Saturday, March 2, 2013

മെക്കാട്രോണിക്‌സ് എന്ന ശാസ്ത്രശാഖ

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയറിങ്, മോളിക്യുലാര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ സങ്കലനമാണു മെക്കാട്രോണിക്‌സ്. പത്ത് എന്‍ജിനീയര്‍മാര്‍ ചെയ്യുന്ന ജോലി ഒരു റോബോട്ട് ചെയ്താല്‍ എത്ര ലാഭമാണ്. പക്ഷേ, അങ്ങനെയൊരുത്തനെ ഉണ്ടാക്കിയെടുത്തു തീറ്റിപ്പോറ്റണമെങ്കില്‍ ചെലവ് എത്രയാ! റോബട്ട് ചെയ്യുന്നതൊക്കെയും മനുഷ്യന്‍തന്നെ ചെയ്യുമെന്നുവന്നാലോ? സംഗതി കൊള്ളാം. അഞ്ചും ആറും എന്‍ജിനീയര്‍മാര്‍ ചെയ്യുന്ന ജോലി ഒരു മിടുക്കന്‍ ഒറ്റയ്ക്കു ചെയ്യുമെന്നു കേട്ടാല്‍ ഏതു വമ്പനും ജോലി കൊടുത്തുപോകും. അതൊക്കെ നടക്കുമോ എന്ന് ആശങ്കിച്ചു സമയം കളയേണ്ട. കുറച്ചു കാലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന “മെക്കാട്രോണിക്‌സ് എന്ന ശാസ്ത്രശാഖ അതു സാധ്യമാക്കിക്കഴിഞ്ഞു.
 ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്‍പനയാണ് മെക്കാട്രോണിക്‌സിന്റെ പ്രധാന ചുമതല. അറിവിന്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാനുള്ള കയ്യടക്കമാണ് ഈ കോഴ്‌സ് നല്‍കുന്നത്. ജപ്പാനിലെ യാസാക്കാവ കമ്പനിയിലെ എന്‍ജിനീയറായ  ടെട്‌സുറോമോറിയാണ് മെക്കാട്രോണിക്‌സ് രൂപകല്‍പന ചെയ്തത്.
 ആദ്യകാലത്തു ജപ്പാനില്‍ ഒതുങ്ങിനിന്ന മെക്കാട്രോണിക്‌സ് ഇപ്പോള്‍ ഇന്ത്യയുടെ ഹൃദയത്തെയും കീഴടക്കിത്തുടങ്ങിയിരിക്കുന്നു. എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ്, മെക്കാനിക്‌സ്, തെര്‍മോ ഡൈനാമിക്‌സ്, സര്‍ക്യൂട്ട് സിസ്റ്റം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ ഡിസൈനിംഗ് എന്നിവയാണു സിലബസില്‍ ഉള്‍പ്പെടുന്നത്. “ജീനിയസ് പിള്ളേര്‍ക്ക് ഒരു വിഷയവും നഷ്ടമായി എന്ന വിഷമം  വേണ്ട.
ബയോമെക്കാട്രോണിക്‌സ് എന്നൊരു പുതിയ ശാഖകൂടി വിദേശരാജ്യങ്ങളില്‍ സജീവമായിട്ടുണ്ട്. മനുഷ്യശരീരത്തിലെ മെക്കാനിക്‌സ് ആണ് ഇതില്‍ ഉപയോഗിക്കുന്നത്. മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ഘടകങ്ങളോടൊപ്പം ജീവജാലങ്ങളുടെ ശരീരഭാഗങ്ങള്‍കൂടി ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇതില്‍ പ്രധാനമായും നടക്കുന്നത്. യന്ത്രമീനില്‍ തവളയുടെ കാലിലെ മസിലുകള്‍ ഘടിപ്പിച്ച് അതിലൂടെ ഇലക്ട്രിക് കറന്റ് കടത്തിവിട്ട് യന്ത്രമീനിനെ നീന്താന്‍ പ്രാപ്തമാക്കിയ എംഐടി പ്രഫസര്‍ ഹ്യൂഗ് ഹെര്‍, ബയോമെക്കാട്രോണിക് എന്‍ജിനീയറിംഗ് രംഗത്തെ ശ്രദ്ധേയനാണ്. ജീവികളുടെ മസിലുകളും അസ്ഥിയും ഞരമ്പുകളും ഒക്കെയായി യോജിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. ജന്‍മനാ ഉണ്ടാകുന്നതോ അസുഖംമൂലം ഉണ്ടാകുന്നതോ ആയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. മെക്കാട്രോണിക്‌സിന്റെ തൊഴില്‍ സാധ്യതകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.

 വിമാന – ഷിപ്പിങ് കമ്പനികളില്‍ മുതല്‍ ബയോമെഡിക്കല്‍ നാനോ ടെക്‌നോളജിയില്‍ വരെ നീളുന്നു അനന്തസാധ്യതകള്‍. ബയോമെഡിക്കല്‍ സിസ്റ്റം, നാനോ ആന്‍ഡ് മൈക്രോ ടെക്‌നോളജി, ഓര്‍ത്തോപീഡിക്‌സ്, റോബോട്ടിക്‌സ്, കെമിക്കല്‍ പ്രോസസിങ്, മൈനിങ്, എയര്‍ക്രാഫ്റ്റ്, എയ്‌റോസ്‌പേസ്, ഓഷ്യനോഗ്രഫി തുടങ്ങി കണക്കറ്റ മേഖലകളില്‍ ഈ സംയോജിത എന്‍ജിനീയറിങ് ശാഖയെ ഉപയോഗപ്പെടുത്തുന്നു.

 ബിരുദ – ബിരുദാനന്തര ബിരുദ – ഗവേഷണ കോഴ്‌സുകള്‍ മെക്കാട്രോണിക്‌സിനുണ്ട്. പ്ലസ് ടുവിനു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച ആര്‍ക്കും മെക്കാട്രോണിക്‌സ് ബിരുദത്തിനു ചേരാം. ഡിപ്ലോമ കോഴ്‌സുകളുമുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു മെക്കാട്രോണിക്‌സ് ബിരുദാനന്തര ബിരുദത്തിനു ചേരാനാകും.
 രാജ്യാന്തരതലത്തില്‍ സിംഗപ്പൂരിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍, യുഎസില്‍ നോര്‍ത്ത് കാരലീനയിലെ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റി  തുടങ്ങിയവ ഈ രംഗത്തു പ്രസിദ്ധമാണ്. ഇന്ത്യയില്‍ ഒട്ടേറെ കോളജുകളില്‍ ബിരുദ കോഴ്‌സുകള്‍ നിലവിലുണ്ട്.
തലശേരിയിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയ്‌നിങ് ഫൗണ്ടേഷന്‍  മെക്കാട്രോണിക്‌സ് പഠനത്തിന് ഇന്ത്യ-സ്വിസ് സഹകരണത്തോടെ നിലവില്‍വന്ന സ്ഥാപനമാണ്. സകലവിദ്യാ വല്ലഭന്‍മാരുടെ കാലമാണ് ഇനി.

1 comment:

mujeeb kaindar said...

അക്കാദമിക് രംഗത്ത് മെക്കാട്രോണിക്സിന് വന്‍സാധ്യതകളാണുള്ളത്.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദമോ, ബി.എസ്സി, ബി.ടെക് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോ നേടിയവര്‍ക്ക് ബിരുദാനന്തര ബിരുദ വിഷയമായി മെക്കാട്രോണിക്സ് തെരഞ്ഞെടുക്കാം.
മെഷീന്‍ വിഷന്‍, ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ്, സെര്‍വോ-മെക്കാനിക്സ്, സെന്‍സിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ്, ഓട്ടോമോട്ടിവ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ മെഷീന്‍ കണ്‍ട്രോള്‍, എക്സ്പേര്‍ട്ട് സിസ്റ്റം, ഇന്‍ഡസ്ട്രിയല്‍ ഗുഡ്സ്, മെക്കാട്രോണിക് സിസ്റ്റം, മെഡിക്കല്‍ മെക്കാട്രോണിക്സ്, സ്ട്രക്ചറല്‍ ഡയനാമിക് സിസ്റ്റം, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, പാക്കേജിങ്, മൈക്രോ കണ്‍ട്രോളര്‍, മൊബൈല്‍ ആപ്സ് എന്നീ മേഖലകളില്‍ മെക്കാട്രോണിക്സിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്താം.

ബിരുദാനന്തര ബിരുദ കോഴ്സുകള്‍
- മാസ്റ്റര്‍സ് ഇന്‍ എന്‍ജിനീയറിങ്: മെക്കാട്രോണിക്സ് എന്‍ജിനീയറിങ് (എം.ഇ)
-മാസ്റ്റേര്‍സ് ഇന്‍ സയന്‍സ്: മെക്കാട്രോണിക്സ് (എം.എസ്സി)
-മാസ്റ്റേര്‍സ് ഇന്‍ ടെക്നോളജി: മെക്കാട്രോണിക്സ് (എം.ടെക്)
മെക്കാട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ പി.ജി ഡിപ്ളോമ (പി.ജി.ഡി.എം)
ഓട്ടോമൊബൈല്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സര്‍ജറി സാമഗ്രികള്‍, കൃഷി, മരുന്ന്, കളിക്കോപ്പ് നിര്‍മാണം എന്നീ മേഖലകളിലാണ് മെക്കാട്രോണിക്സിന്‍െറ തൊഴില്‍ സാധ്യതകള്‍. അധ്യാപനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് മെക്കാട്രോണിക്സ് അധ്യാപകരുമാകാം.
ഏത് മേഖലയിലാണ് ജോലി എന്ന് അടിസ്ഥാനമാക്കിയാണ് ഈ മേഖലയിലെ ശമ്പളം. മെക്കാട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് 15,000 മുതല്‍ 20,000 വരെ സ്റ്റൈപന്‍ഡ് ലഭിക്കും. ഈ മേഖലയില്‍ വിദഗ്ധര്‍ക്ക് 25,000 മുതല്‍ 40,000 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും.

മെക്കാട്രോണിക്സിലെ പ്രധാന പഠന വിഭാഗങ്ങള്‍ ഇവയാണ്:
-മെക്കാനിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ്
-ഇലക്ട്രോണിക് എന്‍ജിനീയറിങ്
-കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്
-കമ്പ്യൂട്ടര്‍ സയന്‍സ്
-സിസ്റ്റംസ് ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്
-ഒപ്റ്റോമെക്കാനിക്സ് (ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്)
-റോബോട്ടിക്സ്

ഇന്ത്യയിലെ മെക്കാട്രോണിക്സ് പഠനകേന്ദ്രങ്ങള്‍

പി.ജി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍
1. എസ്.ആര്‍.എം യൂനിവേഴ്സിറ്റി ചെന്നൈ
2. ശാസ്ത്ര യൂനിവേഴ്സിറ്റി തഞ്ചാവൂര്‍ (തമിഴ്നാട്)
3. കൊന്‍ജു (kongu) എന്‍ജിനീയറിങ് കോളജ് ഈറോഡ് (തമിഴ്നാട്)
4. മണിപ്പാല്‍ യൂനിവേഴ്സിറ്റി (കര്‍ണാടക)
5. കുമാരഗുരു കോളജ് ഓഫ് ടെക്നോളജി കോയമ്പത്തൂര്‍ (തമിഴ്നാട്)
6. ആരുപടൈവീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ചീപുരം (തമിഴ്നാട്)
7. കര്‍പാകം കോളജ് ഓഫ് എന്‍ജിനീയറിങ്, കോയമ്പത്തൂര്‍
8. ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബംഗളൂരു
9. ഏഷ്യ പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാനിപത്ത് (ഹരിയാന)
10. ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചെന്നൈ (തമിഴ്നാട്)
11. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈന്‍, ഹൈദരാബാദ്
12. ജി.എച്ച് പട്ടേല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, വല്ലഭ് വിദ്യാനഗര്‍
13. ഐ.ടി.എം യൂനിവേഴ്സിറ്റി, ഗുഡ്ഗാവ് (ഹരിയാന)
14. കെ.എസ്. രങ്കസ്വാമി കോളജ് ഓഫ് ടെക്നോളജി, തിരുച്ചന്‍കോട് (തമിഴ്നാട്)

ബി.ടെക്കിനുശേഷം സ്പെഷലൈസേഷനോട് കൂടിയ മെക്കാട്രോണിക്സ് ഡിപ്ളോമ കോഴ്സുകളും ഇപ്പോള്‍ ലഭ്യമാണ്. അത്തരം ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടാം.
1. ആചാര്യ പോളിടെക്നിക്, ബംഗളൂരു, കര്‍ണാടക
2. അഡ്വാന്‍സ്ഡ് ടെക്നിക്കല്‍ ട്രെയ്നിങ് സെന്‍റര്‍, ബര്‍ദാങ്, സിക്കിം
3. ബി.എസ് പട്ടേല്‍ പോളിടെക്നിക്, മെഹ്സാന, ഗുജറാത്ത്
4. ഝാര്‍ പോളിടെക്നിക് കോളജ്, മധ്യപ്രദേശ്
5. ദിഗംഭര്‍ ജെയിന്‍ പോളിടെക്നിക്ക്, മീററ്റ്, ഉത്തര്‍പ്രദേശ്
6. ഡോ.ടി.എം.എ പൈ പോളിടെക്നിക്, എം.ഐ.ടി കാമ്പസ്, മണിപ്പാല്‍, കര്‍ണാടക
7. ഗവ.പോളിടെക്നിക് നിലോഖേരി, കര്‍ണാല്‍, ഹരിയാന
8. ഗുജറാത്ത് ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി, അഹ്മദാബാദ്, ഗുജറാത്ത്