Thursday, March 14, 2013

സിവില്‍ സര്‍വീസ് പരീക്ഷ -2013

കാലോചിതമായ മാറ്റങ്ങളോടെ രാജ്യത്തെ ഗ്ലാമര്‍ തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനമായി. 1000 ഒഴിവുകളുള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വര്‍ഷം തന്നെയാണിത്. മെയിന്‍ പരീക്ഷയുടെ ഘടനയിലും സിലബസ്സിലും മറ്റു ചില നിബന്ധനകളിലും ഈ വര്‍ഷം മുതല്‍ മാറ്റങ്ങളുള്ളതിനാല്‍ തയ്യാറെടുപ്പിന്റെ ശൈലിയിലും പഠനത്തിന്റെ മുന്‍ഗണനകളിലും ശ്രദ്ധാപൂര്‍വം മാറ്റം വരുത്തേണ്ട വര്‍ഷം കൂടിയാണ് 2013.




മൂന്നു ഘട്ടങ്ങളുള്ളതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ; പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ വേണ്ടി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റ് മാത്രമാണ് പ്രിലിമിനറി അഥവാ സിസാറ്റ്. ഈ ഒന്നാംഘട്ട പരീക്ഷയുടെ സിലബസ്സിലും ഘടനയിലും മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നതുപോലെ 200 മാര്‍ക്ക് വീതമുള്ള ഒബ്ജക്ടീവ് മാതൃകയിലെ രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുണ്ടാവുക.



ഉദ്യോഗാര്‍ഥികളുടെ പൊതുവിജ്ഞാനം, ഇംഗ്ലീഷ് , മെന്റല്‍ എബിലിറ്റി തുടങ്ങിയവയാണ് ഈഘട്ടത്തില്‍ അളക്കുന്നത്. മൂന്നുലക്ഷത്തോളം അപേക്ഷകരില്‍ നിന്ന് 12,000പേരെ തിരഞ്ഞെടുക്കുന്ന ഈ കാലഘട്ടമാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ഏറ്റവും വിഷമഘട്ടം. ( വിജയിക്കുന്നവര്‍ നാലു ശതമാനം മാത്രം). പ്രിലിമിനറി എന്ന കടമ്പ കടന്നാല്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാം. എഴുത്തുപരീക്ഷയും (മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏഴ് പേപ്പറുകള്‍), ഇന്റര്‍വ്യൂവും (20-30 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം) ചേര്‍ന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ. എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കുകള്‍ കൂട്ടിയാണ് അന്തിമറാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. മെയിന്‍ പരീക്ഷയുടെ ആദ്യഘട്ടമായ എഴുത്തുപരീക്ഷ എഴുതുന്ന 12,000 ഉദ്യോഗാര്‍ഥികളില്‍ നിന്ന് രണ്ടായിരത്തോളം പേരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇവരില്‍ നിന്ന് ആയിരം പേര്‍ക്ക് നിയമനം പ്രതീക്ഷിക്കാം. (വിജയശതമാനം എട്ടുമാത്രം) മെയിന്‍ പരീക്ഷയില്‍ ഇക്കൊല്ലം മുതല്‍ നടപ്പാക്കുന്ന സമഗ്രമാറ്റം ഇതോടൊപ്പം ചേര്‍ത്ത പട്ടികയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നീ രണ്ട് യോഗ്യതാപരീക്ഷകളും ഒഴിവാക്കി, ഐച്ഛികവിഷയം രണ്ടെണ്ണം തിരഞ്ഞെടുത്ത് പഠിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞ് പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ പരീക്ഷാഘടന വളരെ പ്രതീക്ഷ നല്‍കുന്ന മാറ്റമാണ്. നാല് 'ജനറല്‍ സ്റ്റഡീസ്' പേപ്പറുകളിലായി ചരിത്രം, ഭൂമിശാസ്ത്രം, കാലികസംഭവങ്ങള്‍, സാമ്പത്തികശാസ്ത്രം, ഭരണഘടന, സാങ്കേതികരംഗത്തെ പുരോഗതി, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയും ഉദ്യോഗാര്‍ഥിയുടെ ജീവിതവീക്ഷണവും നൈപുണ്യവും സത്യസന്ധതയുംകൂടി അളക്കുമ്പോള്‍ (Ethics, Integrity and Aptitude ആണ് ജനറല്‍ സ്റ്റഡീസ് നാലാം പേപ്പറിന്റെ സിലബസ്) പരന്നവായനയും ആഴത്തിലുള്ള അറിവും സാമൂഹികപ്രതിബദ്ധതയും ഉള്ളവര്‍ സിവില്‍ സര്‍വീസിലേക്ക് കടന്നുവരും.

യു.പി.എസ്.സി.യുടെ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള 25 ഐച്ഛികവിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് പഠിക്കാം. അല്ലെങ്കില്‍ 21 ഭാഷകളില്‍ ഏതെങ്കിലുമൊന്നിന്റെ സാഹിത്യം ഐച്ഛികവിഷയമായെടുക്കാം. എന്നാല്‍, സാഹിത്യം ഐച്ഛികവിഷയമായി എടുക്കണമെങ്കില്‍ ഈ വിഷയത്തില്‍ ബിരുദധാരിയാവണമെന്ന നിബന്ധന ഈ വര്‍ഷം മുതല്‍ വന്നിട്ടുണ്ട്. അപ്പോള്‍, ബി.എ. മലയാളം പഠിക്കാത്തവര്‍ക്ക് 'മലയാള സാഹിത്യം' ഐച്ഛികവിഷയമായി സ്വീകരിക്കാന്‍ പറ്റില്ല. സാഹിത്യത്തില്‍മാത്രമാണ് യു.പി.എസ്.സി. ഈയൊരു നിബന്ധനവെച്ചത് എന്നത് ആശ്വാസകരമാണ്. മറ്റ് 25 ഐച്ഛികവിഷയങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കുമ്പോള്‍ അത് ഉദ്യോഗാര്‍ഥി ബിരുദതലത്തില്‍ പഠിച്ച വിഷയമാകണമെന്ന നിബന്ധനയില്ല.

2013 മുതലുള്ള മറ്റൊരു പ്രധാനമാറ്റം പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ചാണ്. കഴിഞ്ഞവര്‍ഷംവരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഭരണഘടനയിലുള്ള പ്രാദേശികഭാഷകളിലോ മെയിന്‍ പരീക്ഷയുടെ മുഴുവന്‍ പേപ്പറുകള്‍ക്കും ഉത്തരമെഴുതാം. ഈ വര്‍ഷം മുതല്‍ പ്രാദേശികഭാഷയില്‍ മെയിന്‍ പരീക്ഷ എഴുതണമെങ്കില്‍ ബിരുദപഠനത്തിന്റെ ഭാഷ പ്രാദേശിക ഭാഷതന്നെയാവണമെന്ന ഒരു നിബന്ധന വെച്ചിട്ടുണ്ട്. ബിരുദതലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മലയാളത്തില്‍ എഴുതിയവര്‍ക്കേ ഇനി മലയാളത്തില്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കൂ. ഇതുകൂടാതെ ഒരു പ്രാദേശികഭാഷയില്‍ മെയിന്‍ പരീക്ഷയെഴുതുന്ന 25 പേരെങ്കിലും ഇല്ലെങ്കില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലേ മാത്രമേ പരീക്ഷയെഴുതാന്‍ സാധിക്കൂ എന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ മെയിന്‍ പരീക്ഷയെഴുതാന്‍ ഭൂരിഭാഗത്തിനും സാധിക്കൂ എന്ന് സാരം. പ്രാദേശികഭാഷയില്‍ പരീക്ഷയെഴുതുന്നവര്‍ വളരെ കുറച്ചുമാത്രമേയുള്ളൂ. അതിനാല്‍ ഭൂരിഭാഗം ഉദ്യോഗാര്‍ഥികളെയും ഈ നിബന്ധന ബാധിക്കില്ല.

പൊതുവെ ശുഭപ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വന്നിരിക്കുന്നത്. പൊതുവിജ്ഞാനമുള്ളവര്‍ക്കായി സിവില്‍ സര്‍വീസിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന് നിസ്സംശയം അനുമാനിക്കാം. സിലബസ്സിലും ഘടനയിലും വന്ന മാറ്റങ്ങള്‍ കൂടാതെ വളരെയധികം ഒഴിവുകള്‍ ഉള്ളതും ഉദ്യോഗാര്‍ഥികള്‍ക്ക് ഊര്‍ജംപകരുമെന്ന് ഉറപ്പാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ പഠിക്കുന്നവര്‍ക്കായി വിജയപഥം മുന്നിലുണ്ട്.

(Article written by S Hari Kishore......2008 ബാച്ച് ഐ.എ.എസ്. കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് ഹരികിഷോര്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് പട്ടികജാതി-വര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍)

2 comments:

mujeeb kaindar said...



ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ 24 വിവിധ സര്‍വീസുകളിലേക്ക് (ഐഎഎസ്/ഐപിഎസ്/ഐഎഫ്സ് തുടങ്ങിയവ) നിയമനത്തിനുവേണ്ടി നടത്തുന്ന സിവില്‍സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടമായ സിവില്‍സര്‍വീസ് പ്രിലിമിനറി പരീക്ഷ മെയ് 26ന് നടത്തും. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍പരീക്ഷയും അഭിമുഖവും ഉണ്ടാകും.



ഈ വര്‍ഷംമുതല്‍ ഫോറസ്റ്റ് സര്‍വീസ്പരീക്ഷക്ക് അപേക്ഷിക്കുന്നവരും സിവില്‍സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടണം. കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുംമുമ്പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. 2013 ആഗസ്ത്/സെപ്തംബറിലാകും മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുക. 2013 ആഗസ്ത് ഒന്നിന് 21-30 വയസ്സാണ് പ്രായപരിധി.



(1983 ആഗസ്ത് രണ്ടിനും 1992 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം). എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വിമുക്തഭടന്‍മാര്‍ക്ക് അഞ്ചും വികലാംഗര്‍ക്ക് (അന്ധര്‍, ബധിരര്‍, അസ്ഥിഭംഗം വന്നവര്‍) 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. നാലുതവണ മാത്രമേ പരീക്ഷ എഴുതാന്‍ ചാന്‍സുള്ളൂ. എസ്സി/എസ്ടിക്ക് ഈ നിബന്ധന ബാധകമല്ല. ഒബിസിക്ക് ഏഴുതവണ എഴുതാം. വികലാംഗര്‍ക്കും ഏഴുതവണ പരീക്ഷ എഴുതാം. അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടി/വനിതകള്‍/വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.www.upsconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം.

mujeeb kaindar said...

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ കേന്ദ്രങ്ങള്‍.24 സിവില്‍ സര്‍വീസ് വിഭാഗങ്ങളിലായി 1000 ഒഴിവാണുള്ളത്.

പ്രായം: 2013 ആഗസ്ത് ഒന്നിന് 21-30. 1983 ആഗസ്ത് രണ്ടിനും 1992 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വിമുക്ത ഭടര്‍ക്ക് 5 വര്‍ഷവും വികലാംഗര്‍ക്ക് (അന്ധര്‍, ബധിരര്‍, അസ്ഥിഭംഗം വന്നവര്‍) 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

2013 ആഗസ്ത്/ സപ്തംബര്‍ മാസത്തില്‍ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കും.
പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ബിരുദങ്ങള്‍ നേടിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. എംബിബിഎസ് ഫൈനല്‍ പരീക്ഷ ജയിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇവര്‍ ഇന്റര്‍വ്യൂ സമയത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതുള്‍പ്പെടെയുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, വികലാംഗര്‍, എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി: ഏപ്രില്‍ 4.
വെബ്‌സൈറ്റ്: www.upsconline.nic.in