ആരോ ഇത് നേരത്തേ കരുതിവച്ചതാകാം. കാലങ്ങളായി നടക്കാതെ പോയ ഒരു ദൗത്യം, ഒരു നിയോഗം പോലെ എന്നിലൂടെ. നിലയ്ക്കാതെ നീളുന്ന കര്‍മ്മബന്ധങ്ങള്‍ക്കിടയില്‍ ഒരു തുടല്‍ക്കണ്ണിയായി എന്നെയും വിളക്കിച്ചേര്‍ത്തിരിക്കുന്നു.
കുറച്ചുകൊല്ലങ്ങള്‍ക്കുമുന്‍പ് ഒരു സൗഹൃദസംഭാഷണത്തിനിടയ്ക്കാണ് ഡോ.ഗംഗാധരന്‍ എന്നോട് പറഞ്ഞത്:
"കഴിഞ്ഞ കുറേക്കാലത്തിനിടയ്ക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒക്കെ ഒന്ന് എഴുതിവയ്ക്കണം. അനുഭവങ്ങളൊക്കെ അതേ തീവ്രതയോടെ വാക്കുകളിലൂടെ അവതരിപ്പിക്കലാണ് കഷ്ടം. അതിനൊരാളും സമയവും ഒന്നും ഒത്തുവരുന്നില്ല."
തീര്‍ച്ചയായും ചെയ്യപ്പെടേണ്ട ഒന്നാണല്ലോ അതെന്ന് എനിക്കു തോന്നി. ജീവിതത്തിന്റെ നിരവധി മുഖങ്ങള്‍ കണ്ട ഡോക്ടറില്‍നിന്ന് എന്തുമാത്രം അറിയാനുണ്ടാകും. അടഞ്ഞുപോയ ഒരുപാട് കണ്ണുകള്‍ തുറപ്പിക്കാനുള്ള വെളിച്ചം ആ മനസ്സില്‍ ഒളിഞ്ഞ്കിടപ്പുണ്ട്. ഡോ.ഗംഗാധരനുമായുള്ള ഗാഢസൗഹൃദം മാത്രമല്ല എനിക്ക് പ്രേരണയായത്. ഹൃദയത്തില്‍ അനുനിമിഷം വേദനയായി മിടിക്കുന്ന ഒരു സ്വകാര്യതയുടെ പശ്ചാത്തലവും ഇതുതന്നെ. ഡോക്ടറുടെ അനുഭവങ്ങള്‍ എഴുത്തിന്റെ രൂപത്തിലേക്ക് മാറ്റുന്ന ജോലി അങ്ങനെ ഞാനേറ്റു. അന്ന് ഡോ.ഗംഗാധരന്‍ തിരുവനന്തപുരത്തായിരുന്നു. ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെങ്കിലും തിരക്കുകളോക്കെ മാറ്റിവച്ച് സ്വസ്ഥമായൊന്ന് ഇരിക്കാന്‍ ഒരിക്കലും സമയം കിട്ടിയില്ല.
ഡോ.ഗംഗാധരന്‍ എറണാകുളത്തേയ്ക്ക് ജോലി മാറിവന്നപ്പോഴാണ് വീണ്ടും ഞങ്ങള്‍ അതിനെപ്പറ്റി ചിന്തിച്ചത്. നമുക്ക് ഇരിക്കാം എന്നു പറഞ്ഞെങ്കിലും പുതിയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അദ്ദേഹം. ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ ഇതൊരിക്കലും നടക്കില്ലെന്നു തോന്നിയപ്പോള്‍ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിച്ചു. പല രാത്രികളിലും ഏറെ വൈകി ക്ഷീണിതനായി എത്തുന്ന അദ്ദേഹത്തെ ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി, മനസ്സ് തുറപ്പിച്ചു. പലപ്പോഴും അര്‍ദ്ധരാത്രിക്കപ്പുറം ഞങ്ങള്‍ സംസാരിച്ചിരിന്നിട്ടുണ്ട്. അന്ന് ഞങ്ങള്‍ക്ക് കൂട്ടിരുന്ന ഒരാള്‍ (കെ.എസ് അനിയന്റെ ഭാര്യ നിഷി കാന്‍സര്‍ വന്ന് മരിച്ചുപോയി) ഇടയ്ക്ക് സ്വന്തം വേഷം മതിയാക്കി ഇറങ്ങിപ്പോയി. ആ ശൂന്യത അംഗീകരിക്കാനാവാതെ ദിവസങ്ങളോളം ഞങ്ങള്‍ പകച്ചുനിന്നു.
ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് ഡോ.ഗംഗാധരന്റെ വാക്കുകള്‍ എന്നെ കൊണ്ടുപോയത്. എത്രയോ പുരുഷായുസ്സുകള്‍കൊണ്ട് കണ്ടുതീര്‍ക്കേണ്ട കാര്യങ്ങളാണ് ഈ നാല്‍പ്പത്തിയൊന്‍പതുകാരന്റെ കണ്മുന്നിലൂടെ കടന്നുപോയിട്ടുള്ളതെന് ഞാന്‍ അത്ഭുതപ്പെട്ടു. ഞാനെന്ന വ്യക്തി പൊടുന്നനെ മാഞ്ഞുപോയി. ആശയങ്ങളുടെ സമൃദ്ധി കണ്ട ആര്‍ത്തിയോടെ എന്നിലെ കഥാകാരന്‍ മാത്രം ശേഷിച്ചു.
ഡോ.ഗംഗാധരന്റെ മനസ്സിലൂടെ കടന്നു വികാരങ്ങളെ അതേപടി സ്വന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഉള്ളിലൊതുക്കിവയ്ക്കുന്ന ചൂട് എന്നെ പൊള്ളിച്ചു. തീവ്രമായ ആ വികാരങ്ങളെ ഏതു രീതിയില്‍ ആവിഷ്കരിക്കണമെന്നായിരുന്നു ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഡോ.ഗംഗാധരന്‍ എനിക്കു തന്നു. ആ ഉറപ്പ് ഇല്ലായിരുന്നെങ്കില്‍ ഈ അനുഭവക്കുറിപ്പുകള്‍ ഇങ്ങനെയാകുമായിരുന്നില്ല. ഡോക്ടര്‍ നേരിട്ട് അവതരിപ്പിക്കുന്ന രീതിയാണ് നന്നായിരിക്കുക എന്ന ഉപദേശം തന്നത് മലയാളം വാരികയുടെ പത്രാധിപരായ ജയചന്ദ്രസാറാണ്. പഴയ തമിഴ്‌ഗാനങ്ങളും എം.ഡി. രാമനാഥന്‍ പാടിയ കീര്‍ത്തനവും എനിക്ക് ശേഖരിച്ച് തന്നത് എന്റെ പ്രിയസുഹൃത്ത് ടി.കെ സദാശിവനും.
കരയാനും വേണം ഒരവകാശം എന്ന വലിയ സത്യം ഞാന്‍ പഠിച്ചത് ഈ അനുഭവങ്ങളില്‍നിന്നാണ്. ക്രൂരവും ദീനവുമായ ഈ ജീവിതക്കാഴ്ച്ചകള്‍ മനസ്സില്‍ എന്ത് ശേഷിപ്പിക്കുന്നു എന്ന ചോദ്യത്തിന് ഡോ.ഗംഗാധരന്‍ പറഞ്ഞു:
"എന്റെ മനസ്സ് കൂടുതല്‍ ശുദ്ധിയുള്ളതാകുന്നു. എന്നില്‍ കൂടുതല്‍ മനുഷ്യത്വം വന്നുനിറയുന്നു."
നിര്‍മ്മലമായ കണ്ണുകളോടെ നോക്കിക്കാണുമ്പോള്‍ ഈ ലോകം എത്രമനോഹരം. പക്ഷേ, ആ കണ്ണുകളെവിടെ? എത്രപേര്‍ക്കുണ്ടത്?
കെ. എസ്. അനിയന്‍
ജീവിതമെന്ന അത്ഭുതം
ചിരിച്ച മുഖങ്ങളല്ല ഞാന്‍ ഏറെയും കണ്ടിട്ടുള്ളത് എന്നെ കാണാനെത്തുന്നവരുടെ തളര്‍ന്ന നെഞ്ചിലെ വിതുമ്പല്‍ ഞാന്‍ വ്യക്തമായി കേള്‍ക്കാറുണ്ട്. ഒരു കുടുംബത്തെ മുഴുവന്‍ കാന്‍സര്‍ തകര്‍ക്കുന്നത് വേദനയോടെ നോക്കിനിന്നിട്ടുണ്ട്. വൈകാരികവും സാമ്പത്തികവുമായ തകര്‍ച്ചകള്‍. സ്നേഹം പോലെത്തന്നെ തീവ്രമാണ് സ്നേഹരാഹിത്യവുമെന്ന അത്ഭുതം ഞാന്‍ കണ്ട ജീവിതങ്ങള്‍ എനിക്ക് കാണിച്ചു തന്നു. ആ മഹാവൈദ്യന്റെ വിരല്‍ത്തുമ്പിലെ ചലനത്തിനൊത്ത് എല്ലാവരും സ്വന്തം കര്‍മ്മനിയോഗം ആടിത്തീര്‍ക്കുന്നു. അതിനിടെ എന്റെ തോളിലേക്ക് കുഴഞ്ഞുവീണ നിരവധി ജീവിതങ്ങള്‍ എന്റേതുതന്നെയാകുന്നു. അതില്‍ നിന്ന് വേറിട്ട് എനിക്കൊരു നിലനില്‍പ്പില്ലെന്ന് ഞാന്‍ അറിഞ്ഞു.
കാന്‍സര്‍ രോഗിയെ സമൂഹം പെട്ടെന്ന് ഒറ്റപ്പെടുത്തുന്നു. ആരൊക്കെയോ കാലങ്ങളായി കല്‍പ്പിച്ചു കൊടുത്ത ഒരു നീചത്വം കാന്‍സര്‍ എന്ന വാക്കിനുമേല്‍ ഇപ്പോഴും വട്ടമിട്ട് പറക്കുന്നു. ഒരിക്കലും പകരാത്ത ഒരു രോഗമാണെന്നുപോലും പലരും മറക്കുന്നതുപോലെ. ഇതിനേക്കാള്‍ എത്രയോമടങ്ങ് തീവ്രവും ഭീകരവുമായ അവസ്ഥ മറ്റു രോഗങ്ങള്‍ക്കുണ്ട് എന്നറിയാതെ. ഹൃദ്രോഗികളില്‍നിന്നും കരള്‍ രോഗികളില്‍നിന്നും വൃക്കരോഗികളില്‍നിന്നും എങ്ങനെയാണ് കാന്‍സര്‍രോഗി വ്യത്യസ്തനാകുന്നത്? ചികിത്സകൊണ്ട് പൂര്‍ണ്ണമായി ഭേദപ്പെടുന്നതിന്റെ ശതമാനം വച്ചുനോക്കുകയാണെങ്കില്‍ മറ്റേതു രോഗത്തേക്കാളും മുന്നിലാണ് കാന്‍സര്‍. ഹൃദ്രോഗം ബാധിക്കുന്ന രോഗികളില്‍ അമ്പതുശതമാനം പേരും ആശുപത്രിയില്‍ എത്തുംമുമ്പേ മരണപ്പെടുന്നു. രക്ഷപ്പെടുന്നവര്‍ തന്നെ ജീവിതകാലം മുഴുവന്‍ രോഗികളായി കഴിയുന്നു. വൃക്കരോഗത്തിന്റേയും കരള്‍രോഗത്തിന്റേയും സ്ഥിതിയ്ക്ക് വലിയ വ്യത്യാസമില്ല. വൃക്കകള്‍ക്ക് രോഗം ബാധിച്ച് ഡയാലിസിസ് നടത്തിക്കഴിയുന്നതിന്റെ ഭീകരത ഞാന്‍ തൊട്ടടുത്തുനിന്ന് കണ്ടിട്ടുള്ളതാണ്. എന്റെ അച്ഛനുവൃക്കരോഗമായിരുന്നു. ജീവിതം മടുത്ത്, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തെ യാതന അവസാനിപ്പിച്ചു തരണേയെന്ന് അച്ഛന്‍ നിറഞ്ഞ കണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
മൂന്നിലൊരുഭാഗം കാന്‍സര്‍ രോഗികള്‍ പൂര്‍ണ്ണമായും സുഖപ്പെടുന്നു. പിന്നീട് അസുഖത്തിന്റെ ഓര്‍മ്മപോലും ഒരിക്കലുമില്ലാതെ അവര്‍ക്ക് ജീവിക്കാനാവുന്നു. ജീവിതരീതിയിലോ, ഭക്ഷണക്രമത്തിലോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ. ഓര്‍ക്കുക; മൂന്നിലൊന്ന്. അതൊരു ചെറിയ സംഖ്യയല്ല. എന്നിട്ടും കാന്‍സര്‍ രോഗിക്കുമേല്‍ സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന ഈ ഭീകരമായ അകല്‍ച്ച ആരുടെ സംഭാവനയാണ്. ഹൃദ്രോഗി സമൂഹത്തില്‍ ഉന്നതനായി, എന്നാല്‍ രോഗിയായിത്തന്നെ തുടരുമ്പോള്‍ കാന്‍സറിനോട് പടപൊരുതി ജീവിതത്തില്‍ വലിയ വിജയം നേടിയിട്ടുള്ള എത്രയോ പേരെ എനിക്കറിയാം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കയാണ് നൗഷാദ് എന്റെ അടുത്തെത്തുന്നത്. എന്റെ മുന്നില്‍ വിളറിയ മുഖത്തോടെ നൗഷാദ് ഇരുന്നു. ആര്‍.സി.സി.യില്‍ ഒരിക്കല്‍ക്കൂടെ രക്തം പരിശോധിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. നഴ്സ് എന്റെ മുന്നിലേക്ക് നീക്കിവെച്ച ഫയലില്‍ നൗഷാദിന്റെ രക്തപരിശോധനയുടെ ഫലമുണ്ടായിരുന്നു. നൗഷാദിന്റെ കണ്ണുകള്‍ ഫയലില്‍ തറഞ്ഞുനില്‍ക്കുന്നു. വിളറിയ കണ്ണുകളില്‍ നേര്‍ത്ത നനവ്. നൗഷാദിനോട് ഒന്നും ഒളിക്കേണ്ട കാര്യമില്ല. വൈദ്യശാസ്ത്രം പഠിക്കുന്ന യുവാവ്. ആദ്യ രക്തപരിശോധനയുടെ ഫലം മെഡിക്കല്‍ കോളേജില്‍ വെച്ച് നൗഷാദ് നേരിട്ട് അറിഞ്ഞിരുന്നതാണ്. രക്തത്തില്‍ അനുനിമിഷം പെരുകികൊണ്ടിരിക്കുന്ന രക്താണുക്കളുടെ ഭ്രാന്ത് മാറ്റാനുള്ള ദിവ്യശക്തിയൊന്നുമില്ല ആര്‍.സി.സി.യിലെ ലാബിന് എന്ന് നൗഷാദിനറിയാം. ഫലം ഒരിക്കല്‍ക്കൂടെ ഉറപ്പാക്കുന്നു എന്നല്ലാതെ. ഫയല്‍ തുറക്കാതെ അതിനുമേല്‍ പേപ്പര്‍ വെയ്റ്റ് എടുത്തുവെച്ച് ഞാന്‍ നൗഷാദിനെ നോക്കി പതുക്കെ ചിരിച്ചു.
"പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു, നൗഷാദ്?"
നൗഷാദ് ഒന്നും മിണ്ടിയില്ല. ഭാവഭേദമില്ലാതെ എന്നെ നോക്കി. പഠിത്തത്തെക്കുറിച്ചും ഭാവിയിലെ ഡോക്ടര്‍ എന്ന സങ്കല്‍പ്പത്തെക്കുറിച്ചും നൗഷാദ് മറന്നപോലെ. നെഞ്ചിലേറ്റി താലോലിച്ചു നടന്ന സ്വപ്നങ്ങളൊക്കെ മൂപ്പെത്തും മുമ്പേ പിഴുതെറിഞ്ഞ നിസ്സംഗത.
"ഈ വര്‍ഷത്തെ പരീക്ഷയ്ക്ക് സമയമായില്ലേ?"
"ഉവ്വ്. പക്ഷേ, എനിക്കത് എഴുതാന്‍ പറ്റില്ലല്ലോ, ഡോക്ടര്‍."
പറഞ്ഞുതീര്‍ന്നതും നൗഷാദ് പൊട്ടിക്കരഞ്ഞു. നൗഷാദിന്റെ കൈകളില്‍ ഞാന്‍ അമര്‍ത്തിപ്പിടിച്ചു.
"ആരു പറഞ്ഞു എഴുതാന്‍ പറ്റില്ലെന്ന്. ഞാന്‍ ഉറപ്പു പറയുന്നു. ഇനിയുള്ള പരീക്ഷകള്‍ നമ്മള്‍ ഒരുമിച്ചെഴുതും."
നൗഷാദിന്റെ തേങ്ങല്‍ പതുക്കെ നേര്‍ത്തുവന്നു. എന്റെ കൈപ്പുറടിയിലേക്കിറ്റിയ ഒരു തുള്ളി കണ്ണീര് എന്റെ നെഞ്ചും പൊള്ളിക്കുന്നുണ്ടായിരുന്നു.
നൗഷാദിന് ലൂക്കീമിയ ആയിരുന്നു. കീമോതെറാപ്പിയുടെ റെജീം തീരുമാനിക്കുമ്പോള്‍ നൗഷാദിന്റെ പരീക്ഷയുടെ ടൈംടേബിളും എന്റെ മനസ്സിലുണ്ടായിരുന്നു. തലതിരിഞ്ഞുപോയ കോശങ്ങളെ എന്റെ മരുന്നുകളെക്കാള്‍ വേഗത്തില്‍ അടക്കിനിര്‍ത്തിയത് നൗഷാദിന്റെ ഇച്ഛാശക്തിയായിരുന്നു. നൗഷാദിന് ഒരു പരീക്ഷപോലും നഷ്ടപെട്ടില്ല. വെളുത്ത രക്താണുക്കള്‍ സ്വബോധം വന്നതുപോലെ പെരുമാറാന്‍ തുടങ്ങി.
നൗഷാദിന്റെ അസുഖം പൂര്‍ണ്ണമായി ഭേദപ്പെട്ടിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. നൗഷാദ് എം.ബി.ബി.എസ്സ് പാസ്സായി. ജൂനിയറായി പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹംകഴിച്ചു.വടക്കന്‍ കേരളത്തില്‍ ഒരു ഉള്‍പ്രദേശത്ത് ഒരു ചെറിയ വാടകവീട്ടില്‍ നൗഷാദ് വലിയ ജീവിതം തുടങ്ങിയിരിക്കുന്നു. കാന്‍സറിന് ചികിത്സിക്കുന്ന ഓങ്കോളജി വിഭാഗത്തില്‍ തന്നെ ജോലിചെയ്യുന്നു. നൗഷാദിന്റെ ഭാര്യ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.ഞാന്‍ നൗഷാദിന്റെ വീട്ടില്‍ പോയി. കുറേ നേരം സംസാരിച്ചിരുന്നു. ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. ആഹ്ലാദം നിറഞ്ഞുനില്‍ക്കുന്ന ആ ചെറിയ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ നെഞ്ചിലെ പഴയ ഒരു പൊള്ളല്‍ മഞ്ഞുകട്ടപോലെ തണുക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഓര്‍ക്കാന്‍ വിജയത്തിന്റെ മുഖങ്ങള്‍ അങ്ങനെ ഏറെയാണ്. ശൂന്യതയില്‍നിന്ന് ആരംഭിക്കുമ്പോഴാണ് ജീവിതത്തിന് ഹരമേറുന്നത്. കേറിപ്പോന്ന ചവിട്ടുപടികളില്‍ നില്‍ക്കുമ്പോളഹങ്കരിക്കാത്തതും അപ്പോഴായിരിക്കും.
ഒന്നുമില്ലായ്മയില്‍നിന്നാണ് ഞാനും ജീവിതം തുടങ്ങിയത്. ചെറുപ്പത്തിലോ എം.ബി.ബി.എസ്സിന് പഠിക്കുന്ന കാലത്തോ ബുദ്ധിമുട്ടൊന്നും അറിഞ്ഞിട്ടില്ല. ഹൗസ് സര്‍ജന്‍സി കഴിഞ്ഞയുടനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. രണ്ടുവീട്ടുകാരില്‍നിന്നും യാതൊന്നും സ്വീകരിക്കില്ലെന്ന് കല്യാണത്തോടൊപ്പമുള്ള പ്രതിജ്ഞയായിരുന്നു. ജീവിതം സ്വയം കരുപ്പിടിപ്പിക്കുന്നതിന്റെ സുഖം ഒന്നു വേറെത്തന്നെയാണല്ലോ. ഉടുത്തുമാറാന്‍ കുറച്ച് തുണികള്‍ മാത്രമായി ദില്ലിയിലേക്കുപോന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ഡി റേഡിയേഷന് പഠിക്കാന്‍. പൊള്ളുന്ന ഒരു വേനല്‍ക്കാലത്താണ് ഞങ്ങള്‍ ദില്ലിയില്‍ വന്നിറങ്ങിയത്. ഇടുങ്ങിയ ഒരു ഫ്ലാറ്റില്‍ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു താമസം. കട്ടിലും മറ്റ് ഫര്‍ണിച്ചറൊന്നുമില്ല. നിലത്ത് വെള്ളം കോരിയൊഴിച്ച് ഞങ്ങള്‍ കിടക്കും. ചൂടിന്റെ തീക്ഷണതകൊണ്ട് ഞൊടിയിടയില്‍ വെള്ളം ആവിയാകും. പിന്നെ ഉറക്കമില്ല. വീണ്ടും കോരിയൊഴിക്കാന്‍ വെള്ളവുമില്ല. മുഖത്തോട് മുഖം നോക്കിയിരുന്ന് ഞങ്ങള്‍ നേരം വെളുപ്പിക്കും.
അഡയാറിലെ ഡി.എം. ഓങ്കോളജിയ്ക്ക് പഠിക്കുമ്പോള്‍ എനിക്ക് ശമ്പളവും സ്റ്റൈപ്പന്റുമില്ല. ചിത്ര തീരെ തുച്ഛമായ വരുമാനത്തിന് ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അന്ന് മൂത്തമകന്‍ ഗോകുല്‍ എല്‍.കെ.ജിയില്‍ പഠിക്കുന്നു. ഇളയമകന്‍ ഗോവിന്ദ് കൈക്കുഞ്ഞാണ്. വൈകീട്ട് മക്കളുമായി ഞങ്ങള്‍ നടക്കാനിറങ്ങും. ഒരു പൊതി കടല വാങ്ങാനുള്ള കാശേകൈയിലുണ്ടാവൂ. ഐസ്ക്രീം വില്‍ക്കുന്നവരെ നോക്കി ഗോകുല്‍ കൈനീട്ടി കരയാന്‍ തുടങ്ങുമ്പോള്‍ ഞാനവനെ തിരിച്ച് പിടിച്ച് വേഗത്തില്‍ നടക്കും. ഒരു ഐസ്ക്രീം വാങ്ങിയാല്‍ ഇപ്പോഴേ അരിഷ്ടിക്കുന്ന ഫാമിലി ബജറ്റ് തലകീഴാവും.
ഡി.എം. കഴിഞ്ഞ് ആര്‍.സി.സിയില്‍ വന്ന് ചേരുമ്പോള്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ എന്ന വലിയ സ്ഥാനപ്പേരുണ്ട്. ശമ്പളം പക്ഷേ രണ്ടായിരം രൂപ. ഒരു വീടെടുത്ത് താമസിക്കാനുള്ള പാങ്ങില്ല. മെഡിക്കല്‍ കോളേജ് ജങ്ങ്ഷനിലുള്ള ഒരു ലോഡ്ജിലാണ് താമസം. അവിടത്തെ മുറികള്‍ക്ക് അറ്റാച്ച്ഡ് ബാത്ത്‌റൂം ഒന്നുമില്ല. പൊതുകുളിമുറിയും ടോയ്‌ലറ്റും പുറത്തുണ്ട്. പുലര്‍ച്ചെ നാലുമണി കഴിഞ്ഞാല്‍ പിന്നെ ഉറക്കമില്ല. ഞാന്‍ ഉറങ്ങാന്‍ പാടില്ലെന്ന വൈരാഗ്യബുദ്ധിയോടെ എന്നു തോന്നിക്കുംപോലെ തൊട്ടുമുമ്പിലെ ദേവീക്ഷേത്രത്തില്‍നിന്ന് ഉച്ചത്തില്‍ പാട്ടുകേട്ടുതുടങ്ങും.

ഞാന്‍ കണ്ട ജീവിത്തതിന്റെ വൈവിദ്ധ്യങ്ങള്‍ നിരവധിയാണ്. സ്നേഹത്തിന്റെ ചൂടില്‍നിന്ന് വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്പുകാരണം മഹാവ്യാധികള്‍ക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്ച്ചകളിലേക്ക് ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുനടന്നവര്‍. എല്ലാറ്റിനും ഭാഗഭാക്കായി കണ്ണീരും ചിരിയും ഇടകലരുന്ന എത്രയോ ദശാസന്ധികളില്‍ ഞാനെന്ന ഈ ജീവിതവും. മത്സരത്തിന്റെയും പകയുടെയും ഈ ലോകത്ത്, അടിസ്ഥാനപരമായി ഈ ജീവിതമെന്നത് എത്ര നിസ്സാരമാണെന്നു കണ്ടുകൊണ്ട്.
ഡോക്ടര്‍ വി. പി. ഗംഗാധരന്ജീവിതമെന്ന അത്ഭുതം
അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍,ക്രൈസ്റ്റ് കോളേജ്,എറണാകുളം മഹാരാജാസ് കോളേജ്,കോട്ടയം മെഡിക്കല്‍ കോളേജ്,ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠിച്ചു. റേഡിയേഷന്‍ തെറാപ്പിയിലും ജനറല്‍ മെഡിസിനിലും എം.ഡി.മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം.,വാഷിങ്ങ്ടണ്‍ ഡീസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്സ്ഡണ്‍ ഹോസ്പിറ്റലില്‍നിന്ന് ലോക ആരോഗ്യസംഘടനയുടെ ഫെല്ലോഷിപ്പ്. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒരുപാട് വര്‍ഷത്തെ സേവനം. ഇപ്പോള്‍ എറണാകുളത്ത് ജോലി നോക്കുന്നു. Lakeshore Hospital Eranakulam
ഡി.സി.ബുക്സ് പ്രസിദ്ധീകരണം
വില 75 രൂപ
ഡോക്ടര്‍ വി. പി. ഗംഗാധരന്‍
No comments:
Post a Comment