയും പഠിച്ചാലും ഒരാള്‍ സത്യസന്ധനാകണമെന്നില്ലല്ലോ. നീതിയോടെ പെരുമാറണമെന്നില്ല. മറ്റുള്ളവരോട് കരുണ കാണിക്കണമെന്നുമില്ല
നിരന്തരമായ ടെസ്റ്റ് പേപ്പറുകള്‍ കൊണ്ട് നേടുന്ന എ പ്ലസില്‍ വലിയ കാര്യമൊന്നുമില്ല.
സ്വന്തമായി ചിന്തിക്കാനും ശരികളിലേക്ക് എത്താനുമുളള കഴിവാണ് കുട്ടികളില്‍ വളര്‍ത്തപ്പെടേണ്ടത്. ഇതിനാകണം പാഠശാലകൾ. വീട്ടകങ്ങളിലും ഇത് പഠിപ്പിക്കപ്പെടണം.
സ്കൂൾ പാഠ്യവിഷയങ്ങളിൽ മാത്രം എ പ്ലസ് നേടിയിട്ട് കാര്യമില്ല,
ജീവിത പാഠ്യവിഷയങ്ങളിലും എ പ്ലസ് നേടാനാകുന്നവനാണ് മികച്ച വിദ്യാർത്ഥി.
No comments:
Post a Comment