Sunday, March 24, 2013

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍




വിവിധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും...

  • ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ പ്രവേനശരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെ?
ബി.എസ്.സി. നഴ്‌സിങ് പ്രവേശനത്തിന് ഇപ്പോള്‍ പ്രവേശനപ്പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റാണ് നടത്തുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു വേണ്ടി എല്‍.ബി.എസ്. സെന്ററാണ് അലോട്ട്‌മെന്റ് നടത്തുക. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ സീറ്റുകള്‍, സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന സ്വാശ്രയസ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകള്‍ എന്നിവയിലാണ് ഈ രീതിയില്‍ പ്രവേശനം നല്‍കുന്നത്. ബയോളജിക്ക് മാത്രം 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. മുഖ്യവിഷയത്തിനും ഉപവിഷയത്തിനും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി എന്നിവയില്‍ ഒന്ന് മുഖ്യവിഷയമായും ഇവയില്‍ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും എടുത്ത് ബി.എസ്‌സി ബിരുദം നേടിയവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്.

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നഴ്‌സിങ് ബിരുദം നേടാന്‍ അവസരമൊരുക്കുന്ന കോഴ്‌സാണ് ബി.എസ്‌സി. നഴ്‌സിങ്-പോസ്റ്റ് ബേസിക്. ഈ കോഴ്‌സിന് പ്രവൃത്തിപരിചയം മുമ്പ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പ്ലസ്ടുവും ജി.എന്‍.എമ്മും പാസ്സായവര്‍ക്ക് പോസ്റ്റ് ബേസിക് കോഴ്‌സിന് അപേക്ഷിക്കാം.

  • ജേര്‍ണലിസം
    ജേര്‍ണലിസം കോഴ്‌സിന് ചേരാനുള്ള യോഗ്യത എന്ത്? പഠന സൗകര്യം എവിടെയൊക്കെ? അപേക്ഷ ക്ഷണിക്കുന്നത് എപ്പോള്‍?

ജേര്‍ണലിസത്തില്‍ രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ, പിഎച്ച്.ഡി. കോഴ്‌സുകളാണ് പ്രധാനമായുള്ളത്. കൂടാതെ, നിരവധി കോളേജുകളില്‍, മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേര്‍ണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സും ചില കോളേജുകളിലുണ്ട്. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തശേഷം ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമോ പി.ജി. ഡിപ്ലോമയോ നേടുന്നവര്‍ക്കാണ് ജോലി സാധ്യത കൂടുതല്‍. കേരള, കലിക്കറ്റ്, എം.ജി. സര്‍വകലാശാലകള്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ (എം.സി.ജെ./എം.ജെ.സി.) കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷ മുഖേനയാണ് പ്രവേശനം. ഏപ്രില്‍/മെയ് മാസങ്ങളിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുന്നത്. ഏതു വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും അപേക്ഷിക്കാം.

എറണാകുളം ജില്ലയിലെ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമി ജേര്‍ണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. വിലാസം: Institute of Communication, Kerala Press Academy, Kakkanadu P.O., Kochi 30. ജവ: 0484, 2422275. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ പ്രസ് ക്ലബ്ബുകളും ജേര്‍ണലിസം പി.ജി. ഡിപ്ലോമ കോഴ്‌സ് നടത്തുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഇലക്‌ട്രോണിക് ജേര്‍ണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ബിരുദമാണ് യോഗ്യത.

  • മള്‍ട്ടിമീഡിയ
    ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങള്‍ ഏതൊക്കെ?

ചിത്രരചനയില്‍ താത്പര്യമുള്ളവര്‍ക്ക് വിവരസാങ്കേതിക മേഖലയില്‍ തിളങ്ങാവുന്ന രംഗങ്ങളാണ് ആനിമേഷനും മള്‍ട്ടിമീഡിയയും. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ (PGDMM), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ നടത്തുന്നു. ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. യോഗ്യത. ബിരുദം/ത്രിവത്സര ഡിപ്ലോമ/ഫൈന്‍ ആര്‍ട്‌സിലോ വിഷ്വല്‍ ആര്‍ട്‌സിലോ ദേശീയ, സംസ്ഥാന തല അംഗീകാരം. അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ചങ്ങനാശ്ശേരിയിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സ് ബി.എ. മള്‍ട്ടിമീഡിയ, ബി.എ. (ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിങ്), എം.എ. (സിനിമ ആന്‍ഡ് ടി.വി.) കോഴ്‌സുകള്‍ നടത്തുന്നു. എറണാകുളം ഇടപ്പള്ളിയിലെ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ബി.എസ്‌സി. (വിഷ്വല്‍ മീഡിയ) എം.എഫ്.എ. (വിഷ്വല്‍ മീഡിയ) എന്നിവ പഠിക്കാം.

കെല്‍ട്രോണ്‍ ആനിമേഷന്‍ കാമ്പസില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിമീഡിയ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ആനിമേഷന്‍, ഢഎത, മള്‍ട്ടിമീഡിയ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ ആന്‍ഡ് മോഡലിങ് തുടങ്ങിയ കോഴ്‌സുകളാണുള്ളത്. വെബ്‌സൈറ്റ്: www.keltronanimation.com ഇതു കൂടാതെ ചില സ്വകാര്യ സ്ഥാപനങ്ങളും ആനിമേഷന്‍ പഠിപ്പിക്കുന്നു. അരീന ആനിമേഷന്‍ അക്കാദമി, വിസ്മയ മാക്‌സ് ആനിമേഷന്‍ അക്കാദമി, ടൂണ്‍സ് ആനിമേഷന്‍ അക്കാദമി മുതലായവ ഇതില്‍ പ്രധാനമാണ്.

  • മര്‍ച്ചന്റ് നേവി

മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തില്‍ എവിടെയൊക്കെ അവസരം ലഭിക്കും? അതിനുള്ള യോഗ്യതകള്‍ എന്തൊക്കെ?

ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു പാസ്സായവര്‍ക്ക് മര്‍ച്ചന്റ് നേവി കോഴ്‌സുകള്‍ക്ക് ചേരാന്‍ കഴിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ് (IIMS) ആണ് ഈ മേഖലയിലെ പ്രമുഖ സ്ഥാപനം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്. ഐ.ഐ.ടി. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കേരളത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങള്‍ വിവിധ മാരിടൈം കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.

1. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, കൊച്ചി.
വെബ്‌സൈറ്റ്: www.cochinshipyard.com

2. യൂറോടെക് മാരിടൈം അക്കാദമി, കലൂര്‍, കൊച്ചി. വെബ്‌സൈറ്റ് - www.eurotech maritime.com

3. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനിയേഴ്‌സ്, വില്ലിങ്ടണ്‍, കൊച്ചി. വെബ്‌സൈറ്റ് - www.imareindia.org

4. കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനിയറിങ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. വെബ്‌സൈറ്റ്: www.cusat.ac.in

5. യൂണിവണ്‍ മാരിടൈം ട്രെയിനിങ് അക്കാദമി, മറൈന്‍ഡ്രൈവ്, കൊച്ചി. വെബ്‌സൈറ്റ് - www.univan.com.hk
മര്‍ച്ചന്റ് നേവി കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ മാത്രം ചേരാന്‍ ശ്രദ്ധിക്കണം. ഈ സ്ഥാപനങ്ങളുടെ പട്ടിക www.dgshipping.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
  • കേരളത്തില്‍ നിയമപഠനം നടത്താനുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്? പ്രവേശന യോഗ്യത എന്താണ്?

കേരളത്തില്‍ നിയമപഠനം നടത്തുന്നതിന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് ലോ കോളേജുകളുണ്ട്. മൂന്നു വര്‍ഷ, അഞ്ചുവര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം. കോഴ്‌സുമാണ് ഈ കോളേജുകളില്‍ ഉള്ളത്. കൂടാതെ തിരുവനന്തപുരത്തെ കേരളാ ലോ അക്കാദമി ലോ കോളേജില്‍ മൂന്നു വര്‍ഷ, അഞ്ചുവര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം, എം.ബി.എല്‍. കോഴ്‌സുകളുമുണ്ട്. കേരള യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ എല്‍.എല്‍.എം., പിഎച്ച്.ഡി. കോഴ്‌സുകളാണ് നടത്തുന്നത്. എം.ജി. സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ മൂന്നു വര്‍ഷ, അഞ്ചു വര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളും എല്‍.എല്‍.എം, പിഎച്ച്.ഡി കോഴ്‌സുകളുമുണ്ട്. കണ്ണൂര്‍ വാഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോ ആന്‍ഡ് ലീഗല്‍ സ്റ്റഡീസിലും എല്‍.എല്‍.ബി, എല്‍.എല്‍.എം. കോഴ്‌സുണ്ട്.

സര്‍ക്കാര്‍ ലോ കോളേജുകളില്‍ പഞ്ചവത്സര എല്‍.എല്‍.ബി., എല്‍.എല്‍.എം, കോഴ്‌സുകളിലേക്ക് പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ്. പ്ലസ്ടുവിന് 40 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി തലത്തില്‍ എല്ലാ പാര്‍ട്ടുകള്‍ക്കും കൂടി 40 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് മൂന്നു വര്‍ഷ എല്‍.എല്‍.ബിക്ക് അപേക്ഷിക്കാം. അംഗീകൃത എല്‍.എല്‍.ബി. ബിരുദം നേടിയവര്‍ക്കാണ് എല്‍.എല്‍.എം. പ്രവേശനം.

ഇതു കൂടാതെ കൊച്ചിയിലെ കലൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി. കോഴ്‌സുണ്ട്. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അഖിലേന്ത്യാ പ്രവേശന പരീക്ഷ (Common Law Admission Test -CAT) വഴിയാണ് പ്രവേശനം.

No comments: