വരികള്‍ക്കിടയിലൂടെ കണ്ടതും കേട്ടതും ഒപ്പം തോന്നുന്ന നേരങ്ങളില്‍ തോന്നപ്പെട്ടതുമായ വരികള്‍ പകര്ത്തപ്പെടുന്നതിനായ് ഉണ്ടാക്കിയ ബ്ലോഗ്... അക്ഷരം പഠിപ്പിക്കാന്‍ സാഹസം കാണിച്ച .... വായനാശീലവും എഴുതാനുള്ള ശീലവും വളര്‍ത്താന്‍ പിന്തുണ നല്കിയ ഇരുപത്തിരണ്ട് കൊല്ലം മുമ്പൊരു റമദാൻ അവസാനിച്ച് പെരുന്നാൾ പിറ നടന്ന രാവിൽ ഞങ്ങളില്‍ നിന്ന് വിട പറഞ്ഞ സ്നേഹനിധിയായ ഉമ്മയുടെ സ്മരണകള്‍ക്ക് മുന്നില്‍ .....
Tuesday, March 26, 2013
പാലില്‍ പലതും അറിയാനുണ്ട്
പാല് ഒരു സമ്പൂര്‍ണ ആഹാരമായാണല്ലോ കണക്കാക്കപ്പെടുന്നത്. മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകവസ്തുക്കളും വിവിധ അളവില്‍ കൂടിയും കുറഞ്ഞും പാലില്‍ കണ്ടുവരുന്നു. ആരോഗ്യസംരക്ഷണത്തിനായി നമ്മുടെ ആഹാരചര്യയിലെ ഒരു പ്രധാന ചേരുവയായി പാല് ഉപയോഗിച്ചുവരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവരുന്ന ചില ഗവേഷണഫലങ്ങളില്‍ വിദേശയിനം പശുക്കളുടെ പാലില്‍ അടങ്ങിയിരിക്കുന്ന ചില വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ വ്യാപകമായി വളര്‍ത്തിവരുന്ന കറുപ്പും വെളുപ്പും നിറത്തോടുകൂടിയ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പോലുള്ള ചില ഇനങ്ങളില്‍പ്പെട്ട പശുക്കളുടെ പാലിലാണ് ഈ വില്ലന്റെ വിളയാട്ടം. നാടന്‍ പശുക്കളെ ഒഴിവാക്കി കര്‍ഷകര്‍ ഈ വിദേശയിനത്തെ വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ഈ വിവരം ഏറെ ആശങ്കയുളവാക്കുന്നു.
പശുവിന്‍പാലില്‍ 85 ശതമാനം വെള്ളവും 4-4.5 ശതമാനം ഷുഗറും 4-5 ശതമാനംവരെ കൊഴുപ്പും 3-4 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പാലില്‍ കാണുന്ന പ്രോട്ടീനില്‍ 27 ശതമാനം ബീറ്റ കസീന്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതില്‍ വിദേശയിനം പശുക്കളുടെ പാലില്‍ എ1 ബീറ്റ കസീന്‍ അടങ്ങിയിരിക്കുമ്പോള്‍ നാടന്‍ ഇനങ്ങളുടെ പാലില്‍ എ2 വിഭാഗം ബീറ്റ കസീന്‍ ആണുള്ളത്. ഇതില്‍ എ1 ബീറ്റ കസീന്‍ ശരീരത്തിനകത്തുവെച്ച് ദഹനരസങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ബീറ്റ കസോമോര്ഫിന്-7 അഥവാ ബി.സി.എം.-7 എന്ന പ്രോട്ടീന്‍ കണികയാണ് വില്ലന്റെരൂപത്തില് വരുന്നത്.
ഏകദേശം 8,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് എ2 ജീനുള്ള പശുക്കളില്‍ യൂറോപ്പില്‍ നടന്ന ജനിതകവ്യതിയാനമാണ് എ1 ജീനുകള്‍ ഉണ്ടായതും എ1 ബീറ്റ കസീന്റെ ഉത്പാദനത്തിലേക്ക് നയിച്ചതും. ഇവ രണ്ടും തമ്മില്‍ ഘടനയില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 209 അമിനോ ആസിഡുകള്‍ ചേര്‍ന്നതാണ് ബീറ്റ കസീന്റെ ഘടന. ഇതില്‍ എ2 വിഭാഗത്തില്‍ 67-ാമതായി പ്രൊലിന്‍ വരുമ്പോള്‍ എ1-ല്‍ ഇത് ഹിസ്റ്റിഡിന് ആണ്. എന്നാല്‍ ഈ ചെറിയ വ്യത്യാസം പാലിന്റെ ഗുണത്തിലും സ്വഭാവത്തിലും വളരെയേറെ വ്യതിയാനങ്ങള്‍ വരുത്തുന്നു. പ്രൊലിന്‍ തന്റെ ഇരുവശങ്ങളിലുമുള്ളവരെ ചേര്‍ത്തുപിടിച്ച് എളുപ്പം മുറിഞ്ഞുപോകാതെ കാക്കുമ്പോള്‍ ഹിസ്റ്റിഡിന്റെ പിടി വളരെ നേര്‍ത്തതും എളുപ്പം പൊട്ടിപ്പോകുന്നതുമാണ്. ഇതുമൂലം ഇത് ദഹനരസവുമായി പ്രവര്‍ത്തിച്ച് ബി.സി.എം.-7 രൂപംപ്രാപിക്കുന്നു. 7 അമിനോ ആസിഡ് കണികകള്‍ ചേര്‍ന്ന ഈ പ്രോട്ടീന്തന്തുവില് അംഗങ്ങള്‍ പരസ്പരം കൂടിചേര്‍ന്ന് ദൃഢമായി നിലകൊള്ളുന്നതിനാല്‍ എളുപ്പം വിഘടിച്ച് നശിച്ചുപോകാതെ ശരീരത്തില്‍ പടരുന്നു.
പേരില്‍തന്നെ മോര്‍ഫിന്‍ എന്ന മയക്കുമരുന്നിന്റെ സാന്നിധ്യം ഉള്ളതുപോലെതന്നെ ബി.സി.എം.-7 മസ്തിഷ്കത്തില്‍ മയക്കുമരുന്നുപോലെ പ്രവര്‍ത്തിക്കുകയും നാഡീവ്യൂഹത്തെ തളര്‍ത്തുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമെ ഇത് ഹൃദ്രോഗത്തിനു വഴിതെളിക്കുന്നതായും ഓട്ടിസം, സ്കിസോഫ്രീനിയ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ഹേതുവാകുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളിലും കുടല് സംബന്ധമായ രോഗങ്ങളുള്ളവരിലുമാണ് ബി.സി.എം.-7ന്റെ ദോഷഫലങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എ1 പാലിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എ2 പാലിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മാത്രമായി എ2 കോര്പ്പറേഷന് എന്ന സംഘടന രൂപവത്കരിച്ച് ഇവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ യൂറോപ്പിലുള്ള ശാസ്ത്രജ്ഞര്‍ ഈ വാദങ്ങള്‍ക്ക് എതിരായി രംഗത്തുണ്ട്. എന്നിരുന്നാലും നിഷ്പക്ഷരുടെ അഭിപ്രായത്തില്‍ കുട്ടികളില്‍ ഇത്തരം പാലിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ്. സ്വന്തം നാട്ടില്‍ നല്ല ഗുണസമൃദ്ധമായ പാലുത്പാദിപ്പിക്കുന്ന നാടന്‍ ജനുസ്സുകളുള്ളപ്പോള് വിദേശയിനങ്ങളെ ഉപയോഗപ്പെടുത്തി വേണ്ടാത്ത കുഴപ്പങ്ങളില്‍ ചെന്നുചാടുന്നത് എന്തിനാണ്.
ചുരുങ്ങിയ കാലത്തേക്ക് മാത്രം ഉണ്ടാകുന്ന അല്പം പാലളവിലെ വര്‍ധനമാത്രം മനസ്സില്‍വെച്ച് സങ്കര പ്രജനനത്തിലൂടെ നമ്മുടെ നാട്ടിലെ നാടന്‍ പശുക്കളെ മുഴുവന്‍ തുടച്ചുമാറ്റുമ്പോള്‍ അതിനോടൊപ്പം കടന്നുവരുന്ന ആഗോളഭീമന്റെ ഇത്തരം ഭീകരമുഖങ്ങള്കൂടി മനസ്സില്‍ കരുതുന്നത് നല്ലതാണ്. നാടന്‍ പശുക്കളുടെ പാലില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഇതുപോലുള്ള എത്രയേറെ ഗുണങ്ങളാവും ഒളിഞ്ഞിരിപ്പുണ്ടാകുക എന്ന് കാലം തെളിയിക്കട്ടെ.
BY:
ഡോ.മുഹമ്മദ് അസ്ലം എം.കെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment